Friday, November 29, 2024

ഒറ്റമനസോടെയുള്ള ഒത്തുചേരലിന്റെ വിജയം

നവംബര്‍ ലക്കം ചലച്ചിത്ര സമീക്ഷയില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘാഭിമുഖം


ദിവ്യപ്രഭ/എ.ചന്ദ്രശേഖര്‍
അഭിനയത്തില്‍ പാരമ്പര്യമോ പൈതൃകമോ അവകാശപ്പെടാനില്ലാത്ത പശ്ചാത്തലത്തില്‍ നിന്ന് ആകസ്മികമായി സിനിമാരംഗത്തെത്തുകയും അവിടെ അസൂയാവഹമായ ചരിത്രനേട്ടങ്ങള്‍ എഴുതിച്ചേര്‍ക്കുകയു ചെയ്ത കഥയാണ് ഉത്തരകേരളത്തില്‍ നിന്ന് തൃശൂരില്‍ ചേക്കേറിയ പി.എസ്.ഗണപതിയുടെയും ലീലാമണിയമ്മയുടെയും മകള്‍ ദിവ്യപ്രഭയുടേത്. മൂന്നു പെണ്‍മക്കളില്‍ ഇളയവളായ ദിവ്യയ്ക്ക് എഴുത്ത്, കവിതാപാരായണം തുടങ്ങിയവയിലായിരുന്നു താല്പര്യം. തൃശൂരില്‍ ചേര്‍പ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം സെയ്ന്റ് മാര്‍ഗ്രറ്റ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, സെയ്ന്റ് ആന്റണി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്തും കലോത്സവങ്ങളില്‍ അത്തരം ഇനങ്ങളിലാണു ദിവ്യ മത്സരിക്കുകയും സമ്മാനം നേടുകയും ചെയ്തത്. പിന്നീട് കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം അണ്ണാമലൈ സര്‍വകലാശാലയില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം.ബി.എയും കഴിഞ്ഞ് കൊച്ചിയില്‍ ഒരു വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ കൗണ്‍സലറായി ജോലി നോക്കുന്നതിനിടെയാണ് അവിചാരിതമായി സിനിമയിലഭിനയിക്കാന്‍ ഒരവസരം കിട്ടുന്നത്. താരങ്ങളെ അടുത്തു നിന്നു കാണാനും ഷൂട്ടിങ് പ്രക്രിയ മനസിലാക്കാനും ഒപ്പം തെറ്റില്ലാത്തൊരു തുക സ്വന്തമാക്കാനും സാധിക്കുമല്ലോ എന്ന പ്രേരണകൊണ്ടാണ് ആ അവസരം സ്വീകരിച്ചതെന്നു പറയും ദിവ്യപ്രഭ. അതെന്തായാലും, മലയാള സിനിമയില്‍ അധികം അഭിനേതാക്കള്‍ക്കൊന്നും സ്വന്തമാക്കാനാവാത്ത ഉയരങ്ങളിലേക്കുള്ള സ്വപ്‌നയാത്രയുടെ തുടക്കമായിരുന്നു അത്. 30 വര്‍ഖത്തിനിടെ ഇന്ത്യയില്‍ നിന്നൊരു സിനിമ, അതും 80 ശതമാനം മലയാളം സംസാരിക്കുന്ന, മലയാളിയല്ലാത്തൊരു സംവിധായികയുടെ സിനിമ വിശ്വവിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ആ സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളിലൊരാളായി ദിവ്യപ്രഭയുമുണ്ടായിരുന്നു. മൂംബൈ മഹാനഗരത്തില്‍ ജീവിതം തേടിയെത്തുന്ന രണ്ടു മലയാളി നഴ്‌സുമാരില്‍ ഒരാളായ അനുവിനെയാണ് കനി കുസൃതിയവതരിപ്പിച്ച പ്രഭയ്‌ക്കൊപ്പം ദിവ്യ അവിസ്മരണീയമാക്കിയത്. ഇന്ത്യന്‍ സിനിമയുടെ ലോക അംബാസഡര്‍മാരിലൊരാളായി കാനിലും ലൊകാര്‍ണോയിലുമെല്ലാം ചരിത്രമെഴുതുകയോ തിരുത്തുകയോ ചെയ്ത അപൂര്‍വനിമിഷങ്ങളില്‍ അഭിമാനമായി ദിവ്യപ്രഭയുണ്ടായിരുന്നു. പ്രഭയായ് നിനച്ചതെല്ലാം എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റുമൊത്തുള്ള അവിശ്വസനീയമായ എന്നാല്‍ വ്യക്തമായ നിലപാടുകളോടെയുള്ള ആ യാത്രവരെയുള്ള ജീവിതം പറയുകയാണ് ദിവ്യപ്രഭ.

സിനിമാബന്ധമുണ്ടായിരുന്ന കുടുംബമല്ല ദിവ്യയുടേത്. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് സിനിമയിലേക്കു വരിക എന്നതു ലക്ഷ്യവുമായിരുന്നില്ല. പിന്നെയുമെങ്ങനെ സിനിമയിലെത്തി?
വളരെ യാഥാസ്ഥിതികമായൊരു കുടുംബപശ്ചാത്തലമായിരുന്നില്ല എന്റേത്. മധ്യവര്‍ത്തി കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായിരുന്നു. അമ്മ നഴ്‌സായിരുന്നു, ഞാനൊക്കെ ജനിക്കും മുമ്പേ. ഞങ്ങളുടെ ഓര്‍മ്മവച്ചപ്പോള്‍ മതുല്‍ അമ്മ വീട്ടമ്മയാണ്. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളാണല്ലോ. ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ ഒന്നും വിലക്കു കല്‍പിക്കുന്ന രീതിയായിരുന്നില്ല അച്ഛന്റെയും അമ്മയുടേയും. കുഞ്ഞുനാള്‍ മുതലേ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നു തന്നെയാണ് വളര്‍ത്തിയത്. പഠിത്തം കല്യാണം തുടങ്ങിയ വിഷയങ്ങളില്‍ പോലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുമാത്രമല്ല, ഒറ്റയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും അച്ഛനും അമ്മയും ചെറുപ്പത്തിലേ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ സിനിമ തെരഞ്ഞെടുത്തതിലോ സിനിമാനടിയായതിലോ വീട്ടില്‍ നിന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. അഭിനയിച്ചോട്ടെ എന്നു വിളിച്ചു ചോദിക്കേണ്ട ഒരവസ്ഥ വീട്ടിലുണ്ടായിരുന്നില്ല. അതെനിക്കുറപ്പായിരുന്നു.
അച്ഛന്‍ ഉത്തരമലബാറുകാരനും അമ്മ പത്തനംതിട്ടക്കാരിയുമാണെങ്കിലും ഞാന്‍ ജനിച്ച് ഹൈസ്‌കൂള്‍ക്കാലം വരെ വളര്‍ന്നത് തൃശൂരാണ്. അച്ഛന്റെ അടുത്ത സുഹൃത്തായ പ്രിയനന്ദന്റെയും മറ്റുമൊപ്പം തൃശൂരിലെ നാട്ടരങ്ങ് നാടകക്കൂട്ടായ്മയില്‍ പോകുമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നൊക്കെയുള്ള ഗൗരവമുള്ള നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മകളായിരുന്നു അത്. അവരുമായുള്ള ആ കൂടിക്കാഴ്ചകളെപ്പറ്റിയും നാടകപ്രവര്‍ത്തനങ്ങളെപ്പറ്റിയുമൊക്കെ അച്ഛന്‍ വീട്ടില്‍ വന്ന് ഞങ്ങളോടു വിശദമായി സംസാരിക്കുമായിരുന്നു.
പിന്നീട് പ്രിയനന്ദനന്റെ ആദ്യ സിനിമ നെയ്ത്തുകാരന്‍ പുറത്തിറങ്ങി നടന്‍ മുരളിക്ക് ഒരു അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് ബോംബെയില്‍ ഒരു ചടങ്ങിന് ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്‍ എന്നെയും കൂട്ടി. ചെറുപ്പത്തില്‍, അന്നു ഞാന്‍ ആറാം ക്‌ളാസിലാണ്. ഞാനാദ്യമായി നേരിട്ടു കാണുന്ന സിനിമാക്കാരനായിരുന്നു മുരളി. അദ്ദേഹത്തോട് അന്ന് സംസാരിച്ചതൊക്കെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. എന്തിനാണ് അന്നച്ഛന്‍ എന്നെത്തന്നെ ഒപ്പം കൂട്ടിയത് എന്നെനിക്കറിയില്ല. ഞാനതെപ്പോഴും ആലോചിക്കാറുണ്ട്. ഞങ്ങള്‍ മൂന്നാളില്‍ ഞാന്‍ മാത്രമേ കലാരംഗത്തേക്കു വന്നുള്ളൂ. സിനിമയുമായി എനിക്ക് ചെറുപ്പത്തിലുണ്ടായിട്ടുള്ള ആകെയുള്ള അടുപ്പം നെയ്ത്തുകാരന്‍ ടീമിനൊപ്പമുള്ള ആ യാത്രയായിരുന്നു.

ചെറുപ്പത്തിെല കലാപ്രവര്‍ത്തനങ്ങള്‍...?
സ്‌കൂള്‍-കോളജ് കാലത്ത് കലോത്സവങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. കൂടുതലും കഥയെഴുത്ത് കവിതയെഴുത്ത് പ്രബന്ധരചന പ്രസംഗം, ലളിതഗാനം അങ്ങനെയെല്ലാമായിരുന്നു. സ്‌കൂളില്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതല്ലാതെ സിനിമ എന്നത് ഒരിക്കലും ഒരു മോഹമായി പോലും എന്നിലുണ്ടായിട്ടില്ല. എന്നു മാത്രമല്ല, എന്റെയൊരു രൂപവും ശരീരഭാഷയുമൊന്നും അക്കാലത്തെ സിനിമാനായികമാര്‍ക്കിണങ്ങുന്നതാണെന്ന തോന്നലുമില്ലായിരുന്നു. മാനസികമായി ഞാനെന്നെ ഒരു സിനിമാനടിയായി പ്‌ളെയ്‌സ് ചെയ്തിട്ടേയില്ല. 

പിന്നീട് സിനിമയിലെത്തിയതെങ്ങനെ? അതും ജോഷിയെപ്പോലെ മലയാള കമ്പോള സിനിമയുടെ തലതൊട്ടപ്പനായൊരു സംവിധായകന്റെ ചിത്രത്തില്‍ തീരെ പ്രാധാന്യമില്ലാത്തൊരു കഥാപാത്രത്തിലൂടെ...
ഡിഗ്രി കഴിഞ്ഞ് കൊച്ചിയില്‍ ഞാന്‍ എജ്യൂക്കേഷന്‍ ഫേമില്‍ കൗണ്‍സലറായിരിക്കുമ്പോഴാണത്. പതിനയ്യായിരം രൂപയോളം ശമ്പളമുണ്ട്. പാരലലായി ഡിസ്റ്റന്‍സ് എജ്യൂക്കേഷനായി എം.ബി.എ.യും ചെയ്യുന്നുണ്ട്. പുറത്തുപോയി ഉന്നതവിദ്യാഭ്യാസം നേടണമെന്നായിരുന്നു ആഗ്രഹം. അക്കാലത്തൊരിക്കല്‍ രാവിലെ ജോഗിങ്ങിനു പോയപ്പോള്‍ എന്നെ കണ്ട സിനിമയിലെ ഒരു കാസ്റ്റിങ് കോ-ഓര്‍ഡിനേറ്ററാണ് ചോദിക്കുന്നത്, ജോഷി സാറിന്റെ ലോക്പാല്‍ എന്ന ചിത്രത്തിലെ റസ്റ്റോറന്റില്‍ ഇരിക്കുന്നവരിലൊരാളായി പ്രത്യക്ഷപ്പെടാമോ എന്ന്. സിനിമയൊന്നും അന്നു സ്വപ്‌നത്തിലേ ഇല്ലെന്നറിയാമല്ലോ. ഇല്ലെന്നു തന്നെയാണ് ആദ്യം പറഞ്ഞത്. സംഭാഷണമൊക്കെ പറയേണ്ടി വരുമല്ലോ എന്ന ആധിയുണ്ടായിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹം പ്രതിഫലത്തിന്റെ കാര്യമൊക്കെ പറഞ്ഞപ്പോള്‍, എന്റെ ഒരുമാസത്തെ ശമ്പളത്തോടടുത്തൊരു തുകയുണ്ട്. ആകെ അഞ്ചാറു ദിവസത്തെ വര്‍ക്കേയുള്ളൂ. സംഗതി കൊള്ളാമല്ലോ എന്നു തോന്നി. അതുപോലെ, ഷൂട്ടിങ് എങ്ങനെയാണു നടക്കുന്നതെന്ന് അടുത്തുനിന്നറിയാനും താരങ്ങളെയൊക്കെ അടുത്തുകാണാനുമുള്ള അവസരവുമാണല്ലോ. അങ്ങനെയാണ് അതിനു സമ്മതിച്ചത്. അതായിരുന്നു തുടക്കം. ആദ്യദിവസം തന്നെ എന്നെ ശ്രദ്ധിച്ച തിരക്കഥാകൃത്തായ എസ്.എന്‍.സ്വാമിസാര്‍ പറഞ്ഞിട്ട്, ഒരു സംഘത്തിനൊപ്പം നില്‍ക്കേണ്ടിയിരുന്ന എന്നെ, ഒരു ഫയലുമൊക്കെ പിടിച്ച് സായ്കുമാറിന്റെ കഥാപാത്രത്തിനു തൊട്ടു പിന്നില്‍, ലേശം കാണാവുന്ന തരത്തില്‍ നില്‍ക്കുന്നതായൊക്കെ ഉള്‍പ്പെടുത്തി. എന്നെ സംബന്ധിച്ച് സംഭാഷണമില്ലാത്തതൊന്നും പ്രശ്‌നമായിരുന്നില്ല. എന്നല്ല, സംഭാഷണമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇട്ടിട്ടോടിയേനെ. കാരണം ഇതിന്റെ സാങ്കേതികതയോ ക്രാഫ്‌റ്റോ ഒന്നും നമുക്കറിയില്ലല്ലോ. സാമ്പത്തികമായി ആ വേഷം എനിക്ക് വലിയ തുണയായി. ഹോസ്റ്റല്‍ ഫീസൊക്കെ കൊടുക്കേണ്ടതുണ്ടല്ലോ. വിചാരിച്ചപോലെ ടെന്‍ഷനും കാര്യങ്ങളുമൊന്നുമില്ല. ഇതുകൊള്ളാമല്ലോ എന്നു തോന്നി. അന്ന് ഇതിന്റെ സങ്കീര്‍ണതയൊന്നുമെനിക്കറിയാമായിരുന്നില്ല.

പിന്നീട് തുടര്‍ച്ചയായി വേഷങ്ങള്‍ ലഭിച്ചുവോ?
ഇല്ല. ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും ഒരു സിനിമയ്ക്കു വേണ്ടി ലോക്പാലിലേക്ക് എന്നെ വിളിച്ച അതോ കോ ഓര്‍ഡിനേറ്റര്‍ തന്നെ വീണ്ടും വിളിച്ചു. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിനു വേണ്ടിയായിരുന്നു അത്. ഒരു ടിവി ജേര്‍ണലിസ്റ്റിന്റെ വേഷം. അപ്പോഴും ഞാനദ്ദേഹത്തോടു ചോദിച്ചത് എത്ര രൂപ കിട്ടും എന്നായിരുന്നു. കാരണം അഭിനയമെന്നത് എന്റെ പാഷനോ ഒന്നുമായിരുന്നില്ലല്ലോ. ഒട്ടും സീരിയസായി അതിനെ കണ്ടുതുടങ്ങിയിട്ടുമില്ല. എന്റെ ലക്ഷ്യം, എന്റെ ഹയര്‍ സ്റ്റഡീസ് തീര്‍ക്കണം പുറത്തു പോകണം എന്നെല്ലാമാണല്ലോ. അങ്ങനെയാണ് ചില സിനിമകളില്‍ക്കൂടി സംഭാഷണങ്ങളൊന്നുമില്ലാത്ത ചില അപ്രാധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനിടെ പ്രഭു സോളമന്റെ സംവിധാനത്തില്‍ കയല്‍ എന്നൊരു തമിഴ് ചിത്രത്തിലും അഭിനയിച്ചു.
പിന്നീട് ബിനു സദാനന്ദന്റെ ഇതിഹാസ എന്ന സിനിമയിലാണ്, മറ്റൊരഭിനേത്രി പെട്ടെന്ന് മാറിയപ്പോഴുണ്ടായ ഗ്യാപ്പില്‍ എന്നെ വിളിക്കുന്നത്. അനുശ്രീയും ഷൈന്‍ ടോം ചാക്കോയും ശ്രദ്ധിക്കപ്പെട്ട സിനിമയില്‍ ഡയലോഗൊക്കെയുള്ള ആന്‍ എന്നൊരു വേഷമായിരുന്നു അത്. അനുശ്രീയുടെ കൂട്ടുകാരില്‍ ഒരാളും ഷൈനിന്റെ കാമുകിയുമൊക്കെയായി തിരിച്ചറിയപ്പെടുന്നൊരു മുഴുനീള കഥാപാത്രം. നടി എന്ന നിലയ്ക്ക് നാലാള്‍ എന്നെ കണ്ടാലറിഞ്ഞുതുടങ്ങുന്നത് ആ സിനിമയോടെയാണ്. ഡയലോഗൊക്കെയുള്ള വേഷം എന്നതായിരുന്നു അന്നെന്റെ പ്രശ്‌നം. ഡയലോഗുള്ള തൂഔട്ട് വേഷമെന്നൊക്കെ കേട്ടപ്പോള്‍ വേണ്ട എന്നാണു ഞാനാദ്യം പറഞ്ഞത്. ഡയലോഗൊക്കെയുണ്ടെങ്കില്‍ ശരിയാവില്ല എന്ന പേടിയായിരുന്നു. അന്നത്രയ്ക്കുള്ള വിവരമേ അഭിനയത്തിന്റെ കാര്യത്തിലെനിക്കുണ്ടായിരുന്നുള്ളൂ. ഡയലോഗുള്ള വേഷം ഇല്ലാത്ത വേഷം എന്നൊക്കെ വച്ചായിരുന്നു ഞാന്‍ ക്യാരക്ടറിന്റെ പ്രാധാന്യം നിര്‍ണയിച്ചിരുന്നത്. അങ്ങനെ പാടില്ലെന്നും അതു ശരിയല്ലെന്നും ഇന്നെനിക്കറിയാം. പക്ഷേ അതൊക്കെ മനസിലാക്കുന്നത് പിന്നീടായിരുന്നു. പക്ഷേ അവര്‍ ധൈര്യം തന്നു. സാരമില്ല. മറ്റൊരാള്‍ ചെയ്യാനിരുന്നതാണ്. അവര്‍ക്കു കൊടുക്കാന്‍ വച്ചിരുന്ന പ്രതിഫലം കിട്ടും. പിന്നെ നല്ല ടീമുമാണ്, ഒഴിവാക്കരുത് എന്നു പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. 
ആ വേഷം കണ്ട് ചിലരൊക്കെ അപ്രീഷ്യേറ്റ് ചെയ്തു. അപ്പോള്‍ എനിക്കും തോന്നിത്തുടങ്ങി, ഇതേപ്പറ്റി കൂടുതല്‍ ഗൗരവമായി പഠിക്കണമെന്ന്. അഭിനയത്തെ കുറേക്കൂടി സീരിയസായി കണ്ടുതുടങ്ങുന്നതവിടെനിന്നാണ്. ഇതിഹാസയില്‍ എനിക്കറിയാം വളരെ മോശമായിരുന്നു എന്റെ പ്രകടനം. പക്ഷേ, അതു നന്നാക്കണമെന്നും അതിന്റെ ക്രാഫ്റ്റ് മനസിലാക്കണമെന്നും താല്‍പര്യം തോന്നി. 

അക്കാലത്താണോ ടീവി സീരയലിലേക്കും ശ്രദ്ധവയ്ക്കുന്നത്?

അതേ അക്കാലത്താണ് ടിവിയില്‍ നിന്ന് ശ്രീ കെ കെ രാജീവ്‌സാറിന്റെ ക്ഷണം വരുന്നത്. വിഷ്വല്‍ മീഡിയയിലെ അഭിനയത്തിന്റെ വ്യാകരണവും സാങ്കേതികതയും കൂടുതലറിയണമെന്നു എനിക്കാഗ്രഹമുണ്ടായിരുന്നെന്നു പറഞ്ഞല്ലോ. നടപ്പു ടിവി പരമ്പരകളുടെ വാര്‍പ്പുമാതൃകകളില്‍ നിന്നു വ്യത്യസ്തമായി കുറേക്കൂടി ഗൗരവത്തോടെയും സിനിമാറ്റിക്കായും പരമ്പരകള്‍ ചെയ്തിരുന്ന സംവിധായകനാണല്ലോ അദ്ദേഹം. അദ്ദേഹം അഭിനേതാക്കളെ കൈകാര്യം ചെയ്യുന്ന രീതി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ദൂരദര്‍ശനിലടക്കം ഞാന്‍ കണ്ടിട്ടുള്ള കെ കെ രാജീവ് പരമ്പരകളില്‍ അഭിനേതാക്കളെ നന്നായി അവതരിപ്പിച്ചിട്ടുള്ളതായും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ ക്ഷണം സ്വീകരിക്കാന്‍ എനിക്കേറെ ആലോചിക്കേണ്ടിവന്നില്ല. ഫ്‌ളവേഴ്‌സ് ടിവിക്കു വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്‍ സാക്ഷിയായി എന്ന പരമ്പരയില്‍ ബാബു നമ്പൂതിരിസാറും ശ്രീലക്ഷ്മിച്ചേച്ചിയും കനികുസൃതിയുമൊക്കെയുണ്ടായിരുന്നു. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നതിന്റെ രസതന്ത്രം ഞാന്‍ ആഴത്തില്‍ മനസിലാക്കുന്നത് ആ പരമ്പരയിലൂടെയായിരുന്നു. 2015 ല്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് ആ വേഷത്തിനു കിട്ടിയത് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. 
ഗൗരവത്തോടെ സിനിമാഭിനയത്തെ കണക്കാക്കാനുള്ള പരിശീലനമായാണ് ആ ഒരു വര്‍ഷത്തെ ഞാന്‍ നോക്കിക്കാണുന്നത്. ഇതിനിടെ ഒന്നു രണ്ടു സീരിയലുകളിലേക്കു കൂടി ക്ഷണം വരികയും ഞാന്‍ തലവയ്ക്കുകയും പിന്നീട് ആ സെറ്റപ്പുകള്‍ ശരിയല്ലെന്നു തോന്നി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രാജീവ് സാറിന്റെ സീരിയലിലുള്ള കാലത്താണ് ക്യാമറാ മൂവ്‌മെന്റ് അടക്കമുള്ള ദൃശ്യസാങ്കേതികതകളെക്കുറിച്ചു കൂടുതല്‍ സീരിയസായി മനസിലാക്കാന്‍ സാധിച്ചത്. അത് മാധ്യമത്തെയും അഭിനയത്തെയും പറ്റി പഠിക്കാനുള്ള അവസരമായിട്ടാണ് ഞാന്‍ കരുതിയത്. ഒരു തുടക്കക്കാരിയെന്ന നിലയ്ക്ക് അതെനിക്കൊരു സ്‌കൂളിങ് തന്നെയായിരുന്നു. തീര്‍ച്ചയായും സീരിയലിന് അതിന്റേതായ പരിമിതികളുണ്ട്. തീര്‍ക്കേണ്ട ഫുട്ടേജുകളുടെ നീളം ഓരോ എപ്പിസോഡിലും നിലനിര്‍ത്തേണ്ട നാടകീയത പ്രതിഫലിപ്പിക്കുന്ന സംഭാഷണശൈലി, ക്‌ളോസപ്പുകളിലൂടെയുള്ള വിഷ്വല്‍ നറ്റേറ്റീവ്...അങ്ങനെയങ്ങനെ. എന്നിരുന്നാലും നടിയെന്ന നിലയ്ക്ക് എനിക്കത് വലിയ അനുഭവം തന്നെയാണ് സമ്മാനിച്ചത്.

ടെലിവിഷന്‍ പരമ്പരകള്‍ പലപ്പോഴും അഭിനേതാക്കളെ സംബന്ധിച്ച് ചെറിയതോതിലെങ്കിലും ഒരു വാരിക്കുഴിയാണോയെന്നു സംശയിക്കാം. കാരണം, ഒരിക്കല്‍ അതിന്റെ ചുറ്റുവട്ടത്തകപ്പെട്ടുപോയാല്‍ പിന്നെ സിനിമയിലേക്കു ശ്രദ്ധിക്കപ്പെടുന്ന വിധം രക്ഷപ്പെടാനാവുക പ്രയാസമാണ്.മലയാളത്തില്‍ അപൂര്‍വം നായികമാര്‍ മാത്രമാണ് ടിവിയില്‍ നിന്ന് സിനിമയിലെത്തി മുഖ്യധാരാതാരങ്ങളായിട്ടുള്ളത്. ദിവ്യപ്രഭ അവരിലൊരാളായതെങ്ങനെയാണ്.
അതെനിക്കു തോന്നുന്നു, ടിവിയില്‍ അഭിനയിക്കുമ്പോഴും ഞാന്‍ കുറേക്കൂടി ജഡ്ജ്‌മെന്റലായിരുന്നിട്ടുണ്ട്. ഒരു വര്‍ഷം ടെലിവിഷനില്‍ തന്നെ ഇടപഴകുന്നൊരാള്‍ക്ക് അതിന്റെ സെറ്റപ്പ് കുടഞ്ഞുകളയാന്‍ അല്‍പം പ്രയാസം തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ച്, ഒരുപക്ഷേ ഞാനിതു പഠിക്കാന്‍ വന്നതാണെന്ന ചിന്ത കൊണ്ടുകൂടിയാവണം, അല്‍പം ഇമോഷണലായി മാറിനിന്ന് വീക്ഷിക്കാന്‍ എനിക്കാദ്യം മുതല്‍ക്കേ സാധിച്ചിട്ടുണ്ട്. എനിക്ക് വൈകാരികമായി സ്വീകാര്യമായതെന്ത് എന്നൊക്കെ മനസിലാക്കാനുമായി. ഭാഗ്യത്തിന് പതിവു ടിവിസീരിയലുകളെ അപേക്ഷിച്ച് ഇമോഷണലി എക്‌സ്പ്‌ളോയിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു ഈശ്വരന്‍ സാക്ഷിയായിയിലേത്. അപ്പോഴും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എങ്ങനെയാണ് എന്നൊരു ബോധം/ബോധ്യം എനിക്കു നന്നായിട്ടുണ്ടായിരുന്നു. ഈ രംഗത്തു തന്നെ മുന്നോട്ടു പോകാം എന്ന ആത്മവിശ്വാസമായി. പരമ്പരയില്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരിലധികവും അക്കാദമിക്/തീയറ്റര്‍ പശ്ചാത്തലമുളളവരായിരുന്നു, കനിയടക്കം. അവരില്‍ നിന്നൊക്കെ ഒരുപാടു കാര്യങ്ങള്‍ കണ്ടും കേട്ടും മനസിലാക്കാനായി. അവരോടൊക്കെയുള്ള എന്റെ ഇടപെടല്‍ വെറുതേ കാഷ്വലായ ഇന്ററാക്ഷനായിരുന്നില്ല. മറിച്ച് എനിക്കിത് ഗൗരവമായി പഠിക്കണമെന്ന ലക്ഷ്യത്തോടെ തന്നെ ഞാനവരുമായി സംവദിക്കുമായിരുന്നു. അതിനിടെയാണ് മഹേഷ് നാരായണന്റെ 2016ല്‍ ടേക്കോഫിന്റെ ഓഡിഷനു പോകുന്നത്.
അതിനുശേഷമാണ് ഞാന്‍ ആരോവില്ലിലെ ആദിശക്തി തീയറ്റര്‍ ഗ്രൂപ്പില്‍ ആക്ടിങ് വര്‍ക്ക് ഷോപ്പിനു പോകുന്നത്. എന്നിലെ അഭിനേതാവിനെ കൂടുതല്‍ സ്ഫുടം ചെയ്യാനും, അഭിനേതാവെന്ന നിലയ്ക്കുള്ള ഇന്‍ഹിബിഷനുകള്‍ തകര്‍ത്ത് കൂടുതല്‍ ഫ്‌ളെക്‌സിബിളാവാനും വേണ്ടിയാണ് അതു ചെയ്തത്. അഭിനയത്തെ ഗൗരവത്തോടെ കാണുന്ന പലരും അവിടെ ഇത്തരം ഹ്രസ്വകാല ശില്‍പശാലകളില്‍ പങ്കെടുക്കാറുണ്ട്. അഭിനയം എന്നതു പ്രൊഫഷനലായി ഗൗരവത്തിലെടുക്കണമെന്നുള്ളതുകൊണ്ടാണു ഞാനതിനു മുതിര്‍ന്നത്. ഇന്ത്യന്‍ പരീക്ഷണനാടകവേദിയുടെ ജീവനാഡി എന്നു തന്നെ പറയാവുന്ന വീണാപാണി ചൗളയുടെ നേതൃത്വത്തില്‍ 1981ല്‍ മുംബൈയില്‍ തുടങ്ങിയ സംരംഭമാണത്. സൗണ്ട്-ലൈറ്റ് ഡിസൈനറും ഡയറക്ടറും എഴുത്തുകാരനുമൊക്കെയായ മലയാളി വിനയ്കുമാറാണ് അവിടത്തെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. കേരള കലാമണ്ഡലത്തില്‍ പഠിച്ച നിമ്മി റാഫേലാണ് ആദിശക്തിയിലെ പ്രധാന പ്രവര്‍ത്തകരിലൊരാള്‍. പ്രകടനകലയിലെ ഗൗരവമുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ആദിശക്തിയിലെ പരിശീലനം എന്നിലെ നടിയെ അടിമുടി മാറ്റിമറിച്ചു എന്നു തന്നെ പറയാം.അതു വേറൊരനുഭവമായി.
ടേക്കോഫിലാണെങ്കിലും ഞാന്‍ എന്നെ തന്നെ നവീകരിക്കാനും, ടിവിയുടെ ഹാങ്ങോവറില്‍ നിന്നു പുറത്തുകടന്ന് സിനിമയുടെ രീതി സ്വായത്തമാക്കാനും വളരെയേറെ കഷ്ടപ്പെട്ടു. അതിനെന്നെ മഹേഷ് നാരായണനും ഒരുപാടു സഹായിച്ചിട്ടുണ്ട്. ഒരു സീനില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ഇതാ ടെലിവിഷന്‍ വരുന്നു എന്നു തന്നെ അദ്ദേഹം പറയുമായിരുന്നു. അങ്ങനെ ഒരോ സൂക്ഷ്മാംശവും ശ്രദ്ധിച്ച്, തിരുത്തി  തന്നാണ് മഹേഷ് ടേക്കോഫിലെ കഥാപാത്രത്തിലേക്ക് എന്നെ രുപപ്പെടുത്തിയത്. മഹേഷ് ചൂണ്ടിക്കാണിച്ചപ്പോള്‍ എനിക്കു മനസിലായിത്തുടങ്ങി. എപ്പോഴാണ് ടെവിവിഷന്‍ വരുന്നത് എന്ന്. രണ്ടു മാധ്യമങ്ങളിലെയും അഭിനയത്തിന് രണ്ടു മീറ്ററാണ്. ക്യാമറയുടെ ആംഗിളുകളെക്കുറിച്ചോ വിശദാംശങ്ങളെക്കുറിച്ചോ അല്ലത്. മറിച്ച് ഡയലോഗ് മുറിക്കുന്നത്, ചില ഇടവേളകളെടുക്കുന്നത്, അതിലുള്ള നാടകീയത, നിത്യവും ടിവിക്കു മുന്നില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു പിടിച്ചിരുത്താനുള്ള അത്തരം ശ്രമങ്ങളല്ല സിനിമയ്ക്കു വേണ്ടത്. അതൊക്കെ മഹേഷ് പറഞ്ഞുതന്നപ്പോള്‍ എനിക്കു മനസിലായി. കരയുമ്പോഴായാലും ഒക്കെ കുറേക്കൂടി റിയലിസ്റ്റിക്കാക്കാന്‍ നോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ എനിക്കു പിടികിട്ടി. ഇതല്ല വേണ്ടത്, ഞാന്‍ ചെയ്യുന്നതില്‍ കുഴപ്പങ്ങളുണ്ട് എന്ന്. അതുകൊണ്ടു തന്നെ ടിവി വരുന്നു എന്നു പറയുമ്പോള്‍ത്തന്നെ കാര്യം പിടികിട്ടി. അതൊരു ലേണിങ് പ്രോസസായിരുന്നു. തമാശയിലാണ് ഗൗരവത്തോടെ മറ്റൊരു വേഷം ചെയ്തത്.

അതുകഴിഞ്ഞാണെന്നു തോന്നുന്നു ദിവ്യ ചില പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതുവരെ കണ്ട ദിവ്യയെയായിരുന്നില്ല പിന്നീടങ്ങോട്ട് സിനിമകളില്‍ കണ്ടത്. ശരീരഭാഷയിലും അപ്പിയറന്‍സിലുമെല്ലാം വളരെ വ്യത്യസ്തയായി, കൂടുതല്‍ ആത്മവിശ്വാസത്തോടെയുള്ള സ്‌ക്രീന്‍ പ്രസന്‍സായിരുന്നു അതെന്നു തോന്നിയിട്ടുണ്ട്
തീര്‍ച്ചയായും ആ സമയത്ത് അത്തരമൊരു ട്രാന്‍സ്ഫര്‍മേഷന്‍ എനിക്കുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. അതുപക്ഷേ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതുകൊണ്ടുമാത്രമല്ല. പരസ്യങ്ങളിലഭിനയിക്കുന്നത് എനിക്കത്ര താല്‍പര്യമുള്ള കാര്യമായിരുന്നില്ല. കെ.എസ്.എഫ്.ഇ.അടക്കം ഞാന്‍ ചെയ്ത പരസ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെ കാര്യത്തിലും എനിക്കു ചില നിഷ്‌കര്‍ഷകളുണ്ട്. ഞാന്‍ പറഞ്ഞല്ലോ, ആക്ടിങ് വര്‍ക്ക്‌ഷോപ്പിലടക്കം പങ്കെടുത്ത് ഒരഭിനേത്രി എന്ന നിലയ്ക്ക് എന്നെ ക്യാരി ഫോര്‍വേഡ് ചെയ്യേണ്ടതെങ്ങനെ എന്നൊക്കെയുള്ള ചില ധാരണകള്‍ അപ്പോഴേക്ക് എനിക്കുണ്ടായിരുന്നു. ആത്മാര്‍ത്ഥമായ ചില പരിശ്രമങ്ങളും പരിശീലനങ്ങളും ഒക്കെ എന്റെ ഭാഗത്തു നിന്നുണ്ടായി. അതുകൊണ്ടൊക്കെയാവണം ചെറിയ ചെറിയ നിലകളില്‍ എന്നെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയതും അംഗീകരിച്ചതും.

അതിനുശേഷവും അക്കാലത്തെ ദിവ്യയുടെ സ്ഥിതിവച്ചു നോക്കിയാല്‍ ഒരു നടിയും ഏറ്റെടുത്തേക്കില്ലാത്ത ധൈര്യമാണ് കഥാപാത്രസ്വീകരണത്തില്‍ ദിവ്യ സ്വീകരിച്ച തുടര്‍സമീപനം. സെലക്ടീവാവുക എന്നുവച്ചാല്‍ അവസരങ്ങള്‍ ഉപേക്ഷിക്കുക എന്നുകൂടിയാണല്ലോ, വിശേഷിച്ച് മുഖ്യധാരാ സിനിമകളുടെ ഭാഗമായി വന്ന ഒരു നടിയെസംബന്ധിച്ച്, അത്തരമൊരു റിസ്‌ക് ഏറ്റെടുത്തതെങ്ങനെ? എന്തിന്?
എന്നെ സംബന്ധിച്ചു, ടേക്കോഫ് വലുതായി സഹായിച്ചു. കാരണം അതിലെ ജിന്‍സിയെന്ന കഥാപാത്രത്തെപ്പറ്റി പറഞ്ഞവരെല്ലാം അതവതരിപ്പിച്ച നടിയെപ്പറ്റി ഒരു നല്ല പെര്‍ഫോര്‍മര്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചുകണ്ടത്. അതെനിക്കു വലിയ സഹായമായി. അതെന്നില്‍ വലിയ ഉത്തരവാദിത്തമാണുളവാക്കിയത്. അതുവരെയുള്ള സിനിമകള്‍ തന്ന എക്‌സ്പീരിയന്‍സിന്റെ കാര്യം വിടാം. അവയൊന്നും അഭിനേത്രി എന്ന നിലയ്ക്ക് എനിക്കത്ര വലിയ ഒരു ഹൈപ്പ് തന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ജിന്‍സി അതിനൊരപവാദമായി. നടി എന്ന നിലയ്ക്ക് എന്നെ ഗൗരവത്തോടെ കാണുന്നവരുണ്ടായി. ആ കഥാപാത്രം കണ്ടപ്പോള്‍ ഞാന്‍ അത്യാവശ്യം നന്നായി ചെയ്തല്ലോ എന്നെനിക്കു തന്നെ തോന്നുകയും ചെയ്തു. പിന്നീട് ആ പേരു കളയാത്ത വിധമുള്ള വേഷങ്ങള്‍ മതിയെന്നു വയ്ക്കുകയായിരുന്നു. ഞാന്‍ ചെയ്യാതെ വിട്ട കഥാപാത്രങ്ങളുണ്ട് കുറേയധികം. അതു വലിയ അടിപൊളി ഡിസിഷനായിരുന്നു എന്നെനിക്കു പിന്നീട് തോന്നിയിട്ടുമുണ്ട്. ഒന്നുമില്ലെങ്കിലും ചിലതു വേണ്ട എന്നുവയ്ക്കാനുള്ള നിലപാടുകളെടുക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട് ഇതുവരെ. ചില സ്റ്റാന്‍ഡുകളങ്ങെടുക്കും. അതില്‍ നിന്നു പിന്നീട് മാറില്ല. അങ്ങനെയൊരു സ്വഭാവം എന്നിലുണ്ട്, പണ്ടേമുതല്‍. അഷ്‌റഫ് ഹംസയുടെ തമാശ കഴിഞ്ഞപ്പോഴാണ് കുറേക്കൂടി ഡീറ്റെയ്‌ലായ ഗ്രാഫുള്ള ഒരു കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നത്.
ആ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ നിഴല്‍ പോലെ ചില സിനിമകളില്‍ വേഷം നന്നായിട്ടും സിനിമ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ അനുഭവമുണ്ട്. കോടിയില്‍ ഒരുവന്‍ എന്നൊരു തമിഴ് സിനിമയും ചെയ്തു ആ സമയത്ത്. അനന്തകൃഷ്ണന്‍ സംവിധാനം ചെയ്ത് വിജയ് ആന്റണിയും ആത്മികയും അഭിനയിച്ച സിനിമയായിരുന്നു കോടിയില്‍ ഒരുവന്‍. അതില്‍ വിജയ് ആന്റണിയുടെ അമ്മവേഷത്തിലായിരുന്നു ഞാന്‍. എന്റെ പ്രായം വച്ചു നോക്കിയാല്‍ അല്‍പം സാഹസികമായിരുന്ന വേഷമാണ്. എന്നാലും അതിലൊക്കെ എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു എന്ന സംതൃപ്തിയുണ്ട്. ആകെയുള്ള നിരാശ നിഴലില്‍ എന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചില്ല എന്നതാണ്. അതിലെനിക്കു നിരാശയുണ്ട്. എന്റെ ജോലി നൂറുശതമാനം പൂര്‍ണമായില്ല എന്നതുകൊണ്ടാണത്.
പിന്നെ ചെയ്ത കഥാപാത്രങ്ങളെ ചൊല്ലി എനിക്കു പശ്ചാത്താപമില്ല. കാരണം ആ വേഷങ്ങളിലൂടെ, ആ സിനിമകള്‍ നല്‍കിയ അനുഭവങ്ങളിലൂടെ തന്നെയാണു ഞാനെന്ന നടി ഇവിടെവരെയെത്തിയത്. ഓരോ വേഷവും ആ അര്‍ത്ഥത്തില്‍ ഒരു പാഠപുസ്തകം തന്നെയായിരുന്നു എനിക്ക്.

അതുകഴിഞ്ഞായിരുന്നു വേട്ട, അറിയിപ്പ്, കമ്മാരസംഭവം, പ്രതി പൂവന്‍കോഴി ഒക്കെ വരുന്നത്. ദിവ്യയുടെ തരത്തിലുള്ള ഒരു നായിക സ്വീകരിക്കാന്‍ സാധ്യതയില്ലാത്തത്ര ബോള്‍ഡും സാഹസികവുമായൊരു വേഷമാണ് അറിയിപ്പില്‍ ചെയ്തത്. അറിയിപ്പിലെ രശ്മിയിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
ഒരു കഥാപാത്രത്തെ സ്വീകരിക്കാന്‍ വളരെ റിജിഡായ വ്യവസ്ഥകള്‍ മാനദണ്ഡമാക്കുന്ന ആളല്ല ഞാന്‍. ചിലപ്പോള്‍ സ്‌ക്രിപ്റ്റായിരിക്കും എന്നെ ഇന്‍സ്‌പൈര്‍ ചെയ്യുക. മറ്റുചിലപ്പോള്‍ സിനിമയുടെ ടീമാവും പ്രലോഭനം. അപൂര്‍വം ചിലതില്‍ പ്രതിഫലവും. സ്‌ക്രീന്‍ സ്‌പെയ്‌സിന്റെ കാര്യത്തില്‍ മാത്രമൊതുങ്ങാതെ എന്തങ്കിലും പെര്‍ഫോം ചെയ്യാനുള്ളത് എന്ന അര്‍ത്ഥത്തില്‍. പല തലങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നൊക്കെ ആശിച്ചിരുന്നു. ആ സമയത്തുതന്നെയാണ് കൃത്യമായി മഹേഷ് നാരായണന്‍ എന്നോട് അറിയിപ്പിന്റെ കാര്യം പറയുന്നത്. ഏറെ സമയമെടുത്ത ഒരു പ്രക്രിയയിലൂടെയാണ് അറിയിപ്പ് ഇന്നു കാണുന്ന ഫോമിലേക്ക് വികസിക്കുന്നത്. ആദ്യം അതൊരു ബാങ്ക് ജീവനക്കാരിയെ ചുറ്റിപ്പറ്റിയാണാലോചിച്ചത്. പിന്നീടതിങ്ങനെ ഉരുത്തിരിഞ്ഞുവരികയായിരുന്നു. ആ സിനിമയുടെ ആദ്യം മുതല്‍ക്കു തന്നെ ഞാന്‍ ആ ടീമിനൊപ്പമുണ്ടായിരുന്നു. ആദ്യം എനിക്കൊരു സിനോപ്‌സിസ് അയച്ചു തന്നു. പിന്നെ രശ്മി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചില ഡീറ്റെയ്ല്‍സും. അങ്ങനെ ഘട്ടം ഘട്ടമായിട്ടായിരുന്നു ആ സിനിമയിലേക്കുള്ള പ്രവേശം. ഞാന്‍ സത്യത്തില്‍ വളരെ എക്‌സൈറ്റഡായിരുന്നു ആ വേഷത്തെച്ചൊല്ലി. ഒന്നാമത്, അത്രയും നാളത്തെ അഭിനയജീവിതത്തില്‍ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമുള്ള, ഏറെ ലയറുള്ള ഒരു വേഷം. അതും കുഞ്ചാക്കോ ബോബനെപ്പോലൊരു നടനൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സുള്ള വേഷം. അതുകൊണ്ടു തന്നെ ഞാന്‍ ശരിക്കും വേറൊരു തരത്തില്‍ എന്‍ജോയ് ചെയ്തു ചെയ്ത കഥാപാത്രമായിരുന്നു അറിയിപ്പിലേത്. ആ കഥാപാത്രത്തിനു വേണ്ടി ആസ് ആന്‍ ആക്ടര്‍ ഞാന്‍ കുറച്ചു പണിയെടുത്തിട്ടുണ്ട്, അത്യാവശ്യം ഹോംവര്‍ക്കും. അതാണതിന്റെ സന്തോഷം.
രശ്മിയാവാന്‍, ഞാന്‍ കുറെയൊക്കെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ചില ഫാക്ടറികളില്‍ പോയി അവിടത്തെ വനിതാജീവനക്കാരുടെ പെരുമാറ്റം, ശരീരഭാഷ, ഒക്കെ നോക്കിപ്പഠിച്ചു. സിനിമയിലെ രശ്മി വീട്ടിലും ഫാക്ടറിയിലും എന്തു കാര്യവും ചെയ്യുന്നത് വളരെ വേഗത്തിലാണ്. കാരണം കയ്യുറ ഫാക്ടറിയില്‍ നിര്‍മ്മാണപ്രക്രിയ അത്തരത്തില്‍ ഒരു നിശ്ചിത വേഗത്തിലാണ്. അതിനനുസരിച്ച് അവിടത്തെ തൊഴിലാളികളുടെ പെരുമാറ്റത്തിന്റെ വേഗവും ക്രമേണ മാറാറുണ്ട്. ആ സിനിമ മുഴുവന്‍ എന്റെ കഥാപാത്രം ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അങ്ങനെ ഒരു വേഗത്തിലാണ്. അതൊക്കെ ഞാന്‍ അവരുടെ ജീവിതത്തില്‍ നിന്നു കണ്ടുപകര്‍ത്തിയതാണ്. അത്യാവശ്യം ഒബ്‌സര്‍വേഷനും ഇമിറ്റേഷനും അറിയാവുന്ന ആളാണു ഞാന്‍. ഇത്തരം സാഹചര്യങ്ങളില്‍ ഈ ഗുണങ്ങള്‍ എനിക്ക് വിലയൊരളവില്‍ പിന്തുണയുമായി.
അതുപോലെ തന്നെ, മറ്റഭിനേതാക്കള്‍ ഓരോ കഥാപാത്രത്തെയും എങ്ങനെയാണുള്‍ക്കൊള്ളുക എന്നൊക്കെ സിനിമകള്‍ കണ്ടും അഭിമുഖങ്ങള്‍ കണ്ടുമൊക്കെ മനസിലാക്കാറുണ്ടാ ഞാന്‍. ഒരഭിനേതാവ് ഒരു സിനിമയില്‍ ഇങ്ങനെയിരിക്കുന്നു, അടുത്തത്തില്‍ മറ്റൊരാളെപ്പോലിരിക്കുന്നു. ഇതെങ്ങനെ അവര്‍ സാധിച്ചെടുക്കുന്നു എന്നൊക്കെ പഠിക്കാറുണ്ട്. അത്തരം ശ്രമങ്ങള്‍ എത്രത്തോളം വിജയമായി എന്നതിനേക്കാള്‍, അങ്ങനെയൊരു മാറ്റം കൊണ്ടുവരാന്‍ അവരെടുക്കുന്ന പരിശ്രമം മനസിലാക്കാനാണു ഞാന്‍ ശ്രമിച്ചിട്ടുള്ളത്. രശ്മിക്കു വേണ്ടി പലയിടത്തു നിന്നും പലരില്‍ നിന്നും പല സംഭവങ്ങളും കടമെടുത്തിട്ടുണ്ട്. ഫാക്ടറി തൊഴിലാളികളുടെ നടത്തത്തിന്റെ ഒരു പെയ്‌സുണ്ട്. അതൊക്കെ ഞാന്‍ ആ കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അറിയിപ്പിന്റെ കാര്യത്തിലാണെങ്കില്‍ ഗ്‌ളൗവ്‌സ് ഉണ്ടാക്കുന്നതിന് ഒരു റിഥമുണ്ട്. അത് സ്വാഭാവികമായി അതുണ്ടാക്കുന്നവരുടെ എല്ലാ ചെയ്തികളിലേക്കും പകര്‍ന്നുകണ്ടിട്ടുണ്ട്. അതൊക്കെ ഒപ്പിയെടുക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെ മഹേഷുമായിട്ടുള്ള ചര്‍ച്ചകള്‍. കഥാപാത്രത്തിന്റെ സംഭാഷണത്തില്‍ സ്വീകരിക്കേണ്ട സ്‌ളാങ്. കഥാപാത്രത്തിന്റെ വേരുകള്‍, അവര്‍ വരുന്നതെവിടെ നിന്ന്, വിദ്യാഭ്യാസമെന്ത്, അവരുടെ വിവാഹമെങ്ങനെയായിരുന്നു എന്നതൊക്കെ കാലേകൂട്ടി വിശദീകരിച്ചു ചര്‍ച്ച ചെയ്തിരുന്നു. അതുപോലെ തന്നെ ഒന്നു രണ്ടു സിനിമകള്‍ എനിക്കു തന്നിരുന്നു മഹേഷ്. അസ്ഗര്‍ ഫര്‍ഹദിയുടെ ഇറാന്‍ സിനിമകളായിരുന്നു. അതു കണ്ട് അനുകരിക്കാനല്ല, ചുമ്മാ കണ്ടാല്‍മതി എന്നാണ് നിര്‍ദ്ദേശിച്ചത്. പഠിക്കാന്‍ വേണ്ടിയല്ല, ജസ്റ്റ് കണ്ടിരിക്കൂ എന്നാണു പറഞ്ഞത്. ഞാന്‍ നേരത്തേ തന്നെ ഫെസ്റ്റിവലില്‍ കണ്ടിട്ടുള്ള സിനിമകളായിരുന്നു. എന്നിട്ടും ഒരു എക്‌സര്‍സൈസ് പോലെ കാണാനാണ് പറഞ്ഞത്. അത് പിന്നീടഭിനയിക്കുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുമെന്നാണു പറഞ്ഞത്. അത്തരത്തിലൊക്കെയാണ് രശ്മി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്.

അറിയിപ്പിന്റേതിനു സമാനമായിരുന്നല്ലോ പായലിന്റെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലേക്കുള്ള കടന്നുചെല്ലലും. വിളിച്ചത് മറ്റൊരു കഥാപാത്രത്തിന്. അതും സിനിമ രൂപപ്പെടുന്ന സമയത്തു തന്നെ. പിന്നീടഭിനയിച്ചത് മറ്റൊരു വേഷം. തുടര്‍ന്നാ സിനിമയുടെ പിന്നണിയില്‍ ആദ്യവസാനക്കാരിയുമായി.ഒരു സിനിമയുടെ ആദ്യം മുതല്‍ അതിന്റെ ഭാഗമാകുന്നത് അഭിനയത്തില്‍ ചില മുന്‍വിധികളുളവാക്കുന്നതില്‍ എത്തിക്കില്ലേ?
എന്നെ സംബന്ധിച്ച് അങ്ങനെ ഒരു സിനിമയുടെ തുടക്കം മുതല്‍ തന്നെ സഹകരിക്കുന്നത് ഒരു സെയ്ഫ് ആയ കാര്യമായിട്ടാണു തോന്നിയിട്ടുള്ളത്. പലതരത്തിലാണു സംവിധായകര്‍ നടീനടന്മാരെ കൈകാര്യം ചെയ്യാറുള്ളത്. ചിലര്‍ സ്‌ക്രിപ്റ്റില്ലാത്തിടത്തു പോലും പോയി അഭിനയിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാല്‍, പായലിന്റെ ശൈലി വേറിട്ടതായിരുന്നു. അത് ഒരു കൂട്ടായ്മയുടെയും, ആഴത്തിലുള്ള ഗൃഹപാഠത്തിന്റെയും റിഹേഴ്‌സലുകളുടെയുമൊക്കെ പരിണത ഫലമായിരുന്നു.ഒന്നിലും സംശയങ്ങളില്ലാതായ ശേഷമാണു ഞങ്ങള്‍ സിനിമയുടെ ഷൂട്ടിങ്ങിനു ചെന്നിരുന്നത്. എന്താണു ചെയ്യേണ്ടതെന്നു ഞങ്ങള്‍ക്കും എന്താണ് വേണ്ടതെന്നു പായലിനും കൃത്യതയും വ്യക്തതയുമുള്ളൊരു രീതി. അതെനിക്കു തീര്‍ത്തും പുതിയതും വളരെയേറെ സാര്‍ത്ഥകവുമായൊരനുഭവം തന്നെയായിരുന്നു.

ആക്ടിങ് ഓഡിഷനോടു കൂടിയായിരുന്നല്ലോ ഓള്‍ വി ഇമാജിനിലേക്കുള്ള പ്രവേശം. ആ യാത്രയുടെ അനുഭവം...?
സത്യത്തില്‍ അറിയിപ്പിലെ രശ്മിയാണ് എന്നെ പായലിന്റെ സിനിമയിലേക്കെത്തിച്ചത് എന്നു പറഞ്ഞാല്‍ തെറ്റില്ല. രശ്മിയെ കണ്ടിഷ്ടപ്പെട്ടിട്ടാണ് പായല്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കേന്ദ്രകഥാപാത്രങ്ങളായ നഴ്‌സുമാരിലൊരാളായി എന്നെ പരിഗണിക്കുന്നത്. ആദ്യം എനിക്കു വരുന്നത് സിനിമയുടെ എക്‌സിക്ക്യൂട്ടീവായ പ്രണവിന്റെ ഫോണ്‍ കോളാണ്. ഇപ്പോള്‍ കനി അവതരിപ്പിച്ച പ്രഭ എന്ന വേഷത്തിലേക്കാണെന്നെ ഓഡിഷനു ക്ഷണിക്കുന്നത്. സമ്മതിച്ചപ്പോള്‍ എനിക്കു സ്‌ക്രിപ്റ്റയച്ചു തന്നു. അതു വായിച്ചപ്പോള്‍ തന്നെ പല സീനുകളിലും എന്റെ കണ്ണുനിറഞ്ഞു. ആദ്യമായിട്ടാണ് ഒരു തിരക്കഥ വായിച്ചിട്ട് എനിക്കങ്ങനെ സംഭവിക്കുന്നത്. പ്രഭയ്ക്കു വേണ്ടി എന്നെ വിളിച്ചപ്പോള്‍ എനിക്കദ്ഭുതം തോന്നിയില്ല. കാരണം പ്രഭ എന്ന ആ കഥാപാത്രത്തിന് അറിയിപ്പിലെ രശ്മിയുടെ ഏതൊക്കെയോ അംശങ്ങളുണ്ടെന്നെനിക്കു തോന്നിയിരുന്നു. അതുകൊണ്ടുതന്നെ വാസ്തവത്തില്‍ പ്രഭ ചെയ്യുന്നതില്‍ ഞാനത്രയ്ക്ക് എക്‌സൈറ്റഡ് ആയിരുന്നില്ല. എന്നാല്‍ അനുവിന് എന്നെ പരിഗണിക്കുമെന്നും ഒരിക്കലും നിനച്ചില്ല.
വന്ന് ഓഡിഷന്‍ ചെയ്തു നോക്കാമോ എന്നാണ് അന്വേഷിച്ചത്. പ്രഭയ്ക്കു വേണ്ടിയുള്ള ആദ്യ റൗണ്ട് ഓഡിഷന്‍ കൊച്ചിയിലായിരുന്നു. അതുകഴിഞ്ഞു രണ്ടാമത്തെ റൗണ്ട് മുംൂബൈയിലായിരുന്നു. ഞാനന്ന് അറിയിപ്പിന്റെ ഫെസ്റ്റിവല്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പൂനെയിലായിരുന്നു. അവിടെ നിന്നാണു മുംബൈയ്ക്കു പോയത്. അവിടെ റയില്‍ വേ സ്‌റ്റേഷനില്‍ വിളിക്കാന്‍ വന്നപ്പോഴാണ് പായല്‍ കപാഡിയയെ ആദ്യമായി കാണുന്നത്.അസോഷ്യേറ്റ് റോബിനുമുണ്ടായിരുന്നു. പായലിന്റെ വീട്ടില്‍ വച്ചായിരുന്നു ഓഡിഷന്‍. പ്രഭയുടെ കഥാപാത്രത്തിനു വേണ്ടി പല മൂഡില്‍ പലസന്ദര്‍ഭങ്ങള്‍ അഭിനയിപ്പിക്കുകയാണു ചെയ്തത്. 
ആ ഓഡിഷന്‍ കഴിഞ്ഞപാടെ തന്നെ, അനുവായി കൂടി ഒരു ഓഡിഷന്‍ ചെയ്യാമോ എന്നായി പായല്‍. പ്രഭ എന്ന ക്യാരക്ടറില്‍ അത്രകണ്ട് ഇന്‍വോള്‍വ്ഡായി കഴിഞ്ഞ സാഹചര്യത്തില്‍ പെട്ടെന്ന് മറ്റൊരു കഥാപാത്രമായി...എന്നെ കൊണ്ടതു സാധിക്കുമോ എന്നു ഞാന്‍ സംശയം പ്രകടിപ്പിച്ചു. അതൊന്നും പ്രശ്‌നമില്ല എന്റെ പ്രശ്‌നം ശരിക്കും മനസിലാവുന്നുണ്ട് എന്നാലും ഒന്നു ചെയ്തു നോക്കാനാണു പായലും റോബിനും പറഞ്ഞത്. എത്ര മോശമായിപ്പോയാലും കുഴപ്പമില്ല ഇതൊരു എക്‌സര്‍സൈസായി കണ്ടാല്‍ മതിയെന്നൊക്കെ പറഞ്ഞു. മടിച്ചു മടിച്ച് ഒരാത്മവിശ്വാസവുമില്ലാതെയാണു ഞാനതു ചെയ്തത്. മോശമായിപ്പോയി എന്നാണ് എന്റെ തന്നെ വിലയിരുത്തല്‍. അതുകഴിഞ്ഞു ഞാന്‍ തിരികെ പോന്നു. പിന്നീട് യാതൊരനക്കവുമില്ല. ഞാന്‍ വിചാരിച്ചത് അത് അവിടെ കഴിഞ്ഞു എന്നുതന്നെയാണ്. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അനു ചെയ്യാന്‍ വേണ്ടി ഒന്നുകൂടി വരാന്‍ പറ്റുമോ എന്നു ചോദിച്ച് വീണ്ടും വിളിവന്നു.അങ്ങനെയാണു ഞാന്‍ വീണ്ടും ചെല്ലുന്നതും വീണ്ടും ഒന്നുരണ്ടു റൗണ്ട് കൂടി ഓഡിഷനില്‍ പങ്കെടുക്കുന്നതും. 
ഞാനക്കാര്യം പായലിനോടു തന്നെ തുറന്നു ചോദിച്ചിട്ടുണ്ട്. സാധാരണ ഇങ്ങനെയൊരു സംവിധായിക ഇത്തരത്തില്‍ ഒരഭിനേതാവിനെ മറ്റൊരു വേഷത്തിലേക്ക് ഇത്രപെട്ടെന്നു മാറി ചിന്തിക്കുമോ എന്ന്. അതും ഇത്ര പ്രായവ്യത്യാസമുള്ള ഒരു വേഷത്തിലേക്ക്. അറിയിപ്പിലെ നായികയെപ്പോലെ അല്‍പം മൂഡിയായ പക്വതയുള്ള ആളെന്ന നിലയ്ക്കാണെന്നു തോന്നുന്നു പായല്‍ പ്രഭയാവാന്‍ എന്നെ ക്ഷണിച്ചത്. പക്ഷേ ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ ഒരു വൈബ് തിരിച്ചറിഞ്ഞ്, ഞാന്‍ ഭയങ്കര ജോളിയാണല്ലോ എന്നാണ് പായല്‍ അദ്ഭുതപ്പെട്ടത്. പിന്നെ കുറച്ചടുത്തിടപഴകുമ്പോഴാണല്ലോ ഒരാളെ കൂടുലറിയാനാവുക. അപ്പോള്‍ എന്നെക്കൊണ്ട് അനു എന്ന കഥാപാത്രം ചെയ്യിക്കാനുള്ള സാധ്യത എക്‌സ്‌പ്ലോര്‍ ചെയ്യുകയായിരുന്നു പായല്‍. അനുവെന്ന കഥാപാത്രത്തില്‍ കുറച്ചു വര്‍ഷം മുമ്പത്തെ എന്റെ സ്വഭാവസവിശേഷകള്‍ കുറെയൊക്കെ ഉണ്ടെന്നു പിന്നീട് എനിക്കും തോന്നിയിട്ടുണ്ട്. പ്രായം ഏതൊരാളെയും അല്‍പം പക്വതയുള്ളവരാക്കുമല്ലോ. ആ അര്‍ത്ഥത്തില്‍ അനുവിന്റെ പ്രായത്തിലേക്കുള്ള മടങ്ങിപോക്ക് എനിക്കല്‍പം ചാലഞ്ചിങ് തന്നെയായിരുന്നു.

