Monday, December 23, 2024
Remembering Shyam Benagal
ഞാനേറെ ആദരിക്കുന്ന ഇന്ത്യന് നവസിനിമാ സംവിധായകരില് ഒരാളാണ് ശ്യാം ബനഗല്. പ്രകടനപരതയില്ലാത്ത, പ്രിറ്റന്ഷ്യസ് അല്ലാത്ത സിനിമകള് സംവിധാനം ചെയ്ത പ്രതിഭാധനന്. ശബാന ആസ്മി, സ്മിത പാട്ടില്, ദീപ്തി നാവല്,നസീറുദ്ദീന് ഷാ, ഓം പുരി, ഗോവിന്ദ് നിഹ് ലാനി, ഗിരീഷ് കര്ണാട്, അനന്ത് നാഗ് തുടങ്ങിയ പ്രതിഭകളെ ഏറ്റവും നന്നായി വിനിയോഗിച്ച ചലച്ചിത്രകാരന്. സൂര്യ ഫിലിം സൊസൈറ്റി അങ്കുര് പ്രദര്ശിപ്പിച്ചതിനോടനുബന്ധിച്ചാണെന്നു തോന്നുന്നു അദ്ദേഹത്തെ കൊണ്ടുവരികയും സിനിമയ്ക്കു ശേഷം ഒരു സംവാദത്തിനവസരമൊരുക്കുകയും ചെയ്തപ്പോള് ടാഗോര് തീയറ്ററില് വച്ചാണദ്ദേഹത്തെ ആദ്യമായി നേരില്ക്കാണുന്നത്. പിന്നീട് വിവിധ ചലച്ചിത്രമേളകളിലും ചടങ്ങുകളിലും ദൂരെ നിന്നു കണ്ടു. ഒന്നു രണ്ടു വാചകം സംസാരിച്ചു. പക്ഷേ വ്യക്തിഗതമായി മറക്കാനാവാത്ത അനുഭവമൊരുക്കിയത് ചിന്ത പബ്‌ളീഷേഴ്‌സാണ്.ശ്രീ ശിവകുമാര് ജനറല് മാനേജറായിരുന്ന കാലത്ത് 2016ലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു മുന്നോടിയായി നവതിയാഘോഷിക്കുന്ന മലയാള സിനിമയെപ്പറ്റി കേരള ടാക്കീസ് എന്ന പേരില് ഇംഗ്‌ളീഷില് ഒരു പഠനസമാഹാരം ആസൂത്രണം ചെയ്തു. ഞാനും സുഹൃത്തായ ഗിരീഷ് ബാലകൃഷ്ണനുമായിരുന്നു സമാഹര്ത്താക്കള്. ആ സമാഹാരം ചലച്ചിത്രമേളയിലെ ഓപ്പണ് ഫോറത്തില് വച്ച് ശ്രീ അടൂര് സാര് ശ്യാം ബനഗലിനു നല്കിയാണ് പ്രകാശിപ്പിച്ചത്. അതൊരു മായാസ്മരണയായി ഇന്നും മനസില് നില്ക്കുന്നു. ഇത്തരം ചില നിമിഷങ്ങളാണ് ഇത്രയും കാലം സിനിമയെപ്പറ്റി എഴുതിയതിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും ഭാഗ്യവുമായി കരുതുന്നത്. പ്രിയസംവിധായകന്റെ ദീപ്തസ്മൃതികള്ക്കു മുന്നില് ആദരാഞ്ജലി
മലയാള സിനിമയിലെ തീവണ്ടി
എ.ചന്ദ്രശേഖര്‍
തീവണ്ടിയും സിനിമയുമായുള്ള ബന്ധത്തിന് സിനിമ ഉണ്ടായതു മുതല്‍ പഴക്കമുണ്ട്. ലോകത്ത് ആദ്യമായി ചലിക്കുന്ന ചിത്രം അവതരിപ്പിച്ച ലൂമിയര്‍ സഹോദരന്മാരുടെ ലഘുസിനിമകളില്‍ ഒന്ന് പാരീസിലെ ഒരു സ്റ്റേഷനില്‍ കരിത്തീവണ്ടി വന്നു നില്‍ക്കുന്ന ദൃശ്യമായിരുന്നല്ലോ. വിമാനത്തിലെന്നോണം തീവണ്ടിയുടെ പശ്ചാത്തലത്തിലും തീവണ്ടിയില്‍ സംഭവിക്കുന്നതായും ധാരാളം സിനിമകള്‍ പിന്നീട് ലോകഭാഷകളില്‍ ഉണ്ടായി. ഗ്രെയ്റ്റ് ട്രെയിന്‍ റോബറി പോലെ അവയില്‍ പ്രശസ്തമായവ എത്രയോ. മലയാളത്തിലും തീവണ്ടി കേന്ദ്രീകരിച്ചുള്ള കഥാവസ്തുക്കളുള്ള ഒരു പിടി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.സത്യജിത് റേയുടെ മാസ്റ്റര്‍പ്പീസായ പാഥേര്‍ പാഞ്ചലിയിലെ ദുര്‍ഗയുടെയും അപ്പുവിന്റെയു് കൗതുകമാര്‍ന്ന തീവണ്ടിക്കാഴ്ച നമുക്ക് മറക്കാനാവാത്ത രംഗം തന്നെയാണ്
1967ല്‍ എം.കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ പുറത്തുവന്ന കൊച്ചിന്‍ എക്‌സ്പ്രസ് ആണെന്നു തോന്നുന്നു, ട്രെയിന്‍ പശ്ചാത്തലമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട ആദ്യ മലയാള സിനിമ. ജയമാരുതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച് വി ദേവനും എസ് എല്‍ പുരം സദാനന്ദനും ചേര്‍ന്നെഴുതിയ ചിത്രത്തില്‍ പ്രേം നസീര്‍, ഷീല, അടൂര്‍ഭാസി, ശങ്കരാടി എന്നിവരായിരുന്നു താരങ്ങള്‍. ആലപ്പുഴയില്‍ നിന്നു മദ്രാസിലേക്കുള്ള കൊച്ചിന്‍ എക്‌സപ്രസ് തീവണ്ടിയില്‍ സംഭവിക്കുന്നൊരു കൊലപാതകത്തെക്കുറിച്ചുള്ള കുറ്റാന്വേഷണ കഥയായിരുന്നു കൊച്ചിന്‍ എക്‌സ്പ്രസ്. മലയാളത്തില്‍ പ്രേംനസീറിന്റെ പൊലീസ് സിഐഡി കഥകള്‍ക്ക് വലിയ വിലയുണ്ടായിരുന്ന കാലത്ത്, ഭേദപ്പെട്ട വിജയം നേടിയെടുത്ത സിനിമ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു എന്നുമാത്രമല്ല, സൂപ്പര്‍ ഹിറ്റായ പല പില്‍ക്കാല സിനിമകള്‍ക്കും മാതൃകയുമായി.
തീവണ്ടിയില്‍ നടക്കുന്ന കൊലപാതകവും അതിന്റെ രഹസ്യം മറനീക്കുന്ന അന്വേഷണവും ഇതിവൃത്തമാക്കി പുറത്തിറങ്ങി വന്‍ വിജയം നേടിയ മറ്റൊരു ചിത്രം ജോഷിയുടെ നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ ആണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തരംഗിണി ഫിലിംസ് നിര്‍മ്മിച്ച് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ജഗദീഷും സുമലതയും എം.ജി.സോമനുമടക്കം വന്‍ താരനിര വേഷമിട്ട ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ പ്രത്യക്ഷപ്പെടുകയും ക്‌ളൈമാക്‌സില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. നടി സുചിത്രയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു അത്. മദ്രാസിലേക്ക് ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ പുറപ്പെടുന്ന ടോണി കുരിശിങ്കലും (മോഹന്‍ലാല്‍), കൂട്ടുകാരും, തങ്ങള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുന്നൊരു യുവതിയുടെ കൊലപാതകത്തില്‍ പ്രതികളായി സംശയിക്കപ്പെടുകയും പിന്നീട് നാടകീയ വഴിത്തിരിവുകളിലൂടെ യഥാര്‍ത്ഥ കൊലപാതകിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. മദ്രാസ് മെയിലില്‍ ഷൂട്ടിങ്ങിനായി പോകുന്ന മമ്മൂട്ടിയെ അവര്‍ കാണുന്നതും ആ പരിചയം പിന്നീട് അവരുടെ നിരപരാധിത്തം തെളിയിക്കുന്നതിലേക്കു സഹായമായിത്തീരുന്നതുമൊക്കെയാണ്. ചിത്രത്തില്‍ ടോണിക്കൊപ്പം മദ്യപിക്കുകയും പൂസായി അഴകാന എന്നു തുടങ്ങുന്ന തമിഴ് പാട്ട് വിചിത്രമായി പാടുകയുമൊക്കെ ചെയ്യുന്ന സരസനായ ടിക്കറ്റ് എക്‌സാമിനറായി ഇന്നസെന്റും പ്രത്യക്ഷപ്പെട്ടു. ഇന്നസെന്റിന്റെ പ്രകടനത്തോടൊപ്പം, മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു തീവണ്ടിപ്പാട്ടും ഈ ചിത്രത്തിന്റെ സവിശേഷതയായിരുന്നു. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം എന്ന ആ പാട്ടിന്റെ താളംതന്നെ തീവണ്ടിയുടെ ശബ്ദമായിരുന്നു. (നേരത്തേ എം.എസ് മണിയയുടെ ഡോക്ടര്‍ എന്ന ചിത്രത്തില്‍ ഒരു ട്രെയിന്‍ യാത്രാ രംഗത്ത് യാചകന്‍ പാടുന്നതായി ചിത്രീകരിച്ച വണ്ടി പുക വണ്ടി എന്നതാണ് ആദ്യത്തെ ട്രെയിന്‍ ഗാനം)
ഇതിലെ ഇന്നസെന്റിന്റെ ടിടിഇ നാടാര്‍ എന്ന കഥാപാത്രം പിന്നീട് കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ സജി സുരേന്ദ്രന്റെ ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ (2012) എന്ന ചിത്രത്തിലെ ട്രെയിന്‍ യാത്രാ രംഗത്തും പ്രത്യക്ഷപ്പെട്ടു. അന്നും അതേ പാട്ട് പാടിത്തന്നെയാണ് അദ്ദേഹത്തെ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.ജയസൂര്യ ഇന്ദ്രജിത്ത് ആസിഫലി എന്നിവരായിരുന്നു അതിലെ താരങ്ങള്‍.
കൊച്ചിന്‍ എക്‌സ്പ്രസിന്റെയും നമ്പര്‍ ട്വന്റിയുടെയും മാതൃകയില്‍ കെ.മധു സുരേഷ് ഗോപിയേയും കാവ്യ മാധവനെയും മുഖ്യകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമായ നാദിയ കൊല്ലപ്പെട്ട രാത്രി(2007)യിലും തീവണ്ടി മുഖ്യ കഥാപാത്രമാണ്. ട്രെയിനില്‍ വച്ച് രാത്രി നടക്കുന്നൊരു കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണമാണ് അതിന്റെയും കഥാവസ്തു. ഇരയും കൊലപാതകിയുമായ ഇരട്ടകളായി ഇതില്‍ കാവ്യ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന പ്രത്യേകതയുമുണ്ട്. എ.കെ.സാജന്റെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, സിദ്ധീഖ് തുടങ്ങിയവരും അഭിനയിച്ചു. ഇതില്‍ കേസന്വേഷിക്കുന്ന റയില്‍വേ ആന്റി ക്രിമിനല്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിയായ ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു സുരേഷ്‌ഗോപി.
മലയാളത്തില്‍ ഒരു ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍ പ്രധാനകഥാപാത്രമായി വരുന്നത് പമ്മന്റെ കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി(1974)യിലാണ്. കഥാനായികയായ ജൂലിയുടെ പിതാവ് ആംഗ്‌ളോ ഇന്ത്യനായ മോറിസ് എന്ന ആ ലോക്കോ പൈലറ്റിനെ അവതരിപ്പിച്ചതിന് അടൂര്‍ ഭാസിക്ക് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന ബഹുമതിയും ലഭിച്ചു. ചട്ടക്കാരി 2012ല്‍ റീമേക്ക് ചെയ്തപ്പോള്‍ ആ വേഷമഭിനയിച്ചത് ഇന്നസെന്റാണ്. അപ്പോഴേക്ക് പഴയ കല്‍ക്കരി എന്‍ജിനും നാരോഗേജ് തീവണ്ടിയുമൊക്കെ മാറി ഡീസല്‍, ഇലക്ട്രിക്ക് ലോക്കോമോട്ടീവ് ആയിക്കഴിഞ്ഞിരുന്നു.
ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരത് ഗോപി, നെടുമുടി വേണു, ശങ്കര്‍, സറീന വഹാബ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുഗൃഹീതനായ ഭരതന്‍ സംവിധാനം ചെയ്ത പാളങ്ങളാ(1981)ണ് ലോക്കോ പൈലറ്റുമാരുടെ ജീവിതം കുറേക്കൂടി ജീവിതഗന്ധിയായി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമ.അതില്‍ ശങ്കര്‍, നെടുമുടി, ഭരത് ഗോപി എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ ട്രെയിന്‍ ഡ്രൈവര്‍മാരായിരുന്നു. റയില്‍വേ ക്വാര്‍ട്ടേഴ്‌സ് ജീവിതവും മറ്റും അടുത്തു നിന്നവതരിപ്പിച്ച ചിത്രത്തിന്റെ ക്‌ളൈമാക്‌സ് തീവണ്ടിയുടെ ട്രാക്ക് മാറ്റവുമായി ബന്ധപ്പെട്ട സസ്‌പെന്‍സില്‍ നെയ്‌തെടുത്തതായിരുന്നു.
തീവണ്ടി ഓടിക്കുന്നവരുടെ ജീവിതത്തിനൊപ്പം ലെവല്‍ ക്രോസുകളിലെയും റയില്‍വേഗേറ്റ് കീപ്പര്‍മാരുടെയും ലൈന്‍ ബോയ് മാരുടെയും ജീവിതവും മലയാളസിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ദിലീപും മഞ്ജുവാര്യരും നായകനായികമാരായി ലോഹിതദാസെഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായ സല്ലാപത്തിലെ മനോജിന്റെ ദിവാകരന്‍ എന്ന കഥാപാത്രം റയില്‍ വേ ട്രാക്ക് നന്നാക്കുന്ന താത്കാലിക ജീവനക്കാരന്റേതായിരുന്നു. ചിത്രാന്ത്യത്തില്‍ നായികയായ രാധ പ്രണയം തകര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീവണ്ടിപ്പാതയിലൂടെ നടക്കുമ്പോള്‍ കണ്ടുവരുന്ന ദിവാകരന്‍ അവളെ പിടിച്ചു മാറ്റുന്ന രംഗത്ത് സ്വയം മറന്നഭിനയിച്ച മഞ്ജുവാര്യരെ മനോജ് കെ ജയന്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഒരു കഥയായി സിനിമാവട്ടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ്.
തീവണ്ടിയും റയില്‍വേ സ്‌റ്റേഷനും പശ്ചാത്തലമാക്കി ഒരു സ്റ്റേഷന്‍ മാസ്റ്ററുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കപ്പെട്ട മലയാള സിനിമയാണ് ബാലചന്ദ്രമേനോന്‍ രചിച്ചു സംവിധാനം ചെയ്ത സമാന്തരങ്ങള്‍ (1997). യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു റയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ മകനായ മേനോന്‍ അച്ഛനെ പ്രചോദനമാക്കിയാണ് ഇസ്മഈല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സൃഷ്ടിച്ചത്. വി ആന്‍ഡ് വിയുടെ ബാനറില്‍ മേനോന്‍ തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ മേനോനെക്കൂടാതെ മാതു, രേണുക, സുകുമാരി തുടങ്ങിയവരും അഭിനയിച്ചു. മികച്ച നടനുള്ള ദേശീയ ബഹുമതിയും സംസ്ഥാന ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും ബാലചന്ദ്രമേനോന് ലഭിച്ചു. കൂടാതെ മികച്ച കുടുംബക്ഷേമചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സമാന്തരങ്ങള്‍ നേടി. രാഷ്ട്രീയ പ്രവര്‍ത്തകനായിത്തീരുന്ന മകന്റെ നേതൃത്വത്തില്‍ റയില്‍വേ ബന്ദ് ദിവസം ട്രെയിനുകള്‍ തടസപ്പെടുത്താന്‍ പാളങ്ങളിളക്കു മാറ്റുമ്പോള്‍ യാത്രക്കാരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവിതം ഹോമിച്ച് ട്രാക്കിലൂടെ ഓടി ട്രെയിന്‍ തടയുന്ന മുതിര്‍ന്ന സ്‌റ്റേഷന്‍ മാസ്റ്ററായിട്ടാണ് മേനോന്‍ പ്രത്യക്ഷപ്പെട്ടത്.
ജയരാജ് എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ദ ട്രെയിന്‍ (2011) എന്ന ചിത്രമാവട്ടെ 1006ലെ മുംബൈ തീവണ്ടി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായിരുന്നു. തീവ്രവാദാക്രമണങ്ങള്‍ക്കിരയായ ട്രെയിന്‍ യാത്രികരില്‍പ്പെട്ട മലയാളികളുടെ ജീവിതം കേന്ദ്രീകരിച്ച ചിത്രത്തില്‍ ആന്റീ ടെറര്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ കേദാര്‍നാഥായി മമ്മൂട്ടിക്കൊപ്പം ജയസൂര്യ, ജഗതി ശ്രീകുമാര്‍, സായ് കുമാര്‍ തുടങ്ങിയവരും അണിനിരന്നു. ഭീകരവിരുദ്ധ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരുന്നു ദ് ട്രെയിന്‍.
ട്രെയിന്‍ പശ്ചാത്തലമാക്കിയ സിനിമകളിലധികവും കുറ്റാന്വേഷണമോ, റയില്‍ ജീവനക്കാരുടെ ജീവിതമോ ആസ്പദമാക്കിയതായിരുന്നെങ്കില്‍ തീവണ്ടി യാത്രക്കാരുടെ ജീവിതം യഥാതഥമായി പറഞ്ഞ സിനിമയായിരുന്നു രഞ്ജിത് ശങ്കര്‍ രചിച്ചു സംവിധാനം ചെയ്ത പാസഞ്ചര്‍(2009). ദിലീപ്, ശ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരഭിനയിച്ച ചിത്രത്തില്‍ ദിനേന തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ജീവിതം ഏറെ സത്യസന്ധമായി ആവിഷ്‌കരിച്ചു. ശ്രീനിവാസനായിരുന്നു അതില്‍ സ്ഥിരം യാത്രികനായി പ്രത്യക്ഷപ്പെട്ടത്. ട്രെയിനിലെ സ്ഥിരം യാത്രികരുടെ കൂട്ടായ്മകളിലെ രസം, പത്രവായന, ചീട്ടുകളി ഉറക്കം തുടങ്ങിയവയൊക്കെ ഇതില്‍ സമഗ്രമായി ആവിഷ്‌കരിക്കപ്പെട്ടു.
ദിലീപ് നായകനായ പ്രിയദര്‍ശന്റെ വെട്ടം, സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന്‍ മര്യാദാരാമന്‍(2015) എന്നീ സിനിമകളിലും തീവണ്ടി കഥാപാത്രമായി വന്നിട്ടുണ്ട്. ദിലീപും നിക്കി ഗില്‍റാണിയും സാജു നവോദയയും പ്രത്യക്ഷപ്പെടുന്ന ഇവന്‍ മര്യാദാരാമനിലെ തീവണ്ടി രംഗങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായ തമാശസന്ദര്‍ഭമാണ്. അതേസമയം, ഉദയകൃഷ്ണയും സിബി കെ തോമസുമെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ദിലിപും ഭാവനാപാണിയും നായികാനായകന്മാരായ വെട്ടമാകട്ടെ ഇപ്പോള്‍ നിലവിലില്ലാത്ത പഴയ പുനലൂര്‍ തെങ്കാശി മീറ്റര്‍ ഗേജ് പാതയിലെ ട്രെയിന്‍ യാത്രയുടെ അനുഭവം വര്‍ണപ്പകിട്ടോടെ പകര്‍ന്നു തന്ന സിനിമയാണ്. ഇതിലെ മഴത്തുള്ളികള്‍ പൊഴിഞ്ഞേതുമീ എന്ന പാട്ടിന്റെ താളവും ട്രെയിന്‍ ശബ്ദത്തിലാണ്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ രചിച്ചു ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും(2023) എന്ന ചിത്രത്തിലും ട്രെയിന്‍ നിര്‍ണായക കഥാപശ്ചാത്തലമാണ്. ചിത്രത്തില്‍ മുംബൈയിലേക്കുള്ളൊരു തീവണ്ടിയാത്രയാണ് ഫഹദ് അവതരിപ്പിച്ച പാച്ചുവിന്റെ ജീവിതം മാറ്റിമറിക്കുന്നത്. ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത് നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, മഞ്ജിമ മോഹന്‍ എന്നിവര്‍ അഭിനയിച്ച ഒരു വടക്കന്‍ സെല്‍ഫി (2015)യിലും തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് നിവിന്‍ പോളിയുടെ നായകവേഷമായ ഉമേഷിന്റെ ജീവിതം മാറി മറയുന്നത്. അങ്ങനെ പല സിനിമകളിലും നായകന്റെയോ നായികയുടെയോ ജീവിതം മാറ്റിമറിക്കുന്നൊരിടപെടലായിട്ടാണ് ട്രെയിന്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ തീവണ്ടി എന്ന പേരില്‍ തന്നെ ഒരു സിനിമ മലയാളത്തില്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ടൊവിനോ അഭിനയിച്ച ആ ചിത്രം ഒരു മുഴു സിഗററ്റുവലിക്കാരന്റെ കഥയാണ് പറഞ്ഞത്. തീവണ്ടി പോലെ പുകവലിക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണ് അത്തരത്തിലൊരു പേര് സിനിമയ്ക്കിട്ടത്. ഭീമന്‍ രഘുവിനെയും രാമുവിനെയും ക്യാപ്റ്റന്‍ രാജുവിനെയും ജഗതി ശ്രീകുമാറിനെയും അനുരാധയേയും മറ്റും താരനിരയിലുള്‍പ്പെടുത്തി കെ.ജി ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത റയില്‍വേ ക്രോസ് (1986) എന്ന ചിത്രത്തില്‍ ആ പേരുണ്ടെങ്കിലും ചിത്രം ലെവല്‍ ക്രോസ് പശ്ചാത്തലമാക്കി ചില കുറ്റകൃത്യങ്ങളെ ആധാരമാക്കിയ മറ്റൊരു പ്രമേയമാണ് പറഞ്ഞത്. 2024ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ വരെ ഇടം നേടിയ അര്‍ഫാസ് അയൂബിന്റെ ആസിഫലി-ഷറഫുദ്ദീന്‍-അമല പോള്‍ ചിത്രമായ ലെവല്‍ ക്രോസും മണലാഴിക്കു നടുവിലെ അജ്ഞാതമായ ഏതോ ഒരു ലെവല്‍ ക്രോസിന്റെ പശ്ചാത്തലത്തില്‍ നെയ്‌തെടുത്ത ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്.കേരളത്തെ ഞെട്ടിച്ച പെരുമണ്‍ ട്രെയിനപകടം ഭദ്രന്റെ അയ്യര്‍ ദ ഗ്രെയ്റ്റ് എന്ന ചിത്രത്തില്‍ പരോക്ഷമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളതും മറക്കരുത്.
കാലഘട്ടത്തെ അടയാളപ്പെടുത്താനുള്ള ആവിഷ്‌കാര സൂത്രമായിട്ടും തീവണ്ടി സിനിമകളില്‍ വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രിയദര്‍ശന്റെ കാലാപ്പാനി(1996), വിനീത് ശ്രീനിവാസന്റെ ഹൃദയം (2022), വര്‍ഷങ്ങള്‍ക്കു ശേഷം (2023) തുടങ്ങിയ സിനിമകളിലെല്ലാം തീവണ്ടി കഥാനിര്‍വഹണത്തില്‍ കാലഘട്ടത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളവയാണ്. പഴയകാല എന്‍ജിനും ബോഗികളും കാണിച്ച് പഴയകാലത്തെ പുനരാവിഷ്‌കരിക്കുക സിനിമയില്‍ സ്വാഭാവികമാണ്. ട്രെയിനിന്റെ ഉള്‍ഭാഗം ചിത്രീകരിച്ചിട്ടുള്ള പല സിനിമകള്‍ക്കും കംപാര്‍ട്ട്മന്റുകളുടെയും കൂപ്പെകളുടെയും സെറ്റുകളാണ് ചിത്രീകരണത്തിനുപയോഗിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാവട്ടെ ഏതു തരത്തിലും പരിഷ്‌കരിക്കാവുന്ന റയില്‍വേ സ്റ്റേഷനും എന്‍ജിനും ലോറിചക്രത്തിലോടുന്ന തീവണ്ടി ബോഗികളും സ്ഥിരമായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. റയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മിക്ക സമകാലിക സിനിമകള്‍ക്കും പശ്ചാത്തലം ഈ സ്ഥിരം സെറ്റാണെന്നതാണ് കൗതുകകരമായ വാസ്തവം.
ട്രെയിനും റയില്‍വേ ക്രോസും പാളവും റയില്‍വേ സ്റ്റേഷനുമൊക്കെ പലവിധത്തിലും സിനിമകള്‍ക്കു പശ്ചാത്തലമായിട്ടുണ്ടെങ്കിലും ഒരു റയില്‍വേ ക്യാന്റീന്‍ കേന്ദ്രമാക്കി വിവിധ സ്വഭാവങ്ങളിലും ജനുസുകളിലുമുള്ള 10 വെവ്വേറെ ഹ്രസ്വ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടത് രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ഈ ചലച്ചിത്രദശകത്തിലെ ഓരോ സിനിമയിലെയും കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതോ പരസ്പരമറിയാതെ വന്നു ചേരുന്നതോ റയില്‍വേ സ്‌റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാലയായ കേരള കഫേയിലാണ്. ഈ കഫേ മൊത്തത്തില്‍ കൊച്ചിയിലെ പൂമ്പാറ്റ സ്റ്റുഡിയോയില്‍ സെറ്റിടുകയായിരുന്നു. രസമെന്തെന്നാല്‍ കഫെയുടെ ഉള്ളിലിരുന്നു കാണുമ്പോള്‍ പുറത്തു പ്‌ളാറ്റ്‌ഫോമില്‍ നില്‍ക്കുന്നതായി തോന്നിപ്പിക്കാന്‍ ഉയര്‍ത്തിയിരുന്നത് ട്രെയിന്‍ ബോഗിയുടെ ഫ്‌ളെക്‌സ് ചിത്രമായിരുന്നുവെന്നതാണ്. പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലൈമാക്സ് ദൃശ്യം സാക്ഷാത്കരിക്കപ്പെടുന്നത് ഒരു റെയിൽവെ സ്റ്റേഷനിലാണ്. ആ സിനിമയിലെ സസ്പൻസ് വെളിപ്പെടുന്ന ഈ രംഗത്തിൽ മോഹൻലാൽ, സോമൻ, സുമലത, പാർവതി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
മലയാളസിനിമയെ ആഗോള തലത്തിലെത്തിച്ച വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീവണ്ടി ശബ്ദത്തിനുവേണ്ടി പരിശ്രമിച്ച കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. മലയാള സിനിമയെ മുമ്പും പിമ്പും എന്ന വിധം അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം(1972) എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അത്. റയില്‍ പാളത്തിന്റെ പശ്ചാത്തലത്തില്‍ ചില രംഗങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. നായകനും നായികയും താമസിക്കുന്ന വീട് തന്നെ പാളത്തോട് ചേര്‍ന്നാണ്. അപ്പോള്‍ ട്രെയിനുകളുടെ പോക്കുവരവു ശബ്ദം യഥാതഥമായി അവതരിപ്പിക്കണമെന്നു നിഷ്‌കര്‍ഷയുണ്ടായി അടൂരിന്.അതുവരെ മലയാളം പോലെ ബജറ്റ് കുറവായ ചിത്രങ്ങളില്‍ വിമാന/വിമാനത്താവള ദൃശ്യങ്ങള്‍ പോലെ തീവണ്ടി ദൃശ്യങ്ങളും ചെന്നൈയിലെ സ്റ്റുഡിയോകളില്‍ വെട്ടിത്തയാറാക്കിവച്ചിട്ടുള്ള ആര്‍ക്കും പൈസ കൊടുത്തുവാങ്ങാവുന്ന സ്റ്റോക്ക് ഷോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. അതില്‍ നിന്നു ഭിന്നമായി യഥാര്‍ഥ തീവണ്ടികളെ തന്നെ കാണിച്ച സ്വയംവരത്തില്‍ അവയുടെ ശബ്ദം ആലേഖനം ചെയ്യാന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ശബ്ദലേഖകരിലൊരാളായിരുന്ന അന്തരിച്ച ദേവദാസും അടൂരും കൂടി, അടൂരിന് ഒരു സിനിമാമത്സരത്തില്‍ സമ്മാനമായി കിട്ടിയ നാഗ്ര എന്ന ശബ്ദലേഖനയന്ത്രവുമായി തിരുവനന്തപുരം കൊച്ചുവേളിക്കടുത്ത് പാളത്തില്‍ ചെന്നു നിന്ന് റെക്കോര്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു.
Monday, December 16, 2024
മലയാളസിനിമയുടെ രാഷ്ട്രീയശരി;സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ
Kalapoornna Monthly, December 2024
എ.ചന്ദ്രശേഖര്‍
രാഷ്ട്രീയ ശരി അഥവാ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന ആശയം ഇത്രമേല്‍ ചിന്തിക്കപ്പെടുന്നതും ചര്‍ച്ചയ്ക്കു വിഷയമാവുന്നതും സമൂഹമാധ്യമങ്ങള്‍ക്കു വേരോട്ടമുണ്ടാവുകയും ലിംഗ/ദലിത വീക്ഷണങ്ങളിലൂടെയുള്ള സാമൂഹികപഠനവിമര്‍ശനങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്നതോടെയാണ്. സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ മേഖലകളിലും ബോഡി ഷെയ്മിങ് മുതല്‍ ലിംഗവിവേചനമോ ലൈംഗിക/വര്‍ഗീയ വിവേചനമോ അടക്കമുള്ള പ്രതിലോമപരാമര്‍ശങ്ങളും പ്രവൃത്തികളും വരെ വിമര്‍ശിക്കപ്പെട്ടുവെന്നു മാത്രമല്ല എതിര്‍ക്കപ്പെടുകയും ചെയ്തു. മലയാള സിനിമയിലും സ്വാഭാവികമായി പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നത് പിന്നണിയില്‍ മാത്രമല്ല ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വരെ ചര്‍ച്ചയ്ക്കു വിഷയമാകുന്നുണ്ടിപ്പോഴും.ജസ്റ്റിസ് ഹേമ കമ്മിറ്റി ശുപാര്‍ശകളുടെ വെളിച്ചത്തിലുടലെടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ ഡബ്‌ള്യൂ സി സി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളിലും ഈ വിഷയം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്തിന്റെ വേട്രയാന്‍, ജോജു ജോര്‍ജ്ജ് സംവിധാനം ചെയ്ത ആദ്യസിനിമയായ പണി എന്നീ സിനിമകളിലെ ബലാത്സംഗ രംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സാമൂഹികവിമര്‍ശനങ്ങളും, കുറച്ചു നാള്‍മുമ്പ് ഷാജി കൈലാസിന്റെ പൃഥ്വിരാജ് സിനിമയായ കടുവയിലെ ഒരു സംഭാഷണസന്ദര്‍ഭത്തെ മുന്‍നിര്‍ത്തിയുണ്ടായ ചര്‍ച്ചകളും തുടര്‍ന്ന് അണിയറക്കാര്‍ നടത്തിയ ക്ഷമപറച്ചിലും ഒക്കെ പരിഗണിച്ചുകൊണ്ട് ഈ വിഷയത്തെ അല്‍പം കൂടി ആഴത്തില്‍ നോക്കി കാണുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ലോകത്തു നടക്കുന്നതെന്തും പകര്‍ത്തിവയ്ക്കലല്ല കലയുടെ ധര്‍മ്മം. അതിനെ വ്യാഖ്യാനിക്കുകയും വിശകലനം സ്വാനുഭവങ്ങള്‍ ചേര്‍ത്തു ചെയ്യുകയുമാണ്. സിനിമയും ചെയ്യുന്നത്/ചെയ്യേണ്ടത് അതുതന്നെ. ജീവിതത്തില്‍ നടക്കുന്നതെന്തും കാണിക്കാനും കേള്‍പ്പിക്കാനുമാവും എന്നുള്ളതുകൊണ്ടുതന്നെ ദുരുപയോഗസാധ്യത ഏറെയുണ്ടു സിനിമ എന്ന മാധ്യമത്തിന്. അതുകൊണ്ടാണു കിടപ്പറയുടെ സ്വകാര്യതയില്‍ നടക്കുന്നതതേപടി കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നതിനെ നീലച്ചിത്രമായി ലോകസമൂഹം കണക്കാക്കുന്നതും, ഇതേ കാര്യങ്ങള്‍ തന്നെ കലാപരമായ മറയ്ക്കുള്ളില്‍ പൊതിഞ്ഞും ധ്വനിസാന്ദ്രമായും ആവിഷ്‌കരിക്കുന്നതിനെ ഇറോട്ടിക്ക് എന്നു വിശേഷിപ്പിച്ചംഗീകരിക്കുന്നതും. അതുകൊണ്ട്, നിശ്ചയമായും ഒരു കിടപ്പറസംഭോഗമോ ബലാത്സംഗമോ കൊലപാതകമോ ഒന്നും യഥാതഥമാക്കുക എന്ന ന്യായത്തില്‍ അത്രയേറെ തുറന്ന രീതയില്‍ എക്‌സ്പ്‌ളിസിറ്റായി അവതരിപ്പേക്കണ്ടതില്ല കലയെന്ന നിലയ്ക്ക് സിനിമയില്‍.
എന്നാല്‍, സംഭവിക്കുന്നത് അതല്ല. അതിയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായി അടുക്കളയും കിടപ്പറയും കക്കൂസും വരെ പ്രേക്ഷകനു മുന്നില്‍ ഒളിക്യാമറയിലെന്നോണം യഥാതഥമായി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍, എല്ലാ രാഷ്ട്രീയ ശരികളെയും വിസ്മരിച്ചു ബിഗ് ബോസ് പോലൊരു ടെലിവിഷന്‍ ഷോ സീസണുകള്‍ നിന്നു സീസണുകളിലേക്ക് വിജയിപ്പിക്കുന്നു. സ്വകാര്യതയ്ക്കു മറ്റെല്ലാറ്റിനേക്കാളേറെ പ്രാധാന്യവും പവിത്രതയും കല്‍പ്പിക്കുന്നു എന്നു പറയപ്പെടുന്ന തലമുറ തന്നെയാണു മറ്റുള്ളവന്റെ അധമത്വത്തിലേക്ക് ഒളിഞ്ഞുനോക്കും വിധം ആസൂത്രണം ചെയ്ത ബിഗ് ബോസിന്റെ ആരാധകരാവുന്നത്. അതില്‍ പങ്കെടുക്കുന്നവര്‍ ഇരുട്ടിവെളുക്കെ സെലിബ്രിറ്റികളാവുന്നു; സാംസ്‌കാരിക നായകന്മാരും സാമൂഹിക നിരീക്ഷകരുമാവുന്നു. ഇതു രാഷ്ട്രീയ ശരിയെപ്പറ്റി വാദിക്കുന്നവരുടെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്.
പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റിയും, ഭിന്നലൈംഗികത, മാനവികത ദലിതപരിപ്രേക്ഷ്യം തുടങ്ങിയവയെപ്പറ്റിയും വാതോരാതെ പ്രഭാഷണം ചെയ്യുമ്പോള്‍ തന്നെ, കടുത്ത മിസോജിനിസവും (സ്ത്രീവിരുദ്ധത), ആണ്‍കോയ്മയും വച്ചുപുലര്‍ത്തുന്ന പുതുതലമുറ, പെണ്ണിനു വലിയ തോതില്‍ പ്രവേശനമില്ലാത്തൊരു സ്വകാര്യ ഇടമായിട്ടാണ് സിനിമയിലെ ഇരുള്‍സ്ഥലികളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചോര/പാപ/ലഹരിക്കറ ആവോളമുള്ള അധോലോകത്തെ ഇരുണ്ടലോകത്തെ സങ്കോചമില്ലാതെ തുറന്നപുരുഷാധികാരം അതിന്റെ എല്ലാ മൃഗീയതയോടും സന്ദീപ് റെഡ്ഡി വാങ്കയുടെ ഹിന്ദി സിനിമയായ അനിമലി(2023)ല്‍ ആവിഷ്‌കൃതമാകുന്നു. അതിലെ മിസോജനിക്ക് നായകന്‍ സ്വയം വിശേഷിപ്പിക്കുന്നത,് ഉത്തമ സിംഹത്തിനു സമാനമായി താനൊരു ആല്‍ഫ മെയിലാണ് എന്നാണ്. പിടയെ തൃപ്തിപ്പെടുത്താനും നല്ല കുട്ടികളെ ഉത്പാദിപ്പിക്കാനും കെല്‍പ്പുള്ള ആണൊരുത്തന്‍. അയാള്‍ പ്രണയിനിയോട,് അവളുടെ വിവാഹത്തലേന്നു പറയുന്നത്, 'നിനക്ക് നല്ല കുട്ടികളെ ചുമക്കാന്‍ പാകപ്പെട്ട വസ്തിപ്രദേശമുണ്ട്'എന്നാണ്! സ്വപിതാവിന്റെ വ്യവസായസാമ്രാജ്യം സംരക്ഷിക്കാന്‍ ആരെ കൊല്ലാനും, അതിന് അതിക്രമത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലയാള്‍ക്ക്. സ്ത്രീയെ കാമന തീര്‍ക്കാനുള്ള ലൈംഗികവസ്തുവായും, തുല്യശക്തിയുള്ള മറ്റു പുരുഷന്മാരെ പ്രതിയോഗികളായും കാണുന്ന അയാളെ മഹത്വവല്‍ക്കരിക്കുകയാണു സിനിമ. ജനാധിപത്യത്തെ ചോദ്യം ചെയ്തു ഫാസിസത്തെ മൃഗീയമാരാവേശത്തോടെ പുല്‍കിപ്പുണരുന്നതാണ് അനിമല്‍ പോലുള്ള ചലച്ചിത്രങ്ങള്‍. അതുകൊണ്ടുതന്നെ, അവയുയര്‍ത്തുന്ന രാഷ്ട്രീയദര്‍ശനം വ്യാജമാണ്. പേരില്‍ അനിമല്‍ എന്നു സൂചിപ്പിച്ചതുകൊണ്ട് ഒഴിവാക്കാനാവുന്നതല്ല ആ കറവ്. അനിമലിലെ ദൃശ്യങ്ങളും ശബ്ദവും ഉളവാക്കുന്നതേക്കാള്‍ വലിയ അളവിലുള്ള സ്ത്രീവിരുദ്ധതയാണ് ചുരുളിയിലെയും മറ്റും സംഭാഷണങ്ങളിലുള്ളത്. 'പൊ...ടി മോനെ,''പു...ച്ചി മോനെ,.' ഇംഗ്‌ളീഷില്‍ '.'എഫ്'ല്‍ തുടങ്ങി 'കെ'യിലവസാനിക്കുന്ന തെറി, 'താ...ളി' തുടങ്ങിയ വാക്കുകളൊക്കെ പരിശോധിക്കുകയാണെങ്കില്‍ അവയൊക്കെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിലോമവുമാണെന്നു കാണാം. ഇതൊക്കെ പുതുതലമുറ സിനിമയില്‍ സ്വാഭാവികമെന്നോണം കേള്‍ക്കുന്നുമുണ്ട്. ഇതിലൊന്നും സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും പ്രതിഷേധമില്ല.
സ്വന്തം ജീവിത നേട്ടത്തിനു വേണ്ടി കൂടെനില്‍ക്കുന്നവരെയും വിശ്വസ്തരേയും സങ്കോചമില്ലാതെ കൊന്നിട്ട് അതില്‍ ലവലേശം പശ്ചാത്താപമോ കുറ്റബോധമോ തോന്നാത്ത, അഭിനവ് സുന്ദറിന്റെ മുകുന്ദനുണ്ണി അസോഷ്യേറ്റ്‌സി(2022)ലെ അഡ്വ. മുകുന്ദനുണ്ണിയും(വിനീത് ശ്രീനിവാസന്‍), അയാളെ കണ്ണുമടച്ചു പിന്തുണയ്ക്കുന്ന യുവതിയായ ഭാര്യ മീനാക്ഷിയും(ആര്‍ഷ ചാന്ദ്‌നി ബൈജു) മനുഷ്യത്വം തൊണ്ടുതീണ്ടാത്ത സ്വാര്‍ത്ഥരാണ്. കുറ്റബോധത്തിന്റെ തരിപോലുമില്ലാതെ, എണ്ണിയാലൊടുങ്ങാത്തത്ര കാമുകന്മാരെ ഒരേ സമയം പ്രണയിച്ചു തേച്ചൊട്ടിച്ച്, മറ്റൊരാള്‍ക്കു കഴുത്തുനീട്ടിക്കൊടുക്കാന്‍ മടിക്കാത്ത സ്‌റ്റെഫി സേവ്യറുടെ മധുരമനോഹരമോഹ(2023)ത്തിലെ മീരയും (രജീഷ വിജയന്‍), നല്ലൊരു ജീവിതത്തിനായി അതിവിദഗ്ധമായി പദ്ധതിയിട്ടു കുറ്റമറ്റ ആസൂത്രണത്തിലൂടെ ബാങ്ക് കൊള്ളയടിക്കാന്‍ സങ്കോചമില്ലാതെ ഒരുമ്പെടുന്ന സൂരജ് വര്‍മ്മയുടെ കൊള്ള(2023)യിലെ ആനിയും ശില്‍പയും (രജീഷ, പ്രിയ വാരിയര്‍) വഞ്ചിച്ച കാമുകനെ നിഷ്ഠുരം കൊല്ലുന്ന ജിതിന്‍ ഐസക് തോമസിന്റെ രേഖ(2023)യിലെ രേഖ രാജേന്ദ്രനും (വിന്‍സി അലോഷ്യസ്) പോലുള്ള കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തെ രാഷ്ട്രീയശരിയുടെ ഏതളവുകോല്‍ കൊണ്ടാണ് ന്യായീകരിക്കാനാവുക? സ്ത്രീകളെ അവതരിപ്പിക്കുമ്പോള്‍ അന്തസ് കാണിക്കണം എന്നു വാദിക്കുമ്പോള്‍, സ്ത്രീകളെ തന്നെ അവതരിപ്പിക്കാത്ത പുരുഷകേന്ദ്രീകൃതസിനിമകളാണ് പോയ വര്‍ഷം ഇറങ്ങിയ മലയാളസിനിമകളിലധികവും എന്നതും ഓര്‍ക്കേണ്ടതുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സാണെങ്കിലും ഭ്രമയുഗമാണെങ്കിലും ആവേശമാണെങ്കിലും സ്ത്രീകള്‍ക്ക് കാര്യമായ പങ്കാളിത്തമേ ഇല്ലാത്ത സിനിമകളാണ്. സ്ത്രീയെ തുല്യയായിട്ടല്ല, താഴെയായിട്ടുകൂടി പരിഗണിക്കാത്ത തരം അവതരണങ്ങളെ ഏതു രാഷ്ട്രീയ ശരികൊണ്ട് ന്യായീകരിക്കുമെന്നതാണ് ചോദ്യം.
പഴയ കാല സിനിമകളില്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കര്‍ക്കശമായിരിക്കെ, അതിനെ മറികടക്കാന്‍ ചലച്ചിത്രകാരന്മാര്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. അതില്‍ പ്രധാനമാണ് ദൃശ്യരൂപകങ്ങളും ഉപമകളും. സംഭോഗരംഗത്ത് രണ്ടു പൂക്കള്‍ പരസ്പരം കാറ്റില്‍ പുണരുന്നതോ, രണ്ടു കിളികള്‍ കൊക്കുരുമ്മുന്നതോ, കറങ്ങുന്ന സീലിങ് ഫാന്‍ കറങ്ങി നില്‍ക്കുന്നതോ, ചെമ്പിലത്തുമ്പിലെ ജലകണം ഇറ്റു താഴെ വീഴുന്നതോ ്ആയൊരു ദൃശ്യം കാണിച്ചൊക്കെയാണ് അവരത് വിനിമയം ചെയ്തിരുന്നത്. ബാലിശമെങ്കിലും അതായിരുന്നു പതിവ്. 'ബോള്‍ഡ്' എന്നു വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്രകാരന്മാര്‍ക്കു വരെ നായികെ നീണ്ട ഷര്‍ട്ടീടീച്ച് തുട കാണിച്ചും, മുലക്കച്ചയില്ലാത്ത പിന്‍ഭാഗം കാണിച്ചും അവസാനിപ്പിക്കേണ്ടിയിരുന്നു. അതൊന്നും സ്ത്രീത്വത്തെ മാനിച്ചതുകൊണ്ടോ, രാഷ്ട്രീയ ശരിയയോര്‍ത്തിട്ടോ ഒന്നുമായിരുന്നില്ല. നിയമം മൂലമുള്ള നിയന്ത്രണമുണ്ടായിരുന്നതുകൊണ്ടായിരുന്നു. സെന്‍സര്‍ഷിപ്പ്, ഏതു വിധത്തിലുള്ളതാണെങ്കിലും സിനിമ പോലൊരു കലാരൂപത്തില്‍ ആരുതെന്ന വാദത്തിനാണ് കാലങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനായിട്ടുള്ളത്. വിശ്വവിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ യുവതലമുറയിലെ പുതുമുഖസംവിധായകന്‍ വരെ ഇക്കാര്യത്തില്‍ ഒന്നിക്കുകയും ചെയ്യും. അതേസമയം, സര്‍ഗാത്മകസ്വാതന്ത്ര്യം ഏതു തരത്തില്‍ ഏതളവുവരെ ഉപയോഗിക്കാമെന്നതിലും ദുരുപയോഗിക്കുന്നതിനെതിരേയും ജാഗ്രതയും വകതിരിവും പുലര്‍ത്താനാവാത്ത യുവതലമുറയാണ്, അവയെ ദുരുപയോഗത്തോളം തരംതാഴ്ത്തുന്നതും പുതുതലമുറയില്‍ നിന്നു തന്നെ രാഷ്ട്രീയശരി പോലുള്ള വീക്ഷണകോണുകളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതും.
പണി(2024) എന്നൊരു സിനിമയിലെ ബലാത്സംഗരംഗം സ്ത്രീവിരുദ്ധമാണെന്നും അത് പുരുഷന് മാറിപ്പോയി സ്വയംഭോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും സമൂഹമാധ്യമത്തില്‍ ഒരു ഗവേഷകവിദ്യാര്‍ത്ഥി റിവ്യൂ എഴുതിയതാണല്ലോ ഏറെ വിവാദമായത്. സിനിമയുടെ സംവിധായകന്‍ അയാളെ ഫോണില്‍ വിളിച്ചധിക്ഷേപിച്ചതോടെ അതു വലിയ ചര്‍ച്ചയായി, അയാള്‍ വൈറലുമായി. ഒരു ബലാത്സംഗരംഗത്തെപ്രതി ഇത്രയും പുരോഗനമപരമായൊരു വീണ്ടുവിചാരം പുതുതലമുറ പുരുഷനില്‍ നിന്നു തന്നെ ഉയര്‍ന്നത് ശ്‌ളാഘിക്കപ്പെടേണ്ടതു തന്നെയാണ്, സംശയമില്ല. എന്നാല്‍, സമാനമായി മറ്റു പല അവതരണങ്ങളിലും സമകാലിക സിനിമ ഇപ്പറഞ്ഞ രാഷ്ട്രീയശരി വച്ചു പുലര്‍ത്തുന്നുണ്ടോ എന്നും, കടുത്ത സ്ത്രീവിരുദ്ധത വിനിമയം ചെയ്യുന്ന അനിമല്‍ പോലുള്ള സിനിമകളെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമത്തിലോ പുറത്തോ ഗൗരവമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നതുമാണ് പരിശോധിക്കേണ്ടത്. ഫ്രഞ്ച് കിസ്സും, തുറന്ന ലൈംഗികതയും സംഭോഗരംഗങ്ങളുടേതടക്കം യഥാതഥമായ ദൃശ്യാവിഷ്‌കാരവുമാണല്ലോ സമകാലിക സിനിമയുടെ ദൃശ്യപരിചരണശൈലി. ചുരുളിയിലെ ഭാഷാപ്രയോഗങ്ങള്‍ പോലുള്ള കേട്ടാലറച്ച തെറിയും, മലയാള സിനിമയില്‍ കഴിഞ്ഞ അഞ്ചാറുവര്‍ഷത്തിനിടെ വ്യാപകമായി ദൃശ്യപ്പെടുത്തുന്ന വര്‍ദ്ധിച്ച തോതിലുള്ള മദ്യപാനരംഗങ്ങളും മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കുന്നത് എന്നു വ്യാഖ്യാനിക്കത്തക്ക രംഗകല്‍പനകളും (ഇത്തരത്തിലുള്ള രംഗങ്ങളുള്‍പ്പെടുത്താന്‍ മയക്കുമരുന്നു മാഫിയയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സിനിമ പണം കൈപ്പറ്റി എന്നതരത്തില്‍ ഒരാരോപണവും അന്വേഷണവുമുണ്ടായതായി ഓര്‍ക്കുന്നു) ഒക്കെ പുതുതലമുറ സിനിമകളില്‍ സര്‍വസാധാരണമായതിനെപ്പറ്റിയും സമൂഹമാധ്യമങ്ങളില്‍ ആരുമങ്ങനെ വിമര്‍ശിച്ചു കണ്ടില്ല. പണിയിലെ രംഗത്തെപ്പറ്റിത്തന്നെയാണെങ്കില്‍, അത്തരമൊരുരംഗം കണ്ടിട്ട് സ്വയംഭോഗം ചെയ്യാന്‍ മുതിരുന്നവരുണ്ടെങ്കില്‍ അവരുടെ മാനസികവൈകല്യമല്ലേ ചികിത്സിക്കപ്പെടേണ്ടത്?
ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവായ ബലാത്സംഗ രംഗങ്ങളിലൊന്ന് ബി ആര്‍ ചോപ്രയുടെ ഇന്‍സാഫ് കാ തരാസു(1980)വില്‍ നായകനായ രാജ് ബബ്ബര്‍ നായികയുടെ അനുജത്തി പദ്മിനികോലാപ്പുരിയുടെ കഥാപാത്രത്തെ പീഡിപ്പിക്കുന്നതാണ്. പണിയുടെ കാര്യത്തിലെന്നോണം, സിനിമയുടെ കഥാവസ്തുതന്നെ ആ മനുഷ്യത്വരഹിതമായ ബലാത്സംഗത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍, സമൂഹത്തില്‍ നന്മമരമായി മുഖം മൂടി ധരിച്ചു വ്യാപരിക്കുന്ന ഒരു കൊടുംവില്ലനെ വെളിച്ചത്തുകൊണ്ടുവരാനും പരസ്യവിചാരണ ചെയ്യാനുമാണ് രചയിതാക്കള്‍ ആ രംഗം അത്രയേറെ വിശദമായി ചിത്രീകരിച്ചത്. പ്രേക്ഷകര്‍ക്ക് ആ ചെയ്തിയുടെ ഭീകരതയും മനുഷ്യത്വവിരുദ്ധതയും അത്രമേല്‍ ആഴത്തില്‍ തിരിച്ചറിയാനാവാന്‍ ലക്ഷ്യമിട്ടാണത്. എന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയ ശരിയുടെ കാഴ്ചക്കോണില്‍ കൂടി നോക്കിക്കണ്ടാല്‍ നിശ്ചയമായും അത് അംഗീകരിക്കപ്പെടേണ്ട ദൃശ്യസമീപനമല്ല. ഇവിടെ ചോദ്യം, ഒരു സംഗതി അതെത്രമാത്രം മനുഷ്യത്വഹീനമാണെന്നു സ്ഥാപിക്കാന്‍ അതിന്റെ രൂക്ഷതയും തീവ്രതയും അത്രമേല്‍ ആവഹിച്ചുകൊണ്ട് ദൃശ്യവല്‍ക്കരിക്കുന്നതിനെ ന്യായീകരിക്കാമോ എന്നാണ്. പകരം, 'പുകവലിയും മദ്യപാനവും ആരോഗ്യത്തിനുഹാനികരം' എന്നും 'ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നത് നിയമവിരുദ്ധം' എന്നും എഴുതിക്കാണിച്ചിട്ട് അതെല്ലാം വെള്ളിത്തിരയില്‍ മറയില്ലാതെ പകര്‍ത്തിക്കാണിക്കുന്നതും 'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ശിക്ഷാര്‍ഹമാണ്' എന്നെഴുതിക്കാണിച്ചിട്ട് അതു തന്നെ കാണിക്കുന്നതും, ഏതു നിയമത്തിന്റെയും നയത്തിന്റെയും പേരിലാണെങ്കിലും മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാവുന്നതേയുള്ളൂ.
പണ്ടു കാലത്തും മലയാള സിനിമ, ഇതര സിനിമകളെപ്പോലെ സ്ത്രീകളുടെ ആവിഷ്‌കാരത്തില്‍ കടുത്ത സ്ത്രീവിരുദ്ധത വച്ചുപുലര്‍ത്തിയിരുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്. അതിനെ ന്യായീകരിക്കാന്‍ ഒരുമ്പെടുന്നതു തന്നെ വിഡ്ഢിത്തവുമാണ്. സ്ത്രീകളുടെ ആവിഷ്‌കാരത്തിനപ്പുറം യുവതലമുറ ഇതിഹാസമാനം കല്‍പിച്ചു കൊടുത്ത തൊണ്ണൂറുകളിലെ ഒരു സിനിമയില്‍ ഒരു കൂട്ടിക്കൊടുപ്പുകാരനെ മഹത്വവല്‍ക്കരിച്ചതിനെയും രാഷ്ട്രീയശരിയുടെ പേരില്‍ ആരും വിമര്‍ശിച്ചിട്ടില്ലെങ്കിലും അത് സ്ത്രീസൗഹൃദമായ പ്രമേയ കല്‍പനയാണെന്ന് കരുതാന്‍ വശമില്ല.
ഒരു സിനിമ കണ്ട് ആരും കൊലപാതകിയോ കൊള്ളക്കാരനോ ആവില്ലെന്ന് വാദത്തിനു പറയാം. എന്നാല്‍, അടുത്തകാലത്ത് പുറത്തു വരുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, സ്വന്തം തൊപ്പി പിടിച്ചു വച്ച അധ്യാപകരില്‍ നിന്നതു വിട്ടുകിട്ടാന്‍ സ്‌കൂളില്‍ കുട്ടി തോക്കും കൊണ്ടുവന്നു ഭീഷണിപ്പെടുത്തുന്നതും, കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ഓണ്‍ലൈനില്‍ തോക്ക് വാങ്ങി സിനിമാസ്‌റ്റൈലില്‍ കാറോടിച്ചെത്തി ഡെലിവറി ഗേള്‍ ചമഞ്ഞെത്തി വെടിവയ്ക്കുന്നതും, ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആഡംബര ജീവിതത്തിനും ബാങ്കില്‍ തിരിമറി നടത്തുന്ന വനിതാ മാനേജരെയും പറ്റിയുള്ള വാര്‍ത്തകള്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചതല്ല. മാത്രമല്ല പ്രസ്തുത കേസുകളിലെ പ്രതികളെല്ലാം തങ്ങള്‍ സിനിമകളാല്‍ സ്വാധീനക്കപ്പെട്ടുവെന്നു വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സിനിമകളിലെ തുറന്ന ചിത്രീകരണങ്ങളുടെ രാഷ്ട്രീയ ശരിക്കുപരി അതുളവാക്കുന്ന സാമൂഹിക ശരി കൂടി പരിഗണിക്കേണ്ടതുണ്ട്.
കോവിഡ് കാലത്തെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമയ്ക്ക് കൊറോണ ജവാന്‍ എന്നു പേരിട്ടിട്ട് പിന്നീട് സെന്‍സര്‍ എതിര്‍പ്പുകള്‍ കാരണം കൊറോണ ധവാന്‍ എന്നു തിരുന്നതിലെയും ചിത്രത്തില്‍ ആദ്യാവസാനം കേന്ദ്രകഥാപാത്രമായിരിക്കുന്ന ജവാന്‍ ബ്രാന്‍ഡ് മദ്യക്കുപ്പികളിലെ ലേബലുകളെല്ലാം മാസ്‌ക് ചെയ്യുന്നതിലെയും അശ്‌ളീലം നോക്കുക. പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ ധാര്‍മ്മിക മാപിനിവച്ച് അളക്കുകയാണെങ്കില്‍ മദ്യപാനരംഗങ്ങള്‍ കാണിക്കാതെ തന്നെ ധ്വനിപ്പിക്കാവുന്നതല്ലേയുള്ളൂ. എന്നിട്ടും എന്തുകൊണ്ട് ഇത്രമേല്‍ വിശദമായി അവ ഉള്‍പ്പെടുത്തുന്നു?
ഇനി മുതല്‍ സത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവരെ അപമാനിക്കുംവിധമുള്ള രംഗങ്ങള്‍ രചയിതാക്കളും സംവിധായകരും സ്വമേധയാ ഒഴിവാക്കണമെന്നാണ് ഡബ്‌ള്യൂ സി സി മുന്നോട്ടുവച്ചിട്ടുള്ള ഒരു നിര്‍ദ്ദേശം.ലിംഗരാഷ്ട്രീയം പോലുള്ള ആധുനികമെന്നു വിവക്ഷിക്കുന്ന ദാര്‍ശനികതയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള നിര്‍ദ്ദേശമാണിത്. എന്നാല്‍, കുറേക്കൂടി വ്യക്തവും സ്പഷ്ടവുമായി സ്ത്രീത്വത്തെ അപമാനിക്കുംവിധം വിവസ്ത്രരായോ അക്രമാസക്തമായോ കാണിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ളതാണല്ലോ ഇന്ത്യയില്‍ പുതിയ ന്യായസംഹിതയനുസരിച്ചും നിലനില്‍ക്കുന്ന കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചട്ടങ്ങളും നിയമങ്ങളും. ഇതില്‍ നിന്ന് എന്തു വ്യത്യാസമാണ് ഡബ്‌ള്യൂ സി സി യുടെ നിര്‍ദ്ദേശത്തിലുള്ളത്? അഥവാ, വര്‍ഷങ്ങളായി നിലനിന്നു പോന്ന സെന്‍സര്‍ നയങ്ങളില്‍ അയവുവരുത്തി ദൃശ്യസമീപനങ്ങളെ കുറേക്കൂടി തുറന്നതും തീവ്രവുമാക്കിയതാര്? ഈ ചോദ്യങ്ങള്‍ക്കു കൂടി പുതിയ സാഹചര്യത്തില്‍ മറുപടി തേടേണ്ടതില്ലേ? അതിനു മറുപടി തേടുമ്പോള്‍, ഡബ്‌ള്യൂ സി സിയുടെ നിര്‍ദ്ദേശം പുതിയ കുപ്പിയിലെ സെന്‍സര്‍ നിയന്ത്രണം തന്നെയാണെന്നും വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്നും ചിന്തിക്കണം. എങ്ങനെയൊക്കെ ആവിഷ്‌കരിക്കരുത് എന്നും എങ്ങനെയെല്ലാം ആവിഷ്‌കരിക്കാം എന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പരോക്ഷമായി നിയന്ത്രണങ്ങള്‍ തന്നെയാണല്ലോ. ആ നിലയ്ക്ക് ഈ നിര്‍ദ്ദേശത്തെയും സര്‍ഗാത്മകയ്ക്കു മേലുള്ള കടന്നു കയറ്റമായി കണക്കാക്കേണ്ടി വരില്ലേ?
സിനിമയുടെ സാമൂഹികസ്വാധീനത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍, അതിലെ മോശം പ്രവണതകളെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകപക്ഷീയമോ ഭാഗികമോ ആയിപ്പോകരുത്. സിനിമയിലെ സ്ത്രീവിരുദ്ധതയെ തുടച്ചു നീക്കാനുള്ള രാഷ്ട്രീയ ശരി ഉപാധിയാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ സെലക്ടീവാകുമ്പോഴാണ് അതതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ മറികടക്കുന്നത്. ചികിത്സ രോഗത്തിനാവണം, ലക്ഷണത്തിനാവരുത്.
