ജേര്‍ണലിസം സ്‌ട്രോക്‌സ്-2
കേരളത്തില്‍ ഏറ്റവുമധികം രൂപം മാറിയ പത്രങ്ങളാണ് ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസും മംഗളവും. മാസ്റ്റ്‌ഹെഡ്/ നെയിം പ്‌ളേറ്റ് തന്നെ ഒന്നിലധികം തവണ മാറ്റിമറിച്ചിട്ടുള്ള പത്രങ്ങള്‍. എം.സി വര്‍ഗീസ് സാറിന്റെ ഉടമസ്ഥതയില്‍ മംഗളം വാരികാ കുടുംബത്തില്‍ നിന്ന് തൊണ്ണൂറുകളുടെ ആദ്യം ഒരു ദിനപത്രം തുടങ്ങിയപ്പോഴും അതിന്റെ പേരെഴുത്ത് വാരികയുടെ അതേ ശൈലിയില്‍ത്തന്നെയായിരുന്നു. ബോഡിക്കോപ്പി ഫോണ്ടിലടക്കം മലയാള മനോരമയുടെ ഫോട്ടോക്കോപ്പിയായിരുന്നു അത്. പഞ്ചാരി എന്ന മനോരമ ഫോണ്ടു തന്നെയാണ് മംഗളവും ഉപയോഗിച്ചുപോന്നത്. പേരില്ലാത്ത ഭാഗം എവിടെയെങ്കിലും കണ്ടാല്‍ രണ്ടാമത്തെ നോട്ടത്തില്‍ പോലും അത് മംഗളമാണോ മനോരമയാണോ എന്നു തിരിച്ചറിയാന്‍ ആവാത്തവിധമാണ് ആദ്യകാല പത്രമിറങ്ങിയിരുന്നത്. (തീര്‍ച്ചയായും ന്യൂസ് പ്രിന്റിന്റെയും മഷിയുടെയും മറ്റും നിലവാരത്തിലൂടെ അത് വ്യക്തമായി തിരിച്ചറിയാമായിരുന്നെങ്കിലും) എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം, മാധ്യമം ദിനപത്രം ഇറങ്ങിയ ശേഷമാണെന്നു തോന്നുന്നു, മംഗളം അതിന്റെ മാസ്റ്റ്‌ഹെഡ് ഒന്നു പരിഷ്‌കരിച്ചു. അക്ഷരങ്ങളില്‍ ചില ചുനുപ്പും കുനുപ്പുമൊക്കെയായി ഒരു പ്രത്യേകരീതിയിലായിരുന്നു അത്. എന്റെ അഭിപ്രായത്തില്‍ മംഗളത്തിന്റെ നാളിതുവരെയുള്ള മാസ്റ്റ്‌ഹെഡുകളില്‍ ഏറ്റവും മികച്ചത്. പക്ഷേ കാലം ചെല്ലെ വീണ്ടും അതു മാറി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് മൂന്നുനാലു വര്‍ഷം മുമ്പ് നാലാമതും മാറി.
മാസ്റ്റ്‌ഹെഡ് എന്നത് ഒരു പത്രത്തെസംബന്ധിച്ച് അതിന്റെ മുഖത്തിനു തുല്യമാണ്. മുഖത്തിന്റെ രൂപം മാറ്റുക എന്നുവച്ചാല്‍ സ്ഥിരമില്ലായ്മയുടെ ലക്ഷണമായാണ് മനഃശാസ്ത്രം നിര്‍വചിക്കുന്നത്. മലയാള മനോരമയും നൂറ്റിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടെ കുറഞ്ഞത് മൂന്നു തവണയെങ്കിലും മാസ്റ്റ് ഹെഡ് മാറ്റത്തിനു വിധേയമായിട്ടുണ്ട്. എന്നാല്‍ അതിസൂക്ഷ്മമായി നോക്കിയാല്‍ മാത്രം ശ്രദ്ധയില്‍പ്പെടുകയും അടിസ്ഥാന രൂപകല്‍പനാ തത്വങ്ങളില്‍ കാര്യമായ വ്യതിയാനം വരുത്താതെയും മാത്രമാണ് മലയാള മനോരമ അവരുടെ മാസ്റ്റ്‌ഹെഡ് പരിഷ്‌കരിച്ചിട്ടുള്ളത്. മാതൃഭൂമയാണെങ്കിലും വലിപ്പത്തിലടക്കം ഇതേപോലെ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അതൊരു സാധാരണവായനക്കാരന് പെട്ടെന്ന കണ്ടുപിടിക്കാനാവുന്നതല്ല. അതേ സമയം എന്തോ മാറ്റമുണ്ടായിട്ടുണ്ട് എന്നു തോന്നുകയും ചെയ്യും.
മംഗളത്തെ സംബന്ധിച്ച് അതങ്ങനെയല്ല. ശ്ശെടാ ഇത് ഇന്നലെ വരെ വന്ന പത്രമല്ലല്ലോ എന്ന ഞെട്ടലുളവാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്. ബ്രാന്‍ഡ് സ്ഥൈര്യം എന്ന ഘടകത്തെ പിടിച്ചുലയ്ക്കുന്ന ഒന്നാണിത്. മധുര ആസ്ഥാനമാക്കിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.
ഗോയങ്കെ ജീവിച്ചിരുന്ന കാലത്തെ ഇന്ത്യന്‍ എക്‌സപ്രസിന് സെറിഫ് ഇല്ലാത്ത ക്യാപിറ്റല്‍ ലെറ്റേഴ്‌സിലുളള മാസ്റ്റ്‌ഹെഡ് ആയിരുന്നു ഉള്ളത്. അദ്ദേഹത്തിന്റെ കാലശേഷം കമ്പനി പിളരുകയും ദക്ഷിണേന്ത്യയില്‍ അത് ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസും ആയിത്തീരുകയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ഇങ്ങനെ സ്ഥിരതപ്രശ്‌നം ഉടലെടുക്കുന്നത്. പത്രങ്ങളുടെ രൂപകല്‍പന കാലാകാലം മാറുന്നതില്‍ അത്ഭുതമില്ലെന്നു മാത്രമല്ല വായനക്കാരനില്‍ ഏകതാനത ഒഴിവാക്കാന്‍ ഒരു പരിധി വരെ അത് അനിവാര്യമാണു താനും. എന്നാല്‍, പരസ്പര പൂരകമല്ലാത്ത, രൂപകല്‍പനയുടെ ഒരു സിദ്ധാന്തപ്രകാരവും സാധൂകരിക്കാനാവാത്തവിധം മാസ്റ്റ് ഹെഡ് അപ്പാടെ മാറ്റിമറിക്കുക എന്നത് ചില കമ്പനികള്‍ അവരുടെ ഭാഗ്യമുദ്ര അപ്പാടെ പരിഷ്‌കരിച്ച് ബ്രാന്‍ഡ് തന്നെ റീ ലോഞ്ച് ചെയ്യുന്നതിനു തുല്യമാണ്. ടാറ്റാ വാഹനങ്ങളുടെ പഴയതും പുതിയതുമായ ലോഗോയും, മഹീന്ദ്രയുടെ പഴയതും പുതിയതുമായ ലോഗോയും താരതമ്യം ചെയ്താല്‍ ഇതു വ്യക്തമാകും. അത്തരത്തിലൊരു റീലോഞ്ച് എന്നതു പക്ഷേ ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് ആയുഷ്‌കാലത്തില്‍ ഒരിക്കലോ മറ്റോ സംഭവിക്കുന്ന അപൂര്‍വപ്രതിഭാസമാണ്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാര്യത്തില്‍ പക്ഷേ മംഗളത്തിന്റേതു പോലെ അടുപ്പിച്ചടുപ്പിച്ച്, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാലോ അഞ്ചോ തവണ മാസ്റ്റ് ഹെഡ് മാറ്റി പരീക്ഷിക്കുന്നതാണ് കണ്ടത്, ലേശം അതിശയോക്തിപരമായി പറഞ്ഞാല്‍ എഡിറ്റര്‍മാര്‍ മാറിവരുന്നതിനനുസരിച്ച്. പിളര്‍പ്പിനു ശേഷം സെറിഫ് ഉള്ള (ദ് ഹിന്ദുവിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും മാസ്റ്റ്‌ഹെഡിലും ടൈംസ് എന്ന ഫോണ്ടിലെയും പോലെ എല്ലാ അറ്റങ്ങളിലും വരകളും ചുനുപ്പുകളുമുള്ള അക്ഷരങ്ങളെയാണ് സെറിഫ് ഉള്ള അക്ഷരങ്ങള്‍ എന്നു പറയുന്നത്) മാസ്റ്റ്‌ഹെഡായി. പിന്നീട് സെറിഫില്‍ തന്നെ ക്യാപിറ്റലും ലോവറും കേയ്‌സിലുള്ള മാസ്റ്റ് ഹെഡ് വന്നു. അതിനിടെ, ഇന്ത്യയില്‍ തന്നെ ഒരു ദിനപത്രത്തില്‍ പരീക്ഷിക്കപ്പെട്ട ഏറ്റവും നാടകീയവും സര്‍ഗാത്മകവുമായ ഒരു രൂപമാറ്റത്തോടെ വലിയ ഐയും ലോവര്‍ കെയ്‌സിലുള്ള വലിയ ഇയുമായി ഇളം നീല വര്‍ണത്തില്‍ മാസ്റ്റ്‌ഹെഡും പേജുകള്‍ക്ക് ഓരോന്നിനും വ്യക്തമായ ഐഡന്റിറ്റിയുമായി ഒരു രൂപമാറ്റത്തിനും പത്രം വിധേയമായി. എന്റെ നോട്ടത്തില്‍ ഏറ്റവും സര്‍ഗാത്മകമായ മാറ്റം തന്നെയായിരുന്നു അത്. പക്ഷേ എഡിറ്റര്‍ മാറിയതുകൊണ്ടാണെന്നു തോന്നുന്നു, കുറച്ചു നാള്‍ക്കകം പത്രം വീണ്ടും നെയിം പ്‌ളേറ്റ് മാറ്റി. വീണ്ടും ക്യാപിറ്റല്‍ ലോവര്‍കെയ്‌സില്‍. പിന്നീട് സെറിഫ് ഫോണ്ടില്‍ ക്യാപിറ്റല്‍ മാത്രായി ഒരിക്കല്‍ക്കൂടി രൂപം മാറിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കുറച്ചു കഴിഞ്ഞപ്പോള്‍ ദ് ന്യൂ മാത്രം ചെറിയവലിപ്പത്തിലും ഇന്ത്യനും എക്‌സ്പ്രസും രണ്ടു വരികളാക്കി വീതികൂട്ടിയും പുനരവതരിച്ചു.
അതേ സമയം ഉത്തരേന്ത്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആകട്ടെ ദി ഇന്ത്യന്‍ എന്നതു മാത്രം ഇറ്റാലിക്‌സില്‍ ക്യാപിറ്റല്‍ ആന്‍ഡ് ലോവര്‍ കെയ്‌സിലും എക്‌സ്പ്രസ് എന്നത് ക്യാപിറ്റലില്‍ മാത്രം ഗോയങ്കെയുടെ കാലത്തെന്നപോലെയും ആക്കി നിലനിര്‍ത്തി ബ്രാന്‍ഡ് സ്ഥൈര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇതെല്ലാം ഇപ്പോള്‍ കുറിക്കുന്നത് കോവിഡ് കാല ശുദ്ധികലശത്തിനിടെ കൈയിലുള്ള പഴയകാല പത്രങ്ങളുടെ ശേഖരത്തിലൂടെ കടന്നുപോയതുകൊണ്ടാണ്. ഓരോ രൂപമാറ്റത്തിന്റെയും
ആദ്യ ദിവസത്തേതോ അല്ലാത്തതോ ആയ പത്രങ്ങളൊക്കെ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. പ്രധാനദിവസത്തെ പത്രങ്ങളും. ഇന്ദിരയുടെ മരണം മുതല്‍ക്കുള്ള വിവിധപത്രങ്ങളുണ്ട് അക്കൂട്ടത്തില്‍. (ഇതെഴുതിയപ്പോള്‍ ചില പേജുകള്‍ നെറ്റില്‍ നിന്നും എടുക്കേണ്ടി വന്നു അത് പ്രത്യക്ഷത്തില്‍ തിരിച്ചറിയാം)
ഇന്ത്യന്‍ എക്‌സ്പ്രസിനെപ്പറ്റി പറഞ്ഞതുകൊണ്ട് ഒരു കൗതുകം കൂടി പങ്കുവച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും വലിയ അക്ഷരപ്പിശക് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവുമായി ബന്ധപ്പെട്ടാണ്. ഒരു ദിവസം പുറത്തിറങ്ങിയ പത്രത്തിന്റെ മാസ്റ്റ്‌ഹെഡില്‍ ഇന്ത്യന്‍ എന്ന ഇംഗ്‌ളീഷ് വാക്കിന്റെ ആദ്യത്തെ ഐ ഉണ്ടായിരുന്നല്ല!
No comments:
Post a Comment