എ.ചന്ദ്രശേഖര്‍
ദൃശ്യം 2 എന്ന സിനിമയെക്കൊണ്ട് നിറഞ്ഞുനില്‍ക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ട്രോളായും റിവ്യൂ ആയും അഭിമുഖങ്ങളായും ഒരു സിനിമ മാത്രം മാധ്യമങ്ങള്‍ നിറഞ്ഞാടുന്ന അവസ്ഥ. അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയും താലോലിച്ചുമുള്ള അഭിപ്രായ മഴ. ഒരുപക്ഷേ മുന്‍പെന്നെങ്കിലും ഇങ്ങനെ ഒരു മലയാള സിനിമയെപ്പറ്റി പരക്കെ പലതലത്തിലും പലതരത്തിലുമുള്ള ചര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്നു സംശയം. ഇവയില്‍ ശ്രദ്ധിക്കപ്പെട്ട മൂന്ന് അഭിപ്രായങ്ങള്‍ പരിശോധിക്കുക.
1. ദൃശ്യം 2 നിലവിലെ പൗരാവകാശങ്ങളെപ്പറ്റിയുള്ള ഭരണഘടനാ തത്വങ്ങളെയും മാനദണ്ഡങ്ങളെയും അപഹസിക്കുന്നു. പൗരനുമേല്‍ ഭരണകൂടത്തിന്റെ കടന്നാക്രമണത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നു. സ്വകാര്യതാലംഘനത്തെ ന്യായീകരിക്കുന്നു. അയുക്തികളിലൂടെ അരാജകത്വത്തെ അരിയിട്ടുവാഴ്ത്തുന്നു. ഇത് പ്രതിലോമമാണ്.
2. കോടതി രംഗങ്ങളിലടക്കം നീതി-ന്യായ വ്യവസ്ഥിതിയെ അപഹസിക്കുന്നു. യുക്തിലേശമില്ലാത്ത അയഥാര്‍ത്ഥ രംഗ കല്‍പനകളിലൂടെ കോടതിയേയും പൊലീസിനെയും പരിഹാസ്യരാക്കുന്നു. ക്രിമിനല്‍ കുറ്റകൃത്യത്തിനു കൊടുക്കുന്ന സൂക്ഷ്മമായ പരിചരണം വിചാരണയുടെയും അന്വേഷണത്തിന്റെയും കാര്യത്തില്‍ നല്‍കുന്നില്ല. ദുര്‍ബലമായ പ്രതിരോധങ്ങളിലൂടെ നായകകര്‍തൃത്വത്തെ അമാനുഷികമാക്കുന്നു.
3. ഒബ്ജക്ഷന്‍ യുവറോണറും ഒബ്ജക്ഷന്‍ സസ്‌റ്റെയ്ന്‍ഡ്/ഓവര്‍ റൂള്‍ഡും ഓര്‍ഡര്‍ ഓര്‍ഡറുമില്ലാതെന്തു കോടതി? അത്തരത്തില്‍ ഒരു കോടതി അവതരിപ്പിച്ചുകൊണ്ട് സിനിമ അതിന്റെ ബ്രില്യന്‍സ് കാഴ്ചവയ്ക്കുന്നു.
ഈ മൂന്നു വാദങ്ങളും ഒരേ സമയം പരസ്പര പൂരകങ്ങളും അതേസമയം വൈരുദ്ധ്യവുമാണെന്നതാണ് വസ്തുത. വാണിജ്യ വിജയം മാത്രം ലാക്കാക്കി നിര്‍മിക്കപ്പെട്ട ഒരു ചലച്ചിത്ര രചനയെ മുന്‍നിര്‍ത്തി അതി സൂക്ഷ്മതലത്തില്‍ ഇഴപിരിച്ചും പൊളിച്ചടുക്കിയുമുള്ള നിരീക്ഷണങ്ങള്‍ (അക്കാദമിക്ക് പഠനങ്ങളല്ല) സംഭവിക്കുന്നു എന്നത് നിശ്ചയമായും ആ സിനിമ ജനമനസുകളില്‍ നേടിയ സ്ഥാനത്തിനുള്ള നിദാനം തന്നെയാണ്. യവനികയേയും മണിച്ചിത്രത്താഴിനെയും എന്നപോലെ വര്‍ഷങ്ങള്‍ക്കിപ്പുറവും ദൃശ്യം എന്ന സിനിമയെച്ചൊല്ലി പുതിയ കാഴ്ചപ്പാടുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. സിനിമയില്‍ കുറ്റകൃത്യം നടന്ന തീയതി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന കണ്ടെത്തല്‍ മുതല്‍ ഇതിന്റെ രണ്ടാംഭാഗ സാധ്യതവരെ ആരാഞ്ഞതും ചര്‍ച്ച ചെയ്തതും സൈബറിടങ്ങളിലെ പ്രേക്ഷകരാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇതൊന്നും താരാരാധനയുടെ ഭാഗമായി മാത്രം ഉടലെടുക്കുന്നതല്ല, മറിച്ച് സിനിമ അസ്ഥിയില്‍ പിടിച്ചതുകൊണ്ട് സംഭവിക്കുന്നതാണെന്നതാണ് സത്യം.
ദൃശ്യം 2 ലെ അയുക്തികളെപ്പറ്റിയുള്ള വിശകലനങ്ങളില്‍ പ്രകടമാകുന്ന വൈരുദ്ധ്യം കോടതി നടപടികളെക്കുറിച്ചുള്ളതാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലൊന്നും മുന്‍കൂര്‍ സമര്‍പ്പിക്കാതെ കോടതിയില്‍ കൊണ്ടുവന്ന് നാടകീയമായി വെളിപ്പെടുത്താനാവില്ലെന്നത് വാസ്തവം. എന്നാല്‍ അതേപോലെ തന്നെ സത്യമാണ് ഇന്ത്യയില്‍ ഒരു കോടതിയിലും ജഡ്ജി മര കൊട്ടുവടി കൊണ്ട് മേശമേലടിച്ച് ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നാജ്ഞാപിക്കുന്ന ക്‌ളാസധ്യാപകനാവില്ലെന്നത്. ഒബ്ജക്ഷനും സസ്റ്റെയ്ന്‍ഡും സിനിമാക്കോടതികളില്‍ മാത്രം കാണുന്ന സന്ദര്‍ഭങ്ങളാണ്. പക്ഷേ അതുകൊണ്ടൊന്നും കോടതി രംഗങ്ങള്‍ സിനികളില്‍ ആസ്വദിക്കപ്പെടാതെ പോയിട്ടില്ല.അങ്ങനെ കൃത്രിമമായ രംഗങ്ങളുണ്ടായിപ്പോയെന്നുവച്ച് രാജ്യത്തെ നീതിന്യായസംവിധാനത്തിന് തകരാറൊന്നും സംഭവിച്ചതുമില്ല.
യുക്തി എന്നത് ബോധമനസില്‍ പൊതിഞ്ഞുവച്ച ശേഷമാണ് കാണുന്നതെല്ലാം അസത്യം എന്ന ഉത്തമബോധ്യത്തോടെ നാം ഇന്ദ്രജാലപ്രകടനം കാണാനിരിക്കുന്നത്. എന്നിട്ടും മാന്ത്രികന്‍ തന്റെ സഹായിയെ രണ്ടായി കണ്ടിച്ച് ഇരു കഷണങ്ങളാക്കി കാണിച്ച ശേഷം തിരികെ യോജിപ്പിച്ച് ജീവന്‍ കൊടുക്കുന്നത് കണ്ട് നാം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു. സസ് പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് അഥവാ അവിശ്വാസത്തെ തല്‍ക്കാലത്തേക്ക് വിസ്മരിക്കുക എന്ന കലാസ്വാദനത്തിലെ ഈ സവിശേഷ മാനസികാവസ്ഥയെപ്പറ്റി മനശാസ്ത്രജ്ഞരും കലാസ്വാദനപഠിതാക്കളുമൊക്കെ ആവുംവിധം നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതര കലകളില്‍ നിന്ന് വിഭിന്നമായി സസ്‌പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫിന് പ്രായോഗികത ഏറെയുളളത് ചലച്ചിത്രാസ്വാദനത്തിലാണ്. കാരണം സ്ഥലകാലങ്ങളുടെ കുഴമറിയല്‍ കൊണ്ട് ഘടനാപരമായിക്കൂടി സങ്കീര്‍ണമാണല്ലോ സിനിമ. അതിനുപരിയാണ് കഥാ/പ്രമേയ/ഇതിവൃത്ത തലങ്ങളിലെ അവിശ്വാസ്യത എന്ന ഘടകം.
ഒരു മനുഷ്യക്കുട്ടിക്ക് പട്ടിക്കുഞ്ഞായി രൂപാന്തരം പ്രാപിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്ന യുക്തി, വിശ്വാസം ചോദ്യചിഹ്നമായി ഉയര്‍ന്നിരുന്നെങ്കില്‍ ജി അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രം ആസ്വദിക്കാനാവാതെ പോകുമായിരുന്നു. കള്ളുകുടിയനായൊരു പ്രാദേശിക ഉപദേശിക്ക് കടലില്‍ കൂടി നടക്കാനാവുമോ എന്നു സന്ദേഹിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ എസ്തപ്പാന്‍ എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. ഷൂസും ഷൂലേസും പുഴുങ്ങി ന്യൂഡില്‍സ് പോലെ കഴിക്കുന്ന ചാപ്‌ളിനെ നാം കണ്ട് കരഞ്ഞത് അത് സംഭാവ്യമായതുകൊണ്ടല്ല, മറിച്ച് അതിലൂടെ അദ്ദേഹം ആവിഷ്‌കരിക്കാന്‍ ശ്രമിച്ച പട്ടിണിയുടെ ആഴം തിരിച്ചറിഞ്ഞാണ്.
സിനിമ അസംഭാവ്യമായതിനെ സംഭവിപ്പിച്ചു കാട്ടുന്ന മാധ്യമമാണ്. അതുകൊണ്ടാണ് നൂറുവര്‍ഷത്തെ സംഭവം ഒറ്റ ഫ്‌ളിക്ക് കൊണ്ട് പറഞ്ഞുപോവുന്നതും. പന്ത്രണ്ട് ഘടാഘടികന്മാരെ നൂലുപോലിരിക്കുന്ന രജനീകാന്തും അദ്ദേഹത്തേക്കാള്‍ മെലിഞ്ഞുണങ്ങിയ മരുമകന്‍ കൂടിയായ ധനുഷും ഒറ്റയടിക്ക് തറപറ്റിക്കുന്നതും പ്രേക്ഷകര്‍ യുക്തിഭംഗമേതും കൂടാതെ കണ്ടിരിക്കുന്നത്. ദൃശ്യം 2നെതിരായ വിമര്‍ശനങ്ങളിലധികവും തങ്ങളുടെ രാഷ്ട്രീയ സാമൂഹികശാസ്ത്ര വിശകലനങ്ങളില്‍ വിട്ടുകളഞ്ഞത് ആസ്വാദനത്തിലെ ഈ സിദ്ധാന്തത്തെയാണ്.
പൊലീസ് നായയെ കൊണ്ടുവന്ന് മണപ്പിച്ചിരുന്നെങ്കില്‍ കണ്ടെത്താമായിരുന്നതാണ് ദൃശ്യത്തില്‍ ജോര്‍ജ്കുട്ടി ജഡം കുഴിച്ചിട്ടതെന്ന ദൃശ്യം സിനിമയെപ്പറ്റിയുള്ള മറ്റൊരു സൈബര്‍ ട്രോള്‍ നോക്കുക. ഈ യുക്തി വിനിയോഗിക്കുകയാണെങ്കില്‍ സര്‍ഗാത്മകരചനതന്നെ ദുസ്സാദ്ധ്യമാവും. അങ്ങനെ നോക്കുകയാണെങ്കില്‍ ഫയര്‍ സര്‍വീസിനെയോ സി ആര്‍ പി എഫിനെയോ അറിയിച്ചിരുന്നെങ്കില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമ തന്നെ സംഭവിക്കുമായിരുന്നില്ല. കുമാരപുരം ഗ്രാമത്തില്‍ ഒരു സൗജന്യ രക്തപരിശോധനാ ക്യാംപ് നടക്കുകയും അവിടെ സമ്പന്ന കുടുംബത്തില്‍ അംഗമായ ജോണിക്കുട്ടി (വിജയരാഘവന്‍) പോയി രക്തം പരിശോധിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ക്‌ളൈമാക്‌സിലെത്തുകയില്ല.ഒരു കൊള്ളസംഘത്തെ പിടിക്കാന്‍ അണ്ടര്‍ കവറില്‍ രണ്ടു പോലീസുകാര്‍ തുനിഞ്ഞിറങ്ങിയില്ലായിരുന്നെങ്കില്‍ ലിജോ ജോസിന്റെ ചുരുളി എന്ന സിനിമയും ഉണ്ടാകില്ല. ജോര്‍ജ് കുട്ടിയുടെ കുടുംബത്തെ പിന്തുടര്‍ന്ന് അവരുടെ രഹസ്യവും ദുരൂഹതയും കുരുക്കഴിച്ചെടുക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ നേരിട്ട് പൊലീസ് ദമ്പതികളെ അണ്ടര്‍കവറില്‍ അയല്‍വാസികളായി നിയോഗിക്കുന്നതും സര്‍ക്കാരിന്റെ യാതൊരുവിധ ഔപചാരിക പിന്തുണയും കൂടാതെ അതീവരസ്യമായി സമാന്തരാന്വേഷണം നടത്തുന്നതും അതിനായി ജോര്‍ജ് കുട്ടിയുടെ വീട്ടില്‍ രഹസ്യ മൈക്ക് സ്ഥാപിച്ച് സംഭാഷണം ചോര്‍ത്തുന്നതും അതുവഴിയുള്ള മനുഷ്യാവകാശലംഘനവുമാണ് ചിത്രത്തിനെതിരായി ഉന്നയിക്കപ്പെട്ട അധികാരിവര്‍ഗഭീകരത. മനുഷ്യാവകാശലംഘനത്തെ പരോക്ഷമായി ചിത്രം പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നുവെന്നാണ് ആരോപണം. ഈ മനുഷ്യാവകാശലംഘനം മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലെ അജയന് (ടൊവിനോ) നേരെ നടന്നതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലെന്നോര്‍ക്കുക. അതില്‍ അജയനും ലോകവും നേരിട്ട് അയാള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം അറിയുന്നുണ്ട്. ദൃശ്യം -2ലാവട്ടെ ചിത്രാന്ത്യത്തില്‍ പോലും തന്റെ വീട്ടില്‍ പൊലീസിന്റെ മൈക്രോഫോണ്‍ സര്‍വൈലന്‍സ് ഉണ്ടെന്ന് നായകനോ കുടുംബാംഗങ്ങളോ തിരിച്ചറിയുന്നതേയില്ല. അപ്പോള്‍പ്പിന്നെ ഇതിനെതിരെയുള്ള പ്രതികരണം ചിത്രത്തിലുള്‍പ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് തിരക്കഥാകൃത്ത് പരോക്ഷമായി അധികാരഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിക്കാനാവുന്നതെങ്ങനെ?
ദൃശ്യം-2 കുടുംബ പശ്ചാത്തലത്തില്‍ നെയ്‌തെടുത്ത ഒരു സാധാരണ ക്രൈംത്രില്ലര്‍ മാത്രമാണ്. ഇതേ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ദൃശ്യത്തിന്റെ തുടര്‍ച്ച. അതു നിര്‍മിക്കപ്പെട്ടത് ലോകം നന്നാക്കാനോ നശിപ്പിക്കാനോ ഉദ്ദേശിച്ചാണെന്ന് ധരിക്കാനാവില്ല. എല്ലാവിധ പ്രേക്ഷകരെയും ആനന്ദിപ്പിക്കുക മാത്രം ലക്ഷ്യമിട്ടുകൊണ്ടു ലാഭേച്ഛയോടെ മാത്രം നിര്‍മിക്കപ്പെട്ട ഒന്നാണത്. അതിനു വേണ്ടി ആളുകളെ പിടിച്ചിരുത്തുംവിധം ഘടനാപരമായ ഉറപ്പുള്ളൊരു തിരക്കഥയെയാണ് ജിത്തു ജോസഫ് ആധാരമാക്കുന്നത് എന്നു മാത്രം. അതാവട്ടെ ആദ്യഭാഗത്തെ വച്ചു നോക്കുമ്പോള്‍ താരതമ്യേന ദുര്‍ബലമാണെന്നതാണ് വാസ്തവം. എന്നിരുന്നാലും പ്രേക്ഷകനെ ഇരിപ്പിടത്തില്‍ പിടിച്ചിരിത്തുന്നതില്‍ അതു പരാജയപ്പെടുന്നുമില്ല.തിരക്കഥയിലെ ഈ നാടകീയത തന്നെയാണ് ദൃശ്യം 2 നെ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന സിനിമയാക്കിത്തീര്‍ക്കുന്നത്, ബോറടിക്കാത്തതും. പ്രേക്ഷകനെ രണ്ടുമണിക്കൂര്‍ മറ്റെല്ലാം മറന്ന് ആസ്വദിക്കാനവസരം കൊടുക്കുക എന്നതിലപ്പുറമുള്ള പ്രതിബദ്ധതയൊന്നും ഈ സിനിമയുടെ സ്രഷ്ടാക്കള്‍ പോലും അവകാശപ്പെടുമെന്നും തോന്നുന്നില്ല. എന്നിട്ടും ഇത്രമേല്‍ നിരൂപണങ്ങള്‍ ഈ സിനിമയുടെ പേരില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് പരോക്ഷമായി ഈ സിനിമയുടെ വിജയമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പുറത്തിറങ്ങും മുമ്പേ തന്നെ നിര്‍മാണദശയിലേതന്നെ അസാമാന്യവും അസാധാരണവുമായ ഹൈപ്പ് സൃഷ്ടിച്ചെടുക്കാനുള്ള നിര്‍മാതാവിന്റെ വിപണനബുദ്ധിയുടെ വിജയമായും ഇതിനെ വ്യാഖ്യാനിക്കാം. ഇതിനുപരിയായി, തീയറ്ററിനു പുറത്ത് ലോകത്തെല്ലാവര്‍ക്കും ഒരേ സമയം മൊബൈലില്‍ പോലും കാണാനാവുന്നവിധത്തില്‍ ലഭ്യമാക്കിയെന്നതും എത്രതവണ ആവര്‍ത്തിച്ചു കാണാനുള്ള സാധ്യതയൊരുക്കി എന്നതും ദൃശ്യം 2 നെ കൂലങ്കഷമായി കണ്ട് പ്രിന്‍്‌റ് സ്‌ക്രീന്‍ എടുത്ത് വിശകലനം നടത്താന്‍ പ്രേക്ഷകര്‍ക്ക് അവസരമായി എന്നതും കണക്കിലെടുക്കണം.
സിനിമ നല്ലതാണോ അല്ലയോ എന്ന് ഒരാള്‍ നിശ്ചയിക്കുന്നത് തികച്ചും വൈയക്തികമായ പ്രക്രിയയാണ്. ഒരാള്‍ക്കിഷ്ടമായത് മറ്റൊരാള്‍ക്ക് ഇഷ്ടമാവണമെന്നില്ല.ദൃശ്യം സിനിമകള്‍ കാണുന്ന ഒരു പൊലീസുകാരനോ വക്കീലിനോ എന്തിന് ഒരു ക്രിമിനലിനുപോലും ആ സിനിമ ഇഷ്ടമാവണമെന്നില്ല. പത്രപ്വര്‍ത്തകന്‍ കൂടിയായിരുന്ന ഡെന്നീസ് ജോസഫ് എഴുതിയ ന്യൂഡല്‍ഹി എന്ന സിനിമയുടെ ക്‌ളൈമാക്‌സ് ലോകത്ത് ഏതു പത്രം ഓഫീസില്‍ നടക്കുമെന്ന യുക്തി മുഖ്യധാരാമാധ്യമപ്രവര്‍ത്തകനായ ഞാന്‍ മനസിലെങ്കിലും ചോദിച്ചാല്‍ പിന്നെ ആ സിനിമയില്ല! ഇതൊന്നും പത്രലോകത്ത് നടക്കാന്‍ പോകുന്നതല്ല എന്ന ഉത്തമബോധ്യത്തോടെ തന്നെ ഒരു കെട്ടുകഥയായി കണ്ട് ആ സിനിമയെ ആസ്വാദിക്കുന്നിടത്താണ് ഞാനെന്ന പ്രേക്ഷകനും ന്യൂഡല്‍ഹി എന്ന സിനിമയും തമ്മിലുള്ള രസതന്ത്രം മുറുകുന്നത്. അതാവട്ടെ അകൃത്രിമവും ഉപാധികളേതുമില്ലാത്തതുമാണ് താനും. ഈ ഉപാധികളില്ലാത്ത ആസ്വാദനത്തിലേക്ക് ലക്ഷങ്ങളെ ഒരേപോലെ ആകര്‍ഷിക്കാനായി എന്നതാണ് ദൃശ്യം 2 എന്ന സാധാരണ സിനിമയെ അസാധാരണമാക്കുന്ന ഘടകം. അതിനുത്തരവാദി തീര്‍ച്ചയായും അതിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിത്തുജോസഫ് തന്നെയാണുതാനും.
ദൃശ്യം 2 പക്ഷേ വേറിട്ടതും വെല്ലുവിളിയായതുമായൊരു പരീക്ഷണമാകുന്നത് അത് വന്‍ വിജയം നേടിയൊരു സിനിമയുടെ രണ്ടാംഭാഗമാണെന്നതുകൊണ്ടാണ്. ആദ്യഭാഗം കണ്ട പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷതന്നെയാണ് രണ്ടാം ഭാഗത്തില്‍ സംവിധായകനുമുന്നിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തിലെ തുടര്‍സിനിമകളില്‍ ഏറ്റവും ഓര്‍ഗാനിക്ക് എന്നു വിശേഷിപ്പിക്കാവുന്ന കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിനു പോലും പക്ഷേ ആദ്യഭാഗത്തിന്റെ കമ്പോളവിജയം നേടാനോ, അത്രതന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനോ സാധിച്ചതുമില്ല. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു ചിത്രത്തുടര്‍ച്ചയ്ക്ക് ഒരേപോലെ വിപണിവിജയം ഉറപ്പാക്കാനായിട്ടുണ്ടെങ്കില്‍ അത് ബാഹുബലിക്കാണ്. അതിലാവട്ടെ ഒന്നിച്ചു ചിത്രികരിക്കുകയും നോണ്‍ ലീനിയര്‍ നിര്‍വഹണം ഉപയോഗിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. ഇതിന്റെയൊന്നും പിന്‍ബലമില്ലാതെ ആദ്യഭാഗത്തേക്കാള്‍ സാധാരണമായും അതിനേക്കാള്‍ അസ്വാഭാവികമായുമുള്ള കഥാവസ്തു വച്ചുകൊണ്ട് ഒരു സിനിമ നിര്‍മിച്ച് അതിനു മുന്നില്‍ പ്രേക്ഷകരെ പൂണ്ടടക്കം പിടിച്ചിരുത്താനായെന്നതാണ് ദൃശ്യം 2 ന്റെ വാണിജ്യപരമായ പ്രസക്തി.
1 comment:
പ്രേക്ഷകനെ പിടിച്ചിരുത്തുവാനും സിനിമ കഴിഞ്ഞിട്ടും അതിനെക്കുറിച്ചു ചിന്തിപ്പിക്കാനും വാചാലരാകുവാനും പ്രേരിപ്പിച്ചത് ആ ചിത്രത്തിന്റെ മേന്മ തന്നെയാണ്.
Post a Comment