Wednesday, December 13, 2023

പ്രതീക്ഷയുടെ കനലാട്ടം: വെല്ലുവിളികളുടെ കാലത്തെ ഐഎഫ്എഫ്‌കെ.

 

എ.ചന്ദ്രശേഖര്‍


ഗോവ സ്ഥിരം വേദിയാക്കിയശേഷം, സ്വതന്ത്ര സിനിമയ്ക്ക് വിത്തും വളവും നല്‍കുക എന്ന പ്രഖ്യാപിത നയത്തില്‍ നിന്നകന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള, പൂര്‍ണമായി കമ്പോള മുഖ്യധാരാ ഹിന്ദി സിനിമയുടെ പിടിയിലമര്‍ന്ന് കാര്‍ണിവല്‍ സ്വഭാവത്തിലേക്ക് ആഘോഷവും ഉത്സവവുമായിത്തീരുന്നതിനിടയിലാണ് ഇത്തവണ 28-ാമത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്. ഗോവ രാജ്യാന്തരമേളയുടെ പോലും നട്ടെല്ലായ മലയാള പ്രേക്ഷകഭൂരിപക്ഷം അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഐഎഫ്എഫ്‌കെയില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഉള്‍ക്കനം. ഗൗരവമുള്ള പ്രേക്ഷകരില്‍ പ്രതീക്ഷ നിലനിര്‍ത്താനാവുന്നുവെന്നതുതന്നെയാണ് നമ്മുടെ ചലച്ചിത്രമേളയുടെ പ്രസക്തിയും പ്രാധാന്യവും. കേന്ദ്രത്തിന്റെ കര്‍ക്കശ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മേളയിലേക്കുള്ള പ്രതിനിധികളുടെ പ്രവേശനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയ ആദ്യദിവസം തന്നെ ആറായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു എന്നത് ഈ മേളയെ എത്രമാത്രം ഗൗരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ്.

പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇത്തവണത്തെ മേള എന്നതു പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. മേളയ്ക്കു സ്ഥിരമായി ഉണ്ടാവേണ്ട ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന ദീപിക സുശീലന്‍ അക്കാദമിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവച്ചശേഷം ഒരു വര്‍ഷമായി പകരം നിയമനത്തിന് സാധിച്ചില്ല. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാതിരുന്ന മേളയിലേക്ക് കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് ചലച്ചിത്ര പ്രവര്‍ത്തകയും രാജ്യാന്തര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോള്‍ഡാ സെല്ലത്തെ ക്യൂറേറ്ററായി നിയമിച്ചത്. മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് വൈകിയവേളയിലെ ഈ നിയമനം എന്നാണ് സാംസ്‌കാരിക വകുപ്പിന്റെ വിശദീകരണം. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്ക് പകരം ക്യുറേറ്റര്‍ പ്രവര്‍ത്തിക്കും.

ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണന നവകേരള സഭയ്ക്കായതിനാല്‍ത്തന്നെ, മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക മന്ത്രിക്കും മേളയുടെ ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കാനാവുമോ എന്നതില്‍ വ്യക്തതയില്ല എന്നതാണ് മേളയുടെ മോഡിക്ക് ഗ്‌ളാനി വന്നേക്കാമെന്ന് സന്ദേഹമുണര്‍ത്തുന്ന മറ്റൊരു ആശങ്ക. മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണത്രേ ചലച്ചിത്ര അക്കാദമിയെ അറിയിച്ചിട്ടുള്ളത്. മേള ആര് ഉദ്ഘാടനം ചെയ്യുമെന്നതിലും വ്യക്തതയില്ലെന്ന് വാര്‍ത്തകളുണ്ടായി. 28 വര്‍ഷമായി, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ സംഘടനയായ ഫിയാഫ്പിന്റെ അംഗീകാരം നേടിയ ഒരു ചലച്ചിത്രമേളയെ സംബന്ധിച്ച് ആരോഗ്യകരമല്ലാത്ത അസ്ഥിരാവസ്ഥകള്‍ തന്നെയാണിതെല്ലാം. 

