article published in the 10th onam special of Kalapoornna.
ഒ.ടി.ടി കാലത്ത് മലയാള സിനിമ നേരിടുന്ന ഭാവനാപ്രതിസന്ധിയെക്കുറിച്ച്.
എ.ചന്ദ്രശേഖര്‍
ആറു മാസത്തിനിടെ പുറത്തിറങ്ങിയത് 77 ചിത്രങ്ങള്‍. അവയില്‍ ഹിറ്റായത് 7 ചിത്രങ്ങള്‍. മുടക്കുമുതല്‍ തിരികെക്കിട്ടാതെ പോയത് 70 ചിത്രങ്ങള്‍. ഇനി തീയറ്ററിലിറങ്ങാത്ത ചിത്രങ്ങള്‍ മുന്‍കൂട്ടി വാങ്ങില്ലെന്ന തീരുമാനവുമായി ഒ.ടി.ടി. കമ്പനികള്‍. ഇത് മലയാള സിനിമയുടെ സമകാലിക കമ്പോളാവസ്ഥ. വ്യവസായമെന്ന നിലയ്ക്ക് ഇതില്‍പ്പരമൊരു തിരിച്ചടി ഇതിനു മുമ്പൊരിക്കലും മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ദുരവസ്ഥയുടെ വ്യാപ്തി മനസിലാവുക. ഇതിലും ആശങ്കാകുലമാണ് മലയാളസിനിമയിലെ ഉള്ളടക്കത്തിന്റെ അവസ്ഥ.
ഇതര ആവിഷ്‌കാരരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയ്ക്ക് അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ കാണാം. ഒന്ന് ആത്യന്തികമായി അത് ഒരാളുടേതു മാത്രമായ ഉല്‍പ്പന്നമല്ല. കലാകാരന്മാരുടെയും സാങ്കേതികവിദ്യയുടെയും കൂട്ടായ്മയില്‍ നിന്നുണ്ടാവുന്നതാണ് സിനിമ. രണ്ടാമതായി അതില്‍ മൂലധനനിക്ഷേപത്തിന്റേതായൊരു ഘടകമുണ്ട്. മുതല്‍മുടക്കുന്നവനും സ്രഷ്ടാവും വെവ്വേറെ എന്നൊരവസ്ഥയുണ്ട്. ഇതൊക്കെയാണെങ്കിലും ലോകമെമ്പാടും സിനിമ അറിയപ്പെടുന്നത് പ്രധാനമായി മൂന്നുതരം ആളുകളുടെ പേരില്‍ മാത്രമാണ്. അടിസ്ഥാനപരമായി സംവിധായകന്റെയും രണ്ടാമതായി നിര്‍മ്മാതാവിന്റെയും. ഇവര്‍ക്കുപോലുമില്ലാത്തവിധം ആഴത്തിലും പരപ്പിലും അതില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളുടെ പേരിലും. അങ്ങനെയാണ് സിനിമ അറിയപ്പെട്ടുവന്നിട്ടുള്ളത്; അതിന്റെ വ്യക്തിത്വവും അസ്തിത്വവും നിര്‍ണിയിച്ചിട്ടുള്ളതും. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഘടകങ്ങള്‍ സിനിമയുടെ വാണിജ്യപരവും കമ്പോളപരവുമായ താല്‍പര്യങ്ങളെയാണ് ലാക്കാക്കിയതെങ്കില്‍ സംവിധായകന്‍ ആരെന്നത് കര്‍തൃത്വത്തെ നിര്‍ണിക്കുന്നതായി. കര്‍തൃത്വ സിദ്ധാന്തം സിനിമയുടെ ലാവണ്യ-കലാ ചിന്തകളില്‍ ഉരുത്തിരിഞ്ഞുവരുന്നതും അത്തരം വിമര്‍ശനപദ്ധതികളില്‍ സിനിമകള്‍ ചര്‍ച്ചചെയ്യപ്പെട്ടതും സംവിധായകന്റെ പേരിലാണ്. സമകാലിക മലയാള നവസിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഈ മൂന്നു തരത്തിലും തലത്തിലും അവ ലക്ഷ്യം കാണുന്നില്ല എന്നതാണ്.
എല്ലാക്കാലത്തും കമ്പോള മുഖ്യധാരാസിനിമയെ സ്വാധീനിച്ചു പോന്നിട്ടുള്ളത് തരംഗങ്ങളാണ്. എണ്‍പതുകളുടെ അന്ത്യപാദത്തില്‍ മലയാള സിനിമ നേരിട്ട രണ്ടു തരംഗങ്ങള്‍ മമ്മൂട്ടി-പെട്ടി-കുട്ടി കുടുംബസിനിമകളുടേതും അതിനു പിന്നാലെ തൊണ്ണൂറുകളോട ഉയര്‍ന്നുവന്ന ഷക്കീല രതിചിത്രങ്ങളുടെയും തരംഗങ്ങളാണ്. ഒരു സിനിമ വിജയിച്ചാല്‍ അതേ ജനുസില്‍ അതിന്റെ ചേരുവകളെ തിരിച്ചും മറിച്ചുമിട്ട് ആവിഷ്‌കാരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ പിടച്ചുവിട്ട് ചുളുവില്‍ വിജയമാവര്‍ത്തിക്കുക എന്ന ആര്‍ത്തിയുടെ മാത്രം പരിണതിയാണ് തരംഗങ്ങള്‍ക്കുപിന്നില്‍. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നതാണവിടെ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ആര്‍ത്തിയെങ്കില്‍ മറ്റാരോ വെട്ടിത്തെളിച്ച പാതയില്‍ ഓസിന് സര്‍ഗവിജയം കൈവരിക്കുക എന്നതാണ് രചയിതാക്കളുടെ ആര്‍ത്തി. ഇത്തരം ആര്‍ത്തികളില്‍ ആവര്‍ത്തിക്കപ്പെട്ടതാണ് ദേവാസുരത്തെ പിന്തുടര്‍ന്നു വന്ന അതിമാനുഷ നായകകേന്ദ്രീകൃത സിനിമകളുടെയും രാജാവിന്റെ മകനെ തുടര്‍ന്നുവന്ന അധോലോക ആക്ഷന്‍ ത്രില്ലറുകളുടെയും തരംഗം. അതുകഴിഞ്ഞപ്പോള്‍ ഒരുകാലത്ത് പരഹാസത്തോടെ മലയാളി പുച്ഛിച്ചിരുന്ന തമിഴ് തെലുങ്ക് ഡപ്പാംകൂത്തും വര്‍ണ്ണച്ചേരുവകളുമുള്ള ഭാഷയും സ്വത്വവും തിരിയാത്ത സിനിമകളുടെ മലവെള്ളപ്പാച്ചിലായി. ഈ തരംഗങ്ങളെല്ലാം തന്നെ കുറേയേറെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മടുത്തു പ്രേക്ഷകര്‍ പുറംകൈക്ക് തള്ളുന്നതോടെ, എട്ടുനിലക്കമ്പം പൊട്ടിവീഴുന്നതുപോലെ തകര്‍ന്നു നിലംപരിശാവകയും സിനിമ സാമ്പത്തികവും സര്‍ഗപരവുമായ പുതിയ പ്രതിസന്ധിയിലെത്തിച്ചേരുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു പ്രതിസന്ധിയുടെ ഇടവേളയ്ക്കു ശേഷമാണ്
നവഭാവുകത്വം എന്നും ന്യൂ ജനറേഷന്‍ എന്നുമുള്ള വിവക്ഷകളാല്‍ നിര്‍വചിക്കപ്പെട്ട സിനിമകളുടെ തരംഗം വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. വാസ്തവത്തില്‍ എണ്‍പതുകളില്‍ ഭരതന്‍-പദ്മരാജന്‍-കെ ജി ജോര്‍ജ് തുടങ്ങിയവര്‍ പിന്തുടര്‍ന്നു പോന്ന തരം ചലച്ചിത്രഭാഷയുടെ കുറേക്കൂടി സാങ്കേതികത്തികവോടുകൂടിയ ആവിഷ്‌കാരങ്ങള്‍ തന്നെയാണവ എന്നതാണ് അനിഷേധ്യമായ വസ്തുത.
ശ്യാമപ്രസാദിന്റെ ഋതുവും രാജേഷ്പിള്ളയുടെ പാസഞ്ചറും സമീര്‍ താഹിറിന്റെ ചാപ്പ കുരിശും ചേര്‍ന്നു പരിചയപ്പെടുത്തിയ മള്‍ട്ടീപ്‌ളക്‌സ് സിനിമകളുടെ ജനുസിന് സമാന്തരമായിട്ടാണ് രാജീവ് രവിയും ദിലീഷ് പോത്തനും മറ്റും സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് പച്ചയായ ചില ഏടുകള്‍ പറിച്ചുവച്ചതുപോലെ, അഥവാ സാധാരണജീവിതങ്ങളിലേക്ക് ഒളിക്യാമറ തുറന്നുപിടിച്ചതുപോലെ എല്ലാമുളള സിനിമകളുമായി മന്നോട്ടുവരുന്നത്. താരവ്യവസ്ഥയ്ക്കും കാല്‍പനകിതയ്ക്കും തെല്ലും വില കല്‍പ്പിക്കാത്ത യഥാതഥ ദൃശ്യസമീപനത്തിന്റെ പാരമ്യതയിലേക്കാണ് അതു മലയാള സിനിമയെ കൊണ്ടുചെന്നെത്തിച്ചത്. ദേശീയ അവാര്‍ഡ് ജൂറിയധ്യക്ഷന്‍ ശേഖര്‍കപൂര്‍ പരസ്യമായ ശ്‌ളാഘിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതി നേടിയ മഹേഷിന്റെ പ്രതികാരം, മാമൂല്‍ സങ്കല്‍പങ്ങളെ കാറ്റില്‍പ്പറത്തിയ അന്നയും റസൂലും തുടങ്ങിയ സിനിമകളൊക്കെ ഇത്തരത്തില്‍ കലാപരമായ മികവു കാത്തുസൂക്ഷിച്ചപ്പോഴും മികച്ച കമ്പോള വിജയമാവുകയും പ്രേക്ഷകരുടെ ആസ്വാദനബോധത്തെ പരിധിയില്‍ക്കവിഞ്ഞ് മാറ്റിമറിക്കുകയുമൊക്കെ ചെയ്ത സിനിമകളാണ്. ഒരുകാലത്ത് മലയാള സിനിമയെ നോക്കി വെള്ളമൂറിയിരുന്ന തമിഴ് തെലുങ്ക് ഹിന്ദി സിനിമാക്കാര്‍ വീണ്ടും മലയാളത്തെ നോക്കി സിനിമ പഠിക്കുന്ന അവ്സ്ഥയായി. ചെറിയ സിനിമകളുടെ പോലും അവകാശം വന്‍ തുകയ്ക്കാണ് മറ്റുഭാഷകളിലേക്കു വിറ്റുപോയത്. കമ്പോള മുഖ്യധാരയില്‍ പോലും ചരിത്രം സൃഷ്ടിച്ച ദൃശ്യം,ദൃശ്യം രണ്ട് പോലുള്ള വഴിമാറിനടക്കലുകള്‍ക്ക് മലയാളസിനിമ ചങ്കൂറ്റം കാട്ടി.
അതിനിടെയിലാണ് കോവിഡ് മഹാമാരിയുടെ ആക്രമണം. ലോകമൊട്ടാകെ വീടകങ്ങളിലേക്ക് ഒതുങ്ങിക്കൂടുകയും വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ വ്യവഹാരങ്ങളും ഓണ്‍ലൈന്‍ മോഡിലേക്ക് ചുരുങ്ങുകയും ചെയ്ത കാലത്താണ് മലയാളി ഓണ്‍ലൈന്‍ വിനോദോപാധി എന്ന നിലയ്ക്ക് ഓവര്‍ ദ് ടോപ്പ് എന്ന വിചിത്ര നാമവാഹിയായ ഒ.ടി.ടി. ദൃശ്യമഹാ കമ്പോളങ്ങളുടെ വലയില്‍ കുടുങ്ങുന്നത്. ആവശ്യമുള്ളതും അല്ലാത്തതുമായ, പലപ്പോഴും അനാവശ്യം തന്നെയായ
നിത്യോപയോഗ സാമഗ്രികളുടെ ബൃഹദ് ശേഖരിണികളായ ഹൈപ്പര്‍ മാളുകള്‍ക്കു സമാനമായ ദൃശ്യ ശേഖരിണികളാണ് ഒ.ടി.ടി.കള്‍. അവിടെ സിനിമ, സീരിയല്‍, ടിവി പരിപാടികള്‍, ഗെയിമുകള്‍ തുടങ്ങിയവയെല്ലാം കാല-ദേശ-ഭാഷാ ഭേദമെന്യേ ഏതു സമയത്തും ലഭ്യമാകുന്നു. പഴയതിനോടൊപ്പം ഏറ്റവും പുതിയ സിനിമയും സിനിമയ്ക്കപ്പുറം മിഴിവുള്ള വെബ് പരമ്പരകളും സെന്‍സര്‍ പോലുള്ള ദൃശ്യപരമായ വിലക്കുകളില്ലാതെ അഭംഗുരം അനായാസം ലഭ്യമാകുന്ന സാഹചര്യം മലയാളിയെയും ബിഞ്ച് വാച്ചിങ്ങിന് (ഇടതടവില്ലാത്ത തുടര്‍ച്ചയായുള്ള കാഴ്ച) അടിമകളാക്കിയെന്നതാണ് പരമാര്‍ത്ഥം.
ഒ.ടി.ടി.കള്‍ മലയാളംപോലുള്ള സിനിമാവ്യവസായത്തെ സ്വാധീനിച്ചത് രണ്ടുവിധത്തിലാണ്.
1. ആഗോളതലത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നത് ചലച്ചിത്രമേളകളുടെ പരിമിത പങ്കാളിത്തത്തിനുപരി സാധാരണക്കാര്‍ക്കും അറിയാനുള്ള സാധ്യത തുറന്നുകൊടുത്തു.
2. ഒ.ടി.ടികളില്‍ വിജയം വരിച്ച തരം ദൃശ്യാഖ്യാനങ്ങളിലേക്ക് നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ചഭിനയിച്ച കുറുപ്പ് പോലുള്ള സിനിമ സ്വീകരിച്ച ദൃശ്യസങ്കല്‍പം/ആഖ്യാനസമീപനം നാര്‍ക്കോസ് പോലെ ലോക ഹിറ്റായ ഒടിടി വെബ് പരമ്പരയാണ് എന്ന സ്രഷ്ടാക്കളുടെ ഏറ്റുപറച്ചില്‍ ഇതിനു തെളിവാണ്. മണിഹെയ്സ്റ്റ് പോലുളള സാമ്പത്തിക ക്രൈം പരമ്പരകളും ഡാര്‍ക്ക് സൈക്കോളജിക്കല്‍ ത്രില്ലറുകളുമെല്ലാം നമ്മുടെ പുതുതലമുറ ചലച്ചിത്രകാരന്മാരെ പരിധിയില്ലാതെ സ്വാധീനിച്ചതിന് കഴിഞ്ഞ രണ്ടുവര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ കണ്ടുനോക്കിയാല്‍ മാത്രം മതി.
ഈ പ്രചോദനം/പ്രേരണ കാമ്പില്ലാത്ത അനുകരണമോ, ഉള്‍ക്കനമില്ലാത്ത കാമ്പിനെ പൊതിഞ്ഞുകെട്ടാനുള്ള പകിട്ടാര്‍ന്ന ആവരണക്കടലാസോ മാത്രമായിത്തീര്‍ന്നതാണ് തുടരെത്തുടരെ പുറത്തിറങ്ങിയ അസംഖ്യം സിനിമകളില്‍ നല്ലൊരുശതമാനവും തകര്‍ന്നടിഞ്ഞ് മലയാള സിനിമ വീണ്ടും ഒരു പ്രതിസന്ധിയുടെ ദശാസന്ധിയില്‍ വന്നു നില്‍ക്കാന്‍ കാരണം. അടുത്ത കാലത്തിറങ്ങിയ പത്താംവളവ്, സല്യൂട്ട്, നാരദന്‍, ട്വല്‍ഫ്ത് മാന്‍, പത്രോസിന്റെ പടപ്പുകള്‍, ആറാട്ട്, ഇന്നലെ വരെ, ലളിതം സുന്ദരം, ഉപചാരപൂര്‍വം ഗുണ്ട ജയന്‍, ജാക്ക് ആന്‍ഡ് ജില്‍, അവിയല്‍, രണ്ട്, മേപ്പടിയാന്‍, ഭൂതകാലം, അര്‍ച്ചന 31 നോട്ടൗട്ട്, മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്, വെയില്‍, അന്താക്ഷരി, ഉടല്‍, കുറ്റവും ശിക്ഷയും തുടങ്ങിയ സിനിമകള്‍ പരിശോധിക്കുക. ഇവയില്‍ ചിലത് ഒടിടിയില്‍ മാത്രമായി പുറത്തിറങ്ങിയതും ചിലത് തീയറ്ററിലിറങ്ങിയയുടന്‍ രണ്ടാം ലോക്ക്ഡൗണ്‍ വന്നതോടെ ഒടിടിയിലേക്ക് ചേക്കേറിയതോ, പരാജയം രുചിച്ച് ഒടിടിയിലെത്തിയതോ ആണ്.
ആറാട്ടു പോലൊരു താരസിനിമയുടെ ദുര്‍വിധി മാറിയ കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ വിട്ടുപോയ രചയിതാക്കളുടെ പാളിച്ചയാണെന്നു പറയാം. എന്നാല്‍, സല്യൂട്ട്, പത്താംവളവ്, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളുടെയും ഉപചാരപൂര്‍വം ഗുണ്ടാജയന്‍, പത്രോസിന്റെ പടപ്പുകള്‍, അര്‍ച്ചന നോട്ടൗട്ട, രണ്ട് പോലുള്ള ചിത്രങ്ങളുടെയും പരാജയം വീണ്ടുവിചാരങ്ങള്‍ക്കും ആത്മപരിശോധനയ്ക്കും പ്രേരണയാകേണ്ടതുണ്ട്. പുതുതലമുറസിനിമകളുടെ ദൃശ്യവ്യാകരണസവിശേഷതകളൊക്കെ പാലിച്ച സിനിമകള്‍ തന്നെയാണിവ. എന്നിട്ടും പ്രദര്‍ശനവിജയത്തിലും സ്വീകാര്യതയിലും എന്തുകൊണ്ടിവ പിന്തള്ളപ്പെട്ടു?
സംസ്ഥാന-ദേശീയ ബഹുമതികള്‍ വാരിക്കൂട്ടി രചയിതാക്കളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ദൃശ്യഘടനയില്‍ വളരെ ചെറിയ വ്യത്യാസങ്ങളോടെ തുന്നിപ്പിടിപ്പിച്ച ദൃശ്യാവതരണങ്ങളായ ഉപചാരപൂര്‍വം ഗുണ്ടാജയന്‍, അര്‍ച്ചന 31 നോട്ടൗട്ട് എന്നീ സിനിമകളെ മാത്രം പരിശോധിച്ചാല്‍ ഇതിനുള്ള കാരണം തിരിച്ചറിയാനാവും. ഷെയ്ക്‌സ്പീയറുടെ ട്രാജഡികളുടെയും കോമഡി ഓഫ് എറേഴ്‌സിന്റെയും കോമഡികളുടെയുമൊക്കെ പൊതുജനുസ് ഒന്നുതന്നെയായിരുന്നു. പക്ഷേ, അതിന്റെ പുറംപാളിക്കപ്പുറം അദ്ദേഹം ആവിഷ്‌കരിച്ച ഉള്ളടക്കം കലാതീതവും സാര്‍വദേശീയവുമായ കാമ്പുള്ളതായിരുന്നു. എന്നാല്‍ എ സമം ബി എന്നൊരു ഫോര്‍മുലയെ എയുടെയും ബിയുടെയും ചെറിയ അക്ഷരങ്ങള്‍ കൊണ്ട് (സ്‌മോള്‍ ലെറ്റേഴ്‌സ്) മാറ്റിയെഴുതിയാല്‍ സൂത്രവാക്യം മാറുമോ? ഇതാണ്, സമകാലിക നവധാരയിലെ പരാജയപ്പെടുന്ന സിനിമകളുടെ ദുര്യോഗം.
പ്രതിഭാധരനരായ ചലച്ചിത്രകാരന്മാര്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള രൂപഘടന അവതരിപ്പിക്കുകയും അത് വന്‍ വിജയമാവുകയും ചെയ്യുമ്പോള്‍ ഉള്ളടക്കത്തിന്റെ കനം തിരിച്ചറിയാതെ രൂപമാതൃകയില്‍ ഭ്രമിക്കപ്പെട്ട് രചനകള്‍ പടച്ചുവിടുന്നവരാണ് ഇവിടെ കുറ്റക്കാര്‍. സാഹിത്യത്തിലെന്നോണം നവസിനിമയ്ക്കും ആദിമദ്ധ്യാന്തപ്പൊരുത്തമൊക്കെ പഴങ്കഥ മാത്രമാണ്. ഓപ്പണ്‍ എന്‍ഡിങിന്റെ ലാവണ്യസവിശേഷതയൊക്കെ കണ്ടറിയാനും ആസ്വദിക്കാനുമുള്ള പരിപാകം വന്ന പ്രേക്ഷകരും ഇവിടെയുണ്ട്. എന്നിട്ടും, കുറ്റവും ശിക്ഷയും പോലൊരു സിനിമയില്‍ ലബ്ധപ്രതിഷ്ഠനായ രാജീവ് രവി പോലും നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിക്കുന്ന നീന്തലറിയാത്തവനെപ്പോലെയായിപ്പോയത് എന്തുകൊണ്ടാവാം?തീര്‍ന്നില്ല, പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധിക്കപ്പെട്ട മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ടിനോട് ചെറുതല്ലാത്ത താരതമ്യമുണ്ടാകുംവിധം അതിന്റെ ദൃശ്യപരിചരണം എത്തിച്ചേര്‍ന്നത് എന്തുകൊണ്ടാവാം? കേശു ഈ വീടിന്റെ നാഥന്‍, അനുഗ്രഹീതന്‍ ആന്റണി എന്നീ സിനിമകളിലെ ലോട്ടറി കളഞ്ഞുപോകുന്ന ഭാഗ്യവാന്റെ ഇതിവൃത്തത്തിന്റെ സാമ്യം ആലോചിക്കുക. ഇക്കാര്യത്തില്‍ പരിമിതവിഭവന്മാരോ അല്‍പപ്രതിഭകളോ ആയ ചലച്ചിത്രകാരന്മാരുടെ കാര്യത്തിലെന്നപോലെ, രാജീവ് രവിയെപ്പോലൊരാള്‍ മാപ്പര്‍ഹിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.
ഷക്കീലാസിനിമകളുടെ കാലത്ത് അത്തരം സിനിമകള്‍ക്കായി മാത്രം ഉരുത്തിരിഞ്ഞുവന്ന താരങ്ങളും സാങ്കേതികവിദഗധരും എഴുത്തുകാരുമൊക്കെയുണ്ട്. എന്നാല്‍ അത്തരം സിനിമകള്‍ കണ്ടിരുന്നവര്‍ അവയ്‌ക്കെത്തിച്ചേര്‍ന്നിരുന്നത് അതാര് സംവിധാനം ചെയ്തു എന്നോ ആരെഴുതി എന്നോ വിലയിരുത്തിയിട്ടല്ല. പോസ്റ്ററില്‍ ഷക്കീലയും മറിയയും രേഷ്മയുമുണ്ടെങ്കില്‍ അവര്‍ തീയറ്ററിലെത്തിയിരിക്കും. ഇതില്‍ ആദ്യം സൂചിപ്പിച്ചതിനു സമാനമാണ്, ഇപ്പോഴത്തെ ന്യൂജനറേഷന്‍ ചലച്ചിത്രപ്പടപ്പുകളുടെ സംവിധായകരുടെയും താരങ്ങളുടെയും കാര്യം. യുവതലമുറയില്‍ ഇത്തരം സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു സംഘം നടീനടന്മാരുടെ നിര തന്നെ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. എന്നാല്‍ രചയിതാക്കളോ സംവിധായകരോ ആരെന്നത് പ്രസക്തം പോയിട്ട് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അറിയേണ്ട ആവശ്യം പോലുമില്ലാത്തതായിത്തീര്‍ന്നിരിക്കുന്നു. തീയറ്ററിലെത്തുക എന്നതു തന്നെ സാധാരണക്കാരുടെ പരിഗണനയ്ക്കപ്പുറമുള്ളതായിക്കഴിഞ്ഞതോടെ അവസാനം സൂചിപ്പിച്ച സാമ്യം- പോസ്റ്റര്‍ കണ്ട് തീയറ്ററിലെത്തുന്നത് സങ്കല്‍പം മാത്രമായി ഒതുങ്ങിത്തീര്‍ന്നിരിക്കുന്നു. ആരെഴുതി എന്നോ ആരു സംവിധാനം ചെയ്തു എന്നോ രജിസ്റ്റര്‍ ചെയ്യാത്ത സിനിമകള്‍ തീയറ്ററുകളിലോ ഒടിടികളിലോ ഇറങ്ങി നാലാള്‍ കണ്ട് നല്ലയഭിപ്രായങ്ങളുണ്ടെങ്കില്‍ മാത്രം ഓണ്‍ലൈനില്‍ കാണാം എന്ന മാനസികാവസ്ഥയിലേക്ക് മലയാളി പ്രേക്ഷകര്‍ അവരറിയാതെ മാറിക്കൊണ്ടിരിക്കുകയാണ്.ഈ വര്‍ഷം ഇതേവരെ പുറത്തിറങ്ങിയ 77 സിനിമകളില്‍ ഏഴിന്റെയെങ്കിലും രചയിതാവിന്റെയും സംവിധായകന്റെയും പേരുകള്‍ ഓര്‍ത്തെടുക്കാന്‍ അവ കണ്ടിഷ്ടപ്പെട്ട പ്രേക്ഷകരില്‍ എത്രപേര്‍ക്കു സാധിക്കും എന്നതാണ് കഴമ്പുള്ള ചോദ്യം. എ ഫിലിം ബൈ... എന്ന് അല്‍പമൊരഹങ്കാരത്തോടെ തന്നെ ശീര്‍ഷകത്തിലെഴുതിക്കാണിക്കാന്‍ ധൈര്യം കാട്ടിയിരുന്ന ചലച്ചിത്രകാരന്മാരുടെ സ്ഥാനത്ത് ഫിലിംഡ് ബൈ എന്നും എ ഫിലിം ബൈ....ആന്‍ഡ് ടീം എന്നോ ആള്‍ക്കൂട്ടത്തിലൊരാള്‍ മാതൃകയില്‍ സംവിധായകന്‍ സ്വയമൊളിക്കുന്ന ഇടമായി മാറുകയാണ് മിക്ക സിനിമകളും.
കണ്ട വിദേശ സിനിമകളുടെ മാതൃകയില്‍ അസാമാന്യ ബില്‍ഡപ്പുണ്ടാക്കി ഒന്നാം പകുതിയില്‍ പ്രമേയത്തിനൊപ്പം പ്രേക്ഷകപ്രതീക്ഷയും വളര്‍ത്തി പരിപോഷിപ്പിച്ച ശേഷം, സിനിമയുണ്ടായ കാലമുതല്‍ക്കുള്ള ക്‌ളീഷേ കാഴ്ചയും കാഴ്ചപ്പാടും കുത്തിനിറച്ച് രണ്ടാം ഭാഗത്തെ തീര്‍ത്തും പ്രവചനീയമായ ക്‌ളൈമാക്‌സില്‍ കൊണ്ടുച്ചെന്നു കെട്ടുന്ന ശൈലിയാണ് അടുത്തിടെ ഇറങ്ങിയ ബഹുഭൂരിപക്ഷം സിനിമകളിലും കാണാന്‍ സാധിച്ചത്. മൂന്നു പേജ് കഥയില്‍ അവസാനവരിയില്‍ മാറ്റമുണ്ട് എന്നു വാദിച്ചാല്‍ അത് ഒറിജനാലിറ്റിയായി പരിഗണിക്കുന്ന കാലമല്ല ഇത്. രചനകളില്‍ 15 ശതമാനത്തിലധികം അപരസ്രോതസുകളില്‍ നിന്ന് അതേപോലെ ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ പോലും അപഹരണമായി കണക്കൂകൂട്ടുന്ന കാലത്താണ് ഒ.ടി.ടികളില്‍ നിറഞ്ഞുനില്‍കുന്ന ഉള്ളടക്കങ്ങളും സമീപനവും വേഷം മാറി മലയാളത്തിലൂടെ വീണ്ടും അതേ ഒ.ടി.ടിയിലൂടെ തന്നെ നമ്മുടെ മുന്നിലെത്തുന്നത്. പഴയ സിഐഡി സിനിമകളില്‍ കവിളില്‍ കാക്കപ്പുള്ളിയും മൂക്കിനു താഴെ കപ്പടാമീശയും വച്ചാല്‍ പ്രേംനസീറിനെ ഇതര കഥാപാത്രങ്ങള്‍ക്കാര്‍ക്കും തിരിച്ചറിയാനാവാത്തതുപോലുള്ള വൈചിത്ര്യമാണിത്. കൊറിയന്‍ സിഡികളില്‍ നിന്ന് അത്യുഗ്രന്‍ തിരക്കഥകള്‍ മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുക്കാവുന്ന കാലമൊക്കെ പോയി. കൊറിയനടക്കം ലോകത്തെവിടെയുമുള്ള സിനിമകള്‍ ഇംഗ്‌ളീഷ് ഉപശീര്‍ഷകങ്ങളോടെയോ, പുതിയതും വിജയിച്ചവയുമെങ്കില്‍ മലയാളത്തില്‍ ഡബ്ബുചെയ്തിട്ടോ കാണാനുള്ള അവസരമാണ് ഒടിടികള്‍ പ്രേക്ഷകര്‍ക്കൊരുക്കുന്നത്. എല്ലാ മൗലികതയോടും കൂടി ഒറിജനല്‍ ചുണ്ടാണിവിരലിനു മുന്നിലുള്ളപ്പോള്‍ പിന്നെന്തിന് വേഷം മാറിയ മലയാളം വേര്‍ഷന്‍ കാണാന്‍ മെനക്കെടണം എന്നു പ്രേക്ഷകര്‍ ചിന്തിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവില്ല. ഭേദപ്പെട്ട ചിത്രങ്ങളായിട്ടുകൂടി, വ്യാസന് കടപ്പാടെഴുതിക്കാണിച്ച അമല്‍നീരദിന്റെ ഭീഷ്മപര്‍വം റിലീസായതിനു സമാന്തരമായി ആമസണ്‍ പ്രൈം ഇന്ത്യയില്‍ മരിയോ പുസോയുടെ ദ് ഗോഡ്ഫാദര്‍ ഒന്നും രണ്ടും ഭാഗങ്ങളുള്‍ക്കൊള്ളിച്ച് പഴയകാല അധോലോക ക്‌ളാസിക്കുകളുടെ ഒരു പാക്കേജ് ഒടിടിയില്‍ പ്രമോട്ട് ചെയ്തതോര്‍ക്കുക. ജോജി റിലീസായ കാലത്ത് കെ.ജി.ജോര്‍ജ്ജിന്റെ ഇരകളോട് താരതമ്യം ചെയ്തുണ്ടായ വിമര്‍ശനങ്ങളേക്കാള്‍ വലിയ ദുരന്തമായി ഇന്ത്യന്‍ വിപണിയില്‍ ഗോഡ്ഫാദറിന്റെ മാര്‍ക്കറ്റിങിനെ കണക്കാക്കേണ്ടതുണ്ട്.
കള്ളും കഞ്ചാവും തുറന്ന ലൈംഗികതയും ഭിന്നലൈംഗികതയും ജുഗുപ്‌സാവഹമായ വയലന്‍സും അസഭ്യസംഭാഷണങ്ങളും കുത്തിനിറച്ചാല്‍ നവഭാവുകത്വമാവില്ലെന്നാണ് പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടത്. കഥയാവശ്യപ്പെടുമ്പോഴാണ് ഇതില്‍ ഏതു ചേരുവയും ചേര്‍ക്കേണ്ടവിധം വേണ്ടയളവില്‍ മാത്രം ഉള്‍പ്പെടുത്തേണ്ടത്. ഇനിയും തിരിച്ചറിയാനായിട്ടില്ലാത്ത കാരണങ്ങളാല്‍ വിജയിച്ച ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ കണ്ടു ഭ്രമിച്ച് പത്രോസിന്റെ പടപ്പുകള്‍ പോലുള്ള സിനിമകള്‍ പടച്ചുവിടുന്നതുകൊണ്ട് അതുണ്ടാക്കിയവര്‍ക്കോ കാണുന്നവര്‍ക്കോ വിശേഷ്യാ ഗുണമോ ലാഭമോ ഉണ്ടാവുന്നില്ലെന്നു ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞാല്‍ ആ നിമിഷം മാറുന്നതാണ് ഒ ടി ടി ക്കു കൂടി ഉത്തരവാദിത്തമുള്ള മലയാള സിനിമയിലെ സമകാലിക പ്രതിസന്ധി.
No comments:
Post a Comment