Friday, June 28, 2019

അംഗീകാരങ്ങള്‍ക്ക് മറുപടി

നമ്മളുള്‍പ്പെടുന്ന സമൂഹത്തില്‍ നിന്ന് അഥവാ തൊഴി ല്‍മേഖലയില്‍ നിന്നൊരാള്‍ നമ്മുടെ പ്രവൃത്തിയെ പ്പറ്റി പറയുന്ന നല്ല വാക്ക്. ലോകത്തെവിടെ നിന്ന് ഏതൊക്കെ അവാര്‍ഡുകളും ബഹുമതികളും ലഭിച്ചാലും അതിനേക്കാ ളൊക്കെ കലാകാരന്, എഴുത്തുകാരന് കൂടുതല്‍ വിലമതിപ്പുണ്ടാക്കുക അതാണ്. കുറഞ്ഞപക്ഷം എന്നെപ്പോലെ, കരുതിക്കൂട്ടി, കഠിനാധ്വാം ചെയ്ത് എഴുത്തുകാരനായ (ആ പ്രായോഗം അപക്വമെങ്കില്‍ ക്ഷമിക്കുക, സിനിമാനിരൂപകന്‍/ആസ്വാദകന്‍ എന്നു പറഞ്ഞാലും മതി) ഒരാളെ സംബന്ധിച്ചെങ്കിലും അതങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് എഴുത്തുവഴിയില്‍ വന്നു ചേരുന്ന ഓരോ അംഗീകാരവും വളരെ വലുതായി കണക്കാക്കുന്നതും.
സ്വന്തം പുസ്തകങ്ങള്‍ക്ക് സൗഹൃദം കൊണ്ടും വാത്സല്യം കൊണ്ടും അവതാരികയെഴുതി അനുഗ്രഹിച്ച സര്‍വശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍, എം.എഫ്. തോമസ് സാര്‍, മധു ഇറവങ്കര സാര്‍, കെ.ജയകുമാര്‍ സാര്‍, ജോയ് മാത്യൂ ജി തുടങ്ങിയവര്‍ തൊട്ട് അവ പലപ്പോഴായി നിരൂപണം ചെയ്ത പല പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍വശ്രീ എസ്.അനില്‍കുമാര്‍, ബി.ടി.അനില്‍കുമാര്‍, ഡോ.ടി.കെ.സന്തോഷ് കുമാര്‍,ഒ.കെ.ജോണി, ബൈജുചന്ദ്രന്‍ ചേട്ടന്‍, വി.ജയദേവ്, പ്രദീപ് പനങ്ങാട,് പ്രസാദ് നാരായണന്‍, ഡോ രാധിക സി.നായര്‍, വി.ജി.നകുല്‍, മണമ്പൂര്‍ രാജന്‍ബാബു, സതീഷ് ബാബു പയ്യന്നൂര്‍, പ്രദീപ് പിള്ള, ശ്രീജന്‍, അരുണ്‍ ലക്ഷ്മണ്‍, രാജഗോപാല്‍ തുടങ്ങിയവര്‍ സദയം നല്‍കിയ പ്രോത്സാഹനത്തിന്റെ നല്ല വാക്കുകള്‍ നന്ദിയോടെ മാതൃമേ അനുസ്മരിക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ നവമാധ്യമങ്ങളില്‍ നമ്മള്‍ പറയാതെ നമ്മുടെ പുസ്തകമോ എഴുത്തോ വായിച്ചിട്ട് സ്വതന്ത്രമായ അഭിപ്രായം പങ്കുവയ്ക്കുകയും അവയില്‍ പലതും തീര്‍ത്തും അവിചാരിതവും അപ്രതീക്ഷിതവുമായി കണ്ട് അത്ഭുതപ്പെടേണ്ടിയും ഷെയര്‍ ചെയ്യേണ്ടിയും വന്ന അനുഭവങ്ങള്‍ സൈബര്‍ കാല എഴുത്തുകാരനെന്ന നിലയില്‍ ഏറെ ഹര്‍ഷാതിരേകമുണ്ടാക്കിയെന്ന് പറയാതെ തരമില്ല.നമ്മള്‍ പ്രതീക്ഷിക്കാതെ നമുക്കു വന്നു ചേരുന്ന അംഗീകാരങ്ങളാണവ. ഓര്‍മ്മയില്‍ അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൈബറെഴുത്ത് അനുജനായിത്തന്നെ ഞാന്‍ കണക്കാക്കുന്ന എന്റെ പൂര്‍വകാല സഹപ്രവര്‍ത്തകന്‍ കൂടിയായ ഇപ്പോള്‍ വനിതയില്‍ ജോലി ചെയ്യുന്ന ശ്രീ വി.ജി.നകുല്‍ എന്റെ പുസ്തകങ്ങളെപ്പറ്റിയെഴുതിയ കുറിപ്പാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. എന്റെ ഹൃദയത്തെ ഏറെ സന്തോഷിപ്പിച്ച ആത്മാര്‍ത്ഥതയില്‍ ചാലിച്ച ഒരു കുറിപ്പ്. അതു കഴിഞ്ഞ് ഞെട്ടിച്ചത് ജ്യേഷഠസ്ഥാനത്തുള്ള മുന്‍കാല സഹപ്രവര്‍ത്തകന്‍ തന്നെയായ ശ്രീ വി.ജയദേവ് എഴുതിയതാണ്. തനത് ഹാസ്യത്തില്‍ പൊതിഞ്ഞ ഒരെഴുത്ത്. പക്ഷേ അതില്‍ അനുജനോടുള്ള സ്‌നേഹത്തേക്കാള്‍ എന്റെ എഴുത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരാളുടെ മനസുകൂടിയുണ്ടായിരുന്നു. അതുപോലെ പ്രധാനമാണ് ഗുരുതുല്യം ഞാന്‍ കണക്കാക്കുന്ന ശ്രീ എ.മീര സാഹിബ് സാര്‍ എന്റെ രണ്ടു പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍. വാത്സല്യത്തോടൊപ്പം മീര സാറിന്റെ എഴുത്തിലും നിഷ്പക്ഷമായി എന്റെ വര്‍ക്കിന്റെ വിലയിരുത്തലുകളുണ്ടായിരുന്നു. ഈ മൂന്നുപേര്‍ക്കും ഞാന്‍ പുസ്തകം അയച്ചുകൊടുത്തതാണ് എന്നു പറയാം. എന്നാല്‍ എല്ലാറ്റിലുമുപരി എന്നെ ഞെട്ടിച്ചത് സഹപ്രവര്‍ത്തകനായ മംഗളത്തിന്റെ ചീഫ് ന്യൂസ് എഡിറ്റര്‍ ശ്രീ ഇ.പി.ഷാജുദ്ദീന്റെ പോസ്റ്റായിരുന്നു. അതും തീര്‍ത്തും ജേര്‍ണലിസ്റ്റിക് ആയി ഞാന്‍ ചെയ്ത മോഹനരാഗങ്ങള്‍ എന്ന പുസ്തകത്തെപ്പറ്റി. ഹൃദയത്തില്‍ നിന്നുള്ള വാചകങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആ അക്ഷരഹാരം ഞാന്‍ മണം പോലും മാറാനനുവദിക്കാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടിപ്പോഴും. അതുപോലെ തന്നെയാണ് സംവിധായകന്‍ കൂടിയായ ശ്രീ ജോഷി മാത്യൂ എന്റെ പുസതകത്തെപ്പറ്റി തന്റെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ്.
ഇതൊക്കെ ഇപ്പോഴിവിടെ ഓര്‍ക്കാന്‍ കാരണം, വി.ജി.നകുല്‍ വഴി ഞാന്‍ പരിചയപ്പെട്ട, ഇപ്പോഴും അത്ര അടുത്തു പരിചയം എന്നു പറയാനാവാത്ത പരിചയം മാത്രമുള്ള ശ്രീ സുനില്‍ സി.ഇ.യുടെ മലയാള സിനിമയുടെ ഭാവുകത്വം എന്ന പുസ്തകം കണ്ടതാണ്. സ്വന്തം സമൂഹത്തിലുളളവരെ കഴിവതും കണ്ടില്ലെുന്നു നടിക്കുക, തന്നോളം പോന്നവരുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുക, പറ്റുമെങ്കില്‍ തനിക്കു ശേഷം വരുന്നവരോട് പരപുച്ഛം പ്രകടിപ്പിക്കുക ഇത്യാദി മനോനിലകള്‍ വച്ചുപുലര്‍ത്തുന്നവരെയാണ് ഞാനെന്റെ മാധ്യമജീവിതത്തില്‍ ഏറെയും കണ്ടുമുട്ടിയിട്ടുളളത്. അതിനിടെയിലാണ് സുനില്‍ ഈ പുസ്തകത്തിലെ ചില അധ്യായങ്ങളില്‍ തനിക്കു സമശീര്‍ഷ്യരാവരും ശേഷം വന്നവരുമായ പവരെപ്പറ്റിയും കലവറയില്ലാതെ എഴുതിയിട്ടുള്ളത്. സുനില്‍ എഴുതിയ കാലത്ത് പ്രസ്തുത പ്രസിദ്ധീകരണങ്ങളൊന്നും വായിച്ചില്ലല്ലോ എന്നതില്‍ നിരാശയും തോന്നി. ഒരു പക്ഷേ കപൂച്ചിയന്‍ സന്യസ്ത സഭാംഗമായതുകൊണ്ടാവാം ഈ പരജീവിസ്‌നേഹം എന്നെനിക്കു തോന്നുന്നു.
പ്രധാനമായും സമകാലിക സിനിമാസാഹിത്യത്തില്‍ പിന്‍നിര താരങ്ങളുടെ സ്വത്വം ചാലിച്ച എഴുത്തുകുത്തുകളെപ്പറ്റിയുള്ള അധ്യായമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഭാവുകത്വ പരിണാമകാലത്തെ സിനിമാ പുസ്തകങ്ങള്‍ എന്ന ഈ അധ്യായത്തില്‍ സുനില്‍ നല്ല വാക്കുകളാല്‍ അനുഗ്രഹിക്കുന്ന മൂന്നു പുസ്തകങ്ങളില്‍ രണ്ടെണ്ണവും എന്റെ മുന്‍കയ്യില്‍ തയാറാക്കപ്പെട്ടതാണ് എന്നതിലാണ് എനിക്ക് ചാരിതാര്‍ത്ഥ്യം. അതുപക്ഷേ, സുനില്‍ അറിഞ്ഞിരിക്കാനുമിടയില്ല. കാരണം, ടിനിടോമിന്റെ ആത്മകഥാക്കുറിപ്പായ എന്നെയും സിനിമയിലെടുത്തു (ചിരി ത()െന്ന ജീവിതം), മിമിക്രികലാകാരന്മാരുടെ ജീവിതം അനാവൃതം ചെയ്ത ലക്ഷ്മി ബിനീഷിന്റെ കണ്ണീരുപ്പുള്ള ചിരി എന്നിവ കന്യക ദ്വൈവാരികയ്ക്കു വേണ്ടി ഞാന്‍ ആസൂത്രണം ചെയ്തു പ്രസിദ്ധീകരിച്ച പരമ്പരകളായിരുന്നു. അവയ്ക്ക് പുസ്തക രൂപാന്തരം നല്‍കാനും ഞാന്‍ തന്നെയാണ് മുന്‍കൈ എടുത്തത്. ലക്ഷ്മി ബിനീഷിനെപ്പോലെ ഒരു തുടക്കക്കാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് കവിമൊഴി മാസികയില്‍ 2018 ജനുവരിയില്‍ എഴുതുകയും പിന്നീട് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഈ കുറിപ്പ്. ''ഇത്തരം ഹാസ്യശരീരങ്ങളെ ലക്ഷ്മിയെപ്പോലെ ഒരു ഫിലിം ജേര്‍ണലിസ്റ്റിനു മാത്രമേ മുഖ്യധാരയില്‍ കൊണ്ടുവരാനാവൂ'' എന്നു പോലും എഴുതിയിട്ടുണ്ട് സുനില്‍.
ഒലീവ് പ്രസിദ്ധീകരിച്ച പുസ്തകം വായിച്ച് അവസാനമെത്തിയപ്പോഴുണ്ട് ശ്രീ സുനില്‍ സി.ഇയെ കവിമൊഴിക്കു വേണ്ടി വി.എസ് ജയകുമാര്‍ സംസാരിച്ചു തയാറാക്കിയ ചലച്ചിത്രനിരൂപണം പ്രഹസനമാകുമ്പോള്‍ എന്നരൊ അഭിമുഖം കാണുന്നു. അതിലെ സിനിമാനിരൂപണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ തന്നെ സര്‍വശ്രീ വിജയകൃഷ്ണന്‍ സാര്‍, സി.എസ് വെങ്കിടേശ്വരന്‍, ജി.പി.രാമചന്ദ്രന്‍, ശ്രീ.വി.കെ ജോസഫ് എന്നിവരുടെ സംഭാവനകള്‍ വിലയിരുത്തിയതിനു ശേഷം സുനില്‍ പറയുന്നതിങ്ങനെ:'ഓരോ സിനിമകളുടെയും സമകാലിക ഇടപെടലുകളെ കുറിച്ചൊക്കെ വളരെ പരിമിതമായേ എഴുതിക്കാണാറുള്ളൂ.എ.ചന്ദ്രശേഖറിനെപ്പോലുള്ളവര്‍ സിനിമയിലെ ചില പ്രത്യേകവിഷയങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്'
നമുക്കു ശേഷം നമ്മുടെ വഴിയില്‍ വരുന്നവര്‍ നമ്മെ ഗൗരവത്തോടെ പിന്തുടരുന്നുണ്ട് എന്ന തിരിച്ചറിവ് നമ്മുടെ ഉത്തരവാദിത്തം കൂട്ടുന്നു. അതിലേറെ നമുക്ക് ആത്മസംതൃപ്തിയും നല്‍കുന്നു. ലോകത്തെവിടെയോ നമ്മളെഴുതുന്നത് വായിക്കാന്‍ കാത്തിരിക്കുന്ന (കുറഞ്ഞപക്ഷം കണ്ടാല്‍ വായിക്കാന്‍ മെനക്കെടുന്ന) ആ ഒരാള്‍ക്കു വേണ്ടിത്തന്നെയാണ് ഞാനും എഴുതുന്നത് എന്നിരിക്കെ ഇത്തരം പ്രസ്താവനകള്‍ അംഗീകാരങ്ങള്‍ തന്നെയാണ്. 2017ല്‍ ശ്രീ സുനില്‍ പറഞ്ഞത് വായിക്കാനിടയായത് ഇപ്പോഴാണെങ്കിലും സന്തോഷം സന്തോഷം തന്നെയാണല്ലോ. നന്ദി സുനില്‍.

