Wednesday, December 13, 2023

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെക്കൊണ്ട് എന്താണ് ഗുണം?


Kalapoornna monthly december 2023

എ.ചന്ദ്രശേഖര്‍

മലയാള സിനിമയ്ക്ക് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള എന്തു സമ്മാനിച്ചു എന്നു ചോദിച്ചാല്‍, മലയാളത്തില്‍ ഗൗരവമുള്ള പ്രേക്ഷകവൃന്ദത്തെ സജ്ജരാക്കാന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ എന്തു ചെയ്‌തോ അതിനു സമാനമായി സര്‍ഗാത്മകതയില്‍ ഇടപെട്ടു എന്നാണ് ഒറ്റവാചകത്തില്‍ മറുപടിപറയാനാവുക. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വായനാസംസ്‌കാരം കേരളത്തിനുണ്ടായത,് ആഴത്തില്‍ വേരോട്ടമുള്ള ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയാണ്. അടൂര്‍ ഗോപാലകൃഷ്ണന് താനിഷ്ടപ്പെടുന്ന വിധത്തില്‍ സ്വയംവരമുണ്ടാക്കാന്‍ കരുത്തു പകര്‍ന്നത്, അദ്ദേഹം തന്നെ ബീജാവാപം നടത്തി കേരളത്തില്‍ സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിതമായ ഫിലിം സൊസൈറ്റികള്‍ വഴി നിര്‍മ്മിച്ചെടുത്ത പ്രേക്ഷകവൃന്ദത്തിന്റെ പിന്‍ബലമാണ്. സമാനമായി, നവഭാവുകത്വം, നവതരംഗം എന്നൊക്കെയുള്ള വിളിപ്പേരില്‍, ആരുടെയും സഹായിയായി നിന്നോ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയോ സിനിമ പഠിക്കാതെ ചലച്ചിത്രകാരന്മാരായ, ആയിക്കൊണ്ടിരിക്കുന്ന നല്ലൊരുശതമാനം യുവാക്കളും ഉണ്ടായിവരുന്നതിന്റെ ഒരു പ്രധാന കാരണം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ് എഫ് കെ) തന്നെയാണെന്നത് അനിഷേധ്യമായ വസ്തുതമാത്രം.

വെബ് സ്ട്രീമിങും ഒ.ടി.ടികളും വ്യാപകമാകും മുമ്പ്, ഹോളിവുഡ് ഒഴികെയുള്ള ലോക സിനിമകളിലേക്ക് മലയാളിക്കുള്ള ഏകജാലകമായിരുന്നു ഐഎഫ്എഫ്‌കെ. വാര്‍ഷിക തീര്‍ത്ഥാടനം പോലെ ചലച്ചിത്രപ്രേമികള്‍ കണക്കാക്കിപ്പോന്ന ഒന്നുകൂടിയായിരുന്നു അത്.പ്രമുഖ ചലച്ചിത്രനിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന്‍ സിനിമാടാക്കീസ് എന്ന ലേഖനസമാഹാരത്തിലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളും മറ്റു മേളനങ്ങളും എന്ന ലേഖനത്തില്‍ നിരീക്ഷിച്ചിട്ടുള്ളതിങ്ങനെ :''പണ്ട് ഇത്തരം മേളകള്‍ ഫിലിം സൊസൈറ്റി അംഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ആര്‍ട്ട് സിനിമക്കാരുടെ മാത്രം അരങ്ങായിരുന്നു അത്. ആര്‍. നന്ദകുമാറിന്റെ വാക്കുകളില്‍ ''വര്‍ഷാവര്‍ഷം വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി മലകയറുന്ന അയ്യപ്പഭക്തന്മാരെപ്പോലെ, പല ദിക്കില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഫിലിം ഫെസ്റ്റി വലുകളിലേക്കു മുടക്കം കൂടാതെ മലയാളി സിനിമാ ഭക്തന്മാര്‍ മലചവിട്ടി എങ്കില്‍. ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇന്നത് യാതനയനുഭവിച്ചു 'ചെന്നു' കാണേണ്ട ഒന്നല്ലാതാവുകയും നമ്മുടെയടുത്തേക്കു പ്രതിവര്‍ഷം എത്തിച്ചേരുന്ന ഒരുത്സവവുമായി മാറിയി രിക്കുന്നു. ഇപ്പോഴത് അതിന്റെ പരിമിത വലയം ഭേദിച്ച് വലിയതും വൈവിദ്ധ്യമാര്‍ന്നതുമായ ഒരു പ്രേക്ഷകസമൂഹത്തിന്റേതുമായിത്തീര്‍ന്നിരിക്കുന്നു.”

നേരത്തേ ചലച്ചിത്രമേളകള്‍ക്കു പുറത്ത്, ഇംഗ്‌ളീഷ് ഒഴികെയുള്ള ഇതര ലോകഭാഷകളിലെ സിനിമയുടെ ദൃശ്യത്തിനപ്പുറമുള്ള ശബ്ദപഥം ഗ്രഹിക്കാന്‍ വേദിയുണ്ടായിരുന്നില്ല. ലാറ്റിനമേരിക്കയില്‍ നിന്നോ കൊറിയയില്‍ നിന്നോ ഉളള സിനിമകളെ ഉപശീര്‍ഷങ്ങളുടെ സഹായത്താല്‍ ആഴത്തില്‍ മനസിലാക്കാനുള്ള അവസരം സാധാരണക്കാര്‍ക്കെന്നല്ല സിനിമാപഠിതാക്കള്‍ക്കോ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കോ പോലും ലഭ്യമായിരുന്നില്ല. ചലച്ചിത്രമേളകള്‍ മാത്രമാണ് ‘സബ്‌ടൈറ്റില്‍ ചെയ്ത സിനിമ’കളെന്ന സംസ്‌കാരത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയത്. വീഡിയോ കസെറ്റുകളുടെയും സിഡി/ഡിവിഡികളുടെയും കാലത്ത് കേരളത്തില്‍ (കു)പ്രസിദ്ധി നേടിയ ബീമാപ്പളളിയിലെ കസെറ്റ് ഷോപ്പുകളില്‍ നിന്നുപോലും  ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളൊഴികെ സബ്‌ടൈറ്റില്‍ ചെയ്ത പ്രിന്റുകള്‍ ലഭ്യമായിരുന്നില്ല. സബ് ടൈറ്റ്‌ലിങ് ആകട്ടെ ഏറെ ചെലവേറിയ നിര്‍മ്മാണാനന്തര സാങ്കേതിക പ്രക്രിയയായി നിലനില്‍ക്കുകയും ചെയ്തു. ഈ കാരണം കൊണ്ടുതന്നെ, ഉപശീര്‍ഷകത്തോടെ നമുക്കന്യമായ ലോകസിനിമ ദര്‍ശിക്കാനുള്ള അസുലഭാവസരമെന്ന നിലയ്ക്ക് ചലച്ചിത്രമേളയ്ക്കു പ്രസക്തിയേറി.ചലച്ചിത്ര ഉപശീര്‍ഷകവത്കരണം തീര്‍ത്തും അനായാസമായിക്കഴിഞ്ഞ ഇക്കാലത്തും, ഇത്തരത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഒരു സബ്‌ടൈറ്റ്‌ലിങ് പരിശ്രമം ആദ്യമായി പരീക്ഷിച്ചത് സിഡിറ്റിന്റെ പിന്തുണയോടെ, അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിരുന്ന കാലത്ത് ഗിരീഷ് കാസറവള്ളിയുടെ ദ്വീപ് എന്ന സിനിമയ്ക്ക് പ്രദര്‍ശനവേളയില്‍ സമാന്തരമായി ഡിജിറ്റല്‍ പ്രൊജക്ഷനിലൂടെ ശീര്‍ഷകങ്ങള്‍ സ്‌ക്രീനില്‍ സൂപ്പര്‍ ഇംപോസ് ചെയ്തുകൊണ്ട് ഐഎഫ്എഫ്‌കെ ആയിരുന്നു എന്ന വസ്തുത മാത്രം മതി, ചലച്ചിത്രമേള നമുക്കെന്തു തന്നു എന്ന ചോദ്യത്തിനുള്ള സാര്‍ത്ഥകമായ ഉത്തരമാകുമത്.

ആദ്യകാലങ്ങളില്‍ ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രമേളയിലെന്നോണം ചലച്ചിത്രസൊസൈറ്റി പ്രവര്‍ത്തകരും നിരൂപകരുമൊക്കെയടങ്ങുന്ന പ്രേക്ഷകരാണ് ഐഎഫ്എഫ്‌കെയെ നെഞ്ചേറ്റിയത്. സിഡി/ഡിവിഡികളുടെ കാലത്ത്, അവ പ്രാപ്യമായവരും അപ്രാപ്യമായവരും എന്നൊരു ഇലക്ട്രോണിക് ഡിവൈഡ് ഗൗരവമുള്ള പ്രേക്ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനാവുന്നവര്‍ വളരെ ചുരുക്കം. മേളചിത്രങ്ങളുടെ സിഡി/ഡിവിഡി സംഘടിപ്പിക്കാനാവുന്നതും അവ കാണാന്‍ സാധിക്കുന്നവരും അതിലും ചുരുക്കം എന്ന അവസ്ഥ. സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള്‍ അതിന് ചൂണ്ടിക്കാണിക്കാനാവും. കേരളത്തിലെ ഉത്തരഭാഗത്തുള്ള ഒരു പ്രേക്ഷകനെ സംബന്ധിച്ച് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ കാറ്റലോഗ് സംഘടിപ്പിച്ച്, ബീമാപ്പള്ളിയില്‍ ചെന്ന് വേണ്ട സിനിമകളുടെ സിഡി/ഡിവിഡി വാങ്ങി കൊണ്ടുപോയി കാണുക എന്നത് ശ്രമകരമെന്നതിനപ്പുറം ഏറെ ചെലവുള്ളതുമായിരുന്നു. എന്നാല്‍, സിനിമാ നിര്‍മ്മാണത്തിനൊപ്പം പ്രദര്‍ശനവും വിതരണവും ഡിജിറ്റല്‍വല്‍ക്കരിക്കുകയും കോവിഡ് ലോക്ഡൗണില്‍ അവ ജനകീയമായൊരു രീതിയില്‍ വ്യാപകമാവുകയും ഡിജിറ്റല്‍ ഡിവൈഡ് ശോഷിക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി. ലോകത്തെ ഏതു ഭാഷയിലെയും ചിത്രങ്ങള്‍ നമ്മുടെ ഭാഷയില്‍ പോലും കുറഞ്ഞ ചെലവില്‍ ഉപശീര്‍ഷകങ്ങളോടെ ഒ.ടി.ടികളില്‍ സ്ട്രീം ചെയ്തു കാണാനാവുമെന്നായി. അതിലുമുപരി ചലച്ചിത്രമേളകള്‍ തന്നെ ഡിജിറ്റല്‍ ഹൈബ്രിഡ് രീതിയിലേക്കും മാറി. അങ്ങനെ അവ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയും ചെയ്തു.ഇവിടെ ആനുഷംഗികമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. 

സിനിമ കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇടം നേടുകയും, ചലച്ചിത്രപഠനം ഗൗരവമാര്‍ജ്ജിക്കുകയും ചെയ്തതോടെ, വൈകാതെ തന്നെ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെയും പഠിതാക്കളുടെയും കേദാരമായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ജനപങ്കാളിത്തം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന മേള എന്ന ഖ്യാതിയിലേക്ക്  ഐഎഫ്എഫ്‌കെ വളരുന്നത് സിനിമയില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവരുടെ, സിനിമയെ ഗൗരവമായി കരുതുന്നവരുടെ പങ്കാളിത്തം കൂടിയതോടെയാണ് എന്ന സത്യം അവഗണിക്കാനാവുന്നതല്ല. വെങ്കിടേശ്വരന്‍ എഴുതുന്നതുപോലെ,''സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍നിന്നുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വാര്‍ഷിക-ലോകപര്യടനം തന്നെയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ദൃശ്യങ്ങളുടെയും ആഖ്യാന ങ്ങളുടെയും അതുവഴി ഇന്നത്തെ ആഗോള ജീവിതാവസ്ഥകളിലൂടെയും ഉള്ള ഈ സ്വതന്ത്ര സഞ്ചാരം തീര്‍ച്ചയായും അവരുടെ ജീവിതവീക്ഷണത്തെയും രാഷ്ട്രീയബോധ/ദ്ധ്യങ്ങളെയും സ്വാധീനിക്കാതിരിക്കില്ല. മലയാളിയെ തന്റെ പരിമിതജീവിതവൃത്തങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ ഇത്തരം അപഥസഞ്ചാരങ്ങള്‍ക്കു കഴിയേണ്ടതാണ്.

''....ചലച്ചിത്രമേള നമ്മുടെ സിനിമയ്ക്ക് എന്തു നല്കി എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരങ്ങളോ ദൃഷ്ടാന്തങ്ങളോ ഇല്ലെങ്കിലും അതിന്റെ നേരിട്ടല്ലാതെയുള്ള ഇത്തരം ബാഹ്യവും പരോക്ഷവുമായ ഫലങ്ങള്‍ നമുക്കു കണക്കിലെടുക്കാതെ വയ്യ. തീര്‍ച്ചയായും സൂക്ഷ്മവും ആന്തരികവും ആയ എന്തൊക്കെയോ രീതിയില്‍ അത് നമ്മുടെ സാമൂഹിക പരിപ്രേക്ഷ്യങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. ആദ്യമായി ചലച്ചിത്രമേള കണ്ടു മടങ്ങിയ ഒരു സ്‌കൂള്‍ അദ്ധ്യാപിക പറഞ്ഞത് ഇതിന് ഒരു ഉദാഹരണമാണ്. ''ഇത്രയും ദിവസം ഇത്തരം സിനിമകളൊക്കെ കണ്ടതിനുശേഷം വീണ്ടും ദിവസേന പതിവുപോലെ ചോറും കറിയും ഉണ്ടാക്കാനും അതേ പാഠങ്ങള്‍ പഠിപ്പിക്ക ലിലേക്കും തിരിച്ചുപോകാന്‍ തോന്നുന്നില്ല.'' തീര്‍ച്ചയായും മേളയില്‍നിന്നു മടങ്ങുന്ന ഓരോരുത്തരും അതേ ജീവിതത്തിലേക്കാവില്ല. തിരിച്ചുപോകുന്നത്. കുറച്ചു ദിവസത്തേക്കെങ്കിലും.'' 

രണ്ടുചെറിയ ഉദാഹരണങ്ങളിലൂടെ, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള നമ്മുടെ സിനിമയിലും കാഴ്ചയിലും നടത്തിയ ഇടപെടല്‍ വ്യക്തമാക്കാം. ആദ്യത്തേത് കേരളത്തിലെ മുഖ്യധാരാ സിനിമകളുടെ ഉള്ളടക്കത്തില്‍ പരക്കെ ആരോപിക്കപ്പെടുംവിധമുണ്ടായിട്ടുള്ള ദക്ഷിണകൊറിയന്‍ സിനിമയുടെ സ്വാധീനമാണ്. സ്വന്തം ജന്മനാട്ടില്‍ പോലും ഇല്ലാത്തത്ര ആരാധകവൃന്ദം കിം കി ഡുക്ക് എന്ന ഇതിഹാസസംവിധായകന് നിലവിലുള്ള സ്ഥലമാണ് കേരളം. ലയണല്‍ മെസിക്ക് കേരളത്തിലുള്ള സ്വാധീനത്തോളം ആഴമുണ്ട് കിംകിഡുക്കിന് മലയാളത്തിലെ ചലച്ചിത്രപ്രേമികള്‍ക്കിടയിലുള്ള സ്വാധീനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡുക്ക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു വന്നപ്പോള്‍ തിരക്കും തിക്കും കൊണ്ട് പൊതുവഴി സ്തംഭിച്ച വാര്‍ത്താ ചിത്രം ഓര്‍ക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ, ജപ്പാന്‍ തുടങ്ങിയ സൗഹൃദരാഷ്ട്രങ്ങള്‍ക്കപ്പുറമുള്ള സിനിമകള്‍ ചലച്ചിത്രമേളകളിലൊഴികെ പ്രാപ്യമല്ലാതിരുന്ന കാലത്തും കിം കി ഡുക്ക് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയും ഒടിടിക്കു മുമ്പേ തന്നെ അദ്ദേഹത്തിന്റെ മേളയിലെത്താത്ത സിനിമകള്‍വരെ തെരഞ്ഞുപിടിച്ചു പ്രേക്ഷകര്‍ കാണുന്ന അവസ്ഥയുണ്ടാവുകയും ചെയ്‌തെങ്കില്‍ അതിനു കാരണം ചലച്ചിത്രമേളതന്നെയാണ്. കാരണം നാം കിം കി ഡുക്ക് എന്ന പേരു കേള്‍ക്കുന്നതും ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തത് നമ്മുടെ രാജ്യാന്തര ചലച്ചിത്രമേളയിലൂടെമാത്രമാണ്. ഇന്നിപ്പോള്‍ കൊറിയന്‍ സിനിമ സ്വാധീനത്തിനപ്പുറം എന്തെല്ലാമോ ആയിത്തീര്‍ന്നിട്ടുണ്ട് മലയാള സിനിമയില്‍. അപ്പോള്‍ അതിലേക്കു നയിച്ചത് ചലച്ചിത്രമേളയാണെന്നതില്‍ തര്‍ക്കത്തിനു വഴിയില്ല. കമ്പോള മുഖ്യധാരയില്‍ കെ.എസ്. സോതുമാധവന്‍ മുതല്‍ (ഒരു പെണ്ണിന്റെ കഥ) പ്രിയദര്‍ശന്‍ വരെയുള്ളവര്‍ ഹോളിവുഡ് സിനിമകളെ പ്രേരണയാക്കിയിട്ടുണ്ടെങ്കില്‍ നവകമ്പോളമുഖ്യധാര കൊറിയന്‍ ലാറ്റിനമേരിക്കന്‍ സിനിമകളെ വരെ മാതൃകകളാക്കുന്നുവെങ്കില്‍ അത് ചലച്ചിത്രമേളകളിലൂടെ ആര്‍ജ്ജിച്ച തിരിച്ചറിവുകളില്‍ നിന്ന് പിന്നീട് ഡിവിഡികളിലൂടെയും അനന്തരം ഒടിടികളിലൂടെയും സാധ്യമായതു തന്നെ.

മുഖ്യധാരയുടെ വഴി ഇതാണെങ്കില്‍ സമാന്തരസിനിമയിലെ മേളപ്പകര്‍ച്ചയും ചെറുതായി കാണേണ്ടതല്ല. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഡമെയ്ന്‍ സിഫ്രോണിനെയും ഗൈ റിച്ചിയുടയും ടാരന്റിനോയുടെയും മുതല്‍ ഫ്രഞ്ച് സിനിമയിലെ ഇതിഹാസമായിരുന്ന ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദിനെയും പോലുള്ളവരുടെ വഴിയേ നമ്മുടെ ലിജോ ജോസ് പെല്ലിശ്ശേരിക്കും ആഷിഖ് അബുവിനും സിനിമകളാലോചിക്കാനാവുന്നുവെങ്കില്‍ അതിന് ചലച്ചിത്രമേള സമ്മാനിച്ച സര്‍ഗാത്മകപിന്തുണ അവഗണിക്കാനാവുന്നതല്ല.തുറന്നു സമ്മതിച്ചാലുമില്ലെങ്കിലും യുവതലമുറയില്‍ മറ്റേതൊരു ചലച്ചിത്രകാരനില്‍ നിന്നുമേറെ ഇത്തരത്തിലുള്ള സ്വാധീനം ലിജോ ജോസ് പെല്ലിശ്ശേരിയില്‍ പ്രകടമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. ബഹുഭൂരിപക്ഷം വരുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് ലഭ്യമാവാത്ത ഒരു അവസരമാണ് കേരളത്തിലെ യുവചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നമ്മുടെ ചലച്ചിത്രമേളയിലൂടെ മാത്രം സാധ്യമാവുന്നത് എന്നതാണ് നേരത്തേ സൂചിപ്പിച്ച രണ്ടാമത്തെ ഉദാഹരണം. മേളയുടെയും മേളച്ചിത്രങ്ങളുടെയും സ്വാധീനം ഭൂരിപക്ഷം ചലച്ചിത്രപ്രവര്‍ത്തകരും പരസ്യമാക്കുന്നല്ലെങ്കില്‍, അണ്‍ ടു ദ ഡസ്‌ക്, ബിരിയാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ-രാജ്യാന്തര പ്രസിദ്ധി നേടിയ സജിന്‍ ബാബുവിനെ പോലുള്ളവര്‍ ഇക്കാര്യം പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം. ഒരു ചലച്ചിത്രസംവിധായകന്റെയും സഹായിയായോ ഒരു സ്ഥാപനത്തിലും പോയി പഠിക്കുകയോ ചെയ്യാതെയാണ് സജിനടക്കമുള്ള തലമുറയിലും ശേഷവുമുള്ളവര്‍ ശ്രദ്ധേയങ്ങളായ രചനകളിലൂടെ ദേശാന്തരകീര്‍ത്തി സ്വന്തമാക്കുന്നത്. അതിനവര്‍ക്ക് പ്രചോദനം മാത്രമല്ല പ്രേരണയായതും ഐഎഫ്എഫ്‌കെതന്നെ. 

ഉള്ളടക്കത്തിലും അവതരണത്തിലും ചലച്ചിത്രസമീപനത്തിലും സാങ്കേതികതയിലും മാത്രമായി ഈ സ്വാധീനത്തെ പരിമിതപ്പെടുത്താനാവില്ല. പല യുവചലച്ചിത്രകാരന്മാരെയും സംബന്ധിച്ച് ഐഎഫ്എഫ്‌കെ മികച്ചതും വേറിട്ടതുമായ സിനിമകളുണ്ടാക്കാനുള്ള പ്രേരണയും പ്രചോദനവും മാത്രമല്ല, മറിച്ച് അവയ്ക്ക് ദേശാന്തര വിപണി കണ്ടെത്താനും അതുപോലുള്ള സിനിമകള്‍ക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ പങ്കാളിത്തം കണ്ടെത്താനുമുള്ള അവസരം കൂടിയാണ്. ഐഎഫ്എഫ്‌കെയുടെ ഫിലിം ബസാറും സ്‌ക്രിപ്റ്റ് പിച്ചിങ് ഇനിഷ്യേറ്റീവുകളുമെല്ലാം ഈ വിധത്തില്‍ കൂടി നമ്മുടെ സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ പിന്തുണച്ചിട്ടുണ്ട്. ആരൊക്കെ സമ്മതിച്ചാലുമില്ലെങ്കിലും മലയാള സിനിമയില്‍, സനല്‍കുമാര്‍ ശശിധരനേയും വിധു വിന്‍സന്റിനെയും ദീപേഷിനെയും ഷെറിയേയും സുദേവനെയും കൃഷാന്തിനെയും പോലുള്ള സംവിധായകരുണ്ടായതിനു പിന്നില്‍ നിശ്ചയമായും ഐഎഫ്എഫ്‌കെ ഒരു നിര്‍ണായക സ്വാധീനമാണന്ന് നിസ്സംശയം വിലയിരുത്താം. മലയാളത്തില്‍ വര്‍ധിച്ചു വരുന്ന വനിതാസംവിധായകരുടെ സൃഷ്ടികള്‍ക്കും ചലച്ചിത്രമേളകള്‍ വലിയൊരു തലത്തില്‍ സ്വാധീനം തന്നെയാണ്.

പ്രമേയസ്വീകരണത്തില്‍ മാത്രമല്ല, അതിന്റെ രാഷ്ട്രീയത്തിലും വീക്ഷണകോണിലുംവരെ വന്നുഭവിച്ചിട്ടുള്ള നിര്‍ണായകമായ വഴിമാറി നടത്തത്തിനും യുവതലമുറ ഒരളവുവരെ ചലച്ചിത്രമേളയോട് കടപ്പെട്ടിട്ടുണ്ട്. ഇതര ചലച്ചിത്രമേളകളില്‍ നിന്നു വിഭിന്നമായി മൂന്നാംലോക സിനിമകളിലേക്കുള്ള കണ്ണുതുറന്നുപിടിക്കലാണ് നമ്മുടെ മേളകളെ ഇത്തരത്തിലൊരു സ്വാധീനത്തിന് വിഷയീഭവിപ്പിച്ചത്. വിനോദ വ്യവസായത്തിനെതിരെയുള്ള പ്രതിരോധമാണ് മൂന്നാംലോകത്തു നിന്നു വന്നു കൊണ്ടിരിക്കുന്നതെന്നു, സിനിമയില്‍ അപകോളനികരണ ത്തിന്റെ ആശയങ്ങള്‍ ചലച്ചിത്രമേളകളിലൂടെ നമ്മുടെ സിനിമയിലേക്കും സംസ്‌കാരത്തിലേക്കും കടന്നു വന്നതിനെപ്പറ്റി ഡോ എം.ആര്‍ രാജേഷ് കേരള ഫിലിം ഫെസ്റ്റിവലിന്റെ രാഷ്ട്രീയം എന്ന ലേഖനത്തില്‍ (സിനിമ മുഖവും മുഖംമൂടിയും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  2019) നിരീക്ഷിച്ചിട്ടുണ്ട്. അധീശത്വ രാഷ്ട്രീയംദൃശ്യങ്ങള്‍ കൊണ്ട് അധികാരം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ബദലിന്റെ, സത്യത്തിന്റെ രാഷ്ട്രീയം ദൃശ്യങ്ങള്‍ കൊണ്ട് പ്രതിരോധം നടപ്പാക്കാനാണ് ഇവിടെ ശ്രമം നടത്തുന്നതെന്ന് എം.ആര്‍ രാജേഷ് വിലയിരുത്തുന്നു. 'മൂന്നാം ലോകത്തിന്റെ ദൃശ്യ സംസ്‌കാരം മുന്നോട്ടു വയ്ക്കുന്ന പ്രതിരോധം പോലെയാണ് മലയാളത്തിലിന്ന് സ്ത്രീ-ദലിത്-പരിസ്ഥിതി പ്രമേയങ്ങള്‍ കടന്നു വരുന്നത്. മലയാള സിനിമ സവര്‍ണ സൗന്ദര്യശാസ്ത്രകാഴ്ചകളില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് സമകാലിക ഫിലിം ഫെസ്റ്റിവലുകള്‍ അടയാളപ്പെടുത്തുന്നത്.”രാജേഷ് സമര്‍ത്ഥിക്കുന്നു.

''ആദ്യം കോളനികളും കാഴ്ചവസ്തുക്കളും പിന്നീട് അരികുകളും എതിരികളുമാക്കപ്പെട്ട ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ ഇന്ന് തങ്ങളുടെ ദൃശ്യസ്വത്വത്തെ ആവിഷ്‌ക രിക്കാന്‍ ശ്രമിക്കുകയാണ്; എന്തെന്നാല്‍ ഇന്ന് ലോകത്തു നടക്കുന്ന (കൈയേറ്റങ്ങളും) അവക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതിരാധങ്ങലും അരങ്ങേറുന്നത് ദൃശ്യരംഗത്താണ്. യുദ്ധത്തിന്റെ അരങ്ങും അണിയറയും, സ്വത്വപ്രഖ്യാപനത്തിന്റെയും സ്ഥാപനത്തിന്റെയും അന്വേഷണത്തിന്റെയും അതുകൊണ്ടു തന്നെ പ്രതിരോധത്തിന്റെയും അരങ്ങ് ദൃശ്യമാണിന്ന്. തിരിച്ചറിവിനേയും ഓര്‍മയെയും ഭാവനയെയും ദൃശ്യസങ്കേതങ്ങള്‍ ക്കൊണ്ട് കീഴടക്കുക എന്നതാണ് ലക്ഷ്യമെന്ന് സി.എസ്.വെങ്കിടേശ്വരന്‍ പറയുന്നു(മാധ്യമം ആഴ്ചപതിപ്പ്, അന്താരാഷ്ട്ര ചലചിത്രമേള - കാഴ്ചയുടെ ഇരുപതു വര്‍ഷങ്ങള്‍, 2015 ഡിസംബര്‍ 14, പുറം - 14). 

കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയുടെ വിമര്‍ശകരുടെ വജ്രായുധം അത് ഗൗരവമുള്ള സിനിമയേയും കാഴ്ചയേയും മറികടന്ന് കാര്‍ണിവല്‍ സംസ്‌കാരത്തിലേക്ക് വഴിതെറ്റുന്നു എന്നുള്ളതാണ്. ഇവിടെയും ഡോ.എം.ആര്‍.രാജേഷിന്റെ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്.ചലച്ചിത്രമേളകള്‍ കാര്‍ണിവല്‍ സംസ്‌കാരത്തിലേക്ക് പോകുന്നതിനെ രാഷ്ട്രീയ പ്രബുദ്ധതയുടെ തുറന്ന രൂപം എന്ന നിലയ്ക്കാണ് എം.ആര്‍. രാജേഷ് വിലയിരുത്തുന്നത്.''ജാതി-മത-ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും കൂടി കലരുന്ന ഈ ഇടങ്ങള്‍ സിനിമ കാണലിനപ്പുറം സംവാദങ്ങളുടെ തുറന്ന ഭൂമിക സൃഷ്ടിക്കുന്നുണ്ട്. പുതിയ സൗഹൃദങ്ങളിലൂടെ, സിനിമാചര്‍ച്ചകളിലൂടെ അവര്‍ സമൂഹത്തിന്റെ നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്നു. സിനിമാ ഫെസ്റ്റിവലുകളുടെ കാര്‍ണിവല്‍ സംസ്‌കാര സിനിമാ പ്രവര്‍ത്തകരെയും ആസ്വാദകരെയും മാത്രമല്ല നിര്‍മിച്ചെടുക്കന്നത്. വൈവിധ്യാത്മകമായ രാഷ്ട്രീയത്തിന്റെയും ആശയത്തിന്റെയും തുറന്നയിടങ്ങളായി ഇവ മാറുന്നു...ബദല്‍ സിനികളെക്കുറിച്ചുളള ബോധ ത്തിലേക്കും കാഴ്ച ശീലങ്ങളിലേക്കും സിനിമാ പ്രവര്‍ത്തകരേയും കാഴ്ചക്കാരേയും ഫെസ്റ്റിവലുകള്‍ നയിക്കുന്നു. കാര്‍ണിവല്‍ ഒരു സിനിമാ സര്‍വകലാശാല കൂടിയായി മാറുന്നു. എന്നാല്‍ എല്ലാവരും ഇവിടെ നിന്ന് എല്ലാം പഠിച്ചിറങ്ങുന്ന എന്ന അര്‍ഥമില്ല.... സിനിമയെ ക്കുറിച്ചു മാത്രമല്ല, ലോകസംസ്‌കാരത്തിന്റെ വൈവിധ്യാത്മകതയേയും അധികാര രാഷ്ട്രീയ ത്തെയും കുറിച്ചറിയാനും മറ്റുമുള്ളതടക്കങ്ങളും ഇവിടെ നടക്കുന്ന സംവാദങ്ങളില്‍ നിന്ന് കിട്ടുന്നതാണ്. 

''...കാര്‍ണിവലിന്റെ അംഗങ്ങള്‍ കൂടാതെ ചലചിത്രമേളയല്ല, മനുഷ്യര്‍ ഒത്തു കൂടുന്ന ഒട്ടുമിക്ക മേളകളും നടത്താനാവില്ല, അത് രാത്രി സമയത്ത് സിനിമാ ബുദ്ധിജിവികളും അവരുടെ സുഹൃത്തുക്കളും മാത്രമടങ്ങുന്ന പാര്‍ട്ടികളില്‍ മാത്രമൊതുങ്ങിയാല്‍ ലോകത്തെ താല്‍ക്കാലികമായി കീഴ്‌മേല്‍ മറിച്ചിടുന്നതു കൊണ്ടുണ്ടാകുന്ന രാഷ്ട്രീയ സാധ്യതകള്‍ വല്ലാതെ ചുരുങ്ങിപ്പോകും. സിനിമയെന്ന കലാരൂപം അല്ലാതാവില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. അന്താരാഷ്ട്ര ചലചിത്രമേളയുടെ പരിസരങ്ങളില്‍ സ്ത്രീകളും ചെറുപ്പക്കാരും, പലതരം ബദല്‍ തന്മകളും രാഷ്ട്രീയ നിലപാടുകള്‍ കൈകൊള്ളുന്നവരും പ്രത്യക്ഷമാകുന്നതുകൊണ്ട് ഇവിടെ കാര്‍ണിവല്‍ അംശം സിനിമാക്കാരുടെ നിശാസംഗമങ്ങള്‍ മാത്രമല്ല, അത് മേളയുടെ വലിയൊരു മെച്ചമായാണ്  അന്യനാടുകളില്‍ നിന്നെത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ എണ്ണുന്നത്.”  ഇതേപ്പറ്റി ജെ.ദേവികയുടെ നിരീക്ഷണം കഴമ്പുള്ളതാണ്. രാജേഷ് സൂചിപ്പിക്കുന്നതുപോലെ,  കേന്ദ്രമില്ലാത്ത കാര്‍ണിവല്‍ സംസ്‌ക്കാരത്തിന്റെ ഗുണങ്ങള്‍ ഫെസ്റ്റിവല്‍ അവസാനിക്കുമ്പോള്‍ അവസാനിക്കുകയല്ലാ, തുടങ്ങുകയാണ് ചെയ്യുന്നത്.

മേളകള്‍ക്കു പുറത്തും സബ് ടൈറ്റില്‍ ചെയ്ത ലോകസിനിമകള്‍ ഒ.ടി.ടി.കളില്‍ വ്യാപകമായതോടെ ചലച്ചിത്രമേളകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായിക്കൂടിവേണം ചലച്ചിത്രമേള നമുക്കെന്തു തന്നു എന്നൊരു ചോദ്യത്തെ നോക്കിക്കാണാന്‍. സ്വന്തമായി ഒരു സിനിമയെടുക്കാന്‍ പ്രചോദനത്തിന് ശരാശരി പ്രേക്ഷകന്‍ കണ്ടേക്കില്ല എന്നുറപ്പുള്ള അന്യലോക സിനിമ സ്വകാര്യമായി കാണാന്‍ ഒ.ടി.ടി.നല്ലതുതന്നെ. ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മാതാവിനെ കണ്ടെത്താനും ഇന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത പിച്ചിങ് സംവിധാനങ്ങളുണ്ടാവാം. എന്നാല്‍, ഒത്തുകൂടി സംവദിച്ചും, തര്‍ക്കിച്ചും സിനിമയും സിനിമയ്ക്കപ്പുറമുള്ള ജീവിതവും ചര്‍ച്ചചെയ്തും സിനിമയുടെ സാങ്കേതികവും ഘടനാപരവുമായ സകലതിനെയും കുറിച്ച് സംസാരിച്ചും ആശയങ്ങള്‍ പങ്കുവച്ചും തിന്നും കുടിച്ചും നേടുന്ന കാര്‍ണിവല്‍ അനുഭവം സമ്മാനിക്കാന്‍ ഒരു ഒ.ടി.ടി.ക്കും സാധ്യമാവാത്തിടടത്തോളം ചലച്ചിത്രമേളകള്‍ക്ക് രാഷ്ട്രീയപരവും സാംസ്‌കാരികപരവുമായ പ്രസക്തിയുണ്ട് എന്നത് നിസ്തര്‍ക്കമാണ്.


No comments: