Published in Kala Poornna Onam Special 2024
ഓള്‍ വീ ഇമാജിന്‍ ആസ് നൈറ്റും പാരഡൈസും മുന്‍നിര്‍ത്തി ഒരു ചിന്ത
എ.ചന്ദ്രശേഖര്‍
മലയാളികളുമായി പ്രത്യക്ഷമായോ അല്ലാതെയോ ബന്ധമുള്ള ലോകമെമ്പാടുമുള്ള മനുഷ്യരെപ്പറ്റി മലയാള സിനമകളുണ്ടായിട്ടുണ്ട്. 1967ല്‍ എം.ടി.യുടെ തിരക്കഥയില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത നഗരമേ നന്ദിയില്‍ തുടങ്ങി, തൊഴില്‍തേടി മുംബൈയ്ക്കും ചെന്നൈയ്ക്കും ചേക്കേറിയവരുടെ ചലച്ചിത്ര കഥനങ്ങള്‍ പിന്നീട് ഗള്‍ഫിലെയും യൂറോപ്പിലെയും ഈസ്റ്റ് ആഫ്രിക്കയിലെയും പ്രവാസി ജീവിതങ്ങളിലേക്കു വരെ നീണ്ടു. ഏറ്റവുമൊടുവില്‍, 2023ല്‍ ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട പ്രവാസനോവലായ ആടുജീവിതത്തിനു ബ്‌ളെസി നല്‍കിയ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ജനുസില്‍ ഏറെ ജനപ്രീതി നേടിയത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഏഴാം കടലിനക്കരെ, ശുഭയാത്ര, മഗ് രിബ്, ഗര്‍ഷോം, ഗദ്ദാമ, ഉദയം പടിഞ്ഞാറ്, ഡോളര്‍, ഡ്രാമ, കടല്‍ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയവയൊക്കെ ഇത്തരത്തില്‍പ്പെട്ട സിനിമകളുമാണ്.
മലയാളികളല്ലാത്തവരുടെ ജീവിതവും നമ്മുടെ സിനിമ വിഷയമാക്കിയിട്ടുണ്ട്. ഇവയൊക്കെ മലയാളിയുടെ കാഴ്ചപ്പാടില്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ തന്നെ നമ്മുടെ ഭാഷയിലൊരുക്കിയ സിനിമകളായിരുന്നു. എന്നാല്‍ ഈയിടെ മലയാളികളല്ലാത്ത അന്യ സംസ്ഥാനക്കാരിയും, അന്യ രാജ്യക്കാരനും മലയാളികളെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടു നിര്‍മ്മിച്ച മലയാളം എന്നു തന്നെ പറയാവുന്ന, രാജ്യാന്തര പ്രസിദ്ധി നേടിയ രണ്ടു സിനിമകള്‍ അതുകൊണ്ടുതന്നെ വേറിട്ട ദൃശ്യാനുഭവത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണ്. പ്രസന്ന വിത്തനാഗെ രചിച്ചു സംവിധാനം ചെയ്ത പാരഡൈസ് (2024), പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈ (2023) എന്നീ സിനിമകള്‍, മലയാളികളല്ലാത്തവരുടെ കാഴ്ചപ്പാടില്‍ മലയാളികളെ കേന്ദ്രീകരിച്ച് ഏറെക്കുറേ മലയാളത്തില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.
മുംബൈയില്‍ ജീവിതം തേടുന്ന രണ്ട് യുവ മലയാളി നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 'ഈ നഗരം സ്വപ്‌നങ്ങളുടേതല്ല, മറിച്ച് മായക്കാഴ്ചകളുടേതാണ്. അതിന്റെ ഭ്രമാത്മകതയില്‍ വിശ്വസിച്ചേ തീരൂ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്തായിപ്പോകും'എന്ന അശരീരി സംഭാഷണത്തിലാണ് സിനിമ തുടങ്ങുന്നത്. ചന്തയിലും തെരുവിലും അലയുന്ന ക്യാമറ ഒടുവില്‍ സബര്‍ബന്‍ ട്രെയിനില്‍ നായികമാരിലേക്കു കേന്ദ്രീകരിക്കുന്നു. തിരക്കേറിയ ആശുപത്രിയിലെ സീനിയര്‍ നഴ്‌സാണ് പ്രഭ(കനി കുസൃതി). വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം കഴിഞ്ഞ് വൈകാതെ ഭര്‍ത്താവ് ജര്‍മ്മനിയിലേക്ക് പോയി. ഒരു വര്‍ഷത്തിലേറെയായി ആയാളുടെ യാതൊരു വിവരവുമില്ല. അവസാനമായി വിളിച്ചത് എപ്പോഴാണെന്ന് പോലും അവള്‍ക്കോര്‍ മ്മയില്ല. പങ്കാളിയുമായി അകന്നിട്ട് മാസങ്ങളായെങ്കിലും എന്നെങ്കിലും അയാള്‍ വന്നു സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷ അവള്‍ക്കുപേക്ഷിക്കാന്‍ കഴിയുന്നില്ല. മറ്റൊരു ബന്ധത്തിനായി കൊതിക്കുന്നുണ്ടെങ്കിലും അവളത് കടിച്ചമര്‍ത്തുകയാണ്. അസാമാന്യമായ കൈയടക്കത്തോടെയാണ് കനി കുസൃതി ഈ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നതെന്നും വികാരങ്ങള്‍ കടിച്ചമര്‍ത്തിക്കൊണ്ടുള്ള കനിയുടെ അഭിനയത്തില്‍ പാരമ്പര്യം കുടഞ്ഞെറിയാന്‍ വിസമ്മതിക്കുന്ന സ്ത്രീയുടെ മൗനവേദനയുടെ മുഴുവന്‍ ആഴവുമുള്‍ക്കൊളളുന്നതായും ദേബഞ്ചന്‍ ധര്‍ നിരീക്ഷിക്കുന്നു. (അഹഹ ണല കാമഴശില അ െഘശഴവ േഅ േഇമിില:െ ജമ്യമഹ ഗമുമറശമ' െവെശാാലൃശിഴ, ൗിളീൃഴലേേമയഹല ീറല ീേ ങൗായമശ യഹീീാ െംശവേ ൃീാമിരല മിറ ാ്യേെലൃ്യ, ംംം.ീേേുഹമ്യ.രീാ). പ്രഭയുടെ ഹിന്ദി അത്രയൊന്നുമറിയാത്ത കാമുകനായ മലയാളി,ഡോ മനോജിന്റെ വേഷത്തിലെത്തുന്നത് മിമിക്രി സ്‌കിറ്റ് വേദികളിലൂടെ സിനിമയിലെത്തി നടന്‍ അസീസ് നെടുമങ്ങാടാണ്.
പ്രഭയുടെ മുറി പങ്കിടുന്ന ജൂനിയര്‍ നേഴ്‌സാണ് അനു(ദിവ്യപ്രഭ). പ്രഭയുടെ ആശുപത്രിയില്‍ തന്നെ ജോലിചെയ്യുന്ന അവളാവട്ടെ വേറൊരു തരക്കാരിയാണ്. മാതാപിതാക്കളുടെ വിവാഹാ ലോചനകളെ അവഗണിച്ച് മുസ്ലിമായ ഷിയാസുമായി (ഹൃദു ഹരൂണ്‍), തീവ്രപ്രണയത്തിലാണവള്‍. ജാതീയത മുമ്പെന്നത്തേയുംകാള്‍ സ്വാധീനം ചെലുത്തുന്ന സമകാലിക സാമൂഹികാവ സ്ഥയില്‍ അവരുടെ പ്രണയമുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചവള്‍ ബേജാറിലാണ്. ബാധ്യതയായി മാറിയ ഭൂതകാലത്തിന്റെ ബന്ധനങ്ങളില്‍ നിന്നു വിമുക്തയാവാത്തതാണ് പ്രഭയുടെ പ്രശ്‌നമെങ്കില്‍ അനുവിന്റെ പ്രതിസന്ധി അനിശ്ചിത ഭാവിയാണ്. വിദേശത്തേക്കു കടക്കാന്‍ കോവിഡ് കാലത്ത് ഡല്‍ഹിയില്‍ തങ്ങേണ്ടിവരുന്ന ദമ്പതികളുടെ കഥ പറഞ്ഞ അറിയിപ്പില്‍ കുഞ്ചാക്കോ ബോബന്റെ നായികയായുള്ള പ്രകടനം ഒടിടിയില്‍ കണ്ടാണ് തന്റെ അനുവിനെ അവതരിപ്പിക്കാന്‍ സംവിധായിക ദിവ്യപ്രഭയെ തെരഞ്ഞെടുത്തത്.
ആശുപത്രിയില്‍ പ്രഭയുടെയും അനുവിന്റെയും പരിചരണത്തില്‍ കഴിയുന്ന മൂന്നാമത്തെ നായിക പാര്‍വതിക്കും (ഛായാ കദം) അസ്ഥിരമായ ഭാവി തന്നെയാണുള്ളത്. വികസനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളില്‍ അതിവേഗം നടക്കുന്ന നഗരവത്കരണത്തില്‍ വാസ്തുഹാരയാക്കപ്പെടാന്‍ വിധിക്കപ്പെടുകയാണവര്‍. വിസകനത്തിന്റെ ഇര. കോട്ടണ്‍ മില്‍ തൊഴിലാളിയായി അന്തരിച്ച ഭര്‍ത്താവിന്റെ നീക്കിയിരിപ്പാണ് ആ ചെറിയ കൂര. നഗരാംബരങ്ങളെ മൂടാനുയരുന്ന ബഹുനില ഫ്‌ളാറ്റുകള്‍ക്കുവേണ്ടി അവള്‍ കുടിയിറക്കപ്പെടുകയാണ്. ഭൂമിയിന്മേല്‍ പാര്‍വതിയുടെ പക്കല്‍ അവകാശരേഖകളൊന്നുമല്ല. കുടിയൊഴിപ്പിക്കലിന്റെ സമാന്തര പ്രമേയത്തിലൂടെ, തലമുറകളായി നഗരങ്ങളില്‍ സേവനമനുഷ്ഠിച്ചും അവ വളര്‍ത്തെടുത്തുമുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജീവിതങ്ങളുടെ അസ്ഥിരതയും അര്‍ത്ഥരാഹിത്യവും ക്ഷണികതയും സംവിധായിക വ്യക്തമാക്കുന്നു. അഖില്‍ സത്യന്റെ പാച്ചുവും അദ്ഭുതവിളക്കുമി(2023)ലെ വിനീതിന്റെ അമ്മയായ നാനിയുടെ വേഷത്തിലൂടി മലയാളികള്‍ക്ക് അടുത്തറിയാവുന്ന നടിയാണ് ഛായ.
വിവിധ കാരണങ്ങളാല്‍ സ്വയം നഷ്ടപ്പെടുന്ന മൂന്നു സ്ത്രീകള്‍ അവരുടെ സ്വത്വം തിരിച്ചറിയുന്നിടത്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് അവസാനിക്കുന്നത്. അതാകട്ടെ, സ്വപ്‌നസമാനമായ പല വിശ്വാസങ്ങളുടെയും വ്യാജധാരണകളുടെയും ഉടച്ചുവാര്‍ക്കലായിത്തീരുന്നുണ്ട്. മഹാനഗരത്തിലെ ഉറുമ്പുസമാനരായ മനുഷ്യരുടെ അന്തഃസംഘര്‍ഷങ്ങള്‍ അത്രമേല്‍ ഹൃദയദ്രവീകരണശക്തിയോടെ പകര്‍ത്തിയെന്നതിലുപരി, വ്യത്യസ്ത മാനസിക നിലകളില്‍പ്പെട്ട മൂന്നു സ്ത്രീകളുടെ മനസിന്റെ ആഴങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതിലാണ് പായല്‍ കപാഡിയ എന്ന തിരക്കഥാകൃത്തിന്റെ, ചലച്ചിത്രകാരിയുടെ വിജയം. സ്ത്രീജീവിതത്തിന്റെ അന്തരാഴങ്ങള്‍ ഏതൊരു പുരുഷനേക്കാളുമധികം ആവിഷ്‌കരിക്കാനാവുക ഒരു സ്ത്രീക്കു തന്നെയാണെന്ന് പായല്‍ തെളിയിക്കുന്നു. നാടും വീടും വിട്ടകന്നു ജീവിക്കുന്നവര്‍ സ്വന്തം കുടുംബവും ജീവിതവും ചേര്‍ത്തുപിടിക്കാന്‍ വേണ്ടി പെടുന്ന പെടാപ്പാടുകളുടെ നേരാഖ്യാനമാണീ സിനിമ. മിന്നുതെല്ലാം പൊന്നല്ല എന്ന് നഗരജീവിതത്തിന്റെ ഈ നേര്‍ക്കാഴ്ചകളിലൂടെ പായല്‍ കാണിച്ചുതരുന്നു.
മുപ്പതു വര്‍ഷത്തിനു ശേഷം, വിഖ്യാതമായ കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു ഇന്ത്യന്‍ സിനിമ ബഹുമാനിതമായി എന്നതു മാത്രമല്ല പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (2023)യുടെ സവിശേഷത. സിനിമയിലെ പുരുഷാധിപത്യം മേളകളിലും പുരസ്‌കാരങ്ങളിലും മേധാവിത്വം തുടരുന്നതിനിടെ പെണ്‍കൂട്ടായ്മയുടെ വിജയമായിക്കൂടി, പായലിന്റെ ആദ്യ കഥാചിത്രസംരംഭമായ ഈ സിനിമ ചരിത്രം തിരുത്തിയെഴുതുകയാണ്. ഷാജി എന്‍ കരുണിന്റെ സ്വമ്മി(1994)നു ശേഷം ഒരിന്ത്യന്‍ സിനിമ, അതും മലയാളികള്‍ മുഖ്യവേഷത്തിലെത്തുന്ന, മലയാളസംഭാഷണങ്ങള്‍ക്കു തുല്യപ്രാധാന്യമുള്ള ഒരു സിനിമ ഇന്ത്യയില്‍ നിന്ന് കാനില്‍ പുരസ്‌കൃതമാകുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നേട്ടമാണെന്നതില്‍ സംശയമില്ല.
കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ കലാപകലുഷിതമായ ശ്രീലങ്കയില്‍ ഒരവധി ചെലവഴിക്കാനെത്തുന്ന ചെറുപ്പക്കാരായ മലയാള ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി അവിടെ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് പാരഡൈസിന്റെ ഇതിവൃത്തം.
നെറ്റ്ഫ്‌ളിക്‌സില്‍ ഒരു വെബ് പരമ്പരയ്ക്ക് സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണ് യുവസംവിധായകനായ കേശവ്(റോഷന്‍ മാത്യു). എഴുത്തുകാരിയും ബ്‌ളോഗറുമാണ് അയാളുടെ ഭാര്യ അമൃത(ദര്‍ശന രാജേന്ദ്രന്‍). അഞ്ചുവര്‍ഷത്തേക്ക് മക്കള്‍ വേണ്ടെന്നു തീരുമാനിച്ച് വിവാഹവാര്‍ഷികം സ്വസ്ഥമായി ചെലവിടാനാണ്, ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ വകവയ്ക്കാതെ, ആ സമയത്തെ ചെലവുകുറവ് പരിഗണിച്ച് അവരവിടേക്കെത്തുന്നത്. മലമുകളിലെ ഒരു ഒറ്റപ്പെട്ട റിസോര്‍ട്ടിലേക്കുള്ള കാര്‍യാത്രയിലാണ് സിനിമ ആരംഭിക്കുന്നത്. ശ്രീലങ്കന്‍ നടന്‍ ശ്യാം ഫെര്‍ണാന്‍ഡോ അവതരിപ്പിക്കുന്ന ആന്‍ഡ്രൂവാണ് അവരുടെ സാരഥിയും ഗൈഡും. രാമായണവുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിലേക്കെല്ലാം ആവേശത്തോടെ അയാളവരെ നയിക്കുന്നുണ്ടെങ്കിലും, നെറ്റ്ഫ്‌ളിക്‌സില്‍ നിന്നുള്ള ഫോണ്‍ കോള്‍ പ്രതീക്ഷിക്കുന്ന, അതിനുവേണ്ടി നിരവധി ഫോണ്‍കോളുകളിലും മെസേജുകളിലും ഏര്‍പ്പെട്ടിരിക്കുന്ന കേശവിന്റെ മനസ് അതിലൊന്നുമല്ല. അതൊക്കെ ശ്രദ്ധിക്കുന്ന അമൃതയാവട്ടെ, രാമായണ കഥയിലെ സ്ത്രീവിരുദ്ധതയെപ്പറ്റി ഒരു ഘട്ടത്തില്‍ ആന്‍ഡ്രുവിനോട് സംസാരിക്കുന്നു. സീത നായികയായ രാവണനെ നിഗ്രഹിക്കുന്ന രാമായണത്തിന്റെ മറ്റൊരു ആഖ്യാനത്തെപ്പറ്റിവരെ അവളയാളുമായി സംവദിക്കുന്നുണ്ട്. ഇതിനിടെ, രാത്രി ഉറക്കത്തിനിടെ, മുഖം മൂടി ധരിച്ച മൂന്നു കള്ളന്മാര്‍ അവരുടെ മുറിയില്‍ കയറി കത്തികാട്ടി അവരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുമൊക്കെ കവരുന്നതോടെയാണ്, പാരഡൈസ് നാടകീയമുഹൂര്‍ത്തങ്ങളിലേക്ക് വഴിപിരിയുന്നത്. അവരെക്കൂടാതെ അത്യാവശ്യം മലയാളം വശമുള്ള ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഒരു പാചകക്കാരനും, കെയര്‍ടേക്കറും തോട്ടക്കാരനും മാത്രമാണ് റിസോര്‍ട്ടിലുള്ളത്. ആദ്യദിവസം അത്താഴത്തിന് വരയാടിനെ വേട്ടയാടാന്‍ നിശ്ചയിക്കുന്ന കേശവിനെ ആദ്യം പിന്തുണയ്ക്കുന്ന അമൃത പക്ഷേ ആടിനെ മുന്നില്‍ക്കാണുന്ന നിമിഷം അവനെ പിന്തിരിപ്പിക്കുകയാണ്. ഒരു ജീവനെയും ഹനിക്കാന്‍ അവളുടെ മനസനുവദിക്കുന്നില്ല. അവരിരുവരും തമ്മിലെ മാനസികാകലം ഇങ്ങനെ പലരീതിയിലും സംവിധായകന്‍ ആദ്യം മുതല്‍ക്കേ സൂചിപ്പിക്കുന്നുണ്ട്.
കലാപം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിന് ക്രമസമാധാനം നിലനിര്‍ത്താനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതിരിക്കെ മോഷണത്തെപ്പറ്റി പരാതിപ്പെട്ടിട്ടു കാര്യമില്ലെന്ന നിലപാടാണ് റിസോര്‍ട്ട് ജീവനക്കാരുടേത്. എന്നാല്‍ വിഷയം കേസാക്കണമെന്നു തന്നെ കേശവ് വാശിപിടിക്കുന്നു. ആന്‍ഡ്രൂവിന്റെ സഹായത്തോടെ, സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി സെര്‍ജന്റ് ബണ്ഡാരയ്ക്കു മുന്നില്‍ അയാള്‍ പരാതി സമര്‍പ്പിക്കുന്നു. അതു സ്വീകരിക്കാന്‍ കൂട്ടാക്കാത്ത അയാളെ വിഷയം ഇന്ത്യന്‍ എംബസിയെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്ന ഭീഷണിയിലൂടെ കേശവ് അനുനയിപ്പിക്കുന്നു. തുടര്‍ന്ന് സമീപത്തെ തമിഴ് ഗോത്ര ഗ്രാമത്തില്‍ പരിശോധന നടത്തി മൂന്നു ചെറുപ്പക്കാരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുന്നു. അവരെ തിരിച്ചറിയാന്‍ ആവില്ലെന്ന് അമൃത കട്ടായം പറയുമ്പോള്‍ അവര്‍ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് കേശവ്. തുടര്‍ന്നുള്ള ഭേദ്യത്തില്‍ അവരിലൊരാള്‍ ആശുപത്രിയാകുകയും വഴിയെ മരിക്കുകയുമാണ്. ഗോത്രജനതയുടെ രോഷം മുഴുവന്‍ അതിഥികളിലാവുകയും തുടര്‍ന്നു നടക്കുന്ന അതിക്രമത്തില്‍ സെര്‍ജന്റിന് വെടിയേല്‍ക്കുമ്പോള്‍ അക്രമികള്‍ക്കെതിരേ തോക്കു പ്രയോഗിക്കാന്‍ മുതിരുന്ന കേശവിനെ പിന്നില്‍ നിന്ന് വെടിവച്ചിടുന്ന അമൃതയിലാണ് സിനിമ അവസാനിക്കുന്നത്. ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ വസ്തുതകള്‍ ചിത്രത്തില്‍ അവിടവിടെയായുള്ള സൂചനകളിലൂടെ സംവിധായകന്‍ സവിദഗ്ധം വിനിമയം ചെയ്യുന്നു. അതുപോലെ തന്നെ, നിയമവാഴ്ചയുടെ പേരില്‍ ലങ്കയുടെ ഉള്ളകങ്ങളില്‍ തമിഴര്‍ക്കെതിരേ നടക്കുന്ന അതിതീവ്ര മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ചിത്രവും സിനിമ കാഴ്ചവയ്ക്കുന്നു. ദര്‍ശനയുടെ അമ്മ നീരജ രാജേന്ദ്രന്‍, മഹേന്ദ്ര പരേര, സുമിത് ഇളങ്കോ, അസര്‍ ഷംസുദ്ദീന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ എടുത്തു പറയേണ്ടത് റോഷന്റെയും ദര്‍ശനയുടെയും അഭിനയമികവുതന്നെയാണ്.ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ ക്യാമറ ആഖ്യാനത്തില്‍ ശ്രീലങ്ക എന്ന പ്രകൃതിയെക്കൂടി തുല്യമായി ചേര്‍ത്തുവയ്ക്കുന്നു. പുറമേയ്ക്കുള്ള പച്ചപ്പിനുള്ളിലെ തീവ്രമായ മനുഷ്യാവകാശലംഘനത്തിന്റെ ഇരുട്ട് ഛായാഗ്രാഹകന്‍ രൂപകമാക്കിയിരിക്കുന്നു.ശ്രീകര്‍ പ്രസാദാണ് സന്നിവേശനം. കെയുടെ പശ്ചാത്തലസംഗീതം സിനിമയുടെ വൈകാരിക തലം വളരെയേറെ മുര്‍ധന്യത്തിലെത്തിക്കുന്നതാണ്.
ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ കിം ജിസ്വേക്ക് പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങളുടെ തിളക്കത്തിലെത്തിയ സിനിമയാണിത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് അവതരിപ്പിച്ച് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച പാരഡൈസ് എഴുതി സംവിധാനം ചെയ്തത് ശ്രീലങ്കയിലെ ചലച്ചിത്രകാരന്മാരില്‍ മുന്‍നിരയിലുളള പ്രസന്ന വിത്തനാഗെയാണ്. 1991ല്‍ സിസില ഗിനിഗനീ എന്ന ചിത്രത്തിലൂടെ ചലച്ചിത്രജീവിതം തുടങ്ങിയ പ്രസന്നയുടെ അനന്ത രാത്രിയെ, പാവുരു വലലു, ഇര മദിയമ്മ, മച്ചാന്‍, ആകാശ കുസും, ഉസവിയ നിഹന്ദൈ, തണ്ടെനെക്, ഗാഡി തുടങ്ങിയ സിനിമകള്‍ പലവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഫ്രീബര്‍ഗ്, സിംഗപ്പൂര്‍, ലെവാന്റെ ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ ലഭിച്ച ചലച്ചിത്രകാരനാണ് പ്രസന്ന.ശ്രീലങ്കയിലെ രാഷ്ട്രീയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ട് കടുത്ത സെന്‍സര്‍ഷിപ്പിനെ മറികടന്നാണ് പ്രസന്ന തന്റെ സിനിമകളോരോന്നും നിര്‍മ്മിച്ചത്.
മലയാള ദമ്പതികളല്ലായിരുന്നെങ്കില്‍ ഈ സിനിമയുടെ ആഖ്യാനകത്തിന് എന്തെങ്കിലും പോരായ്മ സംഭവിക്കുമായിരുന്നോ എന്നൊരു ചോദ്യം പ്രസക്തമാണ്. തമിഴ് വംശജര്‍ക്കു നേരേ ശ്രീലങ്കയിലെ നിയമപാലകരില്‍ നിന്നുണ്ടാവുന്ന വിവേചനപൂര്‍വമായ സമീപനം അത്രമേല്‍ വൈകാരികമാകണമെങ്കില്‍ ഇന്ത്യന്‍ ദമ്പതികള്‍ തന്നെവേണ്ടിവരുമെന്നാണ് ഉത്തരം. അതുതന്നെ തമിഴരായിരുന്നെങ്കില്‍ അവിടെ ഒരസുന്തലിതാവസ്ഥ ഉടലെടുക്കും. മലയാളികളാകുകവഴി ഈ പ്രതിസന്ധിയെയാണ് സംവിധാകന്‍ മറികടന്നിട്ടുള്ളത്.
രണ്ടു സിനിമകളിലും സംഭാഷണങ്ങള്‍ അതതു ഭാഷകളില്‍ തന്നെയാണ്. പായലിന്റെ സിനിമയില്‍ മലയാളവും ഹിന്ദിയും മറാഠിയും തനതുശൈലിയില്‍ ഇടകലര്‍ന്നു പ്രത്യക്ഷപ്പെടുന്നതുപോലെ, പാരഡൈസില്‍ മലയാളവും ഇംഗ്‌ളീഷും ഹിന്ദിയും സിംഹളയും തുല്യപ്രാധാന്യത്തോടെ പ്രയോഗിക്കപ്പെട്ടിരിക്കുന്നു.ഇതൊരു പുതിയ തുടക്കമാണെന്നു കരുതുന്നതില്‍ തെറ്റില്ല. മലയാളത്തെയും മലയാളിയേയും കേന്ദ്രീകരിച്ചുകൊണ്ട് മറ്റ് അസ്തിത്വങ്ങളിലേക്കു വെളിച്ചം വീശുന്ന ചലച്ചിത്രസംരംഭങ്ങള്‍ക്കുള്ള നാന്ദി. അങ്ങനെയായാലും അല്ലെങ്കിലും ഈ സിനിമകള്‍ മികച്ച കാഴ്ചാനുഭവങ്ങളാണെന്നതാണ് വസ്തുത.
No comments:
Post a Comment