Saturday, May 18, 2024

നാടകാന്തം ജീവിതം!


വി.സി അഭിലാഷിന്റെ എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി എന്ന ചലച്ചിത്രത്തെക്കുറിച്ച് Kalakaumudi 2024 May 12-19

സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ കറുത്തഹാസ്യത്തിന്റെ മേമ്പൊടിചാര്‍ത്തി, സഗൗരവം ചര്‍ച്ച ചെയ്യുന്ന വേറിട്ടൊരു സിനിമയാണ്, വി.സി. അഭിലാഷിന്റെ എ പാന്‍-ഇന്ത്യന്‍ സ്റ്റോറി. മാധ്യമപ്രവര്‍ത്തകനായി തുടങ്ങി, ദേശീയ ബഹുമതി നേടിയ ആളൊരുക്കം എന്ന അരങ്ങേറ്റചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഭിലാഷിന്റെ മൂന്നാമത്തെ സിനിമ. ഭിന്നലൈംഗികതയോടുള്ള അസ്പര്‍ശ്യതയും മിജോസിനിയുമടക്കം ഇന്ത്യന്‍ കുടുംബവ്യവസ്ഥിതിയില്‍ ഇന്നും നിലനില്‍ക്കുന്ന സാമൂഹികവൈരുദ്ധ്യങ്ങളെ വിമര്‍ശനാത്മകമായി തുറന്നുകാട്ടുന്നതാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറി. ഇന്ത്യയിലെവിടെയും സാധുവാകുന്ന വിഷയങ്ങളാണ് പല അടരുകളുള്ള നോണ്‍ ലീനിയര്‍ ശൈലിയില്‍ അഭിലാഷ് അവതരിപ്പിക്കുന്നത്. സമകാലിക സമൂഹത്തിന്റെ കാപട്യങ്ങള്‍ക്കു നേരെ ചാട്ടുള ി മൂര്‍ച്ചയുള്ള നോട്ടങ്ങളെയ്യുന്ന ചിത്രമാണിത്.

സവിശേഷമാര്‍ന്നൊരു ഘടനയിലാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുടെ ഇതിവൃത്തം പടുത്തുയര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ഒരു മലയോരപട്ടണത്തില്‍ ഒരിടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹരിയുടെ (ധര്‍മ്മജന്‍ ബോള്‍ഗാട്ടി) കുടുംബത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം.സിനിമയ്ക്കുള്ളിലെ നാടകത്തിന്റെ രൂപത്തില്‍ ഒട്ടും നാടകീയമല്ലാതെ ജീവിതത്തിന്റെ കറുത്ത സത്യങ്ങളും കുടുംബജീവിത്തിലെ ഇരുള്‍സ്ഥലികളും തുറന്നുകാട്ടുകയാണ് സിനിമ.  ഭാര്യ സുജാത(ശൈലജ അമ്പു), സ്‌കൂളില്‍ പഠിക്കുന്ന ശങ്കരന്‍ (ഡാവിഞ്ചി)സഹോദരന്‍ മുരളി(വിഷ്ണു ഉണ്ണികൃഷ്ണന്‍) എന്നിവരടങ്ങുന്ന കുടുംബമാണ് ഹരിയുടേത്. ഭാര്യ ബീന (രമ്യ സുരേഷ്), ടീനേജുകാരിയായ അനിയത്തി(വിസ്മയ ശശികുമാര്‍), സ്‌കൂള്‍വിദ്യാര്‍ത്ഥികളായ രണ്ടു പെണ്‍കുട്ടികളെന്നിവരടങ്ങുന്നതാണ് റെജി (ഡോ ഷെറില്‍)യുടെ കുടുംബം. നാട്ടിന്‍പുറത്തെ ഗ്രന്ഥശാല കര്‍ണനെ നായകനാക്കി ഒരുക്കുന്ന അമച്ചര്‍ നാടകത്തില്‍ നായകനാണ് ശങ്കരന്‍. നാടകാധ്യാപകന്‍ കര്‍ണനെ തലയിലേക്കു കയറ്റാനും അത്രമേല്‍ യഥാതഥമാക്കണ്ട എന്നു പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തില്‍ ആശയക്കുഴപ്പത്തിലാവുന്ന കുട്ടിയിലാണ് സിനിമ ആരംഭിക്കുന്നത്. ജീവതമാവുന്ന നാടകത്തില്‍ അര്‍ത്ഥവും ആഴവുമറിയാതെ ആടേണ്ടിവരുന്ന വേഷപ്പകര്‍ച്ചകളുടെ വൈരുദ്ധ്യത്തിന് നാന്ദിയാകുന്നുണ്ട് ശീര്‍ഷകപൂര്‍വ ദൃശ്യങ്ങള്‍. സത്യത്തില്‍ നാടകസംവിധായകന്‍ പറയുന്ന ഈ വൈരുദ്ധ്യം അവനോ അവന്റെ പിതാവിനോ മനസിലാവുന്നില്ലെന്ന് അവരുടെ സംഭാഷണത്തില്‍ വ്യക്തവുമാണ്.  സിനിമയില്‍ സംവിധായകനാകാന്‍ മോഹിച്ച് മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ് മുരളി. ശരീരഭാഷയില്‍ ലേശം സ്‌ത്രൈണതയുള്ള അയാളിലെ ക്വീര്‍ വ്യക്തിത്വം പ്രകടവുമാണ്. അസാധാരണ മെയ് വഴക്കത്തോടെയാണ് ആ കഥാപാത്രത്തെ വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ളത്. ഒരല്‍പം കൂടിയാല്‍ ചാന്തുപൊട്ടായിപ്പോകുമായിരുന്ന മുരളിയെ വിഷ്ണു മെയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഏഷണിയും പരദൂഷണവും ടിവി പരമ്പരയുമൊക്കെ ഇഷ്ടപ്പെടുന്ന ശരാശരി ഇന്ത്യന്‍ വീട്ടമ്മയാണ് സുജാത.

പുറമേയ്ക്ക് ശാന്തമെന്നും സുന്ദരമെന്നും പാരസ്പര്യമെന്നും തോന്നിപ്പിക്കുന്ന കുടുംബബന്ധങ്ങള്‍ക്കുള്ളില്‍ പുകയുന്ന അഗ്നിപര്‍വതങ്ങളുടെ അമ്ലത്വവും, ഡിജിറ്റല്‍ കാല യൗവനപ്രണയബന്ധങ്ങളിലെ സ്വാര്‍ത്ഥതയും ഉപരിപ്‌ളവതയും, മാതൃകാദാമ്പത്യങ്ങളിലെ ലൈംഗികശൈഥല്യവും, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒളിഞ്ഞുനോട്ട/സദാചാരസംരക്ഷണ മനോഭാവവും, കുടുംബത്തിലും പുറത്തുമുള്ള ആണധികാരവ്യവ്ഥയും, കൊട്ടിഘോഷിക്കപ്പെടുന്ന സെക്യൂലര്‍ കാഴ്ചപ്പാടുകളിലെ ഇരട്ടത്താപ്പുമെല്ലാം എ പാന്‍ ഇന്ത്യന്‍ സ്റ്റോറി കണക്കിന് കളിയാക്കുന്നുണ്ട്. അസാധാരണമായ പ്രേക്ഷകപങ്കാളിത്തം ആവശ്യപ്പെടുന്ന ഗാത്രമാണ് സിനിമയുടേത്. തുടക്കം മുതലുളള ഓരോ രംഗവും സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്കേ അവസാനം ആ രംഗങ്ങളില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള സുചനകളുടെ താക്കോലുകള്‍ കൊണ്ട് മൊത്തം സംഭവങ്ങളുടെ പൂട്ടുകള്‍ തുറക്കാന്‍ സാധിക്കൂ.

ഹരിയുടെ സുഹൃത്തും മറ്റൊരു നഗരത്തിലെ ഉദ്യോഗസ്ഥനുമായ റജി സകുടുംബം ഒരു ബന്ധുവിന്റെ വിവാഹത്തിനുകൂടാന്‍ ഹരിയുടെ വീട്ടിലേക്കു വരുന്നതും ഒരു രാത്രി അവിടെ തങ്ങി പിറ്റേന്നു പകല്‍ വിവാഹത്തിനുപോകുന്നതും ആ സമയത്ത് വീട്ടില്‍ ഇരുകുടുംബങ്ങളിലെയും കുട്ടികള്‍ ചേര്‍ന്നു രസകരമായൊരു കളിയിലേര്‍പ്പെടുന്നതുമാണ് ഒറ്റവാചകത്തില്‍ എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുടെ കഥാസാരം. എന്നാല്‍ വളരെ ആഴമുള്ള അതിലേറെ അടരുകളുള്ള ബഹുതല ആഖ്യാനമാണ് ചിത്രത്തിന്റേത്. ഒരു ഘട്ടം കഴിഞ്ഞ് കുട്ടികളുടെ കളിയിലേക്കു കടക്കുമ്പോള്‍ സിനിമ അതുവരെ നിലനിര്‍ത്തിയ ഋജുത്വം കൈവിട്ട് വളരെയേറെ ഗൗരവമാര്‍ജിക്കുന്നു. കളി കാര്യമാവുന്ന കാഴ്ചതന്നെയാണത്. ബിഗ് ബോസ് ഷോകള്‍ അരങ്ങുവാഴുന്ന പോസ്റ്റ് ട്രൂത്ത് കാലത്ത് വോയറിസത്തിലേക്കു തെന്നിവീഴാതെ മറ്റൊരു തലത്തില്‍ പക്ഷേ അതേ തീവ്രതയോടെയാണ് എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി ഇതള്‍വിരിയുന്നത്. പണ്ടുകാലം മുതല്‍ കുട്ടികള്‍ തമ്മില്‍ കളിക്കാറുള്ള കഞ്ഞിയും കറിയും വച്ച് അച്ഛനുമമ്മയും കളിക്കുന്നതിനു സമാനമായ കളിയുടെ അവസാന ലാപ്പില്‍ ശങ്കരന്‍ ഗൃഹനാഥന്റെ റോളെടുക്കുന്നതോടെയാണ് സിനിമ നാടകീയമായ ഒരു ട്വിസ്റ്റിലേക്കു പ്രവേശിക്കുന്നത്. അരങ്ങില്‍ കര്‍ണനെ യഥാതഥമായി ശിരസിലേറ്റാന്‍ പരിശീലനം കിട്ടിയിട്ടുളള ശങ്കരന്‍ സ്വന്തം പിതാവിനെ അക്ഷരാര്‍ത്ഥത്തില്‍ മനസിലും ശരീരത്തിലുമേറ്റുകയാണ്. അതൊരര്‍ത്ഥത്തില്‍ ഒരു വെളിച്ചപ്പെടല്‍ തന്നെയായിത്തീരുകയുമാണ്. മെയില്‍ ഷോവനിസത്തിന്റെ ആള്‍രൂപമായ ഹരിയെയാണ് ശങ്കരനിലൂടെ കളിയില്‍ വെളിപ്പെടുന്നത്. ശരീരഭാഷയിലും സംഭാഷണത്തിലുമെല്ലാം ധര്‍മ്മജനെ അസൂയാവഹമായ വിധമാണ് ബാലനടന്‍ ഡാവിഞ്ചി ആവഹിച്ചിട്ടുള്ളത്. നഗരത്തില്‍ നിന്നെത്തുന്ന റെജിയുടെ പെണ്‍കുട്ടികളാണ് അത്തരമൊരു കളിക്ക് ശങ്കരനെയും മറ്റും നിര്‍ബന്ധിക്കുന്നത്. പക്ഷേ, അവര്‍ കണ്ട ലോകമല്ല ശരാശരി ഇന്ത്യന്‍ കുടുംബത്തിന്റേതെന്ന്, ശങ്കരന്‍ ഗൃഹനാഥന്റെ ഭാഗമേറ്റെടുക്കുന്നതോടെ അവര്‍ക്കു മനസിലാവുന്നു. എന്തിന് സ്വന്തം കുടുംബത്തെപ്പറ്റി ഹരിക്കും സുജാതയ്ക്കുമുള്ള യഥാര്‍ത്ഥ ധാരണയുടെയും അഭിപ്രായത്തിലെയും കാപട്യം പോലും ശങ്കരനിലൂടെ വെളിപ്പെടുകയാണവിടെ. അതാ കുട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്. ഇതിനിടെ സ്‌പോര്‍ട്‌സ് കളിക്കോപ്പുകള്‍ തേടിയെത്തുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ കൂടിയായ യുവാവ് അന്തം വിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് ദൃക്‌സാക്ഷിയാവുന്നത്. 

വിവാഹത്തിനു പോകാതെ അവിടെ തങ്ങുന്ന, സദാ മൊബൈല്‍ ഫോണില്‍ അഭിരമിക്കുന്ന റെജിയുടെ പെങ്ങള്‍ ഒരു സന്ദിഗ്ധ ഘട്ടത്തില്‍ മുരളിയുടെ മുറിയില്‍ അഭയം പ്രാപിക്കുകയാണ്. ആരെങ്കിലും വിളിച്ച് എന്തെങ്കിലും പണിയേല്‍പിക്കുമ്പോഴല്ലാതെ സദാ ഉറക്കത്തിലായ മുരളിയുടെ ജീവിതത്തില്‍ അതൊരു വഴിത്തിരിവാകുന്നുണ്ട്. അവളുടെ ജീവിതത്തിലും. ഫോണിലൂടെ വെളിപ്പെട്ട പ്രണയനിരാസത്തിന്റെ തീവ്രതയില്‍ അവള്‍ ആത്മഹത്യ ചെയ്യാത്തത് മുരളിയുടെ സാന്ത്വനം കൊണ്ടാണ്. സിനിമയ്‌ക്കോ നാടകത്തിനോ ആയിട്ടല്ലാതെ ആദ്യമായി മുരളി ഒരു പെണ്‍കുട്ടിക്ക് മുഖത്തെഴുത്തു ചെയ്യുന്നു. നാടകം എന്ന ഉല്‍പ്രേക്ഷ അങ്ങനെ പല തരത്തില്‍/തലത്തില്‍ ഈ സിനിമയുടെ രൂപഗാത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയുടേതിനു സമാനമായി തുടങ്ങുന്ന കുട്ടികളുടെ കളിക്കു മുമ്പേ മലയാളിജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ വെളിവാക്കുന്ന ഒരു മുന്‍ അധ്യായം ഹരിയുടെ വീടിന്റെ മട്ടുപ്പാവില്‍ ആദ്യ ദിവസം അരങ്ങേറുന്നുണ്ട്. അത്താഴശേഷം എല്ലാവരും ചേര്‍ന്ന് ടെറസില്‍ കൂടി പാട്ടും കവിതയുമൊക്കെയായി കൂടുമ്പോഴാണ് ഹരിയുടെ പഴയ നാടകജീവിതമൊക്കെ ഇതള്‍വിരിയുന്നത്. സുജാതയുമൊത്ത് കളിച്ചിട്ടുള്ള ഭീമഘടോത്കചം ബൊമ്മനാട്ടമാണ് ഹരി അവതരിപ്പിക്കുന്നത്. കൃശഗാത്രനായ ഹരി ഘടോത്കചനാകുന്നതിലെ വൈരുദ്ധ്യം മുതല്‍ ആ സദിരില്‍ ഓരോരുത്തര്‍ക്കും അവരുടേതായ പ്രതിഭ വെളിപ്പെടുത്താന്‍ അവസരം കിട്ടുന്നുണ്ട്. എന്നാല്‍ മുരളി പാടാന്‍ തുടങ്ങുമ്പോള്‍ മാത്രം എല്ലായ്‌പ്പോഴുമെന്നോണം ഇടയ്ക്കുവച്ച് നിര്‍ത്താന്‍ നിര്‍ബന്ധിതനാവുന്നു. സമൂഹത്തിലും വീട്ടിലും അയാള്‍ നേരിടുന്ന അവഗണന വ്യക്തമാക്കുന്ന സന്ദര്‍ഭമാണത്. അയാളുടെ സിനിമാസങ്കല്‍പം പോലും ആ കുടംബങ്ങള്‍ക്കു മുന്നില്‍ നന്നായി ബോധ്യപ്പെടുത്താനുള്ള ആത്മവിശ്വാസവുമയാള്‍ക്കില്ല.

പുറമേക്ക് തികഞ്ഞ സൗഹൃദവും ഇഴയടുപ്പവും കാണിക്കുന്ന ഗൃഹനാഥകള്‍ തമ്മിലുള്ള ഉള്‍പ്പോര് അവരുടെ സംഭാഷണങ്ങളിലൂടെ പതിയേ വെളിപ്പെടുന്നുണ്ട്. രണ്ടുപേരും ഭര്‍ത്താക്കന്മാരെ പുലിക്കുട്ടന്മാരായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആണുങ്ങള്‍ വാഴുന്ന കുടുംബത്തിനേ നിലനില്‍പ്പുള്ളൂ എന്നുവരെ സുജാത ബീനയോട് പറയുന്നുണ്ട്. ഇതേ സുജാതയ്ക്ക് ഹരിയോടുള്ള വെറുപ്പും, അയാളുടെ അനുജനോടുള്ള അടുപ്പവുമെല്ലാം പോകെപ്പോകെ തെളിയുന്ന വൈരുദ്ധ്യങ്ങളാണ്. കല്യാണത്തിനു പോയ ഹരിയും റെജിയും ഭാര്യമാരും രാത്രി വൈകി തിരികെയെത്തുകയും കുട്ടികള്‍ പറഞ്ഞ് ശങ്കരന്റെ ചെയ്തികള്‍ അറിയുകയും ചെയ്യുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്കു കടക്കുകയാണ്. സാമൂഹികമായ മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നു. ആട്ടവിളക്കിനു മുന്നില്‍ തന്നെ കഥാപാത്രങ്ങള്‍ വേഷമഴിച്ചുവച്ച് തനിസ്വത്വം വീണ്ടെടുക്കുകയാണ്. അതാവട്ടെ സമൂഹത്തെ ആകമാനം ബാധിക്കുന്ന ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുമുണ്ട്. പരിഹാരം നിര്‍ദ്ദേശിക്കാതെ, സാമൂഹിക പ്രഹേളികകളെ പ്രശ്‌നവത്കരിച്ചുകൊണ്ടാണ് അഭിലാഷിന്റെ സിനിമ അവസാനിക്കുന്നത്.

മുഖ്യധാരാസിനിമയില്‍ കോമാളികളിക്കുന്ന പ്രതിഭാധനന്മാര്‍ക്ക് പ്രതിഛായാമാറ്റം നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന സംവിധായകനാണ് അഭിലാഷ്. ആളൊരുക്കത്തില്‍ ഇന്ദ്രന്‍സിനും സബാഷ് ചന്ദ്രബോസില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അത്തരത്തില്‍ പുതിയ ഭാവം നല്‍കിയതും അഭിലാഷാണ്. എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയിലെ ധര്‍മ്മജന്‍, ഇന്നോളം നാം കണ്ട ധര്‍മ്മജനല്ല എന്നു മാത്രം പറയട്ടെ. സുജാതയായി ശൈലജയുടെയും ബീനയായി രമ്യയുടെയും പകര്‍ന്നാട്ടങ്ങളും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

അലിഗറിയുടെയോ ആക്ഷേപഹാസ്യത്തിന്റെയോ തലത്തിലാണ് സിനിമ ആദ്യാവസാനം സഞ്ചരിക്കുന്നത്. മധ്യവര്‍ത്തി സമൂഹത്തിന്റെ സകല കാപട്യങ്ങളെയും തൊലിയുതിര്‍ത്തു കാട്ടുന്നുവെന്നതാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുടെ സവിശേഷത. ഐസിങിന്റെ മധുരത്തില്‍ പൊതിഞ്ഞ കാഞ്ഞിരത്തിന്‍കുരുവിന്റെ കയ്പ് തെളിച്ചുകാട്ടുകയാണ് അഭിലാഷ് ചെയ്യുന്നത്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നതിനു തുല്യമായ സര്‍ഗാത്മക പ്രവൃത്തിയാണത്. കലാപരമായ മികവോടെ തന്നെ അക്കാര്യത്തില്‍ തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും അഭിലാഷ് വിജയിക്കുന്നുമുണ്ട്. പരിമിതികളില്ലാത്ത സിനിമയൊന്നുമല്ല എ പാന്‍ ഇന്ത്യന്‍ സ്റ്റോറി. ശബ്ദലേഖനത്തിലെ ചില നോട്ടപ്പിഴകളും, ഡബ്ബിങിലെ ചില യാന്ത്രികതകളുമെല്ലാം മുഴച്ചുനില്‍ക്കുന്നുണ്ട്. നവഭാവുകത്വ യഥാതഥത ഉള്‍ക്കൊണ്ട് ആവിഷ്‌കരിക്കപ്പെട്ട ഛായാഗ്രഹണപദ്ധതിയാണ് ചിത്രത്തിലേത്. എല്‍ദോ ഐസക്ക് അത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. പല അടരുകളുളള കഥാനിര്‍വഹണശൈലിക്ക് വിഷ്ണു വേണുഗോപാലിന്റെ സിന്നിവേശം നല്‍കിയിട്ടുള്ള പിന്തുണയും നിര്‍ണായകമാണ്.




No comments: