1988-89 കാലമാണ്. അന്ന് ഞാനും ഉറ്റ തോഴരായ സഹാനിയും വിനോദും കൂടിച്ചേര്‍ന്നു നടത്തുന്ന ഒരു ചലച്ചിത്ര പ്രസിദ്ധീകരണമുണ്ടായിരുന്നു. ഒപ്പം ഡിഗ്രിക്കു പഠിച്ച ആനന്ദകുമാര്‍, ജൂനിയറായിരുന്ന രഞ്ജിത് എന്നിങ്ങനെ ചില സുഹൃത്തുകള്‍ കൂടി അതിന്റെ പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ അക്കാദമിക്കായി സിനിമയെ ഗൗരവത്തോടെ കണക്കാക്കിക്കൊണ്ടുള്ള മാസികയായിരുന്നു. എന്റെ അച്ഛന്റെ പേരിലായിരുന്നു രജിസ്‌ട്രേഷന്‍. ഞങ്ങള്‍ തന്നെ ഉള്ളടക്കത്തനുള്ള മാറ്ററുണ്ടാക്കും. തിരുവനന്തപുരത്തു നടക്കുന്ന സിനിമാചിത്രീകരണങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യും. അഭിമുഖങ്ങള്‍ ചെയ്യും...പരസ്യം പിടിക്കുന്ന ഉത്തരവാദിത്തവും ഞങ്ങള്‍ പിള്ളേര്‍ക്കു തന്നെ. തലസ്ഥാനത്ത് ഓഫീസുള്ള നിര്‍മ്മാണ-വിതരണക്കാരെ ഒക്കെ ചെന്നു കണ്ട് പരസ്യം ചോദിച്ചിട്ടുണ്ട്. പറ്റിച്ചവരാണേറെ. പനവിള ജംക്ഷനില്‍ അപ്പച്ചിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്‌നൈറ്റ് മൂവീസാണ് ഏറ്റവും കൂടുതല്‍ പറ്റിച്ചത്. പിളേളരല്ലേ സിനിമയിലെ തട്ടിപ്പുകളൊന്നുമറിയില്ല. പറ്റിക്കാന്‍ എളുപ്പം. എന്നാല്‍ ചെന്നു ചോദിച്ചപ്പോള്‍ തന്നെ പരസ്യം തന്ന് പിന്തുണച്ചവരുമുണ്ടായിരുന്നു അവരില്‍ ഏറ്റവും നന്നായി സഹകരിച്ചത്, തൈയ്ക്കാട് ഇപ്പോള്‍ നീലഗിരി സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നതിന് നേരെ എതിരേ, എം.ജി രാധാകൃഷ്ണന്റെ കുടുംബവീടിനോട് ചേര്‍ന്ന അമ്മന്‍ കോവിലിന്റെ പിന്നിലായി ഒരു പഴയ മട്ടിലുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്തിരുന്ന ഗാന്ധിമതി ഫിലിംസിന്റെ ഉടമ ഗാന്ധിമതി ബാലന്‍ ആയിരുന്നു. അദ്ദേഹത്തെ ആദ്യം ചെന്നു കാണുന്നത് ഇന്നെന്ന പോലെ ഓര്‍മ്മയുണ്ട്. ഞങ്ങള്‍ മൂന്നു ചെറുപ്പക്കാര്‍ മാസികയും താരീഫുമൊക്കെയായി അദ്ദേഹത്തെ ചെന്നു കാണുന്നു. സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്ന കാലമാണെന്നാണോര്‍മ്മ. ഇന്ന് നിലവിലില്ലാത്ത വഴുതയ്ക്കാട് ഗവ വിമന്‍സ് കോളജിനെതിര്‍വശത്തുണ്ടായിരുന്ന മാഗ്നെറ്റ് ഹോട്ടലില്‍ നടന്ന ചിത്രീകരണം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതും കൊണ്ടാണ് പോയി കാണുന്നത്. അന്ന് ഞങ്ങളവിടെ അദ്ദേഹത്തെ കാണാനിരിക്കെ ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് രാഷ്ട്രീയക്കാരനെ പോലെ തോന്നിക്കുന്ന ഒരെല്ലിച്ച ചെറുപ്പക്കാരന്‍ മറ്റേതോ മാസികയ്ക്കു വേണ്ടി വളരെ പരിചതന്‍ എന്നോണം അദ്ദേഹത്തോട് പരസ്യക്കാര്യം സംസാരിക്കുന്നുണ്ടായിരുന്നു. കോഴിക്കോട്ട് നിന്നിറങ്ങുന്ന ഫിലിം നൈറ്റിന്റെ തിരുവനന്തപുരം ലേഖകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു അതെന്ന് അവരുടെ സംഭാഷണത്തില്‍ നിന്നാണ് മനസിലായത്. തുടക്കക്കാരായിരുന്നിട്ടും വിദ്യാര്‍ത്ഥികളായിട്ടും, ഇതര പ്രസിദ്ധീകരണങ്ങളുടെ അച്ചടി നിലവാരമൊന്നുമില്ലാഞ്ഞിട്ടും (ട്രെഡില്‍, റോട്ടറി പ്രസില്‍ ബ്‌ളോക്കെടുത്ത് അച്ചടിച്ച രൂപത്തിലുള്ളതായിരുന്നു ഞങ്ങളുടെ മാസിക) ഞങ്ങളോട് സമഭാവനയോടെ സംസാരിച്ചു എന്നു മാത്രമല്ല, അന്നത്തെ കാലത്ത് വളരെ വലിയ ഒരു തുകയ്ക്കുള്ള പരസ്യവും അദ്ദേഹം ഞങ്ങള്‍ക്കു തന്നു.
പിന്നീട് ബാലനെ കാണുന്നത് കുറച്ചു മാസങ്ങള്‍ക്കു ശേഷം പദ്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി-സുമലത - സുരേഷ്‌ഗോപി-നെടുമുടി വേണു കോമ്പിനേഷനിലുള്ള ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രത്തിന്റെ സെറ്റിലാണ്. സിബിഐ ഡയറിക്കുറിപ്പ് രണ്ടാം ഭാഗമായ ജാഗ്രതയുടെ ചിത്രീകരണവേളയില്‍ ശ്രീ മമ്മൂട്ടിയുമായി ഒരഭിമുഖത്തിന് ഞങ്ങള്‍ സമീപിച്ചിരുന്നു. അന്ന് നാനയുമായുണ്ടായ ഒരസ്വാരസ്യത്തെത്തുടര്‍ന്ന് പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കണ്ട എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. എഴുതിത്തയ്യാറാക്കിയ ഞങ്ങളുടെ ചോദ്യങ്ങള്‍ വായിച്ച് സംഗതി കൊള്ളാം എന്നും അദ്ദേഹം പറഞ്ഞു. കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് തണുത്തവെളുപ്പാന്‍കാലത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്നത്. ഗാന്ധിമതിയായിരുന്നു നിര്‍മ്മാണം. അപ്പോഴേക്ക് മമ്മൂട്ടി അഭിമുഖങ്ങള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. പഴയ ചോദ്യങ്ങളുമായി ഞങ്ങളദ്ദേഹത്തെ ക്‌ളിഫ് ഹൗസിനു പിന്നിലെ സിനിമാസെറ്റില്‍ പോയി കണ്ടു. വൈകിട്ട് ട്രിവാന്‍ഡ്രം ക്‌ളബില്‍ ഒരു പാര്‍ട്ടി സീനുണ്ട് അവിടെ വരാനായിരുന്നു കല്‍പന. ഞങ്ങളവിടെ ചെന്നു. സുബ്രഹ്‌മണ്യം ഹാളിലാണ് പാര്‍ട്ടി. അവിടെത്തന്നെയാണ് ചിത്രീകരണം. ഒരുപാട് പൈസ മുടക്കി ക്‌ളബംഗങ്ങള്‍ക്ക് പാര്‍ട്ടി ഒരുക്കിയിരിക്കുകയാണ് ബാലന്‍. ചിത്രീകരണത്തിന്റെ ഇടവേളയില്‍ മുന്‍വശത്തെ താത്കാലിക കാര്‍പ്പോര്‍ച്ചിരുന്ന മമ്മൂട്ടി ഞങ്ങളുമായി സംസാരിച്ചു തുടങ്ങി. ഞങ്ങളുടെ ചോദ്യങ്ങളില്‍ രസം പിടിച്ച അദ്ദേഹം ആഴത്തില്‍ തന്നെ സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു തവണ ബാലന്‍ ഞങ്ങള്‍ക്കരികിലൂടെ വന്ന് നോക്കിയിട്ടു പോകുന്നതു കണ്ടു. അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ വന്ന് സെറ്റ് റെഡി എന്നു പറഞ്ഞു. ഇതാ വരുന്നു എന്നു പറഞ്ഞ മമ്മൂട്ടി ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് പൂര്‍ത്തിയാക്കുന്ന രസത്തിലാണ്. വീണ്ടും വൈകിയപ്പോള്‍ മുറുമുറുത്തുകൊണ്ട് ബാലന്‍ വന്ന് മമ്മൂട്ടിയുടെ ഒരു വശത്ത് നില്‍പ്പായി. അഭിമുഖം എഴുതിയെടുക്കുന്നത തിരക്കിനിടെ മുഖമുയര്‍ത്തി നോക്കുന്ന ഞങ്ങളതു വ്യക്തമായി കണ്ടു, ബാലന്‍ ഞങ്ങളെ നോക്കി പല്ലിറുമുകയാണ്. ഇയാളെന്താ ഇങ്ങനെ തൂറാന്‍മുട്ടുന്ന പോലെ വന്നു നില്‍ക്കണത്, എന്ന ശരി മക്കളെ നമുക്ക് നാളെ രാവിലെ ഹോട്ടല്‍ മുറിയില്‍ വച്ചിതുതീര്‍ക്കാം എന്നും പറഞ്ഞ് മമ്മൂട്ടി ഷോട്ടെടുക്കാന്‍ എഴുന്നേറ്റു പോയി. ഞങ്ങള്‍ ബാലനോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആര്‍ദ്രനായി. ഏയ് ക്ഷമയൊന്നും പറയണ്ട. നിങ്ങള്‍ടെ കുഴപ്പവുമല്ല. അദ്ദേഹം പറഞ്ഞിട്ടല്ലേ നിങ്ങള്‍ വന്നത്? എന്റെ പ്രശ്‌നം ഇന്നു കൊണ്ടു തന്നെ ഈ പാര്‍ട്ടി സീന്‍ തീര്‍ക്കണം എന്നതാണ്. ക്ഷണിച്ചുവരുത്തിയ അതിഥികളില്‍ പലരും ഭക്ഷണം കഴിഞ്ഞു മടങ്ങിത്തുടങ്ങി. അവര്‍ പോകും മുമ്പേ മമ്മൂട്ടിയുള്ള രംഗം തീര്‍ക്കണം അതുകൊണ്ടാണ്. പിന്നെ, നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലല്ലോ, കഴിച്ചിട്ടേ പോകാവൂ കേട്ടോ.
വര്‍ഷങ്ങള്‍ക്കു മുമ്പേ കാലത്തിനു മുമ്പത്തെ സിനിമകള്‍ നിര്‍മ്മിച്ച ആളായിരുന്നു ഗാന്ധിമതി ബാനര്‍. ഇന്നിപ്പോള്‍, മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ കീഴടക്കുമ്പോള്‍ അതിന്റെ മുന്‍ഗാമിയായ ഭരതന്റെ മാളൂട്ടി നിര്‍മ്മിച്ചത് ബാലനാണ്. പാലാരിവട്ടം പാലം അപകടത്തിലായപ്പോഴടക്കം ചര്‍ച്ചാവിഷയമായ കെ.ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം നിര്‍മ്മിച്ചത് ബാലനാണ്. ആ സിനിമയ്ക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ ഒരു പാലം തന്നെ പണിഞ്ഞ് നാട്ടുകാര്‍ക്ക് സമ്മാനിച്ചത് അക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു. വേണു നാഗവള്ളി എന്ന സംവിധായകനെ അവതരിപ്പിച്ച നിര്‍മ്മാതാവ്. തലമുറകള്‍ക്കിപ്പുറം മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്ന പദ്മരാജന്റെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം. നൊമ്പരത്തിപ്പൂവ് തുടങ്ങിയ സിനിമകളുടെയൊക്കെ ഉടയോന്‍. ബാലന്റെ സിനിമകളില്‍ ചിലതൊക്കെ അവയിറങ്ങിയ കാലത്ത് മഹാവിജയങ്ങളായിരുന്നില്ല. പക്ഷേ ഇന്നും പുതുഭാവുകത്വത്തിന്റെ ഇക്കാലത്ത് അവയില്‍പ്പലതും വീണ്ടും വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു, ആളുകളിഷ്ടപ്പെടുന്നു. ഇന്നിറങ്ങിയിരുന്നെങ്കില്‍ ഓസ്‌ളര്‍ ആകുമായിരുന്നു ഈ തണുത്ത വെളുപ്പാന്‍ കാലത്ത്.
സിനിമയുടെ വാണിജ്യവിജയത്തിനപ്പുറം, നല്ല സിനിമയ്ക്കായി പണം മുടക്കിയ അപൂര്‍വം നിര്‍മ്മാതാക്കളിലൊരാളായിരുന്നു ബാലന്‍. അതുകൊണ്ടാണ് ജനറല്‍ പിക്‌ചേഴ്‌സ്, സുപ്രിയ ഫിലിംസ് തുടങ്ങിയ ബാനറുകള്‍ക്കൊപ്പം ഇരിപ്പിടം നേടിയ ഒരു നിര്‍മ്മാണസ്ഥാപനമായി ബാലന്റെ ഗാന്ധിമതിയും മാറിയത്. ഗാന്ധിമതി സമം ക്വാളിറ്റി എന്നൊരു സൂത്രവാക്യമുണ്ടായിരുന്നു മലയാളസിനിമയില്‍. ഈ നിര്‍മ്മാതാവിന്റെ തീര്‍ത്തും അകാലത്തില്‍ എന്നു തന്നെ പറയാവുന്ന നിര്യാണത്തോടെ അസ്തമിക്കുന്നത് മലയാള സിനിമയെ ആര്‍ജ്ജവത്തോടെ സ്‌നേഹിച്ചിരുന്ന ഒരു സഹയാത്രികനാണ്. ആദരാഞ്ജലികള്‍
No comments:
Post a Comment