

വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ വീണ്ടും ഒരു ഞായറാഴ്ച മാസിക പുറത്തിറങ്ങുന്നത് മലയാള മനോരമയില്‍ നിന്നാണ്. തൊണ്ണൂറുകളുടെ അവസാനമാണത്. ഞായറാഴ്ച പതിപ്പിന് പുതിയൊരു മാനവും ആഴവും കൊടുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച എന്ന പേരില്‍ സാധാരണരൂപത്തില്‍ നാലു പേജും കൂടെ ശ്രീ എന്ന പേരില്‍ മാസിക വലിപ്പത്തില്‍ മറ്റൊന്നും. വിദേശപത്രങ്ങളുടെ മാതൃകയില്‍ വാരാന്ത്യ വായന കൊഴുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്ത് കേരളശബ്ദത്തിന്റെയും നാനയുടെയുമൊക്കെ പത്രാധിപരായിരുന്ന കെ.വി.എസ് ഇളയതും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ കൂടി ചേര്‍ന്ന് ആരംഭിച്ച പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു ഞായറാഴ്ച എന്നാണോര്‍മ്മ. നായിക എന്നൊരു ചലച്ചിത്രപ്രസിദ്ധീകരണവും അവര്‍ക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകളിറങ്ങി. പിന്നീട് നിലച്ചു. ആ ടൈറ്റിലാണ് മനോരമ സ്വന്തമാക്കിയത്. കോട്ടയത്തെ ടു ക്രിയേറ്റീവ് മൈന്‍ഡ്‌സ് എന്ന സ്ഥാപനം നടത്തുന്ന രാധാകൃഷ്ണനും സുഹൃത്തുമായിരുന്നു ഡിസൈനര്‍മാര്‍. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ പത്രങ്ങള്‍ ഞായറാഴ്ച മാത്രം സാധാരണ വിലയില്‍ നിന്ന് ഒരു രൂപ അധികം ഈടാക്കിത്തുടങ്ങിയതെന്നും ഓര്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ തന്നെ ഈ പതിവു തുടര്‍ന്നെങ്കിലും ശ്രീ പ്രചാരത്തിന്റെ കാര്യത്തില്‍ കാര്യമായ ഗുണമൊന്നുമുണ്ടാക്കാത്തതുകൊണ്ടാ, ഞായറാഴ്ച പത്രത്തിന് വിലകൂട്ടിയിട്ടും കാര്യമായ ഇടിവില്ല എന്നു ബോധ്യമായതുകൊണ്ടോ, മനോരമ അതു നിര്‍ത്തുകയും ഞായറാഴ്ച മാത്രം നിലനിര്‍ത്തുകയും ചെയ്തു.
കേരള കൗമുദി വീക്കെൻഡ് മാഗസിനും കുറേക്കാലം മാഗസിൻ ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്. ഭാസുര ചന്ദ്രനായിരുന്നു പത്രാധിപർ. ഇതാണ് പിന്നീട് കേരള കൗമുദി ആഴ്ചപതിപ്പായി മറിയത് എന്ന് ചങ്ങാതിയും സഹപ്രവർത്തകനുമായ എം.ബി. സന്തോഷ് അറിയിച്ചതു കൂടി ഇതോടൊപ്പം ചേർക്കുന്നു. ഒപ്പം ഒരു വരി കൂടി. അല്ലെങ്കിലും പുതുമകൾ പലതും കേരള കൗമുദിയാണ് മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. അത്.എം എസ് മണി സാർ മരിച്ചപ്പോൾ ഞാൻ കുറിച്ചിരുന്നു
No comments:
Post a Comment