Saturday, August 03, 2019

കാലികപ്രസക്തിയുള്ള ചില ആത്മപരിശോധനാക്കുറിപ്പുകള്‍

കേരളത്തില്‍ ഒരു റോഡ് ദുരന്തം സൃഷ്ടിച്ച അനുരണനങ്ങള്‍ കാര്യമാത്രപ്രസക്തങ്ങളായ ചില കാര്യങ്ങളില്‍ കാമ്പുള്ളതും അല്ലാത്തതുമായ ചര്‍ച്ചകള്‍ക്കു വഴിവച്ചതില്‍ വാസ്തവത്തില്‍, മാറിയിരുന്നു ചിന്തിക്കുമ്പോള്‍ ആശ്വാസം തോന്നുന്നുണ്ട്. കൂട്ടത്തിലൊരുവനെ കൊന്ന മഹാപാതകത്തിന്റെ നിണമണിഞ്ഞ വേദന മനസില്‍ നിന്നിനിയും മാഞ്ഞിട്ടില്ലെങ്കില്‍ക്കൂടി, സമൂഹമാധ്യമങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ നിറഞ്ഞു നിന്ന അഭിപ്രായപ്രകടനങ്ങളിലും ഭര്‍ത്സനങ്ങളിലും അനുശോചനങ്ങളിലും വിമര്‍ശനങ്ങളിലുമെല്ലാം കണ്ടതും എന്നാല്‍ കാണാതെയും വിലയിരുത്താതെയും ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുകയും ചെയ്തു വിട്ടുകളഞ്ഞ ചില കാര്യങ്ങളെപ്പറ്റിക്കൂടി ഇപ്പോഴും സജീവ മാധ്യമപ്രവര്‍ത്തനം തുടരുന്ന ആളെന്ന നിലയില്‍ മാധ്യമപരമായ ചില ആത്മവിമര്‍ശനങ്ങള്‍ മുന്നോട്ടുവച്ചോട്ടെ. അതുപോലെ, സാധാരണ പൗരനെന്ന നിലയിലെ ചില നിരീക്ഷണങ്ങളും.
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബാക്കിപത്രങ്ങളിലൊന്നുമാത്രമാണ് ഹിസ് മെജസ്റ്റീസ് സിവില്‍ സര്‍വീസിന്റെ സ്വാതന്ത്ര്യാനന്തര രൂപഭേദദമായ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്. രാജ്ഞിയോട് ലോയലിറ്റിയും ഇന്റഗ്രിറ്റിയും വച്ചുപുലര്‍ത്തിയിരുന്ന എറാന്മൂളികളുടെ പിന്‍ഗാമികള്‍ക്ക് പക്ഷേ സിവില്‍ എന്ന വാക്ക് അഡ്മനിസ്‌ട്രേറ്റീവ് എന്നു മാറ്റിയതൊഴിച്ചാല്‍, ജനാധിപത്യരാജ്യത്ത് വന്ന ഭരണഘടനാപരമായ മാറ്റങ്ങളെ ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നു തന്നെയാണ് വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും പച്ചക്കറിവാങ്ങാനും ഭാര്യയുടെ അടിവസ്ത്രം കഴുക്കിക്കാനും പെട്ടിയെടുപ്പിക്കാനും, വ്യവസ്ഥാപരമായി തങ്ങള്‍ക്കു തുല്യരായ ജീവനക്കാരെ ദുര്‍വിനിയോഗം ചെയ്യുന്ന സിവില്‍ സര്‍വീസ് (ഈ പ്രയോഗം തന്നെ മാറ്റേണ്ട കാലം കഴിഞ്ഞു.ഐഎഎസിലെ എ എന്താണെന്നറിയുന്നവര്‍ പോലും സിവില്‍ എന്ന വാക്കുപയോഗിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കാരണം അതിലേ കോളനിബാക്കി അധികം പ്രതിഫലിക്കുന്നുള്ളൂ. ഭരണഘടനാപരമായി, കേരളത്തിലെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനില്‍ നിന്ന് വ്യത്യസ്തമായ യാതൊരു പരിഗണനയും ഐഎഎസ് കാര്‍ക്ക് ഇല്ല.) ഉദ്യോഗസ്ഥന്മാരുടെ മുതല്‍ അധികാരത്തില്‍ ഭ്രമിക്കുന്നവരുടെ എണ്ണിയലൊടുങ്ങാത്ത സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ കഥയും വേറിട്ടതല്ല.
പക്ഷേ...
നാലാം തൂണോ ഉത്തരം താങ്ങിയോ ഒക്കെയായി അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ചെയ്യുന്നതോ? ഏതെങ്കിലും ഒരു അഡ്മനിസ്‌ട്രേറ്റീവ് സര്‍വീസുകാരന്‍, അയാള്‍/അവള്‍ നിയമപരമായി നിര്‍വഹിക്കേണ്ട കടമകള്‍ ബാഹ്യസ്വാധീനങ്ങള്‍ക്കു വിധേയമാവാതെ നിവര്‍ത്തിച്ചാല്‍ (അതു ചെയ്യുക എന്നത് അവരുടെ  കടമയല്ല, ഉത്തരവാദിത്തമാണെന്ന് മറക്കരുത്) അടുത്ത ദിവസം മുതല്‍ അവരെ മഹത്വവല്‍ക്കരിച്ചു തുടങ്ങുകയായി. തറടിക്കറ്റുകാരെ ആകര്‍ഷിക്കാന്‍ പഞ്ച് ഡയലോഗും കുറേ വെടിയന്‍ ഇടികളുമൊക്കെച്ചേര്‍ത്ത് കമ്പോള സിനിമാക്കാര്‍ പണംവാരിപ്പടങ്ങളിലവതരിപ്പിച്ച ചപ്പടാച്ചി നായകന്മാരുടെ വീരത്തോട് ഉപമിച്ച് അവരെ ബ്രാന്‍ഡുകളാക്കുക. അവരെ വച്ച് എക്‌സ്‌ക്‌ളൂസീവ് അഭിമുഖങ്ങള്‍. ഫോട്ടോ ഷൂട്ടുകള്‍.. അവരുടെ കുടുംബവിശേഷങ്ങള്‍, വീരഗാഥകള്‍ എന്നിവ പടച്ചുവിടുക. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിസമ്മാനിക്കുക, ഭാവിപൗരന്മാരുടെ മാതൃകാപുരുഷന്മാരായി അവരോധിക്കുക..ഇതൊക്കെ സൂപ്പര്‍ലേറ്റീവിലും അപ്പുറം ഹൈപ്പര്‍ലേറ്റീവായി നിര്‍വഹിക്കുന്നതിലാവും മുത്തശ്ശിപ്പത്രമാസികകളും ദേശീയ പത്രമാസികകളും മത്സരിക്കുക. അങ്ങനെ ഉയര്‍ത്തിക്കെട്ടിയ പീഠത്തില്‍ ഊതിപ്പെരുപ്പിച്ച ബലൂണുകള്‍ ഉപവിഷ്ടരാവും. അതിപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ മാത്രമല്ല, വേഷം മാറി കള്ളനെ പിടിക്കാനിറങ്ങിയ എസ് പി യെ മുതല്‍ കള്ളക്കടത്തു പിടിക്കാനിറങ്ങിയ മീശക്കാരനെയും കേരളം ഇന്നോളം കണ്ട ഏറ്റവും മോശപ്പെട്ട ഡിജിപിയെയും വരെ ഇത്തരത്തില്‍ ആഘോഷിച്ചിട്ടുണ്ട് നമ്മുടെ പത്രമാധ്യമങ്ങള്‍. പത്രപ്രവര്‍ത്തന പരിശീലന ക്‌ളാസ്മുറികളില്‍ പഠിപ്പിക്കുന്ന ബാലന്‍സ് എന്ന ഘടകം പാടെ മാറ്റിവച്ചുകൊണ്ടുള്ള സര്‍ക്കസുകളാണ് ഇവയൊക്കെ. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന വിപണനതന്ത്രം മാത്രമാണ് അതിനു പിന്നില്‍. പിന്നീട് ഇവര്‍ തെറ്റുകളിലേക്ക് വീഴുമ്പോള്‍ ഇതേ പത്രക്കാര്‍ ജ്ഞാനപ്പാനയാണ് ശാശ്വതം എന്നു തെളിയിക്കും. മാളികമുകളേറിയ മന്നന്റെ തോളില്‍ ഒറ്റരാത്രികൊണ്ട് മാറാപ്പ് ചാര്‍ത്തിച്ചാരിക്കളയും. 
ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മേലിലെങ്കിലും കാത്തുസൂക്ഷിക്കേണ്ട ചില മാധ്യമപക്വതയുടെ അത്യാവശ്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരള്‍ചൂണ്ടുന്നത്.ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാറില്‍ ചെയ്തത് അയാള്‍ ആ പദവിയിലിരുന്നുകൊണ്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ്. ബസിലെ കണ്ടക്ടര്‍ കൃത്യമായി നമുക്കു ടിക്കറ്റ് തരുന്നതുപോലെ ഒന്ന്. അഴിമതിക്കാര്‍ നിറഞ്ഞ രാജ്യത്ത് കൃത്യതയോടെ ജോലിയെടുക്കുന്ന ആള്‍ പ്രോത്സാഹനമര്‍ഹിക്കുന്നു എന്നതില്‍ എനിക്കു സംശയമേയില്ല. പക്ഷേ അത് അമിതപ്രശംസയും അരിയിട്ടുവാഴ്ചയുമാവരുത്. പ്രൊപ്പോര്‍ഷന്‍ എന്നൊരു ഘടകം കൂടി മാധ്യമക്‌ളാസുകളില്‍ പത്രപ്രവര്‍ത്തകരെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് നായ മനുഷ്യനെ കടിക്കുന്നത് വാര്‍ത്തയാവാത്തതും മനുഷ്യന്‍ നായയെ കടിക്കുമ്പോള്‍ അത് വന്‍ വാര്‍ത്തയാവുന്നതും. ഈ വാര്‍ത്താനുപാതത്തിന്റെ കടുത്ത ലംഘനമാണ് ശ്രീറാം വെങ്കിട്ടരാമനടക്കമുള്ള ഗുമസ്തപ്രഭുകളുടെ മാധ്യമ അരിയിട്ടുവാഴ്ത്തുക്കളില്‍ എപ്പോഴും തെളിഞ്ഞു കാണുക. ഈ പ്രവണതയ്ക്കാണ് മാധ്യമലോകം ഒറ്റക്കെട്ടായി ചിന്തിച്ച് അറുതിവരുത്തേണ്ടത്. ജനങ്ങള്‍ക്ക് അറിയേണ്ടതാണ് അവര്‍ക്കു നല്‍കേണ്ടത്. അതെന്താണെന്ന് ഏകപക്ഷീയമായി തീരുമാനിക്കാന്‍ മാധ്യമങ്ങളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നോര്‍ക്കുക. കേരളത്തിലെ പത്രഉടമകള്‍ ഒത്തുചേര്‍ന്ന് ഇക്കാര്യത്തില്‍ ചില നയസമന്വയങ്ങളിലെത്തിച്ചേരേണ്ട കാലം അതിക്രമിച്ചു എന്നു മാത്രം നിരീക്ഷിക്കട്ടെ.
