ഇതര കലകളെ അപേക്ഷിച്ചു സിനിമയ്ക്കുള്ള മേന്മ അതിന് ഏത്ര ദുര്‍ഗ്രാഹ്യമായ സ്വപ്‌നത്തെയും യാഥാര്‍ത്ഥ്യ പ്രതീതിയോടെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാനാവും എന്നതാണ്. അതിയാഥാര്‍ത്ഥ്യത്തെയും അതീന്ദ്രിയതയേയും സിനിമയ്ക്ക് അങ്ങനെ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനാവും.സ്ഥലകാലയുക്തികളെ അനായാസം മറികടക്കാന്‍ ചലച്ചിത്രത്തിന്റെ മാധ്യമസാധ്യതകള്‍ക്കു സാധിക്കും. എന്നുവച്ച് ഫാന്റസികളെല്ലാം ചലച്ചിത്രങ്ങള്‍ക്ക് എളുപ്പം വഴങ്ങുന്നതാണ് എന്നര്‍ത്ഥമില്ല. പ്രത്യേകിച്ച് ഒ.വി.വിജയന്റെ ധര്‍മ്മപുരാണം പോലൊരു കൃതി സിനിമയാക്കാന്‍ ബുദ്ധിമുട്ടാണ്. അത്രത്തോളം ലാക്ഷണിക മാനങ്ങളുള്ള (allegorical dimension) എം.മുകുന്ദന്റെ ഒരു കഥയാണ് യുവസംവിധായകനായ എബ്രിഡ് ഷൈന്‍ തന്റെ പുതിയ ചിത്രമായ മഹാവീര്യര്‍ക്ക് വിഷയമാക്കിയിട്ടുള്ളത്. പ്രചാരണങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടതുപോലെ ഒരേ സമയം ഫാന്റസിയും ടൈംട്രാവലും രാഷ്ട്രീയവുമൊക്കെയടങ്ങുന്ന ബഹുതലങ്ങളിലുള്ള ഒരു ചലച്ചിത്രശില്‍പം തന്നെയാണ്. എന്നാല്‍ അതിനൊക്കെയുപരി മലയാള സിനിമയില്‍ ലാക്ഷണികത (allegory) അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ആദ്യ ചിത്രം എന്നതിനെ വിശേഷിപ്പക്കുന്നതാണുചിതം.
കാലാതിതമായ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് മുകുന്ദന്റെ മൂല കഥയില്‍ നിന്ന് ഷൈന്‍ മഹാവീര്യറില്‍ വികസിപ്പിച്ചു വിളക്കിച്ചേര്‍ത്തിരിക്കുന്നത്. അധികാരപ്രമത്തതയുടെ, ദുഷ്പ്രഭുത്വത്തിന്റെ സാര്‍വലൗകീകതയ്ക്കപ്പുറം,സ്ത്രീയുടെ കണ്ണീരിനായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത സമൂഹമനഃസ്ഥിതിയുടെ സാര്‍വകാലികമായ ക്രൂരതയാണ് മഹാവീര്യറില്‍ നായിക നേരിടേണ്ടി വരുന്നത്. യുഗങ്ങള്‍ക്കപ്പുറമുള്ള രാജഭരണക്കാലത്തേതിനേക്കാള്‍ പരിതാപകരവും മ്‌ളേച്ഛവുമാണ് സമകാലികലോകത്ത് അവള്‍ നേരിടേണ്ടി വരുന്ന പരസ്യവിചരണ. മാനസികവും ശാരീരികവുമായ പീഡനം നീതിന്യായ കോടതിക്കു മുമ്പാകെ നിയമപാലകരെയും നീതി നിര്‍വാഹകരെയും സാക്ഷിനിര്‍ത്തി അവള്‍ക്കേറ്റു വാങ്ങേണ്ടിവരുന്നു. ഭര്‍ത്സനം മാത്രമല്ല വിചാരണാമുറിയില്‍ അവള്‍ ദ്രൗപതിക്കു സമാനം വിവസ്ത്രമാക്കപ്പെട്ട് അപമാനിതയാവുന്നു. അതെല്ലാം ആര്‍ക്കുവേണ്ടിയായിരുന്നോ അയാളുടെ പ്രശ്‌നമാണ് സമൂഹവും നിയമവ്യവസ്ഥയുമെല്ലാം മുഖ്യമായെടുക്കുന്നത്. കണ്മുന്നില്‍ കണ്ണീരുറവറ്റി നില്‍ക്കുന്ന നായികയുടെ നിസഹായവസ്ഥ അപൂര്‍ണാനന്ദന്‍ എന്ന യുവസന്യാസിക്കൊഴികെ മറ്റാര്‍ക്കും തിരിച്ചറിയാനാവുന്നില്ല. ആ യുവയോഗിയാവട്ടെ, ഭൂത-വര്‍ത്തമാനങ്ങളെ ഇഴചേര്‍ക്കുന്ന തീര്‍ത്തും അമൂര്‍ത്തമായൊരു ത്രികാലജ്ഞാനിയാണ്. ചിത്രം മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും,
സാമ്രാജിത്വവിരുദ്ധതയുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനിടെ വായിച്ചു കണ്ട നിരൂപണങ്ങളില്‍ മിക്കതും ഇതിനെ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായാണ് വിശേഷിപ്പിച്ചുകണ്ടത്. എന്നാല്‍ അതിലുപരി ഇതൊരു ലക്ഷണയുക്തമായ ലാക്ഷണികസിനിമയാവുന്നിടത്താണ് മഹാവീര്യറുടെ വിജയം.
മഹാരാജാവിനു വേണ്ടി എന്തിന് എന്നുപോലും ചോദിക്കാതെ ലക്ഷണയുക്തയായ പെണ്ണിനെ തേടി ദേശാന്തരങ്ങളിലലഞ്ഞ് അത്തരമൊരുവളെ കണ്ടെത്തി കൊണ്ടെത്തിക്കുന്ന അമാത്യന്‍ പക്ഷേ സ്വന്തം ഭവനത്തില്‍ രാജാവിന്റെ കണ്ണുവെട്ടിച്ച് വശ്യസുന്ദരിയായ സ്വന്തം ഭാര്യയെ ഒളിപ്പിച്ചുപാര്‍പ്പിക്കുക വഴി സമൂഹത്തന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിലെ വൈരുദ്ധ്യവും പൊള്ളത്തരവുമാണ് കാണിച്ചുതരുന്നത്.
സങ്കീര്‍ണമായ ആഖ്യാനശൈലിയാണ് മഹാവീര്യറുടെ സവിശേഷത. ഫാന്റസിയുടെ ആഖ്യാനതലത്തില്‍ അതിന് വിശ്വചലച്ചിത്രശില്‍പിയായ സാക്ഷാല്‍ സത്യജിത് റേയുടെ ഗുപ്പി ഗായേന ബാഘ ബായേന എന്ന സിനിമയോട് (മലയാളത്തില്‍ വിദൂരസാദൃശ്യമുണ്ട് മഹാവീര്യറുടെ ഘടനയ്ക്ക്. അതുപക്ഷേ സമാനതകളില്ലാത്തതുമാണ്. ഫാന്റസി സിനിമ പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നതു തന്നെ സാഹസമാണ്. അതിലും ബുദ്ധിമുട്ടാണ് അലിഗറിയുടെ ആഖ്യാനഘടനയില്‍ നിന്നുകൊണ്ടു തന്നെ അതിന് ഹാസ്യത്തിന്റെ ആവരണം നല്‍കുക എന്നത്. പ്രത്യക്ഷത്തില്‍ ചിരിപ്പിക്കുന്ന ഒട്ടുവളരെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുണ്ടെങ്കിലും അവയില്‍ പലതും ഒട്ടേറെ അടരുകളുള്ള, സങ്കീര്‍ണമായ അര്‍ത്ഥവ്യാപ്തിയുള്ളവയാണ്. മുത്തശ്ശിക്കഥയുടെ ആഖ്യാനശൈലിയില്‍ യഥാതഥത്വം ചാലിച്ച ആവിഷ്‌കാരശൈലിയില്‍ ലാക്ഷണികപ്രധാനമായ സാമൂഹികവിമര്‍ശനം കൂടി ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് മഹാവീര്യറുടെ പ്രത്യേകത.
രണ്ടു മണിക്കൂര്‍ 20 മിനിറ്റ് അതിസങ്കീര്‍ണവും മായികവുമായൊരു അന്തരീക്ഷത്തില്‍ ശ്രദ്ധതെറ്റാതെ പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ചെറിയ കാര്യമല്ല. മലയാള സിനിമ കാണാന്‍ തീയറ്ററുകളില്‍ പ്രേക്ഷകരെത്താന്‍ വൈമുഖ്യം കാട്ടുന്ന കാലത്ത് തീയറ്ററില്‍ തന്നെ കാണേണ്ട സിനിമയെന്ന് മഹാവീര്യറെ നിസംശയം വിശേഷിപ്പിക്കാം. ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകങ്ങള്‍ ഇഷാന്‍ ഛബ്രയുടെ ഗാനസംഗീതവും സെല്‍വരാജ് ചന്ദ്രുവിന്റെ ഛായാഗ്രഹണവുമാണ്. ചിത്രത്തില്‍ അധികമായി തോന്നിച്ച ഏക ഘടകം ചിലയിടത്ത് കുറേക്കൂടി സൗമ്യമാക്കാമായിരുന്ന പശ്ചാത്തല സംഗീതമാണ്.
നിവിന്‍ പോളി, ആസിഫലി, ലാല്‍, സിദ്ധീഖ് തുടങ്ങി ഒട്ടുവളരെ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്താല്‍ സമ്പുഷ്ടമാണെങ്കിലും സമകാലിക മലയാള സിനിമയില്‍ താരങ്ങളെ അപ്രസക്തമാക്കി പ്രമേയത്തിന്റെയും ഇതിവൃത്തത്തിന്റെയും ബലത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയ്ക്ക് മഹാവീര്യര്‍ ശ്രദ്ധയര്‍ഹിക്കുന്നു.
No comments:
Post a Comment