Sunday, June 16, 2019

കാഴ്ചയിലെ കര്‍ണാടകം!


 Kalakaumudi June 16, 2019

എ.ചന്ദ്രശേഖര്‍

നടന്‍
എന്ന നിലയ്ക്ക് ഗിരീഷ് കര്‍ണാടിന്റെ ഏറ്റവും വലിയ സവിശേഷത യെന്തായിരുന്നു? നാടകകൃത്ത്, ചിന്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലയ്‌ക്കെല്ലാമുള്ള പത്മഭൂഷണ്‍ ഗിരീഷ് കര്‍ണാടിന്റെ സംഭാവനക ളെപ്പറ്റി ചരമക്കുറിപ്പുകള്‍ വാചാലമാ യിരുന്നു. കന്നഡ നവനാടക പ്രസ്ഥാനത്തിലും കന്നഡ സിനിമയിലും അദ്ദേഹത്തിന്റെ സംഭാവനകളും ആഴത്തില്‍ വിലയിരു ത്തപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ തിരക്കഥാകാരനും സംവിധായകനുമെ ന്നതിലുപരി നടനായി അദ്ദേഹം അറിഞ്ഞാടിയ സിനിമകളെപ്പറ്റി, അവയിലെ അസംഖ്യം വേഷങ്ങളെപ്പറ്റി അനുസ്മരണങ്ങളിലെങ്ങും അധികം വായിച്ചും എഴുതിയും കണ്ടില്ല. കലയെന്നോ കച്ചവടമെന്നോ വേര്‍തിരിവില്ലാതെ തന്നില്‍ സമര്‍പ്പിതമായ കഥാപാത്രങ്ങളെ അവയര്‍ഹിക്കുന്ന ഗൗരവത്തോടെ അനുയോജ്യമായ ഭാവഹാവാദികളോടെ തന്നെ അവിസ്മരണീയമാക്കിയ ഒരു തികഞ്ഞ പ്രൊഫഷനല്‍ നടന്‍ തന്നെയായിരുന്നു കര്‍ണാട് എന്ന് അദ്ദേഹത്തിന്റെ നടനജീവിതം അടുത്തുനിന്നു വീക്ഷിക്കുന്ന ആരും സമ്മതിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഗിരീഷ് കര്‍ണാടിന്റെ ധൈഷണികജീവിതമെന്ന നിലയില്‍, അതിനെയൊക്കെ മാറ്റിനിര്‍ത്തി, നടനും സംവിധായകനും തിരക്കഥാകാരനുമായിരുന്ന കര്‍ണാടിന്റെ സംഭാവനകളെ അടുത്തറിയാനും അടയാളപ്പെടുത്താനുമാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.
ഒരു നടനെ സംബന്ധിച്ച് തന്റെ ശരീരവും ശരീരഭാഷയുമാണ് അയാളുടെ ഏറ്റവും വലിയ ആയുധം, സ്വത്തും. എന്നാല്‍ ഗിരീഷ് കര്‍ണാടിനെ സംബന്ധിച്ചിടത്തോളം ആ ശരീരവും ശരീരഭാഷയും ഒരേ സമയം അദ്ദേഹത്തിലെ അഭിനേതാവിന് വെല്ലുവിളിയും നേട്ടവുമായിരുന്നു എന്നതാണ് വാസ്തവം.കാരണം അധികമാര്‍ക്കുമില്ലാത്ത ചില പ്രത്യേകതകളും സവിശേഷതകളുമുള്ള ശരീരപ്രകൃതത്തിനും ഭാവഹാവാദികള്‍ക്കുമുടമയായിരുന്നു കര്‍ണാട്.അതാകട്ടെ ഓക്‌സ്ഫഡ് അടക്കമുള്ള വിദേശസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികാലയളവില്‍ നിന്ന് ആര്‍ജിച്ചെടുത്ത നഗരശീലങ്ങളുടെയും സംഭാഷണത്തിലടക്കമുള്ള ആംഗലേയവല്ക്കരണത്തിന്റെയും സ്വാധീനം കൊണ്ടുണ്ടായതാണു താനും. കര്‍ണാട് സംസാരിക്കുന്നത് കേട്ടിട്ടുള്ളവര്‍ക്കറിയാം അദ്ദേഹം ഇംഗ്‌ളീഷ് സംസാരിക്കുന്നതിലെ കൃത്യത, സ്പഷ്ടത, പിന്നെ വ്യക്തതയും. അതേ ത്രിഗുണങ്ങള്‍ അദ്ദേഹത്തിന്റെ വാചികാഭിനയത്തിലും പ്രകടവും പ്രത്യക്ഷവുമായിരുന്നു.
