Sunday, March 27, 2022
ആടിത്തിമിര്‍ത്ത വേഷപ്രകാരം
സഹദേവന്‍ സാര്‍ ദീപ്തസൗമ്യമായ ഓര്‍മ്മകള്‍
എ.സഹദേവന്‍ എന്നു ധാരാളം കേട്ടിട്ടുണ്ടെങ്കിലും വായിച്ചിട്ടുണ്ടെങ്കിലും സഹദേവന്‍ സാറിനെ നേരില്‍ കാണുന്നത് തൃശൂരില്‍ 1998ലോ 99ലോ നടന്ന കേരള യുണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സിന്റെ സംസ്ഥാന സമ്മേളനത്തിലാണ്. നേരിട്ടു പരിചയപ്പെട്ടൊന്നുമില്ല. പിന്നീട് അദ്ദേഹത്തെ പരിചയപ്പെടുന്നത്, ഫോണിലൂടെ അടുത്തിടപഴകുന്നത് അദ്ദേഹം കോഴിക്കോട്ട് ചിത്രഭൂമിയുടെ പത്രാധിപരായിരിക്കെ, ഞാന്‍ മനോരമ വിട്ട് തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ ചീഫ് സബ് എഡിറ്ററായിരിക്കുമ്പോഴാണ്. സഹപ്രവര്‍ത്തക കൂടിയായ ഡോ രാധിക സി നായരുടെ ഭര്‍ത്താവും ദീര്‍ഘകാല സുഹൃത്തുമായ മാതൃഭൂമിയിലെ പത്രാധിപസമതിയംഗം ഡോ പി.കെ.രാജശേഖരനാണ് സിനിമയെപ്പറ്റി ഭ്രാന്തെടുത്ത് എഴുതിയിരുന്ന എന്നെ സഹദേവന്‍ സാറിന് പരിചയപ്പെടുത്തുന്നത്. അങ്ങനെ ഒരു ദിവസം അദ്ദേഹത്തെ വിളിക്കാന്‍ പറഞ്ഞതനുസരിച്ച് ശാസ്തമംഗലത്തെ വെബ് ലോകം ഓഫീസില്‍ നിന്നാണ് വിളിച്ചത്. സൗമ്യമധുരമായ ശബ്ദത്തില്‍ ചിത്രഭൂമിക്കു വേണ്ടി അത്യാവശ്യം ഒരു മുഖലേഖനം എഴുതിക്കൊടുക്കാമോ എന്നു ചോദിച്ചു. അന്ന് ചര്‍ച്ചയില്‍ നിറഞ്ഞ താരാധിപത്യത്തെപ്പറ്റിയായിരുന്നു എഴുതേണ്ടത്. ഒരു ദിവസത്തിനകം വേണം. പിറ്റേന്ന് പ്രസില്‍ പോകേണ്ടതാണ്. ഞാന്‍ സമ്മതിച്ചു. അക്കാലത്ത് വരമൊഴി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ ലിപിയായ മാറ്റ് വെബിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് പ്രേക്ഷകര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ എന്നൊരു ലേഖനം എഴുതി മെയില്‍ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. സഹദേവന്‍ സാറാണ്. ഇതെങ്ങനെ മാതൃഭൂമിയു
ടെ ലിപി കിട്ടിയെന്നാണറിയേണ്ടത്. ലേഖനം നന്നായിരിക്കുന്നു എന്നും പറഞ്ഞു. പിറ്റേലക്കത്തില്‍ കവറില്‍ പേരൊക്കെ വച്ചാണ് ലേഖനം വന്നത്. പക്ഷേ ഒരു തെറ്റുപറ്റി. എന്റെ ഇനിഷ്യല്‍ എ എന്നതിനുപകരം എസ് ആയിപ്പോയി. സങ്കോചത്തോടെ ഒരു എസ് എം എസ് അയച്ചപ്പോള്‍ വിളിച്ചു ക്ഷമ ചോദിച്ചു. ആ ലേഖനത്തിന് ആ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കിട്ടി. തുടര്‍ന്നും ചിത്രഭൂമയില്‍ തുടര്‍ച്ചയായി എഴുതിപ്പിച്ചു. മലയാളത്തിലെ ഹാസ്യത്തിലേക്കു ചേക്കേറിയ വില്ലന്‍ നടന്മാരെപ്പറ്റി മൂന്നോ നാലോ ലക്കം നീണ്ട ഒരു പരമ്പര തന്നെ ചെയ്തു.
ഇതിനിടെ ഒരിക്കല്‍ തിരുവനന്തപുരത്തു വന്നപ്പോള്‍, അന്നു മാതൃഭൂമി ബുക്‌സിലുണ്ടായിരുന്ന ഇപ്പോള്‍ ചിന്ത പബ്‌ളീഷേഴ്‌സിന്റെ മാര്‍ക്കറ്റിങ് മാനേജറായ സുഹൃത്തും സഹപാഠിയുമായ ഗോപിനാരായണനോടൊത്ത് ഒരിക്കല്‍ എന്റെ തറവാട്ടില്‍ വന്നു.നേരില്‍ കാണാനും പരിചയപ്പെടാനും, ചില കൂട്ടാളികളുമായി പദ്ധതിയിട്ടിരുന്ന ഏതോ വെബ് സൈറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു അത്.
വൈകാതെ ഞാന്‍ വെബ് ലോകം വിട്ട് രാഷ്ട്രദീപികയില്‍ ചേര്‍ന്നു.അതോടെ ചിത്രഭൂമയിലെഴുത്തു വിട്ടു. അധികം വൈകാതെ സഹദേവന്‍ സാറും മാതൃഭൂമി വിട്ടു. എം.കെ.മുനീറിന്റെ നേതൃത്വത്തില്‍ പാടിവട്ടത്തു നിന്നാരംഭിക്കുന്ന മലയാളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യവിഷന്റെ പ്രോംഗ്രാംസ് വിഭാഗം ചീഫ് കണ്‍സള്‍ട്ടന്റ് ആയി. ഒരു ദിവസം എനിക്കൊരു വിളി വന്നു. സഹദേവന്‍ സാറിന്റെ. ചന്ദ്രശേഖര്‍ വരുന്നോ എന്റെ കൂടെ ? ഞാന്‍ ടിവിയില്‍ പുതുമുഖമാണ്.എഡിറ്റര്‍ പറഞ്ഞതുകൊണ്ട് വന്നതാണ്.(എഡിറ്റര്‍ എന്ന് സഹദേവന്‍ സാറടക്കമുള്ള മാതൃഭൂമി ആഴ്ചപതിപ്പിലെ പലരും വിളിച്ചിരുന്നത് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരെയാണ്) പരിചയമുള്ളവര്‍ ഒപ്പമുണ്ടായാല്‍ ആത്മബലം കൂടും. എനിക്ക് രണ്ടാമതൊന്നാലോചിക്കാനുണ്ടായിരുന്നില്ല. രാഷ്ട്രദീപികയോട് വിടപറഞ്ഞ് പിറ്റേന്നു തന്നെ ഞാന്‍ ഇന്ത്യവിഷനിലെത്തി. ഇന്ത്യവിഷന്റെ തുടക്കത്തിലെ പരിശീലനക്കളരയില്‍ ഒരാഴ്ച പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ഞാനും പ്രോഗ്രാംസില്‍ സഹപ്രവര്‍ത്തകയായിരുന്ന ഷൈനി ജേക്കബ് ബെഞ്ചമിനും പരിപാടികളുടെ ഷൂട്ടിലേക്കു കടന്നു. കൂടെ, മേശവിളക്ക്, ചിത്രശാല എന്നിവയായിരുന്നു എനിക്കു തന്നിരുന്ന പരിപാടികള്‍. യേശുദാസിനൊപ്പമുള്ള കൂടെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. കോഴിക്കോട്ട് പോയി എംഎം ബഷീറിനെയും ബിഎം സുഹ് റയേയും വച്ച് മേശവിളക്കും. ഇതിന്റെയൊക്കെ പൈലറ്റ് ഷൂട്ട് ചെയ്തിട്ട് പ്രിവ്യൂ കാണാന്‍ മുനീറും എംടിയും സഹദേവന്‍ സാറും ഒപ്പമുണ്ടായിരുന്നു. ഗായിക ഗായത്രി അശോകും മരിച്ചു പോയ ഇന്ത്യവിഷനിലെ തന്നെ ക്യാമറമാന്‍ താഹയുമായിരുന്നു അവതാരകര്‍.(ഇവരെ അവതാരകരാക്കി ആദ്യമവതരിപ്പിക്കുന്നത് ആ പരിപാടികളാണ്) അതിനിടെ, രാഷ്ട്രദീപികയില്‍ നിന്ന് നാടകീയമായൊരു നീക്കമുണ്ടായി. വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീധര്‍ പൊങ്ങൂറിന്റെ നിര്‍ബന്ധഫലമായി എനിക്ക് വലിയൊരു ഓഫറുമായി രാഷ്ട്ര ദീപിക സിനിമാ വാരികയുടെ പത്രാധിപരാവാനുള്ള ക്ഷണം കിട്ടുന്നു. ഞാനവിടെ ദീപിക/രാഷ്ട്രദീപിക എന്നിവയുടെ ഡിസൈന്‍ കൊ-ഓര്‍ഡിനേറ്ററായിരുന്നു. ഇതിപ്പോള്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിത്തന്നെ വിളിക്കുകയാണ്. ഞാന്‍ പറയുന്നതാണ് ടേംസ്. ഒരേയൊരാളോടു മാത്രമേ എനിക്ക് ആലോചിക്കാനും പറയാനുമുണ്ടായിരുന്നുള്ളൂ. അത് സഹദേവന്‍ സാറിനോടാണ്. എന്നെ കേട്ടുകഴിഞ്ഞ് നികേഷിന്റെ മുറിക്കു ചേര്‍ന്നുള്ള മിനി കോണ്‍ഫ്രന്‍സ് ഹാളിലിരുന്ന് അദ്ദേഹം പറഞ്ഞു-കേരളത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് രാജിവച്ചു പോന്ന ശേഷം മാധ്യമസ്ഥാപനം തിരിച്ചുവിളിക്കുക എന്നുവച്ചാല്‍ അപൂര്‍വമാണ്.അതും വെറും ഒന്നര വര്‍ഷം മാത്രം പണിയെടുത്ത ഒരാളെ സംബന്ധിച്ച് അതൊരു ബഹുമതിതന്നെയാണ്. തീര്‍ച്ചയായും ചന്ദ്രശേഖര്‍ പോണം എന്നേ ഞാനുപദേശിക്കൂ. ചന്ദ്രശേഖര്‍ പോയാല്‍ അതെനിക്കു വല്ലാത്തൊരു ഗ്യാപ്പുണ്ടാക്കുമെന്നതു സത്യമാണ്.ഞാന്‍ കുറച്ചു കഷ്ടപ്പെടും. എന്നാലും സാരമില്ല, എന്നെയോര്‍ത്ത് ഈ അവസരം പാഴാക്കരുത്.
നിസ്വാര്‍ത്ഥതയുടെ ആള്‍രൂപമായി ഒരാളിരുന്ന് ഇങ്ങനെ പറയുന്നത് പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാനാദ്യം കേള്‍ക്കുകയായിരുന്നു. (പിന്നീട് ഇതേ വാചകം ഞാന്‍ ചില ജൂനിയര്‍മാരോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് മാതൃക സഹദേവന്‍ സാറാണ്) പക്ഷേ ഒരു നിബന്ധന മാത്രം അദ്ദേഹം മുന്നോട്ടു വച്ചു. ദീപികയിലേക്കു മടങ്ങിയാലും ഇന്ത്യവിഷന്റെ ഉദ്ഘാടനദിവസം ചന്ദ്രശേഖര്‍ വരണം. തിരുവനന്തപുരം സെനറ്റ് ഹാളിലെ തത്സമയ ചടങ്ങിന്റെ സംപ്രേഷണനിയന്ത്രണം ദൂരദര്‍ശനിലെ ബൈജു ചന്ദ്രനാണ്. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ എന്നോടൊപ്പം ചന്ദ്രശേഖര്‍ ഉണ്ടാവണം. ജോലിക്കു ചേരുംമുമ്പേ ഒരു കണ്ടീഷനായി ഇക്കാര്യം ദീപികക്കാരോട് പറയണം. ഞാനത് അപ്പാടെ ശിരസാവഹിച്ചു. വാരികയുടെ പത്രാധിപരായശേഷം 15-ാം പക്കം തിരുവനന്തപുരത്തെത്തി ഷൈനി ജേക്കബിനൊപ്പം ബൈജുച്ചേട്ടനെ സഹായിച്ച് ചരിത്രനിമിഷത്തിന്റെ ഭാഗമായി. അന്ന് ചടങ്ങിന്റെ ആങ്കര്‍ സ്‌ക്രിപ്റ്റ് തയാറാക്കാനുള്ള നിയോഗവും അദ്ദേഹം ഏല്‍പിച്ചത് എന്നെയാണ്.ദേവി അജിത്തായിരുന്നു അവതാരക.സ്‌ക്രിപ്റ്റ് വായിച്ച് തിരുത്തി തന്നത് സാക്ഷാല്‍ എം.ടി!
പിന്നീട് ഇടയ്‌ക്കെല്ലാം അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. മനോരമയില്‍ ജൂനിയറായിരുന്ന സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒന്നു രണ്ടു ഫോണ്‍ കോളുകള്‍. അദ്ദേഹത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന ടിവി അവാര്‍ഡ് ലഭിച്ചപ്പോള്‍...ഐഎഫ്എഫ്‌കെ വേദികളില്‍ വച്ചുള്ള ഹ്രസ്വമായ കൂടിക്കാഴ്ചകള്‍...അങ്ങനെയങ്ങനെ..പിന്നീട് അടുത്തു ബന്ധപ്പെടുന്നത് അദ്ദേഹം കോട്ടയത്ത് മനോരമ സ്‌കൂള്‍ ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ അഥവാ മാസ്‌കോമില്‍ അധ്യാപകനായി എത്തിയശേഷമാണ്. അവിടെവച്ചാണ് പക്ഷാഘാതം അദ്ദേഹത്തെ ആക്രമിക്കുന്നത്. ഇതിനിടെ വിധിനിയോഗത്താല്‍ നാലുവര്‍ഷം മുമ്പ് ഞാനും കോട്ട.ത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ താല്‍കാലിാധ്യാപകനായി. കോവിഡിനു മുമ്പ് ഒരു ദിവസം ഞങ്ങളുടെ ക്യാംപസിലെ കുട്ടികള്‍ ചേര്‍ന്ന് ഒരു അന്തര്‍സര്‍വകലാശാല മാധ്യമ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. അതില്‍ പങ്കെടുപ്പിക്കാന്‍ മാസ്‌കോമിലെ കുട്ടികളുമായി അദ്ദേഹം പാമ്പാടി ക്യാംപസില്‍ വന്നു. അന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി ഞങ്ങളദ്ദേഹത്തെയാണ് ക്ഷണിച്ചത്. മണിക്കൂറുകളോളം ഒപ്പം ചെലവിട്ടു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങളെപ്പറ്റിയൊക്കെ സംസാരിച്ചു. പിന്നീട് കോവിഡ് കാലത്തും ഒന്നുരണ്ടു തവണ വിളിച്ചു. കുറേ നേരം സംസാരിച്ചു.
എപ്പോഴും സൗമ്യമായി പക്വതയോടെ മാത്രം സംസാരിക്കുന്ന സംസ്‌കാരമായിരുന്നു അദ്ദേഹത്തിന്റേത്. ക്‌ളീന്‍ ഷേവ് ചെയ്ത് നന്നായി വസ്ത്രം ധരിക്കുക മാത്രമല്ല സംസ്‌കാരം എന്നദ്ദേഹം പെരുമാറ്റത്തിലൂടെ കാണിച്ചു തന്നു. വെടിപ്പുള്ള പെരുമാറ്റം എന്തെന്നതിന് നിദര്‍ശനമായിരുന്നു സഹദേവന്‍ സാര്‍. ഇനിയും ഏറെക്കാലം ജീവിച്ചിരിക്കേണ്ടിയുരുന്ന വ്യക്തിത്വമാണ് അദ്ദേഹം. മാതൃകയാക്കേണ്ട, ആക്കാവുന്ന ജീവിതം അതായിരുന്നു സഹദേവന്‍ സാര്‍.