വൈറസിനെതിരേ വ്യക്തിശുചിത്വം മതി പക്ഷേ വാര്ത്താ വൈറസുകള്ക്കെതിരേ വാര്ത്താശുചിത്വം വേണം എന്ന ഐഎന്എസിന്റെ പരസ്യം ടിവിയില് കണ്ട ഭാര്യയ്ക്ക് സംശയം. അതിന് മാധ്യമങ്ങള് തന്നെയല്ലേ പ്രതികള്. സത്യമല്ലാത്തത് റിപ്പോര്ട്ട് ചെയ്യുന്നതുകൊണ്ടല്ലേ വ്യാജ വാര്ത്തകളുണ്ടാവുന്നത്? 26 വര്ഷമായി ഒന്നിച്ചു കഴിയുന്ന ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് പോസ്റ്റ് ട്രൂത്ത് അഥവാ വാസ്താവാനന്തരകാലത്തെ വ്യാജവാര്ത്തകളുടെ ഉറവിടമെങ്ങനെ എന്ന് മനസിരുത്തി ചിന്തിച്ചുപോയത്. വര്ഷങ്ങളായി മാധ്യമവിദ്യാര്ത്ഥികള്ക്ക് ഇതേപ്പറ്റിയുള്ള സിദ്ധാന്തങ്ങളും പ്രായോഗികതയുമൊക്കെ വിവരിച്ചുകൊടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ആശയം മനസിലേക്കു കൊണ്ടുവന്നത് ഭാര്യയുടെ ഓര്ക്കാപ്പുറത്തെ ചോദ്യമാണ്. വ്യാജവാര്ത്ത എന്തെന്നും എങ്ങനെയെന്നും ഒറ്റവാചകത്തില് നിര്വചിക്കാം. കോവിഡ് വരുമ്പോള് സ്വയം ചികിത്സയ്ക്കു മുതിര്ന്നാല് രോഗം എത്ര മൂര്ച്ഛിക്കുമോ അതുപോലെ, വാര്ത്ത കണ്ടെത്താനും പരിശോധിക്കാനും പുനഃപരിശോധിക്കാനും അവതരിപ്പിക്കാനും പരിശീലനം കിട്ടാതെ കിട്ടിയതെന്തും പ്രചരിപ്പിക്കുമ്പോള് സംഭവിക്കുന്ന അവാസ്തവികതയുടെ വ്യാപനമാണ് വ്യാജവാര്ത്ത.
കോവിഡ് എന്നല്ല ഏതു രോഗത്തിനും ഒരു ശാസ്ത്രമുണ്ട്. അതിന്റെ കാരണമന്വേഷിച്ച് കണ്ടെത്തി അതനനുസൃതമായ ഔഷധം കൊണ്ട് അതിനെ ചെറുക്കാന് ശാസ്ത്രീയമായി പരിശീലനം കിട്ടിയവരാണ് ഡോക്ടര്മാര്. അവരുടെ ഉപദേശം തേടാതെ സ്വയം ചികിത്സയ്ക്കു മുതിരുമ്പോള് മരണം വരെ സംഭവിക്കാം. നമ്മുടെ മക്കളെ നമുക്ക് പഠിപ്പിക്കാം. പക്ഷേ, മെഡിക്കല് എന്ജിനീയറിങ്, എംബിഎ കോഴ്‌സുകള്ക്ക് അതു പരിശീലിക്കാത്ത നമ്മള് സാധാരണക്കാര്ക്ക് പഠിപ്പിച്ചുകൊടുക്കാന് സാധിക്കില്ല. കാരണം അതു പഠിപ്പിക്കാന് വേണ്ട അടിസ്ഥാന ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെവേണം. എന്തിന് കുട്ടികളെ പോലും ശാസ്ത്രീയമായി പഠിപ്പിക്കാന് ബി.എഡും എംഎഡും വേണം. കോടതിയില് പൗരന് സ്വയം വാദിക്കാന് അവകാശമുണ്ടെങ്കിലും ഗൗരവമുള്ളൊരു കേസില് വാദിക്കാന് പരിശീലനം കിട്ടിയ അഭിഭാഷകനെ വയ്ക്കാതെ സ്വയം വാദിക്കാന് തുനിഞ്ഞാല് ചിലപ്പോള് ഫൈന് തടവായി തീരുകയായിരിക്കും ഫലം.
ഇനി വ്യാജ വാര്ത്തകളുടെ കാര്യം. പത്രങ്ങളും ടിവിയും മാത്രമായിരുന്ന കാലത്ത് അവയില് പ്രവര്ത്തിക്കാനും വാര്ത്തയ്ക്കു പിന്നിലെ സത്യങ്ങള് ആവര്ത്തിച്ചുറപ്പിക്കുകയും സ്രോതസിനെ ബോധ്യപ്പെടുകയുമൊക്കെ ചെയ്തശേഷം മാധ്യമനൈതികതയ്ക്കനുസരിച്ചു മാത്രം റിപ്പോര്ട്ട് ചെയ്യുന്നതായിരുന്നു രീതി. അവിടെ സാധാരണക്കാര്ക്ക് വാര്ത്താ സ്രോതസാവാം എന്നല്ലാതെ നേരിട്ട് വായനക്കാര്/ശ്രോതാവ്/പ്രേക്ഷകന് എന്നിവരുമായി ഇടപെടാനുള്ള പഴുതില്ലായിരുന്നു. ഇടയ്ക്ക് പത്രം അല്ലെങ്കില് റേഡിയോ അല്ലെങ്കില് ടിവി എന്നൊരു മാധ്യമത്തിന്റെ ഇടമതിലുണ്ടായിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ അതൊക്കെ അപ്രത്യക്ഷമായി. വ്യവസ്ഥാപിത മാധ്യമങ്ങളില് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ലാത്ത പലതും അതിലൂടെ സാമൂഹികശ്രദ്ധയിലേക്കെത്തിക്കാനായി എന്നത് നിശ്ചയമായും നവമാധ്യമങ്ങളുടെ നേട്ടം തന്നെയാണ്. എന്നാല്, മൊബൈല് ഫോണ് ക്യാമറയെടുത്തവരെല്ലാം മാധ്യമ വെളിച്ചപ്പാടാകുന്ന കാലത്ത് വാര്ത്തയേത് അവാര്ത്തയേത് എന്നത് അപ്രസക്തമായി. വീട്ടില് ഉച്ചയൂണിനുണ്ടാക്കിയ പുതിയ വിഭവത്തിന്റെയത്ര നിസാരമായി തൊട്ടാല് പൊള്ളുന്ന വാര്ത്തകള് കൈകാര്യം ചെയ്യപ്പെട്ടു. ഉത്തരാധുനിക ലോകത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക പ്രതിസന്ധി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്നെറ്റിലെ നവസാക്ഷരര് ആയ എഴുപതുവയസു കഴിഞ്ഞവര് തങ്ങള് ഫോണില് കാണുകയും കേള്ക്കുകയും ചെയ്യുന്നതെന്തിനെയും വെള്ളം തൊടാതെ വിശ്വസിക്കുകയും കൈമാറുകയും ചെയ്യുന്നു. സ്രവങ്ങളിലൂടെ കോവിഡി 19 പകരുന്നതിനേക്കാള് വേഗത്തിലാണിത്. അങ്ങനെയാണ് ഇന്ത്യന് ദേശീയ ഗാനത്തെയും പതാകയേയും ഐക്യരാഷ്ട്ര സഭ ലോകത്തെ ഒന്നാമത്തേതായി തെരഞ്ഞെടുത്തു എന്നും കോവിഡ് ലോക്ക് ഡൗണ് പ്രോട്ടോക്കോളുമായി ലോകാരോഗ്യസംഘടന മുന്നോട്ടു വന്നുവെന്നുമടക്കമുള്ള വ്യാജവാര്ത്തകള് ആവര്ത്തിച്ചാവര്ത്തിച്ച് ഉത്ഭവിക്കുകയും കൈമാറ്റപ്പെടുകയും ചെയ്യുന്നത്.
പത്രങ്ങളുടെയും ടിവിയുടെയും വാര്ത്തകള് പൂര്ണമല്ലല്ലോ എന്നും അവര് നിഷ്പക്ഷമല്ലല്ലോ എന്നും ഇതുവരെ വായിച്ചവര് ആലോചിക്കുന്നുണ്ടെന്നറിയാം. വ്യവസ്ഥാപിത മാധ്യമങ്ങള് നിഷ്പക്ഷമായിരുന്നു എന്ന് ഈ കുറിപ്പില് ഇതേവരെ പറഞ്ഞിട്ടില്ല എന്നു മാത്രമാണ് അതിനുള്ള മറുപടി. തീര്ച്ചയായും നിഷ്പക്ഷം എന്നത് മാധ്യമപ്രവര്ത്തനത്തില് സാധ്യമേയല്ല എന്നു തന്നെയാണ് എന്റെ അനുഭവത്തില് നിന്ന് എനിക്കു പറയാനുള്ളത്. ഒന്നുകില് എ പക്ഷത്ത് അല്ലെങ്കില് ബി പക്ഷത്ത്. അതുമല്ലെങ്കില് നടുക്ക്. ഒന്നുമല്ലെങ്കില് ജനപക്ഷത്ത്. അപ്പോഴും ഒരു പക്ഷം കൂടിയേ തീരൂ. അല്ലെങ്കില് അങ്ങനെയേ സാധ്യമാകൂ. ദേശാഭിമാനിയും കൈരളിടിവിയും നാം വായിക്കുകയും കാണുകയും ചെയ്യുന്നത് ഒരു സാമൂഹികപ്രശ്‌നത്തിലെ ഇടതുപക്ഷ നിലപാടറിയാനാണ്. അല്ലാതെ നിഷ്പക്ഷ വാര്ത്ത അറിയാനല്ല. മനോരമയും ജന്മഭൂമിയും വായിക്കുന്നതും ജയ്ഹിന്ദ് ടിവിയും ജനം ടിവിയും കാണുന്നതും അതുപോലെതന്നെ. അതേസമയം മംഗളം ജനപക്ഷമാണ് അവതരിപ്പിക്കുന്നത്. എന്നുവച്ചാല് ഇതൊന്നും നിഷ്പക്ഷ വാര്ത്തകളല്ല നമുക്കു മുന്നിലെത്തിക്കുന്നത്. പക്ഷേ അപ്പോഴും ഒന്നുണ്ട്. അപൂര്ണമോ ഏകപക്ഷീയമോ ആയിരിക്കുമെങ്കിലും അവ വാര്ത്ത തന്നെയായിരിക്കും. സമൂഹമാധ്യമങ്ങളിലെ 'മൊബൈല് കൈയിലെടുത്ത സ്വയം പ്രഖ്യാപിത മാധ്യമപ്രവര്ത്തകര്' അവതരിപ്പിക്കുന്ന ആശയങ്ങളോ വിവരങ്ങളോ അടിസ്ഥാനമില്ലാത്തവയായിരിക്കാം. അതാണ് വ്യാജവാര്ത്ത ആയിത്തീരുന്നത്. കാരണം തനിക്കു വന്നിട്ടുള്ള ഒരു വിവരം/ ചിത്രം/വീഡിയോ/ ഓഡിയോ എന്നിവ വാസ്തവമാണോ എന്നു പരിശോധിക്കാനുള്ള ശാസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടുള്ളതവരല്ല നെറ്റിസന്സ്. ജലദോഷം വരുമ്പോള് ഡോക്ടറോടു ചോദിക്കാതെ ഒരു പാരസിറ്റമോള് വാങ്ങി കഴിക്കുന്നതുകൊണ്ട് ഒരു വൃക്കരോഗിക്ക് എന്തുമാത്രം കുഴപ്പമുണ്ടാക്കാമോ അത്ര തന്നെ അപകടമാണ് നെറ്റിലെ വിവരം വാസ്തവമെന്ന് തെറ്റിദ്ധരിച്ച് പങ്കുവയ്ക്കുന്നവര് ചെയ്യുന്നത്.
No comments:
Post a Comment