Published in issue dated September 2020
എ.ചന്ദ്രശേഖര്‍
വ്യക്തിക്ക് സാമൂഹികജീവിതത്തില്‍ ഉണ്ടാവുന്ന അതിജീവനപ്രതിസന്ധിയും അന്യവല്‍ക്കരണവുമാണ് ലോകസാഹിത്യത്തിലെന്നോണം സിനിമയടക്കമുള്ള ആവിഷ്‌കാരരൂപങ്ങള്‍ക്കും എന്നും നിത്യഹരിതവിഷയമായിട്ടുള്ളത്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അധിനിവേശങ്ങളെയും അധികാരവേധങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കുനേരെ നിസ്സഹായനായ സാധാരണക്കാരന്‍ നടത്തുന്ന പോരാട്ടങ്ങള്‍ മികച്ച സിനിമകളായിട്ടുണ്ട്. ബാഹ്യലോകവും ആന്തരികലോകവുമായുള്ള സംഘര്‍ഷസംഘട്ടനങ്ങള്‍ക്കൊപ്പം വൈയക്തികമായ ആശയസംഘര്‍ഷങ്ങളും പ്രത്യയശാസ്ത്രവൈരുദ്ധ്യങ്ങളുമെല്ലാം ഇത്തരത്തില്‍ സര്‍ഗാത്മകരചനകള്‍ക്ക് ഇഷ്ടവിഷയമായിത്തീരാറുണ്ട്. പലപ്പോഴും അവ ഉന്നയിക്കുന്നത് കാലികവും സാമൂഹികവുമായി പ്രസക്തമായ പ്രശ്‌നങ്ങളായിത്തീരാറുമുണ്ട്. സമൂഹത്തിലെ വ്യക്തിയുടെ സ്വത്വസ്വാതന്ത്ര്യത്തെയും പ്രത്യയശാസ്ത്രനിലനില്‍പ്പിനെയും പ്രശ്‌നവല്‍ക്കരിക്കുക എന്നതിലപ്പുറം അവയുടെ രാഷ്ട്രീയവും സാമൂഹികവും സാമുദായികവും സാമ്പത്തികവുമായ ഹേതുക്കളിലേക്ക് വിശകലനാത്മകമായി ആഴ്ന്നിറങ്ങാനും അത്തരം രചനകള്‍ ആര്‍ജ്ജവം കാട്ടാറുണ്ട്. മനുഷ്യമനസുകളുടെ ആന്തരിക പ്രകൃതിയില്‍ ഏറെ താല്‍പര്യം കാണിച്ചിട്ടുള്ള, ചലച്ചിത്രഭൂമികയുടെ സ്ഥലരാശികളില്‍ മനുഷ്യപ്രകൃതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള ചലച്ചിത്രകാരനായ ഇന്ത്യന്‍ സിനിമയുടെ അഭിമാനം സത്യജിത് റേയുടെ അത്തരത്തിലൊരു സിനിമയാണ് 1990ല്‍ പുറത്തിറങ്ങിയ ഗണശത്രു. റേയുടെ സ്ഥിരം നായകകര്‍തൃത്വങ്ങളില്‍ നിന്ന് രാഷ്ട്രീയമായും പ്രാമാണികമായും വേറിട്ടുനില്‍ക്കുന്ന, കുറേക്കൂടി ശക്തമായ പ്രത്യയശാസ്ത്രനിലപാടുകളുള്ള അശോക് ഗുപ്ത എന്ന ഡോക്ടറെ കേന്ദ്രീകരിച്ച് പാരിസ്ഥിതികമാനങ്ങളുള്ളൊരു ചലച്ചിത്രനിര്‍മ്മിതിയായിരുന്നു അത്. ഒരുപക്ഷേ പ്രത്യക്ഷ രാഷ്ട്രീയം സംസാരിക്കുന്ന റേ സിനിമകളില്‍ പ്രധാനപ്പെട്ടത്.
സമൂഹവും വ്യക്തിയും എന്ന ദ്വന്ദത്തെ വച്ച് ലോകപ്രശസ്തമായ നാടകങ്ങളൊരുക്കിയ നോര്‍വീജിയന്‍ നാടകേതിഹാസം ഹെന്‍ റിക് ഇബ്‌സന്റെ ആന്‍ എനിമി ഓഫ് ദ് പീപ്പിള്‍ എന്ന വിഖ്യാത നാടകത്തെ അധികരിച്ച് റേ നിര്‍മിച്ച സ്വതന്ത്ര ചലച്ചിത്രസംരംഭമായിരുന്നു ഗണശത്രു. അപ്രിയ സത്യം പൊതുമധ്യത്തില്‍ പറയേണ്ടിവരുന്നതുകൊണ്ട് ജനരോഷം ഏറ്റുവാങ്ങേണ്ടിവരുന്ന സത്യസന്ധനായൊരു മനുഷ്യന്റെ കഥയായിരുന്നു ഇബ്‌സന്റെ നാടകം. തന്റെ തന്നെ പ്രേതങ്ങള്‍ എന്ന നാടകം കണ്ട് അസ്വസ്ഥരായ പ്രേക്ഷകരില്‍ നിന്നേറ്റുവാങ്ങേണ്ടിവന്ന ഭര്‍ത്സനങ്ങള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്ക് ഇബ്‌സന്‍ എഴുതിയ നാടകം. സത്യം പറയുന്നവന്‍ സമൂഹത്തിന് ശത്രുവായിത്തീരുന്ന വൈരുദ്ധ്യം തികച്ചും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട ജലവിതരണ പ്രശ്‌നത്തിലേക്ക് മാറ്റിപ്രതിഷ്ഠിച്ചുകൊണ്ടാണ് സത്യജിത് റേ ഗണശത്രുവാക്കിയത്. പരിസ്ഥിതിയുടെ പ്രകൃതങ്ങള്‍ വളരെ കുറച്ചുമാത്രം വിഷയമാക്കിയിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ അത്തരത്തിലുള്ള അപൂര്‍വം ചലച്ചിത്രോദ്യമങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമകൂടിയാണ് ഗണശത്രു.റേയുടെ പ്രിയപ്പെട്ട നടന്‍ സൗമിത്ര ചാറ്റര്‍ജിയാണ് ഗണശത്രുവിലെ കേന്ദ്രകഥാപാത്രമായ ഡോ. അശോക് ഗുപ്തയുടെ ആന്തരസംഘര്‍ഷങ്ങള്‍ അസൂയാവഹമായ വിധം തിരയിടത്തില്‍ പ്രതിഷ്ഠിച്ചത്.
ചന്ദിപ്പൂരിലെ സത്യസന്ധനായൊരു ഡോക്ടറാണ് അശോക് ഗുപ്ത.നഗരത്തില്‍ അന്നോളമില്ലാത്തവിധം മഞ്ഞപ്പിത്തം മാരകമായി പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം തേടുന്ന അദ്ദേഹം ക്ഷേത്രനഗരിയായ ചന്ദിപ്പൂരിലെ വെള്ളം സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കുന്നു. അശോക് ഗുപ്തയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതും സ്‌ഫോടനാത്മകവുമായിരുന്നു. ഭൂഗര്‍ഭക്കുഴലുകളുടെ കാലപ്പഴക്കം മൂലം മലിനമായ വെള്ളമാണ് ചന്ദിപ്പൂരില്‍ ലക്ഷക്കണക്കായ ഭക്തരെത്തുന്ന വിഖ്യാതമായ ത്രിപുരേശ്വരക്ഷേത്രത്തില്‍ ചരണാമൃതതീര്‍ത്ഥമായി കൊടുക്കുന്നത് എന്നതായിരുന്നു ആ കണ്ടെത്തല്‍! പുണ്യതീര്‍ത്ഥമെന്ന വിശ്വാസത്തില്‍ ഭക്തര്‍ സ്വീകരിച്ച് സേവിക്കുന്ന ഈ വെള്ളത്തിലൂടെയാണ് മാരക രോഗാണുക്കള്‍ പകരുന്നതെന്ന് നിസ്സംശയം അശോകിന് തെളിയിക്കാനായി. പക്ഷേ...
ഈ പക്ഷേ ആണ് ഗണശത്രുവിന്റെ കാതല്‍. പുണ്യതീര്‍ത്ഥം മലിനജലമാണെന്ന് വിളിച്ചുപറയാനായുന്ന അദ്ദേഹത്തിന് വിശ്വാസികളില്‍ നിന്നു മാത്രമല്ല, നാട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും എന്തിന് സ്വന്തം വീട്ടുകാരില്‍ നിന്നു വരെ എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. അവരെയെല്ലാം ബാധിക്കുന്ന, അവരെ രക്ഷപ്പെടുത്താവുന്ന ഒരു സത്യം പരസ്യപ്പെടുത്താന്‍ സാധിക്കാത്തവിധത്തില്‍ രാഷ്ട്രീയവും മതവും (അന്ധ)വിശ്വാസവും ഒക്കെ ചേര്‍ന്ന് അദ്ദേഹത്തെ ചെറുക്കുകയാണ്. നിശബ്ദനാക്കുകയാണ്. സ്വന്തം മനഃസാക്ഷിയും, ശാസ്ത്രബോധവും അതു നല്‍കുന്ന ശാസ്ത്രീയ വിശകലനാത്മകതയും അതില്‍നിന്നുയര്‍ന്ന ഉത്തമബോധ്യവും മാത്രം ആയുധങ്ങളാക്കി ഒരൊറ്റയാള്‍പ്പോരാളിയായി അയാള്‍ മറുപക്ഷത്തെയൊട്ടാകെ നേരിടുകയാണ്, മഹാഭാരതത്തിലെ പാണ്ഡവരെയെന്നപോലെ.
ക്ഷേത്രനഗരിയെന്ന നിലയ്ക്ക് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന സുപ്രധാന വരുമാന സ്രോതസാണ് ചന്ദിപ്പൂരിന് ത്രിപുരേശ്വരി ക്ഷേത്രം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുപോലും ക്ഷേത്രമാണ് പ്രധാന വരുമാനസ്രോതസ്. നഗരസഭാധ്യക്ഷന്‍ കൂടിയായ, ഡോ.അശോക് ഗുപ്തയുടെ അനുജന്‍ നിതിഷ് ഗുപ്ത (ധൃതിമാന്‍ ചാറ്റര്‍ജി) തന്നെയാണ് ജ്യേഷ്ഠനെതിരേ പരോക്ഷവും പ്രത്യക്ഷവുമായ എതിര്‍പ്പുമായി ആദ്യമെത്തുന്നത്. ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം വിഷജലമാണെന്നും അണുവാഹിനിയാണെന്നും പുറത്തറിഞ്ഞാല്‍ ക്ഷേത്രത്തിലേക്കുള്ള ഭക്തപ്രവാഹം നിലയ്ക്കും. അത് ക്ഷേത്രവരുമാനത്തെയും അതുവഴി നഗരസഭാവരുമാനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ വിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ട് സഹോദരനെ അതില്‍ നിന്നു വിലക്കാനുള്ള വൈകാരികമായ പരിശ്രമത്തിലാണ് നിതിഷ്. അന്ധവിശ്വാസത്തെയാണ് അതിനുള്ള പ്രതിരോധമായി അയാള്‍ ആയുധമാക്കുന്നത്. പുണ്യതീര്‍ത്ഥത്തെ മലിനമാക്കാന്‍ ഭൂമിയിലാര്‍ക്കും സാധ്യമല്ലെന്നും ഭൂമിദേവി കനിഞ്ഞനുഗ്രഹിക്കുന്ന പരപാവനമായ ഭൂഗര്‍ഭ തീര്‍ത്ഥം വിശുദ്ധമാണെന്നുമാണ് അതിനയാള്‍ പറയുന്ന ന്യായം. ലാബ് പരിശോധനയില്‍ തെളിഞ്ഞ പരീക്ഷണഫലമൊന്നും വിശ്വസിക്കാന്‍ നിതിഷ് അടക്കമുള്ളവര്‍ തയാറാവുന്നില്ല. അതുകൊണ്ടുതന്നെ, വിശുദ്ധ തീര്‍ത്ഥത്തില്‍ അണുജലം കലരുന്നതു തടയാന്‍ ക്ഷേത്രമടച്ചിട്ട് പൈപ്പ് നന്നാക്കണമെന്ന ഡോക്ടറുടെ ആവശ്യം പുറം ലോകമറിയാതിരിക്കാനാണ് അയാളടക്കമുള്ളവര്‍ ശ്രദ്ധിക്കുന്നത്. ജനവാര്‍ത്ത ദിനപത്രത്തില്‍ ഇക്കാര്യത്തെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കാനുള്ള നീക്കത്തെയും അഴിമതിക്കാരായ അധികാരികളിടപെട്ട് തടയുകയാണ്. വിശ്വാസികളുടെ പ്രതിഷേധവും അധികാരികളുടെ അപ്രീതിയും ഭയന്ന് പത്രം അതു പ്രസിദ്ധീകരിക്കാന്‍ തയാറാവുന്നുപോലുമില്ല.
ഒരു പൊതുസമ്മേളനത്തില്‍ വച്ച് താന്‍ കണ്ടെത്തിയ സത്യം വിളിച്ചുപറയാനുള്ള ഡോക്ടറുടെ നീക്കവും സഹോദരന്റെ നേതൃത്വത്തില്‍ തടയപ്പെടുന്നു.വാസ്തവം വിശ്വസിക്കാത്തതുകൊണ്ടോ, ഡോക്ടറുടെ കണ്ടെത്തല്‍ ശരിയല്ലെന്ന ബോധ്യത്തിലോ അല്ല അത്. മറിച്ച് ക്ഷേത്രവരുമാനത്തില്‍ കുറവുണ്ടാവരുത് എന്നും അതുവഴിയുള്ള സ്വന്തം വരുമാനത്തില്‍ ഇടിവുണ്ടാവരുത് എന്നുമുള്ള സ്വാര്‍ത്ഥം മാത്രമാണ് നിതിഷിന്. സമാനമായ ചിന്താഗതികള്‍ തന്നെയാണ് ഡോക്ടറുമായി അടുത്തിടപഴകുന്ന മറ്റുളളവര്‍ക്കും.ജനാധിപത്യത്തില്‍, സത്യം പൊതുസമക്ഷമെത്തിക്കാന്‍ ജാഗരൂകരാവേണ്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളും ഒരുപോലെ നിരുത്തവരാദപരവും സാമൂഹികവിരുദ്ധവുമായി പെരുമാറുന്നതെങ്ങനെയെന്ന് ചിത്രം കാണിച്ചുതരുന്നു.
തനിക്കറിയാവുന്ന സത്യം പൊതുസമക്ഷം വിളിച്ചുപറയാന്‍ ഡോക്ടര്‍ വിളിച്ചുകൂട്ടുന്ന പൊതുയോഗത്തില്‍ ക്ഷണിക്കപ്പെടാതെ വന്നെത്തുന്ന നിതിഷ് യോഗത്തിന് അധ്യക്ഷനായി ജനവാര്‍ത്തയുടെ പ്രിന്ററും പബ്‌ളിഷറുമായ ആധിര്‍ മുഖര്‍ജിയെ നിര്‍ദ്ദേശിക്കുന്നു. അയാളാവട്ടെ യോഗത്തില്‍ ഡോക്ടര്‍ക്കു മുമ്പേ സംസാരിക്കാന്‍ നിതിഷിനെയും ക്ഷണിക്കുന്നു. പിടിച്ചു വാങ്ങുന്ന അവസരമുപയോഗിച്ച് അയാള്‍ തന്റെ ജ്യേഷ്ഠനെതിരായി പ്രേക്ഷകര്‍ക്കിടയിലെ വിശ്വാസികളെ കൂട്ടുപിടിച്ച് ഡോക്ടര്‍ക്കെതിരായി പൊതുവികാരം തിരിക്കുകയാണ്.ക്ഷേത്രം അടച്ചിടുന്നതിനെ ഭൂരിപക്ഷവും എതിര്‍ക്കുന്നു.തുടര്‍ന്ന് പ്രസംഗിക്കുന്ന ജനവാര്‍ത്തയുടെ പത്രാധിപരും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം.ഡോക്ടര്‍ക്കെതിരായി സംസാരിക്കുന്നു.ഇതിനെല്ലാം ശേഷവും സദസില്‍ ഡോക്ടറുടെ ചികിത്സകൊണ്ടുമാത്രം ജീവനും ജീവിതവും തിരിച്ചെത്തിയവരുടെ സാക്ഷ്യപ്പെടുത്തലിനെത്തുടര്‍ന്ന് ഒരു വിഭാഗം അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ തയാറാവുന്നു. സത്യം പൊതുജനങ്ങളറിയുമെന്ന ഘട്ടത്തില്‍ മതവിദ്വേഷമിളക്കിക്കൊണ്ട് വീണ്ടും നിതിഷ് രംഗപ്രവേശം ചെയ്യുകയാണ്.
'ഞാനൊരു ചോദ്യം ചോദിക്കട്ടെ' എന്ന മുഖവുരയോടെ 'താങ്കള്‍ ഒരു ഹിന്ദുവാണോ?' എന്നാണ് മൈക്കിലൂടെ പരസ്യമായി അയാള്‍ ജ്യേഷ്ഠനോട് ചോദിക്കുന്നത്. 'ആയിരംവട്ടം അതേ' എന്നു മറുപടി പറയുന്ന ഡോക്ടറോട് 'കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ത്രിപുരേശ്വരീ ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ?' എന്നാണ് നിതിഷ് ചോദിക്കുന്നത്. പ്രാര്‍ത്ഥിക്കാന്‍ അമ്പലത്തില്‍ പോകണമെന്നില്ലെന്ന ഡോക്ടറുടെ മറുപടിയില്‍ പിടിച്ച് അയാള്‍ പ്രാര്‍ത്ഥനയിലും മതാചാരങ്ങളിലും വിശ്വസിക്കാത്ത ആളാണെന്നും മതനിഷേധിയാണെന്നും സ്ഥാപിക്കുകയാണ് നിതീഷ്. ക്ഷേത്രത്തില്‍ വരുന്ന ആയിരക്കണക്കിനു ഭക്തരില്‍ തീര്‍ത്ഥം പാനംചെയ്യുന്നവരില്‍ കുറച്ചുപേര്‍ക്കു മാത്രം വരുന്ന രോഗത്തിന്റെ പേരില്‍ തീര്‍ത്ഥജലത്തെ സംശയിക്കുന്നതെങ്ങനെ എന്ന നിലപാടാണ് നിതീഷ് കൈക്കൊള്ളുന്നത്. തൊട്ടുമമ്പത്തെ ആഴ്ച ചരണാമൃതം കുടിച്ച പതിനയ്യായിരം പേരില്‍ അഞ്ഞൂറുപേര്‍ക്കു മാത്രം രോഗം വന്നതിനെ പിടിച്ച് വാദഗതികള്‍ മുറുക്കുന്ന നിതിഷിന്റെ ഗൂഡാലോചനയില്‍ സദസ് പ്രക്ഷുബ്ധമാകുന്നു. കല്ലേറിലും കലാപത്തിലുമാണ് യോഗം അവസാനിക്കുന്നത്. വിശ്വാസികളാല്‍് ഡോക്ടറുടെ വീടും ആക്രമിക്കപ്പെടുന്നു. സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്നതിന്റെ പേരില്‍ ഒന്നൊന്നായി നഷ്ടങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഡോക്ടറുടെ ജീവിതത്തില്‍. തല്‍പര രാഷ്ട്രീയ കക്ഷികള്‍ മതമുപയോഗിച്ചു വിശ്വാസികളെ ഇളക്കിവിടുന്നതുവഴി ആളുകളുടോ രോഷത്തിന് അയാള്‍ പ്രത്യക്ഷപാത്രമാവുന്നു. ഒരു ദിവസം കൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്ന ആള്‍ വെറുക്കപ്പെട്ടവനാവുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവനും സമൂഹമധ്യത്തില്‍ അന്യനുമായിത്തീരുന്നു, സമൂഹദ്രോഹിയും ശത്രുവുമാകുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് അയാളെ കാണിക്കല്‍ നോട്ടീസ് നല്‍കി സസ്‌പെന്‍ഡ് ചെയ്യുന്നു. വിശദീകരണം ബോധ്യപ്പെട്ടില്ലെങ്കില്‍ പിരിച്ചുവിടാനാണ് ആശുപത്രിസമിതിയുടെ തീരുമാനം എന്ന് അയാളെ അറിയിക്കുന്നതും നിതീഷ് തന്നെയാണ്. തന്റെ 'തെറ്റു' തിരിച്ചറിഞ്ഞ് നിലപാട് പിന്‍വലിച്ചാല്‍ ജോലി നഷ്ടപ്പെടില്ല എന്നാണ് വാഗ്ദാനം. സാമൂഹികമായ ഊരുവിലക്കുകളുടെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് തങ്ങള്‍ക്കഹിതമായി നില്‍ക്കുന്ന ഡോക്ടറെ വരുതിക്കു വരുത്താനാണ് അധികാരവും വിശ്വാസവും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. അധ്യാപികയായ അയാളുടെ മകള്‍ രേണുവിന്(മമത ശങ്കര്‍)പിതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍ ജോലി നഷ്ടമാവുന്നു. വീട് ആക്രമിക്കപ്പെടുന്നതിന്റെ കാരണം പറഞ്ഞ് വീട്ടുടമ അയാളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റപ്പെടുത്തല്‍ അതിന്റെ പാരമ്യത്തിലെത്തുകയാണ്.പക്ഷേ, മനഃസാക്ഷിയെന്ന വജ്രായുദ്ധത്തിന്റെ പിന്‍ബലത്തിലൂന്നി മരിക്കുംവരെ സത്യത്തിനുവേണ്ടി പോരാടാനാണ് ഡോക്ചര്‍ അശോക് തീരുമാനിക്കുന്നത്.
എന്നിട്ടും സമ്മര്‍ദ്ദം താങ്ങാനാവാതെ അയാള്‍ ഒരുവേള തകര്‍ന്നു പോകുന്നുണ്ട്. താന്‍ പരാജയപ്പെട്ടുവെന്നു പോലും അയാള്‍ സംശയിക്കുന്നു. മകളും ഭാര്യയും മാത്രമാണ് അയാള്‍ക്കൊപ്പം അയാളുടെ വിശ്വാസങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത്.താന്‍ കാരണം മകള്‍ക്കു വന്ന തിരിച്ചടിയുടെ പേരില്‍പ്പോലും അയാള്‍ ക്ഷമചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയാണ് രേണു. ചന്ദിപ്പൂരിന് ചുറ്റുപാടും പോലും തന്റെ അച്ഛനോളം പോന്ന വിദഗ്ധനായൊരു ഡോക്ടറില്ലെന്നിരിക്കെ എന്തിനെയാണ് ഭയക്കുന്നത് എന്നവള്‍ അച്ഛനോട് ചോദിക്കുന്നു. പ്രൈവറ്റ് പ്രാക്ട്രീസ് നടത്തിയാലും അയാള്‍ക്കു ജീവിക്കാം. തനിക്ക് പ്രൈവറ്റ് ട്യൂഷനെടുക്കാം. എന്നാലും തന്റെ പിതാവ് തളരരുത് എന്നാണ് രേണുവിന്റെ പക്ഷം.
തന്റെ ലോകം തന്നെ ഛിന്നഭിന്നമായെന്ന നിരാശയോടെ അയാളിരിക്കെയാണ് മരുമകനോടൊത്ത് ജനവാര്‍ത്തയുടെ മുന്‍ റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ ഫ്രീലാന്‍സറായ ബീരേഷ് അയാളെ കാണാന്‍ വീട്ടിലേക്കെത്തുന്നത്. കലാപം നടന്ന യോഗത്തിലും അയാളുണ്ടായിരുന്നു. ഡോക്ടറുടെ കണ്ടെത്തലിനെ പൂര്‍ണമായി വിശ്വസിക്കുന്ന ബീരേഷ് അദ്ദേഹത്തെ അഭിമുഖം ചെയ്യാനാണ് വന്നിരിക്കുന്നത് എന്നറിഞ്ഞ് നിരാശയുടെ പടുകുഴിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഡോക്ടര്‍ ഒരു ജനശത്രുവിന്റെ കുമ്പസാരങ്ങള്‍ എന്ന പേരില്‍ വേണം തന്റെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ എന്നയാളോട് ആവശ്യപ്പെടുന്നു. എന്നാല്‍ യോഗത്തില്‍ അയാള്‍ അവതരിപ്പിക്കാനിരുന്ന, ജനവാര്‍ത്തയ്ക്കു വേണ്ടി തയാറാക്കിയ പഠനലേഖനത്തിന്റെ പകര്‍പ്പ് രേണുവഴി കരസ്ഥമാക്കിയ പൊതുസേവനകനും തീയറ്റര്‍ ആക്ടിവിസ്റ്റുമായ മരുമകനും സംഘവും അത് ലഘുലേഖയാക്കി പ്രസിദ്ധപ്പെടുത്തി നാടെങ്ങും വിതരണം ചെയ്തുകഴിഞ്ഞിരുന്നു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോയെന്നു ധരിച്ച അശോകിന് അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാകുകയാണ്.
മണിക്കൂറുകള്‍ക്ക് മുമ്പ് കല്ലേറില്‍ തകര്‍ക്കപ്പെട്ട വീടിനു പുറത്തു നിന്ന് അശോക് ഗുപ്ത നീണാള്‍ വാഴട്ടെ എന്ന ജനങ്ങളുടെ മുദ്രാവാക്യം വിളികളുയര്‍ന്നുകേള്‍ക്കേ അതൊരു പുതിയ യോഗപ്പിറവിയുടെ നാന്ദിയാവുകയാണ്. വ്യക്തിയെന്ന നിലയ്ക്ക് അശോക്കിന്റെ നിലപാടുകള്‍ക്കും ജീവിതത്തിനുമുള്ള അംഗീകരാമെന്ന നിലയ്ക്കു മാത്രമല്ല ആ ആരവങ്ങള്‍ക്ക് പ്രസക്തി, മറിച്ച് സത്യത്തിന്റെ വസ്തുതയുടെ, പരമാര്‍ത്ഥത്തിന്റെ ആഘോഷാരവം കൂടിയായി അത് പ്രസക്തമായിത്തീരുന്നു.താന്‍ ഒറ്റയ്ക്കല്ലെന്നും സത്യത്തിന്റെ പാതയില്‍ ആയിരങ്ങള്‍ ഒപ്പമുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അശോക് ഗുപ്തയുടെ ജീവിതം മറ്റൊരു മാനം തേടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം ഒരുപോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മതപ്രീണനത്തിനും വിധേയരായി ജനവിരുദ്ധ നിലപാടുകളെടുക്കുമ്പോള്‍ വ്യക്തി എങ്ങനെ വേട്ടയാടപ്പെടുന്നുവെന്ന് ഗണശത്രു കാണിച്ചു തരുന്നു. അതേസമയം, ജനവാര്‍ത്തയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര പത്രപ്രവര്‍ത്തകനായി സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ബീരേഷിലൂടെ മാധ്യമങ്ങളുടെ മേലുള്ള പ്രതീക്ഷ തീര്‍ത്തുമവസാനിപ്പിക്കാതെ സൂക്ഷിക്കുന്നുമുണ്ട് സംവിധായകന്‍.
ആഗോളവല്‍കൃത സാമൂഹികവ്യവസ്ഥയില്‍ വ്യാജവാര്‍ത്തകളുടെയും വാണിജ്യതാല്‍പര്യങ്ങളുടെയും മലവെള്ളപ്പാച്ചിലിനിടയില്‍, പാരിസ്ഥിതികവും ആരോഗ്യപരവുമായ സത്യങ്ങള്‍കൂടി വാസ്താവനന്തരപ്പൊള്ളപ്രചാരണങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം കുഴിച്ചുമൂടപ്പെടുന്ന സമകാലിക കെട്ട വ്യവസ്ഥയില്‍ വീണ്ടും കാലിക പ്രസക്തി കണ്ടെത്തുന്ന ദൃശ്യവസ്തുവാണ് ഗണശത്രു. ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന് ഇക്കാലത്തും അത്രമേല്‍ പ്രസക്തിയും സാംഗത്യവുമുണ്ട്. കല കാലികമാവുമ്പോഴാണ് അനശ്വരത നേടുക എന്നാണെങ്കില്‍ ഗണശത്രു കാലാതിവര്‍ത്തിയാവുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ കാലികപ്രസക്തി കൊണ്ടുകൂടിയാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അതുന്നയിക്കുന്ന പാരിസ്ഥിതികവും മതപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നും അത്യധികം പ്രസക്തിയുണ്ട്.
മതവും രാഷ്ട്രീയവും വ്യവസായവും ചേര്‍ന്ന് ഊട്ടിവളര്‍ത്തുന്ന അധോലോകത്തിന്റെ പ്രത്യക്ഷാക്രമണങ്ങളുടെ ഇരയാണ് ഡോക്ടര്‍ അശോക് ഗുപ്ത. വന്‍കിട ശക്തികളുടെ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനകള്‍ക്കെതിരേ ഒരു പരിധിക്കപ്പുറം വ്യക്തി എന്ന നിലയ്ക്ക് അയാള്‍ക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല. എന്നാലും ജനാധിപത്യവ്യവസ്ഥയില്‍, എത്ര കുഴിച്ചുമൂടിയാലും സത്യം ആത്യന്തികവിജയം നേടുകതന്നെ ചെയ്യുമെന്ന് ഗണശത്രു അസന്ദിഗ്ധമായി പറഞ്ഞുവയ്ക്കുന്നു. ചിത്രാന്ത്യത്തില്‍ താനും തന്റെ വിശ്വാസങ്ങളും തന്റെ ശാസ്ത്രവും വിജയിക്കുന്നുവെന്നു തിരിച്ചറിഞ്ഞ് നിരാശയില്‍ നിന്ന് ഉത്കടമായ സന്തോഷത്തിലേക്ക് കടന്നുവരുന്ന അശോകിനെ ക്ലോസപ്പില്‍ മുഖഭാവങ്ങളിലൂടെ മാത്രം വ്യക്തമാക്കുന്ന ക്‌ളാസിക്ക് സീക്വന്‍സ് ഒന്നു മാത്രം മതി, നടന്‍ എന്ന നിലയ്ക്ക് സൗമിത്ര ചാറ്റര്‍ജി എന്തുകൊണ്ട് സത്യജിത് റേയുടെ പ്രിയനടനായി എന്ന് തെളിയിക്കാന്‍. അത്രമേല്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തമാണ് ആ രംഗം ബാക്കിയാക്കുന്നത്.
ഡോ.അശോക് ഗുപ്തയുടെ ഔദ്യോഗികമേശമേലിരിക്കുന്ന സ്റ്റെതസ്‌കോപ്പിന്റെ അതിസമീപദൃശ്യത്തില്‍ നിന്ന് വികസിച്ച് തന്റെ കണ്ടെത്തല്‍ പത്രം ഓഫീസില്‍ വിളിച്ചു പറയുന്ന ഡോക്ടറിലാണ് സിനിമ ആരംഭിക്കുന്നത്.അകംവാതില്‍ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചലച്ചിത്രസമീപനമാണ് ഗണശത്രുവിനു വേണ്ടി സത്യജിത് റേ വിഭാവനചെയ്തിട്ടുള്ളത്. വളരെ ചുരുങ്ങിയ സ്ഥാലികപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തുറന്നു പിടിക്കുകയും അവര്‍ തമ്മിലുളള നിരന്തര സംഭാഷണങ്ങളിലൂടെ പുറം ലോകത്ത് അരങ്ങേറുന്ന സംഭവവികാസങ്ങള്‍ അനാവരണം ചെയ്യുകയും ചെയ്യുന്ന ആഖ്യാനശൈലി. നാടകത്തിന്റെ സ്ഥലരാശിയോട് ഇഴയടുപ്പം പുലര്‍ത്തുംവിധം അകംവാതില്‍ ദൃശ്യങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഇതിവൃത്താഖ്യാനത്തിനിടെ, പൊതുസമ്മേളനത്തിനായുള്ള പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പോലും അതിസമീപദൃശ്യമായി അകത്തോ പുറത്തോ എന്നു തിരിച്ചറിയാനാവാത്തവിധമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒരുപക്ഷേ പുറം വാതില്‍ ദൃശ്യങ്ങള്‍ ഇത്രമാത്രം ശുഷ്‌കമായ റേ സിനിമകള്‍ അധികമുണ്ടാവില്ല. അത്രമാത്രം ആന്തരികവ്യാപാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദൃശ്യ നറേറ്റീവാണ് ഗണശത്രുവിന്റേത്.പൊതുയോഗത്തിലെ കലാപം, ഡോക്ടറുടെ വീടിനു നേരെയുള്ള ആക്രമണം, ചിത്രാന്ത്യത്തില്‍ വാസ്തവം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ അദ്ദേഹത്തിനനുകൂലമായി മുദ്രാവാക്യം മുഴക്കി പിന്തുണയ്ക്കുന്നത് തുടങ്ങിയ രംഗങ്ങളെല്ലാം വീടകദൃശ്യങ്ങള്‍ക്കു മുകളില്‍ അതിവിദഗ്ധമായി വിളക്കിച്ചേര്‍ത്ത ദൃശ്യ-ശബ്ദ സൂചകങ്ങളിലും സൂചനകളിലും കൂടെയാണ് നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.
ഇന്‍ഡോര്‍ പ്‌ളേ എന്ന നിലയ്ക്ക് മിസ് എന്‍ സീന്‍ ചെയ്തിരിക്കുന്ന ഗണശത്രുവിന്റെ ദൃശ്യസമീപനം ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം തന്നെയാണ്. സ്ഥാലികമായ പരിമിതി/പരിധികളെ ക്യാമറാചലനങ്ങളും ഷോട്ട് വിഭജനങ്ങളും കൊണ്ട് എങ്ങനെ മറികടക്കാം എന്ന് പതിവുപോലെ സത്യജിത് റേ ഈ ചിത്രത്തിലും ആവര്‍ത്തിച്ചു തെളിയിക്കുന്നു. ചലച്ചിത്രമെന്ന മാധ്യമത്തിന്മേലുള്ള റേയുടെ അസാമാന്യമായ കൈയൊതുക്കം ഒന്നുകൊണ്ടു മാത്രമാണ്, അതിനാടകീയമായൊരു ദൃശ്യാഖ്യാനമായിത്തീര്‍ന്നേക്കാമായിരുന്ന ഗണശത്രു സിനിമാത്മകമായി മികച്ച ഒന്നായിത്തീരുന്നത്.സമീപ/അതിസമീപദൃശ്യങ്ങള്‍ ഇടകോര്‍ത്ത് എങ്ങനെ മുഷിപ്പില്ലാതെ അകംവാതില്‍ ദൃശ്യാഖ്യാനം മുന്നോട്ടുകൊണ്ടുപോകാം എന്ന് ഗണശത്രു കാണിച്ചു തരുന്നു. അതോടൊപ്പം പശ്ചാത്തല സംഗീതത്തിനും ക്യാമറാചലനങ്ങള്‍ക്കും രംഗങ്ങളുടെ ഏകതാനത നീക്കി അതിനെ എത്രത്തോളം ചലനാത്മകമാക്കാം എന്നതിനും ചിത്രം മകുടോദാഹരണമായിത്തീരുന്നു.വിജയശ്രീലാളിതനായ ഡോക്ടറുടെ ഔദ്യോഗിമേശമേലുള്ള സ്‌റ്റെതസ്‌കോപ്പിന്റെ ക്‌ളോസപ്പാണ് ചിത്രത്തിന്റെ അവസാന ഷോട്ട് എന്നതും ശ്രദ്ധേയം. ചലച്ചിത്രത്തിന്റെ ഘടനയെ പ്രമേയവുമായി വൈകാരികമായി നിബന്ധിക്കുന്നതെങ്ങനെയെന്നതിന്റെ ക്‌ളാസിക്കല്‍ ഉദാഹരണങ്ങളാണിതൊക്കെ.പ്രമേയത്തിന്റെ കെട്ടുറപ്പിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമൊപ്പം ചലച്ചിത്രത്തിന്റെ ശില്‍പപരമായ സമഗ്രതയിലുള്ള ഈ ജാഗ്രതയാണ് സത്യജിത് റേയെ ഇന്ത്യ കണ്ട ഏറ്റവും മഹാനും പ്രതിഭാധനനുമായ ചലച്ചിത്രകാരനാക്കി നിലനിര്‍ത്തുന്നത്.
No comments:
Post a Comment