മണിയറയിലെ അശോകന്‍ അഥവാ പട്ടണത്തില്‍ സുന്ദരന്‍
എ.ചന്ദ്രശേഖര്‍
ദുല്‍ഖര്‍ സല്‍മാനും ഗ്രഗറിയും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന സിനിമ മുതല്‍ ഒരുറച്ച തിരയിരട്ടകളാണ്. മികച്ച പാരസ്പര്യം വച്ചുപുലര്‍ത്തുന്ന സ്‌ക്രീന്‍ പങ്കാളികള്‍. സ്വാഭാവികമായി അവരൊരുമിച്ചു നിര്‍മിക്കുന്ന ഒരു സിനിമയെപ്പറ്റി ഒരല്‍പം പ്രതീക്ഷ കൂടുക പ്രേക്ഷകരുടെ ഭാഗത്ത് സ്വാഭാവികം മാത്രം. അതും ദുല്‍ഖര്‍ മുന്‍പ് നിര്‍മിച്ച സിനിമകളുടെ നിലവാരം കൂടി പരിഗണിക്കുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തെന്നു പറയാനുമാവില്ല. എന്നാല്‍ ഇവരിരുവരും നിര്‍മിച്ച് ഷംസു സായ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍ ആ പ്രതീക്ഷകളെ അസ്ഥാനത്തു തന്നെ കൊണ്ടു ചെന്നുറപ്പിക്കുന്നു.
സിനിമയുണ്ടെങ്കിലേ നിരൂപകനുള്ളൂ എന്നു വിശ്വസിക്കുന്ന, അതുകൊണ്ടു തന്നെ തീയറ്ററില്‍ റിലീസാവുന്ന പൊളിപ്പടങ്ങളെ പറ്റി കഴിവതും മൗനമവലംബിക്കുകയും നല്ലതിനെ മാത്രം നല്ലതെന്നു പറയുകയും വളരേ മോശമായവയെപ്പറ്റി മാത്രം പരമാവധി നല്ല വാക്കുകളില്‍ മോശം എന്നെഴുതുകയും ചെയ്യുന്ന ആളാണ് ഞാന്‍.എന്നാല്‍ കോവിഡ് കാലത്തെ ഓടിടി റിലീസുകളുടെ കാര്യത്തില്‍ അത്തരമൊരു കരുതല്‍ വേണ്ടാത്തതുകൊണ്ടും നല്ലതെഴുതിയാലുമില്ലെങ്കിലും കാണേണ്ടവര്‍ക്ക് കാണാമെന്നുള്ളതുകൊണ്ടും മറയില്ലാതെ അഭിപ്രായം കുറിക്കുകയാണ്.
മണിയറയിലെ അശോകന്‍ കണ്ടപ്പോള്‍ തോന്നിയത് വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത ഒരേയൊരു കഥാചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ ശ്രീനിവാസനെ വച്ച് നിര്‍മ്മിച്ചിരുന്നെങ്കില്‍ എങ്ങനെയാവുമായിരുന്നു എന്നാണ്. ദിലീപിനു പകരം ശ്രീനിവാസനായിരുന്നെങ്കില്‍? അപ്പോഴതാ സിദ്ധാര്‍ത്ഥ ഭരതന്റെ ചന്ദ്രേട്ടനെവിടെയാ എന്ന സിനിമ തികട്ടിത്തികട്ടി മനസിലേക്കോടിയെത്തുന്നു. മണിയറയിലെ അശോകന്‍ ദിലീപായാലോ, എന്താണോ എന്തോ!
ഒരേ കഥ തന്നെ ഒരേ സമയത്ത്് ഒരേ ആളെഴുതി തീയറ്ററിലെത്തി രണ്ടും വന്‍ വിജയമായിട്ട് ഏറെ നാളായിട്ടില്ല, മലയാളത്തില്‍. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ് എന്നീ രണ്ടു സിനിമകളും ഒരൊറ്റ കഥയുടെ അജഗജാന്തരമുള്ള ആവിഷ്‌കാരങ്ങളായിരുന്നു. രണ്ടും അടുത്തടുത്തു കാണുന്ന ഒരാള്‍ക്കു പോലും അതറിഞ്ഞു കണ്ടാല്‍പ്പോലും ബോറടിക്കുകയോ മറ്റേത് ഓര്‍മ്മയിലെത്തുകയോ ഇല്ല. അത് എഴുത്തുകാരന്റെയും സംവിധായകരുടെയും കഴിവ്. ഇവിടെ ഞാന്‍ സൂചിപ്പിച്ച പട്ടണത്തില്‍ സുന്ദരനോ ചന്ദ്രേട്ടന്‍ എവിടെയാ യ്‌ക്കോ മണിയറയിലെ അശോകന്റെ കഥാതന്തുവുമായി നേരിയൊരു ബന്ധത്തില്‍ കവിഞ്ഞ യാതൊന്നുമില്ല. എ്ന്നിട്ടും മറ്റു രണ്ടു സിനിമകളും ഓര്‍മ്മവന്നെങ്കില്‍ തീര്‍ച്ചയായും അത് മണിയറയിലെ അശോകനെ പടച്ചവരുടെ കുറവു തന്നെയാണ്.
ഒന്നര സിനിമയുടെ കനമുണ്ട് മണിയറയിലെ അശോകന്. അത്രയും തന്നെ താരങ്ങളും. എന്നിട്ടും ഇടമുറിയാതെ സ്‌ക്രീനിനു മുന്നില്‍ പ്രേക്ഷകനെ തളച്ചിടാനോ ഒടിടി കാഴ്ചയുടെ ഭാഷയില്‍ ബിഞ്ജ് വ്യൂവിങില്‍ ഏര്‍പ്പെടുത്തി കുറ്റിയില്‍ക്കെട്ടാനോ സാധിക്കാത്ത സിനിമ. ആവശ്യത്തിലധികം ഉണ്ടായിട്ടും പട്ടിണി എന്ന ദുരവസ്ഥയാണ് മണിയറയിലെ അശോകന്റേത്. നവഭാവുകത്വ സിനിമയില്‍ അധികമൊന്നും കാണാത്തത്ര അയഞ്ഞ അനാസ്ഥ നിറഞ്ഞ ചലച്ചിത്രസമീപനം കൊണ്ട് ചീറ്റിപ്പോയ പടക്കം.
No comments:
Post a Comment