Saturday, November 30, 2019

ഗോവ 2019 അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍

Janayugom sunday supplement 01/12/2019
എ.ചന്ദ്രശേഖര്‍
ഗോവയില്‍ സമാപിച്ച അമ്പതാമത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ വിലയിരുത്താ നൊരുങ്ങും മുമ്പ് പരിശോധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യമുണ്ട്.
1. ഗോവ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി) യുടെ സ്ഥിരം വേദിയാക്കിയത് സിനിമയ്ക്ക് എന്തു നേട്ടമുണ്ടാക്കി?
2. ഇഫി ഗോവയുടെ ടൂറിസം വികസനത്തിന് എന്തു ഗുണമുണ്ടാക്കി?
ഈ രണ്ടു ചോദ്യങ്ങള്‍ക്കും വസ്തുനിഷ്ഠമായ മറുപടി അന്വേഷിക്കുമ്പോഴാണ്, അമ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ഗോവ സ്ഥിരം വേദിയായ ശേഷം മേളയ്ക്കുണ്ടായിട്ടുണ്ടെന്ന് ചലച്ചിത്രപ്രേമികള്‍ ആരോപിക്കുന്ന നിലവാരത്തകര്‍ച്ചയും കമ്പോളമേല്‍ക്കോയ്മയുമൊക്കെ എന്തു കൊണ്ടുണ്ടായി എന്നു തിരിച്ചറിയാനാവുക. ടോട്ടല്‍ ധമാക്ക, സെലിബ്രേറ്റിങ് 50 ഇയേഴ്‌സ് ഓഫ് ഇഫി എന്നിങ്ങനെയുള്ള ടാഗ് ലൈനുകളിലാണ് 2019ലെ ചലച്ചിത്രമേള വിപണനം ചെയ്യപ്പെട്ടത് എന്നതില്‍ തന്നെ അതിന്റെ വീക്ഷണവും ഉദ്ദേശ്യലക്ഷ്യവും വ്യക്തമാണ്. സംഘാടനത്തില്‍ അതിഥികളെയും ചിത്രങ്ങളെയും കൊണ്ടുവരുന്നതിലൊഴികെ മറ്റെല്ലാം എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ (ഇസിജി)യുടെ ചുമതലയാണെന്നു കൂടി പരിഗണിക്കുമ്പോള്‍ അടിസ്ഥാനപരമായി ചലച്ചിത്രമേളയെന്നത് വിനോദസഞ്ചാരം മുഖ്യ വരുമാനസ്രോതസായിട്ടുള്ള ഗോവയ്ക്ക് വര്‍ഷാന്ത്യത്തില്‍ ഒരു കാര്‍ണിവല്‍ സീസണു കൂടിയുളള വകുപ്പുമാത്രമായിട്ടാണ് അവര്‍ വിഭാവനചെയ്യുന്നതെന്നു മനസിലാക്കാം. അതവര്‍ ആത്മാര്‍ത്ഥമായും വിട്ടുവീഴ്ചകൂടാതെയും നടപ്പാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സുവര്‍ണജൂബിലി ചലച്ചിത്രമേള കഴിഞ്ഞ മേളപ്പറമ്പിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാടു വര്‍ണക്കടലാസുകളും തീറ്റാവശിഷ്ടങ്ങളും ഒക്കെ കാണാം. രണ്ടാഴ്ച അര്‍മാദിച്ച തദ്ദേശിയരും വിദേശികളുമായ സഞ്ചാരികളുടെ സന്തോഷവും കാണാം. പക്ഷേ സിനിമയ്ക്ക്, ഗൗരവമുള്ള ഇന്ത്യന്‍ സിനിമയ്ക്ക്, അതിലേറെ തീര്‍ത്ഥാടകവിശുദ്ധിയോടെ ചലച്ചിത്രമേളയ്‌ക്കെത്തുന്ന ഗൗരവമുള്ള പ്രേക്ഷകര്‍ക്ക് മേള എന്തു ബാക്കിയാക്കി എന്നതാണ് പ്രസക്തം. അതു പരിശോധിക്കുമ്പോള്‍, കോടികള്‍ ചെലവിട്ട ആഘോഷങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം മേളയുടെ ഈ അധ്യായം പ്രേക്ഷക ഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ മുദ്രകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെന്നു തന്നെ വിലയിരുത്തേണ്ടി വരും.
ടിക്കറ്റ് വിതരണത്തിലും വേദി നിര്‍ണയത്തിലും സുരക്ഷാനിയന്ത്രണങ്ങളിലും വരുത്തിയ, തീര്‍ത്തും അശാസ്ത്രീയമായ തുഗ്‌ളക്ക് പരിഷ്‌കാരങ്ങളൊക്കെയും കാത്തിരുന്നു പരമാവധി സിനിമകള്‍ കാണാനെത്തിയ പ്രേക്ഷകരെ തീയറ്ററുകളില്‍ നിന്ന് എങ്ങനെയെല്ലാം അകറ്റിനിര്‍ത്താം എന്നതില്‍ ഗവേഷണം ചെയ്തപ്പോള്‍ ഇത്തരം സംഘാടനപ്പിഴവുകള്‍ക്കിടെ, ഡിപ്ലോമാ നിലവാരം പോലുമില്ലാത്ത അര്‍ത്ഥവും മൂല്യവുമില്ലാത്ത ആമയിഴഞ്ചാന്‍ സിനിമകളുടെ ഭൂരിപക്ഷം കൊണ്ട് പ്രദര്‍ശനശാലകളിലെത്തിയവരെ ഉറക്കത്തിലാഴ്ത്താന്‍ മാത്രമേ സാധിച്ചുള്ളൂ.
ഫോക്കസ് രാജ്യമായി അവതരിപ്പിച്ച റഷ്യയില്‍ നിന്നുള്ള ചിത്രങ്ങളും ശരാശരിക്കു താഴെ മാത്രം നിലവാരമാണു പുലര്‍ത്തിയത്, ഏറെ പ്രതീക്ഷയോടെ കാണികള്‍ സമീപിച്ച അബിഗിലാവട്ടെ, രാജമൗലിക്ക് ശങ്കറില്‍ ജനിച്ച ഹാരിപ്പോട്ടറിനപ്പുറം പോയില്ല. ജര്‍മ്മനി സൈബീരിയന്‍ സംയുക്ത സംരംഭമായ ഐ വാസ് അറ്റ് ഹോം ബട്ട് ആവട്ടെ പ്രദര്‍ശനം തുടങ്ങി മുക്കാല്‍ മണിക്കൂറോടെ ബഹുഭൂരിപക്ഷം പ്രേക്ഷകരും തീയറ്റര്‍ വിട്ടിറങ്ങുന്നത്ര ബോറായി. കാന്‍, ബര്‍ളിന്‍, കാര്‍ലോവിവാരി മേളകളില്‍ അംഗീകരിക്കപ്പെട്ടവ എന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പോലും ശരാശരിയോ അതില്‍ത്താഴെയോ മാത്രം നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ബ്‌ളാങ്കോ എന്‍ ബളാങ്കോ എന്ന സ്പാനിഷ് ചിത്രം. ഹംഗേറിയന്‍ ചിത്രമായ എക്സ്-ദ് എക്സപ്ളോയിറ്റഡ്, ടര്‍ക്കി ചിത്രമായ ക്രോണോളജി, ഐസ്‌ലാന്‍ഡ്/ ഡെന്‍മാര്‍ക്ക് /സ്വീഡന്‍ സംയുക്ത സംരംഭമായ എ വൈറ്റ് വൈറ്റ് ഡേ എന്നിവ കണ്ടിരിക്കാവുന്ന ചിത്രങ്ങളായിരുന്നെങ്കിലും ഇവയൊക്കെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇണങ്ങുന്ന തെരഞ്ഞെടുപ്പായിരുന്നോ എന്നതില്‍ എതിരഭിപ്രായമുണ്ട്. അതേസമയം മാസ്റ്റര്‍ ഫ്രെയിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സമകാലിക ഇതിഹാസങ്ങളുടെ സിനിമകള്‍ ഉള്ളടക്കത്തിലും അവതരണത്തിലും ശരാശരിക്കും മുകളില്‍ നിലവാരം പുലര്‍ത്തിയെന്നത് മറക്കാനാവില്ല.
ഒരു പക്ഷേ, സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റലിലേക്ക് ചലച്ചിത്ര നിര്‍മ്മാണം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതിന്റെ പ്രതിഫലനമായിവേണം ലോകമെമ്പാടുമുളള സിനിമകളുടെ ശരാശരി ദൈര്‍ഘ്യത്തിലുണ്ടായിട്ടുള്ള യുക്ത്യാതീത വര്‍ധനയെ കണക്കാക്കാന്‍. ഒതുക്കി പറയേണ്ടത് പരത്തിയും ഒഴിവാക്കേണ്ടത് ഉള്‍പ്പെടുത്തിയും പറഞ്ഞതാവര്‍ത്തിച്ചും സിനിമകളുടെ നീളമങ്ങനെ കൂടുമ്പോള്‍ ഉള്‍ക്കനത്തിന്റെ കാര്യത്തില്‍ അതു ശുഷ്‌കമായിത്തീരൂന്നു. പുതുതലമുറയുടെ അനുഭവവ്യാപ്തിയുടെ അഭാവവും തീവ്രതക്കുറവുമൊക്കെ ഇതിനു കാരണമായിരിക്കാം. കനമുളള ഉള്ളടക്കമുളള പ്രസക്തമായ ചുരുക്കം സിനിമകളുണ്ടായിരുന്നതു മറക്കാത്തപ്പോഴും, ബഹുഭൂരിപക്ഷവും എഴുപതുകളിലും മറ്റും കേരളത്തിലെ സമാന്തര-ഗൗരവ ചലച്ചിത്രസംരംഭങ്ങളുടെ നിഴലില്‍ മുളപൊന്തിയ ഉച്ചപ്പടങ്ങളുടെ വ്യാജത്വം പ്രകടിപ്പിച്ചവയായിരുന്നെന്നത് വാസ്തവാനന്തര പ്രഹേളികകളിലൊന്നാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മേളച്ചിത്രങ്ങളിലധികവും വ്യക്തികേന്ദ്രീകൃതവും ആത്മനിഷ്ഠവുമാണെന്നതും ചില നിലപാടില്ലായ്മകളുടെയോ നിലപാടുമാറ്റങ്ങളുടെയോ സ്വാധീനമായും വായിക്കാം. കുഴപ്പമില്ലാത്ത മൂന്നു നാല് ചിത്രങ്ങളുണ്ടായെങ്കിലും അവയൊന്നും നവഭാവുകത്വ മലയാള സിനിമകളെ അതിശയിക്കുന്നതല്ല.
അമ്മയും മകനും, അച്ഛനും മകനും, അച്ഛനും മകളും, രണ്ടാനമ്മയും മകനും തുടങ്ങി മനുഷ്യ ബന്ധങ്ങളുടെ ആഴസങ്കീര്‍ണതകളെയും പ്രവചനാതീത വൈരുദ്ധ്യങ്ങളെയും ആവിഷ്‌കരിക്കുന്ന ചിത്രങ്ങളുടെ പട്ടികതന്നെയുണ്ടായിരുന്നു ഇക്കുറി. അതില്‍ത്തന്നെ ക്വീന്‍ ഓഫ് ഹാര്‍ട്‌സ്(ഡെന്‍മാര്‍ക്ക്), സണ്‍ മദര്‍(ഇറാന്‍), എ സണ്‍(ലബനന്‍), ഫാദര്‍ ആന്‍ഡ് സണ്‍സ് (ഫ്രാന്‍സ്, ബല്‍ജിയം), സമാപന ചിത്രമായിരുന്ന മാര്‍ഘേ ആന്‍ഡ് ഹെര്‍ മദര്‍ (ഇറ്റലി, യു.കെ. പേര്‍ഷ്യന്‍) തുടങ്ങിയവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ അവയവ വിപണിയുടെയും കലാപങ്ങളിലെ അതിജീവനത്തിന്റെയും തീവ്രത വരച്ചു കാണിച്ച എ സണ്‍ ആഖ്യാനമികവിലും ഉള്ളടക്ക നിറവിലും മികച്ച ദൃശ്യാനുഭവമായി.
അതേസമയം, ഫാസിസം, വര്‍ഗീയത, ലിംഗ/വര്‍ണ വിവേചനം, മതം, ഭിന്നലൈംഗികത, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഒരുപിടി ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. അവയില്‍ത്തന്നെ പ്രകട ലൈംഗിക രംഗങ്ങളും കടുത്ത രാഷ്ട്രീയ പ്രഖ്യാപനങ്ങളുമൊന്നും അത്രമേല്‍ പ്രത്യക്ഷമായില്ലെന്നതിന്റെ മാധ്യമരാഷ്ട്രീയവും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയം വിഷയമാക്കിയ ചിത്രങ്ങളായിരുന്നു മുന്‍കാല ചലച്ചിത്രമേളകളെയെല്ലാം ശ്രദ്ധേയമാക്കിയിരുന്നത്. ഗുഡ്‌ബൈ ലെനിന്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, യങ് കാള്‍ മാര്‍ക്‌സ് പോലുള്ള ചിത്രങ്ങള്‍ സമ്മാനിച്ച ഇഫിയില്‍ ഇക്കുറി അതിന്റെ നാലയലത്തു നില്‍ക്കുന്ന രാഷ്ട്രീയ സിനിമകള്‍ ഉണ്ടായില്ല. കൂട്ടത്തില്‍, ക്രിസ്‌തോഫ് ഡീക്ക് സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമായ ക്യാപ്റ്റീവ്‌സ്,  നിക്കോളസ് പാരിസറിന്റെ ബെല്‍ജിയം ഫ്രാന്‍സ് സംരംഭമായ ആലീസ് ആന്‍ഡ് ദ് മെയര്‍, മരിഘേല (ബ്രസീല്‍), തുടങ്ങിയവ ഈ ജനുസില്‍ ശരാശരിക്കുമേല്‍ നിലവാരം പുലര്‍ത്തിയപ്പോള്‍, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇഴകീറി വിമര്‍ശിക്കുന്ന വാംപയര്‍ ജനുസില്‍ക്കൂടി പെടുത്താവുന്ന കോമ്രേഡ് ഡ്രാക്കുളിച്ച്  ആ തലത്തിലേക്കുയരാതെ കേവലം ഉപരിപ്‌ളവം മാത്രമായി ചുരുങ്ങുകയായിരുന്നു.
മതവും സമൂഹവും എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ അസാമാന്യ ധൈര്യത്തോടെ വരഞ്ഞിട്ട ചിത്രങ്ങളായിരുന്നു യങ് അഹമ്മദ് (ബല്‍ജിയം, ഫ്രാന്‍സ്), ഗോഡ് എക്‌സിസ്റ്റ്‌സ്, ഹെര്‍ നെയിം ഈസ് പ്രെട്രോണിഷ്യ (ബെല്‍ജിയം, ക്രൊയേഷ്യ, സ്‌ളോവേനിയ) തുടങ്ങിയ ചിത്രങ്ങള്‍. വയലാര്‍ അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ കെ.വി.മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ, കേരളത്തിലെ നീറുന്ന രാഷ്ട്രീയ വിഷയമായിത്തീര്‍ന്ന ശബരിമല സ്ത്രീ പ്രവേശനവിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലയാളിക്ക് വളരെയേറെ സാത്മ്യം സാധ്യമാകുന്ന ഒന്നാണ് ഗോഡ് എക്‌സിസ്റ്റ്‌സ്, ഹെര്‍ നെയിം ഈസ് പ്രെട്രോണിഷ്യ എന്ന ചിത്രം.കുരിശിന്റെ പരിശുദ്ധിക്കു മുന്നില്‍ സ്ത്രീക്ക് എന്താണ് അയിത്തമെന്നും ദൈവം സ്ത്രീയായിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. കോമ്രേഡ് ഡ്രാക്കുളച്ചി(ഹംഗറി)യിലും മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യങ്ങള്‍ പരാമര്‍ശവിഷയമായി. മതം എങ്ങനെ വ്യക്തിയെ വഴിതെറ്റിക്കുന്നു എന്നതിന്റെ ദശ്യവിശകലനമായിരുന്നു അല്‍മ ഹരേല്‍ സംവിധാനം ചെയ്ത ഹണി ബോയി. രക്ഷിതാക്കളുടെ ദുരന്ത മരണത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാനാവാതെ ഒടുവില്‍ അവരുടെ ഘാതകര്‍ക്ക് മാപ്പു നല്‍കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികളുടെ കഥ പറഞ്ഞ ക്‌ളിയോ (ബല്‍ജിയം), സമ്മര്‍ ഈസ് ദ് കോള്‍ഡസ്റ്റ് സീസണ്‍ (ചൈന) എന്നിവ ഒറ്റപ്പെടുന്നവരുടെ വേദനയുടെ ആഴങ്ങള്‍ തേടുന്ന ചലച്ചിത്രാനുഭവങ്ങളായിരുന്നു.തീവ്രവാദത്തിന്റെയും മറ്റും നിഴലാട്ടങ്ങളുണ്ടായിട്ടും സിനോണിംസ് (ഫ്രാന്‍സ് ഇറ്റലി,ജര്‍മ്മനി, ഇസ്രയേല്‍) മനം മടുപ്പിക്കുന്ന ദൃശ്യാഖ്യാനമായപ്പോള്‍ ഇറാനില്‍ നിന്നുള്ള ദ് വാര്‍ഡന്‍ അതിജീവനത്തിന്റെ മറുവശം കാണിച്ചു തന്നു ശ്രദ്ധേയമായി.
