Sunday, February 25, 2024

സമാന്തരസിനിമയുടെ കാതല്‍

 Deshabhimani daiy 26 Feb 2024

അതുവരെയുള്ള കാഴ്ച ശീലങ്ങളെയും പതിവുകളെയും നിരാകരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാന സ്വദേശിയായ 1972ല്‍ കുമാര്‍ സഹാനി എന്ന പേര് ഇന്ത്യന്‍ സിനിമയില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്നത്.ബോംബെ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിക്കഴിഞ്ഞ് ഫിലിം ആന്‍ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫി ഇന്ത്യയില്‍ തിരക്കഥയും സംവിധാനവും പഠിച്ചിറങ്ങിയ കുമാറിന് സിനിമ തന്നെ രാഷ്ട്രീയമായതില്‍ അദ്ഭുതമില്ല. രാഷ്ട്രീയമില്ലാത്ത സിനിമയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിഹാസമായിരുന്ന ഋത്വിക് ഘട്ടക്കിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സിലെത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ഹൗട്ടെ എറ്റിയൂഡ് സിനിമറ്റോഗ്രഫിക്ക്‌സില്‍ സിനിമയില്‍ ഉന്നത പഠനം  പൂര്‍ത്തിയാക്കി വിഖ്യാതനായ റോബര്‍ട്ട് ബ്രസന്റെ എ ജന്റില്‍ വുമന്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായ കുമാര്‍ സഹാനിയില്‍ നിന്ന് കേവലമൊരു റൊമാന്റിക് സിനിമയുണ്ടായാലായിരുന്നു അദ്ഭുതം. എന്നാല്‍ മായാദര്‍പ്പണ്‍, ഇന്ത്യന്‍ പ്രേക്ഷകന് ഷോക്ക് ചികിത്സയായിരുന്നു. സിനിമയെന്നാല്‍ സകലകലകളുടെയും സമന്വയമെന്ന ധാരണയില്‍ നിന്ന് റേയിലൂടെ, അടൂരിലൂടെയൊക്കെ ഇന്ത്യന്‍ സിനിമ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനിടെ, ഘടനാപരമായ പരീക്ഷണമെന്ന നിലയ്ക്കാണ് നവതരംഗ ഇന്ത്യന്‍ സിനിമയില്‍ മായാദര്‍പ്പണ്‍ ശ്രദ്ധേയായത്. അതിനു മുമ്പേ മന്മദ് പാസഞ്ചര്‍, റെയല്‍സ് ഫോര്‍ ദ് വേള്‍ഡ്, ഒബ്ജക്ട് പോലുള്ള ഹ്രസ്വചിത്രങ്ങളെടുത്തിരുന്ന കുമാറിന്റെ ആദ്യ കഥാസിനിമ, നിര്‍മ്മല്‍ വര്‍മ്മയുടെ കഥയെ ആസ്പദമാക്കിയ മായാദര്‍പ്പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും നേടി.

സിനിമ കുമാറിന് കഥ പറയാനുള്ള ഉപാധി മാത്രമായിരുന്നില്ല. കാലത്തെയും ചരിത്രത്തെയും തന്നെ കൊത്തിവയ്ക്കാനുള്ള തട്ടകമായിരുന്നു. സിനിമയിലെ വെളിച്ചത്തിന്റെ വിനിയോഗത്തെപ്പറ്റി ഒരിക്കല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഇന്ത്യയിലെ പച്ചയല്ല വിദേശങ്ങളിലെ പച്ച. ഇന്ത്യയിലെ കാറ്റല്ല വിദേശങ്ങളിലെ കാറ്റ്.അതുകൊണ്ടുതന്നെ എനിക്ക് സിനിമയുടെ സ്ഥലകാലങ്ങള്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.കണ്ണുകളെ വഞ്ചിക്കാനുള്ളതല്ല എനിക്കു സിനിമ, മനുഷ്യ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും അവന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതുമാവണം സിനിമ. കുമാര്‍ സഹാനിയുടെ സിനിമാ സങ്കല്‍പമെന്തായിരുന്നു എന്നതിന് ഇതിലപ്പുറമൊരു വിശദീകരണം ആവശ്യമില്ല.

കഥാ-കഥേതരസിനിമകളെ ഒരുപോലെ പ്രണയിച്ച കുമാര്‍സഹാനി കഥാചിത്രങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെടുത്തു. 1972 2004 വരെയുള്ള സര്‍ഗവര്‍ഷങ്ങളില്‍ വെറും അഞ്ച് കഥാസിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതില്‍ ണോല്‍ പാലേക്കര്‍, സ്മിത പാട്ടില്‍ ഓം പുരി, ഗിരീഷ് കര്‍ണാട് എന്നിവരഭിനയിച്ച തരംഗ് (1984) ദേശീയ ജൂറിയുടെ പ്രത്യേക പുരസ്‌കാരവും, രജത് കപൂറും മിത വശിഷ്ഠും അഭിനയിച്ച ഖായല്‍ ഗാഥ (1989) റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഫിപ്രസി അവാര്‍ഡും, എം.കെ.റെയ്‌ന, ശത്രുഘ്‌നന്‍ സിന്‍ഹ, രഘുബീര്‍ യാദവ്, മിത വശിഷ്ഠ് എന്നിവരഭിനയിച്ച കസ്ബ (1991) ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. 1991ല്‍ കേളൂചരന്‍ മഹാപാത്രയെപ്പറ്റി നിര്‍മ്മിച്ച ഒറിയ ഡോക്യൂമെന്ററി ഭാവന്തരണ മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും നേടി.

എഴുപതുകളില്‍ ഉദയം കൊണ്ട് എണ്‍പതുകളില്‍ കരുത്തുപ്രാപിച്ച ഇന്ത്യന്‍ സമാന്തര സിനിമാധാരയുടെ നട്ടെല്ലിന്റെ കശേരുക്കളിലൊന്നായിരുന്നു കുമാര്‍ സഹാനി. സ്വതവേ ഉള്ള മിതഭാഷിത്തം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു ജീവിതത്തിലെന്നോണം സിനിമകളിലും അദ്ദേഹം വച്ചുപുലര്‍ത്തിയത്. 2019ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരിക്കെ, മികച്ച ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കാത്തതില്‍ തന്റെ പ്രതിഷേധം തുറന്നു പറയാന്‍ മടിക്കാത്ത കുമാര്‍ അവാര്‍ഡ നിശയില്‍ നിന്നു വരെ വിട്ടുനില്‍ക്കാന്‍ മടിച്ചില്ല. തന്റെ ശരിക്കു വേണ്ടി അവസാനം വരെ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മറുത്തൊന്നു ചിന്തിക്കേണ്ടി വന്നില്ല.വ്യവസ്ഥാപിത സിനിമയോടു മാത്രമല്ല അദ്ദേഹം കലഹിച്ചത്.സ്വയം കലഹിച്ചുകൊണ്ട്, തന്നെ തന്നെ ആവര്‍ത്തിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച പ്രതിഭാധനനായിരുന്നു കുമാര്‍ സഹാനി.


No comments: