Thursday, December 12, 2024

മീ, മറിയം ദ് ചില്‍ഡ്രന്‍ ആന്‍ഡ് 24 അദേഴ്‌സ്

 
ഒറ്റപ്പെടലില്‍ നിന്നും ഏകതാനമായ ജീവിതത്തില്‍ നിന്നും മോചനം കാംക്ഷിച്ചാണ് മറിയം മഹബൊബെ തന്റെ വീട് ഫര്‍ഷദ് ഹഷ്മിയുടെ ആദ്യ സിനിമയ്ക്ക് ഷൂട്ടിങ്ങിന് കൊടുക്കുന്നത്. ഒസിഡി വൈകല്യമുള്ള മറിയത്തിന് തന്റെ വീട്ടില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനപ്പുറം തന്റെ വസ്തുവകകള്‍ അടുക്കുതെറ്റിച്ചും മാറ്റിമറിച്ചും വയ്ക്കുന്നതൊന്നും സഹിക്കാനാവുന്നില്ല. എന്നാല്‍ ചിത്രീകരണത്തിനായി ഒരു സംഘം യുവാക്കള്‍ തന്നെ ആ വീട്ടില്‍ നിത്യേനെയെന്നോണം കയറിയിറങ്ങുന്നു. അടുക്കള ഉപയോഗിക്കുന്നു. വീട് നാശമാകാതിരിക്കാന്‍ അവിടെത്തന്നെ ഉറങ്ങാന്‍ കരാര്‍ ഉറപ്പിക്കുന്ന മറിയത്തോടൊപ്പം ഷൂട്ടിങ് സംഘത്തില്‍ നിന്നൊരാള്‍ കൂടി കാവലിനെത്തുന്നു. പൊതുവേ മുരട്ട് സ്വഭാവക്കാരിയായ മറിയം പതിയെ ആ ചിത്രീകരണ സംഘത്തോടൊപ്പം മനസുകൊണ്ട് ഇഴുകിച്ചേരുകയാണ്. അവിടെ ചിത്രീകരിക്കുന്ന സിനിമയുടെ ഇതിവൃത്തത്തിലും അവള്‍ സ്വയം നിമഗ്നയാവുകയാണ്. നഷ്ടങ്ങളുടെ പടുകുഴിയില്‍ നിന്ന് മറിയം എങ്ങനെ ജീവിതം തിരികെപ്പിടിക്കുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ സിനിമയിലും നായകനാവുന്ന സംവിധായകന്‍ ചിത്രീകരിക്കുന്നത്. ഇറാന്‍ സിനിമയുടെ ചില വ്യവസ്ഥാപിത പരിമിതികള്‍, സംഭാഷണബാഹുല്യം അടക്കമുള്ളവ ഉണ്ടെങ്കിലും സമകാലിക ഇറാന്റെ യഥാര്‍ത്ഥ ചിത്രം ഈ സിനിമയില്‍ പ്രകടമാണ്.

ഇന്നാരംഭിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നാളെ മൂന്നരയ്ക്ക് കൈരളീ തീയറ്ററില്‍ കാണിക്കുന്ന മീ, മറിയം ദ് ചില്‍ഡ്രന്‍ ആന്‍ഡ് 24 അദേഴ്‌സ് എന്ന സിനിമ ഉറപ്പായും കണ്ടിരിക്കാവുന്ന ഒന്നാണ്.നിശ്ചയമായും നിരാശ തോന്നിപ്പിക്കാത്ത ദൃശ്യാവിഷ്‌കാരവും പരിചരണവും.മഖ്മല്‍ബഫ്-ജാഫര്‍ പനാഹിമാരുടെ സിനിമകളിലേക്ക് ഓര്‍മ്മകളെ തിരിച്ചുനടത്തുമെങ്കിലും മികച്ച സിനിമ. 



No comments: