Monday, December 16, 2024

മലയാളസിനിമയുടെ രാഷ്ട്രീയശരി;സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ

 

Kalapoornna Monthly, December 2024


 
എ.ചന്ദ്രശേഖര്‍


രാഷ്ട്രീയ ശരി അഥവാ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന ആശയം ഇത്രമേല്‍ ചിന്തിക്കപ്പെടുന്നതും ചര്‍ച്ചയ്ക്കു വിഷയമാവുന്നതും സമൂഹമാധ്യമങ്ങള്‍ക്കു വേരോട്ടമുണ്ടാവുകയും ലിംഗ/ദലിത വീക്ഷണങ്ങളിലൂടെയുള്ള സാമൂഹികപഠനവിമര്‍ശനങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്നതോടെയാണ്. സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ മേഖലകളിലും ബോഡി ഷെയ്മിങ് മുതല്‍ ലിംഗവിവേചനമോ ലൈംഗിക/വര്‍ഗീയ വിവേചനമോ അടക്കമുള്ള പ്രതിലോമപരാമര്‍ശങ്ങളും പ്രവൃത്തികളും വരെ വിമര്‍ശിക്കപ്പെട്ടുവെന്നു മാത്രമല്ല എതിര്‍ക്കപ്പെടുകയും ചെയ്തു. മലയാള സിനിമയിലും സ്വാഭാവികമായി പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നത് പിന്നണിയില്‍ മാത്രമല്ല ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വരെ ചര്‍ച്ചയ്ക്കു വിഷയമാകുന്നുണ്ടിപ്പോഴും.ജസ്റ്റിസ് ഹേമ കമ്മിറ്റി ശുപാര്‍ശകളുടെ വെളിച്ചത്തിലുടലെടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ ഡബ്‌ള്യൂ സി സി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളിലും ഈ വിഷയം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്തിന്റെ വേട്രയാന്‍, ജോജു ജോര്‍ജ്ജ് സംവിധാനം ചെയ്ത ആദ്യസിനിമയായ പണി എന്നീ സിനിമകളിലെ ബലാത്സംഗ രംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സാമൂഹികവിമര്‍ശനങ്ങളും, കുറച്ചു നാള്‍മുമ്പ് ഷാജി കൈലാസിന്റെ പൃഥ്വിരാജ് സിനിമയായ കടുവയിലെ ഒരു സംഭാഷണസന്ദര്‍ഭത്തെ മുന്‍നിര്‍ത്തിയുണ്ടായ ചര്‍ച്ചകളും തുടര്‍ന്ന് അണിയറക്കാര്‍ നടത്തിയ ക്ഷമപറച്ചിലും ഒക്കെ പരിഗണിച്ചുകൊണ്ട് ഈ വിഷയത്തെ അല്‍പം കൂടി ആഴത്തില്‍ നോക്കി കാണുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ലോകത്തു നടക്കുന്നതെന്തും പകര്‍ത്തിവയ്ക്കലല്ല കലയുടെ ധര്‍മ്മം. അതിനെ വ്യാഖ്യാനിക്കുകയും വിശകലനം സ്വാനുഭവങ്ങള്‍ ചേര്‍ത്തു ചെയ്യുകയുമാണ്. സിനിമയും ചെയ്യുന്നത്/ചെയ്യേണ്ടത് അതുതന്നെ. ജീവിതത്തില്‍ നടക്കുന്നതെന്തും കാണിക്കാനും കേള്‍പ്പിക്കാനുമാവും എന്നുള്ളതുകൊണ്ടുതന്നെ ദുരുപയോഗസാധ്യത ഏറെയുണ്ടു സിനിമ എന്ന മാധ്യമത്തിന്. അതുകൊണ്ടാണു കിടപ്പറയുടെ സ്വകാര്യതയില്‍ നടക്കുന്നതതേപടി കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നതിനെ നീലച്ചിത്രമായി ലോകസമൂഹം കണക്കാക്കുന്നതും, ഇതേ കാര്യങ്ങള്‍ തന്നെ കലാപരമായ മറയ്ക്കുള്ളില്‍ പൊതിഞ്ഞും ധ്വനിസാന്ദ്രമായും ആവിഷ്‌കരിക്കുന്നതിനെ ഇറോട്ടിക്ക് എന്നു വിശേഷിപ്പിച്ചംഗീകരിക്കുന്നതും. അതുകൊണ്ട്, നിശ്ചയമായും ഒരു കിടപ്പറസംഭോഗമോ ബലാത്സംഗമോ കൊലപാതകമോ ഒന്നും യഥാതഥമാക്കുക എന്ന ന്യായത്തില്‍ അത്രയേറെ തുറന്ന രീതയില്‍ എക്‌സ്പ്‌ളിസിറ്റായി അവതരിപ്പേക്കണ്ടതില്ല കലയെന്ന നിലയ്ക്ക് സിനിമയില്‍.

എന്നാല്‍, സംഭവിക്കുന്നത് അതല്ല. അതിയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായി അടുക്കളയും കിടപ്പറയും കക്കൂസും വരെ പ്രേക്ഷകനു മുന്നില്‍ ഒളിക്യാമറയിലെന്നോണം യഥാതഥമായി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍, എല്ലാ രാഷ്ട്രീയ ശരികളെയും വിസ്മരിച്ചു ബിഗ് ബോസ് പോലൊരു ടെലിവിഷന്‍ ഷോ സീസണുകള്‍ നിന്നു സീസണുകളിലേക്ക് വിജയിപ്പിക്കുന്നു. സ്വകാര്യതയ്ക്കു മറ്റെല്ലാറ്റിനേക്കാളേറെ പ്രാധാന്യവും പവിത്രതയും കല്‍പ്പിക്കുന്നു എന്നു പറയപ്പെടുന്ന തലമുറ തന്നെയാണു മറ്റുള്ളവന്റെ അധമത്വത്തിലേക്ക് ഒളിഞ്ഞുനോക്കും വിധം ആസൂത്രണം ചെയ്ത ബിഗ് ബോസിന്റെ ആരാധകരാവുന്നത്. അതില്‍ പങ്കെടുക്കുന്നവര്‍ ഇരുട്ടിവെളുക്കെ സെലിബ്രിറ്റികളാവുന്നു; സാംസ്‌കാരിക നായകന്മാരും സാമൂഹിക നിരീക്ഷകരുമാവുന്നു. ഇതു രാഷ്ട്രീയ ശരിയെപ്പറ്റി വാദിക്കുന്നവരുടെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. 

പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റിയും, ഭിന്നലൈംഗികത, മാനവികത ദലിതപരിപ്രേക്ഷ്യം തുടങ്ങിയവയെപ്പറ്റിയും വാതോരാതെ പ്രഭാഷണം ചെയ്യുമ്പോള്‍ തന്നെ, കടുത്ത മിസോജിനിസവും (സ്ത്രീവിരുദ്ധത), ആണ്‍കോയ്മയും വച്ചുപുലര്‍ത്തുന്ന പുതുതലമുറ, പെണ്ണിനു വലിയ തോതില്‍ പ്രവേശനമില്ലാത്തൊരു സ്വകാര്യ ഇടമായിട്ടാണ് സിനിമയിലെ ഇരുള്‍സ്ഥലികളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചോര/പാപ/ലഹരിക്കറ ആവോളമുള്ള അധോലോകത്തെ ഇരുണ്ടലോകത്തെ സങ്കോചമില്ലാതെ തുറന്നപുരുഷാധികാരം അതിന്റെ എല്ലാ മൃഗീയതയോടും സന്ദീപ് റെഡ്ഡി വാങ്കയുടെ ഹിന്ദി സിനിമയായ അനിമലി(2023)ല്‍ ആവിഷ്‌കൃതമാകുന്നു. അതിലെ മിസോജനിക്ക് നായകന്‍ സ്വയം വിശേഷിപ്പിക്കുന്നത,് ഉത്തമ സിംഹത്തിനു സമാനമായി താനൊരു ആല്‍ഫ മെയിലാണ് എന്നാണ്. പിടയെ തൃപ്തിപ്പെടുത്താനും നല്ല കുട്ടികളെ ഉത്പാദിപ്പിക്കാനും കെല്‍പ്പുള്ള ആണൊരുത്തന്‍. അയാള്‍ പ്രണയിനിയോട,് അവളുടെ വിവാഹത്തലേന്നു പറയുന്നത്, 'നിനക്ക് നല്ല കുട്ടികളെ ചുമക്കാന്‍ പാകപ്പെട്ട വസ്തിപ്രദേശമുണ്ട്'എന്നാണ്! സ്വപിതാവിന്റെ വ്യവസായസാമ്രാജ്യം സംരക്ഷിക്കാന്‍ ആരെ കൊല്ലാനും, അതിന് അതിക്രമത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലയാള്‍ക്ക്. സ്ത്രീയെ കാമന തീര്‍ക്കാനുള്ള ലൈംഗികവസ്തുവായും, തുല്യശക്തിയുള്ള മറ്റു പുരുഷന്മാരെ പ്രതിയോഗികളായും കാണുന്ന അയാളെ മഹത്വവല്‍ക്കരിക്കുകയാണു സിനിമ. ജനാധിപത്യത്തെ ചോദ്യം ചെയ്തു ഫാസിസത്തെ മൃഗീയമാരാവേശത്തോടെ പുല്‍കിപ്പുണരുന്നതാണ് അനിമല്‍ പോലുള്ള ചലച്ചിത്രങ്ങള്‍. അതുകൊണ്ടുതന്നെ, അവയുയര്‍ത്തുന്ന രാഷ്ട്രീയദര്‍ശനം വ്യാജമാണ്. പേരില്‍ അനിമല്‍ എന്നു സൂചിപ്പിച്ചതുകൊണ്ട് ഒഴിവാക്കാനാവുന്നതല്ല ആ കറവ്. അനിമലിലെ ദൃശ്യങ്ങളും ശബ്ദവും ഉളവാക്കുന്നതേക്കാള്‍ വലിയ അളവിലുള്ള സ്ത്രീവിരുദ്ധതയാണ് ചുരുളിയിലെയും മറ്റും സംഭാഷണങ്ങളിലുള്ളത്. 'പൊ...ടി മോനെ,''പു...ച്ചി മോനെ,.' ഇംഗ്‌ളീഷില്‍ '.'എഫ്'ല്‍ തുടങ്ങി 'കെ'യിലവസാനിക്കുന്ന തെറി, 'താ...ളി' തുടങ്ങിയ വാക്കുകളൊക്കെ പരിശോധിക്കുകയാണെങ്കില്‍ അവയൊക്കെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിലോമവുമാണെന്നു കാണാം. ഇതൊക്കെ പുതുതലമുറ സിനിമയില്‍ സ്വാഭാവികമെന്നോണം കേള്‍ക്കുന്നുമുണ്ട്. ഇതിലൊന്നും സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും പ്രതിഷേധമില്ല.

സ്വന്തം ജീവിത നേട്ടത്തിനു വേണ്ടി കൂടെനില്‍ക്കുന്നവരെയും വിശ്വസ്തരേയും സങ്കോചമില്ലാതെ കൊന്നിട്ട് അതില്‍ ലവലേശം പശ്ചാത്താപമോ കുറ്റബോധമോ തോന്നാത്ത, അഭിനവ് സുന്ദറിന്റെ മുകുന്ദനുണ്ണി അസോഷ്യേറ്റ്‌സി(2022)ലെ അഡ്വ. മുകുന്ദനുണ്ണിയും(വിനീത് ശ്രീനിവാസന്‍), അയാളെ കണ്ണുമടച്ചു പിന്തുണയ്ക്കുന്ന യുവതിയായ ഭാര്യ മീനാക്ഷിയും(ആര്‍ഷ ചാന്ദ്‌നി ബൈജു) മനുഷ്യത്വം തൊണ്ടുതീണ്ടാത്ത സ്വാര്‍ത്ഥരാണ്. കുറ്റബോധത്തിന്റെ തരിപോലുമില്ലാതെ, എണ്ണിയാലൊടുങ്ങാത്തത്ര കാമുകന്മാരെ ഒരേ സമയം പ്രണയിച്ചു തേച്ചൊട്ടിച്ച്, മറ്റൊരാള്‍ക്കു കഴുത്തുനീട്ടിക്കൊടുക്കാന്‍ മടിക്കാത്ത സ്‌റ്റെഫി സേവ്യറുടെ മധുരമനോഹരമോഹ(2023)ത്തിലെ മീരയും (രജീഷ വിജയന്‍), നല്ലൊരു ജീവിതത്തിനായി അതിവിദഗ്ധമായി പദ്ധതിയിട്ടു കുറ്റമറ്റ ആസൂത്രണത്തിലൂടെ ബാങ്ക് കൊള്ളയടിക്കാന്‍ സങ്കോചമില്ലാതെ ഒരുമ്പെടുന്ന സൂരജ് വര്‍മ്മയുടെ കൊള്ള(2023)യിലെ ആനിയും ശില്‍പയും (രജീഷ, പ്രിയ വാരിയര്‍) വഞ്ചിച്ച കാമുകനെ നിഷ്ഠുരം കൊല്ലുന്ന ജിതിന്‍ ഐസക് തോമസിന്റെ രേഖ(2023)യിലെ രേഖ രാജേന്ദ്രനും (വിന്‍സി അലോഷ്യസ്) പോലുള്ള കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തെ രാഷ്ട്രീയശരിയുടെ ഏതളവുകോല്‍ കൊണ്ടാണ് ന്യായീകരിക്കാനാവുക? സ്ത്രീകളെ അവതരിപ്പിക്കുമ്പോള്‍ അന്തസ് കാണിക്കണം എന്നു വാദിക്കുമ്പോള്‍, സ്ത്രീകളെ തന്നെ അവതരിപ്പിക്കാത്ത പുരുഷകേന്ദ്രീകൃതസിനിമകളാണ് പോയ വര്‍ഷം ഇറങ്ങിയ മലയാളസിനിമകളിലധികവും എന്നതും ഓര്‍ക്കേണ്ടതുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സാണെങ്കിലും ഭ്രമയുഗമാണെങ്കിലും ആവേശമാണെങ്കിലും സ്ത്രീകള്‍ക്ക് കാര്യമായ പങ്കാളിത്തമേ ഇല്ലാത്ത സിനിമകളാണ്. സ്ത്രീയെ തുല്യയായിട്ടല്ല, താഴെയായിട്ടുകൂടി പരിഗണിക്കാത്ത തരം അവതരണങ്ങളെ ഏതു രാഷ്ട്രീയ ശരികൊണ്ട് ന്യായീകരിക്കുമെന്നതാണ് ചോദ്യം.

പഴയ കാല സിനിമകളില്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കര്‍ക്കശമായിരിക്കെ, അതിനെ മറികടക്കാന്‍ ചലച്ചിത്രകാരന്മാര്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. അതില്‍ പ്രധാനമാണ് ദൃശ്യരൂപകങ്ങളും ഉപമകളും. സംഭോഗരംഗത്ത് രണ്ടു പൂക്കള്‍ പരസ്പരം കാറ്റില്‍ പുണരുന്നതോ, രണ്ടു കിളികള്‍ കൊക്കുരുമ്മുന്നതോ, കറങ്ങുന്ന സീലിങ് ഫാന്‍ കറങ്ങി നില്‍ക്കുന്നതോ, ചെമ്പിലത്തുമ്പിലെ ജലകണം ഇറ്റു താഴെ വീഴുന്നതോ ്ആയൊരു ദൃശ്യം കാണിച്ചൊക്കെയാണ് അവരത് വിനിമയം ചെയ്തിരുന്നത്. ബാലിശമെങ്കിലും അതായിരുന്നു പതിവ്. 'ബോള്‍ഡ്' എന്നു വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്രകാരന്മാര്‍ക്കു വരെ നായികെ നീണ്ട ഷര്‍ട്ടീടീച്ച് തുട കാണിച്ചും, മുലക്കച്ചയില്ലാത്ത പിന്‍ഭാഗം കാണിച്ചും അവസാനിപ്പിക്കേണ്ടിയിരുന്നു. അതൊന്നും സ്ത്രീത്വത്തെ മാനിച്ചതുകൊണ്ടോ, രാഷ്ട്രീയ ശരിയയോര്‍ത്തിട്ടോ ഒന്നുമായിരുന്നില്ല. നിയമം മൂലമുള്ള നിയന്ത്രണമുണ്ടായിരുന്നതുകൊണ്ടായിരുന്നു. സെന്‍സര്‍ഷിപ്പ്, ഏതു വിധത്തിലുള്ളതാണെങ്കിലും സിനിമ പോലൊരു കലാരൂപത്തില്‍ ആരുതെന്ന വാദത്തിനാണ് കാലങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനായിട്ടുള്ളത്. വിശ്വവിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ യുവതലമുറയിലെ പുതുമുഖസംവിധായകന്‍ വരെ ഇക്കാര്യത്തില്‍ ഒന്നിക്കുകയും ചെയ്യും. അതേസമയം, സര്‍ഗാത്മകസ്വാതന്ത്ര്യം ഏതു തരത്തില്‍ ഏതളവുവരെ ഉപയോഗിക്കാമെന്നതിലും ദുരുപയോഗിക്കുന്നതിനെതിരേയും ജാഗ്രതയും വകതിരിവും പുലര്‍ത്താനാവാത്ത യുവതലമുറയാണ്, അവയെ ദുരുപയോഗത്തോളം തരംതാഴ്ത്തുന്നതും പുതുതലമുറയില്‍ നിന്നു തന്നെ രാഷ്ട്രീയശരി പോലുള്ള വീക്ഷണകോണുകളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതും.

പണി(2024) എന്നൊരു സിനിമയിലെ ബലാത്സംഗരംഗം സ്ത്രീവിരുദ്ധമാണെന്നും അത് പുരുഷന് മാറിപ്പോയി സ്വയംഭോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും സമൂഹമാധ്യമത്തില്‍ ഒരു ഗവേഷകവിദ്യാര്‍ത്ഥി റിവ്യൂ എഴുതിയതാണല്ലോ ഏറെ വിവാദമായത്. സിനിമയുടെ സംവിധായകന്‍ അയാളെ ഫോണില്‍ വിളിച്ചധിക്ഷേപിച്ചതോടെ അതു വലിയ ചര്‍ച്ചയായി, അയാള്‍ വൈറലുമായി. ഒരു ബലാത്സംഗരംഗത്തെപ്രതി ഇത്രയും പുരോഗനമപരമായൊരു വീണ്ടുവിചാരം പുതുതലമുറ പുരുഷനില്‍ നിന്നു തന്നെ ഉയര്‍ന്നത് ശ്‌ളാഘിക്കപ്പെടേണ്ടതു തന്നെയാണ്, സംശയമില്ല. എന്നാല്‍, സമാനമായി മറ്റു പല അവതരണങ്ങളിലും സമകാലിക സിനിമ ഇപ്പറഞ്ഞ രാഷ്ട്രീയശരി വച്ചു പുലര്‍ത്തുന്നുണ്ടോ എന്നും, കടുത്ത സ്ത്രീവിരുദ്ധത വിനിമയം ചെയ്യുന്ന അനിമല്‍ പോലുള്ള സിനിമകളെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമത്തിലോ പുറത്തോ ഗൗരവമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നതുമാണ് പരിശോധിക്കേണ്ടത്. ഫ്രഞ്ച് കിസ്സും, തുറന്ന ലൈംഗികതയും സംഭോഗരംഗങ്ങളുടേതടക്കം യഥാതഥമായ ദൃശ്യാവിഷ്‌കാരവുമാണല്ലോ സമകാലിക സിനിമയുടെ ദൃശ്യപരിചരണശൈലി. ചുരുളിയിലെ ഭാഷാപ്രയോഗങ്ങള്‍ പോലുള്ള കേട്ടാലറച്ച തെറിയും, മലയാള സിനിമയില്‍ കഴിഞ്ഞ അഞ്ചാറുവര്‍ഷത്തിനിടെ വ്യാപകമായി ദൃശ്യപ്പെടുത്തുന്ന വര്‍ദ്ധിച്ച തോതിലുള്ള മദ്യപാനരംഗങ്ങളും മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കുന്നത് എന്നു വ്യാഖ്യാനിക്കത്തക്ക രംഗകല്‍പനകളും (ഇത്തരത്തിലുള്ള രംഗങ്ങളുള്‍പ്പെടുത്താന്‍ മയക്കുമരുന്നു മാഫിയയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സിനിമ പണം കൈപ്പറ്റി എന്നതരത്തില്‍ ഒരാരോപണവും അന്വേഷണവുമുണ്ടായതായി ഓര്‍ക്കുന്നു) ഒക്കെ പുതുതലമുറ സിനിമകളില്‍ സര്‍വസാധാരണമായതിനെപ്പറ്റിയും സമൂഹമാധ്യമങ്ങളില്‍ ആരുമങ്ങനെ വിമര്‍ശിച്ചു കണ്ടില്ല. പണിയിലെ രംഗത്തെപ്പറ്റിത്തന്നെയാണെങ്കില്‍, അത്തരമൊരുരംഗം കണ്ടിട്ട് സ്വയംഭോഗം ചെയ്യാന്‍ മുതിരുന്നവരുണ്ടെങ്കില്‍ അവരുടെ മാനസികവൈകല്യമല്ലേ ചികിത്സിക്കപ്പെടേണ്ടത്?

ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവായ ബലാത്സംഗ രംഗങ്ങളിലൊന്ന് ബി ആര്‍ ചോപ്രയുടെ ഇന്‍സാഫ് കാ തരാസു(1980)വില്‍ നായകനായ രാജ് ബബ്ബര്‍ നായികയുടെ അനുജത്തി പദ്മിനികോലാപ്പുരിയുടെ കഥാപാത്രത്തെ പീഡിപ്പിക്കുന്നതാണ്. പണിയുടെ കാര്യത്തിലെന്നോണം, സിനിമയുടെ കഥാവസ്തുതന്നെ ആ മനുഷ്യത്വരഹിതമായ ബലാത്സംഗത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍, സമൂഹത്തില്‍ നന്മമരമായി മുഖം മൂടി ധരിച്ചു വ്യാപരിക്കുന്ന ഒരു കൊടുംവില്ലനെ വെളിച്ചത്തുകൊണ്ടുവരാനും പരസ്യവിചാരണ ചെയ്യാനുമാണ് രചയിതാക്കള്‍ ആ രംഗം അത്രയേറെ വിശദമായി ചിത്രീകരിച്ചത്. പ്രേക്ഷകര്‍ക്ക് ആ ചെയ്തിയുടെ ഭീകരതയും മനുഷ്യത്വവിരുദ്ധതയും അത്രമേല്‍ ആഴത്തില്‍ തിരിച്ചറിയാനാവാന്‍ ലക്ഷ്യമിട്ടാണത്. എന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയ ശരിയുടെ കാഴ്ചക്കോണില്‍ കൂടി നോക്കിക്കണ്ടാല്‍ നിശ്ചയമായും അത് അംഗീകരിക്കപ്പെടേണ്ട ദൃശ്യസമീപനമല്ല. ഇവിടെ ചോദ്യം, ഒരു സംഗതി അതെത്രമാത്രം മനുഷ്യത്വഹീനമാണെന്നു സ്ഥാപിക്കാന്‍ അതിന്റെ രൂക്ഷതയും തീവ്രതയും അത്രമേല്‍ ആവഹിച്ചുകൊണ്ട് ദൃശ്യവല്‍ക്കരിക്കുന്നതിനെ ന്യായീകരിക്കാമോ എന്നാണ്. പകരം, 'പുകവലിയും മദ്യപാനവും ആരോഗ്യത്തിനുഹാനികരം' എന്നും 'ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നത് നിയമവിരുദ്ധം' എന്നും എഴുതിക്കാണിച്ചിട്ട് അതെല്ലാം വെള്ളിത്തിരയില്‍ മറയില്ലാതെ പകര്‍ത്തിക്കാണിക്കുന്നതും 'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ശിക്ഷാര്‍ഹമാണ്' എന്നെഴുതിക്കാണിച്ചിട്ട് അതു തന്നെ കാണിക്കുന്നതും, ഏതു നിയമത്തിന്റെയും നയത്തിന്റെയും പേരിലാണെങ്കിലും മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാവുന്നതേയുള്ളൂ. 

പണ്ടു കാലത്തും മലയാള സിനിമ, ഇതര സിനിമകളെപ്പോലെ സ്ത്രീകളുടെ ആവിഷ്‌കാരത്തില്‍ കടുത്ത സ്ത്രീവിരുദ്ധത വച്ചുപുലര്‍ത്തിയിരുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്. അതിനെ ന്യായീകരിക്കാന്‍ ഒരുമ്പെടുന്നതു തന്നെ വിഡ്ഢിത്തവുമാണ്. സ്ത്രീകളുടെ ആവിഷ്‌കാരത്തിനപ്പുറം യുവതലമുറ ഇതിഹാസമാനം കല്‍പിച്ചു കൊടുത്ത തൊണ്ണൂറുകളിലെ ഒരു സിനിമയില്‍ ഒരു കൂട്ടിക്കൊടുപ്പുകാരനെ മഹത്വവല്‍ക്കരിച്ചതിനെയും രാഷ്ട്രീയശരിയുടെ പേരില്‍ ആരും വിമര്‍ശിച്ചിട്ടില്ലെങ്കിലും അത് സ്ത്രീസൗഹൃദമായ പ്രമേയ കല്‍പനയാണെന്ന് കരുതാന്‍ വശമില്ല.

ഒരു സിനിമ കണ്ട് ആരും കൊലപാതകിയോ കൊള്ളക്കാരനോ ആവില്ലെന്ന് വാദത്തിനു പറയാം. എന്നാല്‍, അടുത്തകാലത്ത് പുറത്തു വരുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, സ്വന്തം തൊപ്പി പിടിച്ചു വച്ച അധ്യാപകരില്‍ നിന്നതു വിട്ടുകിട്ടാന്‍ സ്‌കൂളില്‍ കുട്ടി തോക്കും കൊണ്ടുവന്നു ഭീഷണിപ്പെടുത്തുന്നതും, കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ഓണ്‍ലൈനില്‍ തോക്ക് വാങ്ങി സിനിമാസ്‌റ്റൈലില്‍ കാറോടിച്ചെത്തി ഡെലിവറി ഗേള്‍ ചമഞ്ഞെത്തി വെടിവയ്ക്കുന്നതും, ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആഡംബര ജീവിതത്തിനും ബാങ്കില്‍ തിരിമറി നടത്തുന്ന വനിതാ മാനേജരെയും പറ്റിയുള്ള വാര്‍ത്തകള്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചതല്ല. മാത്രമല്ല പ്രസ്തുത കേസുകളിലെ പ്രതികളെല്ലാം തങ്ങള്‍ സിനിമകളാല്‍ സ്വാധീനക്കപ്പെട്ടുവെന്നു വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സിനിമകളിലെ തുറന്ന ചിത്രീകരണങ്ങളുടെ രാഷ്ട്രീയ ശരിക്കുപരി അതുളവാക്കുന്ന സാമൂഹിക ശരി കൂടി പരിഗണിക്കേണ്ടതുണ്ട്.

കോവിഡ് കാലത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമയ്ക്ക് കൊറോണ ജവാന്‍ എന്നു പേരിട്ടിട്ട് പിന്നീട് സെന്‍സര്‍ എതിര്‍പ്പുകള്‍ കാരണം കൊറോണ ധവാന്‍ എന്നു തിരുന്നതിലെയും ചിത്രത്തില്‍ ആദ്യാവസാനം കേന്ദ്രകഥാപാത്രമായിരിക്കുന്ന ജവാന്‍ ബ്രാന്‍ഡ് മദ്യക്കുപ്പികളിലെ ലേബലുകളെല്ലാം മാസ്‌ക് ചെയ്യുന്നതിലെയും അശ്‌ളീലം നോക്കുക. പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ ധാര്‍മ്മിക മാപിനിവച്ച് അളക്കുകയാണെങ്കില്‍ മദ്യപാനരംഗങ്ങള്‍ കാണിക്കാതെ തന്നെ ധ്വനിപ്പിക്കാവുന്നതല്ലേയുള്ളൂ. എന്നിട്ടും എന്തുകൊണ്ട് ഇത്രമേല്‍ വിശദമായി അവ ഉള്‍പ്പെടുത്തുന്നു?

ഇനി മുതല്‍ സത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവരെ അപമാനിക്കുംവിധമുള്ള രംഗങ്ങള്‍ രചയിതാക്കളും സംവിധായകരും സ്വമേധയാ ഒഴിവാക്കണമെന്നാണ് ഡബ്‌ള്യൂ സി സി  മുന്നോട്ടുവച്ചിട്ടുള്ള ഒരു നിര്‍ദ്ദേശം.ലിംഗരാഷ്ട്രീയം പോലുള്ള ആധുനികമെന്നു വിവക്ഷിക്കുന്ന ദാര്‍ശനികതയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള നിര്‍ദ്ദേശമാണിത്. എന്നാല്‍, കുറേക്കൂടി വ്യക്തവും സ്പഷ്ടവുമായി സ്ത്രീത്വത്തെ അപമാനിക്കുംവിധം വിവസ്ത്രരായോ അക്രമാസക്തമായോ കാണിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ളതാണല്ലോ ഇന്ത്യയില്‍ പുതിയ ന്യായസംഹിതയനുസരിച്ചും നിലനില്‍ക്കുന്ന കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചട്ടങ്ങളും നിയമങ്ങളും. ഇതില്‍ നിന്ന് എന്തു വ്യത്യാസമാണ് ഡബ്‌ള്യൂ സി സി യുടെ നിര്‍ദ്ദേശത്തിലുള്ളത്? അഥവാ, വര്‍ഷങ്ങളായി നിലനിന്നു പോന്ന സെന്‍സര്‍ നയങ്ങളില്‍ അയവുവരുത്തി ദൃശ്യസമീപനങ്ങളെ കുറേക്കൂടി തുറന്നതും തീവ്രവുമാക്കിയതാര്? ഈ ചോദ്യങ്ങള്‍ക്കു കൂടി പുതിയ സാഹചര്യത്തില്‍ മറുപടി തേടേണ്ടതില്ലേ? അതിനു മറുപടി തേടുമ്പോള്‍, ഡബ്‌ള്യൂ സി സിയുടെ നിര്‍ദ്ദേശം പുതിയ കുപ്പിയിലെ സെന്‍സര്‍ നിയന്ത്രണം തന്നെയാണെന്നും വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്നും ചിന്തിക്കണം. എങ്ങനെയൊക്കെ ആവിഷ്‌കരിക്കരുത് എന്നും എങ്ങനെയെല്ലാം ആവിഷ്‌കരിക്കാം എന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പരോക്ഷമായി നിയന്ത്രണങ്ങള്‍ തന്നെയാണല്ലോ. ആ നിലയ്ക്ക് ഈ നിര്‍ദ്ദേശത്തെയും സര്‍ഗാത്മകയ്ക്കു മേലുള്ള  കടന്നു കയറ്റമായി കണക്കാക്കേണ്ടി വരില്ലേ?

സിനിമയുടെ സാമൂഹികസ്വാധീനത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍, അതിലെ മോശം പ്രവണതകളെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകപക്ഷീയമോ ഭാഗികമോ ആയിപ്പോകരുത്. സിനിമയിലെ സ്ത്രീവിരുദ്ധതയെ തുടച്ചു നീക്കാനുള്ള രാഷ്ട്രീയ ശരി ഉപാധിയാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ സെലക്ടീവാകുമ്പോഴാണ് അതതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ മറികടക്കുന്നത്. ചികിത്സ രോഗത്തിനാവണം, ലക്ഷണത്തിനാവരുത്.

No comments: