Friday, August 09, 2024

അനന്യനടനകാന്തിയുടെ ജയഭേരി

Nava Prathichaya Fortnightly August 2024
എ.ചന്ദ്രശേഖര്‍

വെളുപ്പും കറുപ്പും പോലെ നന്മതിന്മകളുടെ വൈരുദ്ധ്യങ്ങളിലാണ് ഇന്ത്യന്‍ സിനിമയിലെ, മലയാള സിനിമയിലെയും നായികാസങ്കല്‍പം സൃഷ്ടിക്കപ്പെട്ടത്. ഭാരതസ്ത്രീതന്‍ ഭാവവിശുദ്ധിയോടെ സൃഷ്ടിക്കപ്പെട്ട സര്‍വംസഹകളും ത്യാഗികളുമായ കുലസ്ത്രീകള്‍ നായികമാരും, മാംസളതയും മാദകത്വവും കൈമുതലായ തെറിച്ച പെണ്ണ് പ്രതിനായികമാരുമായിട്ടാണ് മലയാള സിനിമയിലെ നായികാകര്‍തൃത്വങ്ങള്‍ തുടക്കം മുതല്‍ക്കെ വിഭജിക്കപ്പെട്ടത്. തിരുവിതാംകരൂര്‍ സിസ്റ്റേഴ്‌സും,കെ.ആര്‍.വിജയയും, ശാരദയും പോലുള്ള കണ്ണീര്‍പുത്രികളായിരുന്നു മലയാളത്തിന്റെ സതി-സാവിത്രിമാരെങ്കില്‍, വിജയശ്രീയും സാധനയും ഉണ്ണിമേരിയുമൊക്കെയായിരുന്നു മദാലസമാരായി പുരുഷകാമനകളുടെ ഉറക്കംകെടുത്തിയത്. എന്നാല്‍ ഷീലയുടെയും ജയഭാരതിയുടെയും കടന്നുവരവോടെ, നായികാസങ്കല്‍പത്തിന്റെ ഈ വാര്‍പ്പുമാതൃകകള്‍ ഉടച്ചുവാര്‍ക്കപ്പെട്ടു. സദാചാരമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കുലസ്ത്രീ-കുലട വിഭജനത്തെ ശരീരം കൊണ്ടും അനന്യമായ നടനകാന്തികൊണ്ടും അവര്‍ മറികടന്നു.ചെറുപ്പക്കാരടക്കമുള്ള പുരുഷന്മാരുടെ രതികാമനകളിലെ സ്വപ്‌നനായികമാരായിരിക്കെത്തന്നെ, കുടുംബപ്രേക്ഷകരുടെ മുഴുവന്‍ ആരാധന നേടിയെടുക്കാന്‍ സാധിക്കുക വഴി മാതൃകാവാര്‍പ്പു തന്നെ തച്ചുടയ്ക്കുകയായിരുന്നു അവരിരുപേരും. അതില്‍ത്തന്നെ, ഒരു പെണ്ണിന്റെ കഥ, അഗ്നിപുത്രി, ശരശയ്യ, ചെമ്മീന്‍ പോലുള്ള കനപ്പെട്ട വേഷങ്ങള്‍ ആദ്യകാലത്തു തന്നെ കിട്ടിയതും സത്യന്‍ അടക്കമുള്ളവരുടെ നായികാവേഷങ്ങള്‍ കിട്ടിയതും ഷീലയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു. എന്നാല്‍ ജയഭാരതിയുടെ കാര്യം അങ്ങനെയായിരുന്നില്ല. ഏറെ ബുദ്ധിമുട്ടി, കിട്ടിയ കഥാപാത്രങ്ങളെ അനായാസമായി ഉള്‍ക്കൊണ്ടാണ് അവര്‍ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അതുകൊണ്ടുതന്നെയാണ് അവരുടെ നടനജീവിതം സമാനതകളില്ലാത്തതായത്.

അഭിനയത്തില്‍ പാരമ്പര്യമോ സിനിമയില്‍ ബന്ധുബലമോ ഇല്ലാതെ, ഈറോഡില്‍ നിന്നു പഴയ മദ്രാസിലെത്തി (ചെന്നൈ) മലയാള സിനിമ കീഴടക്കിയ അഭിനേത്രിയാണ് ജയഭാരതി. അതിനവര്‍ക്ക് പിന്‍ബലമേകാന്‍ അക്കാലത്തെ കലാസിനിമക്കാരാരുമുണ്ടായിരുന്നില്ല. മുഖ്യധാരയിലാണ് തുടക്കം. ജനപ്രിയമുഖ്യധാരയിലാണവര്‍ വളര്‍ന്നത്. പക്ഷേ, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതിഹാസമാനങ്ങളുള്ള ഒരുപിടി കഥാപാത്രങ്ങളെ അനശ്വരമാക്കുക വഴി നടിയെന്ന നിലയ്ക്ക് അവഗണിക്കാനാവാത്തൊരോടു തന്നെ എഴുതിച്ചേര്‍ത്ത പ്രതിഭ. പ്രേംനസീറിന്റേതിനു തുല്യമായ തിരജീവിതമായിരുന്നു അവരുടേത്. സത്യന്റെ മരണാനന്തരം പ്രേംനസീറും മറ്റും ഷീലയുമായി നിസഹകരണത്തിലായതും ശാരദയ്ക്ക് തെന്നിന്ത്യയില്‍ നിന്നു തിരിയാന്‍ സമയമില്ലാത്തതും ജയഭാരതിയെന്ന അനുഗൃഹീത നടിക്ക് മലയാള മുഖ്യധാരയില്‍ മുന്‍നിരയിലിരിപ്പിടം നേടാന്‍ പിന്തുണയായി.അനശ്വര കഥാപാത്രങ്ങളിലൂടെ താരബിംബമായിത്തീര്‍ന്ന ജയഭാരതിക്ക് ഇക്കഴിഞ്ഞ ജൂണില്‍ സപ്തതി തികഞ്ഞപ്പോള്‍ അനുഗൃഹീതയായ ആ അഭിനേത്രിയുടെ നടനജീവിതത്തിലേക്കൊന്ന് എത്തിനോക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം

കൊല്ലം സ്വദേശി പി.ജി.ശിവശങ്കരന്‍നായരുടെയും സരളാമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തവളായി 1952 ജൂണ്‍ 28നാണ് ലക്ഷ്മിഭാരതിയെന്ന ജയഭാരതിയുടെ ജനനം. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ശിവശങ്കരന്‍ നായര്‍ക്ക് അന്ന് ഈറോഡിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ ഭാരതിയുടെ ജനനം അവിടെയായിരുന്നു. ഈറോഡ് സെന്റി റീത്ത ഹൈസ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം.ചെറുപ്പത്തിലേ കലാമണ്ഡലം നടരാജന്‍, രാജാറാം വഴവൂര്‍ സാം രാജ് പിള്ളൈ തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച ഭാരതി സംസ്ഥാനതല മത്സരങ്ങളില്‍ സമ്മാനംനേടി ശ്രദ്ധിക്കപ്പെട്ടു. നടന്‍ ജയന്‍ അവരുടെ പിതൃസഹോദരീപുത്രനായിരന്നു. ജയനുമൊത്ത് കണ്ണപ്പനുണ്ണി, കന്യക, സായൂദ്യം, അഗ്നിശരം തുടങ്ങിയ സിനിമകളില്‍ നായികയായി അഭിനയിക്കുകയും ചെയ്തു.

കോയമ്പത്തൂര്‍ കേരള കലാലയം നാടകങ്ങളില്‍ സ്ഥിരം നായികയായിരുന്ന ഷില എസ്.എസ്. രാജേന്ദ്രന്റെ കൂടെ മദ്രാസിലേക്ക് പോയപ്പോള്‍ പകരമായി ജയഭാരതി പുളിയകുളത്ത് നിന്നെത്തി. അന്ന് ജയഭാരതി യുടെ പേര് 'കോവൈ ഭാരതി' എന്നായിരുന്നു. കാട്ടൂര്‍ ബാലന്റെ 'രാഗിണി' എന്ന നാടകം കോയമ്പത്തൂര്‍ അവതരിപ്പിക്കുമ്പോള്‍ ബാലന്റെ സ്‌നേഹിതനായ പി.എന്‍.ദേവ് എന്നൊരു സിനിമാ നിര്‍മ്മാതാവ് നാടകം കാണാനെ ത്തിയിരുന്നു. അയാളുടെ കൂടെയാണ് ഭാരതി മദ്രാസിലേക്ക് പോയത്.പി.എന്‍. ദേവ് തന്നെ ജയഭാരതിയെ വച്ച് ഒരു പടമെടുത്തെങ്കിലും അത് പുറത്തുവന്നില്ല. പ്രേംനസീറിന്റെ ആത്മസുഹൃത്തും, നടനും നിര്‍മ്മാതാവുമായ മുത്തയ്യയുടെ ബല്ലാത്ത പഹയന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ബാലതാരമായിട്ടാണ് ഭാരതിയുടെ അരങ്ങേറ്റം. അതൊരു ചെറിയ വേഷമായിരുന്നു. പക്ഷേ ആ സിനിമ വര്‍ഷങ്ങളോളം വൈകിയാണ് പുറത്തിറങ്ങിയത്. അതിനു ശേഷം അഭിനയിച്ച ശശികുമാറിന്റ പെണ്‍മകള്‍(1966) അതിനും മൂന്നു വര്‍ഷം മുമ്പേ പുറത്തിറങ്ങി. കൊട്ടാരക്കര ശ്രീധരന്‍നായരുടെ മകളുടെ വേഷമായിരുന്നു അതില്‍. നവജീവന്‍ ഫിലിംസിന്റെ ''നാടന്‍പെണ്ണ്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്ന സേതുമാധവനെ ഭാരതി പരിചയപ്പെടുന്നത് പരിചയക്കാരനായ ഡ്രൈവര്‍ അരവിന്ദന്‍ വഴിയാണ്. അതില്‍ ചെറിയൊരു വേഷം കിട്ടി. 'തോക്കുകള്‍ കഥ പറയുന്നു' എന്ന ചിത്രത്തില്‍ സത്യനും ഷീലയ്ക്കുമൊപ്പം സഹനടനായ പ്രേംനസീറിന് ഒരു ജോഡിയെ വേണമായിരുന്നു. നിര്‍മ്മാതാവ് എന്‍.പി. ജോസഫിനോട് ഭാരതിയുടെ പേര് നിര്‍ദ്ദേശിച്ചതും അരവിന്ദനാണ്.തമിഴില്‍ ചിന്നംചിറു ഉലകം, പറക്കും പാവൈ തുടങ്ങിയ സിനിമകളില്‍ അതേ കാലത്ത് പ്രത്യക്ഷപ്പെട്ടുവെങ്കിലും അനുഭവി രാജാ അനുഭവി (1967) എന്ന ചിത്രത്തില്‍ നാഗേഷിനും മനോരമയ്ക്കുമൊപ്പം ചെയ്ത വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തില്‍ ആദ്യം നായികയാകുന്നത് ജനറല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ചു പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത കെ.സുരേന്ദ്രന്റെ കാട്ടുകുരങ്ങി(1969)ലെ ഗായികയായ അമ്പിളിയുടെ വേഷത്തിലൂടെയാണ്. ശാരദയും സത്യനുമായിരുന്നു പ്രധാന താരങ്ങള്‍. അവര്‍ക്കൊപ്പം നിര്‍ണായകമായൊരു കഥാപാത്രമായി ജയഭാരതി മലയാള പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം നേടിയത്.തുടര്‍ന്ന് പകല്‍ക്കിനാവ്, ഒരു സുന്ദരിയുടെ കഥ, സിന്ദൂരച്ചെപ്പ്, മരം, സുജാത, നദി,വാടകയ്‌ക്കൊരു ഹൃദയം, രതിനിര്‍വേദം, ഭൂമിദേവി പുഷ്പിണിയായി,മൂലധനം, മാപ്പുസാക്ഷി, മയിലാടുംകുന്ന, തച്ചോളിമരുമകന്‍ ചന്തു, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, രാജഹംസം, പുനര്‍ജന്മം, പഞ്ചമി, ഗുരുവായൂര്‍ കേശവന്‍, മഹാബലി അരിക്കാരി അമ്മു, അനുഭവങ്ങളേ നന്ദി, അലാവുദ്ദീനും അദ്ഭുതവിളക്കും,വിവാഹിത, സിഐഡി നസീര്‍, ഇതാ ഇവിടെവരെ,മൂന്നാംപക്കം, ധ്വനി, ദശരഥം,അഥര്‍വം, എഴുപുന്നത്തരകന്‍, ഇടനാഴിയില്‍ഒരു കാലൊച്ച, സന്ധ്യമയങ്ങും നേരം, ഒന്നാമന്‍, തുടങ്ങി നാന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.അഥര്‍വത്തിലെ മമ്മൂട്ടിയുടെ അമ്മ, മൂന്നാംപക്കത്തിലെ റഹ്‌മാന്റെ അമ്മ, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജിയുടെ ഭാര്യ, പഞ്ചമിയിലെ കാട്ടുജാതിക്കാരി, നെല്ലിലെ മാല,ഗായത്രിയിലെ കനകം...അങ്ങനെ ഭാരതിയുടെ പല വേഷങ്ങളും ഉള്‍ക്കാമ്പുകൊണ്ട് ശ്രദ്ധേയമായി.

മലയാളത്തില്‍ പ്രേംനസീര്‍, മധു, എം.ജി സോമന്‍, ജയന്‍, കെ.പി.ഉമ്മര്‍, തിലകന്‍, മമ്മൂട്ടി മുതല്‍ കൃഷ്ണചന്ദ്രന്‍ വരെയുള്ളവരുടെ നായികയായി. ദക്ഷിണേന്ത്യയില്‍ കമല്‍ഹാസന്‍, രജനീകാന്ത്, ശിവാജിഗണേശന്‍,ശിവകുമാര്‍, പ്രേംനസീര്‍, മധു, സോമന്‍ മുതല്‍ മമ്മൂട്ടിവരെയുള്ളവരുടെ നായികയായി.ഐ.വി.ശശിയുടെ അലാവുദ്ദീനും അദ്ഭുതവിളക്കും എന്ന ചിത്രത്തില്‍ കമലിനും രജനിക്കും ഒപ്പമഭിനയിക്കുകയും ചെയ്തു. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ജയഭാരതി മുഖ്യധാരയിലിടം നേടി.ആദ്യകാലത്ത് നായികയായി അഭിനയിച്ച ഭാരതി തമിഴില്‍ കമല്‍ ഹാസന്റെ മൈക്കിള്‍ മദന കാമ രാജന്‍, രജനീകാന്തിന്റെ മുത്തു തുടങ്ങിയ സിനിമകളില്‍ അവരുടെ അമ്മവേഷത്തിലും പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കര്‍ പാടിയ ഒരേയൊരു മലയാളം പാട്ട്, കദളി ചെങ്കദളി...നെല്ല് സിനിമയില്‍ പാടിയഭിനയിച്ചത് ജയഭാരതിയാണ്.