ഇനി സാധാരണ പൗരനെന്ന നിലയ്ക്ക് ചില കാര്യങ്ങള്‍. കഴിഞ്ഞ ദിവസത്തെ ദുരന്തം (അപകടം എന്ന വാക്ക് ബോധപൂര്‍വമായി തന്നെ ഒഴിവാക്കുകയാണ്. കാരണം അമിതവേഗത്തിന്റെയോ മദ്യപിച്ച് വണ്ടിയോടിക്കലിന്റെയോ ഫലമായി ഉണ്ടാവുന്ന ഒരു അപകടവും കേവലം അപകടമല്ല എന്നതു തന്നെ) ഉണ്ടായപ്പോള്‍ വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നില്ലെന്നു തന്നെ കരുതുക. എന്നാലും കേരളത്തില്‍ ഒരു റോഡില്‍ പോലും ഇന്ത്യന്‍ ട്രാഫിക് നിയമപ്രകാരം അനുവദിക്കപ്പെടാത്ത 150 കിലോമീറ്റര്‍ വേഗത്തില്‍ ആരോടിച്ചാലും ആ വാഹനത്തിലിരിക്കാന്‍ കൂട്ടാക്കാന്‍ ഉത്തരവാദപ്പെട്ട ഒരു പൗരനും അവകാശമില്ല. സഞ്ചരിക്കാതിരിക്കാനുളള ബാധ്യത ഉണ്ട് താനും. അതിനയാള്‍ ഗുമസ്തപ്രഭുവാകണമെന്നില്ല. കടലക്കച്ചവടക്കാരനായാലും ശരി, അത്തരത്തില്‍ അമിതവേഗത്തിലോടിക്കുന്ന ഒരു ഡ്രൈവറെ തടയാന്‍ ശ്രമിക്കണമായിരുന്നു. അല്ലെങ്കില്‍ അത്തരമൊരു വാഹനത്തില്‍ കയറരുതായിരുന്നു. ദുരന്തത്തില്‍പ്പെട്ട വാഹനമോടിച്ച ആളെപ്പറ്റി മാത്രം തര്‍ക്കിക്കുമ്പോള്‍ ജനം മറക്കരുതാത്ത ഒരു കാര്യമതാണ്. അമിതവേഗത്തിലോടിച്ചതും കടുത്തനിയമലംഘനം തന്നെയാണ്. പിന്നീടാണ് മദ്യപിച്ചു വണ്ടിയോടിക്കല്‍ എന്ന ഘടകം. അതേപ്പറ്റി സമൂഹമാധ്യമങ്ങളിലെ വഴിപോക്കര്‍ വരെ കയറി മേഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. മറിച്ച് എനിക്ക് പറയാനുള്ളത് ഈ കേസിലെ സദാചാരഘടകത്തെപ്പറ്റിയാണ്. 
സമൂഹമാധ്യമങ്ങളില്‍ ശ്രീറാമിനെതിരായി മാധ്യമസഹോദരങ്ങളടക്കം ബഹുഭൂരിപക്ഷം പേരും പ്രസിദ്ധീകരിച്ച അഭിപ്രായങ്ങളില്‍ ശ്രീറാമും സഹചാരിണിയുമായുള്ള സൗഹൃദം തീര്‍ത്തും വ്യക്തിപരമായതുകൊണ്ട് അതേപ്പറ്റി ചര്‍ച്ച ഒഴിവാക്കുന്നു എന്ന സുജനമര്യാദകലര്‍ന്ന സംസ്‌കാരപക്വതയോടെലുള്ള ഡിസ്‌ക്‌ളെയിമറുകള്‍ വായിച്ചു. അപ്പോള്‍ ഞാനോര്‍ത്തത്, സമാന സാഹചര്യത്തില്‍, രാത്രിയുടെ കുറേക്കൂടി യൗവന യാമത്തില്‍ മലപ്പുറത്തെ ഒരു വീട്ടില്‍ (റോഡോ ക്‌ളബോ അല്ല എന്നു പ്രത്യേകം ഓര്‍ക്കുക) മദ്യപിക്കാത്ത നിലയില്‍ കേരളമറിയുന്ന ഒരു നേതാവും അദ്ദേഹത്തിന്റെ പലരുമറിയുന്ന ഒരു സ്ത്രീസുഹൃത്തും കൂടി വന്നപ്പോള്‍ ഇടതുപക്ഷ സദാചാരക്കമ്മിറ്റിക്കാര്‍ വീടുവളഞ്ഞു ചാനലുകളെ വരുത്തി നാണം കെടുത്തിയ കഥയാണ്. തനിക്കറിയാവുന്ന ആളാണ് സഹയാത്രിക എന്ന് നേതാവും, താനറിഞ്ഞാണ് അവര്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തത് എന്ന് അവരുടെ ഭര്‍ത്താവും പറഞ്ഞിട്ടും, മറ്റ് അര്‍ത്ഥങ്ങളിലൊന്നും വ്യാഖ്യാനിക്കാനുള്ള യാതൊരു പഴുതുകളുമില്ലാത്ത അവസ്ഥയിലും ആ നേതാവിനെ തേജോവധം ചെയ്യാന്‍ എന്തൊരു ആക്രാന്തമായിരുന്നു രാഷ്ട്രീയക്കാര്‍ക്കും നവമാധ്യമങ്ങള്‍ക്കും കേരളത്തിലെ ഇടതുപക്ഷ മാധ്യമങ്ങള്‍ക്കും? നക്ഷത്രവേശ്യാല റെയ്ഡിനു സമാനമായൊരന്തരീക്ഷമാണ് അന്ന് സമൂഹമാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി സൃഷ്ടിച്ചത്. അതേ സമൂഹമാധ്യമപ്പോരാളികള്‍ തന്നെ, ഇന്നിപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യം വരുമ്പോള്‍, അതവരുടെ സ്വകാര്യത എന്ന മാന്യപക്വത പ്രകടിപ്പിക്കുന്നു. ഇതില്‍പ്പരമൊരു ഇരട്ടത്താപ്പ് ഞാന്‍ കണ്ടിട്ടില്ല. അഡ്മനിസ്‌ട്രേറ്റീവ് സര്‍വീസിലുള്ളവര്‍ ലൈംഗികമായ ആരോപണങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്നു പോലും ബോധപൂര്‍വം തന്നെ വിട്ടുനില്‍ക്കണമെന്നൊക്കെയാണ് അവരുടെ പെരുമാറ്റച്ചട്ടങ്ങളിലുള്ളതെന്നതും മറന്നുകൂടാ.
ശ്രീറാമിനൊപ്പമുണ്ടായിരുന്ന ആള്‍ ആണായാലും പെണ്ണായാലും അയാളുടെ വ്യക്തിത്വം കേസില്‍ പ്രബലമല്ലെങ്കില്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കണമെന്നാണ് ഞാന്‍ പഠിച്ച മാധ്യമധാര്‍മികത എനിക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. അതില്‍ തര്‍ക്കമേയില്ല. എന്നാല്‍, അതേ മാധ്യമധാര്‍മികത മലപ്പുറത്ത് ജനകീയ വിചാരണയുടെ ഇരയാകേണ്ടി വന്ന പില്‍ക്കാല ജനപ്രതിനിധികൂടിയായ രാഷ്ട്രീയ നേതാവിന്റെ സഹയാത്രികയ്ക്കും ബാധകമായിരുന്നു എന്നോര്‍ക്കുക. മൗലികാവകാശവും പൗരാവകാശവും സ്വകാര്യയുമൊന്നും സെലക്ടീവല്ല, ആ(ക്കു)വുകയുമരുത്. ശ്രീറാമിന്റെ കാര്യത്തിലെന്നപോലെ തന്നെയോ അതിലും ഒരു പിടി കൂടി മുകളിലോ, ജനാധിപത്യപരമായൊരു ഉത്തരവാദപ്പെട്ട പൊതു തസ്തികയിലിരിക്കുന്നൊരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തരംതാണ ഒരു പേക്കൂത്തിനു തയാറായത്, ധാര്‍മികയ്ക്കു നിരക്കാത്ത വഴികളിലൂടെയാണെങ്കിലും ഒരു മാധ്യമം പുറത്തുകൊണ്ടുവന്നപ്പോള്‍, കൊതിക്കെറുവുകൊണ്ട് ആ മാധ്യമത്തെ ചെളിവാരിയെറിയാന്‍ വേണ്ടി ആ നേതാവിനെ ഇരയും, ഇരയായിത്തീര്‍ന്ന കൂട്ടത്തിലൊരുത്തിയെ പ്രതിയുമാക്കിയ മാധ്യമധാര്‍മ്മികതയും പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന അക്കാദമിക് വിദഗ്ധരും മാധ്യമമുതലാളിമാരും പത്രപ്രവര്‍ത്തക സംഘടനകളും പണ്ഡിതരുമെല്ലാം ഇക്കാര്യത്തില്‍ കൂലങ്കഷമായ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും  തുടക്കമിട്ടെങ്കില്‍ എന്നു മാത്രം പ്രത്യാശിക്കട്ടെ

No comments: