എ.ചന്ദ്രശേഖര്‍
ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തിന് വ്യാഖ്യാനമെഴുതിയ അഭിനവഗുപ്തന്‍ (എ.ഡി. 960-1030) നടനെ 'പാത്ര'മായിട്ടാണ് നിര്‍വചിക്കുന്നത്. 'നടന്‍' 'വാഹക'നാണ്. വഹിക്കുന്നത് എന്തോ അതാണ് 'പാത്രം!' ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളത് എന്നര്‍ത്ഥം. ഈ തത്വം വിശദമാക്കാന്‍ അദ്ദേഹം പാത്രത്തെയും വീഞ്ഞിനെയും ഉദാഹരിക്കുന്നു. ഒരു പാത്രത്തില്‍ വീഞ്ഞെടുത്താല്‍ എത്ര സമയം കഴിഞ്ഞാലും പാത്രം പാത്രമായും വീഞ്ഞ്വീഞ്ഞായും വര്‍ത്തിക്കുന്നു. പാത്രം വീഞ്ഞു കുടിക്കുന്നില്ല. വീഞ്ഞും പാത്രവും രണ്ടായിത്തന്നെ നില്ക്കുന്നു. അഭിനവഗുപ്തന്റെ വ്യാഖ്യാനപ്രകാരം, നടനൊരിക്കലും കഥാപാത്രവുമായി താദാത്മ്യപ്പെടുന്നില്ല. അയാള്‍ ഒരേ സമയം, 'നടനും' 'കഥാപാത്ര'വുമായി വര്‍ത്തിക്കുന്നു. നടന്‍ രസാസ്വാദനത്തിന്റെ ഒരു ഉപകരണം മാത്രം. ''ഒരു നടന്‍ രാജാവിനെപ്പോലെ വിശേഷപ്പെട്ട വസ്ത്രം ധരിക്കുന്നു. അയാള്‍ രാജാവ് തന്നെയെന്ന്പ്രേക്ഷകര്‍ വിചാരിക്കുന്നു. എന്നാല്‍, താന്‍ രാജാവാണെന്ന്, നടന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല.'' എന്നു 'ഭാഗവതപുരാണം' പറയുന്നു.
ജര്‍മന്‍ നാടകസൈദ്ധാന്തികനായിരുന്ന ബര്‍ട്ടോള്‍ഡ് ബ്രഷ്റ്റ് (ആലൃീേഹ േആൃലരവ)േ നടനെയും കഥാപാത്ര ത്തെയും രണ്ടായിതന്നെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച്, നടന്‍ എപ്പോഴും വേഷത്തില്‍ നിന്ന് അകലം പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരാള്‍ ഷെയ്ക്സ്പിയറുടെ 'മാക്ബത്ത'് നാടകത്തിലെ മാക്ബത്തായി അഭിനയിക്കുമ്പോള്‍, അയാള്‍ ഒരിക്കലും മാക്ബത്തായി മാറുന്നില്ല. താന്‍ മാക്ബത്താണെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കുകയാണയാള്‍. അഭിനയത്തെക്കുറിച്ചുള്ള ഈ രണ്ടു സിദ്ധാന്തങ്ങളും ഒരു കാര്യത്തില്‍ ഐക്യപ്പെടുന്നു. അതായത് നടന്‍ പ്രേക്ഷകനെ കഥാപാത്രമായി വിശ്വസിപ്പിക്കണം.അങ്ങനെ കഥാപാത്രത്തെ തന്നിലേക്കാവഹിച്ച് അനന്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച സമാനതകളില്ലാത്ത നടനായിരുന്നു നെടുമുടി വേണു.
ഏറെ താളബദ്ധമായ അവനവന്‍ കടമ്പ പോലുള്ള നാടകങ്ങളും സിനിമയിലെ നൂറുകണക്കിനു വേഷപ്പകര്‍ച്ചകളും കണ്ടിട്ടുള്ളൊരു പ്രേക്ഷകന് നെടുമുടി വേണു എന്ന അഭിനേതാവിന്റെ നടനശൈലിയെ താളവാദ്യമായ മൃദംഗത്തോടാണ് താരതമ്യപ്പെടുത്താന്‍ തോന്നുക.ചെണ്ടയ്ക്കുള്ളത്ര ആസുരശബ്ദമല്ല മൃദംഗത്തിന്റേത്. അതിമൃദുവായ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന താളവാദ്യമാണത്. മൃദുവായ അംഗം എന്നതില്‍ നിന്നാണ് മൃദംഗത്തിന്റെ പേരുതന്നെ. എന്നാല്‍ സംഗീതക്കച്ചേരിയില്‍ തിഞ്ഞ സ്ഥായിയില്‍ മൃദംഗം നിര്‍വഹിക്കുന്ന താളപൂര്‍ണത, ഭാവദീപ്തി അനന്യമാണ്.തനയിവാര്ത്തനത്തിലേ ക്കുള്ള ലയവിന്യാസത്തില്‍ താളപ്പെരുക്കത്തിന്റെ രസികത്തം മുഴുവന്‍ അതു പ്രകടമാക്കുകയും ചെയ്യും. നെടുമുടി വേണു എന്ന നടനും ഇതുപോലെയായിരുന്നു. ലൗഡ് ആക്ടിങ്ങി (ഘീൗറ അരശേിഴ) നോട് ഒരിക്കലും സമരസപ്പെട്ടിട്ടുള്ളൊരു നടനായിരുന്നില്ല അദ്ദേഹം. മറിച്ച്, സര്‍ട്ടിള്‍(ടൗയഹേല) സബ്ലൈം(ടൗയഹശാല) എന്നൊക്കെ വിവക്ഷിക്കാനാവുന്നവിധത്തില്‍ കഥാപാത്രങ്ങളെ തന്നിലേക്കാവഹിക്കുന്ന നടനകൗശലമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.അതില്‍ മൃദംഗത്തിലൂടെന്നോണം മന്ദതാളത്തില്‍ തുടങ്ങി ധൃതതാളത്തിലേക്കു വളരുന്ന സ്വാഭാവിക കാലപ്രമാണത്തിന്റെ വൈവിദ്ധ്യവും വൈരുദ്ധ്യവും അദ്ദേഹം കാത്തുസൂക്ഷിച്ചു.
മലയാള സിനിമയ്ക്ക് നെടുമുടി വേണു ആരായിരുന്നു എന്ന് അന്വേഷിക്കുമ്പോള്‍, വേണുവിന് സിനിമ എന്തായിരുന്നു എന്നൊരു മറുചോദ്യം പ്രസക്തമാണ്. ജന്മം കൊണ്ടു പ്രതിഭയായിരുന്ന ഒരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ് നെടുമുടിക്കാര്‍ക്കിടയില്‍ 'ശശി' എന്നറിയപ്പെട്ട വേണുഗോപാല്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതൊക്കെയും. ആധുനികത ഒരു പ്രസ്ഥാനമായി സ്വാധീനമാര്‍ജിക്കുന്ന കാലത്ത് പരമ്പരാഗത കലകളെ ആധുനികമായി വിന്യസിച്ചുകൊണ്ട് അവതരണങ്ങള്‍ സാധ്യമാക്കുന്നതെങ്ങനെ എന്ന് അന്വേഷിച്ചിരുന്നവരുടെ കൂട്ടത്തില്‍ വേണുവുണ്ടായിരുന്നു. സഹപാഠിയായിരുന്ന ഫാസിലിനൊപ്പം കലാലയവേദികളിലും പിന്നിലും സജീവമായിരുന്നു. കുടുംബപാരമ്പര്യവഴിയില്‍ സ്വായത്തമാക്കിയ ശാസ്ത്രീയ വാദ്യോപകരണങ്ങളിന്മേലുള്ള വഴക്കം, കവിതയോടും നാടകത്തോടുമുള്ള കമ്പം... പഠനാനന്തരം സമാന്തര കോളജില്‍ അധ്യാപകവേഷത്തിലും പിന്നീട് 'കലാകൗമുദി'യുടെ സാംസ്‌കാരികലേഖകനെന്ന നിലയിലും വേണുഗോപാല്‍ എന്ന യുവാവിന് ശ്രദ്ധേയമായ സംഭവാനകള്‍ കാഴ്ചവയ്ക്കാന്‍ ഇതൊക്കെ പേശീബലമേകിയെന്നത് മറന്നുകൂടാ.
തിരുവനന്തപുരത്തെ 'നികുഞ്ജം' കൂട്ടായ്മയുടെ (നികുഞ്ജം കൃഷ്ണന്‍നായര്‍ എന്ന കലാരസികന്‍ നടത്തിയിരുന്ന വഴുതയ്ക്കാട്ട് ടാഗോര്‍ തീയറ്ററിനെതിര്‍വശത്തുള്ള ഈ ഹോട്ടലായിരുന്നു എഴുപതുകളിലെ തിരുവനന്തപുരത്തിന്റെ സാംസ്‌കാരികസായാഹ്നങ്ങളെ കൊഴുപ്പിച്ച സര്‍ഗാത്മകത്താവളം)ഭാഗമായിരിക് കെയാണ് ജി.അരവിന്ദന്റെ 'തമ്പി'ലൂടെ വേണുഗോപാല്‍ നെടുമുടി വേണുവായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നുവരെ പ്രേക്ഷകന്‍ കണ്ടുവന്ന നായകസ്വത്വത്തോട് ഒരുതരത്തിലും ഒത്തുപോകുന്ന രൂപമായിരുന്നില്ല വേണുവിന്റേത്. ഭരതന്റെ 'ആരവ'ത്തിലെ 'മരുതി'നും വ്യവസ്ഥാപിത താരത്തിന്റെ രൂപഭാവങ്ങളായിരുന്നില്ല. സത്യന്‍ നസീര്‍മധുമാരിലൂടെ, സോമന്‍സുകുമാരന്‍ എന്നിവരിലൂടെയെല്ലാം മലയാളി ശീലിച്ച താരസങ്കല്‍പങ്ങളെ കുടഞ്ഞുകളയുന്ന നടനശൈലി. തനതുനാടകവേദിയുടെ താളച്ചുവടുകളുടെ മെയ്‌വഴക്കം, അന്യാദൃശമായ സംഭാഷണശൈലി...ഇതൊക്കെ വേണുവിന്റെ സവിശേഷതകളായി പ്രേക്ഷകര്‍ വേഗം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് പിന്നീട്, മോഹന്‍ലാല്‍-മമ്മൂട്ടി താരദ്വയത്തിന്റെ മഹാസ്വാധീനത്തിനിടയിലും നെടുമുടി വേണുവും ഭരത് ഗോപിയും തിലകനുമൊക്കെ വേറിട്ട നടനത്തികവിന്റെ അസ്തിത്വമായി നിലകൊണ്ടത്. എഴുപതുകള്‍ ഇന്ത്യന്‍ സാംസ്‌കാരികരംഗത്തിനു സംക്രമിപ്പിച്ച ആധുനികതയിലൂന്നിയ നവഭാവുകത്വത്തിന്റെ സ്വാഭാവിക പരിണതി. സാഹിത്യത്തിലും കലകളിലുമെല്ലാം ആ ഭാവുകത്വപരിണതി പ്രതിഫലിച്ചു. സിനിമയില്‍ സത്യജിത് റേയ്ക്കു ശേഷമുണ്ടായ നവതരംഗത്തിന്റെ സ്വാധീനം ഘടനയിലും രൂപത്തിലും ഉള്ളടക്കത്തിലും മാത്രമല്ല താരപ്രതിച്ഛായകളിലും പ്രകടമായി. ഹിന്ദിയില്‍ നസീറുദ്ദീന്‍ ഷാ, ഓം പുരി, സ്മിത പാട്ടില്‍, ശബാന ആസ്മിമാര്‍ നടത്തിയ വിഗ്രഹഭഞ്ജനം മലയാള സിനിമയില്‍ പിന്തുടര്‍ന്നത് ഭരത് ഗോപി-നെടുമുടിവേണു-തിലകന്‍- ജലജമാരിലൂടെയായിരുന്നു. കണ്ടുശീലിച്ച താരസ്വത്വങ്ങളുടെ മുഖകാന്തിക്കും ആകാരസൗഷ്ഠവത്തിനുമപ്പുറം ഒരിക്കലും ഒരു ചലച്ചിത്രനായകകര്‍തൃത്ത്വിന് അന്നേവരെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത മുഖവും ശരീരവും കൊണ്ട് ഗോപിയും നെടുമുടിയും തിലകനും മറ്റും നിര്‍മിച്ചെടുത്തത് പ്രതിഭയില്‍ സ്ഫുടം ചെയ്‌തെടുത്ത നടനമാതൃകകളാണ്. കല/കമ്പോള വേര്‍തിരിവുകള്‍ക്കുപരിയായി സ്വാഭാവികവും നൈസര്‍ഗികവുമായ അഭിനയശൈലികളിലൂടെ പുത്തന്‍ തിരമാതൃകകള്‍ തന്നെയാണ് അവര്‍ അവതരിപ്പിച്ചത്. അതിനവര്‍ക്ക് തനത്-പ്രൊഫഷണല്‍ നാടകക്കളരിയിലെ ദീര്‍ഘാനുഭവങ്ങളുടെ സാംസ്‌കാരിക പിന്‍ബലവുമുണ്ടായിരുന്നു. ഒരേ സമയം താരനിരാസത്തിനും നവതാരനിര്‍മ്മിതിയ്ക്കുമാണ് നെടുമുടി വേണുവും ഗോപിയുമടങ്ങുന്ന പ്രതിഭാശാലികള്‍ ചുക്കാന്‍ പിടിച്ചത്.
ഒരു പക്ഷേ സ്വന്തം പ്രായത്തിനപ്പുറം തന്റെ ഇരുപതുകളില്‍തന്നെ എണ്‍പതും തൊണ്ണൂറും വയസുള്ള കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിച്ചത് നെടുമുടി വേണു എന്ന ചലച്ചിത്രനടനെ 'ടൈപ് കാസ്റ്റിങി'ന് ഇരയാക്കിയെന്നു നിരീക്ഷിച്ചാല്‍ തെറ്റില്ല. വേണു തന്നെ കഥയെഴുതി ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത 'അമ്പട ഞാനേ!' ആണ് വൃദ്ധവേഷത്തിലുള്ള വേണുവിന്റെ ശ്രദ്ധേയമായ വേഷപ്പകര്‍ച്ച. സ്വന്തം പ്രായത്തേക്കാള്‍ ഒന്നരയിരട്ടിയെങ്കിലും പ്രായമുള്ള മുത്തച്ഛന്റെ വേഷം. സത്യന്‍ അന്തിക്കാടിന്റെ 'കുറുക്കന്റെ കല്യാണം,' 'മണ്ടന്മാര്‍ ലണ്ടനില്‍,' 'അപ്പുണ്ണി,' ഹരികുമാറിന്റെ 'സ്‌നേഹപൂര്‍വം മീര,' ഭരതന്റെ 'ആരോഹണം,' 'പാളങ്ങള്‍,''മര്‍മ്മരം, മോഹന്റെ 'വിടപറയുംമുമ്പേ,' 'ഒരു കഥ ഒരു നുണക്കഥ,' 'രചന,' കെ.ജി.ജോര്‍ജിന്റെ 'യവനിക,' ഐ വി ശശിയുടെ 'ആരൂഢം' തുടങ്ങിയ ചിത്രങ്ങളില്‍ പ്രായത്തിനൊത്ത വേഷങ്ങളില്‍ നായകതുല്യം തിളങ്ങുന്ന കാലത്തു തന്നെയാണ് പ്രതിച്ഛായ എന്നൊരു ചട്ടക്കൂട്ടില്‍ സ്വയം തളച്ചിടാന്‍ വിസമ്മതിച്ച് വേണുവിലെ നടന്‍ പ്രായത്തില്‍ മാത്രമല്ല, നായകത്വത്തില്‍ നിന്നുപോലും കുതറിമാറി നടന്‍ എന്ന നിലയ്ക്ക് തനിക്കു വെല്ലുവിളിയാകുന്ന, ഗൗരവമായി എന്തെങ്കിലും ചെയ്യാനാവുന്ന ഉപ/സഹ വേഷങ്ങള്‍ സ്വീകരിക്കുന്നത്. 'ചാമര' ത്തിലെ ഫാദര്‍ നെടുമുടിയും 'തകര'യിലെ ചെല്ലപ്പനാശാരിയും അക്കാലത്ത് നായകവേഷം ചെയ്തിരുന്ന ഒരു നടനും ഏറ്റെടുക്കുമായിരുന്ന കഥാപാത്രങ്ങളല്ല.
എന്നാല്‍ സ്വഭാവവേഷങ്ങളിലേക്ക്, വിശേഷിച്ചും അച്ഛന്റെ, അമ്മാവന്റെ, മുത്തച്ഛന്റെ, സഹോദരന്റെ സാത്വിക വേഷപ്പകര്‍ച്ചയിലേക്കുള്ള ടൈപ്പ്കാസ്റ്റിങിന്റെ തനിയാവര്‍ത്തനം അദ്ദേഹത്തില്‍ നിന്ന് നമുക്ക് നഷ്ടമാക്കിയത് അതിലും വെല്ലുവിളികളായ വേഷങ്ങളെയാണ്. 'ചമ്പക്കുളം തച്ചനി'ലെ കൊടുംവില്ലന്‍ കുട്ടിരാമനെയും 'ഒരു കഥ ഒരു നുണക്കഥ'യിലെ കുശുമ്പനായ അപ്പുനായരെയും, 'വന്ദന'ത്തിലെ പ്രതികാരദാഹിയായ സൈക്കോപാത്ത് പ്രൊഫ. കുര്യന്‍ ഫെര്‍ണാണ്ടസും, 'വൈശാലി'യിലെ രാജഗുരുവും,'ഈ തണുത്തവെളുപ്പാന്‍കാല'ത്തിലെ വാര്യരും, 'താളവട്ട'ത്തിലെ ഡോ. ഉണ്ണികൃഷ്ണനും, 'കള്ളന്‍ പവിത്ര'നും തമിഴിലെ 'ഇന്ത്യന്‍' എന്ന സിനിമയിലെ സിബിഐ ഉദ്യോഗസ്ഥന്‍ കൃഷ്ണസ്വാമിയും, 'ഉയരങ്ങളി'ലെ ഡ്രൈവര്‍ ജോണിയും പോലുള്ള വേഷങ്ങള്‍ മാത്രം മതി, 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'മടക്കം എത്രയോ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട വൃദ്ധവേഷങ്ങള്‍ നഷ്ടപ്പെടുത്തിയ പ്രതിഭ തിരിച്ചറിയാന്‍.
ഇവിടെയും എടുത്തുപറയേണ്ട ഒരു കാര്യം, വൃദ്ധവേഷങ്ങളുടെ ഈ തനിയാവര്‍ത്തനങ്ങള്‍ക്കിടയിലും തന്റേതായ നടനമികവു കൊണ്ട് അവയ്‌ക്കൊക്കെയും വേറിട്ട പാത്രവ്യക്തിത്വവും അസ്തിത്വവും നല്‍കാന്‍ അദ്ദേഹത്തിനായി എന്നതാണ്. അങ്ങനെ പ്രതിഭയൂറുന്ന നടന്‍ എന്ന നിലയ്ക്ക് വേണു എന്ന പ്രതിഭാസത്തെ അടയാളപ്പെടുത്തുന്നതാണ് 'ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തിലെ രാവുണ്ണി നായരും 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ മഹാരാജാവും 'ഓടരുതമ്മാവാ ആളറിയാമി'ലെ റിട്ടയേഡ് പട്ടാളക്കാരനും, 'സര്‍ഗ'ത്തിലെയും 'ഭരത'ത്തിലെയും രാമനാഥനും, 'പൂച്ചയ്‌ക്കൊരുമുക്കൂത്തി'യിലെ രാവുണ്ണി മേനോനും 'ദേവാസുര'ത്തിലെ നമ്പീശനുമടക്കം ഓര്‍മയില്‍ അസ്തമിക്കാതെ നില്‍ക്കുന്ന നരവീണ കഥാപാത്രങ്ങള്‍! നെടുമുടി വേണു എന്നൊരു നടനില്ലായിരുന്നെങ്കില്‍ പ്രിയദര്‍ശന്റെ 'ഓടരുതമ്മാവാ ആളറിയാം' പോലൊരു സിനിമ ഈ രൂപത്തില്‍ ഉണ്ടാവുമായിരുന്നോ എന്നതും സംശയം. 'കമലദള'ത്തില്‍ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള കലാകേന്ദ്രം സെക്രട്ടറിയുടെ ദുഷിപ്പും കുന്നായ്മയും ഇരകളില്‍ ഒന്നോ രണ്ടോ സീനില്‍ വന്നു പോകുന്ന ആന്‍ഡ്രൂസിന്റെ ദൈന്യതയും നാം ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍, 'മിഥുന'ത്തിലെ മന്ത്രവാദിയെ ചുണ്ടിലൊരു പുഞ്ചിരിയോടെ നെഞ്ചിലേറ്റിയിട്ടുണ്ടെങ്കില്‍ അതൊക്കെ അനുഗ്രഹീതമായ അഭിനയത്തികവിന് പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരമായിത്തന്നെ കാണേണ്ടതുണ്ട്. 'ചിത്രം' എന്ന സിനിമയില്‍ ശാസ്ത്രീയസംഗീതം പാടിയഭിനയിച്ച മോഹന്‍ലാലിന്റെ സ്വാഭാവികഭാവപ്പകര്‍ച്ച ഏറെ പ്രശംസ നേടിയിട്ടുളളതാണ്. എന്നാല്‍ ആ രംഗത്തു മൃദംഗം വായിച്ച നെടുമുടിവേണു അഭിനയിക്കുകയായിരുന്നില്ല എന്നറിയുന്നവര്‍ കുറയും. ശ്രീകുമാരന്‍ തമ്പിയുടെ ദേശീയബഹുമതി നേടിയ 'ഗാനം' എന്ന ചിത്രത്തിലെ മൃദംഗവിദ്വാന്‍ ശ്രദ്ധിക്കപ്പെട്ടതും വാദ്യത്തില്‍ വേണുവിനുള്ള കൈത്തഴക്കത്തിലൂടെതന്നെ.
'അവനവന്‍ കടമ്പ'യിലെ പാട്ടുപരിഷയെ കയ്യാളിയ ആളു തന്നെയാണോ 'വിടപറയും മുമ്പേ'യില്‍ ഒപ്പം നിന്ന ഭരത് ഗോപിയെയും പ്രേംനസീറിനെയും പിന്തള്ളിയ സേവ്യറേയയും, 'രചന'യില്‍ ശ്രീവിദ്യയോടും ഭരത്‌ഗോപിയോടും മത്സരിച്ച അച്ച്യുതനുണ്ണിയേയും 'ആലോല'ത്തില്‍ കെ.ആര്‍ വിജയയ്ക്കും ഭരത് ഗോപിക്കും ഒപ്പം മത്സരിച്ച വിടനായ തമ്പുരാനെയും കെ.പി.കുമാരന്റെ 'രുഗ്മിണി'യിലെ മധ്യവയസ്‌കനായ കാമുകനെയും, 'ഒരിടത്തി'ലെ വൈദ്യുതബോര്‍ഡ് ഉദ്യോഗസ്ഥന്‍ സുന്ദരേശനെയും അവതരിപ്പിച്ചത് എന്നു പ്രേക്ഷകര്‍ ഒരു നിമിഷം സന്ദേഹിച്ചാല്‍ നടന്‍ എന്ന നിലയ്ക്ക് നെടുമുടി വേണുവിന്റെ വിജയമാണത്. കുട്ടനാട്ടുകാരനായ വേണു 'ഒരിടത്തി'ല്‍ മൊഴിയാടിയ തെക്കന്‍ തിരുവിതാംകൂര്‍ ഭാഷണഭേദം ചരിത്രമാണ്.സമാന്തര സിനിമകളില്‍ അരവിന്ദന്റെയും ടിവി ചന്ദ്രന്റെയും ഭരതന്റെയും മോഹന്റെയും കെ.ജി.ജോര്‍ജിന്റെയും മറ്റും സിനിമകളില്‍ പകര്‍ന്നാടാനായ വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളോളം തന്നെ മുഖ്യധാരയില്‍ ഐവിശശിയുടെയും പ്രിയദര്‍ശന്റെയും സിബി മലയിലിന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കും നെടുമുടി പ്രാമുഖ്യം നല്‍കി. 'ആരൂഡ'ത്തിലെ തമ്പുരാനും പ്രിയന്‍ സിനിമകളിലെ ഹാസ്യവേഷങ്ങളും ഫാസില്‍ സിനിമകളിലെ വേഷങ്ങളും ഈ നീരീക്ഷണം സാധൂകരിക്കും.ഭാവാഭിനയത്തില്‍ വേണുവിന്റെ അനന്യശൈലി അത്ഭുതാവഹമായിരുന്നു. ഒരു നോട്ടം കൊണ്ടും കണ്ണിന്റെ ചലനം കൊണ്ടും ചുണ്ടില്‍ ഉറഞ്ഞുകൂടുന്ന ചിരിയുടെ തരി കൊണ്ടും അദ്ദേഹം രംഗത്തിനാവശ്യമായ വികാരപൂര്‍ണത സംക്രമിപ്പിച്ചു. ചമ്മല്‍ എന്ന വികാരം ഇത്രമേല്‍ സാര്‍ത്ഥകമായി, സ്വാഭാവികമായി അവതരിപ്പിക്കാന്‍ നെടുമുടിവേണുവിനോളം മറ്റൊരു നടനുണ്ടോ എന്നുപോലും സന്ദേഹമുണ്ട്.
ഇങ്ങനൊരു നടനു പകരം മറ്റാരെ വച്ചഭിനയിപ്പിക്കും എന്ന് മറുഭാഷാ ചലച്ചിത്രകാരന്മാര്‍ക്കുവരെ സന്ദേഹം തോന്നിപ്പിക്കുന്ന പാത്രത്തികവാണ് നെടുമുടിവേണുവിന്റെ പ്രതിഭ അവശേഷിപ്പിച്ചിട്ടുള്ളത്.അതില്‍ തീര്‍ച്ചയായും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഒരു പറ്റം അഭിനേതാക്കളും അവരുടെ പ്രതിഭകളെ പരമാവധി ഉപയോഗപ്പെടുത്തുംവിധം കഥയും തിരക്കഥയുമൊരുക്കാന്‍ സന്നദ്ധരായ സംവിധായകരുമെല്ലാം തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. 'പഞ്ചവടിപ്പാലം,' 'പുന്നാരം ചൊല്ലിച്ചൊല്ലി,' 'ആലോലം,' 'പാളങ്ങള്‍,' 'രചന', 'മര്‍മ്മരം' 'സുസന്ന' തുടങ്ങി പല സിനിമകളും ഭരത് ഗോപിയുടെയും നെടുമുടിവേണുവിന്റെയും തീ പാറുന്ന അഭിനയത്തികവിന്റെ ഉരകല്ലായിത്തീര്‍ന്നു എന്നതാണ് വാസ്തവം.
നടന്‍ എന്ന നിലയ്ക്കുപരി നെടുമുടി വേണുവിനെ ചലച്ചിത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടത് പ്രതിഭാധനനായൊരു സംവിധായകനായിക്കൂടിയാണെന്നാണ് എന്റെ പക്ഷം. കമ്പോള വിജയമായില്ലെങ്കിലും തിരക്കഥാകൃത്തും സംവിധായകനുമെന്ന നിലയ്ക്ക് ജീവതം കൊണ്ടാര്‍ജ്ജിച്ച ചലച്ചിത്രാവബോധം പ്രകടമാക്കിയ ചിത്രമായിരുന്നു 'പൂരം.' അരങ്ങേറ്റ സിനിമയായ 'തമ്പി'ലെന്നോണം നിളയുടെ തീരത്ത് തമ്പടിക്കുന്നൊരു സഞ്ചരിക്കുന്ന തനതു നാടകവേദിയുടെയ പശ്ചാത്തലത്തില്‍ ആര്‍ദ്രമായൊരു പ്രണയകഥയായിരുന്നു 'പൂരം.' പില്‍ക്കാലത്ത് നായികനിരയില്‍ ശ്രദ്ധിക്കപ്പെട്ട മാതുവിന്റെ അരങ്ങേറ്റ സിനിമകൂടിയായിരുന്നു അത്. മദ്യപനായൊരു നാടകനടനെ സ്വയം അവതരിപ്പിച്ച 'പൂര'ത്തില്‍ തന്നേക്കാള്‍ പ്രാധാന്യമുള്ളൊരു പ്രധാനവേഷത്തില്‍ തിലകനെ അവതരിപ്പിക്കാന്‍ കാണിച്ച ആര്‍ജ്ജവമാണ് നെടുമുടി എന്ന സംവിധായകന്റെ കരുത്ത്. നാടകത്തിന്റെ അംശങ്ങള്‍ സിനിമയുടെ ദൃശ്യപരിചരണത്തിലേക്ക് വിദഗ്ധമായി വിളക്കിച്ചേര്‍ത്ത 'പൂര'ത്തില്‍ കൃതഹസ്തനായൊരു ചലച്ചിത്രകാരന്റെ പ്രതിഭയുടെ പകര്‍ന്നാട്ടം കാണാം. സ്വന്തം തിരക്കഥയില്‍ നിന്ന്, സ്വന്തം സങ്കല്‍പത്തിനൊത്തൊരു സിനിമയാണ് അദ്ദേഹം അണിയിച്ചൊരുക്കിയത്. കാലം തെറ്റി അഥവാ കാലത്തിനു മുന്നേ പിറന്ന സിനിമയായിരുന്നു 'പൂരം.' അതുകൊണ്ടാണ് അര്‍ഹിക്കുന്ന അംഗീകാരം അതു നേടാതെ പോയത്.
മലയാള ടെലിവിഷനിലെ ആദ്യ പരമ്പരകളില്‍ ഒന്നായ 'കൈരളി വിലാസം ലോഡ്ജ്' സംവിധാനം ചെയ്തതും നെടുമുടിയാണെന്ന് എത്രപേര്‍ ഓര്‍ക്കുമെന്നറിയില്ല. സഖറിയയുടെ കഥയെ അതിജീവിച്ച് വേണു നാഗവള്ളി, ജഗദീഷ്, നെടുമുടി തുടങ്ങി ഒരു വന്‍ താരനിര തന്നെ പ്രത്യക്ഷപ്പെട്ട 13 എപ്പിസോഡില്‍ പൂര്‍ത്തിയായ 'കൈരളി വിലാസ'മാണ് മലയാളത്തിലെ ആദ്യത്തെ സിറ്റ്വേഷന്‍ കോമഡി പരമ്പര.
തൊഴിലാണ് രാഷ്ട്രീയപ്രവര്‍ത്തനമായി അദ്ദേഹം കണ്ടത് എന്നു തോന്നുന്നു. കാരണം നെടുമുടി വേണുവിന്റെ പേര് എക്കാലത്തും മാറുന്ന ഭാവുകത്വത്തോടൊപ്പമാണ് കൂട്ടിവായിക്കപ്പെട്ടിട്ടുള്ളത് . അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും തുടങ്ങി പുതുതലമുറയില്‍ ആഷിഖ് അബുവിനും (ആണും പെണ്ണും), പിങ്കു പീറ്ററിനും (യുവം) വരെ നെടുമുടിയെന്ന നടന്‍ ഒരുപോലെ സ്വീകാര്യനായത് ഭാവുതത്വമാറ്റത്തിനൊത്ത് അദ്ദേഹത്തിലെ അഭിനേതാവിനുള്ള സമ്മതിയുടെ ലക്ഷണം തന്നെയായി മാത്രമേ വായിക്കാനാവൂ. അത്തരമൊരു വായനതന്നെയാണ് നെടുമുടി വേണു എന്ന നടനെ മലയാള സിനിമയുടെ ചരിത്രത്തില്‍ നിഷ്പക്ഷമായി അടയാളപ്പെടുത്തുന്നതിലുള്ള നേരും.
No comments:
Post a Comment