Thursday, June 13, 2024
Participating in MIFF 2024 as a Guest to moderate a session on Biopic vs Biographical Documentary-The Blurring of Boundaries
Article on All We Imagine as Light movie @ Kalakaumudi
kalakaumudi dated June 2 2024
എ.ചന്ദ്രശേഖര്‍
മുപ്പതു വര്‍ഷത്തിനു ശേഷം, വിഖ്യാതമായ കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു ഇന്ത്യന്‍ സിനിമ ബഹുമാനിതമായി എന്നതു മാത്രമല്ല പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (2023)യുടെ സവിശേഷത. സിനിമയിലെ പുരുഷാധിപത്യം മേളകളിലും പുരസ്‌കാരങ്ങളിലും മേധാവിത്വം തുടരുന്നതിനിടെ പെണ്‍കൂട്ടായ്മയുടെ വിജയമായിക്കൂടി, പായലിന്റെ ആദ്യ കഥാചിത്രസംരംഭമായ ഈ സിനിമ ചരിത്രം തിരുത്തിയെഴുതുകയാണ്. നേരത്തേ, ഹ്രസ്വചിത്രവിഭാഗത്തില്‍ പുരസ്‌കാരം നേടിയ സംവിധായികയായ പായലിനെ സംബന്ധിച്ച് ഇത് ചരിത്രനേട്ടമല്ല, ഇതിഹാസം തന്നെയാണ്. ഷാജി എന്‍ കരുണിന്റെ സ്വമ്മി(1994)നു ശേഷം ഒരിന്ത്യന്‍ സിനിമ, അതും മലയാളികള്‍ മുഖ്യവേഷത്തിലെത്തുന്ന, മലയാളസംഭാഷണങ്ങള്‍ക്കു തുല്യപ്രാധാന്യമുള്ള ഒരു സിനിമ ഇന്ത്യയില്‍ നിന്ന് കാനില്‍ പുരസ്‌കൃതമാകുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നേട്ടമാണെന്നതില്‍ സംശയമില്ല.
കാനില്‍ ക്യാമറ ഡി ഓര്‍ കരസ്ഥമാക്കിയ മീര നായരുടെ സലാം ബോംബേ(1988), മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ ഡാനി ബോയ്‌ലിന്റെ സ്ലംഡോഗ് മില്ല്യണെയര്‍(2005) എന്നിവ പോലെ മുംബൈനഗരത്തിലെ മനുഷ്യജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും എന്നത് യാദൃശ്ചികമെന്നതിനപ്പുറം കൗതുകകരമായ വസ്തുതയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ കഥയായിരുന്നു ആദ്യ രണ്ടു ചിത്രങ്ങളും പറഞ്ഞതെങ്കില്‍ മഹാനഗരത്തിലെ പ്രവാസികളുടെ ജീവിതസമസ്യകളാണ് പായല്‍ വിഷയമാക്കുന്നത്. അതിജീവനത്തിന് കഷ്ടപ്പെടുന്ന ചേരിയിലെ ചില ഇരജീവിതങ്ങളാണ് മീര നായര്‍ തന്റെ ചിത്രത്തിലൂടെ പറഞ്ഞതെങ്കില്‍, പണമുണ്ടാക്കി രക്ഷപ്പെടാന്‍ പരിശ്രമിക്കുന്ന പുതുതലമുറയുടെ മോഹങ്ങളുടെ കഥയാണ് സ്‌ളംഡോഗ് മില്ല്യണെയര്‍ പറഞ്ഞത്. നഗരത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥ, തെരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളിലൂടെ പ്രകടമാക്കുന്നവയായിരുന്നു ആ സിനിമകള്‍. അതുകൊണ്ടുതന്നെയാണ് അവ മെട്രോ, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, മുംബൈ മേരി ജാന്‍, ഷൂട്ടൗട്ട് ഇന്‍ ലോഖണ്ഡ്വാല, പേജ് ത്രി തുടങ്ങിയവയില്‍ നിന്ന് വേറിട്ടതാവുന്നത്. മുംബൈ നഗരജീവിതത്തിന്റെ സൂക്ഷ്മതകള്‍ ആവഹിച്ച് ശ്രദ്ധേയമായ കിരണ്‍ റാവുവിന്റെ ധോബീ ഘാട്ട് (2010), ഋതേഷ് ബത്രയുടെ ദ് ലഞ്ച് ബോക്‌സ് (2013) എന്നിവയും ആള്‍ക്കൂട്ടത്തിനിടെ ഒറ്റപ്പെട്ട മനുഷ്യരുടെ വ്യഥകളും വ്യാമോഹങ്ങളുമൊക്കെയാണ് പ്രമേയമാക്കിയതെങ്കിലും മുംബൈ പശ്ചാത്തലമായ ബഹുഭൂരിപക്ഷം ഹിന്ദി സിനിമകളും അവിടത്തെ അധോലോകത്തെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ നിന്നൊക്കെ വഴിമാറിക്കൊണ്ട് മൂന്നു സ്ത്രീകളുടെ ആന്തരലോകത്തിലൂടെ നഗരവൈകൃതങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ സഞ്ചാരം. മുംബൈയില്‍ ജീവിതം തേടുന്ന രണ്ട് യുവ മലയാളി നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കനി കുസൃതി അവതരിപ്പിക്കുന്ന പ്രഭയും, ദിവ്യ പ്രഭയുടെ അനുവും പാര്‍വതിയുമാണ് മൂന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
'ഈ നഗരം സ്വപ്‌നങ്ങളുടേതല്ല, മറിച്ച് മായക്കാഴ്ചകളുടേതാണ്. അതിന്റെ ഭ്രമാത്മകതയില്‍ വിശ്വസിച്ചേ തീരൂ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്തായിപ്പോകും' എന്ന ആരുടേതെന്നില്ലാത്ത സംഭാഷണത്തിലാണ് സിനിമ തുടങ്ങുന്നത്. തുടര്‍ന്ന് നഗരത്തിന്റെ ഭ്രാന്തമായ തിരക്കിനിടയിലൂടെ ചന്തയിലും തെരുവിലും അലയുന്ന ക്യാമറ ഒടുവില്‍ പ്രാദേശിക ട്രെയിനിനുള്ളില്‍ പ്രവേശിച്ച് മുഖ്യ കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.നഗരത്തിലെ തിരക്കേറിയ ആശുപത്രിയിലെ സീനിയര്‍ നഴ്‌സാണ് പ്രഭ. വീട്ടുകാര്‍ നിശ്ചയിച്ചപ്രകാരം വിവാഹം കഴിച്ചവളാണ് പ്രഭ. കല്യാണം കഴിഞ്ഞ് അധികകാലം കഴിയാതെ അദ്ദേഹം ജര്‍മ്മനിയിലേക്ക് പോയി.പിന്നീട് മുംബൈയിലെത്തി ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി യാതൊരു ബന്ധവുമില്ല അവള്‍ക്ക്. അവസാനമായി വിളിച്ചത് എപ്പോഴാണെന്ന് പോലും അവള്‍ക്കോ ര്‍മ്മയില്ല. പങ്കാളിയുമായി അകന്നിട്ട് മാസങ്ങളായെങ്കിലും ആ ബന്ധത്തിന്റെ കെട്ടുപാടില്‍ നിന്ന് പൂര്‍ണ്ണമായി വിടുതല്‍ നേടാനാകുന്നില്ല അവള്‍ക്ക്. എന്നെങ്കിലും അയാള്‍ വന്നു തന്നെ സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷ അവള്‍ക്കുപേക്ഷിക്കാന്‍ കഴിയുന്നില്ല. മറ്റൊരു ബന്ധത്തിനായി അവളുടെ ഹൃദയം കൊതിക്കുന്നുണ്ടെങ്കിലും അവളത് കടിച്ചമര്‍ത്തുകയാണ്. അസാമാന്യമായ കൈയടക്കത്തോടെയാണ് കനി കുസൃതി ഈ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത് എന്ന് സിനിമ കണ്ട ബഹുഭൂരിപക്ഷവും ശ്‌ളാഘിക്കുന്നു. വികാരങ്ങള്‍ കടിച്ചമര്‍ത്തിക്കൊണ്ടുള്ള കനിയുടെ അഭിനയത്തില്‍ പാരമ്പര്യം കുടഞ്ഞെറിയാന്‍ വിസമ്മതിക്കുന്ന സ്ത്രീയുടെ മൗനവേദനയുടെ മുഴുവന്‍ ആഴവുമുള്‍ക്കൊളളുന്നതായി ദേബഞ്ചന്‍ ധര്‍ നിരീക്ഷിക്കുന്നു. (അഹഹ ണല കാമഴശില അ െഘശഴവ േഅ േഇമിില:െ ജമ്യമഹ ഗമുമറശമ' െവെശാാലൃശിഴ, ൗിളീൃഴലേേമയഹല ീറല ീേ ങൗായമശ യഹീീാ െംശവേ ൃീാമിരല മിറ ാ്യേെലൃ്യ, ംംം.ീേേുഹമ്യ.രീാ). സജിന്‍ ബാബുവിന്റെ ബിരിയാണിയിലൂടെ അസ്സലൊരു നടിയാണെന്നു തെളിയിച്ച, മഹാറാണി, പോച്ചര്‍, കില്ലര്‍ സൂപ്പ് തുടങ്ങിയ ഹിന്ദി വെബ് പരമ്പരകളിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയെടുത്ത, കനിയുടെ അനന്യമായ പ്രകടനമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. മറ്റൊന്ന്, മഹേഷ് നാരായണന്റെ അറിയിപ്പ്(20122) ഡോണ്‍ പാലത്രയുടെ ഫാമിലി(2023) തുടങ്ങിയ ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ യുവനടി ദിവ്യപ്രഭയുടെ നടനമികവാണ്. കനിയുടെ പ്രഭയുടെ കാമുകനായ ഡോ മനോജിന്റെ വേഷത്തിലെത്തുന്നത് മിമിക്രി സ്‌കിറ്റ് വേദികളിലൂടെ സിനിമയിലെത്തി ജയജയജയജയ ഹേ, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ നടന്‍ അസീസ് നെടുമങ്ങാടാണ്. ഹിന്ദി അത്രയൊന്നുമറിയാത്ത ഒരു മലയാളി ഡോക്ടറുടെ വേഷമാണ്.
പ്രഭയുടെ മുറി പങ്കിടുന്ന ജൂനിയര്‍ നേഴ്‌സാണ് ദിവ്യ അവതരിപ്പിക്കുന്ന അനു. പ്രഭയുടെ ആശുപത്രിയില്‍ തന്നെ ജോലിചെയ്യുന്ന അവളാവട്ടെ മനസുകൊണ്ട് പ്രഭയില്‍ നിന്ന് ധ്രുവങ്ങളകലെയാണ്. വിവാഹിതയാകാന്‍ വീട്ടില്‍ നിന്ന് നിരന്തരം സമ്മര്‍ദ്ദം നേരിടുന്ന അവള്‍ക്ക് മുംബൈയില്‍ ഒരു പ്രണയമുണ്ട്. മാതാപിതാക്കള്‍ അയച്ചു കൊണ്ടിരിക്കുന്ന വിവാഹാലോചനകളുടെ നീണ്ട പട്ടികകളെ അവഗണിച്ച് മുസ്ലിമായ ഷിയാസുമായി (ഹൃദു ഹരൂണ്‍), തീവ്രപ്രണയത്തിലാണവള്‍. ജാതീയത മുമ്പെന്നത്തേയുംകാള്‍ സ്വാധീനം ചെലുത്തുന്ന സമകാലിക സാമൂഹികാവസ്ഥയില്‍ അവരുടെ പ്രണയമുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചവള്‍ ബേജാറിലാണ്. അതിന്റെ പേരില്‍ സമൂഹത്തിന്റെ കുറ്റപ്പെടുത്തലും അവഗണനയും സാമുദായികമായ വിലക്കുവരെ നേരിടേണ്ടി വരും എന്ന് അനു ഭയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക അവള്‍ തുറന്നുപറയുന്നു. ബാധ്യതയായി മാറിയ ഭൂതകാലത്തിന്റെ ബന്ധനങ്ങളില്‍ നിന്നു വിമുക്തയാവാത്തതാണ് പ്രഭയുടെ പ്രശ്‌നമെങ്കില്‍ അനുവിന്റെ പ്രതിസന്ധി അനിശ്ചിത മായ ഭാവിയാണ്. വിദേശത്തേക്കു കടക്കാന്‍ കോവിഡ് കാലത്ത് ഡല്‍ഹിയില്‍ തങ്ങേണ്ടിവരുന്ന ദമ്പതികളുടെ കഥ പറഞ്ഞ അറിയിപ്പില്‍ കുഞ്ചാക്കോ ബോബന്റെ നായികയായുള്ള പ്രകടനം ഒടിടിയില്‍ കണ്ടാണ് തന്റെ അനുവിനെ അവതരിപ്പിക്കാന്‍ അവര്‍ ദിവ്യപ്രഭയെ തെരഞ്ഞെടുത്തത്.
ആശുപത്രിയില്‍ പ്രഭയുടെയും അനുവിന്റെയും പരിചരണത്തില്‍ കഴിയുന്ന മൂന്നാമത്തെ നായിക പാര്‍വതിക്കും (ഛായാ കദം) അസ്ഥിരമായ ഭാവി തന്നെയാണുള്ളത്. വികസനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളില്‍ അതിവേഗം നട്ക്കുന്ന നഗരവത്കരണത്തില്‍ വാസ്തുഹാരയാക്കപ്പെടാന്‍ വിധിക്കപ്പെടുകയാണവര്‍. വിസകനത്തിന്റെ ഇരയായി വീട് നഷ്ടപ്പെടാന്‍ സാധ്യതയുള്ള അനേകരിലൊരാള്‍. കോട്ടണ്‍ മില്‍ തൊഴിലാളിയായിരുന്ന അന്തരിച്ച അവളുടെ ഭര്‍ത്താവിന്റെ ആകെ നീക്കിയിരിപ്പാണ് ആ ചെറിയ കൂര. നഗരാംബരങ്ങളെ മൂടാനുയരുന്ന ബഹുനില ഫ്‌ളാറ്റുകള്‍ക്കുവേണ്ടി അവള്‍ കുടിയിറക്കപ്പെടുകയാണ്. താമസസ്ഥലത്തിന്മേല്‍ അവകാശം തെളിയിക്കാന്‍ പാര്‍വതിയുടെ പക്കല്‍ ഔദ്യോഗിക രേഖകളൊന്നുമല്ല. കുടിയൊഴിപ്പിക്കലിന്റെ സമാന്തര പ്രമേയത്തിലൂടെ, തലമുറകളായി നഗരങ്ങളില്‍ സേവനമനുഷ്ഠിച്ചും അവ വളര്‍ത്തെടുത്തുമുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജീവിതങ്ങളുടെ അസ്ഥിരതയും അര്‍ത്ഥരാഹിത്യവും ക്ഷണികതയും സംവിധായിക വ്യക്തമാക്കുന്നു. രവി ജാദവിന്റെ ന്യൂഡ്(2017), സഞ്ജയ്‌ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡി(2017), കിരണ്‍ റാവുവിന്റെ ലാപത്താ ലേഡീസ് (2024) തുടങ്ങിയ ചിത്രങ്ങളിലെ തിളങ്ങുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഛായാ കദമിനെ മലയാളികള്‍ക്ക് കുറേക്കൂടി അടുത്തറിയാവുന്നത് അഖില്‍ സത്യന്റെ പാച്ചുവും അദ്ഭുതവിളക്കുമി(2023)ലെ വിനീതിന്റെ അമ്മയായ നാനിയുടെ വേഷത്തിലാണ്.
വിവിധ കാരണങ്ങളാല്‍ സ്വയം നഷ്ടപ്പെടുന്ന മൂന്നു സ്ത്രീകള്‍ അവരുടെ സ്വത്വം തിരിച്ചറിയുന്നിടത്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് അവസാനിക്കുന്നത്. അതാകട്ടെ, സ്വപ്‌നസമാനമായ പല വിശ്വാസങ്ങളുടെയും വ്യാജധാരണകളുടെയും ഉടച്ചുവാര്‍ക്കലായിത്തീരുന്നുണ്ട്. മഹാനഗരത്തിലെ ഉറുമ്പുസമാനരായ മനുഷ്യരുടെ അന്തഃസംഘര്‍ഷങ്ങള്‍ അത്രമേല്‍ ഹൃദയദ്രവീകരണശക്തിയോടെ പകര്‍ത്തിയെന്നതിലുപരി, വ്യത്യസ്ത മാനസിക നിലകളില്‍പ്പെട്ട മൂന്നു സ്ത്രീകളുടെ മനസിന്റെ ആഴങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതിലാണ് പായല്‍ കപാഡിയ എന്ന തിരക്കഥാകൃത്തിന്റെ, ചലച്ചിത്രകാരിയുടെ വിജയം. സ്ത്രീജീവിതത്തിന്റെ അന്തരാഴങ്ങള്‍ ഏതൊരു പുരുഷനേക്കാളുമധികം ആവിഷ്‌കരിക്കാനാവുക ഒരു സ്ത്രീക്കു തന്നെയാണെന്ന് പായല്‍ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. നാടും വീടും വിട്ടകന്നു ജീവിക്കുന്നവര്‍ സ്വന്തം കുടുംബവും ജീവിതവും ചേര്‍ത്തുപിടിക്കാന്‍ വേണ്ടി പെടുന്ന പെടാപ്പാടുകളുടെ നേരാഖ്യാനമാണീ സിനിമ. മിന്നുതെല്ലാം പൊന്നല്ല എന്ന് നഗരജീവിതത്തിന്റെ ഈ നേര്‍ക്കാഴ്ചകളിലൂടെ പായല്‍ കാണിച്ചുതരുന്നു.
മലയാളി നേഴ്‌സുമാര്‍ മുഖ്യകഥാപാത്രങ്ങളാവുന്നതുകൊണ്ടുതന്നെ ചിത്രത്തിലെ സംഭാഷണങ്ങളിലേറെയും മലയാളത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഈ സിനിമ മുംബൈ എന്ന മെട്രോ നഗരത്തിലേതുപോലെ തന്നെ ബഹുഭാഷാ സിനിമയാവുന്നത്. അത്തരത്തിലാണ് സിനിമ പാന്‍ ഇന്ത്യന്‍ സ്വത്വം നേടുന്നത്.പായല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത്, വീട്ടില്‍ മുത്തച്ഛിയെ പരിചരിക്കാനെത്തിയ മലയാളി നേഴ്‌സുമായുള്ള ആത്മബന്ധത്തില്‍ നിന്നാണ് തന്റെ ആദ്യ കഥാചിത്രത്തിന് സംവിധായിക പ്രമേയം കണ്ടെത്തിയത്. മലയാളി മാലാഖമാരുടെ ദുരിതജീവിതം പായലിന്റെ ഹൃദയത്തെ തൊട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിപ്‌ളോമ ചിത്രമായി അവരുടെ ജീവിതം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. അക്കാലത്ത് എഫ്ടിഐഐയില്‍ നടന്ന ഒരു വിദ്യാര്‍ത്ഥി സമരത്തില്‍ മുന്‍നിരക്കാരിയായതിനാല്‍ പായലിനെതിരേ നിയമനടപടിയൊക്കെയുണ്ടായതാണ്. പിന്നീട് 2018ലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എഴുതിത്തുടങ്ങുന്നത്. നീണ്ട നാലുവര്‍ഷത്തെ ഗൃഹപാഠത്തിനും തയാറെടുപ്പിനും ശേഷമാണ് അവരതു ചലച്ചിത്രമാക്കാന്‍ ഉദ്യമിച്ചത്. എല്ലാറ്റിനും നിഴല്‍പോലെ ഒപ്പമുണ്ടായത് മലയാളിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിയും സിനിമയുടെ സഹസംവിധായകനുമായ പാലക്കാടുകാരനുമായ റോബിന്‍ ജോയി. നായികമാരിലൊരാള്‍ പാലക്കാട്ടുകാരിയായത് യാദൃശ്ചികമല്ല. മുംബൈ കൂടാതെ കൊങ്കണിലെ രത്‌നഗിരിയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
പ്രശസ്ത ചിത്രകാരി നളിനി മാലിനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകള്‍ പായല്‍ ആന്ധ്രയിലെ ഋഷിവാലി സ്‌കൂളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദവും സോഫിയ കോളജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിക്കഴിഞ്ഞിട്ടാണ് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമയില്‍ ബിരുദാനന്തര ഡിപ്ലോമ നേടുന്നത്. 2014ല്‍ വാട്ടര്‍മെലണ്‍ ഫിഷ് ആന്‍ ഹാഫ് ഗോസ്റ്റ് എന്ന ഡോക്യുഡ്രാമയിലൂടെയാണ് സ്വതന്ത്രസംവിധായികയാവുന്നത്. ആഫ്റ്റര്‍നൂണ്‍ ക്‌ളൗഡ്‌സ് (2015), ദ് ലാസ്റ്റ് മാംഗോ ബിഫോര്‍ ദ് മണ്‍സൂണ്‍ (2017), ആന്‍ഡ് വാട്ടീസ് ദ് സമ്മര്‍ സേയിങ് (2018), എ നൈറ്റ് ഓഫ് നോയിങ് നത്തിങ് (2021) തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു.
മലയാളത്തില്‍ നിന്ന് നടന്‍ അസീസ് നെടുമങ്ങാട്, ടിന്റുമോള്‍ ജോസഫ് (ഷാനറ്റ് നേഴ്‌സ്), നേഴ്‌സുമാരായി വരുന്ന ആര്‍ദ്ര കെ എസ്, ശിശിര അനില്‍, അപര്‍ണ റാം, മെയില്‍ നേഴ്‌സായി വരുന്ന നിഖില്‍ മാത്യു തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കു പുറമേ, ബിപിന്‍ നഡ്കര്‍ണി, ശ്വേത പ്രജാപതി, ലവ്‌ലീന്‍ മിശ്ര, ആനന്ദ് സാമി, മധു രാജ തുടങ്ങിയവരാണ് താരനിരയിലുളളത്.
ഫ്രാന്‍സിലെ തോമസ് ഹക്കീം ജൂലിയന്‍ ഗ്രാഫ് എന്നിവര്‍ പങ്കാളികളായ പെറ്റിറ്റ് കേയോസും ഇന്ത്യന്‍ നിര്‍മാതാവായ സികോ മൈത്രയുടെ ചീസ് ഫിലിംസും ചേര്‍ന്നു നിര്‍മ്മിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് രണ്‍ബീര്‍ ദാസിന്റെ അസാമാന്യ കൈയടക്കമുള്ള ചായാഗ്രഹണത്താലും ക്‌ളെമെന്റ് പിന്റോയുടെ ആത്മാവുള്‍ക്കൊണ്ട ചിത്രസന്നിവേശപദ്ധതിയാലും കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോല്‍ക്കത്തയില്‍ നിന്നുള്ള യുവ റിഥം ആന്‍ഡ് ബ്‌ളൂസ് സംഗീതജ്ഞനായ റ്റോപ്‌ഷെയെ കൊണ്ട് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കാന്‍ കാണിച്ച ധൈര്യം സംവിധായികയായ പായലിന്റെ മാധ്യമത്തിലുള്ള ആത്മവിശ്വാസം വ്യക്തമാക്കുന്നുണ്ട്.
കാനില്‍ സിനിമാനിരൂപകരുടെ വോട്ടെടുപ്പില്‍ ആറു സ്റ്റാറും 3.3 പോയിന്റുകളും നേടിയാണ് പായലിന്റെ ചിത്രം ഷോണ്‍ ബേക്കറിന്റെ അമേരിക്കന്‍ ചിത്രമായ അനോറയ്‌ക്കൊപ്പം (അനോറയ്ക്കായിരുന്നു പാം ഡി ഓര്‍ പുരസ്‌കാരം) ഒന്നാം സ്ഥാനത്ത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. അമേരിക്കന്‍ ചലച്ചിത്രകാരിയും നടിയുമായ ഗ്രേറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അമേരിക്കന്‍ അഭിനേത്രി ലില്ലി ഗ്‌ളാഡ്‌സ്റ്റോണ്‍, ഫ്രഞ്ച് നടനും നിര്‍മ്മാതാവുമായ ഉമര്‍ സൈ, ടര്‍ക്കിയില്‍ നിന്നുള്ള തിരക്കഥാകാരിയും ഛായാഗ്രാഹകയുമായ എബ്രു സിലാന്‍, സ്പാനിഷ് ചലച്ചിത്രകാരന്‍ യുവാന്‍ അന്റോണിയ ബയോന,ഫ്രഞ്ച് നടി ഇവ ഗ്രീന്‍, ജാപ്പനീസ് ചലച്ചിത്രകാരന്‍ ഹിരോകസു കൊറെ-ഇട, ലെബനീസ് ചലച്ചിത്രകാരി നദീന്‍ ലബാക്കി, ഇറ്റാലിയന്‍ നടന്‍ പിയര്‍ഫ്രാന്‍സ്‌കോ ഫാവിനോ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
Malayalam Cinema's Technical Edge- A Pan-Indian Saga. Lecture at Institution of Engineers, Trivandrum
തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയഴേസില്‍ എന്‍ജിനീയറിങ് അലുമ്‌നി സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ 2024 ജൂണ്‍ 12 ന് മലയാള സിനിമയുടെ സാങ്കേതിക മുന്നേറ്റം ഒരു പാന്‍ ഇന്ത്യന്‍ അശ്വമേധം എന്ന വിഷയത്തില്‍ ഒന്നര മണിക്കൂറോളം പ്രഭാഷണം നടത്തി. ഏറെക്കുറെ നല്ല സദസ്. അവസാനം കുറെയൊക്കെ നല്ല ചോദ്യങ്ങളും. മൊത്തത്തില്‍ നല്ല അനുഭവമായിരുന്നു.