Thursday, July 18, 2024

മലയാള സിനിമ-ആവേശത്തിന്റെ ഭ്രമയുഗത്തിൽ?

 മൂന്നു മാസം മുമ്പാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം,ആവേശം...മലയാളത്തില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വന്‍ വിജയമാകുന്നു. കേരളത്തിനു പുറത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്ര-തെലങ്കാനയിലും അവിടത്തെ സിനിമകളെപ്പോലെ മലയാള സിനിമകള്‍ മൊഴിമാറ്റിയും അല്ലാതെയും ഉള്‍നാടുകളില്‍ വരെ സ്വീകരിക്കപ്പെടുന്നു. അവയിലോരോന്നും അമ്പതും നൂറും കോടി മൊത്തവരുമാനം നേടുന്നു. ആറു മാസം കൊണ്ട് 1000 കോടി രൂപ എന്ന മാന്ത്രിക അക്കത്തിലേക്ക് തീയറ്റര്‍ ഗ്രോസ് കളക്ഷന്‍ എത്തുന്നു. 2024 ജനുവരിമുതല്‍ ഏപ്രില്‍വരെയുള്ള നാലുമാസത്തിനകം 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ മലയാള സിനിമ ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങിയതോടെ ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം നേടി എന്നൊക്കെയാണ് കണക്ക്. ഇതില്‍ ഹിന്ദി സിനിമയുടെ വിഹിതം 38 ശതമാനം മാത്രമാണ്. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ വന്ന 2023ല്‍ 500 കോടിയോളം രൂപയായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. എന്നാല്‍ ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്. മലയാളത്തില്‍ ഗോഡ്ഫാദര്‍, കിലുക്കം, ചിത്രം, ആറാം തമ്പുരാന്‍ തുടങ്ങിയ മുന്‍കാല മെഗാഹിറ്റുകള്‍ ആ സ്ഥാനം നേടിയെടുത്തത് തുടര്‍ച്ചയായി മാസങ്ങളും വര്‍ഷങ്ങളും മറ്റും തീയറ്ററുകളിലോടിയിട്ടാണ്. എന്നാല്‍ വൈഡ് റിലീസിന്റെ കാലത്ത് അതിന് ആഴ്ചകള്‍ മാത്രം മതിയെന്നായി. 15 കോടി രൂപവരെ ചെലവിട്ടൊരു സിനിമയ്ക്ക് നാലാഴ്ച ഫുള്‍ ഹൗസില്‍ കേരളത്തിലെയും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലെയും മള്‍ട്ടീപ്‌ളക്‌സുകളിലടക്കം ഓടിയാല്‍ മുടക്കു മുതല്‍ തിരികെക്കിട്ടുമെന്ന അവസ്ഥയാണ്. 

മലയാള സിനിമയുടെ ഈ അശ്വമേഥത്തെ അദ്ഭുതത്തോടെയാണ് ചലച്ചിത്രലോകവും വ്യവസായ ലോകവും നോക്കി കണ്ടത്. വിശ്വവിഖ്യാതമായ ദ് ഇക്കണോമിസ്റ്റ് എന്ന പ്രസിദ്ധീകരണം പോലും, ലോകത്തേറ്റവുമധികം സിനിമയുണ്ടാക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമായ കേരളത്തിലെ മൂന്നു കോടി ജനം മാത്രം സംസാരിക്കുന്ന ഭാഷയിലുണ്ടാകുന്ന സിനിമകളുടെ വാണിജ്യപരവും കലാപരവുമായ മികവിനെ വാനോളം വാഴ്ത്തി. പുതുതലമുറ നടന്മാരില്‍ പ്രധാനിയും പ്രതിഭാധനനുമായ ഫഹദ് ഫാസിലാവട്ടെ ആവേശത്തോടെ ഒരഭിമുഖത്തില്‍ പറഞ്ഞത്, ഇനിയുള്ള അഞ്ചുവര്‍ഷം മലയാള സിനിമയുടേതാണ്, നമ്മള്‍ എന്തെടുത്തു വച്ചാലും അതെല്ലാം ഇന്ത്യയൊട്ടാകെ കണ്ണുമടച്ച് സ്വീകരിക്കപ്പെടും അതിനാല്‍ ഇത് മലയാള സിനിമാക്കാര്‍ക്ക് സുവര്‍ണയുഗവും അവസരവുമാണ് എന്നാണ്. അങ്ങനെ മലയാള സിനിമ പ്രശംസകളുടെ കൈലാസത്തിരിക്കെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അതുവഴി കള്ളപ്പണം വെളുപ്പിച്ചതാണെന്നുമുള്ള ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അതിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ അന്വേഷണവുമായി വന്നത്. അവരിങ്ങനെ തെളിവെടുപ്പും മൊഴികൊടുക്കലും കേസും വക്കാണവുമായി കഴിയുന്നതിനിടെ, അമ്പതു കോടി ആഘോഷിക്കാന്‍ കേക്കുമുറിച്ച ഒരു സിനിമയുടെ നിര്‍മ്മാതാക്കള്‍ യഥാര്‍ത്ഥ തുകയായ 16 കോടിയുടെ കണക്കു പുറത്തുവിട്ട് തടിതപ്പിയതും മലയാളി കണ്ടു. ഒറ്റ സനിമ സംസ്ഥാനാനന്തര ഹിറ്റായതോടെ ഇതിലൊന്നിലഭിനയിച്ച യുവനടന്‍ പ്രതിഫലം ഒരു കോടിയാക്കി ഉയര്‍ത്തിയെന്ന ആരോപണവും നാം കേട്ടു.

അതൊക്കെ അവിടെ നില്‍ക്കട്ടെ. മലയാള സിനിമയ്ക്ക് ഇത്തരത്തില്‍ ഒരു സാര്‍വദേശീയ സ്വീകാര്യത വരുന്നതൊക്കെ നല്ല കാര്യമാണ്. മലയാളി എന്ന നിലയ്ക്ക് സന്തോഷത്തിനുള്ള വകയും.പക്ഷേ ഇത് എത്രകാലം നിലനില്‍ക്കും എന്നും അതു നിലനിര്‍ത്താന്‍ നമ്മുടെ സിനിമാക്കാര്‍ ആത്മാര്‍ത്ഥതയോടെ എന്തു ചെയ്യും എന്നും എങ്ങനെ ചെയ്യും എന്നുമുള്ള കാര്യത്തിലാണ് ഞാന്‍ ദോഷൈകദൃക്കായിത്തീരുന്നത്.

തീര്‍ച്ചയായും ഫഹദ് ഫാസിലിന്റെ ശുഭാപ്തിയൊന്നും എനിക്കക്കാര്യത്തിലില്ല എന്നു മാത്രമല്ല, ഞാന്‍ ഭയന്നതുപോലൊക്കെതന്നെ സംഭവിച്ചു തുടങ്ങിയിട്ടുമുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട ടര്‍ബോയ്ക്ക് ശേഷം ഇറങ്ങിയ എത്ര സിനിമയ്ക്ക് ഫഹദ് വിഭാവനചെയ്തതുപോലെ സംസ്ഥാനാനന്തര വിജയം കൊയ്യാനായി? അഥവാ കേരളത്തിലെങ്കിലും മുടക്കുമുതല്‍ തിരികെക്കിട്ടി? അതു നോക്കുമ്പോള്‍ ഈ വര്‍ഷം ഇതുവരെ എത്ര സിനിമകളിറങ്ങി എന്നാദ്യം പരിശോധിക്കണം. ഏകദേശം 120 സിനിമകളാണ് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ റിലീസായിട്ടുള്ളത്. ഇവയില്‍ പത്തെണ്ണം പോലും മുടക്കുമുതല്‍ തിരികെ പിടിച്ചിട്ടില്ല. കമലിനെപ്പോലെ പ്രഗത്ഭരും പ്രമുഖരുമായ സംവിധായകരുടേതു മുതല്‍ പുതുമുഖ സംവിധായകരുടെ വരെ ചിത്രങ്ങളിവയിലുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മൂന്നു സിനിമകളാണ് ഒരു വരയില്‍ തുടര്‍ച്ചയായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പരാജയമേറ്റുവാങ്ങിയത്. പൊട്ടിയ സിനിമകളില്‍, ഭൂരിപക്ഷവും അതിനര്‍ഹതപ്പെട്ടവ മാത്രമാണെങ്കിലും കൂട്ടത്തില്‍ ചില ഭേദപ്പെട്ട ചിത്രങ്ങളുമുണ്ട് എന്നതിലാണ് കുണ്ഠിതം. എന്തൊക്കെയാവാം ഇതിനു കാരണം?

