Kalakaumudi June 16, 2019
എ.ചന്ദ്രശേഖര്‍
നടന്‍ എന്ന നിലയ്ക്ക് ഗിരീഷ് കര്‍ണാടിന്റെ ഏറ്റവും വലിയ സവിശേഷത യെന്തായിരുന്നു? നാടകകൃത്ത്, ചിന്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലയ്‌ക്കെല്ലാമുള്ള പത്മഭൂഷണ്‍ ഗിരീഷ് കര്‍ണാടിന്റെ സംഭാവനക ളെപ്പറ്റി ചരമക്കുറിപ്പുകള്‍ വാചാലമാ യിരുന്നു. കന്നഡ നവനാടക പ്രസ്ഥാനത്തിലും കന്നഡ സിനിമയിലും അദ്ദേഹത്തിന്റെ സംഭാവനകളും ആഴത്തില്‍ വിലയിരു ത്തപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ തിരക്കഥാകാരനും സംവിധായകനുമെ ന്നതിലുപരി നടനായി അദ്ദേഹം അറിഞ്ഞാടിയ സിനിമകളെപ്പറ്റി, അവയിലെ അസംഖ്യം വേഷങ്ങളെപ്പറ്റി അനുസ്മരണങ്ങളിലെങ്ങും അധികം വായിച്ചും എഴുതിയും കണ്ടില്ല. കലയെന്നോ കച്ചവടമെന്നോ വേര്‍തിരിവില്ലാതെ തന്നില്‍ സമര്‍പ്പിതമായ കഥാപാത്രങ്ങളെ അവയര്‍ഹിക്കുന്ന ഗൗരവത്തോടെ അനുയോജ്യമായ ഭാവഹാവാദികളോടെ തന്നെ അവിസ്മരണീയമാക്കിയ ഒരു തികഞ്ഞ പ്രൊഫഷനല്‍ നടന്‍ തന്നെയായിരുന്നു കര്‍ണാട് എന്ന് അദ്ദേഹത്തിന്റെ നടനജീവിതം അടുത്തുനിന്നു വീക്ഷിക്കുന്ന ആരും സമ്മതിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഗിരീഷ് കര്‍ണാടിന്റെ ധൈഷണികജീവിതമെന്ന നിലയില്‍, അതിനെയൊക്കെ മാറ്റിനിര്‍ത്തി, നടനും സംവിധായകനും തിരക്കഥാകാരനുമായിരുന്ന കര്‍ണാടിന്റെ സംഭാവനകളെ അടുത്തറിയാനും അടയാളപ്പെടുത്താനുമാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.
ഒരു നടനെ സംബന്ധിച്ച് തന്റെ ശരീരവും ശരീരഭാഷയുമാണ് അയാളുടെ ഏറ്റവും വലിയ ആയുധം, സ്വത്തും. എന്നാല്‍ ഗിരീഷ് കര്‍ണാടിനെ സംബന്ധിച്ചിടത്തോളം ആ ശരീരവും ശരീരഭാഷയും ഒരേ സമയം അദ്ദേഹത്തിലെ അഭിനേതാവിന് വെല്ലുവിളിയും നേട്ടവുമായിരുന്നു എന്നതാണ് വാസ്തവം.കാരണം അധികമാര്‍ക്കുമില്ലാത്ത ചില പ്രത്യേകതകളും സവിശേഷതകളുമുള്ള ശരീരപ്രകൃതത്തിനും ഭാവഹാവാദികള്‍ക്കുമുടമയായിരുന്നു കര്‍ണാട്.അതാകട്ടെ ഓക്‌സ്ഫഡ് അടക്കമുള്ള വിദേശസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികാലയളവില്‍ നിന്ന് ആര്‍ജിച്ചെടുത്ത നഗരശീലങ്ങളുടെയും സംഭാഷണത്തിലടക്കമുള്ള ആംഗലേയവല്ക്കരണത്തിന്റെയും സ്വാധീനം കൊണ്ടുണ്ടായതാണു താനും. കര്‍ണാട് സംസാരിക്കുന്നത് കേട്ടിട്ടുള്ളവര്‍ക്കറിയാം അദ്ദേഹം ഇംഗ്‌ളീഷ് സംസാരിക്കുന്നതിലെ കൃത്യത, സ്പഷ്ടത, പിന്നെ വ്യക്തതയും. അതേ ത്രിഗുണങ്ങള്‍ അദ്ദേഹത്തിന്റെ വാചികാഭിനയത്തിലും പ്രകടവും പ്രത്യക്ഷവുമായിരുന്നു.