എന്തായാലും ഗോവ മേളയെക്കാള്‍ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന ചില തീരുമാനങ്ങളും ഐഎഫ്എഫ്‌കെയുടെ 28-ാമത് പതിപ്പിനെ നിര്‍ണായകമാക്കുന്നുണ്ട്. അതിലൊന്നാണ് പോളിഷ് ചലച്ചിത്രകാരനും നാടകപ്രവര്‍ത്തകനുമായ ക്രിസ്റ്റോഫ് സനൂസിയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി. 10 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.സമാപനസമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഈ നൂറ്റാണ്ടിലെ തന്നെ ലോകസിനിമയിലെ വളരെ പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാളെന്നു നിസ്സംശയം പരിഗണിക്കപ്പെടാവുന്ന ആളായ സനൂസിയുടെ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എ ഇയര്‍ ഓഫ് ദ് ക്വയറ്റ് സണ്‍, ദ് ഇല്ല്യുമിനേഷന്‍, ദ് പെര്‍ഫെക്ട് നമ്പര്‍, ദ് കോണ്‍ട്രാക്ട്, ഫോറിന്‍ ബോഡി, ദ് സ്‌പൈറല്‍ എന്നിവയാണവ.

കേരളത്തിന് അപരിചിതനല്ല സനൂസി. 2003 ലെ ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം അന്ന് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് വ്യക്തമാക്കിയത് വിവാദമായിരുന്നു. ലോകമെങ്ങും കമ്യൂണിസം മരിച്ചു എന്ന നിശിത വിമര്‍ശനമാണ് സനൂസി ഉന്നയിച്ചത്. ഹിറ്റ്‌ലേറുടെ നയങ്ങള്‍ക്കു സമാനമാണ് കമ്യൂണിസ്റ്റ് നയങ്ങളെന്നും അന്ന് തിരുവന്തപുരത്ത് മാധ്യമങ്ങളോടു സംസാരിച്ച സനൂസി പറഞ്ഞത്. പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്നും അദ്ദേഹം തുറന്നടിച്ചു. ചില മുന്‍ കമ്മ്യൂണിസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വേഷമണിഞ്ഞ് നടക്കുന്നത് എന്നും യൂറോപ്പിലെ അഴിമതിക്കാരായ ഭരണാധികാരികളാണ് ഇവരെന്നും സനൂസി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, തനിക്കും ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിക്കും സെന്‍സര്‍ഷിപ്പ് നേരിടേണ്ടി വന്നി രുന്നുവെന്നും ചൂണ്ടിക്കാട്ടിയ സനൂസിക്ക് ഇത്തവണ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതിനെതിരേ പാര്‍ട്ടി അണികളില്‍ വിരുദ്ധാഭിപ്രായമുണ്ടെന്നിരിക്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഉറപ്പിക്കുന്നതുകൂടിയായി ഈ തീരുമാനം. സനൂസിയുടെ രാഷ്ട്രീയനിലപാടുകളല്ല, അദ്ദേഹം ലോക സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അത് ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമുള്ള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ വിശദീകരണം ആത്മാര്‍ത്ഥമെങ്കില്‍ ഈ തീരുമാനം നിശ്ചയമായും ആ മൂല്യങ്ങളുടെ പരകോടിയായിത്തന്നെ വാഴ്ത്തപ്പെടേണ്ടതാണ്.

1939 ജൂലൈ 17-ന് വാഴ്സോയില്‍ ജനിച്ച സനൂസി 1969-ല്‍ തന്റെ ആദ്യ കഥാചിത്രം സംവിധാനം ചെയ്തു. 1972-ല്‍ സംവിധാനം ചെയ്ത ഇല്യൂമിനേഷന്‍ വന്‍ സ്വീകാര്യത നേടി. നാടകസംവിധായകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും  ശ്രദ്ധേയനാണ്.  199094 കാലഘട്ടത്തില്‍ യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി ബോര്‍ഡ്, പോളിഷ് അക്കാദമി ഓഫ് സയന്‍സ് തുടങ്ങിയവയില്‍ അംഗമാണ്.ലൊകാര്‍ണോയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരം, കാനില്‍സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം വെനീസില്‍ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം എന്നിവയൊക്കെ നേടിയ അദ്ദേഹത്തിന് 2012ല്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേള സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

സ്പിരിറ്റ് ഓഫ് സിനിമ

മേളയിലുള്ള പ്രതീക്ഷയുടെ കനല്‍ ഊതിക്കത്തിക്കുന്ന പ്രധാനപ്പെട്ട മറ്റൊന്നാണ് കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയുവിന് പ്രഖ്യാപിക്കപ്പെട്ട അഞ്ചുലക്ഷം രൂപയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം. ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വനൂരി പുരസ്‌കാരം ഏറ്റുവാങ്ങും. സിനിമയെ സമരായുധമാക്കി സമൂഹ ത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ പുര്‌സക്കാരമാണിത്.

 ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കാനും പുതുവീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ്  ഈ നാല്‍പത്തിമൂന്നുകാരി. കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു.കെനിയിയില്‍ സ്വവര്‍ഗലൈംഗികത 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ കോടതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ്. ഓസ്‌കറിന് അയയ്ക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈക്കോടതി താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം നിരോധനം തുടരുകയും 2020ല്‍ സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരായ കനത്ത പ്രഹരം എന്നാണ് വനൂരി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യാന്തര തലത്തില്‍ ചിത്രം 11 അവാര്‍ഡുകള്‍ നേടിയതോടെ കെനിയയില്‍ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വ പ്രചാരണങ്ങള്‍ ശക്തമായി. കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍നിന്നും ഭീഷണി ഉണ്ടായി. ആഫ്രിക്ക എന്നാല്‍ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരെ പൊരുതുന്നതിനായാണ് വനൂരി 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. 1980 ജൂണ്‍ 21ന് നെയ്‌റോബിയില്‍ ജനിച്ച വനൂരി കലിഫോര്‍ണിയ സര്‍വകലാ ശാലയില്‍നിന്ന് സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1988ല്‍ നെയ്‌റോബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ആദ്യചിത്രം 'ഫ്രം എ വിസ്പര്‍' 2009ല്‍ ആഫ്രിക്കന്‍ മൂവി അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ നേടി. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'പുംസി', സമാധാന നോബല്‍ ജേതാവ് വങ്കാരി മാതായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഫോര്‍ ഔര്‍ ലാന്‍ഡ്', നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്‌സ്' എന്നിവയാണ് വനൂരിയുടെ പ്രധാന ചിത്രങ്ങള്‍.


കണ്‍ട്രി ഫോക്കസ്

ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ലാറ്റിനമേരിക്കയ്ക്കും പ്രാധാന്യം നല്‍കുന്ന മേളയില്‍, അമേരിക്കന്‍ അധിനിവേശവിരുദ്ധ പോരാട്ടചരിത്രമുള്ള ക്യൂബയാണ് ഇത്തവണത്തെ കണ്‍ട്രി ഫോക്കസ്. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നുമുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അധിനിവേശവിരുദ്ധ സിനിമ കളുടെ പ്രത്യേക പാക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം വ്യക്തമാക്കിക്കൊണ്ട് യുദ്ധം കലാപം സമാധാനം എന്നീ പ്രമേയങ്ങള്‍ കേന്ദ്രീകരിച്ച് ഏഴു ലോകസിനിമകള്‍ ഉള്‍ക്കൊള്ളിച്ച ആന്റീ വാര്‍ പാക്കേജില്‍  ശ്യാം ബനഗലിന്റെ മുജീബ്-ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023), പലസ്തീന്‍ ഡച്ച് സംവിധായകന്‍ ഹാനി അബു ആസദിന്റെ ഉമര്‍(2013), ടാര്‍സന്‍, അറബ് നാസര്‍മാരുടെ ഡീഗ്രേഡ് (2015), ഇസ്രയേലി സംവിധായകന്‍ ഡ്രോര്‍ ഷഹാവിയുടെ ക്രെസെന്‍ഡോ (2019), സ്റ്റാന്‍ലി ക്യൂബ്രിക്കിന്റെ പാത് സ് ഓഫ് ഗ്‌ളോറി (1957), ടെറന്‍സ് മലിക്കിന്റെ ദ് തിന്‍ റെഡ് ലൈന്‍ (1998), ചാര്‍ളി ചാപ്‌ളിന്റെ വിശ്വവിഖ്യാതമായ ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍(1940) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുക.ലിംഗനീതിയുടെ രാഷ്ട്രീയം മുന്നോട്ടുവച്ചുകൊണ്ട് ഉള്‍ക്കൊള്ളിച്ചിട്ടുള്ള വനിതാ സംവിധായകരുടെ സിനിമകളുടെ പ്രത്യേകപാക്കേജ് ഉണ്ടാവുമെന്നും ചെയര്‍മാന്‍ രഞ്ജിത് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടു പിരിഞ്ഞ മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും ഉണ്ടാവും.


രാജ്യാന്തര മത്സരവിഭാഗം

രാജ്യാന്തര മത്സരവിഭാഗത്തില്‍ ലിബ്ധക് ചാറ്റര്‍ജിയുടെ ബംഗാളി ചിത്രമായ വിസ്പറേഴ്‌സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, മെക്‌സിക്കോ ഡെന്ഡമാര്‍ക്ക് ഫ്രാന്‍സ് സംയുക്ത സംരംഭമായ ലില അവിലെസിന്റെ സ്പാനിഷ് ചിത്രമായ ടോട്ടെം, കസഖ്സ്ഥാനില്‍ നിന്നുള്ള സബിത് കുര്‍മാന്‍ബെകോഫിന്റെ ദ് സ്‌നോസ്‌റ്റോം, ഷോകീര്‍ ഖോലിക്കോവിന്റെ ഉസ്‌ബെക്കിസ്ഥാന്‍ ചിത്രമായ യക്ഷന്‍ബ, എഡ്ഗാര്‍ഗോ ഡിലേക്ക്, ഡാനിയല്‍ കസബെ എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമമായ സതേണ്‍സ്റ്റോം, അസര്‍ബൈജാന്‍, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് സംയുക്ത സംരംഭമായ  ഹിലാല്‍ ബയദറോവിന്റെ അസറിയന്‍ ചിത്രമായ സെര്‍മണ്‍ ടു ദ് ബേര്‍ഡ്‌സ്, സ്‌പെയിന്‍, ചിലി, ബ്രസീല്‍ സംയുക്ത സംരംഭമായ ഫിലിപ്പെ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദ് ആന്‍ഡിസ്, ബ്രസീല്‍ ഫ്രാന്‍സ് ഉറഗ്വേ നിര്‍മ്മിതിയായ ലില്ലാ ഹല്ലയുടെ പവര്‍ അലി, റ്യൂസുകെ ഹമഗുച്ചിയുടെ ജാപ്പനീസ് സിനിമ ഇവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ്, ഡീഗോ ഡെര്‍ റിയോയുടെ സ്പാനിഷ് ചിത്രമായ ഓള്‍ ദ് സൈലന്‍സ്,കനുബെല്ലിന്റെ ഹിന്ദി ചിത്രമായ ആഗ്ര, ഫര്‍ഹദ് ദെലാറമിന്റെ പേര്‍ഷ്യന്‍ അസര്‍ബൈജാനി ഇറാന്‍ ജര്‍മ്മനി ഫ്രാന്‍സ് സംരംഭമായ അഖിലസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ നിന്ന് ഡോണ്‍ പാലത്തറയുടെ 'ഫാമിലി', നവാഗത സംവിധായകന്‍ ഫാസില്‍ റസാഖിന്റെ 'തടവ്' എന്നിവയും മത്സരത്തിനുണ്ട്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ബഹുമതിക്ക് ശില്‍പവും പ്രശംസാപത്രത്തിനുമൊപ്പം 20 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കുക. നെറ്റ് വര്‍ക്ക് ഫോര്‍ ദ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ ഫിലിം സെ്ന്റര്‍ (നെറ്റ്പാക്ക്) ജൂറി  മികച്ച ഏഷ്യന്‍ സിനിമയ്ക്കും മികച്ച മലയാള ചിത്രത്തിനും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര നിരൂപക സംഘടനയായ ഫിപ്രസിയും സ്വന്തം നിലയ്ക്ക് മികച്ച ചിത്രത്തിനും മലയാള ചിത്രത്തിനും അവാര്‍ഡ് നല്‍കുന്നുണ്ട്. കൂടാതെയാണ് മികച്ച നവാഗതസംവിധായകന് ഫെഡറേഷന്‍ ഓഫി ഫിലിം സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ കെ.ആര്‍ മോഹനന്‍ അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.


ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് 

ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് റോജിന്‍ തോമസിന്റെ ഹോം, ഐഎഫ്എഫ്‌കെ ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശാസ്ത്രീയത മുന്‍നിര്‍ത്തി ഇനി ചിത്രങ്ങള്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ച ഡോ.ബിജുവിന്റെ അദൃശ്യജാലകങ്ങള്‍,  ഹിന്ദി, സന്താലീസ്, മാര്‍വാഡി ഇംഗ്‌ളീഷ് ഭാഷകളില്‍ നിര്‍മ്മിച്ച കരണ്‍ തേജ്പാലിന്റെ സ്റ്റോളന്‍, ജയന്ത് ദിഗംബര്‍ സോമാല്‍ക്കര്‍ സംവിധാനം ചെയ്ത സ്ഥല്‍, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ, അനുരാഗ് കാശ്യപിന്റെ ഹിന്ദി ചിത്രം കെന്നഡി, സൗരവ് റായിയുടെ നേപ്പാളി ചിത്രം ഗുരാസ്, കുമൗണിയിലും നേപ്പാളിയിലും ഹിന്ദിയിലും നിര്‍മ്മിച്ച ദിവ ഷായുടെ ബഹദൂര്‍ ദ് ബ്രേവ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.ബിജുവിനോട് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമി സെക്രട്ടറിയും നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജു ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് നവകേരളാസഭ കഴിഞ്ഞാലുടന്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് വാക്കു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അദൃശ്യജാലകങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.


ഇന്ത്യന്‍ സിനിമ 

ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഷാറൂഖ് ഖാന്‍ ചാവ്ഡയുടെ ഗുജറാത്തി സിനിമയായ കായോ കായോ കളര്‍, ഡൊമിനിക്ക് സങ്ഗ്മയുടെ അസമീസ് ചിത്രമായ റിംദോഗിട്ടംഗ, ബംഗാളി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി പ്രമുഖ ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിന്റെ സര്‍ഗജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പടാതിക്, ഉത്തം കാമാട്ടിയുടെ സന്താലി ചിത്രം ഖേര്‍വാള്‍, ഹാവോബാം പബന്‍കുമാറിന്റെ മണിപ്പൂരി സിനിമ ജോസഫ്‌സ് സണ്‍, ഹര്‍ഷദ് നലവാഡെയുടെ മറാത്തി കന്നട സിനിമ ഫോളോവര്‍, ഛത്പാല്‍ നിനാവേയുടെ മറാത്തി ചിത്രമായ ഘാത് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


മലയാള സിനിമ ഇന്ന

മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് എട്ട നവാഗതരുടേതും രണ്ടു വനിത സംവിധാകരുടെയും ഉള്‍പ്പെടെ 12 ചിത്രങ്ങളുണ്ട്. നവാഗത സംവിധായകരായ ആനന്ദ് ഏകര്‍ഷിയുടെ 'ആട്ടം', ശാലിനി ഉഷാദേവിയുടെ 'എന്നെന്നും', കെ. റിനോഷുന്റെ 'ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്', വി. ശരത്കുമാറിന്റെ 'നീലമുടി', ഗഗന്‍ദേവിന്റെ 'ആപ്പിള്‍ ചെടികള്‍', ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ', വിഘ്‌നേഷ് പി. ശശിധരന്റെ 'ഷെഹര്‍ സാദേ', സുനില്‍ കുടമാളൂറിന്റെ 'വലസൈ പറവകള്‍' എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം', സതീഷാ ബാബുസേനന്‍,സന്തോഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'ആനന്ദ് മോണോലിസ മരണവും കാത്ത്', രഞ്ജന്‍ പ്രമോദിന്റെ 'ഒ ബേബി', ജിയോബേബിയുടെ 'കാതല്‍, ദ കോര്‍' എന്നീ ചിത്രങ്ങളാണവ. ഇവയില്‍ ആട്ടം ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമവിഭാഗം ഉദ്ഘാടനചിത്രമായിരുന്നു.ബി 32 മുതല്‍ സംസ്ഥാന പ്രത്യേക പുരസ്‌കാരവും തിരക്കഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടിയ സിനിമയാണ്.

ഒരു മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. വര്‍ധിച്ച പൊതുജന പങ്കാളിത്തം കൊണ്ട് ജനകീയമാക്കുമ്പോള്‍ കൊച്ചി സര്‍വകലാശാലയിലും മറ്റും സംഭവിച്ച പോലൊരു ദുരന്തം ചലച്ചിത്ര മേള വേദികളില്‍ സംഭവിക്കില്ല എന്നു സംഘാടകര്‍ ഉറപ്പാക്കണം. കഴിഞ്ഞ വര്‍ഷം ടാഗൂര്‍ തീയറ്ററില്‍, ഹൃദയാഘാതം വന്ന പ്രതിനിധിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോലും മുറ്റത്തെ ആള്‍ക്കൂട്ടം കൊണ്ട് വളരെ വൈകിയ സംഭവമുണ്ടായി. വേദിമറ്റത്തെ കലാപരിപാടിക്കായി കൂടിയ പ്രതിനിധികളല്ലാത്ത ആള്‍ക്കൂട്ടം സൃഷ്ടിച്ച വഴി മുടക്കാണ് അവിടെ വില്ലനായത്. പുറത്തെ ആഘോഷം, തീയറ്ററുകള്‍ക്കുള്ളിലെ സുരക്ഷയെ ബാധിക്കാതെയും തിക്കും തിരക്കും മറ്റൊരു ആള്‍ക്കൂട്ട ദുരന്തമായി മാറാതെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുമുണ്ട്. കാരണം നമ്മുടെ മേള ജനപങ്കാളിത്തത്തില്‍ അത്രമേല്‍ വലുതിയാ്െക്കാണ്ടിരിക്കുകയാണ് വര്‍ഷം  തോറും.

No comments: