ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള വാരികയെന്ന നിലയ്ക്ക് മലയാളത്തില്‍ നിന്നൊരു പ്രസിദ്ധീകരണം ആദ്യമായി റെക്കോര്‍ഡിടുന്നത് എണ്‍പതുകളില്‍ കോട്ടയത്ത് നിന്ന് ശ്രീ എം.സി വര്‍ഗീസ് തുടങ്ങിവച്ച മംഗളം ആണ്. മലയാള മനോരമ പോലും അന്തം വിട്ടു നിന്ന വളര്‍ച്ച. പിന്നീട് മംഗളത്തിന്റെ ഉള്ളടക്കം ഒപ്പുകടലാസുവച്ച് അതിലും നന്നായി പകര്‍ത്തിവച്ചിട്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം മനോരമ വാരികയക്ക് ആ റെക്കോര്‍ഡ് മറികടക്കാനായതെന്നതും പരസ്യയാഥാര്‍ത്ഥ്യം. പലര്‍ക്കും മംഗളം മഞ്ഞയും പൈങ്കിളിയുമൊക്കെയാണ്.കാര്യം മുത്ത് എന്നൊരു പ്രസിദ്ധീകരണം മംഗളത്തില്‍ നിന്ന് കുറച്ചുകാലം പുറത്തിറങ്ങിയിരുന്നെന്നതു നേര്. (മംഗളം പത്രത്തില്‍ മറുത്തെന്തോ വാര്‍ത്ത വന്നപ്പോള്‍ ഇന്ന് ഒരു വനിതാഎംഎല്‍എ വിളിച്ചതുപോലെ, ഒരു സംവിധായകപ്രതിഭയും നടിയും നര്‍ത്തകിയുമായ ഭാര്യയും ചേര്‍ന്ന് മംഗളത്തെ ഭര്‍ത്സിച്ചപ്പോള്‍ മുത്തുച്ചിപ്പി എന്നാണ്
വിശേഷിപ്പിച്ചത്. മുത്തുച്ചിപ്പി, കുങ്കുമം-നാന-കേരളശബ്ദം-മഹിളാരത്‌നം ഗ്രൂപ്പില്‍ നിന്നിറങ്ങിയിരുന്ന വേറിട്ട ഒരു ചെറിയ പ്രസിദ്ധീകരണമായിരുന്നു. മംഗളം പ്രസിദ്ധീകരിച്ചിരുന്നത് മുത്ത് ആണ്. പിന്നീടത് ഡോ. നടുവട്ടം സത്യശീലന്റെ പത്രാധിപത്യത്തില്‍ സമ്പൂര്‍ണ വാരികയായി പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പച്ചപിടിച്ചില്ല) എന്നാല്‍ മംഗളത്തില്‍ നിന്ന് കാര്യമാത്രപ്രസക്തമായ ചില പ്രസിദ്ധീകരണോദ്യമങ്ങള്‍ ഉണ്ടായിട്ടുള്ളത് അധികമാരും ഓര്‍ത്തു എന്നുവരില്ല. ഒരുപക്ഷേ, ആനുകാലികമായി തുടങ്ങി പിന്നീട് ദിനപ്പത്രം തുടങ്ങിയ കേരളത്തിലെ ഒരേയൊരു പത്രകുടുംബമായതുകൊണ്ടുതന്നെ വിതരണസംവിധാനങ്ങളിലെ അപര്യാപ്തതയും പിടിപ്പുകേടും കൊണ്ട് മനോരമയ്‌ക്കോ മാതൃഭുമിക്കോ കേരളകൗമദിക്കോ വിജയിപ്പിച്ചെടുക്കാമായിരുന്ന ഒന്നായിട്ടും ആ പ്രസിദ്ധീകരണങ്ങള്‍ ക്‌ളച്ചുപിടിച്ചില്ല എന്നതാണ് സത്യം. പറഞ്ഞുവരുന്നത് ഭാഷാപോഷിണിയുടെയോ മാധ്യമം ആഴ്ചപതിപ്പിന്റെയോ കലാകൗമുദിയുടെയോ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയോ ഒക്കെ നിലവാരത്തില്‍ മംഗളം പുറത്തിറക്കിയ ഒരു പ്രസിദ്ധീകരണത്തെപ്പറ്റിയാണ്. മംഗളം വാരികയിലൂടെ സമകാലിക വാരികാപത്രപ്രവര്‍ത്തനത്തില്‍ ജനകീയമായൊരു വഴിത്തിരിവിന് തുടക്കമിട്ട ശ്രീ അമ്പാട്ടു സുകുമാരന്‍
നായരുടെ പത്രാധിപത്യത്തിലായിരുന്നു ആ ആഴ്ചപ്പതിപ്പ്. കര്‍പ്പൂരം. കുടുംബക്കമ്പനി യായതുകൊണ്ട് മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും കുടുംബാംഗങ്ങളുടെയെല്ലാം പേരുവയ്ക്കുന്ന പതിവുള്ള സ്ഥാപനമാണ് മംഗളം. ഇംപ്രിന്റനുസരിച്ച് കര്‍പ്പൂരത്തിന്റെ പത്രാധിപരും പ്രധാധകനും ശ്രീ സാജന്‍ വര്‍ഗീസായിരുന്നു. ചീഫ് എഡിറ്റര്‍ ശ്രീ എം.സി വര്‍ഗീസും മാനേജിങ് എഡിറ്റര്‍ ശ്രീ സാബു വര്‍ഗീസും ഡയറക്ടര്‍ ഡോ സജി വര്‍ഗീസും ടെക്‌നിക്കല്‍ ഡയറക്ടര്‍ ശ്രീ ബിജു വര്‍ഗീസും എഡിറ്റര്‍ ശ്രീ അമ്പാട്ടു സുകുമാരന്‍ നായരും എന്നാണ് കാണുന്നത്. 1992 ലാണ് അതു പുറത്തിറങ്ങിയതെന്നാണ് എന്റെ ഓര്‍മ്മ.മലയാളത്തിലെ മുന്‍നിര സാഹിത്യകാരന്മാരൊക്കെ അതില്‍ എഴുതിയിരുന്നു. എടുത്തു പറയേണ്ട ഒന്ന് പ്രമുഖ ഒറിയ എഴുത്തുകാരി ഡോ പ്രതിഭാറായിയുടെ ശിലാപത്മം എന്ന നോവലിന്റെ വിവര്‍ത്തനമായിരുന്നു. ഞാനന്ന് കണ്ണൂര്‍ മനോരമയില്‍ ലേഖകനാണ്. മംഗളത്തിന്റെ ജില്ലാ ലേഖകന്‍ ഇന്ന് മനോരമയിലുള്ള ജയ്‌സണ്‍.ഐസക്ക് പിലാത്തറയായിരുന്നു അവിടത്തെ ബിസിനസ് മാനേജര്‍. അന്നൊക്കെ മാതൃഭൂമിയും കലാകൗമുദിയും
പ്രതീക്ഷിച്ചിരിക്കുന്ന കണക്കേ കര്‍പ്പൂരത്തിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്. എല്ലാ ലക്കവും എന്തെങ്കിലും നല്ല വായനാവിഭവമുണ്ടാവും. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി ഒരു പ്രത്യേക പതിപ്പൊക്കെ വന്നത് ഓര്‍ക്കുന്നു. പില്‍ക്കാലത്ത് ഏഷ്യാനെറ്റിലൂടെയും സാഹിത്യത്തിലൂടെയും സിനിമയിലൂടെയുമൊക്കെ പ്രശസ്തനായ കുടമാളൂര്‍ക്കാരന്‍ ഉണ്ണി ആര്‍ ആയിരുന്നു കര്‍പ്പൂരത്തിന്റെ സബ് എഡിറ്റര്‍. മറ്റു പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലെന്നോണം പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉണ്ണിക്കു കിട്ടിയിരുന്നു എന്നു ബോധ്യപ്പെട്ട ഉള്ളടക്കവും രൂപസംവിധാനവുമായിരുന്നു കര്‍പ്പൂരത്തിന്റേത്. ആകെയൊരു പോരായ്ക മാധ്യമം പത്രത്തിന്റെ അന്നത്തെ മാസ്റ്റ്‌ഹെഡിനോട് സാമ്യമുള്ള അതിന്റെ മാസ്റ്റ്‌ഹെഡ് മാത്രമായിരുന്നു. പിന്നെ കര്‍പ്പൂരം എന്ന പേരും. എന്തോ കര്‍പ്പൂരം പോലെ തന്നെ പെട്ടെന്ന് എരിഞ്ഞു തീരാനായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ വിധി. ഒരുപക്ഷേ, സ്വന്തം വായനക്കാരുടെ അഭിരുചിക്കു വിഭിന്നമായൊരു രുചിക്കൂട്ടുമായി വന്നതുകൊണ്ടാവാം ആ പ്രസിദ്ധീകരണം മംഗളത്തിന്റെ വിതരണശൃംഖലയില്‍ വിജയമാകാതെ പോയത്.
പിന്നീട് മംഗളം പുറത്തിറക്കി നിലച്ചു പോയ മറ്റൊരു പ്രസിദ്ധീകരണമാണ് വാര്‍ത്താമംഗളം. സിനിമാമംഗളത്തിന്റെ സ്ഥാപകപത്രാധിപരും ചിത്രബന്ധു, നാന, രംഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും കേരളശബ്ദത്തിന്റെ കല്‍ക്കട്ട ലേഖകനും കേരള സാഹിത്യ അക്കാദമി മുഖമാസികയുടെ പത്രാധിപരുമൊക്കെ ആയിരുന്നിട്ടുള്ള ശ്രീ മധു വൈപ്പനയായിരുന്നു അതിന്റെ പത്രാധിപര്‍. ലേശം എരിവും പുളിയുമൊക്കെയുള്ള ഒരു രാഷ്ട്രീയ സാംസ്‌കാരിക വാരികയായിട്ടാണ്
വാര്‍ത്താമംഗളം പുറത്തിറങ്ങിയത്. ആദ്യലക്കത്തില്‍ തന്നെ അടിമുടി പ്രൊഫഷനലിസത്തിന്റെ കുറവ് പ്രകടമാക്കിയ പ്രസിദ്ധീകരണമായിരുന്നു അത്. കൃത്യമായ എഡിറ്റിങ് ഇല്ല, രൂപകല്‍പ്പനയില്‍ ഒരു ശൈലിയില്ല. മാസ്റ്റ്‌ഹെഡില്‍ തന്നെ പാളിപ്പൊയ സംരംഭം. മാസങ്ങള്‍ മാത്രം ആയുസേ വാര്‍ത്താമംഗളത്തിനുണ്ടായുള്ളൂ. ഒരുപക്ഷേ മികച്ചൊരു രാഷ്ട്രീയ വാരികയായിത്തീരാമായിരുന്ന സാധ്യതയുള്ള ഒന്നാണ് അങ്ങനെ എങ്ങുമെത്താതോ പോയത്.
ഇതു കൂടാതെ ഏറെ സവിശേഷമായ ഒരു പുതുമ കൂടി ദിനപ്പത്രപ്രവര്‍ത്തനത്തില്‍ മംഗളം കാഴ്ചവച്ചിട്ടുണ്ട്. വാരികയുടെ കാര്യത്തിലെന്നോണം മനോരമ പിന്നീട് അപ്പാടെ പിന്തുടര്‍ന്ന ഒരു മാധ്യമപരീക്ഷണം. അതേപ്പറ്റി ഇനിയൊരിക്കല്‍.
No comments:
Post a Comment