ഇനിയുള്ള ഏറ്റവും പ്രധാനപ്പെട്ട ശാരീരിക സവിശേഷത, സ്ഥായിയായുള്ള നിഷ്‌കളങ്കത കലര്‍ന്ന മുഖമായിരുന്നു. കാണുന്ന മാത്രയില്‍ തന്നെ പിതൃനിര്‍വിശേഷമോ മറ്റോ ആയ വികാരം കാണിയില്‍ ജനിപ്പിക്കുന്ന തരം ഒരു വ്യക്തിപ്രഭാവം. അദ്ദേഹത്തിന്റെ മുഖപ്രകൃതത്തില്‍ കരുണയും ശ്രംഗാരവും ശോകവും ശാന്തവുമെല്ലാം ജന്മനാ അടങ്ങിയിട്ടുള്ളതുപോലെ തോന്നും. വീരവും ബീഭത്സവും രൗദ്രവും ഹാസ്യവുമൊന്നും സ്വാഭാവികമായി വഴങ്ങുന്ന ഒന്നല്ല അതെന്നും. ഒരുപക്ഷേ, നടനെന്ന നിലയ്ക്ക് നീണ്ട 47 വര്‍ഷക്കാലത്തെ ചലച്ചിത്രജീവിതത്തിന്റെ മധ്യാഹ്നം വരെയും അദ്ദേഹത്തെ തേടിയെത്തിയവേഷങ്ങളിലേറേയും ആ മുഖത്തിനു ചേര്‍ന്ന പരിഷ്‌കൃതനായ പാവം കഥാപാത്രങ്ങളായതിനു കാരണവും മറ്റൊന്നാവില്ല. അതുകൊണ്ടാണ് ആ മുഖവും ഭാവഹാവാദികളും നടനെന്ന നിലയ്ക്ക് കര്‍ണാടിന് വെല്ലുവിളിയായിരുന്നുവെന്നു പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ നാഗരികമല്ലെങ്കില്‍ക്കൂടിയും യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവലിനെ അധികരിച്ച് കര്‍ണാടും ചേര്‍ന്ന് തിരക്കഥയെഴുതി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത് കന്നഡ സിനിമയിലെ നവതരംഗത്തിനു തിരിതെളിച്ച സംസ്‌കാര(1970)യിലെ പ്രാണേശാചാര്യ എന്ന യാഥാസ്ഥിതിക ബ്രാഹ്മണന്‍ പോലും വിധിയുടെ വിളയാട്ടത്തില്‍ സ്വയം ഇരയായിത്തീരുന്ന ഒരു പാവം കഥാപാത്രമാണ്, അവസാനം അയാളില്‍ മാറ്റത്തിന്റെ വിപ്‌ളവാങ്കുരങ്ങള്‍ പ്രകടമാവുന്നുണ്ടെങ്കിലും.
ബി വി കാരന്തും കര്‍ണാടും ചേര്‍ന്ന് ഭൈരപ്പയുടെ നോവലിന് തിരപാഠമെഴുതി സംവിധാനം ചെയ്ത വംശവൃക്ഷ(1972)യിലെ കോളജ് പ്രൊഫസറായ രാജുവിന്റെ വേഷത്തിലും ഈ പരിഷ്‌കൃതത്വവും പാവത്തവുമുണ്ട്. മൂന്നുവര്‍ഷത്തിനിപ്പുറം സൂഹൃത്തായ ശ്യാം ബനഗലിന്റെ നിശാന്തി(1978)ലൂടെ സമാന്തര ഹിന്ദി സിനിമയുടെ ഭാഗമായിത്തീര്‍ന്നപ്പോഴും വിദ്യാസമ്പന്നനായ പരിഷ്‌കൃത നിഷ്‌കളങ്കന്റെ പ്രതിഛായ തന്നെയായിരുന്നു കര്‍ണാടിന്റെ തിരപ്രത്യക്ഷം. നിശാന്തിലെ സ്‌കൂള്‍ മാസ്റ്ററും, ഗുജറാത്തിലെ ക്ഷീരവിപ്‌ളവത്തെ അധികരിച്ച് അമൂല്‍ നിര്‍മിച്ച് ശ്യാം ബനഗല്‍ സംവിധാനം ചെയ്ത മന്ഥനി(1976)ലെ വര്‍ഗീസ് കുര്യന്റെ ആത്മാംശം കലര്‍ന്ന ഡോ.റാവുവെന്ന നായകവേഷത്തിലുമെല്ലാം ഇതേ പാവത്തം തന്നെയാണ് പ്രതിഫലിച്ചത്. ഹിന്ദിസിനിമയിലെ സത്യന്‍ അന്തിക്കാടിന്റെ മൂന്‍ഗാമിയായ ബസു ചാറ്റര്‍ജിയുടെ സ്വാമി(1976)യിലെ ഘനശ്യാം തുടങ്ങിയ ചിത്രങ്ങളിലെല്ലാം കര്‍ണാട് എന്നാല്‍ നിഷ്‌കളങ്ക നായകനായിത്തന്നെ തുടര്‍ന്നു. അതേസമയം, നസീറുദ്ദീന്‍ ഷാ, ഓം പുരി, കുല്‍ഭൂഷണ്‍ കര്‍ബന്ധ,അനന്ത് നാഗ്, സ്മിത പാട്ടില്‍, ശബാന ആസ്മി തുടങ്ങിയവരിലൂടെ സംജാതമായ ഇന്ത്യന്‍ സിനിമയിലെ നവതാരോദയത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു ഗിരീഷ് കര്‍ണാട്. 1996ല്‍ ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോളിലെ സൈനികന്റെ വേഷവും ഇതിന് അപവാദമല്ല.
താരങ്ങളെ അതിവിദഗ്ധമായി സ്വന്തം സിനിമകളില്‍ ഉപയോഗിക്കുന്നതില്‍ ശുഷ്‌കാന്തിയും ശ്രദ്ധയും കാണിക്കുന്ന തെന്നിന്ത്യന്‍ കമ്പോള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായ ശങ്കറിന്റെ കാതലന്‍(1994) എന്ന ചിത്രമാണ് ഗിരീഷ് കര്‍ണാട് എന്ന നടനെ മറ്റൊരര്‍ത്ഥത്തില്‍ ക്‌ളിഷ്ടവേഷങ്ങളുടെ യാഥാസ്ഥികത്വത്തില്‍ നിന്നു രക്ഷപ്പെടുത്തി പുറത്തുകൊണ്ടുവന്നത്. പ്രഭുദേവയും നഗ്മയും നായികാനായകന്മാരായ ഈ തട്ടുപൊളിപ്പന്‍ പ്രണയചിത്രത്തില്‍ നിഷ്‌കളങ്ക മുഖമുള്ള കൊടും ക്രൂരനായ വില്ലന്‍ വേഷമായിരുന്നു ഗിരീഷ് കര്‍ണാടിന്. നായികയായ ശ്രുതിയുടെ പിതാവ് ഗവര്‍ണര്‍ കക്കര്‍ല സത്യനാരായണമൂര്‍ത്തി എന്ന പ്രസ്തുത കഥാപാത്രത്തിന്റെ ആസുരത അസൂയാവഹമായിട്ടാണ് കര്‍ണാട് മുഖത്താവഹിച്ചത്. അതിന്റെ വിജയത്തെത്തുടര്‍ന്നാണ് വാസ്തവത്തില്‍, സമാന്തര/മധ്യവര്‍ത്തി സിനിമകള്‍ക്കുപരിയായി മുഖ്യധാര കമ്പോള സിനിമകളില്‍ കര്‍ണാടിന്റെ സാന്നിദ്ധ്യം കൂടുതല്‍ തിളങ്ങുന്നത്. ശാന്തീകൃഷ്ണയുടെ സഹോദരന്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ആദ്യമലയാള ചിത്രമായ ദ് പ്രിന്‍സി(1996)ല്‍ മോഹന്‍ലാലിന് കട്ടയ്ക്കു കട്ട നില്‍ക്കുന്ന വിശ്വനാഥ് എന്ന അധോലോക രാജാവിന്റെ വേഷവും, നാഗേഷ് കുക്കന്നൂരിന്റെ ഇഖ്ബാലി(2005)ലെ അവസരവാദിയായ ക്രിക്കറ്റ് കോച്ചും,സല്‍മാന്‍ ഖാന്റെ ഏക് ഥാ ടൈഗറിലെയും ടൈഗര്‍ സിന്ദ ഹൈയിലെയും റോ മേധാവി ഡോ.ഷേണായിയുമൊക്കെ അത്തരത്തില്‍ ഉരുത്തിരിഞ്ഞ വേഷങ്ങളായിരുന്നു.
ചലച്ചിത്രാഭിനയത്തില്‍ കരസ്ഥമാക്കാനായ ഇതേ വൈവിദ്ധ്യം ഒരു പരിധിവരെ നടനെന്നതിനപ്പുറമുള്ള തന്റെ ചലച്ചിത്രജീവിതത്തിലും നേടാനും നിലനിര്‍ത്താനും സാധിച്ച അപൂര്‍വ പ്രതിഭയായിരുന്നു ഗിരീഷ് കര്‍ണാട്. അതുകൊണ്ടാണ് സംസ്‌കാരയും വംശവൃക്ഷയും ഉത്സവും ഒരേ സമയം രചിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. അരങ്ങിന്റെ അനുഭവബാന്ധവം കര്‍ണാടിന്റെ ചലച്ചിത്ര ജീവിതത്തില്‍ പ്രതിഫലിച്ചത് നാടകീയ സ്വാധീനമായിട്ടായിരുന്നില്ല മറിച്ച്, കലയെന്നും കച്ചവടമെന്നും കള്ളിതിരിച്ചു മാറ്റിനിര്‍ത്താതെ കലാംശത്തിന് തരിമ്പും ഗ്‌ളാനിയേല്‍പ്പിക്കാതെ മനോരഞ്ജകത്വം സന്നിവേശിപ്പിക്കുന്നതിലുളള സര്‍ഗരഹസ്യമെന്ന നിലയ്ക്കായിരുന്നു. അതിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍ തന്നെയാണ് അദ്ദേഹം പിന്നണിയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രങ്ങളെല്ലാം.
കന്നഡ സിനിമയുടെ തലവര മാറ്റിക്കുറിച്ച സിനിമകളില്‍ പെട്ടവയായിരുന്നു സംസ്‌കാരയും വംശവൃക്ഷയും. അതുപോലെ ശ്രദ്ധിക്കപ്പെട്ട, എടുത്തുപറയേണ്ട സിനിമയാണ് ശ്രീകൃഷ്ണ അലനഹള്ളിയുടെ നോവലില്‍ നിന്ന് ഗിരീഷ് കര്‍ണാട് തിരക്കഥയെഴുതി അമ്രിഷ് പുരിയെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്ത കാട് (1973), ഭൈരപ്പയുടെ നോവലിനെ ആസ്പദമാക്കി നസീറുദ്ദീന്‍ ഷായെ കേന്ദ്രകഥാപാത്രമാക്കി ബി വി കാരന്തിനൊപ്പം സംവിധാനം ചെയ്ത തബ്ബാലിയു നീനട മാഗനൈ (1977), കുറോസാവയുടെ സെവന്‍ സമുറായിയുടെ സ്വാധീനത്തില്‍ സംവിധാനം ചെയ്ത ഒന്തനൊന്ദു കാലദള്ളി(1978) കുവെമ്പിന്റെ നോവലിനെ അധികരിച്ച് സംവിധാനം ചെയ്ത കണ്ണരു ഹേഗടത്തി (1999) തുടങ്ങിയവയൊക്കെ സംവിധാന മികവു കൊണ്ടും ചലച്ചിത്രസമീപനം കൊണ്ടും എടുത്തുപറയേണ്ട ചിത്രങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍, ശൂദ്രകന്റെ മൃച്ഛകടികമെന്ന സംസ്‌കൃത നാടകത്തെ അധികരിച്ച് സ്വതന്ത്ര ചലച്ചിത്രരൂപാന്തരമായി ഒരുക്കിയ ഉത്സവ് (1984) ആണ് അദ്ദേഹത്തിന് ഹിന്ദി മുഖ്യധാരയില്‍ കുറേക്കൂടി സ്വീകാര്യതയും കീര്‍ത്തിയും സമ്മാനിച്ചത്. നടന്‍ ശശികപൂര്‍ നിര്‍മിച്ച് രേഖ, അനുരാധ പട്ടേല്‍, നീനാഗുപ്ത, ശങ്കര്‍ നാഗ്, ശേഖര്‍ സുമന്‍, അംജദ്ഖാന്‍, ശശികപൂര്‍ എന്നിവര്‍ വേഷമിട്ട ഈ പീര്യഡ് ഫിലം അതിന്റെ നവ്യമായ ദൃശ്യസമീപനത്തിലൂടെ ഏറെ നിരൂപകശ്രദ്ധനേടി.
നാടകകൃത്തും എഴുത്തുകാരനുമായിരുന്നതുകൊണ്ടുതന്നെയാവണം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ലിഖിതസാഹിത്യത്തിന്റെ ദൃശ്യ രൂപാന്തരങ്ങളായിരുന്നു. തുഗ്‌ളക്ക്, ഹയവദന, യയാതി പോലെ കന്നഡ നാടകവേദിയില്‍ കൊടുങ്കാറ്റും അഗ്നിവര്‍ഷവും ഇടിമുഴക്കവും ഒരുപോലെ സൃഷ്ടിച്ച അരങ്ങവതരണങ്ങളുടെ സങ്കല്‍പം തന്നെ മാറ്റിമറിച്ച നാടകങ്ങളുടെ രചയിതാവായിരുന്നിട്ടും സ്വയം സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം സ്വന്തം നാടകങ്ങളെ സ്വീകരിച്ചില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അവയിലുള്ള വിശ്വാസക്കുറവുകൊണ്ടായിരുന്നില്ല മറിച്ച്, അവയുടെ പൂര്‍ണതയിലുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു, മറ്റൊരു മാധ്യമത്തിലേക്ക് അവ ആവഹിക്കേണ്ടതില്ലെന്ന ബോധ്യത്തില്‍ കൂടിയായിരുന്നു. അതേസമയം ജ്ഞാനപീഠം നേടിയ കുവെമ്പിന്റെ കൃതിയെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ജ്ഞാനപീഠജേതാവുകൂടിയായ കര്‍ണാടിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നതുമില്ല.
അഭിനയച്ചതു വച്ചു നോക്കുമ്പോള്‍ എത്രയോ കുറച്ചു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും അദ്ദേഹം അവതരിപ്പിച്ച പ്രതിഭകള്‍ക്കും കന്നഡഭാഷാ സിനിമയ്ക്കു നേടിക്കൊടുത്ത അംഗീകാരങ്ങള്‍ക്കും കണക്കില്ല. തിരക്കഥയെഴുതിയ സംസ്‌കാര 1970ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായപ്പോള്‍ കന്നഡ സിനിമാചരിത്രം മാറ്റിയെഴുതപ്പെടുകയായിരുന്നു.കാരണം ഈ ബഹുമതി നേടുന്ന ആദ്യത്തെ കന്നഡ സിനിമയായരുന്നു അത്. ലൊകാര്‍ണോയടക്കമുള്ള വിദേശമേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. തിരക്കഥയിലും സംവിധാനത്തിലും പങ്കാളിയായ വംശവൃക്ഷയിലൂടെയാണ് കന്നഡ സൂപ്പര്‍ സ്റ്റാറായിരുന്ന അന്തരിച്ച വിഷ്ണുവര്‍ധന്റെയും ഉമ ശിവകുമാറിന്റെയും അരങ്ങേറ്റം. 1971ലെ മികച്ച പ്രാദേശിക ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള ദേശീയ അവാര്‍ഡ് അടക്കം പത്തിലേറെ അവാര്‍ഡുകളാണ് വംശവൃക്ഷ നേടിയെടുത്തത്.
കാട് മികച്ച രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി. മികച്ച നടിക്കും(നന്ദിനി ഭക്തവത്സല) ബാലതാരത്തിനും(മാസ്റ്റര്‍ ജി എസ് നടരാജ്) ഉള്ള ദേശീയ അവാര്‍ഡും നേടി. പില്‍ക്കാലത്ത് ദേശീയ പ്രശസ്തി നേടിയ സംവിധായകന്‍ ടി.എസ്.നാഗാഭരണയായിരുന്നു കാടിന്റെ വസ്ത്രധാരകനും സഹസംവിധായകനും. 1977ല്‍ തബ്ബാലിയു നീനട മാഗെനെ മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ ബഹുമതി നേടി. 1978ല്‍ ശ്യാം ബനഗലുമൊത്ത് ശ്യാമിന്റെ ഭൂമികയുടെ സ്‌ക്രിപ്റ്റിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതി പങ്കിട്ടു.. 78ല്‍ ഒന്താനൊണ്ട് കാലദള്ളിക്കും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ അനന്ത് നാഗിന് മികച്ച നടനുള്ള രജതചകോരം നേടിക്കൊടുത്ത ഈ ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയിലെ പ്രിയഗായികയായി ദേശീയ പ്രസിദ്ധി നേടിയ കവിതാകൃഷ്ണമൂര്‍ത്തിയുടെ അരങ്ങേറ്റം. അനന്ത് നാഗിന്റെ അനുജനും നാടകനടനുമായ അകാലത്തില്‍ പൊലിഞ്ഞ ശങ്കര്‍നാഗിന്റെ ചലച്ചിത്രനടനായുള്ള രംഗപ്രവേശവും ഈ ചിത്രത്തിലൂടെത്തന്നെയാണ്.
1992ല്‍ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ണാടിന്റെ ഹരിത ഫാന്റസി ചെലൂവിയിലൂടെയാണ് പില്‍ക്കാലത്ത് മികച്ച അഭിനേത്രിയെന്നു പേരെടുത്ത സൊനാലി കുല്‍ക്കര്‍ണിയുടെ ചലച്ചിത്രപ്രവേശം. 1999ല്‍ കണ്ണരു ഹേഗടത്തിനും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.നചികേത് പട്‌വര്‍ധന് മികച്ച കലാസംവിധാനത്തിനുള്ള ദേശീയ ബഹുമതി നേടിക്കൊടുത്ത കര്‍ണാടിന്റെ ഉത്സവാണ് നടന്‍ ശേഖര്‍ സുമന്റെ ആദ്യ ചിത്രം.
കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും അംഗീകരിക്കാനുമുള്ള മനസായിരുന്നു ഗിരീഷ് കര്‍ണാടിനെ വേറിട്ട വ്യക്തിത്വമാക്കി നിലനിര്‍ത്തിയത്. അതുകൊണ്ടാണ് വെറും മുപ്പത്തഞ്ചാം വയസില്‍ 1974ല്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഐ എ എസ് കാരനല്ലാത്ത ആദ്യത്തെ ഡയറക്ടറായിരിക്കെ തനിക്കെതിരേ സമരം ചെയ്ത വിദ്യാര്‍ത്ഥി നസീറുദ്ദീന്‍ ഷായെ, സുഹൃത്തായ ശ്യാം ബനഗലിന്റെ നിശാന്തിലെ ജമീന്ദാറുടെ ഇളയസഹോദരന്‍ വിശ്വത്തിന്റെ വേഷത്തിലേക്ക് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിന് വൈമനസ്യം തോന്നാത്തത്. അരങ്ങിലും സിനിമയിലും തികഞ്ഞ പ്രൊഫഷനലായിരുന്നു അദ്ദേഹമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. നിശാന്തില്ലായിരുന്നെങ്കിലും നസിറുദ്ദീനെപ്പോലൊരു പ്രതിഭ കഴിവുതെളിയിക്കുമായിരുന്നെങ്കിലും അങ്ങനൊരു പ്രതിഭയെ മുന്‍കൂട്ടി തിരിച്ചറിയാനായതിലാണ് കര്‍ണാടിന്റെ മഹത്വം.
പ്രമേയത്തിനും ഇതിവൃത്തത്തിനുമായി പാരമ്പര്യവേരുകളെ ആശ്രയിച്ച കര്‍ണാട് നാടകത്തിലെപ്പോലെ തന്നെ സിനിമയിലും അവയുടെ അവതരണത്തിന് ആധുനികതയുടെ പുതുവഴികള്‍ തേടുകയായിരുന്നു. ഹയവദന പോലൊരു പ്രമേയത്തിന്റെ സാക്ഷാത്കാരത്തിന് യക്ഷഗാനം പോലൊരു ക്‌ളാസിക്കല്‍ നാടോടി കലാരൂപത്തിന്റെ ഭാവശരീരത്തെയും അവതരണശൈലിയേയും സ്വാംശീകരിച്ചതുപോലെതന്നെയായിരുന്നു ചെലൂവിക്ക് പാരിസ്ഥിതിക കെട്ടുകഥയുടെ ശില്‍പഘടന സ്വീകരിച്ചതും ഉത്സവിന് കഥാകാലത്തോടു നീതിപുലര്‍ത്തുന്ന കാല്‍പനികമായൊരു ചലച്ചിത്രസമീപനം സ്വീകരിച്ചതും. കഥയ്ക്ക് കാലത്തെയും സംസ്‌കാരത്തെയും ആധാരമാക്കിയപ്പോഴും ദൃശ്യപരിചരണത്തിലും ആവിഷ്‌കാരത്തിലും തികഞ്ഞ ആധുനികതയെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. അതായിരുന്നു അദ്ദേഹത്തിന്റെ കലാപം. കലയോടും കാലത്തോടുമുള്ള കര്‍ണാടിയന്‍ കലാപം. അതുകൊണ്ടുതന്നെയാണ് സാഹിത്യത്തിലും നാടകത്തിലുമെന്നോണം ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലും ഗിരീഷ് കര്‍ണാട് എന്ന പേര് സുവര്‍ണനൂലിഴകള്‍ കൊണ്ടു തന്നെ തുന്നിച്ചേര്‍ക്കപ്പെടുന്നതും.
No comments:
Post a Comment