എ.ചന്ദ്രശേഖര്‍
പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ജീവിതവ്യഥകള്‍ മലയാളസിനിമയില്‍ മൂന്നുവിധത്തിലാണ് വിഷയമായിട്ടുള്ളത്. ഒന്നാമതായി കറുത്ത യാഥാര്‍ത്ഥ്യത്തിന്റെ അതിവൈ കാരികതയിലൂന്നി അരികുജീവിതങ്ങളുടെ മാധ്യമപരമായ മുതലാ ക്കല്‍. രണ്ട്, പാര്‍ശ്വവല്‍കൃതസമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ഭാഷാവൈവിദ്ധ്യമടക്കമുള്ള വിചിത്രചര്യകളും മറ്റും ഹാസ്യോത്പാദത്തിനുള്ള വിഭവമാക്കല്‍. മൂന്ന്, പ്രതിബദ്ധതയോടെ ഇങ്ങനെയും ചില ജീവിതങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഉള്‍ക്കാഴ്ചയോടെയുള്ള മാധ്യമപ്രതിരോധങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ആദ്യരണ്ടു ഗണത്തിലാണ് മലയാളസിനിമയില്‍ കൂടുതല്‍ സൃഷ്ടികളും ഉള്‍പ്പെടുത്താനാവുക. എന്നാല്‍ എണ്ണത്തിലും വണ്ണത്തിലും അത്രയും ശുഷ്‌കമായ പ്രതിനിധാനങ്ങള്‍ക്കിടയിലും മലയാളത്തില്‍ ചില സിനിമകള്‍ പാരിസ്ഥിതികവും സാമൂഹികവുമായി അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനകള്‍ക്കും നീറ്റുകള്‍ക്കും നേരെ ക്യാമറക്കണ്ണുകള്‍ തുറന്നുപിടിച്ചുവെന്നതും ആര്‍ജ്ജവത്തോടെയുള്ള ആത്മാര്‍ത്ഥമായ ചലച്ചിത്രോദ്യമങ്ങളിലൂടെ അധികാരത്തിന്റെയും സമൂഹത്തിന്റെ തന്നെയും ശ്രദ്ധ പ്രസ്തുത വിഷയങ്ങളിലേക്ക് സൂം ചെയ്തിട്ടെന്നോണം തിരിച്ചുപിടിച്ചുവെന്നതും ആശ്വാസിക്കാനുള്ള വകയാണ്.
ആഗോളവല്‍കൃത നഗരത്തിനും വിഭവസമൃദ്ധമാര്‍ന്ന നാട്ടിന്‍പുറത്തിനും ഒരു പോലെ അന്യമാണ് ചില മൂന്നാമിടങ്ങളുടെ പ്രശ്‌നങ്ങള്‍. വ്യവസായവല്‍ക്കരണത്തിന്റെയും പ്രകൃതിവിഭവചൂഷണങ്ങളുടെയും ഇരകളാകാന്‍ വിധിക്കപ്പെട്ടവരുടെ ലോകം സാഹിത്യത്തിലും സിനിമയിലും തൊലിപ്പുറത്തുമാത്രമാണ് പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുള്ളത്, മലയാളത്തില്‍. അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുന്നതില്‍ നമ്മുടെ സിനിമയും സിനിമാക്കാരും കാണിച്ച അവഗണനയ്ക്ക്, തുടര്‍ന്നുകൊണ്ടിരിക്കുന്ന താല്‍പര്യക്കുറവിന് കാരണം തിരിച്ചറിയാന്‍ അപാരബുദ്ധിയൊന്നും വേണ്ട.വോട്ടുബാങ്കിന്റെ കരുത്തില്ലാത്തവരോടുള്ള രാഷ്ട്രീയക്കാരുടെ താല്‍പര്യരാഹിത്യം പോലെ, വിനിമയശേഷിയില്ലാത്തവരോടുള്ള മാധ്യമങ്ങളുടെ താല്‍പര്യക്കുറവുപോലെ മറ്റൊന്നുമാത്രമാണ് സാഹിത്യത്തിന്റെയും സിനിമയുടെയും അവഗണന. ദുര്‍ബലനു വേണ്ടി ശബ്ദിച്ചതുകൊണ്ട് വാണിജ്യപരമായിട്ടെന്തു ഗുണമെന്ന മൂലധനതാല്‍പര്യമായിരിക്കാം വ്യവസായമെന്നനിലയ്ക്ക് സിനിമാനിര്‍മാതാക്കളെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. പക്ഷേ, നിരാലംബര്‍ക്കുവേണ്ടി, വ്യവസ്ഥാപിത വികസനത്തിന്റെ ഇരകള്‍ക്കുവേണ്ടി അവരുടെ ശബ്ദമില്ലായ്മയ്ക്കുവേണ്ടി ശബ്ദിക്കുന്ന ഉള്‍ക്കാഴ്ചയുള്ള സിനിമാസംരംഭങ്ങള്‍ വിരലിലെണ്ണാവുന്നതെങ്കിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. മാറിയ സാഹചര്യത്തില്‍, താരാധിപത്യമടക്കമുള്ള ജീര്‍ണവ്യവസ്ഥിതികളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടു മുന്നോട്ടുവന്നിട്ടുള്ള പുതുതലമുറ നവധാരയില്‍ നിന്ന് അര്‍ത്ഥവത്തായ ഉത്തരവാദിത്തമുള്ള ചലച്ചിത്രശ്രമങ്ങള്‍ ഈ വഴിക്കുണ്ടാകുന്നത് മാധ്യമബോധത്തേക്കാള്‍ മലയാളിയുടെ ഇനിയും വറ്റിയിട്ടില്ലാത്ത സാമൂഹികബോധത്തിന്റെ കൂടി പ്രതിഫലനമായി കാണണം.അത്തരം സിനിമകളുടെ സാംസ്‌കാരികദൗത്യം സംസ്ഥാനചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന നിലയ്ക്ക് രേഖപ്പെടുത്തപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും കൂടിയാണ്.
വെള്ളവും വായുവുമൊന്നും ലോകത്ത് ഒരു ഭരണസംവിധാനത്തിലും മനുഷ്യന്റെ മൗലികാവകാശങ്ങളല്ലാതാവുന്നില്ല. പക്ഷേ, അനിയന്ത്രിതമായ വാണിജ്യവികസനവും വ്യവസായവല്‍ക്കരണവും വെള്ളത്തിനും വായുവിനും ക്ഷാമമുണ്ടാക്കി. സമൂഹത്തെയൊട്ടാകെ ബാധിക്കുന്നതാണെങ്കിലും പലപ്പോഴും അത് തൊഴിലാളിവര്‍ഗ-പിന്നാക്ക ജീവിതങ്ങളെ മാത്രമാണ് ദുരിതത്തിലാഴ്ത്തിയത്. പരിസ്ഥിതിസംരംക്ഷണമെന്നത് ഇനിയും ഒരു ന്യൂനപക്ഷത്തില്‍ മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്ന സാമൂഹികപശ്ചാത്തലത്തില്‍ ഇത്തരം പാരിസ്ഥിതിക പ്രതിസന്ധികള്‍ മുഖ്യധാരയുടെ പ്രശ്‌നങ്ങളേയല്ലെന്നമട്ടില്‍ ന്യൂനവല്‍ക്കരിക്കപ്പെടുകയാണു പതിവ്. പൊതുസമൂഹം സജീവമായി പരിഗണിക്കാത്ത ഈ അരികുജീവിതങ്ങളുടെ പ്രശ്‌നങ്ങള്‍ അതുകൊണ്ടുതന്നെ വളരെ കുറച്ചു മാത്രമാണ് തിരപ്രതിനിധാനം നേടിയിട്ടുള്ളത്.
ഭൂരിപക്ഷത്തിനിപ്പുറം അംഗസംഖ്യകൊണ്ടു ചുരുങ്ങുന്ന ഏതൊരു മൂഹത്തെയും അരികുജീവിതങ്ങളായി പാര്‍ശ്വവല്‍കൃതരായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍, കരവഴിബന്ധപ്പെട്ടു കിടക്കുന്ന കടല്‍നിരപ്പിനുമുകളില്‍ സുരക്ഷിതമായ ഇടങ്ങളെ ഭൂരിപക്ഷത്തിന്റേതായി കണക്കാക്കാം. ഇതില്‍ നിന്നു വിഭിന്നമാണ് കാട്ടിലും കടലിലും ജീവിക്കുന്നവര്‍ എന്നതുകൊണ്ടാണ് അവര്‍ ന്യൂനപക്ഷമോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ ആവുന്നത്. തെക്കന്‍ കേരളത്തില്‍ കൊല്ലത്തിനടുത്തു കടല്‍നിരപ്പിനോട് ഏതാണ്ട് ഒപ്പത്തിനൊപ്പം നിലനില്‍ക്കുന്ന, അനുദിനം കരയില്ലാതായിക്കൊണ്ടിരിക്കുന്ന മണ്‍റോതുരുത്തിലെ ജീവിതത്തെിന്റെ പശ്ചാത്തലത്തില്‍ പി.എസ്.മനു സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം അങ്ങനൊരു സിനിമാസംരംഭമാണ്.അനുദിനം മൂല്യം ചോര്‍ന്നില്ലാവുന്ന തലമുറകള്‍ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയുമായി അനുദിനം ഇല്ലാതാവുന്ന മണ്‍റോത്തുരുത്തിനെ ചേര്‍ത്തുവയ്ക്കാനുള്ള ശ്രമമെന്നാണു സിനിമ പ്രചരിപ്പിക്കപ്പെട്ടത്. ഇന്നും മോട്ടോര്‍ വാഹനം എത്താത്ത അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് മണ്‍റോത്തുരുത്ത്. വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കയറുന്നതുകൊണ്ടു കെട്ടിടനിര്‍മാണം ബുദ്ധിമുട്ടായ ആവാസവ്യവസ്ഥ. കണ്ടല്‍തുരുത്തുകളുടെ സമാഹാരമാണിത്. ഒരു വീട്ടിനുള്ളില്‍ തുരുത്തുകള്‍ പോലെ ജീവിക്കേണ്ടിവരുന്ന തലമുറകളുടെ ജീവിതം ആഖ്യാനം ചെയ്യാന്‍ ഇതിലും പറ്റിയ പശ്ചാത്തലപ്രകൃതി വേറെയില്ല. പക്ഷേ കഥാനിര്‍വഹണത്തിലെ പാളിച്ചകള്‍ കൊണ്ട് പശ്ചാത്തല പരിസ്ഥിതി സാന്നിദ്ധ്യത്തിന് കഥയുടെ ചട്ടക്കൂടില്‍ എടുത്തുപറയത്തക്ക യാതൊരു പ്രാധാന്യവും കൈവന്നില്ല. പ്രകൃതി പ്രകൃതിയായും കഥാപാത്രങ്ങള്‍ കഥാപാത്രങ്ങളായും വേറിട്ടു നില്‍ക്കുന്നു. പ്രകൃതിചൂഷണത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമായി കേരളത്തിന് അനുഭവിക്കേണ്ടിവന്ന 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും പ്രസക്തമായ വിഷയങ്ങള്‍ തന്നെയായി തുരുത്തുജീവിതങ്ങളും മറ്റും സജീവമായി നില്‍ക്കുന്നുവെന്നതും വൈരുദ്ധ്യം.
വികസനത്തിന്റെ ബലിയാടുകളായി ഓരോ പദ്ധതിപ്രദേശത്തു നിന്നും കുടിയിറക്കപ്പെടുന്നവരും സ്വയം തെരഞ്ഞെടുക്കുന്നതല്ലെങ്കിലും അരികുജീവികളായിത്തീരുന്നവരാണ്. ഇവരുടെ പുനരധിവാസം എന്നും നീറുന്ന മനുഷ്യാവകാശധ്വംസനങ്ങളായിട്ടുണ്ട്. ദേശീയപാതയും വിമാനത്താവളവും മുതല്‍ കപ്പല്‍ശാലവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ഭൂമി ഏറ്റേടുക്കുമ്പോള്‍ വാസ്തുഹാരകളാകുന്നവരുടെ നൊമ്പരം അധികാരികളുടെ ബധിരകര്‍ണങ്ങളില്‍ പെട്ടു ചിതറുകയാണു പതിവ്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായവികസനപ്രകൃയയില്‍ പൈതൃകം തന്നെ കൈമോശം വരുന്നവന്റെ ധര്‍മ്മസങ്കടം പ്രമേയമാക്കിയ സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട (2013) ഇതേ പ്രശ്‌നത്തിന്റെ വൈയക്തികമായ മറ്റൊരു തലമാണു കാണിച്ചുതന്നത്. ദേശീയ പാതയ്ക്കു വേണ്ടി ഭൂമിയെടുക്കുമ്പോള്‍, സ്വന്തം ജീവനോപാധിയായ പലചരക്കു കട നഷ്ടമാവുന്ന കുഞ്ഞനന്തന്റെയും (മമ്മൂട്ടി) കുടുംബത്തിന്റെയും അതിജീവന പോരാട്ടത്തിന്റെ കഥയാണിത്.വളരെയധികം ഇറുക്കവും പിരിമുറുക്കവുമുള്ളൊരു അപൂര്‍വ പ്രണയത്തിന്റെ കഥ പറഞ്ഞ അരുണ്‍ ബോസിന്റെ ത്രില്ലര്‍ ലൂക്ക (2019) കുടുംബത്തിനകത്തെ ബാലികാപീഡനമടക്കമുള്ള പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം, മൂലധനത്തില്‍ മാത്രം ഊന്നിയ വികല വികസനത്തിന്റെ ഇരകളായി ഒഴുവാക്കപ്പെടുന്ന നഗരചേരീനിവാസികളുടെ ധര്‍മ്മസങ്കടവും ഏറെക്കുറെ ശക്തമായി പങ്കിടുന്നുണ്ട്.
പ്രത്യക്ഷത്തിലും പരോക്ഷമായും രാജീവ് രവിയുടെ കമ്മട്ടിപ്പാടം (2016) ചര്‍ച്ച ചെയ്യുന്നതും ഒരു സംസ്‌കാരത്തെയും അധിവാസത്തെയും അപ്പാടെ പ്രാന്തവല്‍ക്കരിച്ച് ഒരു മഹാനഗരം കെട്ടിപ്പടുക്കുന്നതിന്റെ പിന്നാമ്പുറക്കാഴ്ചകളാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട കൊച്ചി എന്നൊരു വന്‍ തുരുത്ത് അപ്പാടെ പൊളിച്ചടുക്കി തദ്ദേശവാസികളെ മുഴുവന്‍ നിര്‍ബന്ധിതമായി നഗരപ്രാന്തത്തിലേക്ക് നീക്കിക്കൊണ്ട് എറണാകുളം എന്ന മഹാനഗരം കെട്ടിപ്പടുത്ത റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെയും ധനമിടപാടുകാരുടെയും അവര്‍ക്ക് വിടുപണിചെയ്തു തഴച്ചുകൊഴുത്ത അധോലോകത്തിന്റെയും കഥയായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിലെ ഗംഗാധരനും (വിനായകന്‍) ബാലനും (മണികണ്ഠന്‍ ആചാരി) അവരുള്‍പ്പെടുന്ന ചേരീവാസികളുമെല്ലാം ഇത്തരത്തില്‍ വികസന ഇരകള്‍ തന്നെയാണ്. നഗരവല്‍ക്കരണം അവര്‍ക്കു നഷ്ടപ്പെടുത്തിയത് സ്വന്തം ജീവിതം മാത്രമല്ല, വരും തലമുറകളുടെ കൂടി മനഃസമാധാനത്തോടെയുള്ള ജീവിതമാണ്.