അതിജീവനഗാഥകളാണ് മേളച്ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന മറ്റൊരു പ്രമേയം. അതിജീവനത്തിന്റെ പോരാട്ടങ്ങളുടെ ദൃശ്യാഖ്യാനങ്ങളില്‍,നാസികള്‍ തകര്‍ത്ത കുടുംബത്തില്‍ നിന്നു രക്ഷപ്പെട്ടോടിയ സാറ ഗോറല്‍നിക്കിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു പ്രചോദിതമായ സ്റ്റീവന്‍ ഓറിറ്റിന്റെ മൈ നെയിം ഈസ് സാറ, ന്യൂയോര്‍ക്കില്‍ നിന്ന് റഷ്യയിലേക്ക് ഒറ്റയ്ക്ക് കാല്‍നടയായി പ്രയാണമാരംഭിച്ച് എവിടെയോ അപ്രത്യക്ഷയായ റഷ്യന്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദിതമായ ലിലിയന്‍ (ഓസ്ട്രിയ), സിറിയയില്‍ ഐഎസ്‌ഐഎസ് ഭീകരര്‍ തടവിലാക്കിയ ഡാനിഷ് ഫോട്ടോഗ്രാഫര്‍ ഡാനിയല്‍ റെയുടെ സാഹസികത പറഞ്ഞ ഡെന്‍മാര്‍ക്ക്-നോര്‍വേ-സ്വീഡിഷ് സംയുക്ത സംരംഭമായ നീല്‍സ് ആര്‍ഡന്‍ ഒപ്‌ളേവിന്റെ ഡാനിയല്‍, റ്വാണ്ടയിലെ വര്‍ഗീയതയുടെ ഫലമായി ഉണ്ടായ നിഷ്ഠുരമായ മനുഷ്യക്കുരുതിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഹുതു-തുത്സി ദമ്പതികളായ അഗസ്റ്റിന്റെയും സിസിലിയുടെയും യഥാര്‍ത്ഥ ജീവിതം പറഞ്ഞ ഇറ്റാലിയന്‍ ചിത്രമായ റ്വാണ്ട, ഓസ്‌ട്രേലിയന്‍ ചിത്രമായ ബോയന്‍സി എന്നിവയും താരതമ്യേന മികച്ച ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു. അവയില്‍ത്തന്നെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട, റഷ്യന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ നഷ്ടപ്പെട്ട ഒരു മംഗോളിയന്‍ ബാലനും അവന്റെ കൈവിട്ടുപോയ കുതിരയും ജന്മദേശത്ത് പണിപ്പെടുന്നതിന്റെ സാഹസികത ചിത്രീകരിച്ച എര്‍ഡന്‍ബ്ലിഗ് ഗാന്‍ബോള്‍ഡിന്റെ സിനിമ അവിസ്മരണീയമായി. തിരസ്‌കൃതരുടെയും പെണ്ണിന്റെയും എല്‍.ജി.ടി ക്യൂവിന്റെയും ജീവിതം ലബനണിലായാലും സൗദി അറേബ്യയിലായാലും ആധുനിക റഷ്യയിലായാലും സമാനമാണെന്നു കാണിച്ചു തന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റോഡ് ടു ഒളിംപ്യയും മാറുന്ന ലോകത്തെ മാറാത്ത മനസുകളെ കാണിച്ചു തന്നു.
കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെട്ട ട്രോംഫാബ്രിക്ക്, പാരസൈറ്റ് എന്നിവയാണ് മേളയില്‍ ശ്രദ്ധിക്കപ്പെട്ട വേറിട്ട രണ്ടു സിനിമകള്‍. വിഭക്ത ജര്‍മ്മനിയിലെ ഒരു ഫിലിം സ്റ്റുഡിയോ കേന്ദ്രീകരിച്ച് മാര്‍ട്ടിന്‍ ഷ്രെരര്‍ സംവിധാനം ചെയ്ത ട്രോംഫാബ്രിക്ക് പ്രണയേതിഹാസമായ ടൈറ്റാനിക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ത്രികോണ പ്രണയകഥയാണ്. ഗാനങ്ങളും ഡാന്‍സുമൊക്കെയായി തീര്‍ത്തും ബോളിവുഡ് ശൈലിയോട് അടുത്തുനില്‍ക്കുന്ന സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞ ആഖ്യാനത്തിലൂടെയാണ് ട്രോഫാബ്രിക്ക് ശ്രദ്ധിക്കപ്പെട്ടതെങ്കില്‍, വക്രോക്തിയിലൂടെയാണ് കൊറിയന്‍ ചിത്രമായ പാരസൈറ്റ് ശ്രദ്ധിക്കപ്പെട്ടത്. കാന്‍ മേളയില്‍ പാം ഡി ഓര്‍ ലഭിച്ച ചിത്രമായിരുന്നു അത്.
മലയാള സിനിമയില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും രാജീവ് കുമാറിന്റെ കോളാംബിയും മറ്റും ശ്രദ്ധിക്കപ്പെട്ടെങ്കിലും പൊതുവേ ബോളിവുഡ്ഡിന്റെ അതിപ്രസരത്തില്‍ അവയുടെയൊക്കെ സ്വാഭാവിക പ്രസക്തിക്ക് ഊന്നല്‍ ലഭിക്കാതെ പോയി എന്നതാണ് വാസ്തവം. സിനിമാപ്രേമികളിലാരോ ചൂണ്ടിക്കാട്ടിയതു പോലെ, വിഖ്യാതമായ ഷാങ്ഹായി ചലച്ചിത്രമേളയില്‍ മത്സരിച്ച ഒന്നു രണ്ടു ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ വന്‍ പ്രചാരണത്തോടെ കെട്ടിയെഴുന്നള്ളിക്കപ്പെട്ടപ്പോള്‍, അതേ മേളയില്‍ പ്രധാനപ്പെട്ട അവാര്‍ഡ് നേടിയ വെയില്‍മരങ്ങള്‍ എന്ന മലയാള ചിത്രവും അതിന്റെ സംവിധായകന്‍ ഡോ.ബിജുവും മറ്റും ഒരുവിധത്തിലുള്ള ഔപചാരിക പരിഗണനയും ലഭിക്കാതെ തിരസ്‌കൃതരായി. ജെല്ലിക്കെട്ടിന്റെ മാധ്യമപരമായ സവിശേഷതയും ഉള്ളടക്കത്തിന്റെ രാഷ്ട്രീയവും തിരിച്ചറിഞ്ഞ ദക്ഷിണേന്ത്യന്‍ നടനും നാടകപ്രവര്‍ക്കകനുമായ പശുപതിയെപ്പോലൊരാള്‍ അതിന്റെ പ്രചാരകനായി സ്വയം അവരോധിക്കാന്‍ കാട്ടിയ ആര്‍ജ്ജവവും പ്രതിബദ്ധതയും പോലും മലയാള സിനിമയോട് പൊതുവേ ഗോവന്‍ മേളയില്‍ മറ്റാരും പുലര്‍ത്തിക്കണ്ടില്ല. ഉദ്ഘാടനച്ചടങ്ങിലും മേളയുടെ സുവര്‍ണജൂബിലി ബഹുമതിയാല്‍ അംഗീകരിക്കപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ടത് തെന്നിന്ത്യന്‍ സിനിമയുടെ ഇതിഹാസമായ രജനീകാന്തായിരുന്നെങ്കിലും അദ്ദേഹത്തിനു സമ്മാനം കൊടുക്കാന്‍ അമിതാഭ് ബച്ചനെ ക്ഷണിക്കുക വഴി ബോളിവുഡ്ഡിന്റെ മേല്‍ക്കൈ ആവര്‍ത്തിച്ചു സ്ഥാപിച്ചെടുക്കാനായിരുന്നു ശ്രമമെങ്കിലും രജനീകാന്ത് എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ഉയര്‍ന്ന നിലയ്ക്കാത്ത കരഘോഷത്തിലൂടെ രജനീകാന്ത് എന്ന പ്രതിഭാസത്തിന് ഉത്തരദിക്കിലുമുളള വിവരണാതീതമായ ജനസ്വാധീനത്താല്‍ അതു മറികടക്കാനായി എന്നതാണ് വസ്തുത.  എന്നാലും, ഉദ്ഘാടനവേദിയില്‍ ഷാജി എന്‍ കരുണിന്റെയും പ്രിയദര്‍ശന്റെയും സജീവ സാന്നിദ്ധ്യത്തിലൊഴികെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മേളയിലപ്പാടെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള ഇന്ത്യന്‍ സിനിമയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ മലയാള ചലച്ചിത്രകാരന്മാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നതാണു സത്യം.
ചലചിത്ര മേളയിലെ ചില നല്ല കാര്യങ്ങളും ചൂണ്ടിക്കാണിക്കാതെ തരമില്ല. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കലാ അക്കാദമി സമുച്ചയത്തില്‍ ഒരുക്കിയ മള്‍ട്ടി മീഡിയ ഇന്ററാക്ടീവ് പ്രദര്‍ശനമാണ് അതിലൊന്ന്. ഇന്ത്യന്‍ സിനിമയെ കുറിച്ച് എന്നതിലുപരി ഇന്ത്യന്‍ ചലചിത്രമേളയെ കുറിച്ചുള്ളതായിരുന്നു അത്. വീഡിയോ വാള്‍, ഇന്ററാക്ടീവ് ദൃശ്യ ശ്രാവ്യ സാകേതിക വിദ്യ എന്നിവയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ് രസകരമായ ഈ പ്രദര്‍ശനം ഒരുക്കിയത്. അലക്‌സ ഒരുക്കിയ ബോളിവുഡ് ക്വിസ് മേളച്ചരിത്രത്തിന്റെ വര്‍ഷാനു ചരിതം പ്രതിപാദിക്കുന്ന ദശ്യ ഇന്റര്‍ ആക്ടിവിറ്റി, സദര്‍ശകര്‍ കൂടി ഉള്‍പ്പെടുന്ന രസകരമായ അനിമേഷന്‍ പരിപാടി 360 ഡിഗ്രി ഫോട്ടോഗ്രാഫി തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളും മണ്ഡോവി മുതല്‍ കലാ അക്കാദമി വരെയുള്ള രണ്ടു കിലോമീറ്റര്‍ മുഴുവന്‍ ഗോവ എറര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഒരുക്കിയ, മേളയുടെ ഭാഗ്യദയായ മയില്‍ മുതല്‍ ബാഹുബലി വരെയുള്ള വിഷയങ്ങളിലെ പ്രതിഷ്ഠാപനങ്ങളുമെല്ലാം, സിനിമ കാണാന്‍ മുമ്പെന്നുമില്ലാത്ത ബഹുതല ക്യൂ പോലെ പുതിയ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും പ്രദര്‍ശനം എട്ടു കിലോമീറ്റര്‍ ദൂരെയുള്ള തീയറ്ററിലേക്ക് വരെ പടരുകയും ചെയ്തതോടെ വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോകുകയായിരുന്നു. ഇതേപ്പറ്റിയുള്ള മെസേജ് പോലും പ്രതിനിധികള്‍ക്കു കിട്ടുന്നത് മേളയവസാനിക്കാന്‍ ഒരുനാള്‍ ബാക്കിയുള്ളപ്പോഴാണ്.
എല്ലാം കഴിയുമ്പോള്‍ വീണ്ടും ചില ചോദ്യങ്ങള്‍ പ്രസക്തമാവുന്നു. എന്തിനാണ് ഈ മേള? എന്താണ് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍? അത് പൂര്‍ത്തീകരിക്കുന്നതില്‍ മേള ലക്ഷ്യം കാണുന്നുണ്ടോ? കലാമൂല്യവും മാധ്യമബോധവും പുലര്‍ത്തുന്ന ഇന്ത്യന്‍ സിനിമയെ ലോകസിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന് നിലയ്ക്ക് പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്രുവിന്റെ കാലത്തു വിഭാവന ചെയ്ത ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേള അതിന്റെ നിക്ഷിപ്ത ദൗത്യത്തോട് എത്രമാത്രം നീതിപുലര്‍ത്തുന്നുണ്ട്? വ്യവസായമെന്ന നിലയ്ക്ക് ഇന്ത്യന്‍ സിനിമയുടെ വാണിജ്യസാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അര്‍ത്ഥവത്തായ കലാമൂല്യമുള്ള സിനിമകളുടെ പരിപോഷണത്തിന് ഇഫിയുടെ സംഭാവന എന്താണ്? ഇന്ത്യന്‍ സിനിമയെ മുന്‍നിര്‍ത്തി ഉത്തരം വേണ്ടതായ ഇത്തരം ഒരു പിടി ചോദ്യങ്ങള്‍ ബാക്കിയാവുന്നതിനിടെ വിദേശസിനിമകളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയും ചില സന്ദേഹങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ലോക സിനിമയിലെ പുതുചലനങ്ങളും നവഭാവുകത്വപരിണാമങ്ങളും ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും പരിചയപ്പെടുത്തുക എന്ന ദൗത്യം കൂടി ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതാണല്ലോ. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഇഫിയില്‍ പ്രദര്‍ശനത്തുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയായി താഴേക്കു കുതിക്കുന്ന നിലവാരം എന്തിന്റെ സൂചനയാണ് എന്നതാണ് മുഖ്യമായി അഭിസംബോധന ചെയ്യപ്പെടേണ്ട പ്രശ്‌നം. ഡിജിറ്റല്‍ സിനിമാ പ്‌ളാറ്റ്‌ഫോമുകളില്‍ ആമസണും നെറ്റ്ഫ്‌ളിക്‌സും പോലുള്ളവയിലടക്കം പ്രചരിക്കപ്പെടുന്ന ലോകസിനിമകളില്‍ പലതും പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുന്ന കരുത്തുറ്റ ഉള്ളടക്കവും അനിതരസാധാരണമായ അവതരണശൈലിയും വച്ചുപുലര്‍ത്തുന്നതാണ്. എന്നിട്ടും ഇഫിയിലടക്കം വരുന്ന ചിത്രങ്ങള്‍ മാത്രം എങ്ങനെ അറുബോറനും പഴഞ്ചനുമാവുന്നു? ചലച്ചിത്രമേള വിനോദസഞ്ചാര സീസണുണ്ടാക്കാനുള്ള ഒരു സാംസ്‌കാരിക മറയായി തീരേണ്ട ഒന്നാണോ, അതോ അതിനു സ്വതന്ത്രമായൊരു അസ്തിത്വം നല്‍കി സിനിമാ പ്രേമികളെയും സാങ്കേതികവിദഗ്ധരെയും അക്കാദമിക്കുകളെയും മാത്രം മുഖ്യമായും ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒന്നായാല്‍ പോരേ?കാലത്തിന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ സംഘാടകര്‍ തയാറാവാത്തപക്ഷം തുടര്‍ കാലങ്ങളില്‍ ഇഫിയുടെ സാംസ്‌കാരിക പ്രസക്തി തന്നെ മെല്ലെ ഇല്ലാതാവുമെന്നതില്‍ തര്‍ക്കമില്ല.


Tuesday, November 26, 2019

പശുപതിയോടൊപ്പം മറക്കാനാവാത്ത 25-11-2019@ഗോവ


ഗോവൻ അത്താഴം തമിഴ് മലയാള നടൻ പശുപതി യോടൊപ്പം. 'ജെല്ലിക്കെട്ട് 'കാണാൻ മാത്രം കേരളത്തി ൽ വന്നതിനെ പ്പറ്റിയും അഞ്ചു തവണ കണ്ടതിനെ പറ്റിയുമൊ ക്കെ പറഞ്ഞു: സിംപ്ലിസിറ്റിക്കും ഹംബിൾ നസിനും ആൾരൂപമുണ്ടെങ്കിൽ പശുപതി എന്നു വിളിക്കും. ഭക്ഷണത്തിനു ശേഷം കൈകഴുകാനെന്നു പറഞ്ഞ് അദ്ദേഹം പോയപ്പോൾ കരുതിയില്ല, ഞങ്ങൾക്കു മുമ്പേ ബില്ല് കൊടുക്കാനാണെന്ന് ! രണ്ടു മണിക്കൂറിലേറെ സ്നേഹമാണല്ലോ കടം. അതെങ്ങനെ വീട്ടാനാവും? മലയാളത്തിലെ താരങ്ങൾ ഈ മനുഷ്യനെ കണ്ടു പഠിച്ചെങ്കിൽ!

Tuesday, November 19, 2019

ജെല്ലിക്കെട്ടും ജോക്കറും: ആള്‍ക്കൂട്ടം ഭ്രാന്തെടുക്കുമ്പോള്‍

article published in Kalapoornna magazine November 2019
എ.ചന്ദ്രശേഖര്‍

ഏതാണ്ട് ഒരേ കാലത്തിറങ്ങിയ സിനിമകളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും റ്റോഡ് ഫിലിപ്പിന്റെ ജോക്കറും. ഒന്ന് കേരളത്തിന്റെ ഉള്‍നാടന്‍ ആള്‍ക്കൂട്ട മനഃശാസ്ത്രം കെട്ടഴിഞ്ഞുപോകുന്ന ഒരു പോത്തെന്ന പ്രമേയത്തിലൂന്നി വിശകലനം ചെയ്യുന്നു. ഹോളിവുഡിന്റെ തനതു ശൈലിക്കുപരിയായി ബഹുവിധ മാനങ്ങളുള്ള ജോക്കറാവട്ടെ, ഒരു സാങ്കല്‍പിക ചിത്രകഥാവേഷത്തിന്റെ ചിത്തഭ്രമത്തിലൂന്നി നഗരതെരുവിലെ ഇരുളിടങ്ങളിലെ ആള്‍ക്കൂട്ടങ്ങളുടെ അക്രമവാസനയ്ക്കു പിന്നിലെ മനോനിലയെ ഇഴകീറി പരിശോധിക്കുന്നു. തികച്ചും യാദൃശ്ചികമെങ്കിലും കൗതുകത്തിനപ്പുറമുള്ള ചില സാമ്യങ്ങള്‍ ലോകത്തിന്റെ രണ്ടു കരകളില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രങ്ങള്‍ക്കു തമ്മിലുണ്ട്. രണ്ടും കമ്പോളവിജയം നേടിയെന്നതില്‍ക്കവിഞ്ഞ്, വാണിജ്യപരതയെ തള്ളിപ്പറയാത്ത ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകരുടെ സാര്‍ത്ഥകമായ ഉദ്യമങ്ങളാണെന്നതാണ് അതിലൊന്ന്. സിനിമയുടെ ദൃശ്യവ്യാകരണത്തെ അര്‍ത്ഥവത്തായി അഭിസംബോധന ചെയ്യുന്നുണ്ടെന്നത് മറ്റൊന്ന്. അസഹിഷ്ണുതയുടെയും സത്യനിരാസങ്ങളുയെടും വ്യാജസത്യങ്ങളുടെയും വാസ്തവാനന്തര കാല ഭാവുകത്വത്തെ തീര്‍ത്തും സ്വാഭാവികമെന്നോണം അഭിസംബോധന ചെയ്യുന്നുണ്ടെന്നുള്ളതാണ് ഇനിയൊന്ന്. വൈയക്തികവും സാമൂഹികവുമായ മനുഷ്യമനസുകളുടെ, അതിജീവനത്തിനായുള്ള വ്യര്‍ത്ഥശ്രമങ്ങളുടെ അര്‍ത്ഥരാഹിത്യത്തെയും പ്രഹസനമായിപ്പോകുന്ന ജീവിതയാപനങ്ങളെയുമാണ് രണ്ടു ചിത്രങ്ങളും ഇരുട്ടിനെയും കറുപ്പിനെയും വിതാനമാക്കിക്കൊണ്ട് ദൃശ്യവല്‍ക്കരിക്കുന്നത്.
ഇരുട്ടാണ് ജെല്ലിക്കെട്ടിന്റെയും ജോക്കറുടെയും പ്രധാന ഇതിവൃത്തം. മനുഷ്യമനസുകളുടെ ഇനിയും പ്രകാശം വീണിട്ടില്ലാത്ത ഇരുളകങ്ങളെപ്പറ്റിയുള്ളതാണീ സിനിമകള്‍. ആ ഇരുട്ടിനുമപ്പുറം പ്രത്യക്ഷത്തില്‍ ഇരുട്ടത്താണ് രണ്ടിന്റെയും കഥാനിര്‍വഹണം. വ്യക്തിയുടെയും ആള്‍ക്കൂട്ടത്തിന്റെയും മനസിന്റെ ഇരുട്ടുകളെ വെവ്വേറെയും ഒന്നിച്ചും വിശകലനം ചെയ്യുന്നുണ്ട് ജെല്ലിക്കെട്ടും ജോക്കറും. ജോക്കര്‍ക്ക് വ്യവസ്ഥാപിതനായൊരു നായകകര്‍തൃത്വമുണ്ടെങ്കില്‍ ജെല്ലിക്കെട്ടില്‍ അതുമില്ലെന്നു മാത്രം. പക്ഷേ അതുതന്നെയാണ് ജെല്ലിക്കെട്ടിനെ ഇതരസിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നതും. ആള്‍ക്കൂട്ടത്തെപ്പറ്റി പറയാന്‍ ആള്‍ക്കൂട്ടത്തെത്തന്നെയാണ് ജെല്ലിക്കെട്ട് നായകസ്ഥാനത്ത് നിര്‍ത്തുന്നത്. അവിടെ നായകനും വില്ലനുമൊക്കെ അപ്രസക്തര്‍.
നായകനും വില്ലനുമെന്ന വിഭജനം തന്നെ കഥയില്ലാതതാക്കുന്നവിധം നായകനിലെ വില്ലനെയും വില്ലനിലെ നായകനെയുമാണ് ഇരുസിനിമകളും അവതരിപ്പിക്കുന്നത്. മനുഷ്യരിലെ മൃഗത്തെയാണ് അവ കാണിച്ചു തരുന്നത്. അടിസ്ഥാനപരമായി ജന്തുവര്‍ഗത്തില്‍ പെടുന്ന മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവനില്‍ അന്തര്‍ലീനമായിരിക്കുന്ന മൃഗീയത അല്ലെങ്കില്‍ ആസുരത/പൈശാചികത പുറത്തെടുക്കുന്നതെങ്ങനെയെന്നും അവ ചര്‍ച്ച ചെയ്യുന്നു. അവസരമാണ്, സാഹചര്യമാണ് പ്രസക്തം. ഒരാളിലെ മൃഗവാസനയ്ക്ക് പ്രത്യക്ഷപ്പെടാനാവശ്യമായ സാഹചര്യം മാത്രമേ വേണ്ടൂ. അത് സാധാരണവും സ്വാഭാവികവുമായി പ്രകടമായിക്കൊള്ളും. അതാണ് ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും അതിക്രമങ്ങളുടെയും അവ സൃഷ്ടിക്കുന്ന അനിയന്ത്രിതാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയുമൊക്കെ പിന്നിലെ ചാലകശക്തിയെന്ന് ജെല്ലിക്കെട്ടും ജോക്കറും ഇതിവൃത്തങ്ങളിലൂടെ സ്ഥാപിക്കുന്നു.
പ്രമേയപരമായി വിലയിരുത്തിയാല്‍, 'ഇതുവരെ ആരും പറയാത്ത കഥ'യൊന്നുമല്ല ജെല്ലിക്കെട്ടും ജോക്കറും. മറിച്ച്, പലര്‍ പലവട്ടം സിനിമയിലൂടെ തന്നെ പറഞ്ഞ കഥയാണ്. പക്ഷേ, അതു പറഞ്ഞ രീതിയാണ് ജെല്ലിക്കെട്ടിനെയും ജോക്കറേയും വ്യത്യസ്തമാക്കുന്നത്. ഉള്ളടക്കത്തിനപ്പുറം സിനിമാത്മകമാണ് ജെല്ലിക്കെട്ടും ജോക്കറും. അവതരണത്തിലെ ദൃശ്യപരത, സംഭാഷണത്തിലൂന്നിയുള്ള പരമ്പരാഗത കഥപറച്ചില്‍ രീതിയെ തച്ചുടച്ചു തള്ളിക്കളയുന്നു. കവിതയുടെ താളം പോലെ, നൃത്തത്തിന്റെ ലാസ്യം പോലെ, ചിത്രരചനയിലെ ലയം പോലെ ക്യാമറയുടെ മാധ്യമമായി സിനിമയെ അഭിസംബോധനചെയ്യുന്നതുവഴി ജെല്ലിക്കെട്ട് നാടകീയതയെ അപ്പാടെ നിരസിക്കുകയും ചെയ്യുന്നു. ജോക്കറും ഏറെക്കുറെ ചെയ്യുന്നത് അതൊക്കെത്തന്നെ. അവിടെ പക്ഷേ, ഏകാംഗ ഹാസ്യാവതാകനാണു നായകനെന്നതുകൊണ്ടുതന്നെ അതിന്റെ വര്‍ണങ്ങളും ചമത്കാരങ്ങളും സിനിമയുടെ ദൃശ്യപരതയ്ക്ക് അടിവരയിടാനെന്നോണം വിനിയോഗിച്ചിട്ടുണ്ടെന്നുമാത്രം. ഒരു പക്ഷേ, വാക്കുകള്‍ കൊണ്ടോ കൃത്യമായി നിശ്ചിയക്കപ്പെട്ട കളത്തിനുള്ളില്‍ നിന്നുകൊണ്ടോ ഉള്ള നാടകീയ മുഹൂര്‍ത്തങ്ങളില്ലാതെ 'വരുന്നിടത്തു വച്ചു കാണുന്നട രീതിയിലുള്ള ദൃശ്യപരിചരണം തന്നെയാവണം, നാടകീയത പ്രതീക്ഷിച്ചെത്തിയ വ്യവസ്ഥാപിത പ്രേക്ഷകര്‍ക്ക് ജെല്ലിക്കെട്ട് അത്ര രുചിക്കാതെ പോയതിനു പ്രധാനകാരണം.
പി ആര്‍ നാഥനെഴുതി ഭരതന്‍ സംവിധാനം ചെയ്ത ചാട്ട, ലോഹിതദാസ് എഴുതി ഐ വി ശശി സംവിധാനം ചെയ്ത മൃഗയ എന്നീ ചിത്രങ്ങളുടെ പ്രമേയം തന്നെയാണ് ജെല്ലിക്കെട്ടിന്റേത്. പക്ഷേ, മാധ്യമപരമായി അതു കാഴ്ചവയ്ക്കുന്ന കൈത്തഴക്കവും മെയ്‌വഴക്കവുമാണ് അതിനെ മുന്‍പറഞ്ഞ ചിത്രങ്ങളില്‍ നിന്ന് ദൃശ്യാത്മകമായി വിഭിന്നമാക്കുന്നതും കുറേക്കൂടി ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നതും. നാടിനെ വിറപ്പിക്കുന്ന ഒരു മൃഗത്തെ പിടിച്ചുകെട്ടാന്‍ വരുന്ന വേട്ടക്കാരന്‍. അയാളുടെ ഇരകളാവുന്ന കുറേ സാധാരണക്കാര്‍. അയാളെ എതിരിടുകയും വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്ന നാട്ടുച്ചടമ്പിമാര്‍. ഒടുവില്‍ എല്ലാവരുടെയും ശ്രമഫലമായി മൃഗീയമായി കൊല്ലപ്പെടുന്ന മൃഗം. ജെല്ലിക്കെട്ടിനെ സംബന്ധിച്ച് വേട്ടക്കാരന്‍ കുട്ടച്ചനും(സാബുമോന്‍) കാലന്‍ വര്‍ക്കിയുടെ (ചെമ്പന്‍ വിനോദ്) അനധികൃത അറവുശാലയില്‍ നിന്ന് കൊമ്പന്‍ പോത്ത് രക്ഷപ്പെട്ടോടാന്‍ ഇടയാക്കിയ ആന്റണിയും (ആന്റണി വര്‍ഗീസ്) തമ്മില്‍ അതേ അറവുശാലയില്‍ വച്ചു തന്നെയുളള പഴയൊരു പ്രണയപ്പകയുടെ ചരിത്രം കൂടിയുണ്ട്. ഒരു പക്ഷേ അസാധാരണമായിത്തീരാമായിരുന്നൊരു കഥയെ നാടകീയമാക്കുന്നുണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഈ പൂര്‍വാപരബന്ധുത്വത്തിന്റെ ഫ്‌ളാഷ്ബാക്ക്. കാരണം അതില്ലാതെയും ഇതിവൃത്തനിര്‍വഹണം സാധ്യമായിരുന്നു സിനിമയില്‍. അതുപോലെ ബാലിശമായിട്ടാണ്, ചിത്രാന്ത്യത്തില്‍ അതുവരെ പറഞ്ഞതൊക്കെ പഠനാന്ത്യത്തില്‍ റിവൈസ് ചെയ്യുന്നപോലെ പ്രാക്തനമനുഷ്യന്റെ വേട്ടമനസിന്റെ നേരിട്ടുള്ള ദൃശ്യാഖ്യാനം. അതുവരെ പറഞ്ഞതും കാണിച്ചതുമൊന്നും പ്രേക്ഷകനു മനസിലാക്കാനായില്ലെങ്കില്‍ ഇതിവൃത്തത്തിലേക്കൊരു താക്കോല്‍ എന്ന രീതിക്കായിരിക്കണം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ രംഗം വിഭാവനചെയ്തത്. സമാന്തര കഥാനിര്‍വഹണ സാധ്യതകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരത്തിലും മറ്റും ഇത്തരത്തിലൊരു ഭരതവാക്യം (എപ്പിലോഗ്) കാണാം. അനന്തരത്തില്‍ അതുപക്ഷേ കഥയിലേക്കുള്ള പ്രവേശിക കൂടിയായി പ്രസക്തി നേടുന്നുണ്ട്. ജെല്ലിക്കെട്ടിലാകട്ടെ, അതുവരെ കാണിച്ചതിന്റെ ഒരു കണക്കെടുപ്പു മാത്രമായി ആ ദൃശ്യഖണ്ഡം അപ്രസക്തവും ഏച്ചുകെട്ടിയതും അനാവശ്യവുമാവുന്നു. അതൊഴിവാക്കിയാല്‍, അര്‍ത്ഥവത്തായ ദൃശ്യപരിചരണമാണ് ജെല്ലിക്കെട്ട്.
വ്യക്തമായി നിര്‍വചിക്കപ്പെട്ട/നിര്‍വഹിക്കപ്പെട്ട ഛായാഗ്രഹണ-സന്നിവേശ പദ്ധതികളിലൂടെയാണ് ജെല്ലിക്കെട്ട് അവിസ്മരണീയ ദൃശ്യാനുഭവമാകുന്നത്. ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളെയോ, ഹൃദയമിടിപ്പുകളേയോ ഒക്കെ പ്രതിനിധാനം ചെയ്യുന്ന പ്രാരംഭത്തിലെ ഘടികാരശബ്ദത്തിനും താളത്തിനുമൊപ്പം വിന്യസിച്ചിട്ടുള്ള അതിസമീപദൃശ്യങ്ങളുടെ തനിയാവര്‍ത്തം തന്നെ ചിത്രത്തിന്റെ പ്രമേയത്തിലേക്കുള്ള പ്രവേശികയും താക്കോലുമാവുന്നുണ്ട്. ആ ദൃശ്യസമുച്ചയത്തിലൂടെതന്നെ സിനിമയുടെ പശ്ചാത്തല സ്ഥലകാലാദികളും നിര്‍വചിക്കപ്പെടുന്നുവെന്നുമാത്രമല്ല, അത് ജെല്ലിക്കെട്ടിന്റെ ഉള്ളടക്കസൂചികയുമായിത്തീരുന്നുണ്ട്. വാക്കിലൂടെയും സ്വരസ്ഥാനങ്ങളിലൂടെയും നിര്‍വചിക്കാനാവാത്തവിധം ദൃശ്യാത്മകമാണ് ഈ പ്രാരംഭം. ചലച്ചിത്രത്തിന്റെ മാധ്യമപ്രസക്തി ഊട്ടിയുറപ്പിക്കുന്ന ഒന്നാണത്.
മൃഗങ്ങളുമായി അടുത്തിടപഴകുന്ന മനുഷ്യരില്‍ മൃഗവാസന ഉയിരിടുന്നതിന്റെ ദൃശ്യസാക്ഷ്യങ്ങള്‍ ചാട്ടയിലും മൃഗയയിലും നാം കണ്ടിട്ടുള്ളതാണ്. ചാട്ടയിലെ കാളപൂട്ടുകാരന്റെ ആസ്‌കതിയുടേതിനു തുല്യമാണ് ജെല്ലിക്കെട്ടിലെ ആന്റണിക്ക് ആശാന്റെ പെങ്ങള്‍ സോഫിയോടുള്ളത്(ശാന്തിബാലചന്ദ്രന്‍). മൃഗങ്ങളെപ്പോലെ മനുഷ്യന്‍ നിസ്സംഗരായിത്തീരുന്ന കാഴ്ച സിദ്ധാര്‍ത്ഥ ശിവയുടെ ദേശീയപ്രസക്തിനേടിയ ഐന്‍(2015) എന്ന ചിത്രത്തിലും കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ആസ്‌കതിയുടെയും ആസുരതയുടെയും ഭാവപ്പകര്‍ച്ചയാണ് ജെല്ലിക്കെട്ടില്‍ കാണുന്നത്. ചിത്രത്തിന്റെ പേരു പോലും അതിന്റെ സൂചകമാണ്. മാവോയിസ്റ്റ് എന്ന കഥയ്ക്കും ജെല്ലിക്കെട്ട് എന്ന സിനിമയ്ക്കും തമ്മില്‍ വാസ്തവത്തില്‍ അതിന്റെ സ്രഷ്ടാക്കള്‍ തന്നെ ഏറ്റുപറഞ്ഞില്ലായിരുന്നെങ്കില്‍ പ്രത്യക്ഷബന്ധമേ ആരോപിക്കാനില്ല. കാരണം ജെല്ലിക്കെട്ട്, മൃഗവും മനുഷ്യനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കാണുന്ന മനുഷ്യക്കൂട്ടത്തിന്റെ മൃഗവാസനയുടെ പ്രതിബിംബമാണ്. കൃഷിയിടത്തിലൊരുക്കിയെടുത്ത കളത്തിലല്ല സിനിമിയില്‍ അതൊരു ഗ്രാമത്തിന്റെ ഇരുളിടങ്ങളിലെല്ലായിടത്തുമായി അരങ്ങേറുന്നുവെന്നു മാത്രം. കളികണ്ടു കയ്യടിക്കുന്നവര്‍ മുതല്‍, അവിചാരിതമായി കടന്നുവരുന്ന മിഠായിക്കച്ചവടക്കാരന്‍ വരെ ഒടുവില്‍ കളിക്കാരനായിത്തീരുന്ന അവസ്ഥ. ഭ്രമാത്മകരംഗങ്ങളിലൂടെ കാഴ്ചക്കാരനെയും സിനിമയേയും ഒന്നിപ്പിക്കുന്ന ഒരു ആവിഷ്‌കാരതന്ത്രമാണ് ലിജോ ജോസും തിരക്കഥാകൃത്തുക്കളായ എസ് ഹരീഷും ആര്‍ ജയകുമാറും ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും സന്നിവേശകന്‍ ദീപു ജോസഫും ചേര്‍ന്ന് പണിക്കുറവില്ലാതെ പടുത്തുയര്‍ത്തിയിരിക്കുന്ന ഈ ചലച്ചിത്രശില്‍പത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. അതിനവര്‍ സ്വീകരിച്ചിരിക്കുന്ന ഏറ്റവും നിസാരമായ മാര്‍ഗം, നായകകര്‍തൃത്വത്തെ ചിത്രത്തിന്റെ ഇതിവൃത്തഘടനയ്ക്കു പുറത്തുനിര്‍ത്തിക്കൊണ്ട് ചിത്രത്തില്‍ അവസാനത്തെ ഭ്രമാത്മകരംഗത്തൊഴികെ എങ്ങും പൂര്‍ണാകാരമായി കാണിക്കാത്ത ഒരു പോത്തിനെ നെടുനായകത്വത്തില്‍ പ്രതിഷ്ഠിക്കുക എന്നുള്ളതുമാണ്.
എന്നാല്‍ മാര്‍വെല്‍ കോമിക്‌സിന്റെ ബാറ്റ്മാന്‍ പരമ്പരയിലെ വില്ലനായ ജോക്കര്‍ എന്ന തത്വദീക്ഷയില്ലാത്ത കോമാളിയെ തിരനായകകര്‍തൃത്വത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് റ്റോഡ് ഫിലിപ്‌സ് തനിക്കു കൂടി രചനാപങ്കാളിത്തമുള്ള ജോക്കര്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രകഥ പറഞ്ഞുറപ്പിച്ചുവച്ചിട്ടുള്ള നിഷ്ഠുര വില്ലന്റെ മറുവശമാണ് ജോക്കര്‍ അന്വേഷിക്കുന്നത്. ജെല്ലിക്കെട്ടിലെ ഭരതവാക്യത്തിനു സമാനമായി, ജോക്കറെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ അയാളിലെ ഉന്മാദിയെ വെളിവാക്കാന്‍, അനവസരിത്തില്‍ മനസിന്റെ പ്രക്ഷുബ്ധത ചിരിച്ചുതീര്‍ക്കുന്ന അപൂര്‍വ മാനസികരോഗത്തിന് അടിമയായിട്ടാണ് റ്റോഡ് തന്റെ നായകനായ അര്‍തര്‍ ഫ്‌ളെക്ക് എന്ന കോമാളിയവതാരകനെ (ജോക്വിന്‍ ഫീനിക്‌സ്) അവതരിപ്പിച്ചിട്ടുള്ളത്. 'ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' മട്ടിലുള്ളൊരു ന്യായീകരണമായിപ്പോകുന്നുണ്ടിത്. പ്രൊഫഷനല്‍ ജീവിതത്തില്‍ പരാജയപ്പെട്ട കോമാളിയാണയാള്‍. അതേസമയം, ശയ്യാവലംബിയായ തന്റെ അമ്മയെ ജീവനുതുല്യം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ടയാള്‍. പക്ഷേ, മാനസികവിഭ്രാന്തിയില്‍ അവന്‍ മേയര്‍ സ്ഥാനാര്‍ത്ഥി യായ ശതകോടീശ്വരന്‍ തോമസ് വെയ്‌നിന്(ബ്രെറ്റ് കള്ളന്‍)പില്‍ക്കാലത്ത് ബാറ്റ്മാനാവുന്ന ബ്രൂസിന്റെ പിതാവ്- എഴുതിവയ്ക്കുന്നൊരു കത്തില്‍ നിന്ന് അയാളാണു തന്റെ പിതാവെന്നു ധരിക്കുന്ന ഫ്‌ളെക്‌സ് ആ പിതൃത്വം സ്ഥാപിച്ചുകിട്ടുന്നതിലും പരാജിതനാവുകയാണ്. തുടര്‍ന്ന് സ്വന്തം അമ്മയില്‍ത്തുടങ്ങി, ശാരീരകവും മാനസികവുമായ തന്റെ കുറവുകളെ കളിയാക്കിയവരും തനിക്കുമേല്‍ കായികവിജയം നേടിയവരുമായ എല്ലാവരെയും കോമാളിയുടെ മുഖംമൂടിക്കുള്ളില്‍ വിദഗ്ധമായി ഒളിച്ചിരുന്ന് പരസ്യമായി കൊന്നുതീര്‍ക്കുകയാണയാള്‍. തന്നെ പരസ്യമായി പരിഹസിച്ച, വിഖ്യാത അമേരിക്കന്‍ ടിവി അവതാരകനായ ലാറി കിങിന്റെ ഛായയുള്ള മുറേ ഫ്രാങ്ക്‌ലിനെ(റോബര്‍ട്ട് ഡീ നീറോ) വരെ പരിപാടിക്കിടയില്‍ ലൈവായി ചുട്ടുകൊല്ലുന്നുണ്ടയാള്‍.
അയാളുടെ തെരുവിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, തന്നെ പിന്തുണയ്ക്കാത്ത നാട്ടുകാരെ മുഴുവന്‍ 'ജോക്കറുകള്‍' എന്നു വിളിച്ചധിക്ഷേപിക്കുന്ന തോമസ് വെയ്‌നിന്റെ ചെയ്തിയെ വാസ്തവാനന്തര (പോസ്റ്റ് ട്രൂത്ത്) കാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൂടി വായിക്കപ്പെടേണ്ടതുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം ജോക്കര്‍ മുഖം മുടികള്‍ ധരിച്ച ജനം ഗോത്താം തെരുവുകളില്‍ അക്രമാസക്തരായി പ്രത്യക്ഷപ്പെടുകയാണ്, ആള്‍ക്കൂട്ട മനസ്ഥിതിയുടെ എല്ലാ അരക്ഷിതാവസ്ഥയും ആവഹിച്ചുകൊണ്ട്. ജെല്ലിക്കെട്ടിലെ പോത്തിനു പിന്നാലെയുള്ള ആള്‍ക്കൂട്ട പാച്ചിലിനു സമാനമാണ് മെട്രോ തീവണ്ടിയില്‍ തുടങ്ങി തെരുവിലേക്കു വ്യാപിക്കുന്ന ആള്‍ക്കൂട്ട ജോക്കര്‍മാരുടെ ഈ ഭീകരമായ പകര്‍ന്നാട്ടം. ജെല്ലിക്കെട്ടിലെ ആള്‍ക്കൂട്ടം പോത്തിനേക്കാള്‍ മൃഗീയത കാഴ്ചവയ്ക്കുമ്പോള്‍, ജോക്കറിലെ ആള്‍ക്കൂട്ടം സംസ്‌കാരത്തിന്റെ ചിരിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മൃഗചോദനകളുടെ പ്രത്യക്ഷീകരണമായിത്തീരുന്നു.
ജെല്ലിക്കെട്ടിലെയും ജോക്കറിലെയും ആള്‍ക്കൂട്ടത്തെയും അതിലെ ക്യാമറ പിന്തുടരുന്ന നായകസ്ഥാനീയരെയും അപമാനിക്കുന്നതും അപമാനവീകരിക്കുന്നതും സമൂഹമാണ്. കൂട്ടത്തിലൊരുവന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ അനുതപിക്കേണ്ടതിനുപകരം, ദുര്‍ബലനുമേല്‍ ശാരീരികവും മാനസികവും രാഷ്ട്രീയവുമായ മേല്‍ക്കൈ നേടാനുള്ള അടങ്ങാത്ത വാഞ്ഛയില്‍ സമൂഹം മൃഗങ്ങളാക്കിമാറ്റുന്നവരാണ് ആള്‍ക്കൂട്ടമായി കരുത്താര്‍ജിച്ച് സമൂഹത്തിനുനേരെ വെല്ലുവിളിയായിത്തീരുന്നത്, സാമൂഹികവിരുദ്ധരായിത്തീരുന്നത്. ഈ വൈരുദ്ധ്യമാണ് ജെല്ലിക്കെട്ടും ജോക്കറും അവതരിപ്പിക്കുന്നത്. പൗരസ്ത്യവും പാശ്ചാത്യവുമായ ജീവിതവൈജാത്യങ്ങളിലൂന്നിയുള്ള ആഖ്യാനവഴികളാണ് ഇരു ചിത്രങ്ങളും സ്വീകരിച്ചിരിക്കുന്നതെങ്കിലും അവ പ്രതിനിധാനം ചെയ്യുന്ന മനുഷ്യജീവിതങ്ങളും അറിയാനും പറയാനും ശ്രമിക്കുന്ന ജീവിതസന്ധികളും മനഃശാസ്ത്രവും സാര്‍വലൗകികമാണ്.

Wednesday, November 13, 2019

പ്രതിഭകളുടെ മിന്നലാട്ടം

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യപാദവും മലയാള സിനിമയെ സര്‍വസുഗന്ധി യാക്കുന്നത് ഭരത് ഗോപി-നെടുമുടി വേണു എന്നിങ്ങനെ രണ്ടു നടന്മാരുടെ അതുല്യ സാന്നിദ്ധ്യമാണ്. കൂട്ടത്തില്‍ ചേരാന്‍ തിലകനെയും പ്രതാപ് പോത്തനെയും അച്ചന്‍കുഞ്ഞിനെയും പോലെ ചില നടന്മാര്‍ കൂടിവന്നു. എന്നാലും പ്രധാന മത്സരം നെടുമുടിയും ഭരത് ഗോപിയും തമ്മില്‍ തന്നെയായിരുന്നു. അപ്പുണ്ണി, ഐസ്‌ക്രീം, ഒരു സ്വകാര്യം, പുന്നാരം ചൊല്ലിച്ചൊല്ലി തുടങ്ങി തീര്‍ത്തും കമ്പോളവിജയം ലാക്കാക്കിയുള്ള ചിത്രങ്ങളായാലും, ആലോലം, തമ്പ്, സൂസന്ന, രചന, അക്കരെ, പാളങ്ങള്‍, യവനിക, വിടപറയുംമുമ്പേ, പഞ്ചവടിപ്പാലം തുടങ്ങി കലാമൂല്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ചിത്രങ്ങളിലായാലും ശരി, നെടുമുടിവേണുവും ഭരത്‌ഗോപിയും സ്‌ക്രീനിടത്തില്‍ ഒന്നിച്ചു വന്നിട്ടുള്ളപ്പോഴൊക്കെ രണ്ട് അസാമാന്യ പ്രതിഭകള്‍ തമ്മിലുള്ള മത്സരമാണ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനായത്.പ്രിയദര്‍ശന്റെ ഒട്ടുമേ ഓടാതെ പോയ പുന്നാരം ചൊല്ലിച്ചൊല്ലി എന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയത്തെ അളക്കാനുള്ള മാപിനികളിനി കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ. ഇത്രയുമോര്‍ത്തത് അടുത്തിടെ രണ്ടു മൂന്ന് ചിത്രങ്ങള്‍ അടുപ്പിച്ചു കണ്ടതുകൊണ്ടാണ്. ആദ്യം വികൃതി. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. രണ്ട് അസാമാന്യ നടന്മാര്‍. ഇവര്‍ ഒന്നിച്ച് ഫ്രെയിമിലെത്തുമ്പോഴത്തെ രസതന്ത്രം..ആഹാ!
സുരാജ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞെട്ടിപ്പിക്കുകയാണെങ്കില്‍ സൗബീന്‍ അഭിനയത്തെ അനായാസമായൊരു പെരുമാറ്റമാക്കി അമ്മാനമാടുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് പൈസ വസൂല്‍.
ആന്‍ഡ്രോയിഡിനെ പറ്റിപ്പറയുമ്പോള്‍ മികച്ച തിരക്കഥയുടെയും സംവിധാനത്തിന്റെയും പ്രതിഭ കൂടി എടുത്തു പറയേണ്ടതുണ്ട്. തീര്‍ച്ചയായും വിജയിക്കേണ്ട സിനിമയാണിത്. അതു നമ്മള്‍ മലയാള പ്രേക്ഷകരുടെ ആവശ്യമാണ്.

Tuesday, November 05, 2019

നവഭാവുകത്വസിനിമയുടെ ലാവണ്യലക്ഷണങ്ങള്‍

നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഫെസ്റ്റിവല്‍ ബുക്കിനു വേണ്ടി എഴുതിയത്.

എ.ചന്ദ്രശേഖര്‍
എന്താണ് സമകാലിക നവഭാവുകത്വ ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ പൊതുവായ ലാവണ്യയുക്തി? പ്രത്യക്ഷത്തില്‍ അതിനുള്ള ഒറ്റവരി ഉത്തരമെന്നത്, സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള സാങ്കേതി മാറ്റം പ്രതിഫലിപ്പിക്കുന്നത് എന്നതാണ്. എന്നാല്‍ ഉത്തരാധുനികോത്തര കലാപശ്ചാത്തലത്തില്‍, സത്യാനന്തര ലോകക്രമത്തില്‍ മൂന്നാം ലോകം പങ്കുവയ്ക്കുന്ന പൊതുവായ ആശങ്കകളും ജീവിതവ്യഥകളും, സാമൂഹികവ്യവസ്ഥകളും മാത്രമല്ല, സൈബര്‍ ലോകം സൃഷ്ടിക്കുന്ന മായിക ഉണ്മകളുടെയും ഫാസിസ്റ്റ് ശക്തികളുണ്ടാക്കുന്ന വ്യാജചരിത്രങ്ങളുടെയും പശ്ചാത്തലത്തില്‍ അവ സൃഷ്ടിക്കുന്ന ദൃശ്യജ്യാമതികളും കൂടി കണക്കിലെടുത്തുവേണം നവഭാവുകത്വ സിനിമകളുടെ പ്രമേയപരിചരണത്തെയും ആവിഷ്‌കാരശൈലിയെയും വിലയിരുത്താന്‍. പറഞ്ഞുപഴകിയ ശൈലീവ്യവസ്ഥകളില്‍ നിന്ന് തീര്‍ത്തും വേറിട്ടതാണത്. പുതുലോകത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തോട് പലതരത്തിലും തലത്തിലും ഹൃദയബന്ധം വച്ചുപുലര്‍ത്തുമ്പോഴും, പാരമ്പര്യത്തെ നിഷേധിക്കുന്നതിനൊപ്പം തന്നെ ആധുനികമൂല്യവ്യവസ്ഥകളെ മുറുകെപ്പിടിക്കുന്നുണ്ട് എന്നു മാത്രമല്ല, നവസിനിമയുടെ ഘടനാസവിശേഷതകളെ സജീവമായി പിന്‍പറ്റുന്നുമുണ്ട്. നറേറ്റീവിലെ പരീക്ഷണങ്ങളില്‍ തുടങ്ങി ഇന്ത്യന്‍ സിനിമ അതിന്റെ മുഖ്യധാരയില്‍ പരീക്ഷിക്കാന്‍ വൈമുഖ്യം കാണിച്ച പല പ്രമേയങ്ങളെയും, എല്‍.ജി.ബി.ടി മുതല്‍ വര്‍ണ/വര്‍ഗ/ലൈംഗിക വിവേചനം വരെയുള്ള തൊട്ടാല്‍പ്പൊള്ളുന്ന വിഷയങ്ങള്‍, ലേശവും മുന്‍വിധിയോ ആശങ്കയോ കൂടാതെ പരിഗണിക്കാനും പരിചരിക്കാനുമുള്ള ദൃശ്യപരമായ ആര്‍ജ്ജവം കാണിക്കുന്നു എന്നതിലാണ് സമകാലിക മുഖ്യധാരയിലെ ഒരു വിഭാഗമെങ്കിലും ദാര്‍ശനികമായ മറ്റൊരുതലത്തിലേക്കുയരുന്നത്.
തമിഴില്‍ ശശികുമാര്‍-സമുദ്രക്കനി-വെട്രിമാരന്‍മാര്‍ തുടക്കമിട്ട പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണ് മുഖ്യധാരാസിനിമയിലെ നവയാഥാത്ഥ്യ സിനിമകളുടെ വേറിട്ടതും അതേസമയം കമ്പോളവിജയമുറപ്പാക്കിക്കൊണ്ടുമുള്ള ഒരു ധാര ശക്തിപ്രാപിച്ചതെങ്കില്‍ ഹിന്ദിയില്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ് തുടങ്ങിയവര്‍ തുടക്കമിട്ട നവയൗവനസിനിമാധാരയുടെ അനുരണനങ്ങളാണ് തുടര്‍ന്ന് പരക്കെ പ്രതിഫലിക്കപ്പെട്ടത്. ഹിന്ദിയില്‍ ഫീല്‍ ഗുഡ്/അധോലോക പ്രമേയങ്ങളില്‍ മള്‍ട്ടീപ്‌ളക്‌സ് സിനിമകളിലൂടെ തുടങ്ങിയ ഈ പരിവര്‍ത്തനം പല കടമ്പകളും സധൈര്യം പിന്നിട്ട് കറുത്തയാഥാര്‍ത്ഥ്യങ്ങളെ സങ്കോചലേശമന്യേ കൈകാര്യം ചെയ്യാനുള്ള ധൈര്യം കാട്ടിക്കൊണ്ട് യൗവനം പിന്നിട്ടുകഴിഞ്ഞു എന്ന് നിസ്സംശയം പറയാം. സൈബറിടം മുന്നോട്ടുവച്ച സാങ്കേതികതയുടെ സവിശേഷതകള്‍ കൂടി വിനിയോഗിച്ചുകൊണ്ട് ക്രൗഡ് ഫണ്ടിങും കോര്‍പറേറ്റ്/പാര്‍ട്ണര്‍ഷിപ് ഫിലിമിങും പോലുള്ള നിര്‍മാണരീതികള്‍ അവലംബിച്ച്, വേറിട്ട വിഷയങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വതന്ത്രമായി തന്നെ ആവിഷ്‌കരിക്കാന്‍ പുതുതലമുറ ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് സാധിക്കുന്നു എന്നതും പ്രധാനമാണ്. വേറിട്ട വിഷയങ്ങളുടെ അതിലും വേറിട്ട ദൃശ്യപരിചരണങ്ങള്‍ക്ക് സെന്‍സര്‍ വേലിക്കെട്ടുകള്‍ പോലുമില്ലാതെ വെബ് പരമ്പരകളായി രൂപാന്തരപ്പെടാനുള്ള വാണിജ്യ സാധ്യതകളിലേക്കാണ് നെറ്റ്ഫ്‌ളിക്‌സും ആമസണ്‍ പ്രൈമും എഎല്‍ടി ബാലാജിഡോട്ട് കോമും പോലുള്ള ഇന്റര്‍നെറ്റ് സ്ട്രീമിങ് പ്‌ളാറ്റ്‌ഫോമുകളും, ഐപി/വെബ് ടിവികളും വാതില്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുഖ്യധാരയിലെയും സമാന്തരമുഖ്യധാരയിലെയും വന്‍കിട നാമധാരികളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ വെബ് പരമ്പരകളിലേക്കും സര്‍ഗശേഷി തിരിച്ചുവിടുന്നുമുണ്ട്. ഈ പശ്ചാത്തലപരിസ്ഥിതിയില്‍ നിന്നുകൊണ്ടു വേണം സമകാലിക ഇന്ത്യന്‍ സിനിമയുടെ മാറിയ രാഷ്ട്രീയ/മാനവിക/സാമൂഹിക/സാമുദായിക പരിസരങ്ങളെ വിശകലനം ചെയ്യാന്‍.
തമഴ് സിനിമ ജാതിയുടെ രാഷ്ട്രീയം മുമ്പു പലപ്പോഴും കൈകാര്യം ചെയ്തിട്ടുള്ളതാണ്. കമ്പോള മുഖ്യധാരയില്‍ത്തന്നെ കമല്‍ഹാസന്റെ വിരുമാണ്ടി(2004), അമീര്‍ സുല്‍ത്താന്റെ പരുത്തിവീരന്‍(2007) തുടങ്ങിയ സിനിമകളൊക്കെ നമുക്കു മുന്നലുണ്ട്. എന്തിന് സാക്ഷാല്‍ രജനീകാന്തിന്റെ കാലാ പോലും വര്‍ണരാഷ്ട്രീയം മറ്റൊരു തലത്തില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍, പാ രഞ്ജിത്തിന്റെ പരിയേരും പെരുമാള്‍ (2018) ഇവയില്‍നിന്നൊക്കെ ഭിന്നമായി മലയാളത്തില്‍പ്പോലും അടുത്തിടെ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലടക്കം മറകൂടാതെ കൈകാര്യം ചെയ്ത തിരുനെല്‍വേലിയിലെ ജാതിരാഷ്ട്രീയത്തെയും അതിന്റെ ഫലമായുള്ള അതിക്രമങ്ങളുടെയും അഭിമാനക്കൊലകളുയെടും തീവ്രസാമൂഹികയാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ക്യാമറാക്കണ്ണുകള്‍ തുറന്നുപിടിച്ചത്. പുലിയങ്കുളം പോലുള്ള കുഗ്രാമത്തിലെ പിന്നാക്ക വിഭാഗത്തില്‍ നിന്ന് നഗരത്തില്‍ നിയമം പഠിക്കാനെത്തിച്ചേരുന്ന പെരുമാള്‍ എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വരുന്ന സാമൂഹികവിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും നേര്‍ച്ചിത്രമാണിത്. മേല്‍ജാതിയില്‍പ്പെട്ട സഹപാഠി ജ്യോതി മഹാലക്ഷ്മിയുമായുള്ള അവന്റെ അടുപ്പത്തെത്തുടര്‍ന്ന് അയാള്‍ നേരിടേണ്ടി വരുന്ന കൊടും പീഡനം നായയേക്കാള്‍ മോശപ്പെട്ട ജന്മമാണ് തന്റേത് എന്ന് തോന്നിപ്പിക്കുംവിധമായിരുന്നു. കുടമാട്ടം കലാകാരനായ ഭിന്നലിംഗസവിശേഷതകളുള്ള അയാളുടെ പിതാവിനും പൊതുസമൂഹത്തില്‍ നിന്ന്, അവന്റെ കോളജില്‍ നിന്നു പോലും നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ അത്രയേറെയാണ്. ഒടുവില്‍ ജാതിവെറിയുടെ സംഘര്‍ഷങ്ങള്‍ തുടരുന്നിടത്തോളം തന്നേപ്പോലുള്ളവര്‍ക്കു മേല്‍ജാതിയില്‍പ്പെട്ടൊരു പെണ്ണിനെ സ്‌നേഹിക്കാനോ സ്വന്തമാക്കി സമാധാനത്തോടെ ജീവിക്കാനോ സാധ്യമല്ലെന്ന തിരിച്ചറിവില്‍തന്നെയാണ് പെരുമാള്‍ അവസാനിക്കുന്നത്. പരുത്തിവീരനില്‍നിന്നോ വിരുമാണ്ടിയില്‍നിന്നോ പെരുമാള്‍ വ്യത്യസ്തമാകുന്നത് കൂറേക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ യാഥാസ്ഥിതിക സാമൂഹികവ്യവസ്ഥിതിയെ കടുംവര്‍ണങ്ങള്‍ ചാലിക്കാതെ, വച്ചുകെട്ടുകളില്ലാതെ തിരയില്‍ പകര്‍ത്താന്‍ തുനിഞ്ഞതിലൂടെയാണ്.
റോണീ സ്‌ക്രൂവാല നിര്‍മിച്ച വാസന്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത മര്‍ദ് കോ ദര്‍ദ് നഹീ ഹോത്ത (2018) എന്ന ഹിന്ദി സിനിമയാവട്ടെ, ഒരേ സമയം ഹിന്ദി മുഖ്യധാരാസിനിമകളെ പരിഹസിക്കുന്ന അതിന്റെ പാരഡിയാവുകയും അതേസമയം ലക്ഷണയുക്തമായൊരു മാര്‍ഷല്‍ ആര്‍ട്‌സ് ആക്ഷന്‍ സിനിമയാവുകയും ചെയ്യുന്ന അപൂര്‍വതയാണ് കാഴ്ചവയ്ക്കുന്നത്. നോണ്‍ ലീനിയര്‍ ദൃശ്യപരിചരണത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ചിത്രം കണ്‍ജനിറ്റല്‍ ഇന്‍സെന്‍സിറ്റിവിറ്റി ടു പെയിന്‍ എന്ന വേദനയുളവാകാത്ത അപൂര്‍വ ശാരീരിക മാനസികാവസ്ഥയുള്ള നായകന്റെ ഭിന്നശേഷിയുടെ കൂടി ദൃശ്യാവിഷ്‌കാരമാണ്. ശരീരത്തിനു നോവറിയാതിരിക്കുകയും മനസുകൊണ്ട് നോവുകയും ചെയ്യുന്ന ഒരാളുടെ ഹൃദയവ്യഥകളും മോഹങ്ങളും മോഹഭംഗങ്ങളും ഈ സിനിമ അടയാളപ്പെടുത്തുന്നു.യാഥാസ്ഥിതിക കമ്പോള മുഖ്യധാരാ ഹിന്ദി സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാംതന്നെ കൃത്യമായ അളവില്‍ വിളക്കിച്ചേര്‍ക്കുമ്പോഴും അതേ ഫോര്‍മുലയെ മാറിനിന്ന് ആവോളം കളിയാക്കാനും വിമര്‍ശിക്കാനും വാസന്‍ ബാല ശ്രമിച്ചിരിക്കുന്നു. പുതുതമലുറ സിനിമയുടെ ശൈലീഗുണങ്ങളും പരിചരണസവിശേഷതയും വളരെ കൃത്യവും വ്യക്തവുമായി തിരിച്ചറിയാനാവൂന്ന സിനിമയാണിത്.
ചലച്ചിത്രാധ്യാപകനും ഹ്രസ്വചിത്രകാരനുമായ സാമുവല്‍ ഈശ്വരന്റെ കന്നി സിനിമയായ കട്ടമരം(2019) സധൈര്യം സംസാരിക്കുന്നതു സ്വവര്‍ഗലൈംഗികതയെപ്പറ്റിയാണ്. സുനാമി ബാധിതമായ കാരയ്ക്കലിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ പ്രകൃതിദുരന്തം അനാഥയാക്കിയ ആനന്ദിയെന്ന സ്‌കൂളധ്യാപികയായ ചെറുപ്പക്കാരിയുടെ കഥയാണിത്. സുനാമിയില്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മാവന്‍ സിങ്കാരത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന ആനന്ദി അയാള്‍ കൊണ്ടുവരുന്ന വിവാഹാലോചനകള്‍ ഒന്നൊന്നായി നിരസിക്കുന്നു. അതിനിടെ, സ്‌കൂളില്‍ ഫോട്ടോഗ്രാഫി പഠിപ്പിക്കാനെത്തുന്ന നഗരവാസിയായ കവിതയുമായി അവള്‍ക്കുണ്ടാക്കുന്ന സ്വവര്‍ഗബന്ധം ഗ്രാമത്തിലെ കടുത്ത യാഥാസ്ഥിതിക സമൂഹത്തില്‍ ഉണ്ടാക്കുന്ന വൈകാരിക സുനാമിയെപ്പറ്റിയാണ് കട്ടമരം കാട്ടിത്തരുന്നത്. പ്രവചനാത്മകതയടക്കമുളള ദോഷങ്ങള്‍ ആരോപിക്കപ്പെടാമെങ്കിലും ആവിഷ്‌കൃതമായ വിഷയത്തിന്റെ കരുത്തും ആര്‍ജ്ജവവും കൊണ്ട് വേറിട്ട സംരംഭം തന്നെയായിത്തീരുന്നുണ്ട് കട്ടമരം.
ഇന്ത്യന്‍ നവസിനിമയുടെ ഒപ്പുരീതികളിലൊന്നായി മാറുന്ന യാത്രാചിത്രങ്ങളുടെ (റോഡ് മൂവി) ജനുസിലെ അര്‍ത്ഥവത്തായൊരു പരീക്ഷണമാണ് നിശ്ശബ്ദത തേടുന്നൊരു വയോഘികതീര്‍ത്ഥാടകന്റെ കഥ പറയുന്ന യുക്രെയിനിയന്‍ സംവിധായക ഡാര്‍ ഗൈയുടെ നാം ഭൗ ഇന്‍ സേര്‍ച്ച് ഓഫ് സൈലന്‍സ്(2018) എന്ന ഹിന്ദി സിനിമ.ലഡാക്കിലെ ഹിമഗിരികളില്‍ നാഗരികകോലാഹലങ്ങളില്‍ നിന്നെല്ലാം വിട്ട് നിശബ്ദശാന്തി തേടിയലയുന്ന അറുപത്തഞ്ചുകാരന്റെ സാഹസികതയാണ് പ്രമേയം. നഗരജീവിതത്തിന്റെ ക്ഷിപ്രവേഗത്തിന്റെ അര്‍ത്ഥരാഹിത്യത്തില്‍ മനം മടുക്കുന്ന നാം ഭൗവിന്റെ ധര്‍മ്മസങ്കടങ്ങള്‍ക്ക് മാറിയ മൂലധനാധിഷ്ഠിത മുതലാളിത്ത നാഗരികതയുടെ പശ്ചാത്തലത്തില്‍ സാര്‍ലൗകികപ്രാധാന്യമാണുള്ളത്. ശാന്തിതേടിയുള്ള പര്‍വതാരോഹണത്തിനിടെ അയാള്‍ക്ക് ചില സൗഹൃദങ്ങളും സഹയാത്രികരെയും ലഭിക്കുന്നു. അവരുടെ തുടര്‍യാത്രയും യാത്രയ്ക്കിടയിലെ അനുഭവങ്ങളും ചിത്രത്തെ ദാര്‍ശനിമായ മറ്റൊരു തലത്തിലേക്ക് പിടിച്ചുയര്‍ത്തുന്നു.
കോല്‍ക്കത്ത പോലൊരു മഹാനഗരത്തില്‍, സ്വന്തം ജന്മരാത്രിയില്‍ പിതാവിനെത്തേടി യാത്രയാവുന്ന പത്തുവയസുകാരനായ ചിപ്പയുടെ കഥയാണ് സഫ്ദര്‍ റഹ്മാന്‍ തന്നെ ആദ്യചിത്രമായ ചിപ്പയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യവും സിനിമയുമൊക്കെ ആവര്‍ത്തിച്ചു വാഴ്ത്തിപ്പാുന്ന സാംസ്‌കാരികചായം പൂശിയ കോല്‍ക്കത്തയല്ല, മറിച്ച് ആധുനിക ഇന്ത്യയുടെ ഹൃദയത്തുടിപ്പുകളെല്ലാം പ്രതിഫിപ്പിക്കുന്ന മഹാനഗരത്തിന്റെ കാണാക്കോണുകളിലെ രാക്കാഴ്ചകളിലേക്കാണ് സഫ്ദര്‍ റഹ്മാന്‍ ഈ ചെറിയ ചിത്രത്തിലൂടെ പ്രേക്ഷകനെ നയിക്കുന്നത്.നഗരത്തെരുവിന്റെ ജീവിതചലനങ്ങള്‍ കണ്ണാടിയിലെന്നോണം പ്രതിഫലിപ്പിക്കുന്ന ചിപ്പി, ദൗര്‍ഭാഗ്യത്താല്‍ ഇന്ത്യന്‍ സിനിമ ഇനിയും ഗൗരവത്തോടെ കണത്തിലെടുത്തിട്ടില്ലാത്ത ബാലചലച്ചിത്രജനുസിലെ അര്‍ത്ഥവത്തും ലക്ഷണയുക്തവുമായൊരു പരിശ്രമമായിക്കൂടി വായിക്കപ്പെടേണ്ടതുണ്ട്.
നാഗരികതയുടെ ഇരുണ്ടമുഖങ്ങള്‍ തേടിയുള്ള യാത്രതന്നെയാണ് നാടകപ്രവര്‍ത്തകയായ അനാമിക ഹക്‌സറുടെ ഘോടെ കോ ജിലേബി ലേ ജാരിയാ ഹൂം എന്ന ഹിന്ദി സിനിമയുടെ പ്രമേയവും. ന്യൂ ഡല്‍ഹിയുടെ കീഴ്സ്ഥായിയിലെ ഗലിവാസികളായ ഒരു പോക്കറ്റിടക്കാരന്റെയും ടൂറിസ്റ്റ് ഗൈഡിന്റെയും ജീവിതവൈവിദ്ധ്യങ്ങളിലൂടെ നഗരവൈരുദ്ധ്യങ്ങളുടെ നേര്‍ക്കാഴ്ചകളാവിഷ്‌കരിക്കുകയാണ് ഈ ചിത്രം. മുഗള്‍ വാസ്തുശില്‍പത്തിന്റെ മാസ്മരിക ഗൃഹാതുരത്വങ്ങളൂടെ ഉപരിപ്‌ളവതയിലൂടെ സഞ്ചാരികളെ മോഹിച്ചു നടത്തിക്കുന്ന ആകാശ് ജെയിനും തിരക്കേറിയ നഗരവീഥികളിലും തീവണ്ടിയിലും പോക്കറ്റടിക്കുന്ന പത്രുവം. ഒരുനാള്‍ ആകാശിന്റെ ഹെറിറ്റേജ് വാക്കിന്റെ മാതൃകയില്‍, താന്‍ നേരിട്ടു കാണുന്ന നഗരജീവിതത്തിന്റെ ഇരുള്‍ക്കാഴ്ചകളിലേക്ക് സഞ്ചാരികളെയും കൊണ്ട് ഒരു യാത്രയെന്ന ആശയവുമായി മുന്നോട്ടുവരുന്ന പത്രുവിന്റെ പരിശ്രമങ്ങളിലൂടെ അധോനഗരജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ സാമൂഹികസാമ്പത്തിക അവസ്ഥകളാണ് അനാവൃതമാകുന്നത്. ആധുനിക സമൂഹം ഇന്നും നഗരജീവിതങ്ങളെ അഴുക്കുകൂനകളാക്കുന്നതെങ്ങനെ എന്ന് ചിത്രം കാണിച്ചുതരുന്നു.
ബംഗാളി നവസിനിമയുടെ ചൂടും ചൂരും ആവഹിക്കുന്നതാണ് ഐഎഫ്എഫ് കെ 2018ല്‍ സമ്മാനിതമായ അമിതാഭ് ചതോപാധ്യായയുടെ അമി ഓ മനോഹര്‍ എന്ന ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമ. ഒരര്‍ത്ഥത്തില്‍ ഏകാന്തതയെപ്പറ്റിയുള്ള ഒരു കവിതയെന്നോ ഏകാന്തതയുടെ സുവിശേഷമെന്നോ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നഗരജീവിതത്തിന്റെ യാന്ത്രികയാഥാര്‍ത്ഥ്യങ്ങള്‍ക്കു മധ്യേ സ്വയം സൃഷ്ടിച്ച പുറന്തോടുകള്‍ക്കുള്ളില്‍ തീര്‍ത്തും ഏകാന്തതയനുഭവിക്കുന്ന മൂന്നു സാധാരണക്കാരുടെ ആത്മസംഘര്‍ഷങ്ങളാണ് അമി ഓ മനോഹര്‍.
നൂലയച്ചു വിട്ട പട്ടം പോലെ സ്വന്തന്ത്രമായ ക്യാമറാചലനങ്ങള്‍, അതിസൂക്ഷ്മവീചികള്‍ക്കു പോലും കാതോര്‍ക്കുന്ന തത്സമയ ശബ്ദാലേഖനം,ലളിതമെന്നു തോന്നിപ്പിക്കുമെങ്കിലും അടരുകളുള്ള തിരക്കഥാഖ്യാനം, നാടകീയതയെ ബോധപൂര്‍വം അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ദൃശ്യപരിചരണം.പൊതുവായി ഇവയൊക്കെയാണ് പുതുതലമുറ സിനിമയ്ക്ക് നവഭാവുത്വമേകുന്ന ശൈലീസവിശേഷതകള്‍.ഭാഷാദേശഭേദങ്ങള്‍ക്കപ്പുറം ഇതൊക്കെ നവസിനിമയുടെ പൊതുവായ ലാവണ്യലക്ഷണങ്ങള്‍തന്നെയായിത്തീരുന്നുമുണ്ട്. അവയുടെ അര്‍ത്ഥപൂര്‍ണമായ വിനിയോഗമാണ് ഈ ചിത്രങ്ങളെ സാര്‍ത്ഥകമായ ദൃശ്യാനുഭവങ്ങളാക്കിത്തീര്‍ക്കുന്നത് എന്നു കൂടി പറഞ്ഞുവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.