ഇനിയുള്ള ഏറ്റവും പ്രധാനപ്പെട്ട ശാരീരിക സവിശേഷത, സ്ഥായിയായുള്ള നിഷ്‌കളങ്കത കലര്‍ന്ന മുഖമായിരുന്നു. കാണുന്ന മാത്രയില്‍ തന്നെ പിതൃനിര്‍വിശേഷമോ മറ്റോ ആയ വികാരം കാണിയില്‍ ജനിപ്പിക്കുന്ന തരം ഒരു വ്യക്തിപ്രഭാവം. അദ്ദേഹത്തിന്റെ മുഖപ്രകൃതത്തില്‍ കരുണയും ശ്രംഗാരവും ശോകവും ശാന്തവുമെല്ലാം ജന്മനാ അടങ്ങിയിട്ടുള്ളതുപോലെ തോന്നും. വീരവും ബീഭത്സവും രൗദ്രവും ഹാസ്യവുമൊന്നും സ്വാഭാവികമായി വഴങ്ങുന്ന ഒന്നല്ല അതെന്നും. ഒരുപക്ഷേ, നടനെന്ന നിലയ്ക്ക് നീണ്ട 47 വര്‍ഷക്കാലത്തെ ചലച്ചിത്രജീവിതത്തിന്റെ മധ്യാഹ്നം വരെയും അദ്ദേഹത്തെ തേടിയെത്തിയവേഷങ്ങളിലേറേയും ആ മുഖത്തിനു ചേര്‍ന്ന പരിഷ്‌കൃതനായ പാവം കഥാപാത്രങ്ങളായതിനു കാരണവും മറ്റൊന്നാവില്ല. അതുകൊണ്ടാണ് ആ മുഖവും ഭാവഹാവാദികളും നടനെന്ന നിലയ്ക്ക് കര്‍ണാടിന് വെല്ലുവിളിയായിരുന്നുവെന്നു പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ നാഗരികമല്ലെങ്കില്‍ക്കൂടിയും യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവലിനെ അധികരിച്ച് കര്‍ണാടും ചേര്‍ന്ന് തിരക്കഥയെഴുതി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത് കന്നഡ സിനിമയിലെ നവതരംഗത്തിനു തിരിതെളിച്ച  സംസ്‌കാര(1970)യിലെ പ്രാണേശാചാര്യ എന്ന യാഥാസ്ഥിതിക ബ്രാഹ്മണന്‍ പോലും വിധിയുടെ വിളയാട്ടത്തില്‍ സ്വയം ഇരയായിത്തീരുന്ന ഒരു പാവം കഥാപാത്രമാണ്, അവസാനം അയാളില്‍ മാറ്റത്തിന്റെ വിപ്‌ളവാങ്കുരങ്ങള്‍ പ്രകടമാവുന്നുണ്ടെങ്കിലും.
ബി വി കാരന്തും കര്‍ണാടും ചേര്‍ന്ന് ഭൈരപ്പയുടെ നോവലിന് തിരപാഠമെഴുതി സംവിധാനം ചെയ്ത വംശവൃക്ഷ(1972)യിലെ കോളജ് പ്രൊഫസറായ രാജുവിന്റെ വേഷത്തിലും ഈ പരിഷ്‌കൃതത്വവും പാവത്തവുമുണ്ട്. മൂന്നുവര്‍ഷത്തിനിപ്പുറം സൂഹൃത്തായ ശ്യാം ബനഗലിന്റെ നിശാന്തി(1978)ലൂടെ സമാന്തര ഹിന്ദി സിനിമയുടെ ഭാഗമായിത്തീര്‍ന്നപ്പോഴും വിദ്യാസമ്പന്നനായ പരിഷ്‌കൃത നിഷ്‌കളങ്കന്റെ പ്രതിഛായ തന്നെയായിരുന്നു കര്‍ണാടിന്റെ തിരപ്രത്യക്ഷം. നിശാന്തിലെ സ്‌കൂള്‍ മാസ്റ്ററും, ഗുജറാത്തിലെ ക്ഷീരവിപ്‌ളവത്തെ അധികരിച്ച് അമൂല്‍ നിര്‍മിച്ച് ശ്യാം ബനഗല്‍ സംവിധാനം ചെയ്ത മന്ഥനി(1976)ലെ വര്‍ഗീസ് കുര്യന്റെ ആത്മാംശം കലര്‍ന്ന ഡോ.റാവുവെന്ന നായകവേഷത്തിലുമെല്ലാം ഇതേ പാവത്തം തന്നെയാണ് പ്രതിഫലിച്ചത്. ഹിന്ദിസിനിമയിലെ സത്യന്‍ അന്തിക്കാടിന്റെ മൂന്‍ഗാമിയായ ബസു ചാറ്റര്‍ജിയുടെ സ്വാമി(1976)യിലെ ഘനശ്യാം തുടങ്ങിയ ചിത്രങ്ങളിലെല്ലാം കര്‍ണാട് എന്നാല്‍ നിഷ്‌കളങ്ക നായകനായിത്തന്നെ തുടര്‍ന്നു.  അതേസമയം, നസീറുദ്ദീന്‍ ഷാ, ഓം പുരി, കുല്‍ഭൂഷണ്‍ കര്‍ബന്ധ,അനന്ത് നാഗ്, സ്മിത പാട്ടില്‍, ശബാന ആസ്മി തുടങ്ങിയവരിലൂടെ സംജാതമായ ഇന്ത്യന്‍ സിനിമയിലെ നവതാരോദയത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു ഗിരീഷ് കര്‍ണാട്. 1996ല്‍ ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോളിലെ സൈനികന്റെ വേഷവും ഇതിന് അപവാദമല്ല.
താരങ്ങളെ അതിവിദഗ്ധമായി സ്വന്തം സിനിമകളില്‍ ഉപയോഗിക്കുന്നതില്‍ ശുഷ്‌കാന്തിയും ശ്രദ്ധയും കാണിക്കുന്ന തെന്നിന്ത്യന്‍ കമ്പോള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായ ശങ്കറിന്റെ കാതലന്‍(1994) എന്ന ചിത്രമാണ് ഗിരീഷ് കര്‍ണാട് എന്ന നടനെ മറ്റൊരര്‍ത്ഥത്തില്‍ ക്‌ളിഷ്ടവേഷങ്ങളുടെ യാഥാസ്ഥികത്വത്തില്‍ നിന്നു രക്ഷപ്പെടുത്തി പുറത്തുകൊണ്ടുവന്നത്. പ്രഭുദേവയും നഗ്മയും നായികാനായകന്മാരായ ഈ തട്ടുപൊളിപ്പന്‍ പ്രണയചിത്രത്തില്‍ നിഷ്‌കളങ്ക മുഖമുള്ള കൊടും ക്രൂരനായ വില്ലന്‍ വേഷമായിരുന്നു ഗിരീഷ് കര്‍ണാടിന്. നായികയായ ശ്രുതിയുടെ പിതാവ് ഗവര്‍ണര്‍ കക്കര്‍ല സത്യനാരായണമൂര്‍ത്തി എന്ന പ്രസ്തുത കഥാപാത്രത്തിന്റെ ആസുരത അസൂയാവഹമായിട്ടാണ് കര്‍ണാട് മുഖത്താവഹിച്ചത്. അതിന്റെ വിജയത്തെത്തുടര്‍ന്നാണ് വാസ്തവത്തില്‍, സമാന്തര/മധ്യവര്‍ത്തി സിനിമകള്‍ക്കുപരിയായി മുഖ്യധാര കമ്പോള സിനിമകളില്‍ കര്‍ണാടിന്റെ സാന്നിദ്ധ്യം കൂടുതല്‍ തിളങ്ങുന്നത്. ശാന്തീകൃഷ്ണയുടെ സഹോദരന്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ആദ്യമലയാള ചിത്രമായ ദ് പ്രിന്‍സി(1996)ല്‍ മോഹന്‍ലാലിന് കട്ടയ്ക്കു കട്ട നില്‍ക്കുന്ന വിശ്വനാഥ് എന്ന അധോലോക രാജാവിന്റെ വേഷവും, നാഗേഷ് കുക്കന്നൂരിന്റെ ഇഖ്ബാലി(2005)ലെ അവസരവാദിയായ ക്രിക്കറ്റ് കോച്ചും,സല്‍മാന്‍ ഖാന്റെ ഏക് ഥാ ടൈഗറിലെയും ടൈഗര്‍ സിന്ദ ഹൈയിലെയും റോ മേധാവി ഡോ.ഷേണായിയുമൊക്കെ അത്തരത്തില്‍ ഉരുത്തിരിഞ്ഞ വേഷങ്ങളായിരുന്നു.
ചലച്ചിത്രാഭിനയത്തില്‍ കരസ്ഥമാക്കാനായ ഇതേ വൈവിദ്ധ്യം ഒരു പരിധിവരെ നടനെന്നതിനപ്പുറമുള്ള തന്റെ ചലച്ചിത്രജീവിതത്തിലും നേടാനും നിലനിര്‍ത്താനും സാധിച്ച അപൂര്‍വ പ്രതിഭയായിരുന്നു ഗിരീഷ് കര്‍ണാട്. അതുകൊണ്ടാണ് സംസ്‌കാരയും വംശവൃക്ഷയും ഉത്സവും ഒരേ സമയം രചിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. അരങ്ങിന്റെ അനുഭവബാന്ധവം കര്‍ണാടിന്റെ ചലച്ചിത്ര ജീവിതത്തില്‍ പ്രതിഫലിച്ചത് നാടകീയ സ്വാധീനമായിട്ടായിരുന്നില്ല മറിച്ച്, കലയെന്നും കച്ചവടമെന്നും കള്ളിതിരിച്ചു മാറ്റിനിര്‍ത്താതെ കലാംശത്തിന് തരിമ്പും ഗ്‌ളാനിയേല്‍പ്പിക്കാതെ മനോരഞ്ജകത്വം സന്നിവേശിപ്പിക്കുന്നതിലുളള സര്‍ഗരഹസ്യമെന്ന നിലയ്ക്കായിരുന്നു. അതിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍ തന്നെയാണ് അദ്ദേഹം പിന്നണിയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രങ്ങളെല്ലാം.
കന്നഡ സിനിമയുടെ തലവര മാറ്റിക്കുറിച്ച സിനിമകളില്‍ പെട്ടവയായിരുന്നു സംസ്‌കാരയും വംശവൃക്ഷയും. അതുപോലെ ശ്രദ്ധിക്കപ്പെട്ട, എടുത്തുപറയേണ്ട സിനിമയാണ് ശ്രീകൃഷ്ണ അലനഹള്ളിയുടെ നോവലില്‍ നിന്ന് ഗിരീഷ് കര്‍ണാട് തിരക്കഥയെഴുതി അമ്രിഷ് പുരിയെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്ത കാട് (1973), ഭൈരപ്പയുടെ നോവലിനെ ആസ്പദമാക്കി നസീറുദ്ദീന്‍ ഷായെ കേന്ദ്രകഥാപാത്രമാക്കി ബി വി കാരന്തിനൊപ്പം സംവിധാനം ചെയ്ത തബ്ബാലിയു നീനട മാഗനൈ (1977), കുറോസാവയുടെ സെവന്‍ സമുറായിയുടെ സ്വാധീനത്തില്‍ സംവിധാനം ചെയ്ത ഒന്തനൊന്ദു കാലദള്ളി(1978) കുവെമ്പിന്റെ നോവലിനെ അധികരിച്ച് സംവിധാനം ചെയ്ത കണ്ണരു ഹേഗടത്തി (1999) തുടങ്ങിയവയൊക്കെ സംവിധാന മികവു കൊണ്ടും ചലച്ചിത്രസമീപനം കൊണ്ടും എടുത്തുപറയേണ്ട ചിത്രങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍, ശൂദ്രകന്റെ മൃച്ഛകടികമെന്ന സംസ്‌കൃത നാടകത്തെ അധികരിച്ച് സ്വതന്ത്ര ചലച്ചിത്രരൂപാന്തരമായി ഒരുക്കിയ ഉത്സവ് (1984) ആണ് അദ്ദേഹത്തിന് ഹിന്ദി മുഖ്യധാരയില്‍ കുറേക്കൂടി സ്വീകാര്യതയും കീര്‍ത്തിയും സമ്മാനിച്ചത്. നടന്‍ ശശികപൂര്‍ നിര്‍മിച്ച് രേഖ, അനുരാധ പട്ടേല്‍, നീനാഗുപ്ത, ശങ്കര്‍ നാഗ്, ശേഖര്‍ സുമന്‍, അംജദ്ഖാന്‍, ശശികപൂര്‍ എന്നിവര്‍ വേഷമിട്ട ഈ പീര്യഡ് ഫിലം അതിന്റെ നവ്യമായ ദൃശ്യസമീപനത്തിലൂടെ ഏറെ നിരൂപകശ്രദ്ധനേടി.
നാടകകൃത്തും എഴുത്തുകാരനുമായിരുന്നതുകൊണ്ടുതന്നെയാവണം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ലിഖിതസാഹിത്യത്തിന്റെ ദൃശ്യ രൂപാന്തരങ്ങളായിരുന്നു. തുഗ്‌ളക്ക്, ഹയവദന, യയാതി പോലെ കന്നഡ നാടകവേദിയില്‍ കൊടുങ്കാറ്റും അഗ്നിവര്‍ഷവും ഇടിമുഴക്കവും ഒരുപോലെ സൃഷ്ടിച്ച അരങ്ങവതരണങ്ങളുടെ സങ്കല്‍പം തന്നെ മാറ്റിമറിച്ച നാടകങ്ങളുടെ രചയിതാവായിരുന്നിട്ടും സ്വയം സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം സ്വന്തം നാടകങ്ങളെ സ്വീകരിച്ചില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അവയിലുള്ള വിശ്വാസക്കുറവുകൊണ്ടായിരുന്നില്ല മറിച്ച്, അവയുടെ പൂര്‍ണതയിലുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു, മറ്റൊരു മാധ്യമത്തിലേക്ക് അവ ആവഹിക്കേണ്ടതില്ലെന്ന ബോധ്യത്തില്‍ കൂടിയായിരുന്നു. അതേസമയം ജ്ഞാനപീഠം നേടിയ കുവെമ്പിന്റെ കൃതിയെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ജ്ഞാനപീഠജേതാവുകൂടിയായ കര്‍ണാടിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നതുമില്ല.
അഭിനയച്ചതു വച്ചു നോക്കുമ്പോള്‍ എത്രയോ കുറച്ചു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും അദ്ദേഹം അവതരിപ്പിച്ച പ്രതിഭകള്‍ക്കും കന്നഡഭാഷാ സിനിമയ്ക്കു നേടിക്കൊടുത്ത അംഗീകാരങ്ങള്‍ക്കും കണക്കില്ല. തിരക്കഥയെഴുതിയ സംസ്‌കാര 1970ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായപ്പോള്‍ കന്നഡ സിനിമാചരിത്രം മാറ്റിയെഴുതപ്പെടുകയായിരുന്നു.കാരണം ഈ ബഹുമതി നേടുന്ന ആദ്യത്തെ കന്നഡ സിനിമയായരുന്നു അത്. ലൊകാര്‍ണോയടക്കമുള്ള വിദേശമേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. തിരക്കഥയിലും സംവിധാനത്തിലും പങ്കാളിയായ വംശവൃക്ഷയിലൂടെയാണ് കന്നഡ സൂപ്പര്‍ സ്റ്റാറായിരുന്ന അന്തരിച്ച വിഷ്ണുവര്‍ധന്റെയും ഉമ ശിവകുമാറിന്റെയും അരങ്ങേറ്റം. 1971ലെ മികച്ച പ്രാദേശിക ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള ദേശീയ അവാര്‍ഡ് അടക്കം പത്തിലേറെ അവാര്‍ഡുകളാണ് വംശവൃക്ഷ നേടിയെടുത്തത്.
കാട് മികച്ച രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി. മികച്ച നടിക്കും(നന്ദിനി ഭക്തവത്സല) ബാലതാരത്തിനും(മാസ്റ്റര്‍ ജി എസ് നടരാജ്) ഉള്ള ദേശീയ അവാര്‍ഡും നേടി. പില്‍ക്കാലത്ത് ദേശീയ പ്രശസ്തി നേടിയ സംവിധായകന്‍ ടി.എസ്.നാഗാഭരണയായിരുന്നു കാടിന്റെ വസ്ത്രധാരകനും സഹസംവിധായകനും. 1977ല്‍ തബ്ബാലിയു നീനട മാഗെനെ  മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ ബഹുമതി നേടി. 1978ല്‍ ശ്യാം ബനഗലുമൊത്ത് ശ്യാമിന്റെ ഭൂമികയുടെ സ്‌ക്രിപ്റ്റിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതി പങ്കിട്ടു.. 78ല്‍ ഒന്താനൊണ്ട് കാലദള്ളിക്കും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ അനന്ത് നാഗിന് മികച്ച നടനുള്ള രജതചകോരം നേടിക്കൊടുത്ത ഈ ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയിലെ പ്രിയഗായികയായി ദേശീയ പ്രസിദ്ധി നേടിയ കവിതാകൃഷ്ണമൂര്‍ത്തിയുടെ അരങ്ങേറ്റം. അനന്ത് നാഗിന്റെ അനുജനും നാടകനടനുമായ അകാലത്തില്‍ പൊലിഞ്ഞ ശങ്കര്‍നാഗിന്റെ ചലച്ചിത്രനടനായുള്ള രംഗപ്രവേശവും ഈ ചിത്രത്തിലൂടെത്തന്നെയാണ്.
1992ല്‍ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ണാടിന്റെ ഹരിത ഫാന്റസി ചെലൂവിയിലൂടെയാണ് പില്‍ക്കാലത്ത് മികച്ച അഭിനേത്രിയെന്നു പേരെടുത്ത സൊനാലി കുല്‍ക്കര്‍ണിയുടെ ചലച്ചിത്രപ്രവേശം. 1999ല്‍ കണ്ണരു ഹേഗടത്തിനും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.നചികേത് പട്‌വര്‍ധന് മികച്ച കലാസംവിധാനത്തിനുള്ള ദേശീയ ബഹുമതി നേടിക്കൊടുത്ത കര്‍ണാടിന്റെ ഉത്സവാണ് നടന്‍ ശേഖര്‍ സുമന്റെ ആദ്യ ചിത്രം.
കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും അംഗീകരിക്കാനുമുള്ള മനസായിരുന്നു ഗിരീഷ് കര്‍ണാടിനെ വേറിട്ട വ്യക്തിത്വമാക്കി നിലനിര്‍ത്തിയത്. അതുകൊണ്ടാണ് വെറും മുപ്പത്തഞ്ചാം വയസില്‍ 1974ല്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഐ എ എസ് കാരനല്ലാത്ത ആദ്യത്തെ ഡയറക്ടറായിരിക്കെ തനിക്കെതിരേ സമരം ചെയ്ത വിദ്യാര്‍ത്ഥി നസീറുദ്ദീന്‍ ഷായെ, സുഹൃത്തായ ശ്യാം ബനഗലിന്റെ നിശാന്തിലെ ജമീന്ദാറുടെ ഇളയസഹോദരന്‍ വിശ്വത്തിന്റെ വേഷത്തിലേക്ക് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിന് വൈമനസ്യം തോന്നാത്തത്. അരങ്ങിലും സിനിമയിലും തികഞ്ഞ പ്രൊഫഷനലായിരുന്നു അദ്ദേഹമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. നിശാന്തില്ലായിരുന്നെങ്കിലും നസിറുദ്ദീനെപ്പോലൊരു പ്രതിഭ കഴിവുതെളിയിക്കുമായിരുന്നെങ്കിലും അങ്ങനൊരു പ്രതിഭയെ മുന്‍കൂട്ടി തിരിച്ചറിയാനായതിലാണ് കര്‍ണാടിന്റെ മഹത്വം.
പ്രമേയത്തിനും ഇതിവൃത്തത്തിനുമായി പാരമ്പര്യവേരുകളെ ആശ്രയിച്ച കര്‍ണാട് നാടകത്തിലെപ്പോലെ തന്നെ സിനിമയിലും അവയുടെ അവതരണത്തിന് ആധുനികതയുടെ പുതുവഴികള്‍ തേടുകയായിരുന്നു. ഹയവദന പോലൊരു പ്രമേയത്തിന്റെ സാക്ഷാത്കാരത്തിന് യക്ഷഗാനം പോലൊരു ക്‌ളാസിക്കല്‍ നാടോടി കലാരൂപത്തിന്റെ ഭാവശരീരത്തെയും അവതരണശൈലിയേയും സ്വാംശീകരിച്ചതുപോലെതന്നെയായിരുന്നു ചെലൂവിക്ക് പാരിസ്ഥിതിക കെട്ടുകഥയുടെ ശില്‍പഘടന സ്വീകരിച്ചതും ഉത്സവിന് കഥാകാലത്തോടു നീതിപുലര്‍ത്തുന്ന കാല്‍പനികമായൊരു ചലച്ചിത്രസമീപനം സ്വീകരിച്ചതും. കഥയ്ക്ക് കാലത്തെയും സംസ്‌കാരത്തെയും ആധാരമാക്കിയപ്പോഴും ദൃശ്യപരിചരണത്തിലും ആവിഷ്‌കാരത്തിലും തികഞ്ഞ ആധുനികതയെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. അതായിരുന്നു അദ്ദേഹത്തിന്റെ കലാപം. കലയോടും കാലത്തോടുമുള്ള കര്‍ണാടിയന്‍ കലാപം. അതുകൊണ്ടുതന്നെയാണ് സാഹിത്യത്തിലും നാടകത്തിലുമെന്നോണം ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലും ഗിരീഷ് കര്‍ണാട് എന്ന പേര് സുവര്‍ണനൂലിഴകള്‍ കൊണ്ടു തന്നെ തുന്നിച്ചേര്‍ക്കപ്പെടുന്നതും.



Monday, June 10, 2019

ദ് ആക്‌സിഡന്റല്‍ ജഗപൊഗ!

വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൈരളി ടിവി തുടങ്ങിയ കാലം. സ്ഥിരം സീരിയലുകളുടെ സ്ഥാനത്ത് അല്‍പസ്വല്‍പം വ്യത്യസ്തതയുള്ള ചില പരമ്പരകളും ഹ്രസ്വചിത്രങ്ങളുമൊക്കെ അതില്‍ പ്രത്യക്ഷപ്പെട്ടു.അതില്‍ എന്തുകൊണ്ടും വ്യത്യസ്തമായിരുന്നു (നിലവാരമുള്ളത് എന്നര്‍ത്ഥമില്ലെന്ന് അടിവരയിടുന്നു) ധന്വന്തരി സംവിധാനം ചെയ്ത ജഗപൊഗ. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ചലച്ചിത്രതാരങ്ങളുടെ സാമ്യമുള്ള ബോഡിഡബിള്‍സിനെയും ഡ്യൂപ്പുകളെയും വച്ച് ഒരു തട്ടിക്കൂട്ട്. ജയനും പ്രേം നസീറും സത്യനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മിമിക്രി സ്‌കിറ്റ് വേദികളില്‍ നിന്ന് കഥാപാത്രങ്ങളായി മാറിയ സീരിയല്‍. പില്‍ക്കാലത്ത് ദേശീയ ബഹുമതി വരെ നേടിയെടുത്ത അഭിനേതാവ് സുരാജ് വെഞ്ഞാറമ്മൂടിന്റെ അരങ്ങേറ്റം വാസ്തവത്തില്‍ ഈ പരമ്പരയിലെ മമ്മൂട്ടിയുടെ വേഷത്തിലൂടെയായിരുന്നു. ദാദാസാഹിബ് പുറത്തിറങ്ങിയ സമയത്ത് മമ്മൂട്ടിയായി ഡബിള്‍ ആക്ട് വരെ നടത്തിയിട്ടുണ്ട് സുരാജ് ആ പരമ്പരയില്‍. അതിലെ സുരാജിന്റെ പ്രകടനം ശ്രദ്ധിച്ച ചാനല്‍ ചെയര്‍മാന്‍ കൂടിയായ സാക്ഷാല്‍ മമ്മൂട്ടിയുടെ ക്ഷണപ്രകാരം ബല്ലാരി രാജയുടെ തിരുവനന്തപുരം ഭാഷ പറഞ്ഞുകൊടുക്കാന്‍ ചെല്ലുന്നതോടെയാണ് സുരാജിന്റെ സിനിമാജാതകം തന്നെ മാറിമറിയുന്നത്. ജനപ്രീതിയില്‍ വച്ചടിവച്ചു കയറിയ ജഗപൊഗയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അതേ പേരില്‍ ധന്വന്തരി ഒരു സിനിമയും പുറത്തിറക്കി 2001ല്‍. കാര്യമായ നിലവാരമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തറവളിപ്പന്‍ സിനിമ മാത്രമായിരുന്നു അത്. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ കാരണം ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ഹിന്ദി സിനിമ കണ്ടതാണ്. ഡോ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിത്തീര്‍ന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെപ്പറ്റിയും മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ മാധ്യമോപദേഷ്ടാവുമായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമെന്ന നിലയില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ ചിത്രം. പുസ്തകമായപ്പോള്‍ വിവാദങ്ങള്‍ ആളിക്കത്തിച്ച ഇതിവൃത്തം സിനിമയായപ്പോള്‍ നനഞ്ഞ പടക്കമായെങ്കില്‍ അതിനു കാരണം ജഗപൊഗയിലേതു പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാം ഏറെ അറിയുന്ന സൂപ്പര്‍ മെഗാ താരങ്ങളുടെ ലുക്ക് എലൈക്കുകളെ അണിയിച്ചൊരുക്കി ചെയ്ത ഒരു മിമിക്രിക്കപ്പുറം ഒരു സിനിമയായി വളരാന്‍ അതിനു സാധിക്കാതെ പോയതുകൊണ്ടാണ്. അനുഗ്രഹീതരായ അനുപം ഖേറിനെയും അക്ഷയ് ഖന്നയെയും പോലുള്ള അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ടായിട്ടും ഹിന്ദിയിലൊരു ജഗപൊഗയ്ക്കപ്പുറം സിനിമാത്മകമാവാന്‍ ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കായില്ല. ഒരു കഥേതര പുസ്തകത്തെ സിനിമയിലേക്ക് ആവഹിക്കുന്നതെങ്ങനെ എന്നറിയാതെ പോയ തിരക്കഥാകൃത്തും അത്തരമൊരു തിരക്കഥ വച്ചൊരു സിനിമ തട്ടിക്കൂട്ടാമെന്നു നിനച്ച സംവിധായകനും തന്നെയാണ് ഇതിന്റെ ഉത്തരവാദികള്‍. ഫലമോ, ഒന്നാംതരമൊരു സിനിമയ്ക്കു വേണ്ട കോപ്പുകളുണ്ടായിട്ടും എങ്ങുമെത്താതെ അവസാനിക്കേണ്ടി വന്ന ഒരു ചലച്ചിത്രസ്വപ്‌നം മാത്രമായി അതു പ്രേക്ഷകന്റെ വിലയേറിയ സമയം വെറുതേ അപഹരിച്ചു.

Wednesday, June 05, 2019

സാറയുടെ തൊട്ടപ്പന്‍

ചില സിനിമകള്‍ കാണുമ്പോഴും ചില രചനകള്‍ വായിക്കുമ്പോഴും ചില മുന്‍ ക്‌ളാസിക്കുകളുടെ നൊസ്റ്റാള്‍ജിക്ക് ഓര്‍മ്മകള്‍ തികട്ടിവരുന്നത് പുതുരചനയുടെ രചനാഗുണത്തിന്റെ ദൃഷ്ടാന്തമാണ്. ഷാനവാസ് എം ബാവക്കുട്ടിയുടെ തൊട്ടപ്പന്‍ കണ്ടപ്പോള്‍ വ്യക്തിപരമായി എനിക്ക് എന്തുകൊണ്ടോ പത്മരാജന്‍ൃ-ഐ.വി.ശശിമാരുടെ ഇതാ ഇവിടെ വരെയുടെ ഓര്‍മ്മകളുണര്‍ന്നു. ശ്രീനിവാസന്‍-കമല്‍ ടീമിന്റെ ചമ്പക്കുളം തച്ചനെയും ടി.കെ.രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ടിനെയും (ഇതാ ഇവിടെവരെയുടെ ഫീമെയില്‍ വേര്‍ഷനാണല്ലോ അത്) കെ.ജി.ജോര്‍ജ്ജിന്റെ കോലങ്ങളെയും ഓര്‍മപ്പെടുത്തി. ഇവിടെ ഒരു കാര്യം ആശങ്കയ്ക്കു വകയില്ലാതെ വ്യക്തമാക്കിക്കൊള്ളട്ടെ. ഇപ്പറഞ്ഞ സിനിമകളുടെയൊന്നും അനുകരണമല്ല തൊട്ടപ്പന്‍. പ്രമേയപരമായും ആവിഷ്‌കാരപരമായും അതു മൗലികവും സ്വതന്ത്രവുമായൊരു നല്ല രചന തന്നെയാണ്. സമകാലികമലയാള സിനിമയുടെ ഹൈപ്പര്‍ റിയലിസ്റ്റ് സമീപനത്തോടൊട്ടി നില്‍ക്കുന്ന ദൃശ്യസമീപനം. നാട്ടിമ്പുറത്തിന്റെയും സാധാരണക്കാരുടെയും ജീവിതത്തില്‍ നിന്നു ചീന്തിയെടുത്തത് എന്നു തോന്നിപ്പിക്കുന്ന തരം ആഖ്യാനം. ഫ്രാന്‍സിസ് നൊറോണയുടെ മൂലകഥ ആത്മാവായി നിലനില്‍ക്കുന്നുവെന്നേയുള്ളൂ.
എന്നാലും ചില ലാറ്റിനമേരിക്കന്‍/ഇറാന്‍ ചിത്രങ്ങളിലേതുപോലെ പ്രകൃതി ഒരു കഥാപാത്രമായിത്തന്നെ സജീവ സാന്നിദ്ധ്യമാകുന്നതുകൊണ്ടോ, അതിലെ ജീവിതചിത്രീകരണത്തിലെ പല അംശങ്ങളിലും പത്മരാജ-ഐ.വി.ശശി-ഭരത പ്രഭൃതികളുടേതിനു സമാനമായ ദൃശ്യപരിചരണം കണ്ടെത്താനായതുകൊണ്ടോ ആകണം തൊട്ടപ്പന്‍ ഇങ്ങനെ ചില നൊസ്റ്റാള്‍ജിയ മനസിലുന്നയിച്ചത്. ലൊക്കേഷന്‍ തെരഞ്ഞെടുപ്പു മുതല്‍ അതിനെ ഫലപ്രദമായി അതിലേറെ അര്‍ത്ഥപൂര്‍ണമായി സിനിമയിലുപയോഗിക്കുന്നതില്‍ വരെ സംവിധായകന്‍ മാത്രമല്ല ഛായാഗ്രാഹകന്‍ സുരേഷ് രാജനും അസാമാന്യമായി വിജയിച്ചിരിക്കുന്നു. ഛായാഗ്രഹണത്തില്‍ അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച വര്‍ക്കാണ് തൊട്ടപ്പനിലേത്. അതുപോലെ ശ്രദ്ധിക്കപ്പെട്ടു ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും.
രണ്ടാം പകുതിയിലെ അനാവശ്യ ഉപാഖ്യാനങ്ങളെ തുടര്‍ന്നുണ്ടായ ചെറിയ ലാഗിങ് മാറ്റിനിര്‍ത്തിയാല്‍ മൊത്തത്തില്‍ ചിത്രം അടുത്ത കാലത്തുവന്ന മികച്ച മലയാള സിനിമകളില്‍ ഒന്നുതന്നെയാണെന്നതില്‍ തര്‍ക്കമില്ല. പ്രമേയത്തിന്റെ ഏകാഗ്രതയ്ക്കു ഭംഗം വരുത്തിയ ഈ വച്ചുകെട്ടുകള്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ തൊട്ടപ്പന്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായേനെ. എന്നാല്‍ ഈ സിനിമയുടെ കണ്ടെത്തല്‍ എന്നു പറയാവുന്നത്  സാറയായി അഭിനയിച്ച പ്രിയംവദയാണ്. സാറയെ പാറ പോലുറച്ച ചങ്കുള്ളവളാക്കുന്നതില്‍ പ്രിയംവദയുടെ പങ്ക് നിസ്തുലമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ നേരത്തേതന്നെ പലവട്ടം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള വിനായകന്റെ പ്രകടനത്തെപ്പറ്റി അതുകൊണ്ടുതന്നെ മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ, പ്രിയംവദയെപ്പോലൊരാളുടെ പ്രകടനത്തിന്റെ പേരിലായിരിക്കും തൊട്ടപ്പന്‍ സാധാരണ പ്രേക്ഷകന്റെ ഹൃദയത്തില്‍ ബാക്കിയാവുക. പിന്നെ, തൊട്ടപ്പന്‍ ഞെട്ടിപ്പിച്ചത് പ്രിയപ്പെട്ട രഘുനാഥ് പലേരിയുടെ നടനചാരുതയിലൂടെയാണ്. നാളിതുവരെ അക്ഷരങ്ങളായും സാക്ഷാത്കാരകനായുമെല്ലാം ക്യാമറയ്ക്കു പിന്നില്‍ മാത്രം നിന്നിരുന്ന രഘുനാഥ് പലേരിയെപ്പോലെ ഒരാളില്‍ ഇങ്ങനെയൊരു നടന്‍ ഉറങ്ങിക്കിടപ്പുണ്ടെന്നു കണ്ടെത്തിയതിനു മാത്രം ഷാനവാസ് ബാവക്കുട്ടിക്ക് ഒരുമ്മ അത്യാവശ്യമാണ്. അന്ധനായ മുസ്‌ളിം കടക്കാരന്റെ വേഷത്തില്‍ രഘുനാഥ് തിളങ്ങുകയായിരുന്നില്ല, ജീവിക്കുക തന്നെയായിരു്ന്നു.
കുട്ടിമാമ്മ പോലുള്ള സിനിമകളെടുക്കാന്‍ ഇന്നും ഉളുപ്പില്ലാത്ത സിനിമാക്കാര്‍ തൊട്ടപ്പന്‍ പോലുളള സിനിമകളെ ഒന്നുകൂടി ശ്രദ്ധയോടെയും ശുഷ്‌കാന്തിയോടെയും കണ്ടു പഠിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കുകയല്ലാതെ എന്തു ചെയ്യും?