ചേരീനിര്‍മ്മാര്‍ജ്ജനത്തിന് അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യന്‍ തലസ്ഥാനത്തും മുംബൈ അടക്കമുള്ള മഹാനഗഹരങ്ങളിലുമുണ്ടായിരുന്ന/ഉള്ള രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.വികസനമെന്നത് ബഹുരാഷ്ട്രകുത്തകകളുടെയും വന്‍കിട വ്യവസായികളുടെയും താല്‍പര്യസംരക്ഷണാര്‍ത്ഥമുള്ള മുതലാളിത്ത പ്രക്രിയയായി വാഴ്ത്തപ്പെടുന്ന സമകാലികാവസ്ഥയില്‍ ഗുജറാത്ത് മോഡലിന്റെ പേരില്‍ രണ്ടാം വട്ടവും മൃഗീയഭൂരിപക്ഷമുറപ്പാക്കി ഒരു രാഷ്ട്രീയ കക്ഷിക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പിടിമുറുക്കാന്‍ സാധിക്കുന്ന കാലത്ത് ഇത്തരം പ്രമേയങ്ങളുയര്‍ത്തുന്ന ചെറുതെങ്കിലുമായ പ്രതിരോധങ്ങള്‍ക്ക് മുമ്പെന്നത്തേതിലും മൂല്യവും പ്രാധാന്യവുമുണ്ടെന്നതും മറന്നുകൂടാ.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് (2019) ആലേഖനം ചെയ്യുന്നതും സമാനമായ ഒരു ന്യൂനപക്ഷസമൂഹത്തിന്റെ അതിജീവനത്തിന്റെ വെല്ലുവിളികളാണ്. നഗരങ്ങളുണ്ടാവുകയും വളരുകയും ചെയ്യുമ്പോള്‍, വ്യവസായങ്ങളുണ്ടാവുകയും വളരുകയും ചെയ്യുമ്പോള്‍ അനുബന്ധമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങളുടെ ഇരുണ്ടമറുലോകമുണ്ട്. നഗരത്തിന്റെ മാലിന്യത്തുരുത്തകളില്‍ പോയി ചേക്കേറുന്നവര്‍ സ്വേച്ഛപ്രകാരം സമാധാനം തേടി അവിടെ എത്തിപ്പെടുന്നവരല്ല. സ്വന്തമായി തലചായ്ക്കാനൊരിടമില്ലാതെ സമൂഹമുഖ്യധാരയില്‍ നിലനില്‍പു തന്നെ അരക്ഷിതമായി മാലിന്യത്തുരിത്തിലെങ്കിലും ജീവിതം കെട്ടിപ്പടുക്കാമെന്ന മോഹത്താല്‍ ചെന്നെത്തപ്പെടുന്നവരാണവര്‍. അവരുടെ ചിതറിയ ജീവിതചിത്രങ്ങളിലാണ് കുമ്പളങ്ങി നൈറ്റ്‌സ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. നഗരവല്‍ക്കരണം അലങ്കോലമാക്കിയ ജീവിതം തിരികെപ്പിടിക്കാന്‍ ദേശാടകരായിത്തീരാന്‍ വിധിക്കപ്പെട്ട തമിഴ് തൊഴിലാളികളുടെ ജീവിതങ്ങള്‍ ഇവിടത്തെ അരികുവല്‍ക്കരണങ്ങളില്‍പ്പെട്ട് എങ്ങനെ തകര്‍ത്തെറിയപ്പെടുന്നുവെന്നതും മുരുകന്‍ (രമേഷ് തിലക്) എന്ന ഇസ്തിരിക്കാരനിലൂടെ കുമ്പളങ്ങി വരച്ചിടുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പുറമേക്ക് വിനോദസഞ്ചാരികളുടെ പറുദീസയും മറുവശത്ത് അതിജീവനത്തിന്റെ ആശങ്കകളും പരസ്പരം ഇഴപിരിയുന്ന നഗരപ്രാന്തം. അവിടത്തെ സാധാരണക്കാരുടെ ജീവിതത്തിന്റെ നേര്‍ചിത്രണം പ്രേക്ഷകര്‍ക്ക് പുതുമ നല്‍കുന്നുണ്ടെങ്കില്‍, ജനസാമാന്യം ഇന്നും കുമ്പളങ്ങി പോലുള്ള നഗരപാര്‍ശ്വങ്ങളെയും അവിടത്തെ ജീവിതത്തെയും നോക്കി കാണുന്നതിലെ ഇരട്ടത്താപ്പാണ് അതു വെളിപ്പെടുത്തുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ ആദ്യത്തെ സംവിധായിക വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍(2017) രേഖപ്പെടുത്തുന്നത്, വന്‍നഗരങ്ങളുടെ നിലനില്‍പിന് തോട്ടികളുടെയും സമാനജീവികളുടെയും നിലനിര്‍ത്തല്‍ അത്യന്താപേക്ഷിതമാണെന്ന സമൂഹത്തിന്റെ ലേശം പോലും കുറ്റബോധമില്ലാത്ത വികസിതകാഴ്ചപ്പാടാണല്ലോ.മാറുന്ന ലോകവ്യവസ്ഥിതിയിലും ഊട്ടിയുറപ്പിക്കുന്ന ആധുനിക ചാതുര്‍വര്‍ണ്യം തന്നെയാണിത്. ഇതേ പ്രശ്‌നത്തിന്റെ മറ്റൊരു പരിപ്രേക്ഷ്യം ടി.വി.ചന്ദ്രന്റെ പെങ്ങളില (2018)യിലെ അഴകന്റെ (ലാല്‍) പാത്രവല്‍ക്കരണത്തിലും പ്രകടമാണ്. ഇതിന്റെ മറ്റൊരു തലമാണ് കുമ്പളങ്ങി നൈറ്റ്‌സും ഉള്‍ക്കൊള്ളുന്നത്. ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത പൈപ്പിന്‍ചുവട്ടിലെ പ്രണയം (2017) പ്രതിനിധാനം ചെയ്യുന്ന പരിസ്ഥിതി രാഷ്ട്രീയവും പ്രാന്തവല്‍ക്കരിക്കപ്പെട്ട തുരുത്തുവാസികളുടെ കുടിവെള്ളത്തിനായുള്ള പോരാട്ടവും അതു മറയാക്കി ഭൂമാഫിയകള്‍ നടത്തുന്ന സ്വാര്‍ത്ഥ റിയല്‍ എസ്റ്റേറ്റ് വികസന ആര്‍ത്തിയുമൊക്കെത്തന്നെയാണ്.
പ്രകൃതിയിന്മേല്‍ സ്വാര്‍ത്ഥതാല്‍പര്യത്തോടെയുള്ള കയ്യേറ്റങ്ങള്‍, പ്രപഞ്ചത്തെ കീഴ്‌പ്പെടുത്താനുളള അത്യാര്‍ത്തിയുടെ, പ്രത്യാഘാതങ്ങള്‍ വിഷലിപ്തമായ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും, അന്തകവിത്തിനങ്ങളും മറ്റും കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍, വന്‍കിട നിര്‍മാണശാലകളുണ്ടാക്കുന്ന മലിനീകരണം ഇവയെല്ലാം ഇന്ത്യയേപ്പോലൊരു മൂന്നാം ലോകരാഷ്ട്രത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന മട്ടിലാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷത്തെ അരികുവല്‍ക്കരിച്ച് തുരുത്തുകളാക്കി നിഷ്‌കാസനം ചെയ്യാനുള്ള സമൂഹമുഖ്യധാരയുടെ മനഃശാസ്ത്രമാണ് കാര്‍ഷികവാണിജ്യവല്‍ക്കരണത്തിന്റെ ഇരകളാക്കപ്പെട്ട കാസര്‍ക്കോട്ടെ ഒരു ഗ്രാമത്തില്‍ കാല്‍നൂറ്റാണ്ടായി പ്രതിഫലിക്കപ്പെടുന്നത്.
രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിന്റെ കാര്‍ഷികമേഖല ആഗോളതലത്തില്‍ കുപ്രസിദ്ധി നേടിയത് എന്‍ഡോസള്‍ഫാന്‍' കീടനാശിനിപ്രയോഗത്തിലൂടെയാണ്. മനുഷ്യന്റെ നിലനില്‍പിനുവേണ്ടിയുള്ള പ്രവര്‍ത്തികള്‍ തലമുറകള്‍ക്കു വിനയാവുന്നതെങ്ങനെയെന്ന നീറുന്ന പാഠമായിരുന്നു അത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന, അനേകം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുകവഴി താങ്ങും തണലുമായ സര്‍ക്കാര്‍ തോട്ടമാണ് കാസര്‍കോട്ടുള്ളത്. പക്ഷേ മാനദണ്ഡങ്ങള്‍ പാലിക്കാതെ, ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ആകാശത്തുനിന്നു ഉഗ്രശക്തിയുള്ള കീടനാശിനി തളിക്കുക വഴി, കിണറര്‍വെള്ളത്തെ വരെ മലിനമാക്കി ആളുകളെ വികലാംഗരാക്കി തലമുറകളെ ജീവിക്കുന്ന രക്തസാക്ഷികളാക്കുകയുമായിരുന്നു സ്ഥാപനം.
വലിയ ശിരസും ചെറിയ ശരീരവുമായി പിറക്കുന്നവര്‍. മാനസികവളര്‍ച്ച നഷ്ടപ്പെട്ടവര്‍. കൈകാല്‍ ബലക്ഷയമുണ്ടായവര്‍...വെളളം കുടിച്ച പ്രദേശവാസികളെല്ലാം ജനിതകവൈകല്യമുള്ളവരായി. സ്ത്രീകള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്കും വൈകല്യമുറപ്പായി. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ വിനാശകരമായ സ്വാധീനം വിതച്ച ദുരന്തം കാസര്‍കോട്ടെ ഈ പ്രദേശങ്ങളെ സാമൂഹികവും സാമ്പത്തികവുമായി ബാധിച്ചു. പെണ്‍കുട്ടികള്‍ക്ക് വരന്മാരെ കിട്ടാതായി. വൈകല്യം ബാധിക്കുന്നവരുടെ അന്തമില്ലാതെ ചികിത്സയ്ക്കു പണം കണ്ടെത്താനാവാതെ ഇരകളായ കുടുംബങ്ങളില്‍ പലതും കൂട്ട ആത്മഹത്യ ചെയ്തു.
