എ.ചന്ദ്രശേഖര്‍
തീവണ്ടിയും സിനിമയുമായുള്ള ബന്ധത്തിന് സിനിമ ഉണ്ടായതു മുതല്‍ പഴക്കമുണ്ട്. ലോകത്ത് ആദ്യമായി ചലിക്കുന്ന ചിത്രം അവതരിപ്പിച്ച ലൂമിയര്‍ സഹോദരന്മാരുടെ ലഘുസിനിമകളില്‍ ഒന്ന് പാരീസിലെ ഒരു സ്റ്റേഷനില്‍ കരിത്തീവണ്ടി വന്നു നില്‍ക്കുന്ന ദൃശ്യമായിരുന്നല്ലോ. വിമാനത്തിലെന്നോണം തീവണ്ടിയുടെ പശ്ചാത്തലത്തിലും തീവണ്ടിയില്‍ സംഭവിക്കുന്നതായും ധാരാളം സിനിമകള്‍ പിന്നീട് ലോകഭാഷകളില്‍ ഉണ്ടായി. ഗ്രെയ്റ്റ് ട്രെയിന്‍ റോബറി പോലെ അവയില്‍ പ്രശസ്തമായവ എത്രയോ. മലയാളത്തിലും തീവണ്ടി കേന്ദ്രീകരിച്ചുള്ള കഥാവസ്തുക്കളുള്ള ഒരു പിടി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.സത്യജിത് റേയുടെ മാസ്റ്റര്‍പ്പീസായ പാഥേര്‍ പാഞ്ചലിയിലെ ദുര്‍ഗയുടെയും അപ്പുവിന്റെയു് കൗതുകമാര്‍ന്ന തീവണ്ടിക്കാഴ്ച നമുക്ക് മറക്കാനാവാത്ത രംഗം തന്നെയാണ്
1967ല്‍ എം.കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ പുറത്തുവന്ന കൊച്ചിന്‍ എക്‌സ്പ്രസ് ആണെന്നു തോന്നുന്നു, ട്രെയിന്‍ പശ്ചാത്തലമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട ആദ്യ മലയാള സിനിമ. ജയമാരുതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച് വി ദേവനും എസ് എല്‍ പുരം സദാനന്ദനും ചേര്‍ന്നെഴുതിയ ചിത്രത്തില്‍ പ്രേം നസീര്‍, ഷീല, അടൂര്‍ഭാസി, ശങ്കരാടി എന്നിവരായിരുന്നു താരങ്ങള്‍. ആലപ്പുഴയില്‍ നിന്നു മദ്രാസിലേക്കുള്ള കൊച്ചിന്‍ എക്‌സപ്രസ് തീവണ്ടിയില്‍ സംഭവിക്കുന്നൊരു കൊലപാതകത്തെക്കുറിച്ചുള്ള കുറ്റാന്വേഷണ കഥയായിരുന്നു കൊച്ചിന്‍ എക്‌സ്പ്രസ്. മലയാളത്തില്‍ പ്രേംനസീറിന്റെ പൊലീസ് സിഐഡി കഥകള്‍ക്ക് വലിയ വിലയുണ്ടായിരുന്ന കാലത്ത്, ഭേദപ്പെട്ട വിജയം നേടിയെടുത്ത സിനിമ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു എന്നുമാത്രമല്ല, സൂപ്പര്‍ ഹിറ്റായ പല പില്‍ക്കാല സിനിമകള്‍ക്കും മാതൃകയുമായി.
തീവണ്ടിയില്‍ നടക്കുന്ന കൊലപാതകവും അതിന്റെ രഹസ്യം മറനീക്കുന്ന അന്വേഷണവും ഇതിവൃത്തമാക്കി പുറത്തിറങ്ങി വന്‍ വിജയം നേടിയ മറ്റൊരു ചിത്രം ജോഷിയുടെ നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ ആണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തരംഗിണി ഫിലിംസ് നിര്‍മ്മിച്ച് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ജഗദീഷും സുമലതയും എം.ജി.സോമനുമടക്കം വന്‍ താരനിര വേഷമിട്ട ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ പ്രത്യക്ഷപ്പെടുകയും ക്‌ളൈമാക്‌സില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. നടി സുചിത്രയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു അത്. മദ്രാസിലേക്ക് ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ പുറപ്പെടുന്ന ടോണി കുരിശിങ്കലും (മോഹന്‍ലാല്‍), കൂട്ടുകാരും, തങ്ങള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുന്നൊരു യുവതിയുടെ കൊലപാതകത്തില്‍ പ്രതികളായി സംശയിക്കപ്പെടുകയും പിന്നീട് നാടകീയ വഴിത്തിരിവുകളിലൂടെ യഥാര്‍ത്ഥ കൊലപാതകിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. മദ്രാസ് മെയിലില്‍ ഷൂട്ടിങ്ങിനായി പോകുന്ന മമ്മൂട്ടിയെ അവര്‍ കാണുന്നതും ആ പരിചയം പിന്നീട് അവരുടെ നിരപരാധിത്തം തെളിയിക്കുന്നതിലേക്കു സഹായമായിത്തീരുന്നതുമൊക്കെയാണ്. ചിത്രത്തില്‍ ടോണിക്കൊപ്പം മദ്യപിക്കുകയും പൂസായി അഴകാന എന്നു തുടങ്ങുന്ന തമിഴ് പാട്ട് വിചിത്രമായി പാടുകയുമൊക്കെ ചെയ്യുന്ന സരസനായ ടിക്കറ്റ് എക്‌സാമിനറായി ഇന്നസെന്റും പ്രത്യക്ഷപ്പെട്ടു. ഇന്നസെന്റിന്റെ പ്രകടനത്തോടൊപ്പം, മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു തീവണ്ടിപ്പാട്ടും ഈ ചിത്രത്തിന്റെ സവിശേഷതയായിരുന്നു. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം എന്ന ആ പാട്ടിന്റെ താളംതന്നെ തീവണ്ടിയുടെ ശബ്ദമായിരുന്നു. (നേരത്തേ എം.എസ് മണിയയുടെ ഡോക്ടര്‍ എന്ന ചിത്രത്തില്‍ ഒരു ട്രെയിന്‍ യാത്രാ രംഗത്ത് യാചകന്‍ പാടുന്നതായി ചിത്രീകരിച്ച വണ്ടി പുക വണ്ടി എന്നതാണ് ആദ്യത്തെ ട്രെയിന്‍ ഗാനം)
ഇതിലെ ഇന്നസെന്റിന്റെ ടിടിഇ നാടാര്‍ എന്ന കഥാപാത്രം പിന്നീട് കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ സജി സുരേന്ദ്രന്റെ ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ (2012) എന്ന ചിത്രത്തിലെ ട്രെയിന്‍ യാത്രാ രംഗത്തും പ്രത്യക്ഷപ്പെട്ടു. അന്നും അതേ പാട്ട് പാടിത്തന്നെയാണ് അദ്ദേഹത്തെ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.ജയസൂര്യ ഇന്ദ്രജിത്ത് ആസിഫലി എന്നിവരായിരുന്നു അതിലെ താരങ്ങള്‍.
കൊച്ചിന്‍ എക്‌സ്പ്രസിന്റെയും നമ്പര്‍ ട്വന്റിയുടെയും മാതൃകയില്‍ കെ.മധു സുരേഷ് ഗോപിയേയും കാവ്യ മാധവനെയും മുഖ്യകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമായ നാദിയ കൊല്ലപ്പെട്ട രാത്രി(2007)യിലും തീവണ്ടി മുഖ്യ കഥാപാത്രമാണ്. ട്രെയിനില്‍ വച്ച് രാത്രി നടക്കുന്നൊരു കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണമാണ് അതിന്റെയും കഥാവസ്തു. ഇരയും കൊലപാതകിയുമായ ഇരട്ടകളായി ഇതില്‍ കാവ്യ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന പ്രത്യേകതയുമുണ്ട്. എ.കെ.സാജന്റെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, സിദ്ധീഖ് തുടങ്ങിയവരും അഭിനയിച്ചു. ഇതില്‍ കേസന്വേഷിക്കുന്ന റയില്‍വേ ആന്റി ക്രിമിനല്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിയായ ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു സുരേഷ്‌ഗോപി.
മലയാളത്തില്‍ ഒരു ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍ പ്രധാനകഥാപാത്രമായി വരുന്നത് പമ്മന്റെ കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി(1974)യിലാണ്. കഥാനായികയായ ജൂലിയുടെ പിതാവ് ആംഗ്‌ളോ ഇന്ത്യനായ മോറിസ് എന്ന ആ ലോക്കോ പൈലറ്റിനെ അവതരിപ്പിച്ചതിന് അടൂര്‍ ഭാസിക്ക് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന ബഹുമതിയും ലഭിച്ചു. ചട്ടക്കാരി 2012ല്‍ റീമേക്ക് ചെയ്തപ്പോള്‍ ആ വേഷമഭിനയിച്ചത് ഇന്നസെന്റാണ്. അപ്പോഴേക്ക് പഴയ കല്‍ക്കരി എന്‍ജിനും നാരോഗേജ് തീവണ്ടിയുമൊക്കെ മാറി ഡീസല്‍, ഇലക്ട്രിക്ക് ലോക്കോമോട്ടീവ് ആയിക്കഴിഞ്ഞിരുന്നു.
ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരത് ഗോപി, നെടുമുടി വേണു, ശങ്കര്‍, സറീന വഹാബ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുഗൃഹീതനായ ഭരതന്‍ സംവിധാനം ചെയ്ത പാളങ്ങളാ(1981)ണ് ലോക്കോ പൈലറ്റുമാരുടെ ജീവിതം കുറേക്കൂടി ജീവിതഗന്ധിയായി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമ.അതില്‍ ശങ്കര്‍, നെടുമുടി, ഭരത് ഗോപി എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ ട്രെയിന്‍ ഡ്രൈവര്‍മാരായിരുന്നു. റയില്‍വേ ക്വാര്‍ട്ടേഴ്‌സ് ജീവിതവും മറ്റും അടുത്തു നിന്നവതരിപ്പിച്ച ചിത്രത്തിന്റെ ക്‌ളൈമാക്‌സ് തീവണ്ടിയുടെ ട്രാക്ക് മാറ്റവുമായി ബന്ധപ്പെട്ട സസ്‌പെന്‍സില്‍ നെയ്‌തെടുത്തതായിരുന്നു.
തീവണ്ടി ഓടിക്കുന്നവരുടെ ജീവിതത്തിനൊപ്പം ലെവല്‍ ക്രോസുകളിലെയും റയില്‍വേഗേറ്റ് കീപ്പര്‍മാരുടെയും ലൈന്‍ ബോയ് മാരുടെയും ജീവിതവും മലയാളസിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ദിലീപും മഞ്ജുവാര്യരും നായകനായികമാരായി ലോഹിതദാസെഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായ സല്ലാപത്തിലെ മനോജിന്റെ ദിവാകരന്‍ എന്ന കഥാപാത്രം റയില്‍ വേ ട്രാക്ക് നന്നാക്കുന്ന താത്കാലിക ജീവനക്കാരന്റേതായിരുന്നു. ചിത്രാന്ത്യത്തില്‍ നായികയായ രാധ പ്രണയം തകര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീവണ്ടിപ്പാതയിലൂടെ നടക്കുമ്പോള്‍ കണ്ടുവരുന്ന ദിവാകരന്‍ അവളെ പിടിച്ചു മാറ്റുന്ന രംഗത്ത് സ്വയം മറന്നഭിനയിച്ച മഞ്ജുവാര്യരെ മനോജ് കെ ജയന്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഒരു കഥയായി സിനിമാവട്ടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ്.
തീവണ്ടിയും റയില്‍വേ സ്‌റ്റേഷനും പശ്ചാത്തലമാക്കി ഒരു സ്റ്റേഷന്‍ മാസ്റ്ററുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കപ്പെട്ട മലയാള സിനിമയാണ് ബാലചന്ദ്രമേനോന്‍ രചിച്ചു സംവിധാനം ചെയ്ത സമാന്തരങ്ങള്‍ (1997). യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു റയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ മകനായ മേനോന്‍ അച്ഛനെ പ്രചോദനമാക്കിയാണ് ഇസ്മഈല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സൃഷ്ടിച്ചത്. വി ആന്‍ഡ് വിയുടെ ബാനറില്‍ മേനോന്‍ തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ മേനോനെക്കൂടാതെ മാതു, രേണുക, സുകുമാരി തുടങ്ങിയവരും അഭിനയിച്ചു. മികച്ച നടനുള്ള ദേശീയ ബഹുമതിയും സംസ്ഥാന ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും ബാലചന്ദ്രമേനോന് ലഭിച്ചു. കൂടാതെ മികച്ച കുടുംബക്ഷേമചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സമാന്തരങ്ങള്‍ നേടി. രാഷ്ട്രീയ പ്രവര്‍ത്തകനായിത്തീരുന്ന മകന്റെ നേതൃത്വത്തില്‍ റയില്‍വേ ബന്ദ് ദിവസം ട്രെയിനുകള്‍ തടസപ്പെടുത്താന്‍ പാളങ്ങളിളക്കു മാറ്റുമ്പോള്‍ യാത്രക്കാരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവിതം ഹോമിച്ച് ട്രാക്കിലൂടെ ഓടി ട്രെയിന്‍ തടയുന്ന മുതിര്‍ന്ന സ്‌റ്റേഷന്‍ മാസ്റ്ററായിട്ടാണ് മേനോന്‍ പ്രത്യക്ഷപ്പെട്ടത്.
ജയരാജ് എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ദ ട്രെയിന്‍ (2011) എന്ന ചിത്രമാവട്ടെ 1006ലെ മുംബൈ തീവണ്ടി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായിരുന്നു. തീവ്രവാദാക്രമണങ്ങള്‍ക്കിരയായ ട്രെയിന്‍ യാത്രികരില്‍പ്പെട്ട മലയാളികളുടെ ജീവിതം കേന്ദ്രീകരിച്ച ചിത്രത്തില്‍ ആന്റീ ടെറര്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ കേദാര്‍നാഥായി മമ്മൂട്ടിക്കൊപ്പം ജയസൂര്യ, ജഗതി ശ്രീകുമാര്‍, സായ് കുമാര്‍ തുടങ്ങിയവരും അണിനിരന്നു. ഭീകരവിരുദ്ധ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരുന്നു ദ് ട്രെയിന്‍.
ട്രെയിന്‍ പശ്ചാത്തലമാക്കിയ സിനിമകളിലധികവും കുറ്റാന്വേഷണമോ, റയില്‍ ജീവനക്കാരുടെ ജീവിതമോ ആസ്പദമാക്കിയതായിരുന്നെങ്കില്‍ തീവണ്ടി യാത്രക്കാരുടെ ജീവിതം യഥാതഥമായി പറഞ്ഞ സിനിമയായിരുന്നു രഞ്ജിത് ശങ്കര്‍ രചിച്ചു സംവിധാനം ചെയ്ത പാസഞ്ചര്‍(2009). ദിലീപ്, ശ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരഭിനയിച്ച ചിത്രത്തില്‍ ദിനേന തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ജീവിതം ഏറെ സത്യസന്ധമായി ആവിഷ്‌കരിച്ചു. ശ്രീനിവാസനായിരുന്നു അതില്‍ സ്ഥിരം യാത്രികനായി പ്രത്യക്ഷപ്പെട്ടത്. ട്രെയിനിലെ സ്ഥിരം യാത്രികരുടെ കൂട്ടായ്മകളിലെ രസം, പത്രവായന, ചീട്ടുകളി ഉറക്കം തുടങ്ങിയവയൊക്കെ ഇതില്‍ സമഗ്രമായി ആവിഷ്‌കരിക്കപ്പെട്ടു.
ദിലീപ് നായകനായ പ്രിയദര്‍ശന്റെ വെട്ടം, സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന്‍ മര്യാദാരാമന്‍(2015) എന്നീ സിനിമകളിലും തീവണ്ടി കഥാപാത്രമായി വന്നിട്ടുണ്ട്. ദിലീപും നിക്കി ഗില്‍റാണിയും സാജു നവോദയയും പ്രത്യക്ഷപ്പെടുന്ന ഇവന്‍ മര്യാദാരാമനിലെ തീവണ്ടി രംഗങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായ തമാശസന്ദര്‍ഭമാണ്. അതേസമയം, ഉദയകൃഷ്ണയും സിബി കെ തോമസുമെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ദിലിപും ഭാവനാപാണിയും നായികാനായകന്മാരായ വെട്ടമാകട്ടെ ഇപ്പോള്‍ നിലവിലില്ലാത്ത പഴയ പുനലൂര്‍ തെങ്കാശി മീറ്റര്‍ ഗേജ് പാതയിലെ ട്രെയിന്‍ യാത്രയുടെ അനുഭവം വര്‍ണപ്പകിട്ടോടെ പകര്‍ന്നു തന്ന സിനിമയാണ്. ഇതിലെ മഴത്തുള്ളികള്‍ പൊഴിഞ്ഞേതുമീ എന്ന പാട്ടിന്റെ താളവും ട്രെയിന്‍ ശബ്ദത്തിലാണ്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ രചിച്ചു ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും(2023) എന്ന ചിത്രത്തിലും ട്രെയിന്‍ നിര്‍ണായക കഥാപശ്ചാത്തലമാണ്. ചിത്രത്തില്‍ മുംബൈയിലേക്കുള്ളൊരു തീവണ്ടിയാത്രയാണ് ഫഹദ് അവതരിപ്പിച്ച പാച്ചുവിന്റെ ജീവിതം മാറ്റിമറിക്കുന്നത്. ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത് നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, മഞ്ജിമ മോഹന്‍ എന്നിവര്‍ അഭിനയിച്ച ഒരു വടക്കന്‍ സെല്‍ഫി (2015)യിലും തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് നിവിന്‍ പോളിയുടെ നായകവേഷമായ ഉമേഷിന്റെ ജീവിതം മാറി മറയുന്നത്. അങ്ങനെ പല സിനിമകളിലും നായകന്റെയോ നായികയുടെയോ ജീവിതം മാറ്റിമറിക്കുന്നൊരിടപെടലായിട്ടാണ് ട്രെയിന്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ തീവണ്ടി എന്ന പേരില്‍ തന്നെ ഒരു സിനിമ മലയാളത്തില്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ടൊവിനോ അഭിനയിച്ച ആ ചിത്രം ഒരു മുഴു സിഗററ്റുവലിക്കാരന്റെ കഥയാണ് പറഞ്ഞത്. തീവണ്ടി പോലെ പുകവലിക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണ് അത്തരത്തിലൊരു പേര് സിനിമയ്ക്കിട്ടത്. ഭീമന്‍ രഘുവിനെയും രാമുവിനെയും ക്യാപ്റ്റന്‍ രാജുവിനെയും ജഗതി ശ്രീകുമാറിനെയും അനുരാധയേയും മറ്റും താരനിരയിലുള്‍പ്പെടുത്തി കെ.ജി ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത റയില്‍വേ ക്രോസ് (1986) എന്ന ചിത്രത്തില്‍ ആ പേരുണ്ടെങ്കിലും ചിത്രം ലെവല്‍ ക്രോസ് പശ്ചാത്തലമാക്കി ചില കുറ്റകൃത്യങ്ങളെ ആധാരമാക്കിയ മറ്റൊരു പ്രമേയമാണ് പറഞ്ഞത്. 2024ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ വരെ ഇടം നേടിയ അര്‍ഫാസ് അയൂബിന്റെ ആസിഫലി-ഷറഫുദ്ദീന്‍-അമല പോള്‍ ചിത്രമായ ലെവല്‍ ക്രോസും മണലാഴിക്കു നടുവിലെ അജ്ഞാതമായ ഏതോ ഒരു ലെവല്‍ ക്രോസിന്റെ പശ്ചാത്തലത്തില്‍ നെയ്‌തെടുത്ത ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്.കേരളത്തെ ഞെട്ടിച്ച പെരുമണ്‍ ട്രെയിനപകടം ഭദ്രന്റെ അയ്യര്‍ ദ ഗ്രെയ്റ്റ് എന്ന ചിത്രത്തില്‍ പരോക്ഷമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളതും മറക്കരുത്.
കാലഘട്ടത്തെ അടയാളപ്പെടുത്താനുള്ള ആവിഷ്‌കാര സൂത്രമായിട്ടും തീവണ്ടി സിനിമകളില്‍ വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രിയദര്‍ശന്റെ കാലാപ്പാനി(1996), വിനീത് ശ്രീനിവാസന്റെ ഹൃദയം (2022), വര്‍ഷങ്ങള്‍ക്കു ശേഷം (2023) തുടങ്ങിയ സിനിമകളിലെല്ലാം തീവണ്ടി കഥാനിര്‍വഹണത്തില്‍ കാലഘട്ടത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളവയാണ്. പഴയകാല എന്‍ജിനും ബോഗികളും കാണിച്ച് പഴയകാലത്തെ പുനരാവിഷ്‌കരിക്കുക സിനിമയില്‍ സ്വാഭാവികമാണ്. ട്രെയിനിന്റെ ഉള്‍ഭാഗം ചിത്രീകരിച്ചിട്ടുള്ള പല സിനിമകള്‍ക്കും കംപാര്‍ട്ട്മന്റുകളുടെയും കൂപ്പെകളുടെയും സെറ്റുകളാണ് ചിത്രീകരണത്തിനുപയോഗിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാവട്ടെ ഏതു തരത്തിലും പരിഷ്‌കരിക്കാവുന്ന റയില്‍വേ സ്റ്റേഷനും എന്‍ജിനും ലോറിചക്രത്തിലോടുന്ന തീവണ്ടി ബോഗികളും സ്ഥിരമായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. റയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മിക്ക സമകാലിക സിനിമകള്‍ക്കും പശ്ചാത്തലം ഈ സ്ഥിരം സെറ്റാണെന്നതാണ് കൗതുകകരമായ വാസ്തവം.
ട്രെയിനും റയില്‍വേ ക്രോസും പാളവും റയില്‍വേ സ്റ്റേഷനുമൊക്കെ പലവിധത്തിലും സിനിമകള്‍ക്കു പശ്ചാത്തലമായിട്ടുണ്ടെങ്കിലും ഒരു റയില്‍വേ ക്യാന്റീന്‍ കേന്ദ്രമാക്കി വിവിധ സ്വഭാവങ്ങളിലും ജനുസുകളിലുമുള്ള 10 വെവ്വേറെ ഹ്രസ്വ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടത് രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ഈ ചലച്ചിത്രദശകത്തിലെ ഓരോ സിനിമയിലെയും കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതോ പരസ്പരമറിയാതെ വന്നു ചേരുന്നതോ റയില്‍വേ സ്‌റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാലയായ കേരള കഫേയിലാണ്. ഈ കഫേ മൊത്തത്തില്‍ കൊച്ചിയിലെ പൂമ്പാറ്റ സ്റ്റുഡിയോയില്‍ സെറ്റിടുകയായിരുന്നു. രസമെന്തെന്നാല്‍ കഫെയുടെ ഉള്ളിലിരുന്നു കാണുമ്പോള്‍ പുറത്തു പ്‌ളാറ്റ്‌ഫോമില്‍ നില്‍ക്കുന്നതായി തോന്നിപ്പിക്കാന്‍ ഉയര്‍ത്തിയിരുന്നത് ട്രെയിന്‍ ബോഗിയുടെ ഫ്‌ളെക്‌സ് ചിത്രമായിരുന്നുവെന്നതാണ്. പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലൈമാക്സ് ദൃശ്യം സാക്ഷാത്കരിക്കപ്പെടുന്നത് ഒരു റെയിൽവെ സ്റ്റേഷനിലാണ്. ആ സിനിമയിലെ സസ്പൻസ് വെളിപ്പെടുന്ന ഈ രംഗത്തിൽ മോഹൻലാൽ, സോമൻ, സുമലത, പാർവതി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
മലയാളസിനിമയെ ആഗോള തലത്തിലെത്തിച്ച വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീവണ്ടി ശബ്ദത്തിനുവേണ്ടി പരിശ്രമിച്ച കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. മലയാള സിനിമയെ മുമ്പും പിമ്പും എന്ന വിധം അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം(1972) എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അത്. റയില്‍ പാളത്തിന്റെ പശ്ചാത്തലത്തില്‍ ചില രംഗങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. നായകനും നായികയും താമസിക്കുന്ന വീട് തന്നെ പാളത്തോട് ചേര്‍ന്നാണ്. അപ്പോള്‍ ട്രെയിനുകളുടെ പോക്കുവരവു ശബ്ദം യഥാതഥമായി അവതരിപ്പിക്കണമെന്നു നിഷ്‌കര്‍ഷയുണ്ടായി അടൂരിന്.അതുവരെ മലയാളം പോലെ ബജറ്റ് കുറവായ ചിത്രങ്ങളില്‍ വിമാന/വിമാനത്താവള ദൃശ്യങ്ങള്‍ പോലെ തീവണ്ടി ദൃശ്യങ്ങളും ചെന്നൈയിലെ സ്റ്റുഡിയോകളില്‍ വെട്ടിത്തയാറാക്കിവച്ചിട്ടുള്ള ആര്‍ക്കും പൈസ കൊടുത്തുവാങ്ങാവുന്ന സ്റ്റോക്ക് ഷോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. അതില്‍ നിന്നു ഭിന്നമായി യഥാര്‍ഥ തീവണ്ടികളെ തന്നെ കാണിച്ച സ്വയംവരത്തില്‍ അവയുടെ ശബ്ദം ആലേഖനം ചെയ്യാന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ശബ്ദലേഖകരിലൊരാളായിരുന്ന അന്തരിച്ച ദേവദാസും അടൂരും കൂടി, അടൂരിന് ഒരു സിനിമാമത്സരത്തില്‍ സമ്മാനമായി കിട്ടിയ നാഗ്ര എന്ന ശബ്ദലേഖനയന്ത്രവുമായി തിരുവനന്തപുരം കൊച്ചുവേളിക്കടുത്ത് പാളത്തില്‍ ചെന്നു നിന്ന് റെക്കോര്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു.
No comments:
Post a Comment