മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി പരിചയപ്പെടും മുമ്പേ, സംവിധായകന്‍ ഹരികുമാറിനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. പ്രധാനമായും ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന രണ്ടു ചിത്രങ്ങളിലൂടെ. ഒന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്‌ക്രിപ്റ്റില്‍ അശോകനും പാര്‍വതിയുമഭിനയിച്ച ജാലകം. രണ്ടാമത്തേത്, എം.ടി.യുടെ തിരക്കഥയില്‍ മമ്മൂട്ടിയും ഗൗതമിയും മനോജ് കെ ജയനും അഭിനയിച്ച സുകൃതം. മലയാളത്തിന്റെ മുഖ്യധാരയില്‍ നല്ല സിനിമയുടെ വഴിയില്‍ സഞ്ചരിച്ച ഹരികുമാറിന്റെ പേരില്‍ വേറെയും നല്ല സിനിമകള്‍ ചിലതുണ്ടെങ്കിലും എനിക്കു പ്രിയപ്പെട്ടവ ഇവ രണ്ടുമാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായ ശേഷം, വെബ് ലോകം ഡോട്ട് കോമില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002ല്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പിന്നീട് പലവിധത്തില്‍ അദ്ദേഹവുമായി അടുത്തിടപഴകേണ്ടിവന്നിട്ടുണ്ട്.
കോട്ടയത്ത് മംഗളത്തിന്റെ സഹോദരപ്രസിദ്ധീകരണമായ കന്യകയുടെ പത്രാധിപരായിരിക്കെയാണ് അന്തരിച്ച ശ്രീ എം.സി.വര്‍ഗീസ് സാറിന്റെ ജീവചരിത്രം ഒരു ഡോക്യുമെന്ററിയായി ചെയ്യാന്‍ ശ്രീ അജന്താലയം അജിത്ത്കുമാറും ഹരികുമാര്‍സാറും തീരുമാനിക്കുന്നത്. സണ്ണി ജോസഫായിരുന്നു ക്യാമറാമാന്‍. അതിന്റെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോള്‍ ചില രംഗങ്ങളില്‍ ഞാനും അതിന്റെ ഭാഗഭാക്കായി. അന്നൊക്കെ ഒരു ചലച്ചിത്ര പത്രപ്രവര്‍ത്തകനും ചലച്ചിത്രകാരനും തമ്മിലെ ഔപചാരിക ബന്ധമായിരുന്നു തമ്മില്‍. തുടര്‍ന്ന് രാഷ്ട്രദീപിക സിനിമാവാരികയുടെ പത്രാധിപരായിരുന്ന കാലത്തും അതിനിടയ്ക്ക് ചുരുങ്ങിയ കാലം മലയാളത്തിലെ ആദ്യത്തെ മുഴുനീള വാര്‍ത്താ ചാനലായ ഇന്ത്യവിഷനിലുണ്ടായിരിക്കെയും അദ്ദേഹത്തിന്റെ സിനിമകളുമായി ബന്ധപ്പെട്ട് കവറേജ് നല്‍കാനായി. സുരേഷ്‌ഗോപിയും ലക്ഷ്മിഗോപാലസ്വാമിയും അഭിനയിച്ച പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഷൂട്ടിങ് കൊച്ചിയില്‍ വൈറ്റിലയ്ക്കടുത്ത് നടക്കുമ്പോള്‍ ഇന്ത്യവിഷന്റെ സിനിമാ പരിപാടിക്കായി കവര്‍ ചെയ്തത് ഓര്‍ക്കുന്നു.
പിന്നീടും പല സ്ഥലത്തും വച്ച് പരസ്പരം കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു പോന്നു. ഇതിനിടെ അച്ഛന്‍ മരിച്ചപ്പോള്‍ എന്റെ മുന്‍ സഹപ്രവര്‍ത്തകയും ആത്മസുഹൃത്തിന്റെ ഭാര്യയും നിരൂപകയുമായ ഡോ രാധിക സി നായരോട് വഴി തിരക്കി അവരെയും കൂട്ടി എന്റെ വീട്ടില്‍ വന്നു സാന്ത്വനിപ്പിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം 2017ലാണ്, ഞാന്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിന്റെ പ്രിവ്യൂ ജൂറിയില്‍ അംഗമാണ്. ഗുരുസ്ഥാനീയനായ ശ്രീ എം.എഫ് തോമസ് സാറടക്കം ഞങ്ങള്‍ അഞ്ചുപേരാണ് ജൂറി. ഹരികുമാര്‍ സാറിന്റെ കാറ്റും മഴയും മത്സരത്തിനുണ്ട്. മൊത്തം 11 ചിത്രങ്ങളാണ് ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവുക. അതില്‍ രണ്ടെണ്ണം രാജ്യാന്തര മത്സരത്തിലേക്കു പോകും. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഉണ്ണിമുകുന്ദനെയും ലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച കാറ്റും മഴയും വൈകാരികമായൊരു ചെറിയ നല്ല സിനിമയായിരുന്നു. പക്ഷേ, ജയരാജിന്റെ ഒറ്റാല്‍ പോലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യാന്തര മത്സരിലേക്ക് തെരഞ്ഞെടുക്കാന്‍ മാത്രമുള്ള യോഗ്യതയില്ല. സ്വാഭാവികമായി ജയരാജിന്റെ സിനിമയാണ് മത്സരത്തിലേക്കു നിര്‍ദ്ദേശിച്ചത്. കാറ്റും മഴയും മലയാള സിനിമാവിഭാഗത്തിലും ഉള്‍പ്പെടുത്തി. ഒരാഴ്ച കഴിഞ്ഞ് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ കൊച്ചിക്കു പോകുന്ന ഹരികുമാര്‍സാറിനെ കണ്ടു. അജന്താലയവും ഒപ്പമുണ്ടായിരുന്നു. എന്നെ കണ്ടതും അടുത്തു വന്നു. തന്റെ സിനിമയ്ക്ക് മത്സരവിഭാഗത്തിലേക്ക് അര്‍ഹതയുണ്ടായിരുന്നു എന്ന്, സ്വന്തം സൃഷ്ടിയില്‍ അങ്ങേയറ്റം ബോധ്യമുള്ള ഒരു രചയിതാവിന്റെ ആത്മവിശ്വാസത്തോടെ അദ്ദേഹം വാദിച്ചു. ജയരാജിന്റെ ചിത്രം അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം, ചലച്ചിത്രമേളയുടെ സമാപനദിവസം, നിശാഗന്ധിയിലെ സദസിനു മുന്‍നിരയില്‍ ഞങ്ങള്‍ ജൂറിയംഗങ്ങള്‍ക്കു തൊട്ടരികില്‍ തന്നെയായിരുന്നു അദ്ദേഹവുമിരുന്നത്. അവാര്‍ഡ് പ്രഖ്യാപനം വന്നു. രാജ്യാന്തര മത്സരവിഭാഗം, ഫിപ്രെസ്‌കി, നെറ്റ്പാക്ക്, ഓഡിയന്‍സ് പോള്‍ എന്നീ പ്രധാന അവാര്‍ഡുകളെല്ലാം ജയരാജിന്റെ ഒറ്റാല്‍ വാരിക്കൂട്ടി. തെരഞ്ഞെടുപ്പ് ജൂറിയംഗം എന്ന നിലയ്ക്ക് ആത്മവിശ്വാസവും അതിലേറെ സംതൃപ്തിയും തോന്നിയ നിമിഷം! ഞാന്‍ ഇടം കണ്ണിട്ട് ഹരികുമാര്‍ സാറിനെ നോക്കി. വലതുകയ്യിലെ തള്ളവിരലുയര്‍ത്തി അദ്ദേഹം എന്നെ അഭിവാദ്യം ചെയ്തു. അവാര്‍ഡ് സ്വീകരിച്ച് താഴെയെത്തിയ ജയരാജിനെ ഹൃദയം തുറന്ന് ആശംസിച്ചവരില്‍ ആദ്യക്കാരനും അദ്ദേഹമായിരുന്നു! അതില്‍പ്പിന്നീട് എന്നെ കുറേക്കൂടി ഗൗരവത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടിരുന്നത് എന്നു പില്‍ക്കാലത്തെ അനുഭവങ്ങളില്‍ തോന്നിയിട്ടുണ്ട്.
2018ല്‍ ശ്രീ പി ഒ മോഹന്‍ മംഗളം പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പ് എഡിറ്ററായിരിക്കെ ഞാന്‍ അധികബാധ്യതയെന്നോണം സിനിമാമംഗളത്തിന്റെ കൂടി ഉള്ളടക്കത്തില്‍ ചിലത് നോക്കുന്ന കാലം. അപ്പോഴാണ് ഹരികുമാര്‍ സാര്‍ കെ. ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ്ഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ചെയര്‍മാനാവുന്നത്. സ്ഥാനമേറ്റതേ എന്നെ വിളിച്ചു. ചന്ദ്രശേഖരാ എനിക്കൊരു സഹായം വേണം. ഇവിടെ അടിസ്ഥാനസൗകര്യങ്ങളില്‍ പലതുമില്ല. ഒരു പ്രിവ്യൂ തീയറ്ററില്ല. അതൊക്കെ പണിത് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറേക്കൂടി ജനങ്ങളിലേക്കെത്തിക്കണം. അതിന് സിനിമാമംഗളത്തില്‍ പരമാവധി കവറേജ് തരണം. സ്ഥാപനത്തെപ്പറ്റി ഒരു ഫീച്ചര്‍ ചെയ്യണം. മോഹനോട് പറഞ്ഞ് ക്യാമറാമാന്‍ വിപിന്‍കുമാറുമൊത്ത് ഒരുദിവസം ഞാന്‍ ക്യാംപസിലെത്തി. സണ്ണിജോസഫായിരുന്നു അന്ന് കോഴ്‌സ് ഡയറക്ടര്‍. ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി സാമാന്യം ഭേദപ്പെട്ടൊരു സചിത്ര ഫീച്ചര്‍ നല്‍കി.
അതിനു നന്ദി പറയാന്‍ വിളിച്ചതിനൊപ്പം, മറ്റൊരാവശ്യം കൂടി അദ്ദേഹം മുന്നോട്ടുവച്ചു. തന്റെ അധ്യക്ഷകാലത്ത് സ്ഥാപനത്തിന്റേതായി രാജ്യാന്തര നിലവാരത്തില്‍ ഒരു ഇംഗ്‌ളീഷ് പ്രസിദ്ധീകരണം ഇറക്കണം. അതിന്റെ പത്രാധിപത്യം ഞാന്‍ ഏറ്റെടുക്കണം. ഉള്ളടക്കവും രൂപകല്‍പനയുമെല്ലാം എനിക്കു നിശ്ചയിക്കാം. ഞാനൊരു ബജറ്റ് സമര്‍പ്പിച്ചു.
അന്ന് ഡയറക്ടറായിരുന്ന പി ആര്‍ ഡിയിലെ അമ്പാടിയുമായി ആലോചിച്ച് അദ്ദേഹമതിന് അനുമതി വാങ്ങി തന്നു. അകാലത്തില്‍ അന്തരിച്ച, മലയാള മനോരമയുടെ ഡിസൈന്‍ കൊഓര്‍ഡിനേറ്ററായിരുന്ന, അസാമാന്യ പ്രതിഭയായിരുന്ന ഡിസൈനര്‍ അനൂപ് രാമകൃഷ്ണനെ കൊണ്ടാണ് മാസിക രൂപകല്‍പന ചെയ്തത്. ഐറിസ് എന്നായിരുന്നു പേര്. ഒറ്റയ്ക്ക് അതിന്റെ ഏകോപനം നിര്‍വഹിക്കാനുള്ള ബുദ്ധിമുട്ടുകാരണം സുഹൃത്തും ചില പുസ്തകങ്ങളുടെ സഹരചയിതാവുമായ ദേശാഭിമാനിയിലെ ബി ഗിരീഷ് കുമാര്‍ എന്ന ഗിരീഷ് ബാലകൃഷ്ണനെയും ഒപ്പം കൂട്ടി. ഇതു സംബന്ധിച്ച് രണ്ടുവട്ടം ഇടപ്പഴഞ്ഞിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനും ഗിരീഷും ഒത്തുകൂടി ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഹരികുമാര്‍ സാറിന് ഒരു കാര്യത്തിലേ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഉദ്ഘാടനപ്പതിപ്പിലെ മുഖലേഖനം അടൂര്‍ സാറിന്റെ അഭിമുഖമായിരിക്കണം. അടൂര്‍ സാറിനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരുത്തി, അവിടത്തെ വിവിധ വകുപ്പുകളിലെ അധ്യക്ഷന്മാരായ പ്രഗത്ഭ ചലച്ചിത്രപ്രതിഭകളെക്കൊണ്ട് അഭിമുഖം നടത്തിച്ച് വളരെ ദീര്‍ഘമായ ഒരു ഫീച്ചര്‍. അദ്ദേഹം തന്നെ അതിനു മുന്‍കൈയെടുത്ത് അടൂര്‍ സാറിനെ അങ്ങോട്ടെത്തിച്ചു. ഞാന്‍ കോട്ടയത്തു നിന്നും ഗിരീഷ് തിരുവനന്തപുരത്തുനിന്നും ഞങ്ങളുടെ ഫോട്ടോഗ്രാഫറെയും കൊണ്ടവിടെ എത്തി. സണ്ണി ജോസഫ്, വിപിന്‍ വിജയ്, വിനോദ് സുകുമാരന്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് അടൂര്‍ സാറുമായി മണിക്കൂറുകള്‍ നീണ്ട സംവാദം നടത്തിയത്. ഞങ്ങളത് ദീര്‍ഘ ലേഖനമാക്കി. സണ്ണിയുടെ നേതൃത്വത്തില്‍ അത് വീഡിയോയിലും പകര്‍ത്തി. ഭരദ്വാജ് രംഗനടക്കം പലരുടെയും ഗംഭീരങ്ങളായ പഠനങ്ങളും സംഘടിപ്പിച്ച് രൂപകല്‍പന പൂര്‍ത്തിയാക്കി അനുമതിക്കായി സമര്‍പ്പിച്ചു. പക്ഷേ മാസങ്ങള്‍ക്കകം കാലാവധി തികച്ച ഹരികുമാര്‍ സാര്‍ പദവിയില്‍ നിന്നു മാറി. അടൂര്‍ സാര്‍ പുതിയ അധ്യക്ഷനായി. എന്തു ചെയ്യണം എന്നൊരു രൂപവുമില്ലാതിരുന്ന ദിവസങ്ങളിലൊരിക്കല്‍ അദ്ദേഹത്തിന്റെ ഫോണ്‍ വന്നു; ക്ഷമിക്കണം ചന്ദ്രശേഖര്‍. പദവി വിട്ടതോടെ ഇനി അതിന്റെ കാര്യത്തില്‍ എന്തു ചെയ്യാനാവും എന്നെനിക്കറിയില്ല. എന്റെ സ്വപ്‌നമായിരുന്നു. അതിന് ബജറ്റ് അനുമതിയായതാണ്. അതുകൊണ്ട് പുതിയ സാഹചര്യത്തിലും ഒറ്റ ലക്കമായിട്ടായാലും അതു പുറത്തിറക്കണേ എന്നു ഞാന്‍ അമ്പാടിയോട് പറഞ്ഞിട്ടുണ്ട്. അടൂര്‍ സാറിനോടും പറഞ്ഞു.
(അടൂര്‍ സാര്‍ പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ എന്നോടും ഇക്കാര്യം സൂചിപ്പിച്ചു. ഹരി എന്നോട് അക്കാര്യം പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ ചെയര്‍മാനായിരിക്കെ എന്റെ തന്നെ അഭിമുഖം മുഖലേഖനമായി ഒരു പ്രസിദ്ധീകരണം പുറത്തുവരുന്നതില്‍ ശരികേടുണ്ട്. അതുകൊണ്ടാണ് എനിക്കത് മുന്നോട്ടു കൊണ്ടുപോകാനാവാത്തത്. ആ അഭിമുഖം എന്റേതായി രേഖപ്പെട്ട ഏറ്റവും അക്കാദമിക്കായ ഒന്നായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്) അതുകൊണ്ട് അതു സംഭവിച്ചില്ല. പിന്നീട് അനൂപ് ലോകം തന്നെ വിട്ടുപോയതോടെ അതിന്റെ ഓപ്പണ്‍ ഫയലും നഷ്ടപ്പെട്ടു.
പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടുന്നത് 2002ല്‍ അദ്ദേഹത്തിന്റെ ജ്വാലാമുഖി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് എന്‍ട്രിയായി വന്നപ്പോഴാണ്. കാറ്റും മഴയ്ക്കും ശേഷം ഒരു യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിഒരുക്കിയ സിനിമയായിരുന്നു സുരഭിലക്ഷ്മി നായികയായ അതീവ ഹൃദ്യമായ ഒരു കുഞ്ഞു സിനിമ. ആത്മാര്‍ത്ഥതയുള്ളൊരു ചലച്ചിത്രോദ്യമം. അതിലെ അഭിനയത്തിന് സുരഭി മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ആ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ റൂബി ജൂബിലി അവാര്‍ഡിനായി ഹരികുമാര്‍ സാറിനെ നാമനിര്‍ദ്ദേശം ചെയ്യാനുമായി. കോവിഡ് ലോക് ഡൗണ്‍ മൂലം മുടങ്ങിപ്പോയ അവാര്‍ഡുകള്‍ ഒന്നിച്ച് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചു വിതരണം ചെയ്തപ്പോള്‍ അദ്ദേഹം സസന്തോഷം നേരിട്ടു വന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതുമോര്‍ക്കുന്നു.
പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം എന്നെ വിളിക്കുന്നത് സിനിമയിലെത്തി 40 വര്‍ഷമായപ്പോഴാണ്. അദ്ദേഹത്തിന്റെ സിനിമകളെ ഗൗരവത്തില്‍ വിലയിരുത്തി ഞാനൊരു പഠനമെഴുതണം. അതാണാവശ്യം. ഞാനതുറപ്പും നല്‍കി. എന്നാല്‍ ദിവസേനയുള്ള യാത്രയും എടുത്താല്‍ പൊങ്ങാത്ത ജോലിഭാരവും ഒഴിച്ചുകൂടാനാവാത്ത ചില യാത്രകളുമെല്ലാമായി ആ ഉറപ്പ് കുറുപ്പിന്റേതായി. ഇന്നും അത്തരത്തിലൊരു പഠനം ആഗ്രഹമായി തന്നെ അവശേഷിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാനത് ചെയ്തിരിക്കും. മറ്റൊരുലോകത്തിരുന്ന് ഹരികുമാര്‍ സാര്‍ ഉറപ്പായും അതു വായിക്കുമെന്നെനിക്കറിയാം.
ഒരു നിരാശയുടെ കൂടി കഥ പറഞ്ഞവസാനിപ്പിക്കാം. കൃത്യമായി പറഞ്ഞാല്‍ ഈ ഫെബ്രുവരിയിലാണ്. എം.സി വര്‍ഗീസ് സാറിനെക്കുറിച്ചെടുത്ത ആ ഡോക്യുമെന്ററിയുടെ ഒരു ഹൈ റെസല്യൂഷന്‍ പകര്‍പ്പ് എങ്ങനെങ്കിലും തരപ്പെടുത്താമോ എന്ന് അദ്ദേഹത്തിന്റെ ഇളയ മകന്‍ ശ്രീ ബിജു വര്‍ഗീസ് എന്നോടന്വേഷിക്കുന്നു. ചിത്രാഞ്ജലിയില്‍ അതിന്റെ പകര്‍പ്പുണ്ടാവുമെന്ന്‌റിഞ്ഞ് ഞാന്‍ ഇക്കാര്യം ശ്രീ സണ്ണി ജോസഫിനോട് അന്വേഷിക്കുന്നു. അദ്ദേഹം അതിന്റെ വിവരങ്ങള്‍ എന്നെ അറിയിച്ച കൂട്ടത്തില്‍ അല്‍പം വിഷമത്തോടെ പറഞ്ഞു- 'ഇതിന്റെ ആവശ്യത്തിനായി ഞാന്‍ ഹരികുമാര്‍ സാറിനെ വിളിച്ചപ്പോള്‍ സാറിനല്‍പം വിഷമമായി. ചന്ദ്രശേഖറെന്താ നേരിട്ട് വിളിക്കാത്തെ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹത്തെ ഒന്നു വിളിച്ചേക്കണേ. ചന്ദ്രശേഖര്‍ നേരിട്ടു വിളിക്കാത്തത് അദ്ദേഹത്തിന് വിഷമമായിട്ടുണ്ട്.' അദ്ദേഹത്തിന്റെ മനസില്‍ എനിക്ക് എത്രത്തോളം സ്ഥാനമുണ്ടായിരുന്നു എന്നറിഞ്ഞ നിമിഷമായിരുന്നു അത്. എന്നാല്‍ ഇത്രയും ചെറിയ കാര്യത്തിന് അദ്ദേഹത്തെപ്പോലൊരാളെ വിളിച്ച് ശല്യപ്പെടുത്തണ്ടല്ലോ എന്നു കരുതിയാണ് സണ്ണിയോട് ചോദിച്ചത്. അദ്ദേഹത്തെ വിളിക്കാം എന്നു പറഞ്ഞുവെങ്കിലും ഔദ്യോഗികമായ ചില തിരക്കുകളില്‍ പെട്ടത് വിട്ടു. പിന്നീട് ഓര്‍ത്ത് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. പദ്മരാജന്‍ ട്രസ്റ്റിന്റെ സെക്രട്ടറികൂടിയായ സുഹൃത്ത് പ്രദീപ് പനങ്ങാടു ട്രസ്റ്റിനു വേണ്ടി വിളിച്ചിട്ടും കിട്ടിയില്ല എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചു. ഹരികുമാര്‍ സാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ദീര്‍ഘകാലം അദ്ദേഹത്തിന്റെ അസോഷ്യേറ്റായിരുന്ന ശാന്തിവിള ദിനേശിനൊരു മെസേജയച്ചു. അദ്ദേഹം പറഞ്ഞാണ് ഹരികുമാര്‍ സാറിന്റെ രോഗാവസ്ഥ അറിയുന്നത്. എന്നാലും ഇത്ര പെട്ടെന്ന് മരണം എന്ന കോമാളി അദ്ദേഹവുമായി വില്ലനാവുമെന്നു കരുതിയില്ല.
No comments:
Post a Comment