Monday, December 04, 2023

ഇന്റര്‍നെറ്റില്ലാ കാലത്തെ ഫെസ്റ്റിവല്‍ ബുക്ക്-ഐഎഫ്എഫ് കെ സ്മരണകള്‍

FESTALGIA.A Chandrasekhar writes 

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചിയില്‍ നടന്ന നാലമത് പതിപ്പ് മുതല്‍ മുടങ്ങാതെ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അതിനിടെ രണ്ടായിരത്തിയൊന്നിലെ രാജ്യാന്തര മേളയുടെ ഫെസ്റ്റിവല്‍ ബുക്കിന്റെ എഡിറ്ററായും, 2002ല്‍ പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും പ്രമുഖ സാഹിത്യകാരനും കെ.വി.മോഹന്‍കുമാര്‍ ഐ എ എസ് സെക്രട്ടറിയുമായിരുന്ന വര്‍ഷം മീഡിയ സെന്ററിന്റെയും മീഡിയ പാസ് വിതരണത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള മീഡയ ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായി.

എ.മീരസാഹിബ്‌

എന്നെ ചലച്ചിത്ര അക്കാദമിയുമായി ബന്ധിപ്പിക്കുന്നത് അന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും വൈസ് ചെയര്‍മാനുമായിരുന്ന ശ്രീ. എ.മീരസാഹിബ് ആണ്.വിഖ്യാത സംവിധായകന്‍ ശ്രീ ഷാജി എന്‍ കരുണ്‍ ആയിരുന്നു അന്നത്തെ ചെയര്‍മാന്‍. ഫെസ്റ്റിവല്‍ ബുക്കും ഫെസ്റ്റിവലിനു പുറത്തിറക്കുന്ന രണ്ട് ഉപഗ്രന്ഥങ്ങളും പേജ് ചെയ്തു പൂര്‍ത്തിയാക്കുന്ന ചുമതലയായിരുന്നു എനിക്ക്. സഹായികളായി പ്രസ് ക്‌ളബില്‍ പിജി ജേര്‍ണലിസം ഡിപ്‌ളോമയ്ക്കു പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികളെയും ലഭ്യമാക്കി. പിന്നീട്, എന്റെ അടുത്ത സുഹൃത്തും, സഹരചയിതാവും കുടുംബസുഹൃത്തുമായിത്തീര്‍ന്ന വീക്ഷണത്തിലും, വര്‍ത്തമാനത്തിലും ഒക്കെ പത്രപ്രവര്‍ത്തകനായി ഇപ്പോള്‍ ദേശാഭിമാനിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.ഗിരീഷ്‌കുമാര്‍ എന്ന ഗിരീഷ് ബാലകൃഷ്ണനായിരുന്നു ഒരാള്‍. ഇപ്പോള്‍ മലയാള മനോരമയുടെ ബംഗളൂരു ലേഖകനായ നെടുമങ്ങാട്ടുകാരന്‍ ആര്‍.എസ്. സന്തോഷ് കുമാര്‍ ആയിരുന്നു രണ്ടാമന്‍. മൂന്നാമത്തെയാള്‍ അന്നേ സിനിമ തലയ്ക്കു പിടിച്ച, പിന്നീട് കൊല്‍ക്കത്ത സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിച്ച് മുംബൈയില്‍ ചേക്കേറിയ ശ്രീജിത്ത് കാരണവരും. (ശ്രീജിത്തിന്റെ ഐസ് മാക് ഫലെയ തുക എന്ന കൊങ്ങിണി സിനിമ മുംബൈ ചലച്ചിത്രമേളയിലും ഗോവയിലും പ്രദര്‍ശിപ്പിച്ചിരുന്നു).ശ്രീജിത് ആയിരുന്നു കോപ്പി എഡിറ്റര്‍. ഗിരീഷ് സബ് എഡിറ്ററും സന്തോഷ് ഫോട്ടോ എഡിറ്ററും. അങ്ങനെയായിരുന്നു തസ്തികകള്‍.

ബീനപോള്‍, കേരള സര്‍വകലാശാലയില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ വന്ന കല്‍പന സദാശിവം, അക്കാദമിയില്‍ ആദ്യകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഗോപീകൃഷ്ണന്‍, ബി.എം.സുരേഷ്, നാരായണന്‍, അന്തരിച്ച പ്രമോദ,് പ്രോഗ്രാമേഴ്‌സായിരുന്ന നാടകപ്രവര്‍ത്തകന്‍ ഷിബു കൊട്ടാരം, ലൂയി മാത്യു തുടങ്ങിയവരുടെ പിന്തുണ മറക്കാനാവുന്നതല്ല. ആലിക്കോയ ആയിരുന്നു സെക്രട്ടറി. സജയ് ട്രഷററും.

സന്തോഷ്‌കുമാര്‍
ശ്രീജീത് കാരണവര്‍
ലേഖകന്‍ ഗിരീഷ് ബാലകൃഷ്ണനൊപ്പം

അഹമ്മദാബാദിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍സില്‍ നിന്നുള്ള ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു ഫെസ്റ്റിവല്‍ ബുക്കിന്റെ (ഫെസ്റ്റിവല്‍ കാറ്റലോഗ്) രപൂകല്‍പന. ആറുപേരുടെ സംഘത്തില്‍ അനൂപ് പാഠക് എന്ന പയ്യനായിരുന്നു ഞങ്ങളോടൊത്തു പ്രവര്‍ത്തിച്ചത്‌. തിരുവനന്തപുരത്തെ, പാങ്ങോട് സൈനിക ക്യാംപിന്റെ ആരംഭത്തില്‍, ഇപ്പോള്‍ എസ് കെ. ആശുപത്രി നില്‍ക്കുന്നതിന് അല്‍പം അരികിലായി ഒരു വീടിന്റെ മുകള്‍ ഭാഗത്തായിരുന്നു അവരുടെ താമസവും വര്‍ക്ക് സ്റ്റേഷനും. പ്രകാശ് മൂര്‍ത്തിയായിരുന്നു ഫെസ്റ്റിവല്‍ ഡൈസാനുകളുടെ തീമുണ്ടാക്കിയത്. ചുവപ്പായിരുന്നു തീം കളര്‍.
ഏതാണ്ട് പതിനഞ്ചു ദിവസം മുമ്പേ എങ്കിലും, ഞങ്ങളന്ന് ഫെസ്റ്റിവല്‍ ബുക്കിന്റെ പണി തുടങ്ങിയിരുന്നു. അന്ന്, വെള്ളയമ്പലത്തെ ഇലങ്കം ഗാര്‍ഡന്‍സില്‍ ധാരാളം മുറ്റമുള്ള ഒരു പഴയ ഇരുനില മാളികയായിരുന്നു അക്കാദമിയുടെ ആസ്ഥാനം.ഒന്നാം നിലയിലായിരുന്നു ഷാജി സാറിന്റെ മുറി. താഴത്ത നിലയിലെ ഔട്ടഹൗസിലായിരുന്നു ഇന്റര്‍നെറ്റുള്ള ഒരു കംപ്യൂട്ടറുമായി ഞങ്ങളുടെ ഡസ്‌ക്. അന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേഗം പരമാവധി 33 കെബിപിഎസ് ആണ്. 64 കെബിപിഎസ് എന്നൊക്കെ വിദേശത്തു നിന്നു വന്നവര്‍ പറഞ്ഞുകേട്ടിട്ടുള്ളതേ ഉള്ളൂ. ഗൂഗിള്‍ പച്ചപിടിച്ചു വരുന്നതേയുള്ളൂ. നെറ്റ്‌സ്‌കേപ്പും എക്‌സ്പ്‌ളോററുമാണ് ബ്രൗസറുകള്‍. അള്‍ട്ടാവിസ്റ്റ് പോലുള്ള സെര്‍ച്ച് എന്‍ജിനുകളുപയോഗിച്ച് വല്ല വിവരവും തേടാമെന്നു കരുതിയാല്‍ പോലും വെബ് ഡാറ്റാ ബേയ്‌സില്‍ അങ്ങനെ പബ്‌ളിക് ഡൊമെയ്‌നില്‍ കാര്യമായ യാതൊന്നും വ്യാപകമായി ലഭ്യമായിത്തുടങ്ങിയിട്ടില്ല. ചുമതലയേല്‍ക്കാന്‍ ചെന്ന ഞങ്ങള്‍ക്കു നേരേ കല്‍പന കുറച്ച് കവറുകള്‍ തന്നു. എന്‍ട്രികളുടെ പ്രിന്റുകള്‍ വന്ന കൊറിയറിനൊപ്പം സമര്‍പ്പിക്കപ്പെട്ട ഒന്നോ രണ്ടോ സ്റ്റില്‍ ഫോട്ടോകളും ഒരു പേജോ ചിലപ്പോള്‍ അരപ്പേജോ ഉള്ള ലഘു വിവരണവും. സിനിമകളെപ്പറ്റിയുള്ള ഒരു പൊതുധാരണ കൂടി ആ കുറിപ്പില്‍ നിന്ന് ലഭിക്കില്ല. ദൈര്‍ഘ്യവും വര്‍ഷവും സംവിധായകന്റെ പേരും നിര്‍മ്മാണക്കമ്പനിയുടെ പേരും കാണും. കഥാസാരം എന്നപേരില്‍ വായിച്ചാല്‍ ആര്‍ക്കും മനസിലാവാത്ത രണ്ടോ മൂന്നോ വരികളും. അതു തന്നെ ചിലതൊക്കെ ഫ്രഞ്ചിലും സ്പനാഷിലുമാണ്.

ഫെസ്റ്റിവല്‍ ബുക്കിന്റെ ടെംപ്‌ളേറ്റില്‍ ലേശം ദീര്‍ഘമായ കഥാസാരം താരങ്ങളുടെ പേര് പങ്കെടുത്ത മേളകള്‍ ലഭിച്ച ബഹുമതികള്‍ സംവിധായകന്റെ ചിത്രം തുടങ്ങിയവ കൂടിയുണ്ട്. ഇതിലെല്ലാം വേണ്ട വിവരങ്ങള്‍ എല്ല സിനിമകളെപ്പറ്റിയും വേണം. പല സിനിമയ്ക്കും സ്റ്റില്‍ പോലുമില്ല. ഇന്നത്തെ പോലെ വീഡിയയോയില്‍ നിന്ന് സ്‌ക്രീന്‍ ഗ്രാബ് ചെയ്യാനുള്ള സംവിധാനമില്ല. സിനിമയുടെ പ്രിന്റുകളാണല്ലോ അയച്ചിട്ടുള്ളത്. അത് പ്രിന്റ് യൂണിറ്റുകാര്‍ക്കല്ലാതെ ആര്‍ക്കും കാണാന്‍ കൂടി കിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി തന്നെ അവ കാണുന്നത് സര്‍ക്കാര്‍ വക തീയറ്ററായ കലാഭവനിലോ മറ്റോ വച്ചാണ്. പല സംവിധായകരും എന്‍ട്രിക്കൊപ്പം ചിത്രം വച്ചിട്ടില്ല. പക്ഷേ ബുക്കില്‍ ചിത്രം വേണം താനും. ഇന്ത്യയിലെ തന്നെ അന്യഭാഷയിലെ പുതുമുഖങ്ങളും അറിയപ്പെടാത്തവരുമായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. ഒടുവില്‍ ചീഫ് എഡിറ്ററായ മീര സാഹിബ് സാറിനോട് തന്നെ പ്രശ്‌നം അവതരിപ്പിച്ചു. അത്രയ്ക്കു കിട്ടാത്ത പുതുമുഖങ്ങള്‍ പോലുള്ള ചലച്ചിത്രകാരന്മാരുടെ പടത്തിന്റെ സ്ഥാനത്ത് കോളം ഒഴിച്ചിടാന്‍ അദ്ദേഹം അനുമതി നല്‍കി. സന്തോഷും ശ്രീജിത്തും ഗിരീഷും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ് 80 ശതമാനം മാറ്ററും ചിത്രങ്ങളും സംഘടിപ്പിച്ചത്. ഞാനന്ന് മലയാള മനോരമ വിട്ട് തിരുവനന്തപുരത്തു തന്നെയുള്ള വെബ് ലോകം ഡോട്ട് കോമില്‍ (വെബ്ദുനിയ മലയാളം) ചീഫ് സബ് എഡിറ്ററാണ്. ഓഫീസിലെ ഏഷ്യാനെറ്റ് കണക്ഷന്‍ ഉപയോഗിച്ച് രാവേറെയോളം ഞാനും കഴിവിന്റെ പരമാവധി പരതിയാണ് ബുക്കിലേക്കുള്ള വിവരങ്ങള്‍ കുറെയൊക്കെ സംഘടിപ്പിച്ചത്.

ഡോഗ്മെ 95 പ്രസ്ഥാനം തുടങ്ങിവച്ച ഡാനിഷ് സംവിധായകന്‍ ലാര്‍സ് വോണ്‍ ട്രയറിന്റെ ചിത്രങ്ങളുടെ ഒരു പാക്കേജ് തന്നെ ആ വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നു. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ഏറെ പ്രയാസം. ആദ്യമായി കേള്‍ക്കുകയാണ് ഡോഗ്മയെപ്പറ്റിത്തന്നെ.ലഭ്യമായ മെറ്റീരിയലുകളെല്ലാം നമുക്കു മനസിലാവാത്ത ഭാഷകളിലേതായിരുന്നു. പാവം ശ്രീജിത്ത് ഏറെ ഉറക്കമിളച്ചാണ് ഒടുവില്‍ ഡോഗ്മ പ്രസ്ഥാനത്തെപ്പറ്റി കുറെയധികം വിവരങ്ങള്‍ കണ്ടെത്തി അതുള്‍ക്കൊള്ളിച്ച് ഒരു ആമുഖലേഖനം തന്നെ തയാറാക്കിയത്. പല ദിവസങ്ങളിലും അവര്‍ മൂവരും രാത്രി വൈകി അക്കാദമിയില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു പതിവ്. തീര്‍ന്നിടത്തോളം മാറ്ററുമായി ഗിരീഷും ഞാനും എന്റെ ബൈക്കില്‍ പാങ്ങോട്ടേക്ക് പോകും. ഡിസൈനര്‍മാര്‍ക്കാണെങ്കില്‍ ജേര്‍ണലിസ്റ്റിക് രീതി തെല്ലും പിടിയില്ല. മാറ്റര്‍ മുഴുവന്‍ ആദ്യ പേജ് മുതല്‍ കിട്ടിയാല്‍ വച്ചു പോകാം എന്നാണ് നിലപാട്. ഞങ്ങള്‍ക്കാണെങ്കില്‍ ചില വിഭാഗങ്ങളിലെ ചിത്രങ്ങളുടെ കാര്യത്തില്‍ പോലും അന്തിമ തീരൂമാനമാകുന്നതേയുള്ളൂ. തിയോ ആഞ്ജലോപൗലോയുടെ പാക്കേജൊക്കെ വരുന്നതേയുള്ളൂ. അങ്ങനെ ഉറപ്പാവാത്ത ചിത്രങ്ങളെപ്പറ്റി എങ്ങനെ മാറ്റര്‍ കൊടുക്കാനാണ്! കിട്ടിയിടത്തോളം മാറ്റര് അതത് വിഭാഗങ്ങളില്‍ വച്ചിട്ട് അവസാനം അവ ഒന്നിനു പിറകെ ഒന്നായി സെറ്റ് ചെയ്യുന്ന പത്ര രീതി ഡിസൈനര്‍മാര്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടിവന്നു. ഗിരീഷിനും ഏറെ കഷ്ടപ്പെടേണ്ടിവന്നു. മൂന്നുനാലു ദിവസം രാത്രി വെളുപ്പിച്ചിട്ടാണ് ഉദ്ഘാടനപ്പിറ്റേന്ന് ഫെസ്റ്റിവല്‍ ബുക്ക് അച്ചടിച്ച് വേദികളിലെത്തിക്കാന്‍ സാധിച്ചത്. ട്യൂട്ടേഴ്‌സ് ലെയിനിലുള്ള എസ് ബി പ്രസിലായിരുന്നു അച്ചടി. അച്ചടിച്ച പുസ്തകം കയ്യില്‍ കിട്ടിയ നിമിഷം ഇന്നും ഓര്‍മ്മയുണ്ട്. നന്നായിട്ടുണ്ടെന്ന് ഷാജി സാറും മീരസാറും പറഞ്ഞപ്പോള്‍ ഞങ്ങള്‍ നാലാള്‍ക്കുമുണ്ടായ സന്തോഷം അതിന്നും മറക്കാനാവില്ല.
എന്നിട്ടും, ഞങ്ങളുടേതല്ലാത്ത കുറ്റത്തിന് പുസ്തകത്തില്‍ വന്നുപെട്ട ചില തെറ്റുകളുടെ പേരില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. ചില പേജുകളില്‍ സംവിധായകരുടെ ചിത്രങ്ങളില്ലാത്തതും കഥാസാരം വ്യക്തമല്ലാത്തതുമായിരുന്നു വിമര്‍ശനത്തിനുള്ള പ്രധാന കാരണങ്ങള്‍. അത്രയും തന്നെ സംഘടിപ്പിക്കാന്‍ പെട്ട പാട് വിമര്‍ശകര്‍ക്ക് അറിയണ്ടല്ലോ! ഞങ്ങള്‍ക്ക് നിരാശയേ ഉണ്ടായില്ല. തൃപ്തിതന്നെയായിരുന്നു.

ഇതുകൂടാതെ, ഋത്വിക് ഘട്ടക്കിനെ പറ്റി പുറത്തിറക്കിയ ദ്വിഭാഷാ ലഘുപുസ്തകവും ഞങ്ങളുടെ ടീം തന്നെയാണ് എഡിറ്റ് ചെയ്തത്. ഇംഗ്‌ളീഷ് വിഭാഗം ശ്രീജിത്തും മലയാളം വിഭാഗം ഗിരീഷും സഹായിച്ചു.ഋത്വിക് ഘട്ടക് ദ് ക്ലൗഡ് കാപ്ഡ് സ്റ്റാര്‍ എന്ന ആ മോണോഗ്രാഫ് പുറത്തിറങ്ങിയതിനു പിന്നിലെ വെല്ലുവിളി ഞങ്ങള്‍ക്കു മാത്രമറിയാവുന്നതാണ്.
ഇന്നിപ്പോള്‍ ചലച്ചിത്രമേളകളിലെ ഫെസ്റ്റിവല്‍ ബുക്കുകളിലെ സമൃദ്ധമായ വിവരവ്യാപനം കാണുമ്പോള്‍ ആ കാലം ഓര്‍മ്മവരും. ഇന്റര്‍നെറ്റില്‍ കുത്തിയാലുടന്‍ എന്തു വിവരവും സ്‌ക്രീനില്‍ തെളിയാത്ത കാലത്തെ ബദ്ധപ്പാടുകള്‍. പക്ഷേ അതിലൊരു സുഖമുണ്ടായിരുന്നു. നമ്മുടേത് എന്നവകാശപ്പെടാവുന്ന എന്തോ ഉണ്ടായിരുന്നു.

No comments: