കലാകൗമുദി July 2, 2023
എ.ചന്ദ്രശേഖര്‍
"Feminism isn't about making women stronger. Women are already strong, it's about changing the way the world perceives that strength."
Chimamanda Ngozi Adichie(Nigerian Writer)
കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ വാസന്തി അധ്യായത്തിന്റെ പുതുവായന എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജിയോ ബേബിയുടെ ഏറെ ഘോഷിക്കപ്പെട്ട ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍, സമീപകാല മലയാളസിനിമയിലെ അതിശക്തമായ സ്ത്രീപക്ഷരചനയായിരിക്കുമ്പോള്‍ത്തന്നെ,അതെത്രമാത്രം/എങ്ങനെ സ്ത്രീപക്ഷത്തേക്കുള്ള പുരുഷനോട്ടം ആയിത്തീരുന്നുവെന്നറിയുക, ശ്രുതി ശരണ്യം രചിച്ചു സംവിധാനം ചെയ്ത ബി 32-44 കാണുമ്പോഴാണ്. ആണ് പെണ്ണിന്റെ സ്ഥാനത്തു കയറിനിന്നിട്ട് എഴുതുന്നതും പെണ്ണ് പെണ്‍നോട്ടമെഴുതുന്നതും തമ്മിലെ വ്യത്യാസം മാധവിക്കുട്ടിയുടെയും സാറാ ജോസഫിന്റെയും കെ.ആര്‍.മീരയുടെയും കെ.രേഖയുടെയുമൊക്കെ എഴുത്തുകളില്നാം കണ്ടതാണ്. സിനിമയില്‍ കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ ജീവിതാവിഷ്‌കാരവും മലയാളം അന്നോളം കണ്ടതില്‍ വച്ച് ഏറ്റവും സ്ത്രീപക്ഷവീക്ഷണം വച്ചുപുലര്‍ത്തുന്നതായിരുന്നു. ലോഹിതദാസ്-സിബിമലയില്‍ ദ്വന്ദത്തിന്റെ എഴുതാപ്പുറങ്ങള്‍ ടി ദാമോദരന്‍-ഐ.വി.ശശി സഖ്യത്തിന്റെ ഇന്നല്ലെങ്കില്‍ നാളെ പോലെ ചില ചിത്രങ്ങള്‍ മുഖ്യധാരയിലും സൂസന്ന പോലെ ചില സിനിമകള്‍ നവധാരയിലും പുറത്തിറങ്ങിയെങ്കിലും അവയൊക്കെയും പുരുഷനോട്ടത്തില്‍ നിന്നുകൊണ്ടുള്ള സ്ത്രീപക്ഷ വായനകള്‍ മാത്രമായിരുന്നു. പേരിന് ഷീലയും വിജയനിര്‍മ്മലയുമൊക്കെ സംവിധായകരായപ്പോഴും ശ്രീബാല കെ മേനോന്‍ മുതല്‍ വിധു വിന്‍സെന്റും സ്‌റ്റെഫി സേവ്യറും വരെ സംവിധാനം ചെയ്തപ്പോഴും സ്ത്രീപക്ഷപ്രതിനിധാനം എന്ന അര്‍ത്ഥത്തില്‍ അവരുടെ സിനിമകളുടെ വായന സാധ്യമായിരുന്നില്ല. ഇവിടെയാണ് ശ്രുതി ശരണ്യം ഉള്‍പ്പെടുന്ന യുവതലമുറ സംവിധായികമാരുടെ സിനിമകള്‍ വേറിടുന്നത്. അതിന് നാം നന്ദിയോതേണ്ടത് ഷാജി എന്‍ കരുണിന്റെ ദീര്‍ഘദര്‍ശനത്തോടെ ആസൂത്രണം ചെയ്യപ്പെട്ട സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ ചലച്ചിത്ര നിര്‍മ്മാണ പദ്ധതിക്കാണ്. ബജറ്റ് പരിമിതികളടക്കമുള്ള വെല്ലുവിളികളുണ്ടായിരുന്നെങ്കിലും നിഷിദ്ധോ, ബി 32-44, ഡൈവോഴ്‌സ്, ഇന്ദുലക്ഷ്മിയുടെ നിള തുടങ്ങിയവയൊക്കെ സംഭവിച്ചതിനു കാരണം കെ.എസ്.എഫ്.ഡി.സിയുടെ ഈ പദ്ധതിയാണ്. അവയില്‍ ആശയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിദ്ധ്യവും ആഴവും പുലര്‍ത്തുന്ന സിനിമയാണ് ശ്രുതിയുടെ ബി 32-44.
പുതുതലമുറയില്‍ ആര്‍ രാജശ്രീയുടെ, സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത വായിക്കുമ്പോള്‍ അനുവാചകന് അനുഭവപ്പെടുന്ന ഭാവുകത്വവ്യതിയാനമുണ്ട്, നാളിതുവരെയുള്ള എഴുത്തുകാരികളുടെ രചനകളില്‍ നിന്നൊന്നും കിട്ടാത്തവിധത്തിലുള്ള, തീര്‍ത്തും നൂതനുവും അതേസമയം ലളിതവുമായ സ്ത്രീപക്ഷ നോട്ടപ്പാടാണത്. കെ.ആര്‍ മീരയടക്കമുള്ള എഴുത്തുകാരികള്‍ ആണുങ്ങള്‍ കൈയാളുന്ന വിഷയങ്ങളെത്തന്നെ അതിനേക്കാള്‍ തീവ്രമായോ ഒരുപക്ഷേ അവര്‍ക്കാവുന്നതിനേക്കാള്‍ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണവൈവിദ്ധ്യത്തിലൂടെ സഗൗരവം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍, രാജശ്രീ തനിക്കുമാത്രം സാധ്യമാകുന്നവിധം കേരളീയ സമൂഹത്തിലെ സ്ത്രീജീവിതത്തെ അതീവലളിതമായി എന്നാല്‍ ഏറെ ഗഹനവും ആഴവുമുള്‍ക്കൊണ്ട് ആലങ്കാരികത തൊട്ടുതീണ്ടാതെ ആവിഷ്‌കരിച്ചുകൊണ്ടാണ് പൂര്‍വസൂരികളില്‍ നിന്നു വഴിമാറി നടന്നത്. അതിനു തക്ക നൂതനത്വമാര്‍ന്നൊരു ആഖ്യാനഭാഷയും അവരതിന് കണ്ടെത്തി അവതരിപ്പിച്ചു. മലയാള സിനിമയില്‍ സമാനമായൊരു ആഖ്യാനകവും ആഖ്യാനവും കൊണ്ടാണ് ശ്രുതി ശരണ്യത്തിന്റെ ബി.32-44 വേറിട്ടതാവുന്നത്.ജാതിരാഷ്ട്രീയത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികള്‍ നിര്‍മ്മിച്ച വ്യാജബോധ്യങ്ങളിലൂന്നി ആണ്‍ നോട്ടത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പുഴു(2022) സംവിധാനം ചെയ്ത രതീനയുടെ ചലച്ചിത്ര സമീപനം സാമൂഹിക രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന പുരുഷസംവിധായകര്‍ക്കു നേരേയുള്ള പ്രതിരോധമായിരുന്നെങ്കില്‍, ആണിന് ആലോചിക്കാന്‍ പോലും സാധ്യമല്ലാത്തൊരു വിഷയം ചലച്ചിത്രത്തിന് പ്രമേയമാക്കി എന്നിടത്താണ് ശ്രുതി വ്യത്യസ്തയാവുന്നത്. മലയാള സിനിമയില്‍ ആര്‍ത്തവവും ആര്‍ത്തവവിരാമവുമെല്ലാം നോട്ട്ബുക്ക(2006)്, സ്റ്റാര്‍(2021) തുടങ്ങിയ സിനിമകള്‍ക്കും, ശരീരത്തിന്റെ രാഷ്ട്രീയം (ബോഡി പൊളിറ്റിക്‌സ്) തമാശ (2019)യ്ക്കും വിഷയമായിട്ടുണ്ടെങ്കിലും തീര്‍ത്തും സ്‌ത്രൈണമെന്നു തന്നെ വിലയിരുത്തപ്പെടേണ്ട അവയവരാഷ്ട്രീയം ആദ്യമായി കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കു ശ്രുതിയുടെ ബി 32ന് കാലികത്തിലുപരിയായ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയുണ്ട്.ലിംഗസമത്വത്തെയും ലിംഗനീതിയേയും കുറിച്ചുള്ള ദാര്‍ശനികചര്‍ച്ചകള്‍ക്കല്ല, അവയെപ്പറ്റിയുള്ള നേരിട്ടുള്ള പ്രതിപാദനത്തിനാണ് ശ്രുതിയിലെ സംവിധായിക ധൈര്യം കാണിച്ചിരിക്കുന്നത്.
ഇന്ത്യ പരിപാവനവും പുണ്യവുമൊക്കെയായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള പെണ്ണിന്റെ മാറിടം എന്ന അവയവത്തിന്റെ സാമൂഹിക/രാഷ്ട്രീയമാനങ്ങളാണ് ശ്രുതിയുടെ സിനിമ. രണ്ടു വാക്കുകളുള്‍ക്കൊള്ളുന്ന ഒറ്റവാക്യത്തില്‍ ഒതുക്കാവുന്നതാണ് ഇതിന്റെ പ്രമേയം-മാറിടത്തിന്റെ രാഷ്ട്രീയം! ഒരുപക്ഷേ, ഇത്തരമൊരു വണ്‍ലൈന്‍ തന്നെ ഏതു നിര്‍മ്മാതാവിന് ബോധ്യമായേക്കുമെന്നതില്‍ സന്ദേഹമുണ്ട്. ഇങ്ങനെയൊരു ഇതിവൃത്തം ഒരു സ്ത്രീക്കല്ലാതെ ഒരിക്കലും ഒരു പുരുഷന് ആലോചിക്കാനേ സാധ്യമാകുന്നതല്ല. കാരണം ലൈംഗികാവയവമെന്നതിലുപരി, മതവും സംസ്‌കാരവുമൊക്കെ ചേര്‍ന്ന് മാതൃത്വത്തിന്റെ മഹനീയബിംബമായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള സ്ത്രീയുടെ മാറിടത്തെ അടിസ്ഥാനമാക്കി ഇത്രയേറെ സാമൂഹിക-രാഷ്ട്രീയ-ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ പുരുഷഭൂരിപക്ഷം തിരിച്ചറിയുന്നുണ്ടായിരിക്കില്ല. ആര്‍ത്തവകാല ശാരീരിക/മാനിസിക സമ്മര്‍ദ്ദങ്ങളെയും പ്രസവാനന്തര മനസംഘര്‍ഷങ്ങളെയും കുറിച്ചെല്ലാം അടുത്തകാലത്തു മാത്രം കുറച്ചെങ്കിലും ബോധോദയം സംഭവിച്ചിട്ടുളള സാംസ്‌കാരിക കേരളത്തിലെ പുരുഷന്മാര്‍ ആലോചിച്ചിട്ടുപോലുമില്ലാത്തൊരു വിഷയത്തിലേക്കാണ് ശ്രുതി പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്.ബിംബവല്‍ക്കരിക്കപ്പെട്ട മഹത്തായ മാതൃത്വത്തിന്റെ പ്രതീകമായ അമ്മിഞ്ഞ, പുതുതലമുറയ്ക്കും കേവലം ലൈംഗികവസ്തുമാത്രമായ ബൂബ്‌സ് ആയി നിലനില്‍ക്കെ, സ്ത്രീക്കു നേരെയുള്ള പുരുഷനോട്ടത്തില്‍ കാര്യമായ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ബി 32-44 വ്യക്തമായി കാണിച്ചുതരുന്നു.
പേരില്‍ തന്നെ തുടങ്ങുന്നതാണ് ബി 32-44 ന്റെ വഴിമാറിനടത്തം. പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ മാത്രമുപയോഗിക്കുന്ന, ആദ്യകാല മലയാളസിനിമകളില്‍ ബലാത്സംഗരംഗങ്ങളിലും രതിരംഗങ്ങളിലും പ്രതീകാത്മമായി ഉപയോഗിച്ചിരുന്ന ബ്രെയ്‌സിയര്‍ എന്ന അടിവസ്ത്രത്തിന്റെ അളവായി ഈ പേരിനെ കണക്കാക്കാം. മരുന്നുകടയില്‍ നേരിട്ടു ചെന്ന് ഗര്‍ഭനിരോധന ഉറയോ സാനിറ്ററി പാഡോ തുണിക്കടയില്‍ ചെന്ന് കപ് സൈസ് ഉറക്കെപ്പറഞ്ഞ് ഒരു ബ്രായോ വാങ്ങുന്നതില്‍ അശ്‌ളീലം കാണുന്ന, സ്ത്രീയുടെ അടിവസ്ത്രമലക്കുന്നത് ആണത്തക്കുറവായിമാത്രം കണക്കാക്കുന്ന പുരുഷജന്മങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഏല്‍ക്കുന്ന തലയ്ക്കടി തന്നെയാണ് ഈ ചെറിയ വലിയ സിനിമ.അതവരിലേല്‍പ്പിക്കുന്ന സാംസ്‌കാരികാഘാതമാണ് മാനസികാഘാതത്തെക്കാള്‍ വലുത്. എന്നാല്‍, ബഹുതലസ്പര്‍ശിയായ കഥാഗാത്രത്തിനും, ബഹുതലമാനങ്ങളുള്ള നോണ്‍-ലീനിയര്‍ ആഖ്യാനഘടനയ്ക്കും യോജിച്ചവിധം, ഒന്നിലേറെ മാനങ്ങളുള്‍ക്കൊള്ളുന്നുണ്ട് ബി. 32-44 എന്ന പേര്. ബ്രസ്റ്റ് (മുല) ബോഡി(ശരീരം), ബ്യൂട്ടി(സൗന്ദര്യം), ബിഹോള്‍ഡ് (നോട്ടം), ബീയിങ്(ആയിരിക്കുക) എന്നിങ്ങനെ രാഷ്ട്രീയസാമൂഹിക തലങ്ങളില്‍ ആഴമുള്ള അര്‍ത്ഥങ്ങള്‍ കല്‍പിച്ചുകൊണ്ടാണ് ശ്രുതി തന്റെ കന്നി കഥാസിനിമയ്ക്ക് പേരിട്ടിട്ടുള്ളത്.
ആധുനികോത്തര സിനിമയുടെ നവഭാവുകത്വലാളിത്യം പിന്‍പറ്റുമ്പോഴും ഉള്‍ക്കാഴ്ച നിലനിര്‍ത്തിക്കൊണ്ട് സകുടുംബം സിനിമകാണാനെത്തുന്നവര്‍ക്ക് അതിനു സാധ്യമാകുംവിധം നോണ്‍ ലീനിയറായൊരു ഘടനാശൈലിയിലാണ് സിനിമയുടെ ആഖ്യാനം നെയ്‌തെടുത്തിട്ടുള്ളത്.ഒരുപക്ഷേ, ആദാമിന്റെ വാരിയെല്ലിനോട് ചേര്‍ത്തുവയ്ക്കാവുന്നതും വായിക്കാവുന്നതുമായ ആഖ്യാനശില്‍പം. വിവിധ സാമൂഹിക സാമ്പത്തിക ശ്രേണികളില്‍പ്പെട്ട, പരസ്പരം ബന്ധപ്പെടുന്നവരും അല്ലാത്തവരുമായ ആറു പെണ്ണുങ്ങളുടെ ജീവിതത്തില്‍ മാറിടം ഉണ്ടാക്കുന്ന ആഘാതപ്രത്യാഘാതങ്ങളും അനുരണനങ്ങളുമാണ് ബി 32-44. ആഖ്യാനത്തില്‍ പരോക്ഷമായി വന്നുപോകുന്ന, സജിത മഠത്തിലും നീന ചെറിയാനും രമ്യ സുവിയും അവതരിപ്പിക്കുന്ന മറ്റനേകം സ്ത്രീജീവിതങ്ങളുമുണ്ട്. ഇവര്‍ അവതരിപ്പിക്കുന്ന മൂന്ന് അമ്മമാരും കേരളത്തിലെ അമ്മമാരുടെ ഗതികേടുകളും അവര്‍ നേരിടുന്ന സാമൂഹിക/സാമ്പത്തിക സമ്മര്‍ദ്ദങ്ങളും സ്ത്രീ എന്ന നിലയ്ക്ക് നേരിടുന്ന അവഗണയും പ്രതിഫലിപ്പിക്കുന്നവരാണ്. അങ്ങനെ, മുഖ്യപ്രമേയമായ മാറിടത്തില്‍ നിന്നു മാറി, സ്ത്രീജീവിതങ്ങളുടെ വിഭിന്ന മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസക്തി നേടുന്നുണ്ടീ സിനിമ. സ്ത്രീപക്ഷത്തു നില്‍ക്കുമ്പോള്‍ത്തന്നെ ഫെമിനിസ്റ്റ് പക്ഷപാതത്തില്‍ കാണാതെപോകാതിരുന്നുകൂടാത്ത പെണ്‍ബദലുകളെക്കൂടി അവതരിപ്പിച്ചുകൊണ്ട് പ്രതിബദ്ധമായ കലാസൃഷ്ടിയെന്ന നിലയ്ക്ക് സാമൂഹികവ്യാപ്തി നേടുന്നുണ്ട് ബി 32-44.
കേരളം മറന്നിട്ടില്ലാത്തൊരു യഥാര്‍ത്ഥ സംഭവത്തിലാണ് ബി 32-44 തുടങ്ങുന്നത്. വഴിയില്‍ കണ്ടൊരു യുവതിയോട്, ഞാനൊന്നു മുലയ്ക്ക് പിടിച്ചോട്ടെ എന്നൊരു സ്‌കൂള്‍ക്കുട്ടി ചോദിച്ച പത്രവാര്‍ത്തയുടെ ഭാവനാത്മകാവിഷ്‌കാരമെന്ന നിലയ്ക്കാണത്. നാട്ടിന്‍പുറത്തുകൂടി ബൈക്കില്‍ വരുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറും ട്രാന്‍സ് മാനുമായ സിയ (അനാര്‍ക്കലി മരയ്ക്കാര്‍)നോട് ഒരു ലിഫ്റ്റ് ചോദിക്കുന്ന പ്‌ളസ് ടൂ വിദ്യാര്‍ത്ഥി അശ്‌ളീല ചുവയോടെ ഇതേ ചോദ്യം ചോദിക്കുന്നിടത്താണ് സിനിമയുടെ സിയ 36 ഡിഡി എന്ന ആദ്യ കാണ്ഡം ആരംഭിക്കുന്നത്.
കേന്ദ്രകഥാപാത്രങ്ങളായ ഈ ആറു പെണ്ണുങ്ങളും ജീവിതത്തിന്റെ നിര്‍ണായക ദശാസന്ധികളില്‍ സ്വയവും പരസ്പരവും തിരിച്ചറിയകയും കണ്ടെത്തുകയും ആശ്രയിക്കുകയും, സമൂഹത്തിന്റെയും കുടുംബത്തിന്റെയും വരെ അങ്കുശഹസ്തങ്ങളില്‍ നിന്ന് സ്വയം വിടുതല്‍ നേടി സ്വതന്ത്രരാവുകയും ചെയ്യുന്നിടത്താണ് ബി 32-44 അവസാനക്കേണ്ടിയിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലും ഞെട്ടിപ്പിക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്, ഹോട്ടലിലെ ജോലി വിട്ട് കൗണ്‍സലിങ് കരിയറായി സ്വീകരിക്കുന്ന 32 എഎ എന്ന ഉപസര്‍ഗത്തിലെ ഇമാന്‍ (സറിന്‍ ഷിഹാബ്) സ്‌കൂള്‍ കുട്ടികള്‍ക്ക് ജെന്‍ഡര്‍ ഇക്വാളിറ്റിയെപ്പറ്റി ക്‌ളാസെടുക്കവേ എന്തോ പറഞ്ഞു ചിരിക്കുന്നവരില്‍ ഒരാണ്‍കുട്ടിയോട് എന്താണ് ലിംഗവ്യത്യാസ്യം എന്നു ചോദിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ അവന്‍ പറയുന്നു- വിത്ത് ബൂബ്‌സ് ആന്‍ഡ് വിത്തൗട്ട് ബൂബ്‌സ്! പെണ്ണിനെ ലൈംഗികാവയവം കൊണ്ടു മാത്രം അടയാളപ്പെടുത്തുന്ന ആണധികാരത്തിന്റെ ബൗദ്ധികാശ്‌ളീലം ഇത്രമേല്‍ യാഥാര്‍ത്ഥ്യബോധത്തോടെ, അതിലേറെ നാണിപ്പിക്കുംവിധം മറ്റൊരു മലയാള സിനിമ അവതരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എത്രയൊക്കെ സമത്വം പ്രചരിപ്പിച്ചാലും പ്രസംഗിച്ചാലും സമൂഹമനസില്‍ നിന്ന് ചില ചിന്തകള്‍ പറിച്ചുമാറ്റപ്പെടാതെ സ്ത്രീ ആണ്‍നോട്ടത്തിന്റെ ധ്വംസനങ്ങളില്‍ നിന്നു പോലും വിമുക്തയാവില്ലെന്ന സത്യത്തിലേക്കാണ് ശ്രുതി തന്റെ ക്യാമറക്കാചങ്ങള്‍ തുറന്നുവയ്ക്കുന്നത്. അതുളവാക്കുന്ന ഞെട്ടലും പുരുഷനെന്ന നിലയിലതുണ്ടാക്കുന്ന ആത്മനിന്ദയും തന്നെയാണ് സിനിമയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ അനുമോദനം എന്നു ഞാന്‍ കരുതുന്നു.
അതിലോലമായൊരു നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണ് ബി.32-44ന്റെ തിരക്കഥ. അല്‍പമൊന്നു തെറ്റിയാല്‍ വഴുതിപ്പോയേക്കാവുന്ന അത്യധികം ആപത്തുനിറഞ്ഞ കനല്‍വഴി. രണ്ടാംകിട മസാലയിലേക്കോ, പ്രചരണാത്മക മുദ്രാവാക്യത്തിലേക്കോ നിപതിക്കാതെ, സിനിമയെന്ന നിലയ്ക്ക് ആന്തരികവും ബാഹ്യവുമായ ലാവണ്യാനുഭൂതിയും സൗന്ദര്യാത്മകതയും ഒരുപോലെ നിലനിര്‍ത്തി ദുര്‍ഗ്രഹതയുടെ ലാഞ്ഛന പോലുമില്ലാതെയാണ് സിനിമയുടെ ഓരോ ഖണ്ഡവും വിഭാവന ചെയ്തിട്ടുള്ളത്.ആണ്‍കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും സ്ത്രീപക്ഷമെന്നത് പക്ഷപാതിത്വമാകാതിരിക്കാന്‍ തിരക്കഥാകാരിയും സംവിധായികയും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മാലിനി 38 എഎ എന്ന കാണ്ഡത്തിലെ രമ്യാ നമ്പീശന്‍ അവതരിപ്പിക്കുന്ന മാലിനിയുടെ ഭര്‍ത്താവായി എത്തുന്ന ഹരീഷ് ഉത്തമന്റെ വിവേക് മുഖ്യധാരയുടെ കമ്പോളവഴക്കത്തില്‍ പ്രതിനായകനോ വില്ലനോ ആവേണ്ടതാണ്. ജയ 36 ബി എന്ന ഉപസര്‍ഗത്തില്‍ അപകടത്തില്‍, നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായതിന്റെ സങ്കടത്തിലും, തന്റെ കടം തീര്‍ക്കാന്‍ താന്‍ കൂടി സമ്മതിച്ചിട്ട് വീട്ടുജോലിക്കാരിയായ ഭാര്യ ജയ ലിങ്കറിയുടെ മോഡലാവുമ്പോള്‍, വളര്‍ന്നുവരുന്ന മകനോട് അമ്മയെപ്പറ്റി താനെന്തു പറയും എന്നു പരിതപിക്കുന്ന ജിബിന്‍ ഗോപിനാഥിന്റെ ജോസഫ് എന്ന ഭര്‍തൃകഥാപാത്രവും, ചിത്രത്തില്‍ അവതരിപ്പിക്കുന്നതിലുമപ്പുറം വില്ലനായിത്തീരേണ്ട ടൈപ് കാസ്റ്റിങ് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവരെ അവരുള്‍പ്പെടുന്ന ധാര്‍മ്മിക പ്രതിസന്ധികളില്‍ തെറ്റും ശരിയും കണ്ടെത്താനാവാതെ ഉഴറുന്ന നിസ്സാഹയരായി മാത്രമാണ് ചിത്രീകരിച്ചിട്ടുള്ളത്. അതേ സമയം, പ്‌ളസ് ടുവിന് പഠിക്കുമ്പോള്‍ ഗര്‍ഭിണിയായ നിധിയുടെ (റെയ്‌ന രാധാകൃഷ്ണന്‍) കുട്ടിയെ സ്വന്തം കുട്ടിയായി ചിത്രീകരിച്ച് ദത്തുനല്‍കാന്‍ ശ്രമിക്കുന്ന നിധി 36ഡി സര്‍ഗത്തിലെ സമ്പന്ന പിതാവായ സുരേഷ് (രജിത് കെഎം), റെയ്ച്ചല്‍ 34 ഡിഡിയിലെ സംവിധായകനാല്‍ അതിക്രമിക്കപ്പെടുന്ന യുവനടി.റെയ്ച്ചലി (കൃഷ കുറുപ്പ്)നൊപ്പം നില്‍ക്കുന്ന പിതാവ് ജോര്‍ജ്ജ് (പീശപ്പള്ളി രാജീവന്‍), അര്‍ബുദബാധിതയായ.മാലിനി(രമ്യ നമ്പീശന്‍)യുടെയും ഭര്‍ത്താവിന്റെയും സഹപാഠികളും കൂട്ടുകാരുമായ യുവാക്കള്‍, പ്രത്യേകിച്ച് അവളെ തിരിച്ചറിയുന്ന സുഹൃത്തായ ഡോ.റിയാസ് (അനന്ത് ജിജോ)തുടങ്ങിയവരെല്ലാം കേരളത്തിലെ ശരാശരി ആണ്‍ജീവിതങ്ങളുടെ ശരിപ്പകര്‍പ്പുകളാണ്. അവര്‍ക്കൊപ്പം തന്നെ ആണ്‍കൂട്ടത്തിനു തന്നെ നാണക്കേടായ ഞരമ്പുരോഗിയായ സംവിധായകന്‍ കരുണ്‍ പ്രസാദിനെയും (സജിന്‍ ചെറുകയില്‍) ഛായാഗ്രാഹകകാമുകനെയും (സിദ്ധാര്‍ത്ഥ വര്‍മ്മ) പെണ്ണിനെ മുലകൊണ്ടു മാത്രം നോക്കിക്കാണുന്ന സ്‌കൂള്‍ കുട്ടികളെയും നെഗറ്റീവ് സ്പര്‍ശത്തോടെ യഥാതഥമായി അവതരിപ്പിക്കുന്നു.
ജന്മം കൊണ്ട് പെണ്ണാണെങ്കിലും മനസുകൊണ്ട് പുരുഷനായിപ്പോയ സിയയ്ക്ക് മാറിടം ഒരു ബാധ്യതയാണ്. അതിന് ബെല്‍റ്റിട്ട് കാഴചയിലും ആണിനെപ്പോലാവാനാണ് സിയയ്ക്കിഷ്ടം.നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനിസ്റ്റായ ഇമാന്‍ ആണ് സിയയുടെ ഫ്‌ളാറ്റ് മേറ്റ്. വേണ്ടത്ര മാറിടവലിപ്പമില്ലാത്തതില്‍ ഖിന്നയാണവള്‍. തന്റെ തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിനു പോലും സ്തനവലിപ്പമടക്കമുള്ള ബാഹ്യസൗന്ദര്യത്തിന് വലിയ സ്ഥാനമുള്ളപ്പോള്‍ ശുഷ്‌കസ്തനത്തെ ശാപമായി കരുതുന്ന അവള്‍ അതിനു വലിപ്പം കൂട്ടാന്‍ മരുന്നും പാഡും വരെ പരീക്ഷിക്കുന്നുണ്ട്. മാറ് ബാധ്യതയായ സിയയുടെ സീക്വന്‍സില്‍ നിന്ന് വൈരുദ്ധ്യമെന്നോണം സിനിമ കട്ട് ചെയ്യുന്നത്, അകാലത്തില്‍ ബാധിച്ച അര്‍ബുദത്തെത്തുടര്‍ന്ന് സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിക്കഴിഞ്ഞ് കീമോ തെറാപ്പിക്കു വിധേയമാവുന്ന. മാലിനിയുടെ ഖണ്ഡത്തിലേക്കാണ്. അവളുടെ പ്രശ്‌നങ്ങള്‍ സ്തനങ്ങളില്ലാതായതിലാണ്. അവളുമായി ഏറെ സ്വരച്ചേര്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് വിവേകിനെ തീര്‍ത്തും അപരിചതനായൊരാളെ പോലെയാണ് അവിടുന്നങ്ങോട്ടവള്‍ക്ക് അനുഭവപ്പെടുന്നത്. കിടപ്പറയില്‍ അയാള്‍ക്കു നേരേ അവള്‍ കാട്ടുന്ന താല്‍പര്യത്തോടു പോലും അയാള്‍ മുഖം തിരിക്കുകയാണ്. തന്നില്‍ നിന്ന് ഏറെ അകന്നു പോകുന്ന അയാളോട് അതിന്റെ കാരണമന്വേഷിക്കുമ്പോള്‍, ആ അവസ്ഥയില്‍ അവളെ തൊട്ടാല്‍ അതവളുടെ ആരോഗ്യത്തിനു തന്നെ കുഴപ്പമായെങ്കിലോ എന്ന ആശങ്കയടക്കമുള്ള പ്രശ്‌നങ്ങളാണ് അയാള്‍ തുറന്നു പറയുന്നത്. അതിനപ്പുറം സ്തനങ്ങളില്ലാത്തൊരു സ്ത്രീയെ ഭാര്യയായി സങ്കല്‍പ്പിക്കുന്നതിലുള്ള പുരുഷസഹജമായ വൈമുഖ്യമാണോ അയാളുടെ മാനസികഭാവം എന്നത് അയാള്‍ക്കെന്നോണം പ്രേക്ഷകര്‍ക്കും വ്യക്തമാകാതെ അവശേഷിപ്പിക്കുകായാണ് സ്രഷ്ടാവ്.
മോഹന്റെ രണ്ടു പെണ്‍കുട്ടികള്‍(1978), പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല (1986) തുടങ്ങിയ സിനിമകളില്‍ സ്വവര്‍ഗരതി സധൈര്യം അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിലവിലെ സാമൂഹികസദാചാരമൂല്യവ്യസ്ഥിതികളുടെ അളവുകോലുകള്‍ കൊണ്ട് നോക്കിക്കാണാനാണ് ശ്രമിച്ചിരുന്നത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ട് (2002) ഭിന്നലൈംഗികതയെ അവതരിപ്പിച്ചതും. രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി (2018) യിലെത്തുമ്പോള്‍ ഭിന്നലൈംഗികതെയച്ചൊല്ലി സാമുഹികവും രാഷ്ട്രീയവുമായി കേരളം കൈവരിച്ച പക്വതയും പാകതയും ഒരളവുവരെ പ്രതിനിധാനം ചെയ്യപ്പെട്ടുവെങ്കിലും അതൊക്കെയും പുരുഷന്റെ കാഴ്ചപ്പാടിലൂടെയുള്ള ആഖ്യാനങ്ങളായിരുന്നു.ഈ ആണ്‍നോട്ടങ്ങളെയാണ് ബി 32-44 പിഴുതെറിയുന്നത്.ഹോട്ടലിലെ ജോലി നഷ്ടപ്പെട്ട് (സത്യം പറഞ്ഞതിനു വേണ്ടി സ്വയം രാജിവച്ച്) എത്തുന്ന ഇമാനും സിയയും തമ്മിലുടലെടുക്കുന്ന അനുരാഗം ശരിക്കും മനസുകൊണ്ട് ആണു തന്നെയായ സിയയും തനി പെണ്ണായ ഇമാനും തമ്മിലുടലെടുക്കുന്നതാണ്. ദീര്‍ഘകാലമായി പരസ്പരം ഒളിപ്പിച്ചുവച്ച സ്വാഭാവികചോദനകളുടെ ബഹിസ്ഫുരണം മാത്രമാണത്. മാറിയ സാമൂഹികവ്യവസ്ഥയില്‍ ആ ബന്ധത്തില്‍ അസ്വാഭാവികതയില്ല.
സിനിമ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തിന്റെ താക്കോല്‍ സന്ദര്‍ഭങ്ങളായ രണ്ടു രംഗങ്ങളെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. ഹോട്ടല്‍മുറിയില്‍ ക്ഷണിച്ചുവരുത്തി ശാരീരികമായി തന്നെ ബോധപൂര്‍വം ചൂഷണം ചെയ്യാന്‍ ശ്രമിച്ച സംവിധായകന്റെ കരണക്കുറ്റിക്കു നോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ട് മടങ്ങിവരുന്ന റെയ്ച്ചലിനെ അവളത്രയ്ക്ക് വിശ്വസിക്കുന്ന കാമുകനായ ഛായാഗ്രാഹകന്‍ ശരണ്‍ തന്നെയാണ് ഒറ്റിയതെന്നു തിരിച്ചറിയുമ്പോള്‍ ശരണ്‍ ജോലി ചെയ്യുന്ന സെറ്റിലെത്തി നാട്ടുകാരുടെ മുന്നില്‍ വച്ച് ചെപ്പക്കുറ്റിക്കടിച്ചിട്ടു പോരുന്നതാണ് ഒരു രംഗം. സ്‌ക്രീന്‍ ടെസ്റ്റിന്, പുതുതലമുറ ഭാഷയില്‍ ഓഡിഷന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരണനിനോട് അവളെ നോക്കിക്കോളണേ മോനെ എന്നു പറയുന്ന അമ്മയോട്, എന്നെ നോക്കാന്‍ എനിക്കറിയാം എന്നുറപ്പിച്ചു പറയുന്ന റെയ്ച്ചല്‍ തന്റെ ആത്മവിശ്വാസം ആര്‍ക്കുമുന്നിലും പണയപ്പെടുത്താന്‍ തയാറാവുന്നില്ല. അതാണവളെ പുതുതലമുറ പെണ്ണാക്കി മാറ്റുന്നത്. കഴിവിലാണ് അവളുടെ വിശ്വാസം. അവസരത്തിനു വേണ്ടി വഴങ്ങുന്നതിലല്ല.
രാജി വച്ച് ലിങ്കറി ഷോപ്പില്‍ അലക്ഷ്യമായി കറങ്ങിനടക്കുമ്പോള്‍, വിവിധതരം ബ്രാന്‍ഡുകളുടെ മേന്മകള്‍ വിശദീകരിക്കുന്ന സെയ്ല്‍സ് ഗേളിനോട് നിലവിലില്ലാത്തൊരു കപ് സൈസ് ആവശ്യപ്പെടുന്ന ഇമാനോട് അങ്ങനെയൊരു സൈസ് നിലവിലുണ്ടോ എന്ന് വില്‍പ്പനക്കാരി അദ്ഭുതം കൂറുന്നതാണ് രണ്ടാമത്തെ രംഗം. അപ്പോള്‍ ഇമാന്റെ ചുണ്ടിലുദിക്കുന്നൊരു ചിരിയുണ്ടല്ലോ, അതാണ് ഈ സിനിമയുടെ പ്രമേയത്തിലേക്കുള്ള ചാവി! മാറുമറയ്ക്കാനവകാശമില്ലാത്തവരുടെ മാറിട വലിപ്പം നോക്കി മുലക്കരം നിര്‍ണയിച്ചിരുന്ന കേരളത്തില്‍, അമ്മിഞ്ഞപ്പാലിന്റെ മധുരമാഹാത്മ്യം പാഠപുസ്തകക്കവിതകളില്‍ മാത്രം നിലനില്‍ക്കുന്ന കേരളത്തില്‍ മാറിടം പ്രമേയമാക്കിയ ഈ സിനിമ സാംസ്‌കാരികാഘാതമുണ്ടാക്കുന്നതിന് ഇപ്പറഞ്ഞ രംഗങ്ങള്‍ക്കപ്പുറം ഉദാഹരണം തേടേണ്ട ആവശ്യമില്ല.
ആറു സ്ത്രീകളുടെ കഥ സമാന്തരമായി പറഞ്ഞുപോകുന്നതിനോടൊപ്പം അവരില്‍ പലരെയും പര്‌സപരം ബന്ധിപ്പിക്കുന്നതിലും ബി 32-44 വളരെ വ്യത്യസ്തമാകുന്നുണ്ട്.തീര്‍ത്തും സ്വാഭാവികമെന്നനുഭവപ്പെടുന്ന യുക്തിയുടെ അതിലോലമാര്‍ന്ന പട്ടുനൂലിഴകളില്‍ കോര്‍ത്ത മണിമുത്തുകള്‍ പോലെയാണ് ആറു ഖണ്ഡങ്ങളും പരസ്പരമിണക്കിയിരിക്കുന്നത്.മാലിനിയും ജയയും നിധിയും സിയയും റെയ്ച്ചലും ഇമാനും തമ്മില്‍ ബന്ധപ്പെടുന്നത് മനഃപൂര്‍മല്ല. ജീവിതത്തിന്റെ നിര്‍ണായകസന്ധികളില്‍ വിധിനിയോഗമെന്നോണമാണ് അവര്‍ മറ്റൊരാള്‍ക്ക് താങ്ങാവുന്നത്.നോണ്‍ ലീനിയര്‍ നറേറ്റീവില്‍ ഏറെ യുക്തികേന്ദ്രീകൃതമായ ജൈവവികാസമാണ് സിനിമയുടെ രൂപഘടനയുടെ കാതലും കാമ്പും.
അടരുകളേറെയുള്ള നോവലിനേക്കാള്‍ ആഴമുള്ളൊരു ചെറുകഥയുടെ സ്‌നിഗ്ധതയാണ് ബി 32-44 വരെ എന്ന സിനിമ പ്രേക്ഷകനില്‍ ഉളവാക്കുന്നത്.അതിനനുയോജ്യമായ ദൃശ്യപരിചരണമാണ് ചിത്രത്തിന്റേത്. അലറലും അട്ടഹാസങ്ങളുമില്ലാതെ സൗമ്യവും ദീപ്തവും അതിലേറെ പക്വവുമായ കാഴ്ചയുടെ മിതത്വം. അതാണ് ശ്രുതിയുടെ ചലച്ചിത്രസമീപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. പറയാനുള്ളതു ശക്തമായി പറയുമ്പോള്‍ത്തന്നെ ആവശ്യമില്ലാത്തൊരു ഷോട്ടോ സീക്വന്‍സോ സിനിമയിലുപേക്ഷിക്കാതെ ധ്വന്യാത്മകവും ധ്യാനാത്മകവുമായി ഇതിവൃത്ത നിര്‍വഹണം സാധ്യമാക്കുന്നു എന്നിടത്താണ് ശ്രുതിയിലെ തിരക്കഥാകൃത്തും സംവിധായികയും പ്രസക്തമാകുന്നത്.
No comments:
Post a Comment