മലയാളത്തിലെ മികച്ച നായികകഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ സുനിശ്ചിതമായി അതില്‍ ജയഭാരതിയെന്ന നടിയെ അടയാളപ്പെടുത്തുന്ന അഞ്ചു വേഷങ്ങളെങ്കിലുമുണ്ടാവും. പദ്മരാജനെഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം(1978) എന്ന ചിത്രത്തിലെ രതിച്ചേച്ചി എന്ന കഥാപാത്രം തന്നെയാണ് അതില്‍ പ്രധാനം. ഒരു തലമറയുടെ അസ്ഥിയില്‍പ്പിടിച്ച കഥാപാത്രമായിരുന്നു അത്. ഭരതന്റെ തന്നെ സന്ധ്യമയങ്ങും നേരം (1984) എന്ന ചിത്രത്തിലെ മനോരോഗിയായ ജഡ്ജി ബാലഗംഗാധരമേനോന്റെ ഭാര്യ യശോദ, ഗുരൂവായൂര്‍ കേശവനിലെ (1977) നന്ദിനിക്കുട്ടി തമ്പുരാട്ടി, ഐവി ശശിയുടെ ഇതാ ഇവിടെവരെയിലെ അമ്മിണി എന്നീ വേഷങ്ങള്‍ എടുത്തുപറയേണ്ടതാണ്. 

ജയഭാരതിയിലെ അഭിനേത്രിയുടെ കഴിവു തിരിച്ചറിഞ്ഞ സംവിധായകരില്‍ ഭരതന് അതുകൊണ്ടുതന്നെ നിര്‍ണായകപങ്കാണുള്ളത്. ഐ വി ശശിയാണ് ജയഭാരതി എന്ന നടിയെ ഏറെ ആവര്‍ത്തിച്ച മറ്റൊരു സംവിധായകന്‍. പദ്മരാജനെഴുതി ശശി സംവിധാനം ചെയ്ത വാടകയ്‌ക്കൊരു ഹൃദയത്തിലെ (1978) അശ്വതി, അതേ കൂട്ടുകെട്ടിന്റെ തന്നെ ഇതാ ഇവിടെവരെ (1977)യിലെ അമ്മിണി, അനുഭവ(1976)ലെ,നായിക അയല്‍ക്കാരി(1976)യിലെ ഗീത മനസാ വാചാ കര്‍മ്മണയിലെ നായിക എന്നീ വേഷങ്ങള്‍ എടുത്തുപറയേണ്ടതാണ്. രാജഹംസം, നാഗമഠത്തു തമ്പുരാട്ടി, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, ഇന്ദ്ര ധനുസ്, പഞ്ചതന്ത്രം, നൈറ്റ് ഡ്യൂട്ടി, വെളുത്ത കത്രീന, സിഐഡി നസീര്‍, മനുഷ്യബന്ധങ്ങള്‍, ഉര്‍വശി ഭാരതി, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, അഴകുള്ള സെലീന, പാതിരാവും പകല്‍വെളിച്ചവും, പ്രസാദം, പഞ്ചമി, ചീനവല, സുജാത, ലിസ, വെള്ളായണി പരമു, ബാബുമോന്‍,രാമൂകാര്യാട്ടിന്റെ നെല്ല് പോലുള്ള ചിത്രങ്ങളില്‍ പ്രേംനസീറിനൊപ്പവും വിജയജോഡിയായി. പുലയനാര്‍മണിയമ്മ പൂമുല്ല കാവിലമ്മ, മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പാടിയഭിനയിച്ചത് ഈ ജോഡിയാണ്.

വിന്‍സെന്റ്, രാഘവന്‍, സുധീര്‍ തുടങ്ങി അക്കാലത്തു തിളങ്ങി നിന്ന എല്ലാ നായകന്മാര്‍ക്കുമൊപ്പം അഭിനയിച്ചുവെങ്കിലും സോമനോടൊപ്പമാണ് ജയഭാരതി പിന്നീട് ഒരു വിജയജോഡി ആവര്‍ത്തിച്ചത്. മലയാറ്റൂരിന്റെ നോവലിനെ അധികരിച്ച് പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയിലാണ് ആ ജോഡിയുടെ തുടക്കം. സോമന്റെ ആദ്യചിത്രമായിരുന്നു അത്. രക്തമില്ലാത്ത മനുഷ്യന്‍, അവള്‍ വിശ്വസ്തയായിരുന്നു, ഇതാ ഇവിടെവരെ,സായൂജ്യം, ഏദന്‍തോട്ടം, ജനുവരി ഒരോര്‍മ്മ, നക്ഷത്രങ്ങളേ കാവല്‍, ആരും അന്യരല്ല, കൊടുമുടികള്‍, സൂര്യപുത്രന്‍, അടിമക്കച്ചവടം, വെല്ലുവിളി, ഗുരുവായൂര്‍ കേശവന്‍, പ്രളയം തുടങ്ങിയ സിനിമകളില്‍ ഭാരതി സോമന്‍ ജോഡി ആവര്‍ത്തിക്കപ്പെട്ടു. സമകാലികയായ നടി ഷീലയുടെ കള്ളിച്ചെല്ലമ്മയെന്ന നായികയുടെ മകളായി ജി വിവേകാനന്ദന്‍ തന്നെ ജന്മം നല്‍കിയ അരിക്കാരി അമ്മു എന്ന സിനിമയില്‍ ശീര്‍ഷകവേഷമിട്ടു എന്നൊരു കൗതുകം കൂടി ജയഭാരതിക്കു മാത്രം സ്വന്തം.

പദ്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന രതിനിര്‍വേദത്തിലെ രതിയും പദ്മരാജന്‍-ഐ വി.ശശി സഖ്യത്തിന്റെ ഇതാ ഇവിടെവരെയിലെ അമ്മിയും അക്കാലത്ത് മലയാള സിനിമയുടെ സദാചാര മൂല്യനിലവാരം വച്ചു നോക്കുമ്പോള്‍ വിപ്‌ളവകരമായ തിരപ്രതിനിധാനങ്ങളായിരുന്നു. സിനിമയില്‍ കുലസ്ത്രീകള്‍ മാത്രം നായകസ്ഥാനത്തു നില്‍ക്കുകയും കുലടകള്‍ കാബറേ നര്‍ത്തകരായോ ലൈംഗികത്തൊഴിലാളികളായോ ഒക്കെ പ്രതിനായകസ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്ന കാലത്താണ് മനുഷ്യന്റെ തൃഷ്ണകാമനകള്‍ കൂടി സഹജമായി ആവഹിച്ച സാധാരണ പെണ്ണായി രതിയും അമ്മിണിയും അവതരിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും പോസ്റ്റര്‍ പ്രചരണത്തിലടക്കം മേല്‍ക്കൈ അര്‍ദ്ധനഗ്നമായ ജയഭാരതിയുടെ ചിത്രങ്ങള്‍ക്കായിരുന്നു. മലയാളിയുടെ ലൈംഗികബിംബമായിത്തന്നെ ജയഭാരതിയുടെ തിരവ്യക്തിത്വം പകരം വയ്ക്കപ്പെടുന്ന അവസ്ഥ. രതിനിര്‍വേദത്തിലെ രതി പക്ഷേ, കേവലം ലൈംഗികവസ്തു എന്നതില്‍ക്കവിഞ്ഞ വ്യക്തിത്വവും അസ്തിത്വവും ആവഹിച്ച കഥാപാത്രമായിരുന്നു. അതേപ്പറ്റി നിരൂപകന്‍ രാകേഷ് നാഥ് എഴുതുന്നു:''സൈക്കോ അനാലിസിസില്‍, വികാരതീവ്രതയെ ധിഷണാപരമായ ഈഡിപ്പസ്‌കോംപ്ലക്സിന്റെ വികാസരൂപമായി കണ്ടെത്തുന്നുണ്ട് ഫ്രോയ്ഡ്. രതിനിര്‍വേദത്തിലെത്തുമ്പോള്‍ പുരുഷന്റെ വീക്ഷണത്തില്‍ ത്തന്നെ, ലൈംഗികതയെ നിര്‍വ ചിക്കാന്‍ ശ്രമിക്കുന്ന പത്മരാജനെ നമുക്കുകാണാം. രതി നിര്‍വേദത്തില്‍, രതിയുടെ നിര്‍വേദമായി കാണേണ്ടതല്ല, അത് കൗമാരം തീണ്ടിയ പപ്പു ലൈംഗികലോകം കണ്ടെത്താന്‍ ആരംഭിക്കുന്നത് രതിയിലാണ്. പുരുഷന്റെ രതിയാണ് രതി ചേച്ചിയിലൂടെ പത്മരാജന്‍ അനലൈസ് ചെയ്യുന്നത്. സെക്‌സ് ഒരു സത്യമാമെന്നും കൂടി ഒരടിവരയിടുന്നുണ്ട് ഈ ചിത്രം.

