Sunday, February 18, 2024
ഭ്രമയുഗം എന്റെ കണ്ണില്‍
ഹൊറര്‍ മോഡില്‍ ഉഗ്രമൂര്‍ത്തിയായ ചാത്തനെയും കൊടുമണ്‍ പോറ്റിയേയും യക്ഷിയേയും ഒക്കെ ചുവടുപിടിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞ രാഹുല്‍ സദാശിവന്‍ പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ ഭാവനകൊണ്ടും സാങ്കേതികവൈദഗ്ധ്യം കൊണ്ടും മികച്ച സംവിധായകനാണ്, തിരക്കഥാകൃത്തും. യക്ഷിയും യക്ഷി പിടിക്കുന്ന മണികണ്ഠന്‍ ആശാരിയുമടക്കം അഞ്ചേയഞ്ചു കഥാപാത്രങ്ങളെ വച്ച് ഒരൊറ്റ ലൊക്കേഷനില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ രാഹുല്‍ കൈകാര്യം ചെയ്ത മാധ്യമം അദ്ദേഹത്തിന്റെ ഉള്ളംകയ്യിലെന്നോണം സുരക്ഷിതമായിട്ടുണ്ട്. മമ്മൂട്ടിയുടേയും അര്‍ജ്ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയുമൊക്കെ പ്രകടനവും നന്നായി. പക്ഷേ എനിക്കീ സിനിമ മറ്റൊരു തലത്തിലാണ് അനുഭവവേദ്യമായത്. കെട്ടുകഥയ്ക്കും മിഥ്യയ്ക്കുമപ്പുറം വളരെയേറെ രാഷ്ട്രീയപരമാണീ സിനിമ എന്നാണ് എന്റെ അഭിപ്രായം.വളരെ ഗൗരവമുള്ള രാഷ്ട്രീയ വായന ഈ സിനിമ അര്‍ഹിക്കുന്നുണ്ട്.
ചിത്രത്തില്‍, പകിട കളിച്ച് മമ്മൂട്ടിയുടെ പ്രധാന കഥാപാത്രത്തെ (അതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഒരു രസംകൊല്ലിയാവുന്നില്ല ഞാന്‍),രണ്ടാമതും തോല്‍പിച്ച് മന വിട്ടുപോകാന്‍ അനുമതി തേടുന്ന അര്‍ജുനന്റെ പാണനോട് പറയുന്നൊരു ഡയലോഗുണ്ട്. നിനക്ക് ഇവിടം വിട്ടു പോകാന്‍ രണ്ടാമതൊരു അവസരമില്ല. (ആദ്യാവസരത്തില്‍ പന്ത്രണ്ടു വീണാല്‍ തോല്‍ക്കുമെന്നുള്ളപ്പോള്‍ പതിനൊന്നു വീഴ്ത്തിയ പകിട കണ്‍കെട്ടിലൂടെ പന്ത്രണ്ടാക്കി മാറ്റിയാണ് പോറ്റി തോല്‍പ്പിക്കുന്നതു തന്നെ) വോട്ടെടുപ്പിലെ സംഖ്യകളുമായി ഇതിനെ ചേർത്തൊന്നു വായിച്ചു നോക്കുക. എത്ര സമർത്ഥമായാണയാൾ ബാലറ്റ് തിരുത്തുന്നത്! അധികാരവും അധികാര ചിഹ്നങ്ങളായ മോതിരവും അധികാരത്തിന്റെ സുഖലോലുപതകളും (പെണ്ണും -യക്ഷി, മദ്യവും) എല്ലാം ആവോളം നുകരുന്ന, തനിക്കെതിരേ നില്‍ക്കുന്ന ആരെയും നിര്‍ദ്ദയം കൊന്നുവീഴ്ത്തുന്ന ഫാസിസ്റ്റ് ഏകാധിപതിയാണ് പോറ്റി. ജനാധിപത്യത്തെ മച്ചിൽ ചങ്ങലയിട്ട് പൂട്ടിക്കൊണ്ടാണ് അയാളുടെ മർദ്ദിത ഭരണം.1920ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ എക്‌സ്പ്രഷനിസ്റ്റ് സിനിമയായ ദ ക്യാബിനെറ്റ് ഓഫ് ഡോ കാലിഗരിയുടെ ഓര്‍മ്മകളാണ് ഭ്രമയുഗം കണ്ടപ്പോള്‍ തികട്ടിവന്നത്. നിഷ്ഠുരമായ ഏകാധിപത്യത്തിന്റെ പ്രതിബിംബമായി കാലിഗരിയെ അവതരിപ്പിച്ചതുപോലെയാണ് പോറ്റിയെ ഭ്രമയുഗത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമായി അധികാരമാണ് അയാളെ മേളാളനാക്കുന്നതും മറ്റുള്ളവരെ കീഴാളരും ആശ്രിതരുമാക്കുന്നത്. അതാവട്ടെ അവരുടെ ഗതികേടുകൊണ്ടു സംഭവിക്കുന്നതുമാണ്. ആ ഗതികേടാവട്ടെ, അധികാരം അവരില്‍ മനഃപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതുമാണ്. രക്ഷപ്പെടാന്‍ അവര്‍ക്കുമുന്നില്‍ മാര്‍ഗ്ഗങ്ങള്‍ വേറെയില്ല.
രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട പാണന്‍ പരിഭവം പറയുമ്പോള്‍ പാചക്കാരന്‍ പറയുന്നൊരു ഡയലോഗുണ്ട്. അതിന് ആരും നിന്നെ ഇങ്ങോട്ടു ക്ഷണിച്ചിട്ടു വന്നതല്ലല്ലോ. നീ സ്വയം കയറിവന്നതല്ലേ? ഏകാധിപത്യ ഫാസിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന്‍ അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. പക്ഷേ പുറത്തുകടക്കാന്‍ പഴുതില്ലാത്തൊരു അധികാരദുര്‍ഗത്തിലേക്കാണ് അതവനെ കൊണ്ടെത്തിക്കുന്നത്. അടൂരിന്റെ വിധേയനിലെ തൊമ്മിയും പട്ടേലരും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണത പാചകക്കാരനും പാണനും പോറ്റിയുമായുള്ള ബന്ധത്തിലുണ്ട്.
പോറ്റിയെ വീഴ്ത്താന്‍ കച്ചകെട്ടി ഇറങ്ങുന്ന പ്രതികാര ദാഹിയായ പാചകക്കാരന്‍ പാണനു നല്‍കുന്ന മുന്നറിയിപ്പിങ്ങനെ: അയാള്‍ പറയുന്നതൊന്നും നീ വിശ്വസിക്കരുത്.പച്ചക്കളളമാണ് അയാള്‍ പറയുക. അതില്‍ വീണുപോയാല്‍ പിന്നെ നിന്നെ രക്ഷിക്കാനെനിക്കാവില്ല. വാസ്തവാനന്തരകാലത്തെ വ്യാജവാര്‍ത്തകളുടെ വ്യാപനം മുന്‍നിര്‍ത്തി ആഴത്തിലൊരു വായനയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട് ഭ്രമയുഗം.
എന്നാല്‍ ചിത്രത്തിന്റെ പോരായ്മയായി തോന്നിയത് ടിഡി രാമകൃഷ്ണന്റെ സംഭാഷണങ്ങളില്‍ തീരേ കാലികമായ ചിലത് ആധുനിക പ്രേക്ഷകന്, മന്ത്രതന്ത്രങ്ങളോ പതിനേഴാം നൂറ്റാണ്ടിലെ കേരളീയ ജീവിതമോ അറിയാത്തവര്‍ക്ക് തലയ്ക്കു മുകളിലൂടെ പോകുന്നതായി എന്നതാണ്. ഇനിയൊന്ന് പാചകപ്പുരയില്‍ സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രം ഉണ്ടാക്കുന്ന പലതും എന്താണെന്നോ അതിന്റെ പ്രസക്തിയെന്തെന്നോ, വിശേഷിച്ച് കറുപ്പിലും വെളുപ്പിലും തിരിച്ചറിയാനാവാതെ പോയി. ഒരു പക്ഷേ ഒടിടിയില്‍ ഉപശീര്‍ഷകമുണ്ടായാല്‍ മനസിലാകുമായിരിക്കും. പക്ഷേ പച്ചമലയാളിക്ക് ഇവ കുറച്ച് അന്യമായി പോയി.
#bhramayugam
Subscribe to:
Post Comments (Atom)
No comments:
Post a Comment