Journalism strokes-8
മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ വെബ് പോര്ട്ടല് ആയിരുന്നു വെബ് ലോകം ഡോട്ട് കോം അഥവാ ഇന്നത്തെ മലയാളം വെബ് ദുനിയ.
സത്യം ഓണ്ലൈന് വണ്ഇന്ത്യ തുടങ്ങിയ ചില അന്യ സംസ്ഥാന പോര്ട്ടലുകളുടെ മലയാളം വിഭാഗങ്ങള് നിലവിലുണ്ടായിരുന്നെങ്കിലും ഇന്ഡോര് അടിസ്ഥാനമാക്കി ഇന്ത്യന് ഭാഷകളില് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇന്ര്നെറ്റ് സേവനങ്ങള് സജ്ജമാക്കിക്കൊണ്ട് പൂര്ണമായ അര്ത്ഥത്തില് മലയാളം പോര്ട്ടല് എന്നു പറയാവുന്നത് വെബ് ലോകം മാത്രമായിരുന്നു. മാതൃഭൂമിയില് നിന്ന് ടി.ശശിമോഹന് സാര്, മനോരമയില് നിന്ന് ഞാന്, പിന്നെ ശ്രീദേവി എസ് കര്ത്ത, ഡോ.രാധിക സി.നായര്, രശ്മി അരുണ്(അന്ന് പത്മ) അത്രയും പേരായിരുന്നു തുടക്കത്തില്. പ്രസ് ക്‌ളബില് അക്കാലത്തു പഠിച്ച ഭഗത് ചന്ദ്രശേഖര്, ബി.ഗിരീഷ് കുമാര്, ആര്.എസ് സന്തോഷ് കുമാര്, ശാന്തന്, രമേഷ്‌കുമാര്..ശ്യാംകൃഷ്ണ അങ്ങനെ പലരും പിന്നീട് ഇന്റേണികളായി ഒപ്പം ചേര്ന്നു.
ഓണ്ലൈനില് അതുവരെ കേരളം കേള്ക്കാത്ത പലതും വെബ് ലോകം പരിചയപ്പെടുത്തി. അതിലൊന്നായിരുന്നു ന്യൂസ് ചാനലുകള്ക്കും മുമ്പേ, തത്സമയ പാനല് ചര്ച്ച എന്ന ആശയം. ഓണ്ലൈന് ചാറ്റ് റൂം ഉപയോഗിച്ച് തല്സമയ ചര്ച്ച എന്ന ആശയം പോലും അന്ന് സാഹസമായിരുന്നു, കണക്ടിവിറ്റി പ്രശ്‌നം. വീഡിയോ, ഓഡിയോ എന്നിവയൊന്നും ഉണ്ടായിട്ടില്ല. ആ സമയത്താണ് മാസത്തിലൊന്നുവീതം സാഹിത്യസല്ലാപമടക്കം പലതും വെബ് ലോകം നടപ്പില് വരുത്തിയത്.
അതില് അതിസാഹസമെന്നു തന്നെ പറയാവുന്ന ഒന്നായിരുന്നു അക്കാലത്ത് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം വെബ് ലോകം സംഘടിപ്പിച്ച തത്സമയ പാനല് ചര്ച്ച.അതിഥികളോട് വിദൂരത്തിരിക്കുന്നവര് മംഗ്‌ളീഷിലോ ഇംഗ്‌ളീഷിലോ ടൈപ്പ് ചെയ്ത് ഓരോന്നു ചോദിക്കും. അവര് മറുപടിപറയുന്നത് ടൈപ്പിങ്ങില് അതിവേഗമുള്ള ഡിടിപി ഓപ്പറേറ്റര് സദസ്യ തിലകന് ടൈപ്പ് ചെയ്യും. അവരുടെ ചര്ച്ച മുഴുവന് ടേപ്പ് റെക്കോര്ഡറില് പകര്ത്തും പിന്നീട് മുഴുവന് ടെക്സ്റ്റും പ്രസിദ്ധീകരിക്കും. അങ്ങനെയായിരുന്നു ചര്ച്ച. ഇടതുപക്ഷത്തു നിന്ന് ഇഎംഎസ് ജൂനിയര്. ബിജെപിയില് നിന്ന് എം.എസ്.കുമാര്. യുഡിഎഫില് നിന്ന് ജി കാര്ത്തികേയന്. മോഡറേറ്ററായി ജോര്ജ് കുട്ടി എന്ന ഇലക്ഷന് വിദഗ്ധനും.
പഴയ ചില പടങ്ങള് തപ്പിയ കൂട്ടത്തില് കണ്ടെത്തിയതാണ്. നൊസ്റ്റു അടിച്ചു. പോസ്റ്റാമെന്നു വച്ചു.
No comments:
Post a Comment