kalakaumudi
സപ്തതി ആഘോഷിക്കുന്ന വിജയകൃഷ്ണന്‍ എന്ന ചലച്ചിത്ര നിരൂപകന്റെ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍
എ.ചന്ദ്രശേഖര്‍
ചരിത്രത്തെ ചവിട്ടുകൊട്ടയിലിട്ട മലയാള സിനിമയുടെ ചരിത്രം വീണ്ടെടുത്തു തന്ന ചലച്ചിത്ര ചരിത്രകാരനാണ് വിജയകൃഷ്ണന്‍. ഇന്റര്‍നെറ്റും ടെലിവിഷനും ഇല്ലാത്ത കാലത്ത് വിദേശസിനിമകളെപ്പറ്റിയും രാജ്യത്തെ തന്നെ ഇതരഭാഷകളിലുണ്ടാവുന്ന സിനിമകളെപ്പറ്റിയുമൊക്കെ സാധാരണക്കാര്‍ക്കും ചലച്ചിത്രപ്രേമികള്‍ക്കും അമ്പതു വര്‍ഷത്തിലേറെയായി നിരന്തരം ചൊല്ലിത്തന്നും എഴുതിയും മലയാളത്തില്‍ ചലച്ചിത്ര നിരൂപണത്തിനും ചലച്ചിത്രചരിത്രമെഴുത്തിനും പുതിയ മാനങ്ങളേകിയ ആ പ്രതിഭയ്ക്ക് എഴുപതു വയസിന്റെ തിളക്കം. യാത്രാ സൗകര്യങ്ങള്‍ തുലോം കുറവായിരുന്ന എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഫിലിം സൊസൈറ്റികളിലും കലാലയങ്ങളിലും ഏറെ ക്‌ളേശങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന് ലോകസിനിമയുടെ വിസ്മയ ജാലകം അവര്‍ക്കു മുന്നില്‍ തുറന്നിടുകയും, അവരതുവരെ ശീലിച്ചതിനുപ്പുറത്തും സിനിമകളുണ്ടെന്നും അവയുടെ ഭൗതികതയും അസ്തിത്വവും വേറെയാണെന്നും ബോദ്ധ്യപ്പെടുത്തി കൊടുത്ത ഉത്സാഹി.സിനിമാഭാഷയുടെ തനതു ലാവണ്യം പ്രേക്ഷകര്‍ക്ക് വ്യാപകമായി പരിചയപ്പെടുത്തിക്കൊടുത്ത വാഗ്മി, ഇതെല്ലാമായിട്ടാണ് വിജയകൃഷ്ണന്‍ എന്ന നാമധേയം പത്രമാസികാത്താളുകളിലും പിന്നീട് പുസ്തത്താളുകളിലും ഇടം നേടിയതെങ്കിലും വളരെ മികച്ചൊരു കഥാകൃത്തും നോവലിസ്റ്റുമായ അദ്ദേഹത്തിന്റെ സര്‍ഗാത്മക എഴുത്തുജീവിതം അതര്‍ഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ നേടിയില്ല എന്നതാണ് വാസ്തവം. എന്നാല്‍, ചലച്ചിത്ര നിരൂപണം എന്നതു തന്നെ ഒരു സര്‍ഗാത്മകപ്രക്രിയയാണെന്ന്, സിനിമയില്‍ കാണുന്നതു മാത്രമല്ല, പ്രേക്ഷകന്‍ കാണുന്നതെന്നും കാഴ്ചയിലാണ് സിനിമ പൂര്‍ണമാവുന്നതെന്നും സ്വന്തം എഴുത്തിലൂടെ തെളിയിച്ചു കാട്ടിത്തന്നെ വിജയകൃഷ്ണന്‍, ചലച്ചിത്രകാരനെന്ന നിലയ്ക്കും മിനിസ്‌ക്രീന്‍ സംവിധായകനെന്ന നിലയ്ക്കും തന്റെ പേര് മലയാള ദൃശ്യമാധ്യമചരിത്രത്തില്‍ വിളക്കിച്ചേര്‍ത്ത പ്രതിഭതന്നെയാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ചലച്ചിത്രനിരൂപകജീവിതത്തെ അടയാളപ്പെടുത്താതെ മലയാളത്തിലെ ചലച്ചിത്രസാഹിത്യചരിത്രം പൂര്‍ണമാവില്ലെന്നതും വാസ്തവം മാത്രം.
ഇനിയും മറികടന്നിട്ടില്ലാത്ത ചില റെക്കോര്‍ഡുകളുടെ ഉടമയാണ് വിജയകൃഷ്ണന്‍ എന്ന ചലച്ചിത്ര നിരൂപകന്‍. മാസികത്താളുകളില്‍ സിനിമയെപ്പറ്റി നിരന്തരം എഴുതിയിരുന്ന വിജയകൃഷ്ണന്റെ പേര് കേരളം സഗൗരവം കേള്‍ക്കുന്നത് 1982ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി കേരളത്തില്‍ നിന്നൊരാള്‍ ആദ്യമായി നേടുന്നതോടെയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിജയകൃഷ്ണന്റെ ചലച്ചിത്ര സമീക്ഷ എന്ന ആ ഗ്രന്ഥത്തിനായിരുന്നു ബഹുമതി. കേരളത്തില്‍ ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച് അതേര്‍പ്പെടുത്തിയ ആദ്യവര്‍ഷം, 1984ല്‍ അത് ആദ്യം നേടിയ എഴുത്തുകാരനാണ് വിജയകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചലച്ചിത്രത്തിന്റെ പൊരുള്‍ എന്ന പുസ്തകത്തിനായിരുന്നു അത്. തുടര്‍ന്ന് 1985 ല്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ മാറുന്നപ്രതിച്ഛായകള്‍, 1986ല്‍ സൂര്യ ഫിലിം സൊസൈറ്റി പ്രസിദ്ധീകരിച്ച കറുപ്പും വെളുപ്പും വര്‍ണങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഈ അവാര്‍ഡ് നേടിയ ഒരേയൊരു നിരൂപകനാണ് വിജയകൃഷ്ണന്‍. അതു മാത്രമല്ല, ചലച്ചിത്ര ഗ്രന്ഥത്തിന് ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന അവാര്‍ഡ് നേടിയ റെക്കോര്‍ഡും വിജയകൃഷ്ണന് സ്വന്തം.കോഴിക്കോട്ടെ ബോധി പബ്‌ളീഷിങ് ഹൗസ് പുറത്തിറക്കിയ കാലത്തില്‍ കൊത്തിയ ശില്‍പങ്ങള്‍ക്ക് 1991 ലും ക്‌ളാസിക്കുകള്‍ കോമാളനാടകങ്ങളാകുന്നതിന് 2005ല്‍ മികച്ച ചലച്ചിത്ര ലേഖനത്തിനും ചിന്ത പബ്‌ളീഷേഴ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യന് സിനിമയുടെ 100 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കഥയ്ക്ക് 2013ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മലയാളത്തില്‍ ഏറ്റവുമധികം ചലച്ചിത്രഗ്രന്ഥങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്ത നിരൂപകനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല.
മലയാള ചലച്ചിത്ര ചരിത്രത്തിന് വിജയകൃഷ്ണന്റെ സുപ്രധാന സംഭാവന എന്നത് തീര്‍ച്ചയായും അന്തരിച്ച പി. ഗോവിന്ദപ്പിള്ള ചെയര്‍മാനായിരിക്കെ 1987ല്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പുറത്തിറക്കിയ മലയാള സിനിമയുടെ കഥ എന്ന സമഗ്രഗ്രന്ഥമാണ്. മലയാളത്തിലെ ആദ്യ സിനിമ നിര്‍മിക്കപ്പെട്ട വര്‍ഷവും അതിലഭിനയിച്ച നായികയുടെ ചരിത്രവും പോലും ഇന്നും തര്‍ക്കത്തിലും ദൂരൂഹതയിലും നില്‍ക്കെയാണ് വിജയകൃഷ്ണന്‍ ഏറെ പണിപ്പെട്ട് ആഴത്തില്‍ ഗവേഷണം നടത്തി അത്രമേല്‍ ആധികാരികമായി ഒരു ചരിത്രഗ്രന്ഥം മലയാള സിനിമയ്ക്ക് ഉണ്ടാക്കിത്തരുന്നത്. കേവലമൊരു ചരിത്രഗ്രന്ഥമായി മാറാമായിരുന്ന മലയാള സിനിമയുടെ കഥയെ മാറിയ സിനിമയുടെ ലാവണ്യ സൗന്ദര്യശാസ്ത്ര വീക്ഷണത്തില്‍ക്കൂടി വിവരിക്കുക വഴി ആധികാരികമായ റഫറന്‍സ് ഗ്രന്ഥമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ പില്‍ക്കാലത്ത് ഗവേഷണം നടത്തിയ എല്ലാപേര്‍ക്കുമുളള അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമായി മലയാള സിനിമയുടെ കഥ. എന്നു മാത്രമല്ല, അതില്‍ വിജയകൃഷ്ണന്‍ ഉള്‍പ്പെടുത്തിയ ചില സാങ്കല്‍പിക നറേറ്റീവുകള്‍ പില്‍ക്കാലത്ത് ഗൗരവമുള്ള പഠനഗ്രന്ഥങ്ങളില്‍ സത്യമെന്ന മട്ടില്‍ ഉദ്ധരിക്കപ്പെട്ടിട്ടു പോലുമുണ്ട്.
ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല സിനിമയുടെ ഗുണത്തിന്റെ കാര്യത്തിലും തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് വിജയകൃഷ്ണന്‍ എന്ന ചലച്ചിത്രനിരൂപകനെ ഇതര നിരൂപകരില്‍ നിന്ന് വിഭിന്നനാക്കിയത്. ചലച്ചിത്ര വിമര്‍ശനത്തില്‍ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു വിജയകൃഷ്ണന്‍. യാതൊരു തരത്തിലും പക്ഷപാതിത്വത്തിനോ നീക്കുപോക്കിനോ അദ്ദേഹം തയാറായില്ല. ഏത്ര ലബ്ധപ്രതിഷ്ഠനായ ചലച്ചിത്രകാരനാണെങ്കിലും ശരി, മുഖം നോക്കാതെ കൃതികളുടെ മെറിറ്റിന്‍മേല്‍ മാത്രം അദ്ദേഹം വിലയിരുത്തി. ഒട്ടും മയമില്ലാത്ത ഭാഷയില്‍ വ്യാജനാണയങ്ങളെ തൊലിയുരിച്ചു കാണിച്ചു. പ്രതീക്ഷയുള്ളവരെ പ്രോത്സാഹിപ്പിച്ചു. വ്യക്തിബന്ധങ്ങള്‍ പോലും അതിനു വിലങ്ങുതടിയാവാന്‍ സമ്മതിക്കാതെ നിഷ്‌കര്‍ഷമായ നിലപാട് സ്വീകരിച്ചു. അതദ്ദേഹത്തിന് ആവശ്യത്തിലേറെ ശത്രുക്കളെ സമ്പാദിച്ചു കൊടുത്തു എന്നതും സത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി വാരിക, ഫിലിം മാഗസിന്‍ എന്നിവയിലൊക്കെ അദ്ദേഹം നിരന്തരം നല്ല സിനിമയെപ്പറ്റി, നല്ല സിനിമയ്ക്കു വേണ്ടി എഴുതി. മലയാള സിനിമ (1982),ചലച്ചിത്രവും യാഥാര്‍ത്ഥ്യവും (എഡി-1984), ലോകസിനിമ(1984),നേരിനു നേരെ പിടിച്ച കണ്ണാടി (1989), മറക്കാനാവാത്ത മലയാള സിനിമകള്‍ (2008),സിനിമയും തിരക്കഥയും (2009), സിനിമയും യാഥാര്‍ത്ഥ്യവും(2012), ചിത്രശാല(2012), ഹോളിവുഡ് മുതല്‍ കിംകി ഡുക്ക് വരെ (2014) തുടങ്ങി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല. ഇതില്‍ പലതും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയും ലോക/ഇന്ത്യന്‍/മലയാള സിനിമയുടെ ലാവണ്യാവസ്ഥകളെപ്പറ്റിയുമുള്ള ആധികാരിക റഫറന്‍സുകളാണ്.
ഏതുറക്കത്തിലും മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രം അല്‍പം പോലും തെറ്റാതെ ഉദ്ധരിക്കാന്‍ കഴിവുള്ള ചരിത്രകാരനാണ് വിജയകൃഷ്ണന്‍. സിനിമയെപ്പറ്റിയുളള ഏതു സംശയവുമായി കേരളത്തലെ പത്രസുഹൃത്തുക്കളും ചലച്ചിത്രപഠിതാക്കളും ഏതു പാതിരാത്രിക്കും
വിളിക്കുന്നത് അദ്ദേഹത്തെയാണ്. സാഹിത്യത്തിന്റെ കാര്യത്തില്‍ അന്തരിച്ച എം.കൃഷ്ണന്‍ നായര്‍ക്കുണ്ടായിരുന്ന വ്യുല്‍പ്പത്തിയാണ് സിനിമയുടെ കാര്യത്തില്‍ വിജയകൃഷ്ണനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകലയങ്ങളിലും ചലച്ചിത്ര പഠനവകുപ്പുകൡലും, സര്‍വകലാശാലകളിലും അദ്ദേഹം സിനിമ പഠിപ്പിക്കുന്നു. എത്രയോ ചലച്ചിത്രഗവേഷകര്‍ക്ക് അദ്ദേഹം വഴികാട്ടിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ മലയാളം വകുപ്പിനോട് ചേര്‍ന്നുള്ള ചലച്ചിത്ര പഠനവിഭാഗത്തില്‍ ആദ്യകാലം മുതലേ അതിഥി അധ്യാപകനുംഅക്കാദമിക് കൗണ്‍സിലംഗവുമായിരുന്നു. അദ്ദേഹം. സിനിമയുടെ, വിശേഷിച്ചും മലയാള സിനിമയുടെ ചരിത്രത്തെപ്പറ്റി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്ത്യധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളുള്ള ചലച്ചിത്രചരിത്രകാരന്‍ കൂടിയാണ് വിജയകൃഷ്ണന്‍. അതുകൊണ്ടാണ് മലയാള സിനിമയുടെ നവതി ആഘോഷിക്കുന്നതിനിടെ വിഗതകുമാരന്റെ റിലീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കര്‍ക്കശമായ സ്വന്തം നിലപാടിലുറച്ചു നിന്ന് അതിനുവേണ്ടി സയുക്തികം അദ്ദേഹം വാദിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജെ.സി.ഡാനിയല്‍ മണിര്‍കാട് മാത്യു, ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരോട് നേരില്‍ പറഞ്ഞിട്ടുള്ള കഥകളുടെ കൂടി അടിസ്ഥാനത്തില്‍ വിഗതകുമാരന്‍ പുറത്തിറങ്ങിയത് 1928ല്‍ത്തന്നൊയാണ്.
ആധുനികതയുടെ ലാവണ്യലക്ഷണം പ്രകടമാക്കിയ സാര്‍ത്ഥവാഹകസംഘം, ബ്രഹ്‌മപുരത്തേക്കുള്ള വണ്ടി അടക്കം ഒരു ഡസനിലധികം നോവലുകള്‍ രചിച്ചിട്ടുള്ള വിജയകൃഷ്ണന്റെ സാഹിത്യരചനകള്‍ ചലച്ചിത്ര നിരൂപണത്തിന്റെ പ്രഭാവത്തിനിടെ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി എന്നതാണ് സത്യം.ബാലസാഹിത്യകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധേയമായ ചില സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
സിനിമയിലും മിനിസ്‌ക്രീനിലും വിജയകൃഷ്ണന്‍ തന്റെ സാന്നിദ്ധ്യം അവഗണിക്കാനാവാത്തവിധം സ്ഥാപിച്ചിട്ടുള്ളത് മറന്നുകൂടാ.
ആഖ്യാനത്തിലും ആഖ്യാനകത്തിലും ഏറെ സവിശേഷത പുലര്‍ത്തിയ ദൃശ്യപരീക്ഷണം തന്നെയായിരുന്ന 1986 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമായ നിധിയുടെ കഥ. മൂരളിയും ജലജയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് പില്‍ക്കാലത്ത ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാഹകനും സംവിധായകനുമായിത്തീര്‍ന്ന സന്തോഷ് ശിവന്റെ ഛായാഗ്രാഹകനായുള്ള അരങ്ങേറ്റം. ശിവന്‍സ് സ്റ്റുഡിയോയുമായുള്ള അടുപ്പത്തില്‍ നിന്ന് സന്തോഷിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ വിജയകൃഷ്ണനാണ് സന്തോഷിനെ സിനിമയിലേക്ക് ആനയിക്കുന്നത്. കമണ്ഡലു (1989),മാന്ത്രികന്റെ പ്രാവ് (1994), മയൂരനൃത്തം (1996), ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ(2011) തുടങ്ങിയ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്ത അദ്ദേഹം കവിയുടെ ഒസ്യത്ത് (2017)എന്ന സിനിമയ്ക്ക് തിരക്കഥയുമെഴുതി. മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെട്ട വിനീത് ആയിരുന്നു കവിയുടെ ഒസ്യത്തിന്റെ സംവിധായകനെങ്കില്‍ ഇന്ത്യകണ്ട സൂപ്പര്‍ താരങ്ങളിലൊരാളായി വളര്‍ന്ന നടന്‍ വിക്രമിന്റെ നായകനായി അരങ്ങേറുന്നത് വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങളിലൂടെയാണ്. അതുവരെ ബഹുതാരസിനിമകളില്‍ പാര്‍ശ്വവേഷങ്ങളില്‍ തളച്ചിട്ടപെട്ടയാളായിരുന്നു വിക്രം.
1991ല്‍ മികച്ച കുട്ടികളുടെ പരിപാടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് നേടിയ ഒരിടത്തൊരിക്കല്‍, 1998ല്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ പട്ടോലപ്പൊന്ന് അടക്കം നിരവധി ടിവി സീരിയലകളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.
സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്‍ നിര്‍വാഹകസമിതിയംഗം, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം, ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയംഗം, സംസ്ഥാന ടിവി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, ചലച്ചിത്രമേളകളിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുസമിതികളില്‍ അംഗം, സംസ്ഥാന ചലച്ചിത്ര രചനാ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍, സെന്‍സര്‍ ബോര്‍ഡംഗം, കേരള സ്‌റ്റേറ്റ് എന്‍സൈക്ലോപീഡിയക്ക് പബ്‌ളിക്കേഷന്‍സ് ഉപദേഷ്ടാവ്,കോണ്‍ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആര്‍ടിസ്റ്റ്‌സ് കൊമ്മേഴ്‌സ്യല്‍ ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് (കോണ്‍ടാക്ട്) പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, കേരള ടിവി ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാനും സെന്‍സര്‍ ബോര്‍ഡ് അംഗവുമാണ്.
സാധുശീലന്‍ എന്നറിയിപ്പെട്ടിരുന്ന പില്‍ക്കാലത്ത് സ്വാമി പരമേശ്വരാനന്ദയായിത്തീര്‍ന്ന കെ പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി 1952 നവംബര്‍ 5-ന് തിരുവനന്തപുരത്ത് മലയിന്‍കീഴിലാണ് വിജയകൃഷ്ണന്റെ ജനനം. ആശയാണ് ഭാര്യ. മകള്‍ ഡോ.ശ്രുതി വാഗമണിലെ ഡിസിഎസ്മാറ്റില്‍ അധ്യാപികയാണ്. യുവ ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ യദുവിജയകൃഷ്ണനാണ് മകന്‍.
ദേശീയ സംസ്ഥാന ബഹുമതികള്‍ക്കു പുറമേ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, മാധ്യമപഠനകേന്ദ്രം അവാര്‍ഡ്, സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള റോട്ടറി അവാര്‍ഡ്, ചലച്ചിത്ര നിരൂപണത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം തുടങ്ങിയ പല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്രസാഹിത്യത്തില്‍ മാത്രമായി തളച്ചിടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമെന്നു തന്നെ കരുതണം അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പല ബഹുമതികളും ഇനിയും ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. പ്ത്മശ്രീയോ ജെ.സി.ഡാനിയല്‍ അവാര്‍ഡോ കിട്ടിയില്ല എന്നതുകൊണ്ട് പക്ഷേ വിജയകൃഷ്ണന്‍ മലയാള സിനിമയ്ക്ക്, സിനിമയുടെ ചരിത്രത്തിന്, അതിന്റെ സൗന്ദര്യശാസ്ത്രപരമായ വളര്‍ച്ചയ്ക്ക് അക്ഷരങ്ങളിലൂടെ നല്‍കിയ സംഭാവനകള്‍ മാനിക്കപ്പെടാതിരിക്കാന്‍ പോകുന്നില്ല. കാലമെത്ര ചെന്നാലും, മാധ്യമങ്ങളുടെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞാലും മലയാള സിനിമയുടെ ചരിത്രം വിജയകൃഷ്ണന്റെ വാക്കുകളിലൂടെത്തന്നെയായും ഭാവിതലമുറയും അറിയാനിടവരികയെന്നതില്‍ സന്ദേഹമില്ല.
No comments:
Post a Comment