
പ്രസാധനരംഗത്ത് പല പുതുമുകള്‍ക്കും പരീക്ഷണത്തട്ടകമൊരുക്കിയ സംസ്ഥാനമാണ് കേരളം. ലോകത്ത് ആദ്യമായി സാഹിത്യകാരന്മാര്‍ക്ക് ഒരു സഹകരണസംഘമുണ്ടാക്കുകയും എഴുത്തുകാര്‍ അംഗങ്ങളായ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം എന്ന പ്രസാധനശാലയും നാഷനല്‍ ബുക് സ്റ്റാള്‍ എന്ന വിപണനശൃംഖലയും ഇന്ത്യ പ്രസ് എന്ന മുദ്രണശാലയും സ്ഥാപിച്ച കേരളം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി.ബുക്‌സിന്റെ ആസ്ഥാനം. ഇതൊക്കെയുണ്ടെങ്കിലും മലയാള പുസ്തകരൂപകല്‍പനയില്‍ കാര്യമായ ചില സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും വെറുതേ അച്ചടിച്ചു കുത്തിക്കെട്ടുകയല്ല പ്രസാധനം എന്നു മലയാളി വായനക്കാരനെ ബോധിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ട് നിന്ന് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മലയാളം എന്ന പ്രസാധനശാലയും ജോയ് മാത്യുവിന്റെ ബോധിയും പിന്നീട് അകാലത്തില്‍ ജീവന്‍ സ്വയം കവര്‍ന്ന ഷെല്‍വിയുടെ മള്‍ബറി പബ്‌ളിക്കേഷന്‍സുമായിരുന്നു. ബുക് ഡിസൈന്‍ എന്ന സങ്കല്‍പം അവതരിപ്പിക്കുന്നതും, ഫീച്ചറിനും സാഹിത്യത്തിനുമിടയ്ക്ക് ചില അനുഭവക്കുറിപ്പുകള്‍ക്ക് വായനാസാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്നതും മള്‍ബറിയാണ്. ഓര്‍മ്മ എന്ന രണ്ടു വോള്യം സമാഹാരം മാത്രം മതി ഷെല്‍വിയുടെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം വ്യക്തമാകാന്‍.
ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഡിസിയടക്കമുള്ള മുന്‍നിര മുഖ്യധാര ബുക് ഡിസൈന് ഏറെ പ്രാധാന്യം നല്‍കിത്തുടങ്ങി. ഒരു പുസ്തകത്തിന് വ്യത്യസ്തമായ പത്തു മുഖചിത്രങ്ങള്‍, ആദ്യത്തെ നൂറു പുസ്തകങ്ങള്‍ക്ക് കലാകാരന്‍ നേരിട്ടു വരച്ച പുറംചട്ട, ചെമ്പു പ്‌ളേറ്റില്‍ റിലീഫുണ്ടാക്കി പതിപ്പിച്ച പുറംചട്ടയോടുകൂടിയ പുസ്തകം, എഴുത്തുകാരന്റെ കയ്യൊപ്പോടെയുള്ള പുസ്തകം എന്നിങ്ങനെ പല പല പരീക്ഷണങ്ങള്‍.

സഖറിയയുടെ ഇതാണെന്റെ പേര് എന്ന ലഘു നോവലാണ് മലയാളത്തിലിറങ്ങുന്ന ആദ്യത്തെ ഓഡിയോ ബുക്ക്. പുസ്തകത്തിന്റെ അച്ചടിപ്പതിപ്പിനൊപ്പം നേര്‍ത്ത സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത ഓഡിയോ കസെറ്റുകൂടി ചേര്‍ത്ത് ഒരു പ്രത്യേക വിലയ്ക്കാണ് വിപണിയിലെത്തിയത്. വിധേയനിലൂടെ ശ്രദ്ധേയനായ നടന്‍ എം.ആര്‍.ഗോപകുമാറായിരുന്നു നോവലിന് ശബ്ദം നല്‍കിയത്.

ഇതാണെന്റെ പേരിനെ പറ്റി ഒരു വാല്‍ക്കുറിയോടെ അവസാനിപ്പിക്കാം. ഇതാണെന്റേ പേര് പുറത്തിറങ്ങി ഏറെ കഴിയും മുമ്പ് അതിനെ മിമിക് ചെയ്ത് എന്റെ മുന്‍കാല സഹപ്രവര്‍ത്തകനും മലയാള മനോരമയിലും ദ് വീക്കിലും അസിസ്റ്റന്റ് എഡിറ്ററും ജന്മഭൂമിയില്‍ ചീഫ് എഡിറ്ററുമായിരുന്ന രാമചന്ദ്രന്‍ ഒരു കഥയെഴുതി-ഇതാണെന്റെ വേര്! രാമചന്ദ്രന്റെ പേര് മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടും വിധം എഴുതിച്ചേര്‍ത്തത് ആ കഥയായിരുന്നു.
No comments:
Post a Comment