അനുവാകാന്‍ അഭിനേതാവെന്ന നിലയ്ക്ക് ദിവ്യപ്രഭയെടുത്ത പരിശ്രമങ്ങളെന്തെല്ലാം?
ഞാന്‍ പറഞ്ഞല്ലോ, ഒറ്റമനസോടെയുള്ള ഒരൊത്തുചേരലായിരുന്നു ആ സിനിമ. എത്രവട്ടം ഓഡിഷനു വിധേയമാവാനും എത്രതവണ റിഹേഴ്‌സ് ചെയ്യാനും ഞങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ഇതു ഞങ്ങളുടെ സിനിമ, അല്ല നമ്മുടെ സിനിമ എന്നൊരു ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു.ഞങ്ങളെല്ലാവരും കൂടി ഒന്നിച്ച് ഇഷ്ടമുള്ളതെന്തോ ചെയ്യുന്നു എന്ന അനുഭവമാണുണ്ടായിരുന്നത്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ആര്‍ക്കും മടിയുണ്ടായിരുന്നില്ല. 
ഓഡിഷന്റെ തന്നെ കാര്യമെടുത്താല്‍, ഓഡിഷന്റെ ഓരോ ഘട്ടവും പായല്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഒരേ സീന്‍ തന്നെ പല തരത്തില്‍ പല വട്ടം അഭിനയിപ്പിച്ചു. ഡയലോഗുകള്‍ പല തരത്തില്‍ പറയിച്ചു. ഇന്ന കഥാപാത്രം ഇങ്ങനൊരു ഡയലോഗു പറഞ്ഞാല്‍ അതിനുള്ള റിയാക്ഷന്‍ ഇങ്ങനെയൊക്കെയാവാം എന്ന വിധത്തില്‍ പല പല ഓപ്ഷനുകള്‍ ഓഡിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.എല്ലാം വീഡിയോയില്‍ ഡോക്യുമന്റ് ചെയ്തു. അതില്‍ നിന്ന് ഷൂട്ടിനു വരും മുമ്പേ, വിവിധ ടേക്കുകളില്‍ നിന്ന് ഒരെണ്ണം ഫൈനലൈസ് ചെയ്യുന്നതുപോലെ, ചിലതു കാലേകൂട്ടി തെരഞ്ഞെടുത്തു വച്ചു. ചിത്രീകരണ ഘട്ടത്തില്‍ നമ്മളഭിനയിക്കുമ്പോള്‍ അതില്‍ നിന്നു മാറിപ്പോയാല്‍ ഉടന്‍ തന്നെ പായല്‍ ആ ഓഡിഷനില്‍ തെരഞ്ഞെടുത്ത സീന്‍ കാണിച്ചിട്ട് ഇതാണു വേണ്ടത് എന്നു പറയും. അങ്ങനെ വളരെ കൃത്യമായിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചത്.
ഇത് അഭിനേതാവെന്ന നിലയ്ക്ക് ഇംപ്രൊവൈസ് ചെയ്യാനുള്ള അവസരം നഷ്ടമാക്കുകയല്ലേ എന്നൊരു സംശയം ആദ്യമെനിക്കുണ്ടായിരുന്നു. പക്ഷേ പിന്നീടെനിക്കു തന്നെ മനസിലായി, വര്‍ക്ക് ഷോപ്പോ, ഓഡിഷനോ പോലുള്ള മുന്നൊരുക്കങ്ങളില്ലാതെ നമ്മളൊരു ഷോട്ടിലഭിനയിക്കാനെത്തിയാല്‍ മനോധര്‍മ്മം കൊണ്ട് കളിക്കാന്‍ ഇന്നൊരു ദിവസത്തെ അവസരം മാത്രമേ നമുക്കു ലഭിക്കുന്നുള്ളൂ. നേരേ മറിച്ച് നേരത്തേ വര്‍ക്ക്‌ഷോപ്പുകള്‍ ചെയ്താല്‍ അതേ രംഗം തന്നെ പല തരത്തില്‍ മനോധര്‍മ്മമനുസരിച്ച് കൂടുതല്‍ വൈവിദ്ധ്യങ്ങളോടെ ആവിഷ്‌കരിക്കാനുള്ള അവസരമാണു ലഭിക്കുന്നത്. അത് അഭിനേതാവെന്ന നിലയ്ക്ക് വലിയ വെല്ലുവിളിയായാണ് തോന്നിയത്. ഓപ്ഷനുകളുടെ എണ്ണം കൂടുന്നതനുസരിച്ച് നമുക്ക് സാധ്യതകള്‍ കൂടുകയാണല്ലോ. അതു കഥാപാത്രത്തെ മെച്ചമാക്കാനുള്ള കൂടുതല്‍ ചിന്തകളിലേക്കും അതുവഴി സീന്‍ നന്നാക്കാനുള്ള കൂടുതല്‍ വഴികളിലേക്കുമാണു നമ്മളെ നയിക്കുക.
നാടകത്തിന്റേതിനു സമാനമാണതെന്നു അത്തരം വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തപ്പോഴാണെനിക്കു മനസിലായത്. തീയറ്ററില്‍ റിഹേഴ്‌സലുണ്ട്. അതുകഴിഞ്ഞ് ഓരോ വേദിയും വ്യത്യസ്തമാണ്. അവിടെയൊക്കെയുളള അവതരണങ്ങള്‍ വേറിട്ടതാണ്. സാഹചര്യത്തിനനുസരിച്ച് ആവര്‍ത്തിക്കാതെ പുതിയ പുതിയ രീതിയും ശൈലികളും ഉരുത്തിരിഞ്ഞുവരികയാണ്. അതേസമയം തന്നെ, മൊത്തം സീനിന്റെയും പാത്രാവിഷ്‌കാരത്തിന്റെയും ഒരു ആന്തരതാളം നിലനിര്‍ത്തുകയും ചെയ്യുന്നു. നടീനടന്മാര്‍ ചിലത് അണുവിട വ്യത്യാസപ്പെടാതെ ആവര്‍ത്തിക്കേണ്ടതുണ്ട്. അതിനു സമാനമായൊരനുഭവമാണു വര്‍ക്ക്‌ഷോപ്പും ഓഡിഷനും സിനിമയ്ക്കു നല്‍കുന്നത്.ആ എബിലിറ്റിയാണ് നാടകപരിചയമില്ലാത്ത എനിക്ക് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലൂടെ നേടാനായത്.

അനുവിനെ അവതരിപ്പിക്കുമ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ഒെട്ടേറെ തവണ ഓഡിഷന്‍ ചെയ്ത് എല്ലാം മുന്‍കൂട്ടി റിഹേഴ്‌സ് ചെയ്തത് ആ കഥാപാത്രം നന്നാക്കാന്‍ ഒരുപാടു സഹായിച്ചു. ഞങ്ങളെ സംബന്ധിച്ച്, തിരക്കഥയിലെ പ്രഭയുടെയും അനുവിന്റെയും മുറി എന്നത് ഒട്ടേറെത്തവണ വേറൊരു മുറിക്കുള്ളില്‍ ഇടത്തോട്ടു തിരിഞ്ഞാല്‍ വാഷ്‌റൂം അതുകടന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ കിച്ചന്‍, ഇതാ ഇവിടെ വാതില്‍ എന്നൊക്കെ സങ്കല്‍പ്പിച്ച് ഒരു സ്ഥലരാശി നിശ്ചയിച്ച് അഭിനയിച്ചുറച്ചിട്ടുള്ള രംഗങ്ങള്‍ ഷൂട്ടിങ് സമയത്ത് യഥാര്‍ത്ഥ ലൊക്കേഷനില്‍ വച്ചും ആവര്‍ത്തിച്ചു എന്നേയുള്ളൂ. അത്രയ്ക്കു തിട്ടമായിരുന്നു ഓരോ രംഗവും. എല്ലാവരുടെ കാര്യവും അങ്ങനെതന്നെയാണ്. എന്നാലും അഭിനേതാവെന്ന നിലയ്ക്ക് എനിക്കതൊക്കെ പുതുമയുള്ള അനുഭവങ്ങളായി. 
എനിക്കു സിനിമയില്‍ കുറച്ച് ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. എന്നേക്കാള്‍ നാലഞ്ചു വയസിന് ഇളപ്പമുള്ള ഹൃദുല്‍ ഹറൂണുമൊത്തണ് അഭിനയിക്കേണ്ടത്. എന്നെ സംബന്ധിച്ച് അത്തരമൊരു രംഗം കുറച്ച് ചലഞ്ചിങായിരുന്നു. എന്നാല്‍, നമ്മുടെ സിനിമകളിലൊന്നും കേട്ടിട്ടുപോലുമില്ലാത്തവിധം ഇന്റിമേറ്റ് കൊ ഓര്‍ഡിനേറ്റര്‍ എന്നൊരാളുടെ സേവനം ലഭ്യമാക്കിയിരുന്നു പായല്‍. നമ്മളൊരാളെ നുള്ളുന്നു എന്നു വയ്ക്കുക. ആ നുള്ളലിന്റെ ആക്കം എത്രത്തോളമാകാം എന്ന് അതേല്‍ക്കുന്നയാളോടു കൂടി ചര്‍ച്ച ചെയ്ത് നേരത്തേ കൂട്ടി തീരുമാനിച്ച് ബാക്കി ഭാവവും ശരീരഭാഷയും ചേര്‍ത്ത് കൃത്യമായി വിന്യസിച്ചെടുക്കുകയാണ്. ഒരു ഫൈറ്റ് സീക്വന്‍സ് കംപോസ് ചെയ്യുന്നതുപോലെ തന്നെയാണിത്. ക്യാമറയ്ക്ക് എന്താണു വേണ്ടതെന്ന് തിരിച്ചറിഞ്ഞ് അതു മാത്രം അഭിനയിക്കുന്നവര്‍ക്ക് യാതൊരലോസരവുമുണ്ടാക്കാതെ ചിത്രീകരിക്കുകയാണ്. അതാണ് ഇന്റിമസി കോ ഓര്‍ഡിനേറ്ററുടെ ചുമതല. വര്‍ക്ക്‌ഷോപ്പു പോലെ തന്നെയാണത്. പല സീനുകളും പല കാരണം കൊണ്ടും പല ടേക്കുകളിലേക്കു നീണ്ടേക്കാം. പക്ഷേ അപ്പോഴൊന്നും അത്രയും ഇഴുകിച്ചേരുന്ന രംഗത്തും അതിലഭിനയിച്ച എനിക്കോ ഹൃദുലിനോ ഒരു പ്രശ്‌നവും വരാത്തവിധം നേരത്തേ തന്നെ ധാരണകളുണ്ടാക്കുകയും അതനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അനുഭവം ആദ്യമാണ്.

കനി, ഛായാ കദം പോലുള്ള അഭിനേതാക്കളുമായുള്ള അനുഭവം?
കനിയുമൊത്ത് ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ടറിയാം. പക്ഷേ ഛായാ കദം...ഛായാജിയുമായുണ്ടായ അടുപ്പം. അത് അവിസ്മരണീയമാണ്. എനിക്ക് ഹിന്ദി അത്ര പോരാ. എന്നാലും ഉള്ള ഹിന്ദിയൊക്കെ വച്ച് ഞാനും ഛായാജിയുമാണ് സെറ്റിലും പുറത്തും വലിയ കമ്പനി. ഛായാജിയെത്തിയാല്‍ പിന്നെ സെറ്റില്‍ വേറൊരു വൈബായിരിക്കും. ഭയങ്കര എനര്‍ജിയാണ്. പിന്നെ അഭിനയത്തിന്റെ കാര്യം. നമ്മളിങ്ങനെ നോക്കിയിരുന്നു പോകും, ക്യാരക്ടറായിട്ടുള്ള അവരുടെ മാറ്റം കണ്ട്. അവരുടെ അഭിനയശൈലിയിലെ ഡൈനാമിക്‌സ് വളരെ രസകരമായിരുന്നു. എനിക്ക് രത്‌നഗിരിയിലെ ഷെഡ്യൂളിലാണ് അവരോടൊത്ത് കൂടുതല്‍ സമയം ഇടപഴകേണ്ടിവന്നത്. വ്യക്തിപരമായിട്ടും കാനിലടക്കം ഫെസ്റ്റിവലുകള്‍ക്കു പോകുമ്പോഴും അവരുമായിട്ടായിരുന്നു എനിക്കേറെ അടുപ്പം. പ്രായവ്യത്യാസം മറന്ന് എന്തും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന, ഒപ്പം ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന ഒരടുപ്പം. വല്ലാത്ത വൈബ്രന്റ് ആയൊരു ബന്ധമാണത്.

മുംബൈയിലെ പ്രവാസിജീവിതമാണല്ലോ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആവിഷ്‌കരിച്ചത്. മുമ്പുണ്ടായ സമാന സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത് കുറേക്കൂടി അവടത്തെ കുടിയേറ്റക്കാരുടെ ഉള്ളകങ്ങളെ, അന്തഃസംഘര്‍ഷങ്ങളെ വെളിപ്പെടുത്തുന്നതായിത്തോന്നി. എങ്ങനെയാണ് ആ ഡയസ്‌പോറയെ ഉള്‍ക്കൊള്ളാനായത്?
ഞങ്ങള്‍ ഓഡിഷന്‍ മുതല്‍ അവിടെ എട്ടുമാസക്കാലം ചെലവഴിച്ചതാണ്. പക്ഷേ അതൊക്കെ പൂര്‍ണമായി അവിടത്തെ അടിത്തട്ടിലുള്ള ജീവിതങ്ങള്‍ കണ്ടും അറിഞ്ഞുമാണെന്നു പറയാനാവില്ല. നമ്മളിങ്ങനെ ഹോട്ടലുകളിലും മറ്റുമായിട്ടായിരുന്നല്ലോ. നഗരത്തിന്റെ ഇരുണ്ട മുഖമോ, അവിടത്തെ സാധാരണക്കാരുടെ ജീവിതമോ അത്രയധികം അടുത്തു കാണാന്‍ സാധിച്ചിട്ടില്ല.  എന്നാലും ഞാന്‍ എന്റേതായ രീതിയില്‍ ചില ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട്. ഞാന്‍ പലപ്പോഴും നഗരത്തിലെ വിവിധയിടങ്ങളില്‍ സ്വതന്ത്രമായി ചുറ്റിക്കറങ്ങുകയും ആളുകളെ നിരീക്ഷിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ആശുപത്രികളില്‍ പോയി നഴ്‌സുമാരെ കാണുക, മലയാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോവുക...ഒക്കെ ചെയ്തിട്ടുണ്ട്. അപ്പോഴും പഴയൊരു ഓര്‍മ്മ പൊങ്ങിവരികയാണ്. അത് കൊച്ചിലേ അച്ഛനോടൊത്ത് മുംബൈയില്‍ പോയതാണ്. അന്ന് ചടങ്ങു കഴിഞ്ഞ് ഒപ്പമുണ്ടായിരുന്നവരൊക്കെ ഗേയ്റ്റ്‌വേ ഓഫ് ഇന്ത്യയും ടാജുമൊക്കെ കാണാന്‍ പോയപ്പോള്‍ അച്ഛനെന്നെ കൂട്ടിക്കൊണ്ടുപോയി കാണിച്ചത് ധാരാവി പോലുളള നഗരത്തിന്റെ മറുപുറമാണ്. ഞാന്‍ കണ്ട ബോംബേ അതാണ്. എന്തിനാണ് അച്ഛനന്നങ്ങനെയുള്ള സ്ഥലങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ടുപോയി എന്ന് എത്രയാലോചിച്ചിട്ടും മനസിലായിരുന്നില്ല. പക്ഷേ അച്ഛന്‍ അങ്ങനെയായിരുന്നു എന്നും മണ്ണില്‍തൊട്ടു നില്‍ക്കാനിഷ്ടപ്പെട്ടയാള്‍. അന്നെനിക്ക് അച്ഛനോട് വലിയ ദേഷ്യമൊക്കെ തോന്നിയെങ്കിലും അച്ഛന്‍ എന്തോ ഉദ്ദേശിച്ചു തന്നെ ചെയ്തതാണങ്ങനെ. മുംബൈ എന്ന നഗരത്തെപ്പറ്റി വേറൊരു കാഴ്ചപ്പാടു നല്‍കാന്‍ അച്ഛനോടൊത്തുള്ള ആ യാത്ര സഹായിച്ചിട്ടുണ്ട്. പിന്നീടും ഞാന്‍ മുംബൈയില്‍ പോയിട്ടുണ്ട്. ചേച്ചിക്ക് അവിടെ ജോലിയായിരുന്നു. ശരിക്കും സമ്പന്നര്‍ക്കുമാത്രമേ മുംബൈ സ്വപ്‌നം പൂവണിയിപ്പിക്കുന്ന നഗരിയാവുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് അതു വെറുമൊരു ഇല്യൂഷന്‍ മാത്രമാണ്. ഞങ്ങളും തിരിച്ചറിഞ്ഞ സത്യമാണത്. പിന്നീട് സിനിമ കണ്ടപ്പോഴും ആ വസ്തുത ബോധ്യപ്പെട്ടു. മുംബൈയില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍ സിനിമ കണ്ടു നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ നിന്നെല്ലാം സിനിമയില്‍ കാണിച്ചത് പതിരായില്ല എന്നു ഞങ്ങള്‍ക്കു ബോധ്യം വന്നതാണ്. അവിടത്തുകാര്‍ പറയുമ്പോഴാണല്ലോ ഇത്തരമൊരു സിനിമയ്ക്ക് ശരിക്കും മൂല്യമുണ്ടാവുന്നത്. അവരില്‍ പലരും കണ്ടിട്ടു പറഞ്ഞു, ഇതാണ് വാസ്തവം. ഈ നഗരം ഇങ്ങനെയൊക്കെത്തന്നെയാണെന്ന്.

മൂലധനത്തിന്റെയും ആണധികാരത്തിന്റെയും മാത്രം വേരോട്ടമുള്ള മുഖ്യധാരാ സിനിമകള്‍ക്കിടയില്‍ നിന്ന് ഒരര്‍ത്ഥത്തില്‍ പെണ്‍കൂട്ടായ്മയുടെ ഒരു കൊച്ചു സിനിമയായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാനിലെത്തുകയും അവിടെ ചരിത്രവിജയം രചിക്കുകയും ചെയ്യുന്നതോടെയാണ് നമ്മുടെ മാധ്യമങ്ങളും ചലച്ചിത്ര വ്യവസായവും പോലും അതിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഈ സിനിമയെ ഇത്രയും ഉയരങ്ങളിലെത്തിക്കുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങളോരോരുത്തര്‍ക്കും വലിയ കഠിനാധ്വാനം ഏറ്റെടുക്കേണ്ടിവന്നിരിക്കില്ലേ?
അതിപ്പോള്‍ അതിന്റെ ഓഡിഷനില്‍ തുടങ്ങിയ വെല്ലുവിളികളുണ്ട്. ഇത്രയും വര്‍ക്ക് ഷോപ്പുകള്‍ക്കു സമയം മാറ്റിവയ്ക്കാന്‍ പറ്റില്ലെന്നറിയിച്ചവരുണ്ട്. റിഹേഴ്‌സലുകള്‍ക്കു തയാറല്ലെന്നു പറഞ്ഞവരുണ്ട്. വര്‍ക്ക്‌ഷോപ്പ് കൂടുതല്‍ ചെയ്തവര്‍ ഞാനും കനിയുമാണ്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ശരിക്കും ആളുകള്‍ തമ്മിലുള്ള, ഒരേ മനസുള്ള കലാകാരന്മാരും സാങ്കേതികവിദഗ്ധരും തമ്മിലുള്ള അര്‍ത്ഥവത്തായൊരു കൊളാബറേഷന്റെ ഫലമാണെന്നതാണു നേര്.അതാണ് അതിന്റെ സക്‌സസ് എന്നും തോന്നിയിട്ടുണ്ട്.കൊളാബറേഷന്‍ എന്ന വാക്ക് ഈ സിനിമയിലെ അണിയറക്കാരെ സംബന്ധിച്ച് ഏറെ അര്‍ത്ഥവത്തായി തോന്നിയിട്ടുണ്ട്. അസോഷ്യേറ്റായ റോബിനൊക്കെ ഒന്നര രണ്ടു വര്‍ഷം ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധായിക മലയാളിയല്ല. നായികമാര്‍ മലയാളികളും. സിനിമയുടെ എണ്‍പതു ശതമാനം മലയാളത്തിലും. അതുകൊണ്ടു തന്നെ മലയാളത്തില്‍ അത്രകണ്ടു പണിയെടുക്കണം. അതൊക്കെ ഇപ്പറഞ്ഞ കൊളാബറേഷന്‍ വഴി മാത്രം സാധ്യമായതാണ്.
പിന്നെ കാനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എനിക്കു തോന്നിയിട്ടുള്ളത് ഇതൊരു ഫ്രഞ്ച് സംയുക്ത സംരംഭമായത് ഗുണം ചെയ്തു എന്നതാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ഒരിന്ത്യന്‍ സിനിമയും ആ നിലവാരത്തിലുണ്ടായിട്ടില്ല എന്നു പറയാനാവില്ല. അതു ശരിയുമല്ല. ഇതുപക്ഷേ, പായലിന്റെ ട്രാക്ക് റെക്കോര്‍ഡും ഒരു കാരണമായിരുന്നിരിക്കാം. നേരത്തേ ഡോക്യുമന്ററിക്ക് കാനില്‍ അവാര്‍ഡ് നേടിയ ആളാണല്ലോ അവര്‍. തീര്‍ച്ചയായും അത്തരം പല ഘടകങ്ങളും കൂടി ഒത്തുവന്നതുകൊണ്ടാണ് ഈ സിനിമ അങ്ങനെ ഒരു തലത്തില്‍ എത്തപ്പെട്ടത്. തീര്‍ച്ചയായും സിനിമയുടെ ക്വാളിറ്റി മുഖ്യവിഷയം തന്നെയാണ്. ഛായാഗ്രഹണമായാലും ശബ്ദസന്നിവേശമാണെങ്കിലും, സാങ്കേതികവിഭാഗങ്ങളെല്ലാംതന്നെ വിട്ടുവീഴ്ചകൂടാതെ എത്രത്തോളം പെര്‍ഫെക്ട് ആക്കാമോ അത്രയ്ക്കും നന്നാക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ വശങ്ങളെയും അത്രമേല്‍ സൂക്ഷ്മമായി ശ്രദ്ധിച്ചു പൂര്‍ത്തിയാക്കിയ സിനിമയാണത്.

കാനിലെ വേദിയേയും റെഡ്കാര്‍പ്പറ്റ് അടക്കമുള്ള അവസരങ്ങളെയും ചില നിലപാടുകള്‍ വെളിപ്പെടുത്താന്‍ വരെ ഉപയോഗിച്ചുകൊണ്ടാണു നിങ്ങള്‍ നാലു പെണ്ണുങ്ങള്‍ ലോകശ്രദ്ധ നേടിയത്. ഗ്‌ളാമറിനപ്പുറം, അവാര്‍ഡ് കിട്ടുമെന്നു പോലുമറിയാതെ, അവിടെയെത്തിയും ആ ലോകവേദിയില്‍ അങ്ങനെ തിളങ്ങാന്‍ എങ്ങനെ സാധിച്ചു. അതിനു മുന്‍കൂട്ടിയുള്ള ബോധപൂര്‍വമായ തയാറെടുപ്പുകളെന്തെങ്കിലുമുണ്ടായിരുന്നോ?
സത്യത്തില്‍ ഇല്ലെന്നുള്ളതാണു സത്യം. എന്തൊക്കെയാണവിടെ ഞങ്ങള്‍ കാട്ടിക്കൂട്ടിയത് എന്നു പോലും ഓര്‍മ്മയില്ല. അത്രയ്ക്ക് ത്രില്ലിലായിരുന്നു ഞങ്ങള്‍. പിന്നെ അതിന്റെ ഒരു മൈന്‍ഡ് സെറ്റുണ്ട്. കോമണായൊരു മൈന്‍ഡ്‌സെറ്റ്. ഒരേ മനസ്‌കരായ കുറച്ചുപേര്‍ ചേര്‍ന്നു നമ്മളൊരു സിനിമയുണ്ടാക്കുന്നു. ആ സംഘത്തിലെ എല്ലാവര്‍ക്കും പൊതുവായ പലതുമുണ്ടെന്നു തോന്നിയിട്ടുണ്ട്. ഒരു റാപ്പോ ആ ഡൈനാമിക്‌സിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കും ഞങ്ങള്‍ മുന്നോട്ടു വച്ച രാഷ്ട്രീയത്തിലും നിലപാടുകളിലും ഞങ്ങള്‍ക്ക് ഭിന്നതകളേക്കാള്‍ ഐക്യമായിരുന്നു കൂടുതല്‍.
പിന്നെ ഈ റെഡ് കാര്‍പ്പെറ്റുപോലുള്ള സംഗതികളും അതിന്റേതായ ചില പ്രോട്ടോക്കോളുകളും...അതൊക്കെയായിരുന്നു രസം. അതൊക്കെ ആസ്വദിച്ചുവെങ്കിലും എന്നെപ്പോലൊരാള്‍ക്ക് അതല്‍പ്പം സ്‌ട്രെസ്സ് കൂടിയായിരുന്നു. സിനിമയ്ക്കപ്പുറം ഫോക്കസ് കൂടുതലും അത്തരം കാര്യങ്ങൡലേക്കായിപ്പോകുമോ എന്നൊക്കെയായിരുന്നു ആശങ്ക. കൂടുതല്‍ സമയം അതിനു വേണ്ടി ചെലവഴിക്കേണ്ടിവന്നു. പിന്നെ അതു സിനിമയുടെ ഒരാഘോഷമെന്ന നിലയ്ക്ക് അല്‍പം സര്‍റിയലായിത്തന്നെ നിന്നു. ഞങ്ങളെല്ലാവരും വേറേതൊക്കെയോ ഉടുപ്പുകളൊക്കെയിട്ട്, എന്തൊക്കെയോ നൃത്തം ചെയ്ത് ആകെ ഒരു ഭ്രമാത്മകമായ അന്തരീക്ഷം. ഞങ്ങള്‍ തന്നെ പരസ്പരം നോക്കി അന്തം വിട്ടിട്ടുണ്ട്-ങേ ഇതു നമ്മള്‍ തന്നെയാണോ എന്ന്! അതും ഒരു രസം.പിറ്റേന്ന് സോഷ്യല്‍ മീഡിയയില്‍ കാണുമ്പോഴാണ് എന്താ നമ്മളവിടെ ചെയ്തത് എന്നാലോചിച്ചു പോയത്. പക്ഷേ രസകരമായൊരു എന്‍ജോയ്‌മെന്റ് തന്നെയായിരുന്നു അത്. സംശയമില്ല.പ്രധാനപ്പെട്ടൊരോര്‍മ്മ, ആ സിനിമ ഞങ്ങള്‍ പൂര്‍ണരൂപത്തില്‍ ആദ്യം കാണുന്നത് കാനില്‍ വച്ചാണെന്നതാണ്.
പിന്നെ സിനിമയുമായി ഈയിടെ സ്‌പെയിനില്‍ പോയിരുന്നു. അവിടെ സാന്‍ സെബാസ്റ്റിയന്‍ ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനു ശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റം? ആളുകളുടെ, ഇന്‍ഡസ്ട്രിയുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
പലതും പുതുതായി പഠിക്കാനായി എന്നത് വ്യക്തിപരമായി ഉണ്ടായ നേട്ടം. പക്ഷേ, ആളുകളുടെ സമീപനത്തില്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയുടെ കാഴ്ചപ്പാടില്‍ എന്താണ് മാറിയത് എന്നറിയാന്‍ ഞാനും കാത്തിരിക്കുകയാണ്. കൂടുതല്‍ മികച്ച അവസരങ്ങളിലൂടെയാണല്ലോ അത്തരം മാറ്റങ്ങള്‍ വെളിവാകേണ്ടത്. സിനിമയുടെ പ്രചാരണവുമായി ഫ്രാന്‍സിലും പിന്നെ മറ്റു പല ഫെസ്റ്റിവലുകളിലുമായി നിരന്തരം യാത്രയിലായിരുന്നതുകൊണ്ട് അങ്ങനെയെന്തെങ്കിലുമുണ്ടായതായി അറിയാന്‍ സാധിച്ചിട്ടില്ല. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മലയാളം വേര്‍ഷന്‍ ഉടനെ റിലീസാവുകയാണല്ലോ. അതെങ്ങനെ സ്വീകരിക്കപ്പെടുമെന്നുമറിയണം. മികച്ച വേഷങ്ങള്‍ കിട്ടുന്നതിലൂടെയാണ് ഒരു നടി അംഗീകരിക്കപ്പെടുകയെന്നാണ് തോന്നുന്നത്. അങ്ങനെ കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും മാറ്റമുണ്ട് എന്നു പറയാനാവൂ.

ഇടയ്‌ക്കൊരു നാടകത്തിലും വേഷമിട്ടു...
2019ല്‍ എ വെരി നോര്‍മ്മല്‍ ഫാമിലി എന്ന പേരില്‍ ഒരു നാടകത്തില്‍ ഞാനഭിനയിച്ചിട്ടുണ്ട്. മോളിയമ്മ എന്നൊരു കഥാപാത്രമായിരുന്നു. ഇംഗ്‌ളീഷിലും മലയാളത്തിലുമായി ഫ്രാന്‍സിസ് തോമസ് എഴുതി റോഷന്‍ മാത്യു സംവിധാനം ചെയ്‌തൊരു ബ്‌ളാക്ക് കോമഡി നാടകമായിരുന്നു അത്. കനിയും ദര്‍ശന രാജേന്ദ്രനും ശാന്തിയും രാജേഷ് മാധവനും സിദ്ധാര്‍ത്ഥും, ശ്യാമും സഞ്ജയും ഞാനുമടങ്ങുന്ന ഒരു സംഘം അഭിനേതാക്കള്‍. തിരുവനന്തപുരത്തു സൂര്യ ഫെസ്റ്റിവലില്‍ ഗണേശത്തില്‍ അതിന്റെ കേരളത്തിലെ അവതരണം നടന്നിരുന്നു. നാടകത്തിലഭിനയിക്കണമെന്നത് എന്റെ മോഹമായിരുന്നു. അങ്ങനെ എന്തെങ്കിലും അവസരമുണ്ടെങ്കിലറിയിക്കണമെന്നു പലരോടും പറഞ്ഞു. അതിനിടെയാണു കനി വഴി ഈ നാടകത്തെപ്പറ്റി അറിയുന്നതും ഓഡിഷനു പോകുന്നതും. കുറച്ചു വെല്ലുവിളിയുള്ള കഥാപാത്രമായിരുന്നു. തമാശയൊക്കെയുണ്ടെങ്കിലും ചില ആചാരങ്ങളൊക്കെ വേദിയില്‍ കാണിക്കേണ്ടതുണ്ടായിരുന്നു. എന്നിലെ നടിക്കു പല പുതിയ ഉള്‍ക്കാഴ്ചയും സമ്മാനിച്ചതായിരുന്നു ആ നാടകാനുഭവം.

ഏതു തരം വേഷമാണ് ഇനി ചെയ്യണമെന്നാഗ്രഹിക്കുന്നത്?
എനിക്കു കോമഡി ചെയ്യണമെന്നാഗ്രഹമുണ്ട്. റോഷന്റെ നാടകത്തില്‍ ഞാന്‍ ചെയ്ത വേഷം സ്‌റ്റേജില്‍ ലൈവായി ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. അതുപോലെ സിനിമയിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നൊരു വേഷം. പക്കാ കൊമ്മേഴ്‌സ്യല്‍ സിനിമകളിലും അഭിനയിക്കണമെന്നുണ്ട്. അതൊക്കെ ഓരോരോ രസങ്ങളാണല്ലോ. വെര്‍സറ്റൈല്‍ ആവണമെങ്കില്‍ എല്ലാത്തരം വേഷവും ചെയ്യണം.കമ്പോള-കലാ വേര്‍തിരിവില്ലാതെയാണ് ഞാനിതേവരെയുള്ള സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് അധികവും ഞാന്‍ ചെയ്ത ഇന്‍ഡിപെന്‍ഡന്റ് സിനിമകളാണെന്നേയുള്ളൂ. എനിക്ക് അല്ലു അര്‍ജുന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നുണ്ട് എന്നു പറഞ്ഞാല്‍ ഞാനുദ്ദേശിക്കുന്നത് വ്യക്തമാകും.(ചിരി)




Participation at IFFI Goa 2024

Smt Vrunda Manohar Desai,Jt Secretary, Films NFDC Ministry of I&B felicitating me for being the member of the preview committee of web series ott at the55th IFFIGoa.

Have also associated with the festival as the Editor of the IFFI 2024 Catalogue as its Editor (Indian Cinema)

https://www.instagram.com/reel/DC4KaVEtt56/?igsh=bXMzZzgydjExcGJ0

https://www.facebook.com/share/r/15gWkRqyq9/

മികച്ചൊരു അനുഭവമായിരുന്നു ഗോവയിലവസാനിച്ച രാജ്യാന്തര മേള. ഇതാദ്യമായി മേളയുടെ ഫെസ്റ്റിവല്‍ കാറ്റലോഗിന്റെ ഉള്ളടക്ക നിര്‍മ്മിതിയിലും സഹകരിക്കാനായി. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കാറ്റലോഗ് എഡിറ്ററായിരുന്നതിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്തരമൊരു ദൗത്യം.സുഹൃത്തും ചലച്ചിത്രകാരനുമായ ശ്രീ ശിവറാം മണിയാണ് പബ്‌ളിക്കേഷന്‍ യൂണിറ്റിന്റെ ചുമതലക്കാരനെന്ന നിലയ്ക്ക് ഈ ദൗത്യം എന്നെ ഏല്‍പ്പിച്ചത്. സമയത്തു തന്നെ വലിയ കുറവുകളില്ലാതെ അതു പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥതയുണ്ട്.
























പറുദീസയിലെ പ്രകാശസ്വപ്‌നങ്ങള്‍


Published in Kala Poornna Onam Special 2024

ഓള്‍ വീ ഇമാജിന്‍ ആസ് നൈറ്റും പാരഡൈസും മുന്‍നിര്‍ത്തി ഒരു ചിന്ത

എ.ചന്ദ്രശേഖര്‍

മലയാളികളുമായി പ്രത്യക്ഷമായോ അല്ലാതെയോ ബന്ധമുള്ള ലോകമെമ്പാടുമുള്ള മനുഷ്യരെപ്പറ്റി മലയാള സിനമകളുണ്ടായിട്ടുണ്ട്. 1967ല്‍ എം.ടി.യുടെ തിരക്കഥയില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത നഗരമേ നന്ദിയില്‍ തുടങ്ങി, തൊഴില്‍തേടി മുംബൈയ്ക്കും ചെന്നൈയ്ക്കും ചേക്കേറിയവരുടെ ചലച്ചിത്ര കഥനങ്ങള്‍ പിന്നീട് ഗള്‍ഫിലെയും യൂറോപ്പിലെയും ഈസ്റ്റ് ആഫ്രിക്കയിലെയും പ്രവാസി ജീവിതങ്ങളിലേക്കു വരെ നീണ്ടു. ഏറ്റവുമൊടുവില്‍, 2023ല്‍ ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട പ്രവാസനോവലായ ആടുജീവിതത്തിനു ബ്‌ളെസി നല്‍കിയ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ജനുസില്‍ ഏറെ ജനപ്രീതി നേടിയത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഏഴാം കടലിനക്കരെ, ശുഭയാത്ര, മഗ് രിബ്, ഗര്‍ഷോം, ഗദ്ദാമ, ഉദയം പടിഞ്ഞാറ്, ഡോളര്‍, ഡ്രാമ,  കടല്‍ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയവയൊക്കെ ഇത്തരത്തില്‍പ്പെട്ട സിനിമകളുമാണ്. 

മലയാളികളല്ലാത്തവരുടെ ജീവിതവും നമ്മുടെ സിനിമ വിഷയമാക്കിയിട്ടുണ്ട്. ഇവയൊക്കെ മലയാളിയുടെ കാഴ്ചപ്പാടില്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ തന്നെ നമ്മുടെ ഭാഷയിലൊരുക്കിയ സിനിമകളായിരുന്നു. എന്നാല്‍ ഈയിടെ മലയാളികളല്ലാത്ത അന്യ സംസ്ഥാനക്കാരിയും, അന്യ രാജ്യക്കാരനും മലയാളികളെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടു നിര്‍മ്മിച്ച മലയാളം എന്നു തന്നെ പറയാവുന്ന, രാജ്യാന്തര പ്രസിദ്ധി നേടിയ രണ്ടു സിനിമകള്‍ അതുകൊണ്ടുതന്നെ വേറിട്ട ദൃശ്യാനുഭവത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണ്. പ്രസന്ന വിത്തനാഗെ രചിച്ചു സംവിധാനം ചെയ്ത പാരഡൈസ് (2024), പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈ (2023) എന്നീ സിനിമകള്‍, മലയാളികളല്ലാത്തവരുടെ കാഴ്ചപ്പാടില്‍ മലയാളികളെ കേന്ദ്രീകരിച്ച് ഏറെക്കുറേ മലയാളത്തില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.

മുംബൈയില്‍ ജീവിതം തേടുന്ന രണ്ട് യുവ മലയാളി നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 'ഈ നഗരം സ്വപ്‌നങ്ങളുടേതല്ല, മറിച്ച് മായക്കാഴ്ചകളുടേതാണ്. അതിന്റെ ഭ്രമാത്മകതയില്‍ വിശ്വസിച്ചേ തീരൂ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്തായിപ്പോകും'എന്ന അശരീരി സംഭാഷണത്തിലാണ് സിനിമ തുടങ്ങുന്നത്. ചന്തയിലും തെരുവിലും അലയുന്ന ക്യാമറ ഒടുവില്‍ സബര്‍ബന്‍ ട്രെയിനില്‍ നായികമാരിലേക്കു കേന്ദ്രീകരിക്കുന്നു. തിരക്കേറിയ ആശുപത്രിയിലെ സീനിയര്‍ നഴ്‌സാണ് പ്രഭ(കനി കുസൃതി). വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം കഴിഞ്ഞ് വൈകാതെ ഭര്‍ത്താവ് ജര്‍മ്മനിയിലേക്ക് പോയി.  ഒരു വര്‍ഷത്തിലേറെയായി ആയാളുടെ യാതൊരു വിവരവുമില്ല. അവസാനമായി വിളിച്ചത് എപ്പോഴാണെന്ന് പോലും അവള്‍ക്കോര്‍ മ്മയില്ല. പങ്കാളിയുമായി അകന്നിട്ട് മാസങ്ങളായെങ്കിലും എന്നെങ്കിലും അയാള്‍ വന്നു സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷ അവള്‍ക്കുപേക്ഷിക്കാന്‍ കഴിയുന്നില്ല. മറ്റൊരു ബന്ധത്തിനായി കൊതിക്കുന്നുണ്ടെങ്കിലും അവളത് കടിച്ചമര്‍ത്തുകയാണ്. അസാമാന്യമായ കൈയടക്കത്തോടെയാണ് കനി കുസൃതി ഈ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നതെന്നും വികാരങ്ങള്‍ കടിച്ചമര്‍ത്തിക്കൊണ്ടുള്ള കനിയുടെ അഭിനയത്തില്‍ പാരമ്പര്യം കുടഞ്ഞെറിയാന്‍ വിസമ്മതിക്കുന്ന സ്ത്രീയുടെ മൗനവേദനയുടെ മുഴുവന്‍ ആഴവുമുള്‍ക്കൊളളുന്നതായും ദേബഞ്ചന്‍ ധര്‍ നിരീക്ഷിക്കുന്നു. (അഹഹ ണല കാമഴശില അ െഘശഴവ േഅ േഇമിില:െ ജമ്യമഹ ഗമുമറശമ' െവെശാാലൃശിഴ, ൗിളീൃഴലേേമയഹല ീറല ീേ ങൗായമശ യഹീീാ െംശവേ ൃീാമിരല മിറ ാ്യേെലൃ്യ, ംംം.ീേേുഹമ്യ.രീാ). പ്രഭയുടെ ഹിന്ദി അത്രയൊന്നുമറിയാത്ത കാമുകനായ മലയാളി,ഡോ മനോജിന്റെ വേഷത്തിലെത്തുന്നത് മിമിക്രി സ്‌കിറ്റ് വേദികളിലൂടെ സിനിമയിലെത്തി നടന്‍ അസീസ് നെടുമങ്ങാടാണ്.  

പ്രഭയുടെ മുറി പങ്കിടുന്ന ജൂനിയര്‍ നേഴ്‌സാണ് അനു(ദിവ്യപ്രഭ). പ്രഭയുടെ ആശുപത്രിയില്‍ തന്നെ ജോലിചെയ്യുന്ന അവളാവട്ടെ വേറൊരു തരക്കാരിയാണ്. മാതാപിതാക്കളുടെ വിവാഹാ ലോചനകളെ അവഗണിച്ച് മുസ്ലിമായ ഷിയാസുമായി (ഹൃദു ഹരൂണ്‍), തീവ്രപ്രണയത്തിലാണവള്‍. ജാതീയത മുമ്പെന്നത്തേയുംകാള്‍ സ്വാധീനം ചെലുത്തുന്ന സമകാലിക സാമൂഹികാവ സ്ഥയില്‍ അവരുടെ പ്രണയമുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചവള്‍ ബേജാറിലാണ്.  ബാധ്യതയായി മാറിയ ഭൂതകാലത്തിന്റെ ബന്ധനങ്ങളില്‍ നിന്നു വിമുക്തയാവാത്തതാണ് പ്രഭയുടെ പ്രശ്‌നമെങ്കില്‍ അനുവിന്റെ പ്രതിസന്ധി അനിശ്ചിത ഭാവിയാണ്. വിദേശത്തേക്കു കടക്കാന്‍ കോവിഡ് കാലത്ത് ഡല്‍ഹിയില്‍ തങ്ങേണ്ടിവരുന്ന ദമ്പതികളുടെ കഥ പറഞ്ഞ അറിയിപ്പില്‍ കുഞ്ചാക്കോ ബോബന്റെ നായികയായുള്ള പ്രകടനം ഒടിടിയില്‍ കണ്ടാണ് തന്റെ അനുവിനെ അവതരിപ്പിക്കാന്‍ സംവിധായിക ദിവ്യപ്രഭയെ തെരഞ്ഞെടുത്തത്. 

ആശുപത്രിയില്‍ പ്രഭയുടെയും അനുവിന്റെയും പരിചരണത്തില്‍ കഴിയുന്ന മൂന്നാമത്തെ നായിക പാര്‍വതിക്കും (ഛായാ കദം) അസ്ഥിരമായ ഭാവി തന്നെയാണുള്ളത്. വികസനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളില്‍ അതിവേഗം നടക്കുന്ന നഗരവത്കരണത്തില്‍ വാസ്തുഹാരയാക്കപ്പെടാന്‍ വിധിക്കപ്പെടുകയാണവര്‍. വിസകനത്തിന്റെ ഇര. കോട്ടണ്‍ മില്‍ തൊഴിലാളിയായി അന്തരിച്ച ഭര്‍ത്താവിന്റെ നീക്കിയിരിപ്പാണ് ആ ചെറിയ കൂര. നഗരാംബരങ്ങളെ മൂടാനുയരുന്ന ബഹുനില ഫ്‌ളാറ്റുകള്‍ക്കുവേണ്ടി അവള്‍ കുടിയിറക്കപ്പെടുകയാണ്. ഭൂമിയിന്മേല്‍ പാര്‍വതിയുടെ പക്കല്‍ അവകാശരേഖകളൊന്നുമല്ല. കുടിയൊഴിപ്പിക്കലിന്റെ സമാന്തര പ്രമേയത്തിലൂടെ, തലമുറകളായി നഗരങ്ങളില്‍ സേവനമനുഷ്ഠിച്ചും അവ വളര്‍ത്തെടുത്തുമുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജീവിതങ്ങളുടെ അസ്ഥിരതയും അര്‍ത്ഥരാഹിത്യവും ക്ഷണികതയും സംവിധായിക വ്യക്തമാക്കുന്നു. അഖില്‍ സത്യന്റെ പാച്ചുവും അദ്ഭുതവിളക്കുമി(2023)ലെ വിനീതിന്റെ അമ്മയായ നാനിയുടെ വേഷത്തിലൂടി മലയാളികള്‍ക്ക് അടുത്തറിയാവുന്ന നടിയാണ് ഛായ.

വിവിധ കാരണങ്ങളാല്‍ സ്വയം നഷ്ടപ്പെടുന്ന മൂന്നു സ്ത്രീകള്‍ അവരുടെ സ്വത്വം തിരിച്ചറിയുന്നിടത്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് അവസാനിക്കുന്നത്. അതാകട്ടെ, സ്വപ്‌നസമാനമായ പല വിശ്വാസങ്ങളുടെയും വ്യാജധാരണകളുടെയും ഉടച്ചുവാര്‍ക്കലായിത്തീരുന്നുണ്ട്. മഹാനഗരത്തിലെ ഉറുമ്പുസമാനരായ മനുഷ്യരുടെ അന്തഃസംഘര്‍ഷങ്ങള്‍ അത്രമേല്‍ ഹൃദയദ്രവീകരണശക്തിയോടെ പകര്‍ത്തിയെന്നതിലുപരി, വ്യത്യസ്ത മാനസിക നിലകളില്‍പ്പെട്ട മൂന്നു സ്ത്രീകളുടെ മനസിന്റെ ആഴങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതിലാണ് പായല്‍ കപാഡിയ എന്ന തിരക്കഥാകൃത്തിന്റെ, ചലച്ചിത്രകാരിയുടെ വിജയം. സ്ത്രീജീവിതത്തിന്റെ അന്തരാഴങ്ങള്‍ ഏതൊരു പുരുഷനേക്കാളുമധികം ആവിഷ്‌കരിക്കാനാവുക ഒരു സ്ത്രീക്കു തന്നെയാണെന്ന് പായല്‍ തെളിയിക്കുന്നു. നാടും വീടും വിട്ടകന്നു ജീവിക്കുന്നവര്‍ സ്വന്തം കുടുംബവും ജീവിതവും ചേര്‍ത്തുപിടിക്കാന്‍ വേണ്ടി പെടുന്ന പെടാപ്പാടുകളുടെ നേരാഖ്യാനമാണീ സിനിമ. മിന്നുതെല്ലാം പൊന്നല്ല എന്ന് നഗരജീവിതത്തിന്റെ ഈ നേര്‍ക്കാഴ്ചകളിലൂടെ പായല്‍ കാണിച്ചുതരുന്നു.

മുപ്പതു വര്‍ഷത്തിനു ശേഷം, വിഖ്യാതമായ കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു ഇന്ത്യന്‍ സിനിമ ബഹുമാനിതമായി എന്നതു മാത്രമല്ല പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (2023)യുടെ സവിശേഷത. സിനിമയിലെ പുരുഷാധിപത്യം മേളകളിലും പുരസ്‌കാരങ്ങളിലും മേധാവിത്വം തുടരുന്നതിനിടെ പെണ്‍കൂട്ടായ്മയുടെ വിജയമായിക്കൂടി, പായലിന്റെ ആദ്യ കഥാചിത്രസംരംഭമായ ഈ സിനിമ ചരിത്രം തിരുത്തിയെഴുതുകയാണ്. ഷാജി എന്‍ കരുണിന്റെ സ്വമ്മി(1994)നു ശേഷം ഒരിന്ത്യന്‍ സിനിമ, അതും മലയാളികള്‍ മുഖ്യവേഷത്തിലെത്തുന്ന, മലയാളസംഭാഷണങ്ങള്‍ക്കു തുല്യപ്രാധാന്യമുള്ള ഒരു സിനിമ ഇന്ത്യയില്‍ നിന്ന് കാനില്‍ പുരസ്‌കൃതമാകുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നേട്ടമാണെന്നതില്‍ സംശയമില്ല.

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ കലാപകലുഷിതമായ ശ്രീലങ്കയില്‍ ഒരവധി ചെലവഴിക്കാനെത്തുന്ന ചെറുപ്പക്കാരായ മലയാള ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി അവിടെ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് പാരഡൈസിന്റെ ഇതിവൃത്തം.

നെറ്റ്ഫ്‌ളിക്‌സില്‍ ഒരു വെബ് പരമ്പരയ്ക്ക് സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണ് യുവസംവിധായകനായ കേശവ്(റോഷന്‍ മാത്യു). എഴുത്തുകാരിയും ബ്‌ളോഗറുമാണ് അയാളുടെ ഭാര്യ അമൃത(ദര്‍ശന രാജേന്ദ്രന്‍). അഞ്ചുവര്‍ഷത്തേക്ക് മക്കള്‍ വേണ്ടെന്നു തീരുമാനിച്ച് വിവാഹവാര്‍ഷികം സ്വസ്ഥമായി ചെലവിടാനാണ്, ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ വകവയ്ക്കാതെ, ആ സമയത്തെ ചെലവുകുറവ് പരിഗണിച്ച് അവരവിടേക്കെത്തുന്നത്. മലമുകളിലെ ഒരു ഒറ്റപ്പെട്ട റിസോര്‍ട്ടിലേക്കുള്ള കാര്‍യാത്രയിലാണ് സിനിമ ആരംഭിക്കുന്നത്. ശ്രീലങ്കന്‍ നടന്‍ ശ്യാം ഫെര്‍ണാന്‍ഡോ അവതരിപ്പിക്കുന്ന ആന്‍ഡ്രൂവാണ് അവരുടെ സാരഥിയും ഗൈഡും. രാമായണവുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിലേക്കെല്ലാം ആവേശത്തോടെ അയാളവരെ നയിക്കുന്നുണ്ടെങ്കിലും, നെറ്റ്ഫ്‌ളിക്‌സില്‍ നിന്നുള്ള ഫോണ്‍ കോള്‍ പ്രതീക്ഷിക്കുന്ന, അതിനുവേണ്ടി നിരവധി ഫോണ്‍കോളുകളിലും മെസേജുകളിലും ഏര്‍പ്പെട്ടിരിക്കുന്ന കേശവിന്റെ മനസ് അതിലൊന്നുമല്ല. അതൊക്കെ ശ്രദ്ധിക്കുന്ന അമൃതയാവട്ടെ, രാമായണ കഥയിലെ സ്ത്രീവിരുദ്ധതയെപ്പറ്റി ഒരു ഘട്ടത്തില്‍ ആന്‍ഡ്രുവിനോട് സംസാരിക്കുന്നു. സീത നായികയായ രാവണനെ നിഗ്രഹിക്കുന്ന രാമായണത്തിന്റെ മറ്റൊരു ആഖ്യാനത്തെപ്പറ്റിവരെ അവളയാളുമായി സംവദിക്കുന്നുണ്ട്. ഇതിനിടെ, രാത്രി ഉറക്കത്തിനിടെ, മുഖം മൂടി ധരിച്ച മൂന്നു കള്ളന്മാര്‍ അവരുടെ മുറിയില്‍ കയറി കത്തികാട്ടി അവരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുമൊക്കെ കവരുന്നതോടെയാണ്, പാരഡൈസ് നാടകീയമുഹൂര്‍ത്തങ്ങളിലേക്ക് വഴിപിരിയുന്നത്. അവരെക്കൂടാതെ അത്യാവശ്യം മലയാളം വശമുള്ള ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഒരു പാചകക്കാരനും, കെയര്‍ടേക്കറും തോട്ടക്കാരനും മാത്രമാണ് റിസോര്‍ട്ടിലുള്ളത്. ആദ്യദിവസം അത്താഴത്തിന് വരയാടിനെ വേട്ടയാടാന്‍ നിശ്ചയിക്കുന്ന കേശവിനെ ആദ്യം പിന്തുണയ്ക്കുന്ന അമൃത പക്ഷേ ആടിനെ മുന്നില്‍ക്കാണുന്ന നിമിഷം അവനെ പിന്തിരിപ്പിക്കുകയാണ്. ഒരു ജീവനെയും ഹനിക്കാന്‍ അവളുടെ മനസനുവദിക്കുന്നില്ല. അവരിരുവരും തമ്മിലെ മാനസികാകലം ഇങ്ങനെ പലരീതിയിലും സംവിധായകന്‍ ആദ്യം മുതല്‍ക്കേ സൂചിപ്പിക്കുന്നുണ്ട്. 

കലാപം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിന് ക്രമസമാധാനം നിലനിര്‍ത്താനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതിരിക്കെ മോഷണത്തെപ്പറ്റി പരാതിപ്പെട്ടിട്ടു കാര്യമില്ലെന്ന നിലപാടാണ് റിസോര്‍ട്ട് ജീവനക്കാരുടേത്. എന്നാല്‍ വിഷയം കേസാക്കണമെന്നു തന്നെ കേശവ് വാശിപിടിക്കുന്നു. ആന്‍ഡ്രൂവിന്റെ സഹായത്തോടെ, സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി സെര്‍ജന്റ് ബണ്ഡാരയ്ക്കു മുന്നില്‍ അയാള്‍ പരാതി സമര്‍പ്പിക്കുന്നു. അതു സ്വീകരിക്കാന്‍ കൂട്ടാക്കാത്ത അയാളെ വിഷയം ഇന്ത്യന്‍ എംബസിയെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്ന ഭീഷണിയിലൂടെ കേശവ് അനുനയിപ്പിക്കുന്നു. തുടര്‍ന്ന് സമീപത്തെ തമിഴ് ഗോത്ര ഗ്രാമത്തില്‍ പരിശോധന നടത്തി മൂന്നു ചെറുപ്പക്കാരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുന്നു. അവരെ തിരിച്ചറിയാന്‍ ആവില്ലെന്ന് അമൃത കട്ടായം പറയുമ്പോള്‍ അവര്‍ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് കേശവ്. തുടര്‍ന്നുള്ള ഭേദ്യത്തില്‍ അവരിലൊരാള്‍ ആശുപത്രിയാകുകയും വഴിയെ മരിക്കുകയുമാണ്. ഗോത്രജനതയുടെ രോഷം മുഴുവന്‍ അതിഥികളിലാവുകയും തുടര്‍ന്നു നടക്കുന്ന അതിക്രമത്തില്‍ സെര്‍ജന്റിന് വെടിയേല്‍ക്കുമ്പോള്‍ അക്രമികള്‍ക്കെതിരേ തോക്കു പ്രയോഗിക്കാന്‍ മുതിരുന്ന കേശവിനെ പിന്നില്‍ നിന്ന് വെടിവച്ചിടുന്ന അമൃതയിലാണ് സിനിമ അവസാനിക്കുന്നത്. ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ വസ്തുതകള്‍ ചിത്രത്തില്‍ അവിടവിടെയായുള്ള സൂചനകളിലൂടെ സംവിധായകന്‍ സവിദഗ്ധം വിനിമയം ചെയ്യുന്നു. അതുപോലെ തന്നെ, നിയമവാഴ്ചയുടെ പേരില്‍ ലങ്കയുടെ ഉള്ളകങ്ങളില്‍ തമിഴര്‍ക്കെതിരേ നടക്കുന്ന അതിതീവ്ര മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ചിത്രവും സിനിമ കാഴ്ചവയ്ക്കുന്നു. ദര്‍ശനയുടെ അമ്മ നീരജ രാജേന്ദ്രന്‍, മഹേന്ദ്ര പരേര, സുമിത് ഇളങ്കോ, അസര്‍ ഷംസുദ്ദീന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ എടുത്തു പറയേണ്ടത് റോഷന്റെയും ദര്‍ശനയുടെയും അഭിനയമികവുതന്നെയാണ്.ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ ക്യാമറ ആഖ്യാനത്തില്‍ ശ്രീലങ്ക എന്ന പ്രകൃതിയെക്കൂടി തുല്യമായി ചേര്‍ത്തുവയ്ക്കുന്നു. പുറമേയ്ക്കുള്ള പച്ചപ്പിനുള്ളിലെ തീവ്രമായ മനുഷ്യാവകാശലംഘനത്തിന്റെ ഇരുട്ട് ഛായാഗ്രാഹകന്‍ രൂപകമാക്കിയിരിക്കുന്നു.ശ്രീകര്‍ പ്രസാദാണ് സന്നിവേശനം. കെയുടെ പശ്ചാത്തലസംഗീതം സിനിമയുടെ വൈകാരിക തലം വളരെയേറെ മുര്‍ധന്യത്തിലെത്തിക്കുന്നതാണ്.

ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ കിം ജിസ്വേക്ക് പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങളുടെ തിളക്കത്തിലെത്തിയ സിനിമയാണിത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് അവതരിപ്പിച്ച് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച പാരഡൈസ് എഴുതി സംവിധാനം ചെയ്തത് ശ്രീലങ്കയിലെ ചലച്ചിത്രകാരന്മാരില്‍ മുന്‍നിരയിലുളള പ്രസന്ന വിത്തനാഗെയാണ്. 1991ല്‍ സിസില ഗിനിഗനീ എന്ന ചിത്രത്തിലൂടെ ചലച്ചിത്രജീവിതം തുടങ്ങിയ പ്രസന്നയുടെ അനന്ത രാത്രിയെ, പാവുരു വലലു,  ഇര മദിയമ്മ, മച്ചാന്‍, ആകാശ കുസും, ഉസവിയ നിഹന്ദൈ, തണ്ടെനെക്, ഗാഡി തുടങ്ങിയ സിനിമകള്‍ പലവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഫ്രീബര്‍ഗ്, സിംഗപ്പൂര്‍, ലെവാന്റെ ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ ലഭിച്ച ചലച്ചിത്രകാരനാണ് പ്രസന്ന.ശ്രീലങ്കയിലെ രാഷ്ട്രീയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ട് കടുത്ത സെന്‍സര്‍ഷിപ്പിനെ മറികടന്നാണ് പ്രസന്ന തന്റെ സിനിമകളോരോന്നും നിര്‍മ്മിച്ചത്.

മലയാള ദമ്പതികളല്ലായിരുന്നെങ്കില്‍ ഈ സിനിമയുടെ ആഖ്യാനകത്തിന് എന്തെങ്കിലും പോരായ്മ സംഭവിക്കുമായിരുന്നോ എന്നൊരു ചോദ്യം പ്രസക്തമാണ്. തമിഴ് വംശജര്‍ക്കു നേരേ ശ്രീലങ്കയിലെ നിയമപാലകരില്‍ നിന്നുണ്ടാവുന്ന വിവേചനപൂര്‍വമായ സമീപനം അത്രമേല്‍ വൈകാരികമാകണമെങ്കില്‍ ഇന്ത്യന്‍ ദമ്പതികള്‍ തന്നെവേണ്ടിവരുമെന്നാണ് ഉത്തരം. അതുതന്നെ തമിഴരായിരുന്നെങ്കില്‍ അവിടെ ഒരസുന്തലിതാവസ്ഥ ഉടലെടുക്കും. മലയാളികളാകുകവഴി ഈ പ്രതിസന്ധിയെയാണ് സംവിധാകന്‍ മറികടന്നിട്ടുള്ളത്.

രണ്ടു സിനിമകളിലും സംഭാഷണങ്ങള്‍ അതതു ഭാഷകളില്‍ തന്നെയാണ്. പായലിന്റെ സിനിമയില്‍ മലയാളവും ഹിന്ദിയും മറാഠിയും തനതുശൈലിയില്‍ ഇടകലര്‍ന്നു പ്രത്യക്ഷപ്പെടുന്നതുപോലെ, പാരഡൈസില്‍ മലയാളവും ഇംഗ്‌ളീഷും ഹിന്ദിയും സിംഹളയും തുല്യപ്രാധാന്യത്തോടെ പ്രയോഗിക്കപ്പെട്ടിരിക്കുന്നു.ഇതൊരു പുതിയ തുടക്കമാണെന്നു കരുതുന്നതില്‍ തെറ്റില്ല. മലയാളത്തെയും മലയാളിയേയും കേന്ദ്രീകരിച്ചുകൊണ്ട് മറ്റ് അസ്തിത്വങ്ങളിലേക്കു വെളിച്ചം വീശുന്ന ചലച്ചിത്രസംരംഭങ്ങള്‍ക്കുള്ള നാന്ദി. അങ്ങനെയായാലും അല്ലെങ്കിലും ഈ സിനിമകള്‍ മികച്ച കാഴ്ചാനുഭവങ്ങളാണെന്നതാണ് വസ്തുത.