കോവിഡ് ആണ് മലയാള സിനിമയ്ക്ക് യഥാര്‍ത്ഥത്തില്‍ അനുഗ്രഹമായത്. അതുവരെ മലയാള സിനിമകള്‍ കാണാത്ത അന്യഭാഷാ പ്രേക്ഷകര്‍ ഇവിടെയുണ്ടാവുന്ന വേറിട്ട സിനിമകള്‍ ഒടിടികളിലൂടെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ രോമാഞ്ചം കൊണ്ടു. ഒടിടികള്‍ മലയാള സിനിമകളെ കണ്ണടച്ചും കയ്യയച്ചും വാങ്ങിക്കൂട്ടി. ഒരു കാലത്ത് സാറ്റലൈറ്റ് റൈറ്റ്‌സിനുണ്ടായിരുന്ന താരപ്രഭാവം ഒടിടികള്‍ക്കായി. തട്ടിക്കൂട്ടി രണ്ടോ മൂന്നോ കോടി രൂപയും ഇടത്തരം താരങ്ങളുടെ ഡേറ്റുമുണ്ടെങ്കില്‍ ഒടിടി ഓവര്‍സീസ്, തീയറ്റര്‍ അഡ്വാന്‍സ്, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവയില്‍ നിന്നുള്ള അഡ്വാന്‍സ് വാങ്ങിയാല്‍ ആര്‍ക്കും സിനിമ തട്ടിക്കൂട്ടാമെന്നും പലപ്പോഴും നിര്‍മ്മാണം തുടങ്ങും മുമ്പേ ലാഭമുണ്ടാക്കാമെന്നുമുള്ള സ്ഥിതിവന്നു. സ്വാഭാവികമായി അത് തട്ടിക്കൂട്ടു സിനിമകളുടെ സുനാമിയിലേക്കാണ് എത്തിച്ചേര്‍ന്നത്. മലയാളത്തില്‍ ഇത്തരം സിനിമാ നിര്‍മ്മാണത്തിന് പണമിറക്കി മാത്രം റേറ്റിങ് പൂട്ടിക്കെട്ടി മടക്കേണ്ടി വന്ന ഒരു ജിഇ ചാനലാണ് സൂര്യ ടിവി എന്നോര്‍ക്കുക. സൂര്യ ടിവിയുടെ അവസ്ഥയിലെത്താതിരിക്കാന്‍ ഏതായാലും ബഹുരാഷ്ട്ര ഒടിടികളുടെ തലപ്പത്തുള്ളവര്‍ ജാഗ്രത കാട്ടി. അതുകൊണ്ടുതന്നെ പടം തീയറ്ററിലെത്തി വിജയിച്ചാല്‍ മാത്രം വാങ്ങാമെന്ന നയത്തിലേക്ക് അവര്‍ വേഗം എത്തിച്ചേര്‍ന്നു. അങ്ങനെ പൊന്‍മുട്ടകളില്‍ തങ്കമായ ഒന്നിനെക്കൂടി തട്ടിക്കൂട്ടിന്റെ ദുരാര്‍ത്തി തച്ചുടച്ചുകളഞ്ഞു. അതോടെ, സിനിമാ നിര്‍മ്മാണം വീണ്ടും പെരുവഴിയിലായി. അടുത്തകാലത്തെ ഒടിടി റിലീസുകള്‍ ശ്രദ്ധിച്ചാലറിയാം. നേരത്തേ ആഴ്ചയില്‍ അഞ്ചുവീതം മലയാള സിനിമകള്‍ ഒടിടികളിലെത്തിയിരുന്നെങ്കില്‍ (ഏതൊക്കെ സിനിമ ഏതെല്ലാം പ്‌ളാറ്റ്‌ഫോമില്‍ എന്നത് പല എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റുകള്‍ക്കും വാര്‍ത്ത പോലുമായി) ഇപ്പോള്‍ മൂന്നാഴ്ച കൂടുമ്പോള്‍ ഒന്നോ രണ്ടോ ഇറങ്ങിയാലായി. ജനപ്രിയ നായകന്റെ ഒരു സിനിമ ഒടിടിയില്‍ വന്നിട്ട് വര്‍ഷം ഒന്നരയായി. ഒടിടികളാവട്ടെ സ്വതന്ത്രമായി മികച്ച വെബ് പരമ്പരകള്‍ നിര്‍മ്മിച്ചും തുടങ്ങി.

അമ്പതുകോടി നൂറുകോടി കണക്കുകളുടെ കാര്യത്തിലെ പൊലിപ്പിക്കലുകളെപ്പറ്റി ആ തരംഗം തുടങ്ങിയപ്പോള്‍ തന്നെ പത്തുനാല്‍പത്തഞ്ചു വര്‍ഷമായി ഈ മേഖലയില്‍ നിര്‍മ്മാതാവായി നിലനില്‍ക്കുന്ന നടന്‍ കൂടിയായ സുരേഷ് കുമാര്‍ പച്ചയ്ക്കു വിളിച്ചു പറഞ്ഞതാണ്, ഒന്നരക്കോടി മാത്രം ആളുകള്‍ സംസാരിക്കുന്ന ഭാഷാസിനിമയ്ക്ക് ഒരുകാലത്തും അത്രയും കളക്ഷന്‍ നേടാനാവില്ല എന്ന്. അദ്ദേഹത്തെ ആരും മുഖവിലയ്‌ക്കെടുത്തില്ല. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതിലേക്കു തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അപൂര്‍വം ചില വലിയ സിനിമകളും, കന്നട, തെലുങ്ക, തമിഴ് പശ്ചാത്തലവും ഭാഷയും സംസ്‌കാരവും കടന്നുവരുന്നതുകൊണ്ടു മാത്രം ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകളും ഒഴികെ ഇങ്ങനെ ദശകോടികള്‍ വാരിക്കൂട്ടുന്ന സിനിമകള്‍ കുറഞ്ഞപക്ഷം മലയാളത്തിലെങ്കിലും ഉണ്ടായിട്ടില്ല, ഉണ്ടാകുന്നില്ല, ഉണ്ടാകുകയുമില്ല. 

നമ്മുടെ സിനിമകള്‍ ഭാഷദേശങ്ങള്‍ക്കപ്പുറം സ്വീകാര്യത നേടുന്നത് ഇപ്പോള്‍ മാത്രം തുടങ്ങിയ പ്രതിഭാസമല്ല. ചെമ്മീന്‍ തുടങ്ങി നമ്മുടെ സിനിമകള്‍ കടലും മലയും താണ്ടി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ അന്യഭാഷകളിലേക്ക് ഏറ്റവുമധികം മൊഴിമാറ്റിയിട്ടുള്ളതും പുനര്‍നിര്‍മ്മിച്ചിട്ടുള്ളതും മലയാളചിത്രങ്ങളാണ്. മണിച്ചിത്രത്താഴിന് മലയാളത്തിലില്ലാത്തത്ര തടുര്‍ച്ചകള്‍ തമിഴിലും ഹിന്ദിയിലും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത് നമ്മുടെ പ്രതിഭകളുടെ മിടുക്കുകൊണ്ടാണ്. എന്നാല്‍,അതുകൊണ്ടു മാത്രം കോടികള്‍ കിലുക്കാനുള്ള ശേഷി നമ്മുടെ സിനിമയ്ക്കില്ല. ഒന്നുകില്‍ അതിനനുസരിച്ച വിപണനസാധ്യതകളുള്ള പ്രമേയം ഉണ്ടാവണം. അതല്ലെങ്കില്‍ ഉള്ള പ്രമേയത്തിന് അത്രമേല്‍ സവിശേഷതയുണ്ടാവണം. ഈയിടെയിറങ്ങിയ പരാജയമേറ്റുവാങ്ങിയ ബഹുഭൂരിപക്ഷം ചിത്രങ്ങളും നോക്കുക. ഒക്കെയും ഒകെ ചിത്രങ്ങളാണ്. എന്നുവച്ചാല്‍ കണ്ടിരിക്കാവുന്നവ. എന്നാല്‍ അവയൊന്നും പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല. എന്തുകൊണ്ട്? ഈ എന്തുകൊണ്ട് എന്നത് സിനിമയ്ക്കു പിന്നിലുള്ളവര്‍ ചിന്തിച്ചു തുടങ്ങുന്ന ആ നിമിഷം നമ്മുടെ സിനിമകള്‍ വീണ്ടും വിജയത്തെ ചുംബിച്ചുതുടങ്ങും, സംശയമില്ല. പല സമകാലികസിനിമകളും മികച്ച കഥാവസ്തുവുള്ളവയാണ്. നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ നന്നായിട്ടില്ല. ഈ നന്നാകലിലാണ് എല്ലാമുള്ളത്. വിജയത്തിന്റെ ഫോര്‍മുല എന്നത്, നേരത്തേ വിജയിച്ച ചിത്രത്തിന്റെ മാതൃക പിന്തുടരുകയല്ല, പുതിയൊരു വിജയ രസക്കൂട്ട് സ്ഥാപിച്ചെടുക്കലാണ്. അതു മനസിലാക്കാത്തതാണ് ആവര്‍ത്തിക്കുന്ന പരാജയങ്ങളുടെ രഹസ്യം. അടുത്തിടെ ഒരു സുഹൃത്ത് പറഞ്ഞതാണ്. ഒരു നിര്‍മ്മാതാവു വന്ന് യുവ സംവിധായകനോട് പറഞ്ഞു. പ്രേമലു പോലെ ഒരു കഥയുണ്ടെങ്കില്‍ പ്രൊഡ്യൂസ് ചെയ്യാം. താരനിരയില്‍ നസ്‌ളീനും മമിതയും വേണം! 

യേശുദാസിന്റെ കാലത്തു തന്നെ ജയചന്ദ്രനും എം.ജി ശ്രീകുമാറും ജി വേണുഗോപാലും ശ്രദ്ധിക്കപ്പെട്ടത് അവര്‍ യേശുദാസിനെ അനുകരിക്കാത്തതുകൊണ്ടു മാത്രമാണ്. യേശുദാസായി യേശുദാസുണ്ട്. അദ്ദേഹമുള്ളപ്പോള്‍ അതുപോലെ പാടുന്ന മറ്റൊരാളുടെ ആവശ്യമെന്ത്? ഈ തിരിച്ചറിവില്ലാത്തതാണ് ഫോര്‍മുലകള്‍ക്കു പിന്നാലെ പായാന്‍ നമ്മുടെ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആ വക സിനിമകള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു പിടി സിനിമകള്‍ക്കൊപ്പം ഒടിടികളില്‍ പോലും സ്ഥാനം നേടാതെ പോകുന്നതും.

മലയാള സിനിമയുടെ ഏറ്റവും വലിയ ദുര്യോഗമായി എനിക്കു തോന്നുന്നത്, അതിന് ഉടമസ്ഥാവകാശം നഷ്ടമായിരിക്കുന്നു എന്നതാണ്. മുന്‍പൊക്കെ അടൂര്‍ സിനിമ, അരവിന്ദന്‍ സിനിമ,ഐവിശശി സിനിമ, ജോഷി സിനിമ, പ്രിയദര്‍ശന്‍ സിനിമ, ഷാജി കൈലാസ് സിനിമ എന്നൊക്കെയാണ് സിനിമകള്‍ അറിയപ്പെട്ടിരുന്നത്. പുതുതലമുറയില്‍ അങ്ങനെ പറയാന്‍ ഒരു ലിജോ ജോസ് പെല്ലിശ്ശേരിയുണ്ട്. പിന്നൊരു മഹേഷ് നാരായണനോ,  ദിലീഷ് പോത്തനോ ഉണ്ട്. അതിനപ്പുറം,ഹിറ്റുകളായ സിനിമകളുടെ പോലും സംവിധായകനെ സത്യത്തില്‍ എത്രപേരോര്‍ക്കുന്നു? അവരാരെന്ന് എത്രപേര്‍ക്കറിയാം? കൃതിയുണ്ടാവുന്ന നിമിഷം സ്രഷ്ടാവ് മരിക്കുന്നു എന്ന നീറ്റ്‌ഷേയുടെ തത്വശാസ്ത്രമൊക്കെ ശരിതന്നെ. പക്ഷേ അതിന് പിതൃത്വശൂന്യത എന്നോ ഉത്തരവാദിത്തമില്ലായ്മ എന്നോ ഉള്ള ദോഷം കൂടി ആരോപിക്കപ്പെട്ടാല്‍ തെറ്റുപറയാനാവുമോ? സിനിമ കൂട്ടായ്മയുടെ ഉല്‍പ്പന്നമാവുമ്പോഴും കപ്പിത്താന്‍ സംവിധായകനാവണം. ആ നിലയ്ക്കാണ് ഉലച്ചില്‍ വന്നിട്ടുള്ളത്. അതാണ് നമ്മുടെ സമകാലിക സിനിമയുടെ ദുര്യോഗവും.

No comments: