BookReview
ഹൈസ്കൂൾ പഠനകാലത്താണ് ദൂരദർശനിൽ ശ്യാമപ്രസാദ് എന്ന പേര് ആദ്യം കാണുന്നത്. ഉയിർത്തെഴുന്നേൽപ്പും മരണം ദുർബലവുമെല്ലാം ഇന്നും ഓർമയിലുണ്ട്. നമ്മുടെ ടെലിവിഷൻ ലക്ഷണമൊത്ത കാഴ്ചകൾക്ക് തുടക്കമിട്ട കാലം കൂടിയായിരുന്നു അത്.
പിന്നീട് രാജ്യത്തെ പ്രമുഖ സംവിധായകരുടെ നിരയിലേക്കുള്ള ശ്യാമപ്രസാദിന്റെ വളർച്ച മലയാളി നോക്കി നിൽക്കെയാണ് സംഭവിച്ചത്. അപ്പോഴും അടൂരും അരവിന്ദനും നടന്ന വഴിയിലോ പത്മരാജനും ഭരതനും തുറന്നിട്ട ഇടവഴിയിലോ ഒന്നുംതന്നെ അദ്ദേഹത്തെ നമുക്ക് കാണാനായിട്ടില്ല. ഏതെങ്കിലും കൊക്കസുകളിൽ വിഷയദാരിദ്ര്യം കൊണ്ട് കുടിയേറിയ രൂപത്തിലും അയാളെ മലയാളി കണ്ടില്ല.
പക്ഷെ ഓരോ കൃത്യമായ ഇടവേളയിലും ഈ ചലച്ചിത്രകാരൻ നമുക്കുമുന്നിൽ വന്നു. അഗ്നിസാക്ഷിയും അകലെയും ഒരേകടലും ഋതുവും ആർട്ടിസ്റ്റും ഒരു ഞായറാഴ്ചയും പോലുള്ള ചിത്രങ്ങളുമായി.
അതിലൂടെയെല്ലാം കഥാപാത്രങ്ങളെ അവരായിത്തന്നെ ജീവിക്കാൻ തുറന്നുവിട്ട്, മലയാളിയുടെ കപട സദാചാര വാദത്തോട് കഴിയുന്നത്ര പുറം തിരിഞ്ഞുനിന്ന്, വ്യക്തി ബന്ധങ്ങളുടെ സങ്കീർണതകളെ സമകാലികത്തിലൊതുക്കാതെ സാർവകാലികമായി മാത്രം നോക്കികണ്ട്, ഒരുപക്ഷെ മനുഷ്യ മനസിനെ ഇത്രയേറെ ഇഴപിരിച്ചെടുത്ത അധികം സംവിധായകർ നമുക്കില്ല. അദ്ദേഹത്തിന്റെ നായകരേക്കാൾ എന്തുകൊണ്ടും മുന്നിലായിരുന്നു എന്നും ആ സിനിമകളിലെ സ്ത്രീകൾ.
അങ്ങനെ പലനിലക്കും പഠന വിധേയമാക്കേണ്ട ഈ സെല്ലുലോയ്ഡ് ജീവിതം അതിന്റെ സമഗ്രതയിൽ മലയാളിക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മുതിർന്ന മാധ്യമ പ്രവർത്തകനും സിനിമയുടെ ലാവണ്യ ശാസ്ത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന പ്രതിഭാധനനായ എഴുത്തുകാരനുമായ എ ചന്ദ്രശേഖർ എഴുതിയ 'ശ്യാമായനം' ശ്യാമപ്രസാദ് എന്ന ചലിച്ചിത്രകാരന്റെ സിനിമകൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അക്ഷര ബഹുമതിയാണ്. അത്രയേറെ സൂക്ഷ്മവും സമഗ്രവുമാണ് ഈ ചലച്ചിത്ര ഗ്രന്ഥം.
ശ്യാമപ്രസാദ് എന്ന സംവിധായകൻ ഏതാണ്ട് പൂർണമായി തന്നെ വിലയിരുത്തപ്പെടുന്നുണ്ട് ഇവിടെ. അദ്ദേഹത്തിന്റെ ലിംഗ നീതിയോടുള്ള തുറന്ന കാഴ്ചപ്പാടും ഗ്രന്ഥകാരൻ കൂടി ഉൾപ്പെട്ട കെ ആർ മീരയുമായി ബന്ധപ്പെട്ട ഒരേകടൽ വിവാദവും സംവിധായകൻ രഞ്ജിത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പുമെല്ലാം ഈ തുറന്ന പുസ്തകത്തിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ അമൂല്യ ഗ്രന്ഥം അവഗണിക്കാനാവില്ലെന്നത് തീർച്ചയാണ്...
# പി കെ അബ്ദുൾ റഊഫ്
94
People reached
7
Engagements
No comments:
Post a Comment