മാധ്യമങ്ങളുടെയും സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മറ്റും നിരന്തര ഇടപെടലുകളിലൂടെയാണ്, ശാസ്ത്രീയമായ തെളിവില്ലെന്ന മുടന്തന്‍ ന്യായമുയര്‍ത്തി ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഈ മനുഷ്യാവകാശലംഘനം പുറം ലോകമറിഞ്ഞു സജീവ ചര്‍ച്ചാവിഷയമായത്. ഏതൊരു സഹൃദയന്റെയും കരളലിയിക്കുന്ന, കണ്ണുള്ളവരെ കരയിക്കുന്ന ഈ ദുരന്തം മലയാളിയുടെ സര്‍ഗാത്മകമേഖലകളിലും പ്രതിധ്വനിച്ചു. വിഷബാധിതമായ എന്‍മകജെ ഗ്രാമത്തിന്റെ ദുരന്തഗാഥ പകര്‍ത്തിയ അംബികാസുതന്‍ മങ്ങാടിന്റെ എന്‍മകജെ (2009) നോവല്‍ പുറത്തുവന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഥാസിനിമ ഈ വിഷയത്തിലേക്ക് ക്യാമറാക്കണ്ണുകള്‍ തുറക്കുന്നത്. പരിസ്ഥിതി ചൂഷണത്തിന്റെ/ദുരുപയോഗത്തിന്റെ ദൃഷ്ടാന്തമായ ഈ പ്രശ്‌നം, സംസ്ഥാനത്തിന്റെ പ്രശ്‌നമായി ഗൗരവമാര്‍ജിക്കാതിരിക്കാന്‍ ഭരണകൂടം വഹിച്ച ശുഷ്‌കാന്തി കൊണ്ടാവണം വിഷയം സിനിമയുടെ ശ്രദ്ധയില്‍പ്പെടാത്തതും. അതിനെ പ്രാദേശികവല്‍ക്കരിക്കാനായിരുന്നു അധികൃതരുടെ ശ്രമം.
അതീവഗുരുതരമായ ഈ വിഷയത്തില്‍ ശക്തവും സാര്‍ത്ഥകവുമായ ഹ്രസ്വചിത്ര/ ഡോക്യുമെന്ററി ഇടപെടലുകളുണ്ടായെങ്കിലും കാല്‍നൂറ്റാണ്ടിലേറെയായി ഒരു ജില്ലയെ സാമൂഹികമായി ഒറ്റപ്പെടുത്തിയ വിഷയം, മുഖ്യ/സമാന്തരസിനിമാധാരകള്‍ക്കു വിഷയമാകാന്‍ വൈകി. 2015 ലാണ് രണ്ടു കഥാചിത്രങ്ങള്‍, പുതുതലമുറയിലെ ഡോ.ബിജുവും മനോജ് കാനയും സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികളും(2015), അമീബ(2015)യും ഈ പ്രശ്‌നം വിഷയമാക്കി മലയാളത്തില്‍ പുറത്തിറങ്ങുന്നത്. മാനവികകതയിലൂന്നിയ പരിസ്ഥിതിരാഷ്ട്രീയം കൊണ്ടാണ് രണ്ടും ശ്രദ്ധിക്കപ്പെട്ടത്. ലോകാരോഗ്യസംഘടനയില്‍വരെ പരിഹാസ്യമായ പാരിസ്ഥിതിക നിലപാടുളിലൂടെ ഇന്ത്യയുടെ നാണം കെടുത്തിയ പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു രണ്ടു സിനിമകളും. ഒരേ വിഷയത്തിന്റെ വേറിട്ട ദൃശ്യസമീപനങ്ങള്‍. ഉള്ളടക്കത്തിന്റെ സാമൂഹികപ്രതിബദ്ധത ലേശവും ചോരാതെ ശ്രദ്ധിക്കുമ്പോള്‍ത്തന്നെ രണ്ടു ജനുസില്‍ ഇടമുറപ്പിക്കുന്നവ.
ജനങ്ങളില്‍ നിന്നു മൂലധനം സ്വരൂപിച്ച് പ്രതിബദ്ധതയുള്ള സിനിമാനിര്‍മാണം വിജയകരമായി നിര്‍വഹിച്ച സംവിധായകനാണ് മനോജ് കാന, തെയ്യംകെട്ടിന്റെ പശ്ചാത്തലത്തില്‍ അമ്മദൈവനിര്‍മാണത്തിന്റെ വൈകാരികപ്രപഞ്ചം വ്യക്തമാക്കിയ സ്ത്രീപക്ഷരചനയായ ചായില്യത്തിനു ശേഷം നേര് ഫിലിംസിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച അമീബ ഒരു വലിയ സാമൂഹികപ്രശ്‌നത്തിലുള്ള സാംസ്‌കാരിക ഇടപെടലായി. കീടനാശിനിപ്രയോഗത്താല്‍ നാഡീഞരമ്പുകള്‍ തകര്‍ന്ന പാവം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്വര്‍ഗെ ഗ്രാമം മുഴുവന്‍ അണിനിരന്ന സിനിമ. ലക്ഷക്കണക്കിനാളുകളുടെ സാമ്പത്തിക സഹായവും പിന്തുണയും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ഇത്തരമൊരു വിഷയത്തെ സമീപിക്കുമ്പോള്‍ സ്വീകരിക്കാവുന്ന ഏറ്റവും ഋജുവായ ആഖ്യനശൈലിയാണു അമീബ കൈക്കൊണ്ടത്. സാമ്പ്രദായിക മുഖ്യധാരയുടെ ദൃശ്യപരിചരണങ്ങളോടു ചേര്‍ന്നുനിന്നു, നീറുന്ന സാമൂഹികപ്രശ്‌നത്തെ കുടുംബബന്ധങ്ങളുടെ നാടകീയതയിലേക്ക് പ്രതിഷ്ഠിച്ച കഥാനിര്‍വഹണം.
പ്‌ളാന്റേഷന്‍ ജീവനക്കാരനായ നാരായണന്റെ (ഇന്ദ്രന്‍സ്) കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങള്‍ പറഞ്ഞ അമീബ, തലമുറയില്‍ നിന്നു തലമുറയിലേക്ക് പകരുന്ന വിഷജ്വരബാധയുടെ ഭീകരതയെ അനാവരണം ചെയ്യുന്നു. കീടനാശിനി കുടുംബബന്ധങ്ങളെ എങ്ങനെ ഛിദ്രമാക്കുന്നുവെന്നും ഛിന്നഭിന്നമാക്കുന്നുവെന്നും കൂടി അത് കാണിച്ചുതരുന്നു. ബംഗലൂരുവില്‍ ഐടിരംഗത്തുള്ള നാരായണന്റെ രണ്ടാമ ത്തെ മകളായ നിമിഷ (ആത്മീയ രാജന്‍)യുടെ നാട്ടിലേക്കുള്ള ബസ് യാത്രയിലാണ് അമീബ ആരംഭിക്കുന്നത്. കൂടെ ജോലിചെയ്യുന്ന വിവേകു(അനീഷ് ജി.മേനോന്‍)മായി പ്രേമത്തിലാണവള്‍. എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശത്തെ പെണ്‍കുട്ടികളെ ആരും കല്യാണം കഴിക്കാത്തതിനാല്‍ പുരനിറഞ്ഞുല്‍ക്കുന്ന ചേച്ചി മനീഷയും (അനുമോള്‍), ജന്മനാ കൈകളില്ലാത്ത നിധിനുമാണവളുടെ കൂടെപ്പിറപ്പുകള്‍. വൈകല്യവുമായി ആളുകള്‍ക്കുമുന്നിലെത്താന്‍ ആത്മവിശ്വാമില്ലത്തവനാണ് നിഥിന്‍. നാട്ടുവഴക്കമനുസരിച്ച്, വീടിനോടു ചേര്‍ന്ന് രോഗബാധിതര്‍ക്കു താമസിക്കാന്‍ നിലനിര്‍ത്തിയ കുടിലിലാണവന്റെ വാസം. രാത്രിക്കൂട്ടിന് അച്ഛനുമമ്മയും.
സ്‌കൂളധ്യാപകനായ യുവാവ് മനീഷയെ സ്വീകരിക്കാന്‍ തയാറാവുന്നു. നിഥിനോടും വല്ലാത്ത കരുതലും സ്‌നേഹവുമാണയാള്‍ക്ക്. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ താളപ്പിഴകളുണ്ടാവാന്‍ ഏറെ വൈകിയില്ല. എന്‍ഡോസള്‍ഫാന്‍ ദാമ്പത്യഛിദ്രത്തിന് മനഃശാസ്ത്രപരമായ ഹേതുവാകുന്നതു ചിത്രം കാണിച്ചുതരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വൈകല്യമുണ്ടായാലോ എന്ന ഭയമാണു മനീഷയ്ക്ക്. അതുകൊണ്ടു ഭര്‍ത്താവുമായി ലൈംഗികബന്ധത്തിനു പോലുമവള്‍ വിസമ്മതിക്കുന്നു. സ്വന്തം ഭാര്യയെ ബലാല്‍സംഗം ചെയ്യേണ്ടിവരുന്നു അയാള്‍ക്ക്. ഒടുവില്‍ ഗര്‍ഭിണിയായ മനീഷ പ്രസവിക്കുമ്പോള്‍, അവള്‍ ഭയന്ന പോലെതന്നെ സംഭവിക്കുന്നു. കുഞ്ഞും എന്‍ഡോസള്‍ഫാന്‍ ഇരയാണെന്നു തിരിച്ചറിയുന്നതോടെ മനീഷയുടെ മനോനില തകരുന്നു.
സുന്ദരിയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നിമിഷയുടെ ജീവിതത്തിലും എന്‍ഡോസള്‍ഫാന്‍ ദുരന്തം വിധിക്കുകയാണ്. ഇടയ്ക്കിടെ അവളെ അലട്ടിയ കടുത്ത തലവേദന, ജനിതകരോഗത്തിന്റെ മുന്നോടിയായിരുന്നു. എല്ലാവരില്‍ നിന്നും ഉള്‍വലിഞ്ഞ് അനിയനൊപ്പം അവള്‍ കുടിലില്‍ ചേക്കേറുന്നു. ഐ.ടി. മേഖലയിലെ ആഗോളമാന്ദ്യത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ട് കാമുകിയില്‍ ആശ്രയം കണ്ടെത്താന്‍ വന്നുചേരുന്ന വിവേക് നിമിഷയുടെ വികൃതരൂപം കണ്ട് പരിഭ്രാന്തനായി നിലതെറ്റി ഓടിയകലുന്നു, ആകാശത്ത് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന ഹെലിക്കോപ്റ്റര്‍ പ്രത്യക്ഷപ്പെടുന്നു, ഒരശനിപാതം പോലെ.
എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ഉപകഥ കൂടി അമീബയിലുണ്ട്. നാരായണന്റെ അയല്‍വാസിയും സഹപ്രവര്‍ത്തകനും സുഹൃത്തുമായ, ബാബു അനൂരിന്റെ കഥാപാത്രത്തിന്റെ ദുര്യോഗമാണത്. അപ്രതീക്ഷിതമായി ഒരുദിവസം ശരീരം തളര്‍ന്നു കിടപ്പിലാവുകയാണ് ഗൃഹനാഥന്‍. ഇതുപോലെ എത്രയോ കുടുംബങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥിയിലുണ്ടായിരുന്നു ഈ പ്രദേശങ്ങളില്‍. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായി. ചികിത്സയ്ക്കടക്കം പണമാവശ്യമുളള തോട്ടംതൊഴിലാളികളെല്ലാം ആശ്രയിക്കുന്നത് സ്ഥലത്തെ ഒരു വട്ടിപ്പലിശക്കാരനെ(അനൂപ് ചന്ദ്രന്‍)യാണ്. കിടക്കയില്‍ തന്നെ ഒറ്റക്കിടപ്പായിപ്പോകുന്ന അയാളെ വിട്ടിട്ട് മറ്റു ജോലികള്‍ക്കു പോകാനാവുന്നില്ല അവര്‍ക്ക്. മക്കളുടെ പഠിപ്പും ചികിത്സയും മറ്റും വേറെ. പിടിച്ചുനില്‍ക്കാനാവുന്നില്ലവര്‍ക്ക്. അവരുടെ അതുവരെയുള്ള പലിശക്കടം എഴുതിത്തള്ളാന്‍ ഒപ്പം കിടക്കാന്‍ ക്ഷണിക്കുന്ന പലിശക്കാരനു നിസഹായതയോടെ കീഴടങ്ങുകയാണവര്‍. അതുകണ്ട് കിടന്നകിടപ്പില്‍ കണ്ണിര്‍പൊഴിക്കാനല്ലാതെ മിണ്ടാന്‍കൂടിയാവുന്നില്ല ഭര്‍ത്താവിന്. പിറ്റേന്നു സ്വര്‍ഗെ ഉണരുന്നത് ആ പാവം കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിലേക്കാണ്. തൊഴിലാളിക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ (കു)പ്രസിദ്ധിയാര്‍ജിച്ച ഒരു സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളൊരു തൊഴില്‍ശാലയിലെ തൊഴിലാളിക്കും കുടുംബത്തിനും സംഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ച്ചിത്രമാണ് മനോജ് കാന വരച്ചിടുന്നത്. ഇതാകട്ടെ, ഉപഭോഗസംസ്‌കാരത്തില്‍ പാര്‍ശ്വവല്‍കൃതജീവിതങ്ങള്‍ക്ക് സമൂഹം നല്‍കുന്ന വില എത്ര ചെറുതാണെന്നതിന്റെ നേര്‍സാക്ഷ്യമാവുന്നു.
എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്തിയ ശേഷം ജീവന്റെ തുടിപ്പുകള്‍ തിരിച്ചെത്തുന്ന സ്വര്‍ഗെയിലെ കാഴ്ചകളും അമീബ കാണിച്ചുതരുന്നു. നിഥിനോടൊപ്പം കുളിക്കാന്‍ പോയി മടങ്ങുന്ന സഹോദരിഭര്‍ത്താവുകൂടിയായ മാഷ്, മലമുകളിലെ തോട്ടപ്രദേശത്ത് മയിലുകളുടെ കൂജനം കേള്‍ക്കുന്നു. മയിലുകളുടെ ആവാസകേന്ദ്രമായിരുന്ന അവിടെ നിന്ന് ശലഭങ്ങളടക്കമുളളവ രാസകീടനാശിനിമൂലം അപ്രത്യക്ഷമായിരുന്നു. രാസപ്രയോഗം നിയന്ത്രിക്കപ്പെട്ട ശേഷം ജൈവവൈവിദ്ധ്യം പതിയെ വീണ്ടെടുക്കുന്നതിന്റെ പ്രത്യാശാനിര്‍ഭരമായ കാഴ്ച. കുടുംബചിത്രത്തിന്റെ കമ്പോളശീലത്തിനൊത്ത് ഗാനവും പ്രണയവും പ്രണയഭംഗവുമെല്ലാം അമീബയുടെ ഘടനയുടെ ഭാഗമായെങ്കിലും സാമൂഹികപ്രസക്തിയുള്ളൊരു വിഷയത്തിന്റെ തീവ്രതചോരാത്ത ആവിഷ്‌കാരമെന്ന നിലയ്ക്ക് ശ്രദ്ധേയമാണ് അമീബ. കെ.ജി.ജയന്റെ ഛായാഗ്രഹണവും, ശ്രീവല്‍സന്‍ ജെ. മേനോന്റെ മിതത്വമാര്‍ന്ന പശ്ചാത്തല സംഗീതവുമാണ് എടുത്തുപറയേണ്ട സാങ്കേതികമേന്മകള്‍.
എന്നാല്‍ ഘടനാപരമായും രാഷ്ട്രീയ നിലപാടുകൊണ്ടും അമീബയ്ക്ക് മുകളിലാണ് ഡോ.ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍. ഡോക്യുമെന്ററിയില്‍ നിന്നും ഡോക്യൂഫിക്ഷനില്‍ നിന്നും മാറി ഫിക്ഷന്റെ ശില്‍പപരിധിയില്‍ത്തന്നെ സിനിമയെ നിലനിര്‍ത്തുക എന്ന പരീക്ഷണമാണ് ബിജുവിന്റേത്. ജീവിച്ചിരിക്കുന്നവര്‍ കഥാപാത്രമാവുമ്പോള്‍, യഥാര്‍ത്ഥവ്യക്തികളും വ്യക്തികളുടെ താരപ്രതിനിധാനവും ഇഴചേര്‍ത്ത് വാസ്തവത്തിന്റെയും കല്‍പനയുടെയും അപൂര്‍വ വിന്യാസമാണ് സിനിമ.
എന്‍ഡോസള്‍ഫാന്‍ എന്ന മനുഷ്യാവകാശധ്വംസനത്തെ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്ത മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഊര്‍ജം കൊണ്ട സിനിമയാണിത്. മധുരാജ് തന്നെയാണ് കുഞ്ചാക്കോ ബോബന്‍ വേഷമിട്ട പേരില്ലാ ഫോട്ടോഗ്രാഫര്‍. 2001ല്‍ മധുരാജ് കണ്ട കാസര്‍കോടും വര്‍ഷങ്ങള്‍ക്കിപ്പുറം 2006 ല്‍ വീണ്ടും നടത്തിയ യാത്രയില്‍ പതിയുന്ന കരളലിയിക്കുന്ന ദൃശ്യങ്ങളും, 2011 ല്‍ കാനഡയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജൈവമലിനീകരണ നിയന്ത്രണ ഉച്ചകോടിയില്‍ ഈ വിഷയം ചര്‍ച്ചയാവുന്നതുമെല്ലാമാണ് വലിയ ചിറകുള്ള പക്ഷികളുടെ ഇതിവൃത്തം. തോട്ടത്തില്‍ മരുന്നുതളിക്കുന്ന യന്ത്രപക്ഷികളെ ഉദ്ദേശിച്ചാണ് ചിത്രത്തിന്റെ ശീര്‍ഷകം. ഹെലിക്കോപ്റ്ററിന്റെ ഭീകര ശബ്ദം ശബ്ദബിംബമായി ചിത്രത്തിലാവര്‍ത്തിച്ചിട്ടുമുണ്ട്.
പരിസ്ഥിതി സംഘടനകളുടെ ശക്തമായ ഇടപെടല്‍ മൂലം, അവര്‍ മുന്നോട്ടുവച്ച തെളിവുകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന് ഐകകണ്‌ഠ്യേന നിരോധനം ഏര്‍പ്പെടുത്തിയ ജൈവമലിനീകരണ നിയന്ത്രണ ഉച്ചകോടിയില്‍, കീടനാശിനികമ്പനി ഉടമകൂടി അംഗമായ ഔദ്യോഗിക ഇന്ത്യന്‍ സംഘത്തിന്റെ നിലപാട് പ്രഹസനവും അപമാനകരവുമായതു സിനിമ തുറന്നുകാട്ടുന്നു. സാക്ഷിയായ ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടിലൂടെ, ക്യാമറാ ക്‌ളിക്കുകളിലൂടെയാണ് ആഖ്യാനം. ഫ്രഞ്ച് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കാനഡയില്‍ പരീക്ഷിച്ചു വിജയിച്ച ജൈവകൃഷിയുടെ ബദല്‍ മാതൃകകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട് സിനിമ. പരിസ്ഥിതി ഉച്ചകോടി, സുപ്രീം കോടതിയിലെ വാദ, വിധിപ്രഖ്യാപന നടപടികള്‍, ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ബദല്‍ ജൈവമാര്‍ഗം തുടങ്ങിയവയുടെയെല്ലാം ഡോക്യുമെന്ററിയിലെന്നോണം വസ്തുതാകഥനമായി ചിത്രത്തിലുണ്ട്. അതേസമയം, മയിലുകളും ദേശാടനപ്പക്ഷികളും മറ്റും കീടനാശിനി നിരോധനത്തിനുശേഷം തിരിച്ചുവന്നുതുടങ്ങുന്നതിന്റെ ശലഭക്കാഴ്ചകളും ഫോട്ടാഗ്രാഫറുടെ ക്‌ളിക്കുകളിലൂടെ ചിത്രം വരച്ചുകാട്ടുന്നു. സിനിമയുടെ ആദ്യഖണ്ഡം ഡോക്യുമെന്ററിശൈലിയിലാണ്. ജീവിതദുരന്തങ്ങള്‍ അടുത്തറിയുന്ന പ്രസ് ഫോട്ടോഗ്രാഫറുടെ അന്തഃസംഘര്‍ഷങ്ങളിലൂടെയും, അയാള്‍ നേരില്‍ക്കാണുന്ന ചില ജിവിതങ്ങളുടെ അതിജീവനപ്പോരാട്ടങ്ങളിലൂടെയുമാണ് കഥാചിത്രത്തിനുവേണ്ട നാടകീയത സൃഷ്ടിച്ചിട്ടുള്ളത്. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ നിലപാടുകളും അതിനെതിരായി ഇന്ത്യന്‍ സംഘമെടുത്ത പരിഹാസ്യ നിലപാടിലെ വൈരുദ്ധ്യവും പിരിമുറുക്കവും നാടകീയതയുമുണ്ടാക്കാനുള്ള ഉപാധികളായി. പ്രതീക്ഷ നഷ്ടമാക്കുന്ന വരള്‍ച്ച, ശുഭോദയത്തിന്റെ മഴ, പ്രത്യാശയുടെ മഞ്ഞ് അങ്ങനെ മൂന്ന് ഋതുസംക്രമങ്ങളിലൂടെയാണ് കാസര്‍കോട്ടെയും കാനഡയിലെയും സംഭവവികാസങ്ങളുടെ ദൃശ്യപരിചരണം. ചരിത്രവസ്തുതകളെ പരസ്പരം ചേര്‍ത്തുവച്ച് ആദിമദ്ധ്യാന്തമുള്ള കഥാസിനിമയുണ്ടാക്കുന്ന പരീക്ഷണം. പ്രശ്‌നം ആദ്യം കോടതിയിലെത്തിച്ച കൃഷി ശാസ്ത്രജ്ഞ ലീലാകുമാരിയമ്മ, ശ്രീപെദ്രെ തുടങ്ങി ദുരിതം ബാധിച്ച സാധാരണക്കാര്‍ വരെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഏറെ ഗവേഷണം നടത്തുകയും പരിസ്ഥിതിദുരന്തപ്രദേശത്ത് നിസ്വാര്‍ത്ഥ വൈദ്യസേവനങ്ങളുമായി തുടരുകയും ചെയ്ത ഡോ. മോഹന്‍കുമാറിനെ നടന്‍ പ്രകാശ് ബാരെയാണ് അവതരിപ്പിച്ചത്.
തത്സമയ ശബ്ദലേഖനം, എം.ജെ.രാധാകൃഷ്ണന്റെ മികവുറ്റ ഛായാഗ്രഹണം എന്നിങ്ങനെ സാങ്കേതികമികവിന്റെ പിന്തുണയുണ്ടെങ്കിലും, താരനിര്‍ണയത്തിലും മറ്റും മുഖ്യധാരയെ ആശ്രയിച്ചാണ് ഡോക്യൂമെന്ററി സ്വഭാവത്തെ മറികടക്കാന്‍ ശ്രമിക്കുന്നത്. കുഞ്ചാക്കോ ബോബനും അനുമോളും പ്രകാശ് ബാരയും പോലെ അറിയപ്പെടുന്ന താരങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ, അവരുടെ വൈകാരിക പ്രകടനങ്ങളിലൂടെ ഇതൊരു കഥാചിത്രമാണ് എന്ന് കൂടെക്കൂടി ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആഖ്യാനത്തില്‍ ഇതിവൃത്ത തീവ്രത പൂര്‍ണമായും അനുഭവവേദ്യമാക്കുന്നതില്‍ സിനിമ അല്‍പമെങ്കിലും പരാജയപ്പെടുന്നത് ഈ താരസാന്നിദ്ധ്യംകൊണ്ടാണ്. എങ്കിലും എല്ലാ കുറവുകള്‍ക്കുമപ്പുറം മനോജ് കാനയുടെ ചിത്രത്തെ അപേക്ഷിച്ച് വലിയ ചിറകുളള പക്ഷികള്‍ ശ്രദ്ധേയമാവുന്നത് മറയില്ലാത്ത രാഷ്ട്രീയത്തിലൂടെയാണ്.
പുറം ലോകത്തിന് സങ്കല്‍പിക്കാനാവുന്നതിനപ്പുറമുള്ള മനുഷ്യാവകാശഹത്യയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങളിലേത്. അത് ഒരു സമൂഹത്തെയൊട്ടാക മാറ്റിമറിച്ചു. സാമൂഹികബന്ധങ്ങളില്‍ വിള്ളലുണ്ടാക്കി. വസൂരിക്കാലത്തെയോ പ്‌ളേഗ്ബാധക്കാലത്തെയോ അനുസ്മരിപ്പിക്കുംവിധമുള്ള തിരസ്‌കാരമാണ് ഈ ദേശത്തിനൊട്ടാകെ നേരിടേണ്ടിവന്നത്. അക്ഷരാര്‍ത്ഥത്തില്‍ കരയ്ക്കുള്ളില്‍ തന്നെ ഒരു തുരുത്തായിത്തീരാന്‍ വിധിക്കപ്പെട്ട കരയായിത്തീരുകയായിരുന്നു അത്. അവിടെ നിന്ന് അധികമാരെയും പുറംലോകം ഉള്‍ക്കൊള്ളാന്‍ പോലും വിസമ്മതിക്കുന്നിടത്തേക്കു വളര്‍ന്ന പാര്‍ശ്വവല്‍ക്കരണം. മാധ്യമങ്ങളും നിസ്വാര്‍ത്ഥരായ ചില സന്നദ്ധ പ്രവര്‍ത്തകരും കൂടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ കേരളചരിത്രത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധ ഒരു വിഷയം തന്നെയല്ലാതായേനെ. രാഷ്ട്രീയത്തിനതീതമായി മനുഷ്യന്റെ അതിജീവനത്തിനു ഭീഷണിയായൊരു സാമൂഹികവിപത്തിനെ ലോകത്തിനു മുന്നിലെത്തിക്കാനും ആഗോളതലത്തില്‍ തന്നെ അതിനെതിരേ അടരാടാനും അവര്‍ക്കു കരുത്തായത് തളരാത്ത ആത്മവീര്യം ഒന്നുമാത്രമാണ്.ഈ സത്യത്തെ രണ്ടു സിനിമകളും വെവ്വേറെ തലങ്ങളില്‍, വേറിട്ട വൈകാരികവും ആത്മനിഷ്ഠവുമായ തരത്തില്‍ തിരയിലാവിഷ്‌കരിച്ചിരിക്കുന്നു. ഉള്ളടക്കത്തിന്റെ വസ്തുനിഷ്ഠതയില്‍ ഏകരൂപമുള്ളപ്പോഴും ആവിഷ്‌കാരത്തിലെ വ്യക്തിനിഷ്ഠമായ വ്യതിയാനങ്ങള്‍ അവയെ വേറിട്ട ദൃശ്യാനുഭവങ്ങളാക്കിത്തീര്‍ക്കുന്നു.കീടനാശിനികൊണ്ടും സാമൂഹികാരക്ഷിതാവസ്ഥകൊണ്ടും കീടസമാനം ജിവിതമവസാനിപ്പിക്കേണ്ടിവരുന്നവരുടെ ദുഃഖങ്ങളോടും അതിജീവനത്തോടും സമൂഹം വച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പിന്റെയും അവഗണനയുടെയും നേര്‍സാക്ഷ്യങ്ങളാണ് ഈ രണ്ടു ചിത്രങ്ങളും.
വ്യവസായവികസനത്തിന്റെ ദുഷ്ഫലങ്ങളാല്‍ വാസ്തുഹാരകളാക്കുന്നവര്‍ എല്ലാക്കാലത്തും എല്ലാ ദേശത്തും അരികുജീവിതമാണ് തള്ളിനീക്കുന്നത്. അവരെ സമൂഹം തിരിഞ്ഞു നോക്കാറില്ലെന്നുമാത്രമല്ല, പലപ്പോഴും സമൂഹമവരെ ബാധ്യതയായിട്ടാണ് ഏറ്റെടുക്കാറുള്ളത്. സ്വന്തം മണ്ണും വാസസ്ഥലവും മുതല്‍ തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട കാടും പുഴയും കടലും കൂടി അവര്‍ക്ക് അന്യാധീനപ്പെടുകയും നിഷേധിക്കപ്പെടുകയുമാണ് വികസനപ്രക്രിയയുടെ അനന്തരഫലം. അതില്‍ കാടെന്നോ മലയെന്നോ പുഴയെന്നോ വ്യത്യാസമില്ല. ഭൂമാഫിയകള്‍ക്ക് എല്ലാം എസ്റ്റേറ്റാണ്-റിയല്‍ എസ്റ്റേറ്റ്. വ്യവസായികള്‍ക്ക് എല്ലാം ഉല്‍പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കളോ മാര്‍ഗസ്ഥലികളോ ആണ്.
വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനമാണ് ചൂഷണത്തിലേക്കെത്തുക.അതിനിടയ്ക്ക് സമൂഹത്തിന്റെ ഏതോ അരികുകളിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന, പറിച്ചു നടപ്പെടുന്ന അല്ലെങ്കില്‍ സ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുന്നവരെത്രയോ! തലമുറകള്‍ക്കായി കരുതിവയ്‌ക്കേണ്ട പ്രകൃതി വിഭവങ്ങളാണ് കാലികമായ വാണിജ്യതാല്‍പര്യങ്ങളുടെ പേരില്‍ ഭ്രാന്തമായി വിനിയോഗിക്കപ്പെടുന്നത്. അതുണ്ടാക്കുന്ന പരിസ്ഥിതി നാശം പ്രകൃതി നശീകരണം മാത്രമല്ല, പരിസ്ഥിതി മലിനീകരണമായും ഗണിക്കപ്പെടേണ്ടതുണ്ട്.
സംസ്‌കാരത്തിന്റെ ജൈവഞെരമ്പുകളാവുന്ന പുഴകളെ മലിനമാക്കുന്നതെങ്ങനെയെന്നതിനും വാസപ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹവും മരണാസന്നവുമാക്കുന്നതെങ്ങനെയെന്നതിനും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. കേരളത്തിന്റെ പരിസ്ഥിതി ഭൂപടത്തില്‍ ചാലിയാര്‍ അത്തരമൊരു ദുരന്തചരിത്രമാണ്. മലബാറിലെ പ്രമുഖ വ്യവസായശാലകളിലൊന്നായിരുന്ന കോഴിക്കോട്ടെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയില്‍ നിന്നുള്ള വിഷലിപ്തമായ രാസമാലിന്യം ചാലിയാറിന്റെ താളം തെറ്റിച്ചെന്നു മാത്രമല്ല, എത്രയോ മനുഷ്യജീവിതങ്ങളെ മരണത്തിലേക്കു നയിച്ചു. കേരളത്തിന്റെ പരിസ്ഥിതിചരിത്രത്തിലെ കരുത്തുറ്റ ഈ പ്രതിരോധസമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട സിനിമയാണ് ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മ്മരം(1999).മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ. രാധികാ സുരേഷ്‌ഗോപിയും ലതാകുര്യന്‍ രാജീവും ചേര്‍ന്നു നിര്‍മിച്ച ജലമര്‍മ്മരം എന്ന ചിത്രത്തില്‍ രചയിതാവായ ബി.ഉണ്ണികൃഷ്ണനും സംവിധായകന്‍ രാജീവ്കുമാറും സ്വീകരിച്ച ചലച്ചിത്രസമീപനം ഫാന്റസിയുടേതാണ്.
ഫാക്ടറിയിലെ പുരോഗമനവാദിയായ ജീവനക്കാരനാണ് ഉസ്മാന്‍(ഡോ.വി.സി ഹാരിസ്). ഫാക്ടറിയില്‍ നിന്നുള്ള വിഷമാലിന്യം കലര്‍ന്ന കോളനിയിലെ കിണറുകളും ജലസ്രോതസുകളും ഉപയോഗിക്കുന്നവര്‍ക്കു പലതരം അസ്വസ്ഥതകളുണ്ടാവുന്നു. ഫാക്ടറി പുറംതള്ളുന്ന വിഷജലം കൊണ്ട് പുഴയുടെ നിറം തന്നെ ഇരുളുന്നു. മലിനീകരണത്തിന്റെ ഇരയാകാനാണ് ഉസ്മാന്റെയും വിധി. തനിക്കു ക്യാന്‍സറാണെന്നറിഞ്ഞിട്ടും, ഫാക്ടറിയുടെ മലിനീകരണത്തിനെതിരേ ബോധവല്‍ക്കരണ, പ്രതിഷേധ സമരങ്ങള്‍ക്കും ചെറുത്തുനില്‍പുകള്‍ക്കും നേതൃത്വം നല്‍കുകയാണയാള്‍. ഒരുദിവസം അയാള്‍ വിധിക്കു കീഴ്‌പ്പെടുന്നു. അതയാളുടെ ബാലനായ മകന്‍ നിര്‍മലിനെ(മാസ്റ്റര്‍ അശ്വിന്‍ തമ്പി) വല്ലാത്തൊരു മാനസികാവസ്ഥയിലാക്കുന്നു. കഥകളുടെയും കല്‍പനകളുടെയും ഊര്‍ജസ്രോതസായിരുന്ന ബാപ്പയുടെ വിയോഗം അവനെ കാല്‍പനികലോകത്തേക്ക് ഉള്‍വലിയിക്കുന്നു. ബാപ്പ പറഞ്ഞുകൊടുത്ത മായാക്കഥകളിലെ ലോകത്ത് അവന്‍ യാത്രതുടങ്ങുന്നു.ഇതിനിടെ കോളനിക്കടുത്ത് പട്ടണത്തില്‍ കാര്‍ണിവല്‍ വന്നെത്തുന്നു. അവിടെവച്ച് അവന്‍ മത്സ്യകന്യക എന്ന മായാദശ്യം കാണുന്നതോടെ അവനിലെ കാല്‍പനിക സ്വപ്‌നജീവിയുണരുന്നു. ആരും കാണാതെ വീണ്ടും തമ്പിലെത്തി നുഴഞ്ഞുകയറുന്ന അവന്‍ മായക്കണ്ണാടിക്കപ്പുറം മത്സ്യകന്യകയായി കിടക്കുന്ന പെണ്‍കുട്ടിയുടെ പട്ടിണിയുടെയും പരിവട്ടത്തിന്റെയും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നു. പരിസ്ഥിതി പോലെ വിഷലിപ്തമായ ജീവിതം.
എഴുപതുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സമരമാണ് ചാലിയാറിലേത്. ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങള്‍ക്ക് അ കാലമരണം വിധിച്ച മാവൂരിലെ ഗ്രാസിം കമ്പനി ചാലിയാര്‍ പുഴ മലിനമാക്കുന്ന തെനിതിരെയാണതാരംഭിച്ചത്. ഫാക്ടറിയിലെ സ്വതന്ത്ര ടേഡ് യൂണിയനായ ഗ്രോ സമരത്തെ അനുകൂലിച്ചു. ആഗോളവല്‍ക്കരണത്തിന്റെ മുതലാളിത്ത താല്‍പര്യം സംരക്ഷിക്കുന്ന കമ്പനിയും, സര്‍ക്കാറും ഒരു പ്രദേശത്തെ വായുവും മണ്ണും ജീ വനും നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പ്രത്യക്ഷത്തെളിവായിരുന്നു ആ സംഭവം. മലിനീകരണം എത്രത്തോളം മനുഷ്യായുസ്സിനെ ബാധിക്കു മെന്നതിനുള്ള ഉത്തമോദാഹരണമാണ് ചാലിയാര്‍ തീരത്തെ വാഴക്കാട് ഗ്രാമം. ചാലിയാര്‍ തീരത്ത് 1968ല്‍ ഫാക്ടറി തുടങ്ങിയ പ്പോഴേ തീരവാസികള്‍ മലിനീകരണത്തെപ്പറ്റി പരാതിപ്പെട്ടു. അവശിഷ്ട ജലം കമ്പനി ചാലിയാറില്‍ നേരിട്ട് ഒഴുക്കുകയായിരുന്നു. കറുത്തിരുണ്ട പുഴയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. കടുത്ത ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ സംഘടിച്ചു. മൂന്നു പതിറ്റാണ്ടിലേറെ പൊരുതിയ ശേഷം ക്യാന്‍സര്‍ ബാധിതനായി മരിച്ച സമരനായകന്‍ കെ.എ. റഹ്മാന്‍ എന്ന അദ്ദുറൈയുടെ നേതൃത്വത്തിലാണ് ജനം സംഘടിച്ചത്. ക്യാന്‍സര്‍ മരണങ്ങളും മറ്റു രോഗങ്ങളും പടരുന്ന വിവരം പുറത്തുവന്നപ്പോള്‍ ശാസ്ത്ര സംഘടനകളും ഗവേഷക സ്ഥാപനങ്ങളും പഠനങ്ങള്‍ നടത്തി. കമ്പനി നടത്തുന്ന വായു, ജലമലിനീകരണം അനുവദനീയമാ യതിലും പതിന്മടങ്ങാണെന്നും രോഗങ്ങളും മരണങ്ങളും ഇതുകൊ ണ്ടാണെന്നും തെളിഞ്ഞു. 1999 ജനുവരി 11ന് കെ.എ. റഹ്മാന്‍ അന്ത രിച്ചു.റഹ്മാനാണ് ജലമര്‍മ്മരത്തിലെ ഉസ്മാന്റെ വാര്‍പ്പുമാതൃക. ജനുവരി 26 മുതല്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. കേരളത്തിന കത്തും പുറത്തുമുള്ള ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരും സജീവമായി. 1999 ഒക്ടോബര്‍ പത്തിന് കമ്പനി ഉല്‍പാദനം നിര്‍ത്തി. 2001 ജൂണ്‍ 30ന് അടച്ചുപൂട്ടി. ഈ ചരിത്രപ്പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടാണ് ബി.ഉണ്ണികൃഷ്ണന്‍ ജലമര്‍മ്മരം ഒരുക്കിയത്.
ഒരുപക്ഷേ സമകാലിക സംഭവവികാസങ്ങളെയും വാര്‍ത്താശകലങ്ങളെയും ആസ്പദമാക്കി ജനപ്രിയ ചട്ടക്കൂട്ടില്‍ ഒരു സിനിമ എന്ന എളുപ്പവഴി സ്വീകരിച്ചിരുന്നെങ്കില്‍, തീപ്പൊരി രാഷ്ട്രീയസിനിമ ആയിത്തീര്‍ന്നേനെ അത്. മറിച്ച് ഫാന്റസിയുടെ ഘടനാസവിശേഷത സ്വീകരിക്കുകയും മത്സ്യകന്യക എന്ന ഐതീഹ്യവും, കമ്പോളത്തിന്റെ പ്രദര്‍ശനാത്മകതയില്‍ അത്തരമൊരു മിത്തിനെപ്പോലും ജീവനോപാധിയാക്കുന്നതിലെ വൈരുദ്ധ്യവുമെല്ലാം ചിത്രീകരിച്ചുകൊണ്ട് ദാര്‍ശനികമായൊരു തലത്തിലേക്കുയരുന്നു ജലമര്‍മ്മരം. വ്യവസായവികസനത്തേക്കാള്‍ പ്രധാനമാണ് നിര്‍മലമായ പ്രകൃതിയെന്നു ബോധവല്‍ക്കിരക്കാനുള്ള ദൗത്യം പ്രതിബദ്ധതയോടെ നിര്‍വഹിക്കുന്നുണ്ടത്.
അതിരുകവിഞ്ഞ മണല്‍വാരലിലൂടെ ഭൂപ്രകൃതിയില്‍ ഗൗരവമാര്‍ന്ന പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ട് ഭാരതപ്പുഴയടക്കമുള്ള കേരളത്തിന്റെ നീരൊഴുക്കുകള്‍ ക്രമേണ അപ്രത്യക്ഷമായിപ്പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ടി.എ.റസാക്ക് എഴുതി കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം(1993) പുറത്തിറങ്ങുന്നത്. ഭാരതപ്പുഴയിലെ അനധികൃത മണല്‍വാരലിനെതിരേ കവയിത്രി ഇന്ദുലേഖ (ഗീത)യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രിതരോധത്തിന്റെ കഥയാണ് ഭൂമിഗീതം. പ്രകൃതിചൂഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ-രാഷ്ട്രീയ മാഫിയയ്‌ക്കെതിരേ സ്വതവേ നിഷേധിയായ തേക്കിന്‍കാട് കൃഷ്ണപ്രസാദ്(മുരളി) കൂടി ഒപ്പം കൂടുന്നതോടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ആക്കം കിട്ടുകയാണ്. നാടകീയ സംഭവവികാസങ്ങളിലൂടെ ചലിക്കുന്ന ഭൂമിഗീതം മുഖ്യധാരയുടെ പൊതുബോധത്തിനനുസരിച്ചു നിര്‍മിക്കപ്പെട്ട സിനിമയാണ്.കമ്പോള മുഖ്യധാരയുടെ വ്യാകരണത്തിനൊത്തു നിര്‍മിച്ചതുകൊണ്ടുതന്നെ മാധ്യമപരമായ പല ഒത്തുതീര്‍പ്പുകളും വേണ്ടിവന്നതുകൊണ്ടാണ് ഭൂമിഗീതം അതു പ്രതിനിധാനം ചെയ്ത യഥാര്‍ത്ഥ പ്രശ്‌നം വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്. അതുകൊണ്ടുകൂടിയാണ് താന്‍ ഒരിക്കലും ചെയ്യരുതായിരുന്ന സിനിമകളിലൊന്നായിരുന്നു ഭൂമിഗീതം എന്നു സംവിധായകനു തന്നെ തള്ളിപ്പറയേണ്ടിവന്നത്.
No comments:
Post a Comment