Thursday, December 12, 2024
മീ, മറിയം ദ് ചില്‍ഡ്രന്‍ ആന്‍ഡ് 24 അദേഴ്‌സ്
ഒറ്റപ്പെടലില്‍ നിന്നും ഏകതാനമായ ജീവിതത്തില്‍ നിന്നും മോചനം കാംക്ഷിച്ചാണ് മറിയം മഹബൊബെ തന്റെ വീട് ഫര്‍ഷദ് ഹഷ്മിയുടെ ആദ്യ സിനിമയ്ക്ക് ഷൂട്ടിങ്ങിന് കൊടുക്കുന്നത്. ഒസിഡി വൈകല്യമുള്ള മറിയത്തിന് തന്റെ വീട്ടില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനപ്പുറം തന്റെ വസ്തുവകകള്‍ അടുക്കുതെറ്റിച്ചും മാറ്റിമറിച്ചും വയ്ക്കുന്നതൊന്നും സഹിക്കാനാവുന്നില്ല. എന്നാല്‍ ചിത്രീകരണത്തിനായി ഒരു സംഘം യുവാക്കള്‍ തന്നെ ആ വീട്ടില്‍ നിത്യേനെയെന്നോണം കയറിയിറങ്ങുന്നു. അടുക്കള ഉപയോഗിക്കുന്നു. വീട് നാശമാകാതിരിക്കാന്‍ അവിടെത്തന്നെ ഉറങ്ങാന്‍ കരാര്‍ ഉറപ്പിക്കുന്ന മറിയത്തോടൊപ്പം ഷൂട്ടിങ് സംഘത്തില്‍ നിന്നൊരാള്‍ കൂടി കാവലിനെത്തുന്നു. പൊതുവേ മുരട്ട് സ്വഭാവക്കാരിയായ മറിയം പതിയെ ആ ചിത്രീകരണ സംഘത്തോടൊപ്പം മനസുകൊണ്ട് ഇഴുകിച്ചേരുകയാണ്. അവിടെ ചിത്രീകരിക്കുന്ന സിനിമയുടെ ഇതിവൃത്തത്തിലും അവള്‍ സ്വയം നിമഗ്നയാവുകയാണ്. നഷ്ടങ്ങളുടെ പടുകുഴിയില്‍ നിന്ന് മറിയം എങ്ങനെ ജീവിതം തിരികെപ്പിടിക്കുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ സിനിമയിലും നായകനാവുന്ന സംവിധായകന്‍ ചിത്രീകരിക്കുന്നത്. ഇറാന്‍ സിനിമയുടെ ചില വ്യവസ്ഥാപിത പരിമിതികള്‍, സംഭാഷണബാഹുല്യം അടക്കമുള്ളവ ഉണ്ടെങ്കിലും സമകാലിക ഇറാന്റെ യഥാര്‍ത്ഥ ചിത്രം ഈ സിനിമയില്‍ പ്രകടമാണ്.
ഇന്നാരംഭിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നാളെ മൂന്നരയ്ക്ക് കൈരളീ തീയറ്ററില്‍ കാണിക്കുന്ന മീ, മറിയം ദ് ചില്‍ഡ്രന്‍ ആന്‍ഡ് 24 അദേഴ്‌സ് എന്ന സിനിമ ഉറപ്പായും കണ്ടിരിക്കാവുന്ന ഒന്നാണ്.നിശ്ചയമായും നിരാശ തോന്നിപ്പിക്കാത്ത ദൃശ്യാവിഷ്‌കാരവും പരിചരണവും.മഖ്മല്‍ബഫ്-ജാഫര്‍ പനാഹിമാരുടെ സിനിമകളിലേക്ക് ഓര്‍മ്മകളെ തിരിച്ചുനടത്തുമെങ്കിലും മികച്ച സിനിമ.
Sunday, December 08, 2024
രാജ് കപൂര്‍: ഇന്ത്യന്‍ സിനിമയുടെ രാജകല
ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ഷോമാനായിരുന്ന രാജ് കപൂറിന് ഡിസംബര്‍ 14 ന് നൂറാം ജന്മവാര്‍ഷികം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ് കപൂറിന്റെ തിരജീവിതത്തിനും അഭേദ്യമായൊരു ബന്ധമുണ്ട്. കാരണം 1947ലാണ് രാജ് ആദ്യമായി നായകവേഷമണിയുന്നത്. ഹിന്ദി സിനിമയിലെ എക്കാലത്തെയും സ്വപ്‌നസുന്ദരിയായ മധുബാലയ്‌ക്കൊപ്പം നായകനായി കിദാര്‍ ശര്‍മ്മ സംവിധാനം ചെയ്ത നീല്‍കമലിലൂടെ. പത്താം വയസില്‍ ഇങ്ക്വിലാബ് എന്ന സിനിമയില്‍ ബാലതാരമായി അരങ്ങേറി, ഒരു വ്യാഴവട്ടത്തെ ചെറുവേഷങ്ങള്‍ക്കും പിന്നണിപ്രവര്‍ത്തനങ്ങള്‍ക്കും ശേഷമായിരുന്നു അത്. പിന്നീട്, ഇന്ത്യയിലെ ഏക്കാലത്തെയും ഏറ്റവുമധികം സ്വാധീനശക്തിയുള്ള മാസ്റ്റര്‍ ഷോമാനായ നടനും സംവിധായകനും നിര്‍മ്മാതാവുമെന്ന അചഞ്ചല സിംഹാസനത്തിലേക്കുള്ള താരോദയം.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ചലച്ചിത്രകുടുംബമാണ് കപൂര്‍ ഖാന്ധാന്‍ അഥവാ കപൂര്‍ കുടുംബം. പെഷാവറില്‍ നിന്ന് മുംബൈയിലെത്തി ചലച്ചിത്ര-നാടകപ്രവര്‍ത്തകനായി പേരെടുത്ത പൃഥ്വിരാജ് കപൂറിന്റെ രണ്ടാം തലമുറയില്‍ രാജ്കപൂറും ഷമ്മി കപൂറുമാണ് തിരവിഗ്രഹങ്ങളായിത്തീര്‍ന്നത്. പൃഥ്വിയുടെയും രാംസരണിയുടെയും ആറു മക്കളില്‍ മൂത്തതാണ് 1924 ഡിസംബര്‍ 14 ന് ജനിച്ച സൃഷ്ടി നാഥ് കപൂര്‍ എന്ന രാജ്കപൂര്‍. പൃഥ്വിരാജ് സിനിമയില്‍ ഭാഗ്യം തേടി ബോംബേയിലേക്കു വന്നപ്പോള്‍ രാജ് അമ്മയോടൊപ്പം പെഷവാറില്‍ കഴിഞ്ഞു. പിന്നീട് അമ്മയേയും കൂട്ടി അച്ഛനോടൊപ്പം. പൃഥ്വിരാജ് ജോലി ചെയ്തിരുന്ന ടൂറിങ് നാടകകമ്പനി പോകുന്നിടത്തൊക്കെയായിട്ടായിരുന്നു രാജ് കപൂറിന്റെ പഠനം. അങ്ങനെ ഡെറാഡൂണില്‍ കേണല്‍ ബ്രൗണ്‍സ് സ്‌കൂള്‍, കൊല്‍ക്കത്തയില്‍ ബംഗാളി മീഡിയം സ്‌കൂള്‍, ബോംബെയില്‍ ഒരു മറാത്തി സ്‌കൂള്‍. പിന്നെ അന്റോണിയോ ഡിസൂസ സ്‌കൂളിലുമായിട്ടായിരുന്നു വിദ്യാഭ്യാസം.
കുട്ടിക്കാലത്ത് ഗുണ്ടുമണിയായിരുന്നു സൃഷ്ടിനാഥ്. ശരീരപ്രകൃതിയുടെ പേരില്‍ അവന് ധാരാളം പരിഹാസവും അപമാനവും നേരിടേണ്ടിയും വന്നു. അരങ്ങിലും കളിക്കളത്തിലുമൊന്നും ഈ തടി കാരണം ആരും അയാളെ അടുപ്പിച്ചില്ല. ഏറെ നാള്‍ ആഗ്രഹിച്ചൊടുവില്‍ ഒരു സ്‌കൂള്‍ നാടകത്തില്‍ വന്നുപോകുന്നൊരു എക്‌സ്ട്രാ വേഷം കിട്ടിയപ്പോഴാവട്ടെ വസ്ത്രത്തില്‍ ചവിട്ടി സ്‌റ്റേജില്‍ വീണതോടെ ദുരന്തമായിത്തീര്‍ന്നു. അച്ഛനവതരിപ്പിച്ച മൃച്ഛകടികം നാടകത്തില്‍ അഞ്ചുവയസുള്ളപ്പോഴാണ് സൃഷ്ടി ആദ്യമായി അഭിനയിക്കുന്നത്.
കിദാര്‍ ശര്‍മയുടെ സംവിധാന സഹായിയായിട്ടായിരുന്നു സിനിമയ്ക്കു പിന്നിലെ രാജ് കപൂറിന്റെ അരങ്ങേറ്റം. ബോംബെ ടാക്കീസിനുവേണ്ടി അമിയ ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിതത്തിലും സുശീല്‍ മജുംദാറിന്റെ ചിത്രത്തിലും സഹായിയായി. സംവിധാന സഹായിയായിരിക്കെ നിനച്ചിരിക്കാതെ പറ്റിയ വലിയൊരു പിഴയിലൂടെയാണ് നായകനായിട്ടുളള രാജിന്റെ രാശി തെളിയുന്നത്. കിദാര്‍ ശര്‍മയുടെ ചിത്രത്തില്‍ ഒരു ഷോട്ടിനു രാജ് ക്ലാപ്പടിക്കുമ്പോള്‍ മുന്നില്‍ നിന്ന നടന്റെ വയ്പ്പുതാടി ക്ലാപ്പ് ബോര്‍ഡില്‍ കുടുങ്ങി ഇളകി. ഷോട്ട് കുളമായതില്‍ അരിശപ്പെട്ട കിദാര്‍ ശര്‍മ്മ പരസ്യമായി രാജിന്റെ ചെകിട്ടത്തടിച്ചു. തന്റെ ചെയ്തിയില്‍ മനം നൊന്ത അദ്ദേഹം പിറ്റേന്ന് രാജിനെ വിളിച്ച് തന്റെ പുതിയ ചിത്രമായ നീല്‍ കമലില്‍ നായകവേഷം വാഗ്ദാനം ചെയ്യുകയായിരുന്നു! ആ വര്‍ഷംതന്നെ നാലു ചിത്രങ്ങളില്‍ അദ്ദേഹം നായകനായി. ചിറ്റോര്‍ വിജയ്, ദില്‍ കി റാണി, ജയില്‍ യാത്ര എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മൂന്നു ചിത്രങ്ങളില്‍ മധുബാല നായികയായി, ഒന്നില്‍ കാമിനി കൗശലും.
നായകനായതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ, 24-ാമത്തെ വയസില്‍ രാജ് സ്വപ്‌നനഗരിയില്‍ സ്വന്തം ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു-ആര്‍ കെ ഫിലിംസ്. രണ്ടുവര്‍ഷം മുമ്പു വരെ ബോളിവുഡ്ഡിന്റെ പര്യായമായിരുന്ന ഇതിഹാസ ബ്രാന്‍ഡ്! 1949 ലാണ് തന്റെ കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം-ആഗ് പുറത്തിറങ്ങുന്നത്. നര്‍ഗീസ് ദത്തായിരുന്നു നായിക.അതേവര്‍ഷം തന്നെ ഇതേ ജോഡിക്കൊപ്പം ദിലീപ്കുമാറും അണിനിരന്ന അന്ദാസ് നടനെന്ന നിലയ്ക്കുള്ള രാജിന്റെ ആദ്യ സൂപ്പര്‍ ഹിറ്റായി. നര്‍ഗീസിനൊപ്പമഭിനയിച്ച ബര്‍സാത്ത് നിര്‍മ്മാതാവെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കുമുള്ള ആദ്യ മെഗാഹിറ്റിറങ്ങുന്നതും അതേവര്‍ഷം. അങ്ങനെ നടന്‍, സംവിധായകന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ രാജിന്റെ പേര് സിനിമാചരിത്രത്തിലിടം നേടി. തുടര്‍ന്നു പുറത്തുവന്ന സര്‍ഗം, ദസ്താന തുടങ്ങിയവയൊക്കെ വിജയമാവര്‍ത്തിച്ചു. നര്‍ഗീസുമൊത്തഭിനയിച്ച ആവാര (1951) ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഇതിഹാസ ചിത്രങ്ങളിലൊന്നായിത്തീര്‍ന്നു. ചാര്‍ളി ചാപ്‌ളിനെ അനുസ്മരിപ്പിക്കുംവിധം രാജു എന്ന ഒരു തെരുവുനായകന്റെ പ്രതിച്ഛായയില്‍ മേം ആവാരാ ഹും എന്ന പാട്ടും പാടി നടക്കുന്ന രാജിന്റെ താരബിംബം ഇന്ത്യന്‍ നായകകരതൃത്വത്തിന്റെ പര്യായമായി. ഈ സിനിമ, സോവിയറ്റ് യൂണിയന്‍, ചൈന, ടര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം വന്‍ തരംഗം സൃഷ്ടിച്ചു. രാജ് കപൂര്‍ അങ്ങനെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ പാന്‍-ഏഷ്യന്‍ താരമായി മാറി. റഷ്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യന്‍ താരവും രാജായിരുന്നു.
നര്‍ഗീസുമൊത്ത് 1955ല്‍ പുറത്തു വന്ന ശ്രീ 420 ആവാര തീര്‍ത്ത കളക്ഷന്‍ റെക്കോര്‍ഡുകളെ അതിശയിപ്പിച്ച വിജയം നേടി. അതിലെ മേര ജൂത്ത ഹൈ ജപ്പാനി രാജിന്റെ ചാപ്‌ളിനിസ്‌ക് പ്രതിച്ഛായ ഊട്ടിയുറപ്പിച്ച ഹിന്ദിയിലെ ഇതിഹാസ ഗാനങ്ങളിലൊന്നായി ലോകശ്രദ്ധ നേടി.കെ എ അബ്ബാസിന്റെ രചനയില്‍ രാജ് കപൂര്‍ അഭിനയിച്ച സിനിമകളില്‍ പലതും ഹിറ്റും മെഗാഹിറ്റുമായി.
1952 ല്‍ ഇന്ത്യയില്‍ നടന്ന ആദ്യത്തെ രാജ്യാന്തര ചലച്ചിത്രമേള രാജ്കപൂറിന്റൈ ചലച്ചിത്രസങ്കല്‍പത്തെ മാറ്റിമറിച്ചു. അതിന്റെ പ്രതിഫലനം തുടര്‍ന്നുള്ള ചിത്രങ്ങളില്‍ നമുക്ക് കാണാന്‍ പ്രതിഫലിക്കുകയും ചെയ്തു. ബൂട്ട് പോളിഷ് (1954), ശ്രീ 420 (1953), ജാഗ് തേ രഹോ (1956) എന്നീ ചിത്രങ്ങള്‍ വിദേശമേളകളിലും ശ്രദ്ധിക്കപ്പെട്ടു. ആ സ്വാധീനത്തിലാണ് സത്യജിത് റായിയെ സിനിമ ചെയ്യാന്‍ രാജ് കപൂര്‍ ക്ഷണിക്കുന്നത്. എന്നാല്‍ മാതൃഭാഷയ്ക്കു പുറത്തൊരു സിനിമ സ്വന്തം ചെയ്യാന്‍ റേ തയാറായില്ല.
65 ചിത്രങ്ങളില്‍ രാജ് കപൂര്‍ അഭിനയിച്ചു. ആര്‍.കെ സ്റ്റുഡിയോയില്‍ താന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രങ്ങളെക്കാള്‍ നടനെന്ന നിലയ്ക്ക് അദ്ദേഹം തിളങ്ങിയത് മറ്റു സംവിധായകരുടെ നായകനായപ്പോഴാണ്. ശംഭു മിത്രയുടെ ജാഗ് തേ രഹോ, കെ എ അബ്ബാസിന്റെ അന്‍ഹോ നേ, ബസു ഭട്ടാചാര്യയുടെ ചെയ്ത തീസരി കസം എന്നീ ചിത്രങ്ങളില്‍ രാജിന്റെ പ്രകടനം അവിസ്മരണീയമായി.മക്കള്‍ക്കൊപ്പം മാത്രമല്ല പിതാവിനൊപ്പവും സഹോദരനോടൊപ്പവും തിരയിടം പങ്കിടാന്‍ ഭാഗ്യം സിദ്ധിച്ച അഭിനേതാവാണ് രാജ് കപൂര്‍. ബാലാജി പെന്ധാര്‍ക്കറുടെ വാല്മീകിയിലാണ് പൃഥിരാജ് വാല്മീകിയായി വന്നപ്പോള്‍ നാരദന്റെ വേഷം രാജ് കപൂര്‍ ചെയ്തത്. കല്‍ ആജ് ഔര്‍ കല്‍ (1971) എന്ന ചിത്രത്തിലൂടെ മൂത്തമകന്‍ രണ്‍ധീര്‍ കപൂറിനെ സിനിമയിലേക്കു കൊണ്ടുവന്നു. ബോബി (1973)യിലൂടെ ഋഷി കപൂറിനെയും. ചാര്‍ ദില്‍ ചാര്‍ രാഹേം (1959) എന്ന ചിത്രത്തില്‍ ഹിന്ദിയിലെ സ്റ്റൈല്‍മന്നനായിരുന്ന ഇളയ സഹോദരന്‍ ഷമ്മി കപ്പൂറുമൊത്തഭിനയിച്ചു. സര്‍ഗം, ജിസ് ദേശ് മേം ഗംഗ ബഹ്തി ഹേ, സംഗം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം വലിയ പ്രതീക്ഷയോടെ രാജ് കപൂര്‍ കളറില്‍ സംവിധാനം ചെയ്ത മേരാ നാം ജോക്കര്‍ (1970) മികച്ച സിനിമയെന്ന നിലയ്ക്ക് അഭിപ്രായം നേടിയെങ്കിലും വേണ്ടത്ര കമ്പോള വിജയം നേടിയില്ല.
നര്‍ഗീസായിരുന്നു ഏറ്റവും ശ്രദ്ധേയയായ രാജ് നായിക. അവരുടെ ജോഡി ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ ഇതിഹാസ താരജോഡിയായി. സംഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വൈജയന്തിമാലാ ബാലിയേയും ജിസ് ദേശ് മേം ഗംഗ ബഹ്തി ഹൈയില്‍ മലയാളി നടി പദ്മിനിയേയും നായികയാക്കി. മേരാ നാം ജോക്കറിലും പദ്മിനിയായിരുന്നു നായിക. കശ്മീര്‍ പശ്ചാത്തലത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആഗില്‍ ബാലതാരമായിരുന്ന അനുജന്‍ ശശിയെ നായകനാക്കിയ സത്യം ശിവം സുന്ദര(1978)ത്തില്‍ സീനത്ത് അമാനായിരുന്നു നായിക.
ഇളയ പുത്രന്‍ രാജീവ് കപൂറിനെയും പുതുമുഖം മന്ദാകിനിയേയും അവതരിപ്പിച്ച രാം തേരി ഗംഗാ മൈലി (1985)യാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം. ഹെന്ന എന്ന പേരില്‍ ഇന്ത്യ -പാക് സംയുക്ത സിനിമയുടെ പണിപ്പുരയിലായിരിക്കെയായിരുന്നു മരണം. ഹെന്ന പിന്നീട് മകന്‍ രണ്‍ധീര്‍ കപൂര്‍ പൂര്‍ത്തിയാക്കി.
ഹിറ്റ് ഗാനങ്ങള്‍, അവയുടെ ആഡംബരപൂര്‍ണമായ ചിത്രീകരണം, നാടകീയത മുറ്റിയ കഥാവസ്തു, ചെറുപ്പക്കാരുടെ മനസിളക്കുംവിധം നായികമാരുടെ അവതരണം ഇതൊക്കെ രാജ് കപൂര്‍ സിനിമകളുടെ സവിശേഷതകളായിരുന്നു.
ഇന്ത്യന്‍ സിനിമയ്ക്കുള്ള സംഭാവനകളെ മാനിച്ച് 1971ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ശതകത്തിലെ ഷോമാനുള്ള സ്‌ക്രീന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.1955ലും(ശ്രീ 420) 60ലും (ജിസ് ദേശ് മേം ഗംഗ ബഹ്തി ഹൈ) മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.
രാജ് കപൂര്‍ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആജീവനാന്ത സംഭാവനയ്ക്കുള്ള ദാദാ സാഹേബ് അവാര്‍ഡ് സ്വീകരിക്കാനായിരുന്നു. അവശതമൂലം അദ്ദേഹത്തിന് സ്റ്റേജിലേക്കു കയറാനായില്ല. രാഷ്ട്രപതി സദസിലേക്കിറങ്ങിവന്ന് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുകയായിരുന്നു. അവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയ രാജ് കപൂര്‍ ജീവിതത്തിലേക്കു മടങ്ങിവന്നില്ല. എന്നാല്‍ മക്കളും മക്കളുടെ മക്കളീയ് കരിഷ്മയും കരീനയും രണ്‍ധീറുമൊക്കെയായി കപൂര്‍ ഖാന്ധാന്റെ പകരം വയ്ക്കാനില്ലാത്ത ആധിപത്യം ഇന്നും ബോളിവുഡ് സിനിമയില്‍ അനിഷേധ്യമായിത്തന്നെ തുടരുകയാണ്; രാജ് കപൂറിന്റെ ദീപ്തസ്മരണ.