അധുനികദശയില്‍ രതിനിര്‍വേദം ഒരു ലൈംഗികതയുടെ പഠനമായി കാണാം. സ്ത്രീയെ എത്രമാത്രം ആവിഷ്‌കരണ ത്തിലൂടെ ശക്തയാക്കാന്‍ പറ്റുന്നുവെന്ന് രതിചേച്ചി കാണി ച്ചുതരുന്നു. മനഃശാസ്ത്രത്തിന്റെ പുനര്‍നിര്‍മ്മാണമാണ് രതി എന്ന സ്ത്രീയുടെ ശരീരം. പപ്പുവിലെ അന്തര്‍ദാഹമാണ് കാമം. ആ കാമം അവന്‍ രതിചേച്ചിയില്‍ അനുരണനം ചെയ്യി ക്കുന്നു. മനുഷ്യാവസ്ഥയുടെ സംസ്‌ക്കരണത്തിലേക്കും, തിരി ച്ചറിവുകളിലേക്കും, സ്ത്രീകളുടെ മനഃശാസ്ത്രം കടന്നുചെല്ലുന്ന രീതി അതിസൂക്ഷ്മഭാവങ്ങളിലേക്ക് പത്മരാജന്‍ കാണി ച്ചുതരുന്നു. ജീവിതത്തിലെ ന്യായീകരണങ്ങളേയും സ്വബോ ധാവസ്ഥകളേയും കാറ്റില്‍ പറത്തിക്കൊണ്ട് രതിചേച്ചി പപ്പു വുമായി രതിയിലേര്‍പ്പെടാന്‍ തന്നെ കാവില്‍ വരുന്നു (ക്ലൈ മാക്‌സ്). രഹസ്യമായ ഒന്നല്ല അത്. അത് സ്ത്രീയുടെ ഐഡി ന്റിറ്റിയാണത്. ലിബിഡോ എന്ന ഘടകത്തിന്റെ വാര്‍ന്നുവീഴ ലാണ്. ഇതും ഫ്രോയ്ഡിയന്‍ ചിന്ത തന്നെ'

ഫ്രോയ്ഡിയന്‍ സങ്കല്‍പത്തിന്റെ തന്നെ മറുവശത്തു നില്‍ക്കുന്നൊരു കഥാപാത്രത്തെക്കൂടി കരിയറിന്റെ ആദ്യഭാഗത്തു ഭാരതി കൈകാര്യം ചെയ്തിട്ടുള്ളതും മറന്നുകൂടാ. മനഃശാസ്ത്രജ്ഞന്‍ എ.ടി.കോവൂരിന്റെ കേസ് ഡയറിയില്‍ നിന്ന് സേതുമാധവന്‍ മെനഞ്ഞെടുത്ത പുനര്‍ജന്മം എന്ന ചിത്രത്തിലെ കഥാപാത്രമാണത്.സ്‌നേഹിക്കുന്ന ഭര്‍ത്താവ് അരവിന്ദനുമൊത്ത് നാലുവര്‍ഷം ജീവിച്ചിട്ടും അയാളില്‍നിന്നു  പ്രതീക്ഷിക്കുന്നതൊന്നും നേടിയെടുക്കാനാവാത്ത രാധയാണാ കഥാപാത്രം. എല്ലാം വിധിയെന്ന് നിനച്ച് നിശ്ശബുവേദനകള്‍ ഉള്ളിലൊതുക്കിയ അവള്‍ക്ക് ഒരു ദിവസം ഹൃദയഭേദകമായ കാഴ്ച കാണേണ്ടിവന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര കാലമായിട്ടും ഒരു ദിവസംപോലും ഭര്‍ത്താവിന്റെ കടമ നിര്‍വ്വഹിക്കാത്ത ഭര്‍ത്താവ് അടുക്കളക്കാരിയുമായി രതിസുഖം പങ്കിടുന്നു! ഭാര്യയെ ഉപേക്ഷിച്ച് കാമസംതൃപ്തി ക്കുവേണ്ടി അന്യസ്ത്രീയെ തേടിപ്പോകുന്ന മനുഷ്യന് മാപ്പുകൊടുക്കാന്‍ ദൈവത്തിനുപോലും കഴിയാതെ തന്റെ കുടുംബം തകര്‍ന്നുവെന്ന് കരുതി വിലപിച്ച രാധയ്ക്ക് പുതുജീവന്‍ നല്‍കിയത് പ്രശസ്തനായ മനഃശാസ്ത്രജ്ഞനായിരുന്നു.രാധയുടെ ഭര്‍ത്താവിന് 'ഈഡിപ്പസ് കോംപ്‌ളക്സ്' ആണന്നു കണ്ടെത്തിയ അദ്ദേഹം ഭര്‍ത്താവിനെ ഉത്തേജിതനാ ക്കിയാല്‍ മാത്രമേ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാവൂ എന്നവരേ ബോധ്യപ്പെടുത്തി. ഭര്‍ത്താവിനെ തന്റെ മാദകസൗന്ദര്യം കാട്ടി വശീകരിച്ച് അവളയാളുമായി ശാരീരികബന്ധം സ്ഥാപിക്കുന്നു. 

മലയാളസിനിമയിലെ സ്ത്രീസങ്കല്പത്തില്‍ നിസ്തുലസ്ഥാ നമര്‍ഹിക്കുന്ന കഥാപാത്ര മാണ് രാധ. ദാമ്പത്യജീവിതം ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കിയ വേദനാജനകമായ അനുഭവങ്ങളുടെ വികാരതീവ്രമായ ഭാവം സൃഷ്ടിക്കുവാന്‍ രാധയ്ക്ക് കഴിഞ്ഞു. ഈ രണ്ടു കഥാപാത്രങ്ങളിലും ഫ്രോയ്ഡിയന്‍ മനഃശാസ്ത്ര തത്വങ്ങളെ ശരിവച്ചു കൊണ്ടു പുരുഷന്റെ രണ്ടവസ്ഥകളില്‍ അവന്റെ ശാരീരികകാമനകള്‍ ശമിപ്പിക്കുന്ന പെണ്ണായിട്ടാണ് ഭാരതി പ്രത്യക്ഷപ്പെട്ടത്. അതിനു തന്റെ അംഗലാവണ്യം സങ്കോചമില്ലാതെ വിനിയോഗിക്കുന്നതിലും അവര്‍ക്ക് മടിയുണ്ടായില്ല. ഇതാ ഇവിടെവരെയില്‍ പ്രതികാരദാഹിയായ വിശ്വനാഥന്റെ ഇരയായിത്തീരുന്ന പൈലിയുടെ നിഷ്‌കളങ്കയായ മകള്‍ അമ്മിണിയെയാണ് ഭാരതി അനശ്വരയാക്കിയത്. അയാളുടെ ഉദ്ദേശ്യമൊന്നും തിരിച്ചറിയാതെ അയാളെ അങ്ങേയറ്റം പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്ത അവള്‍ ഒടുവില്‍ അയാളുടെ വഞ്ചനയ്ക്കു മുന്നില്‍ നിര്‍ന്നിമേഷയായി നില്‍ക്കുകയാണ്. പിതാവിനും കാമുകനുമിടയ്ക്ക് പിടയ്ക്കുന്നൊരു ജീവനായി അമ്മിണി മാറുന്നു. 

വിധുബാല, ശ്രീവിദ്യ തുടങ്ങിയവരുടെ ഉദയത്തോടെയാണ് ജയഭാരതിയുടെ താരപ്രഭാവത്തിന് ക്ഷീണം സംഭവിച്ചത്. എന്നിട്ടും തമിഴ് ടിവി പരമ്പരകളിലടക്കം സജീവമായിരുന്നു അവര്‍ ഏറെക്കാലം.പെയ്‌തൊഴിയാതെ (2002), കോട്ടൈപ്പുറത്തു വീട്, നിമ്മതി ഉങ്കള്‍ ചോയ്‌സ് തുടങ്ങിയവയാണ് അവരുടെ ശ്രദ്ധേയങ്ങളായ ടിവി പ്രകടനങ്ങള്‍.സിനിമയില്‍ തിരക്കില്‍ നില്‍ക്കുമ്പോഴും ഭരതനാട്യം അവതരിപ്പിക്കാന്‍ ലഭിച്ച അവസരങ്ങളൊന്നും പാഴാക്കിയില്ല അവര്‍. 2003ല്‍, സിനിമയില്‍ തിരക്കൊഴിഞ്ഞപ്പോള്‍ ചെന്നൈയില്‍ അശ്വതി ആര്‍ട്‌സ് അക്കാദമി സ്ഥാപിച്ച് നൃത്താധ്യാപനമാരംഭിക്കുകയായിരുന്നു ജയഭാരതി.

1972 ലാണ് അവര്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതി ലഭിക്കുന്നത്. പുനര്‍ജന്മമടക്കം വിവിധചിത്രങ്ങളിലെ അഭിനയം പരിഗണിച്ചായിരുന്നു അത്. തൊട്ടടുത്തവര്‍ഷം വൈക്കം ചന്ദ്രശേഖരന്‍ നായരഴെഴുതി തോപ്പില്‍ഭാസി സംവിധാനം ചെയ്ത മാധവിക്കുട്ടി എന്ന ചിത്രത്തിലെ വേഷത്തിന് വീണ്ടും മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതി അവരെത്തേടിയെത്തി. ഇരുപതുവര്‍ഷത്തിനുശേഷമാണ് അവര്‍ക്ക് ഒരു ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. മലയാളിയായ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് തമിഴില്‍ നിന്ന് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ മറുപക്കം (1990) എന്ന ചിത്രത്തിലെ ജാനകി എന്ന ബ്രാഹ്‌മണത്തിയുടെ വേഷപ്പകര്‍ച്ചയ്ക്കാണ് പ്രത്യേക ജൂറിപുരസ്‌കാരം അവര്‍ക്കു ലഭിച്ചത്.2014ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും അവരെ തേടിയെത്തി.സംസ്ഥാന അവാര്‍ഡ് ജൂറിയംഗമെന്ന നിലയ്ക്കും അവര്‍ ബഹുമാനിതയായിട്ടുണ്ട്. യുദ്ധകാണ്ഡം ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങള്‍ക്ക് 1977ല്‍ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും അവരെ തേടിയെത്തി.2012ല്‍ സമഗ്രസംഭാവനയ്ക്കുള്ള ക്രിട്ടിക്‌സ് ചലച്ചിത്ര പ്രതിഭാപുരസ്‌കാരവും നേടി.

രതിനിര്‍വേദം, അലിബാബയും 41 കള്ളന്മാരും, അലാവുദ്ദീനും അദ്ഭുതവിളക്കും, വാടകയ്ക്ക് ഒരു ഹൃദയം, രാജഹംസം, പഞ്ചമി, മാധവിക്കുട്ടി, ബല്ലാത്ത പഹയന്‍ തുടങ്ങി അക്കാലത്ത് ജയഭാരതിയെ നായികയാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മ്മിച്ചിരുന്ന സുപ്രിയ ഫിലിംസിന്റെ ഉടമ ഹാരി പോത്തനായിരുന്നു. പിന്നീട് ഹാരിപ്പോത്തനോടൊപ്പമായി ജയഭാരതിയുടെ ജീവിതം. ഹാരിയുടെ  അശോക് നഗറിലെ 1186 സി എന്ന വീട്ടിലായിരുന്നു അവരുടെ താമസവും. ഭാരതിയുടെ കടുത്ത ആരാധകനായിരുന്ന ഹാരിയുടെ സംരക്ഷണിയിലായിരുന്നു തുടര്‍ന്ന് ജയഭാരതി ഏറെക്കാലം. പിന്നീടാണ് 1975ല്‍ ചെറുപുഷ്പം ഫിലിംസിന്റെ അനാവരണം എന്ന ചിത്രത്തില്‍ നായകനായി കടന്നുവന്ന ബിരുദാനന്തരബിരുദധാരിയായ സത്താറുമായി ജയഭാരതി മാനസികമായി അടുക്കുന്നത്. അപ്പോഴേക്ക് ഹാരിപ്പോത്തനുമായി അവര്‍ പിരിയുകയും ചെയ്തിരുന്നു. സത്താറുമായുള്ള അവരുടെ ബന്ധം നിയമപരമായിത്തന്നെയുള്ളതായിരുന്നു. നസീറ എന്നു പേരുമാറ്റി ഇസ്‌ളാം മതം സ്വീകരിച്ച അവരുടെ വിവാഹപ്പാര്‍ട്ടി കോവളത്തെ അശോക് ബീച്ച് റിസോര്‍ട്ടില്‍ വച്ച് ഗംഭീരമായിട്ടാണ് അന്നാഘോഷിച്ചത്. സത്താര്‍ ജയഭാരതി ദമ്പതികള്‍ക്കു അബ്ദുള്‍ ഖാദര്‍ എന്നു പേരുള്ള ഒരു മകനുമുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം ആ ബന്ധം ശിഥിലമായ പ്പോള്‍ നസീറ വീണ്ടും ജയഭാരതിയായി. മകന്റെ കൃഷ് സത്താറും. എന്നാല്‍ സത്താറിന്റെ അവസാനകാലത്ത്, ഒരു ഭാര്യയുടെ കര്‍ത്തവ്യം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ശുശ്രൂഷിച്ചത് ജയഭാരതിതന്നെയായിരുന്നു. കൃഷ് സത്താര്‍ പിന്നീട് ലേഡീസ് ആന്‍ഡ് ജന്റില്‍മെന്‍, ടു നൂറ വിത്ത് ലവ് എന്നീ സിനിമകളില്‍ നായകനായി.

അര്‍ഹതയില്ലാത്തവര്‍ക്കു വരെ പദ്മശ്രീ അവാര്‍ഡുകള്‍ നല്‍കപ്പെട്ടു കഴിഞ്ഞിട്ടും അതിന് എന്തുകൊണ്ടും അര്‍ഹയായ ജയഭാരതിയെപ്പോലൊരു നടിക്ക് അത് ഇതുവരെ ലഭിച്ചില്ല എന്നത് അവരുടെ കുറ്റമല്ല, അവാര്‍ഡ് നല്‍കാത്തവരുടെ മാത്രം വീഴ്ചയാണെന്ന് നിരീക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നടിയെന്ന നിലയ്ക്ക് അവരെന്തായിരുന്നുവെന്ന വിലയിരുത്തല്‍ നീതിപൂര്‍വകമാവും.








No comments: