Saturday, January 16, 2021

 ഒരാഴ്ച മുമ്പ് മലയാള സിനിമയിലെ അടുക്കള എന്ന എ ചന്ദ്രശേഖരന്റെ പുസ്തകം ഒരുപുസ്തക ചര്‍ച്ചയ്ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുമ്പോഴാണ് പണ്ടൊരിക്കല്‍ മല്ലികാ സുകുമാരനുമായി ലക്ഷ്മി വാസുദേവന്‍ തയാറാക്കിയ അഭിമുഖവും വായിച്ചത്. അതില്‍ അവര്‍ പറയുന്നു.

' എന്റെ അമ്മയ്ക്ക് മരിക്കും വരെ കല്‍ച്ചട്ടിയില്‍ കറിവയ്ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. മിക്‌സിയോ കുക്കറോ ഉപയോഗിക്കില്ലായിരുന്നു. '

സുകുവേട്ടനൊപ്പം ഇടപ്പാളിലെ വീട്ടിലേക്ക് പോകുമ്പോള്‍ അമ്മയെന്നോട് പറഞ്ഞു

വടക്കോട്ടൊക്കെ ഒരു കറിയുണ്ട്. മൊളകോഷ്യം. ചെറുപയറുംകായുമൊക്കെയിട്ട് തേങ്ങയരയ്ക്കാതെ വയ്ക്കുന്ന കറി. ഇത് നമ്മളധികം വയ്ക്കാത്ത കറിയാണ്. നീ അതുണ്ടാക്കാന്‍ പഠിക്കണം. '

അമ്മ എനിക്കത് വയ്ക്കാന്‍ പഠിപ്പിച്ചുതന്നു. സുകുമാരന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതിഷ്ടമാണെങ്കില്‍ എനിക്കിതുണ്ടാക്കാനറിയാം എന്ന് പറഞ്ഞ് നീയിതുമുണ്ടാക്കിക്കൊടുക്കണം.

പന്നീട് സുകുമാരന്റെ വീട്ടില്‍ പോയി ജീവിതമാരംഭിച്ചപ്പോള്‍ തിരക്കുള്ള നടിയായിരുന്ന കാലത്തും വീട്ടിലെത്തിയാല്‍ അടിക്കള പണികള്‍ മുഴുവന്‍ ചെയ്യുന്ന കഥയും മല്ലികസുകുമാരന്‍ പറയുന്നുണ്ട്.


ഇത് കേവലം മല്ലിക സുകുമാരന്‍ കയറിച്ചെന്ന അടുക്കളയല്ല. നമ്മുടെ സമൂഹത്തിന്റെയാകെ അടുക്കളയുടെ പ്രതിബിംബമാണ്. അവിടെ നിന്നാണ് മലയാള സിനിമയിലെ അടുക്കളയിലേക്ക് പുസ്തകത്തിലൂടെ ചന്ദ്രശേഖരന്‍ എത്തുന്നത്. ഈ പുസ്തകം ഇറങ്ങിയ കാലത്ത് തന്നെയാണ് മഹത്തായ ഇന്ത്യന്‍ അടുക്കളയെന്ന മലയാളത്തിന്റെ ഒരു മഹാസിനിമയും പുറത്തുവരുന്നത്.


മഹത്തായ ഇന്ത്യന്‍ അടുക്കള ഒരു കാല്‍വെപ്പാണ്. മലയാള സിനിമ മുഖം തിരിഞ്ഞുനിന്ന സാമൂഹികമായ ഒരു ദുരാചാരത്തിന് നേരെ പിടിച്ച തീപിടിപ്പിച്ച ഒരു ചൂട്ടുകറ്റ. വിശാലാര്‍ത്ഥത്തില്‍ അത് അടുക്കളയുടെ പ്രതീകാത്മകതയിലൂടെ സ്ത്രീയുടെ ദുരിതങ്ങളിലേക്കുളള ചൂട്ടുവെളിച്ചം കൂടിയാണ്. സകലാര്‍ത്ഥത്തിലും ആണിലും പെണ്ണിലും കുഞ്ഞുങ്ങളിലും സന്നിവേശിപ്പിക്കപ്പെട്ട ആണ്‍കോയ്മാബോധത്തിനെതിരായ ഒരു കലാപം.


അടുക്കള തമാശകളുടെയും ലൈംഗികതകളുടെയും തുടങ്ങി ആണ്‍സമൂഹകാഴചയിലെ രണ്ടാംതരം വികാരങ്ങളുടെ മാത്രം ഇടമായിരുന്നു. അവിടേക്കാണ് ചില ടോര്‍ച്ച് വെളിച്ചങ്ങള്‍ പോലെ സിനിമയില്‍ നിന്ന് അപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളത്. മുഖ്യധാരാസിനിമയ്ക്ക് അടുക്കള മാന്യമായ ഒരു വിഷയം പറയാന്‍ പറ്റുന്ന ഇടമേയായിരുന്നില്ല. പണ്ടൊരിക്കല്‍ (1986ല്‍) അടുക്കള എന്ന പേരില്‍ രവി ആലൂമ്മൂട് (എം സുകുമാരന്റെ ശേഷക്രിയ സംവിധാനം ചെയ്ത രവി അലുമ്മൂട്) ഒരു സിനിമ സംവിധാനംചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടു.. അപൂര്‍വ്വമായൊരു അമ്മ മകന്‍ ബന്ധത്തിന്റെ കഥപറയുന്ന മനശ്ശാസ്ത്രപശ്ചാലത്തലത്തിലുള്ള സിനിമ. എന്നാല്‍ മലയാളി അടുക്കളയെന്ന പേരിനോട് പോലും പുലര്‍ത്തിയ അസഹിഷ്ണുത ആ സിനിമയുടെ കാര്യത്തിലും ഉണ്ടായതായി എ ചന്ദ്രശേഖരന്‍ പറയുന്നു. വിവിധ കോണുകളില്‍ നിന്ന് പരിഹാസങ്ങളുയര്‍ന്നു. ഒടുക്കം നിലവിളക്ക് എന്നാക്കി സിനിമയുടെ പേരും മാറ്റി. എല്ലാംകഴിഞ്ഞ് സുഗതകുമാരി അധ്യക്ഷയായ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയതോടെ സിനിമ പ്രതിസന്ധിയിലായി. ആ സിനിമ പുറത്തിറങ്ങയതേയില്ല. എന്നാല്‍ പിന്നീടൊരിക്കല്‍ അടുക്കള എന്ന പേര് സിനിമയ്ക്ക കാണുന്നതിതാ ഇപ്പോള്‍ ജിയോ ബേബിയുടെ മഹത്തായ ഇന്ത്യന്‍ അടുക്കളയ്ക്കാണ്.


ഒരു സാമൂഹ്യമായ അനീതിയെ കുറിച്ച് ആവുമ്പോലെയൊക്കെ മിണ്ടാതിരുന്ന മലയാള സിനിമ നാട്ടുകാരോട് ചെയ്തത് വലിയ അനീതിയായിരുന്നു. ചെറിയ ചില ഇടപെടലുകള്‍ ഒറ്റപ്പെട്ടുണ്ടയത് മറക്കുന്നുമില്ല. ഇക്കാലമത്രയും മലയാള സിനിമ ഇക്കാര്യത്തില്‍ ചെയ്ത നീതികേടിനോട് മുഴുവനുമുള്ള മറുപടിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. മഹത്തായ ഇന്ത്യന്‍ അടുക്കള. പ്രതിബദ്ധതയുള്ള ഒരു സാമൂഹ്യമാധ്യമത്തിന്റെ കടമ. ബംഗാളിയുടെ മോഷണവും ആചാരങ്ങളുടെ മാഹാത്മ്യങ്ങളും അധോലോകരാജാക്കന്മാരുടെ വീരകഥകളും വരേണ്യസംവരണത്തിന്റെ ആവശ്യകതയും ന്യൂനപക്ഷങ്ങളുടെ കടന്നുകയറ്റവും മതവിശ്വാസങ്ങളുടെ നിഷ്‌കളങ്കതയും തുടങ്ങി തങ്ങളുടെ നിലനില്‍പ്പ് മാത്രം നോക്കി വിഷയം തെരഞ്ഞെടുത്ത് സാമൂഹ്യവിരുദ്ധമായി എല്ലാമവതരിപ്പിച്ച് വംശീയ വിദ്വേഷമടക്കം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച് മഹത്തായ കച്ചവട വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും ഒരു സംവിധായകനും സ്വന്തം മുഖത്തേക്ക് ടോര്‍ച്ചടിച്ച് നോക്കാറില്ല. ജിയോ ബേബിയുടെ സിനിമ കുറഞ്ഞത് ഇന്ന് ജീവമായി നില്‍ക്കുന്ന സംവിധാകരെങ്കിലും കാണണം. സമകകാലികമായ ആകാംക്ഷകളെ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ നോക്കി 41 പോലുള്ള സിനിമകളെടുത്ത് സമൂഹത്തെ മുഴുവന്‍ പരിഹസിക്കാനിറങ്ങിത്തിരിച്ചവരെങ്കിലും.


മഹത്തായ ഇന്ത്യന്‍ അടുക്കള ഒരു തുടര്‍ച്ചയാണ്. പണ്ട് എംടിവാസുദേവന്‍ നായരൊക്കെ കാണിച്ച ഒരു ലക്ഷണം. കെജി ജോര്‍ജ്ജും ടിവി ചന്ദ്രനുമൊക്കെ ആഴത്തിലന്വേഷിച്ച ഒരുപ്രശ്‌നം. ആഷിഖ് അബുവിലും ശ്യാംപുഷ്‌കരനിലുമൊക്കെ സജീവമായിത്തുടങ്ങിയ ഒരു വിഷയം. ജിയോ ബേബി മറ്റൊരുതലത്തിലേക്കുയര്‍ത്തി. മായാനദിയെന്ന സിനിമയില്‍ അപര്‍ണയ്ക്ക് വച്ചുവിളമ്പുന്ന മാത്തനെ കണ്ട് നെറ്റിചുളിച്ചവര്‍ക്ക് മഹത്തായ ഇന്ത്യന്‍ അടുക്കള കണ്ടാല്‍ ഇരിക്കപ്പൊറുതിയുണ്ടാകില്ലെന്നുറപ്പിച്ചുപറയാനാകും.


പറഞ്ഞുവന്നത് മലയാള സിനിമയിലെ അടുക്കളയെ കുറിച്ചാണ.് ചന്ദ്രശേഖറിന്റെ പുസ്തകം കൂടി വായിക്കേണ്ട സമയാണിത് എന്ന് ഈ സിനിമ കണ്ടുകഴിയുമ്പോള്‍ തോന്നുന്നു. നമ്മളൊക്കെ ഒന്ന് ഉളളിലേക്ക് ടോര്‍ച്ചടിച്ചുനോക്കേണ്ട സമയം.


അറിയിപ്പ്: പറ്റിയാല്‍ ജി സുകുമാരന്‍ നായരെ കൂടി ഈ ആരെങ്കിലുമൊന്ന് സിനിമ കാണിക്കണം.


(മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തെ കുറിച്ച് നടത്തിയ അധികപ്രസംഗത്തിന്റെ ലിങ്ക് കമന്റ് ബോക്‌സിലുണ്ട്. ത്രാണിയുള്ളവര്‍ക്ക് കാണാം)

No comments: