Tuesday, April 30, 2019

വെജിറ്റേറിയന്റെ ക്യാന്റീന്‍ അനുഭവങ്ങള്‍

സസ്യേതര ക്യാന്റീനിനെ ആശ്രയിക്കുന്ന സസ്യഭുക്കിന്റെ ജീവിതം
പലകുറി എഴുതണമെന്നു വച്ചതാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ദിവസേന ക്യാന്റീനുകളെയും ഹോട്ടലുകളെയും ആശ്രയിച്ചു ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍. പത്താം ക്‌ളാസു കഴിഞ്ഞ് നാളിതുവരെ മത്സ്യമാംസാദികള്‍ കഴിച്ചിട്ടില്ലാത്ത സസ്യഭുക്കാണ്. (വിശ്വാസമോ രാഷ്ട്രീയമോ ആയ യാതൊരു ഹാങോവറും ഇതുമായി ബന്ധപ്പെട്ടില്ല എന്ന് അടിവരയിടുന്നു. വേണമെന്നു തോന്നിയില്ല, കഴിച്ചില്ല. കഴിക്കുന്നവര്‍ക്കൊപ്പമിരുന്നു കഴിക്കാനോ മറ്റോ യാതൊരു തടസവുമില്ലെന്നു മാത്രമല്ല സസ്യേതരമാണ് ലോകത്ത് എവിടെച്ചെന്നാലും രക്ഷപ്പെട്ടുപോകാന്‍ നല്ലത് എന്ന് കോഴിക്കോടന്‍ കണ്ണൂര്‍ തൊഴില്‍കാലയളവിലൂടെയും അമേരിക്കന്‍ യാത്രയിലൂടെയുമുള്ള  സ്വാനുഭവത്താല്‍ ഉത്തമ ബോധ്യമുള്ള ആളുമാണ്)
സസ്യഭുക്കുകള്‍ക്ക് ക്യാന്റീനിലും സസ്യേതരഹോട്ടലുകളിലും നിന്ന് ഉച്ചയൂണ് കഴിക്കുന്നതാണ് ഏറ്റവും പ്രയാസം.കാരണം സസ്യേതര ഉച്ചഭക്ഷണത്തിന് സാധാരണ പച്ചക്കറി കൂട്ടാനുകള്‍ പേരിന് ഒരു അവിയല്‍/എരിശ്ശേരി/കൂട്ടുകറി, ഒരു മെഴുക്കുപുരട്ടി/തോരന്‍, ഒരു പച്ചടി/കിച്ചടി, അച്ചാര്‍. ഇത്രയുമാണ് സാധാരണ പതിവ്. ഇതാകട്ടെ ഓര്‍ഡര്‍ ചെയ്താല്‍ കൊണ്ടുവയ്ക്കുന്ന പാത്രത്തിലെ ഡിഫോള്‍്ട്ട് വിളിമ്പില്‍ തൊട്ടു കൂട്ടാന്‍ മാത്രം വിളമ്പുകയാണു പതിവ്. ചിത്രകാരന്മാര്‍ ഉപയോഗിക്കുന്ന കളര്‍ മിക്‌സിങ് പെലറ്റ് ആണ് പലപ്പോഴും ഈ പാത്രത്തില്‍ വിളമ്പി കൊണ്ടുവന്നു വയ്ക്കുന്ന കറികള്‍ കാണുമ്പോള്‍ മനസില്‍ തെളിയുക. വര്‍ണം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന പെലറ്റിലെ കുഴികളില്‍ പേസ്റ്റില്‍ നിന്ന് കളര്‍ പിഴിഞ്ഞു തേച്ചു വയ്ക്കുന്നതിനു സമാനമായി സ്പൂണില്‍ തൊട്ടു ചാലിച്ചിരിക്കും. അച്ചാറൊക്കെ മിക്കവാറും ചുവന്ന കളറില്‍ ദ്രാവകം മാത്രമേ കാണുകയുമുള്ളൂ. സൈഡ് ഡിഷ് ആയി മീനോ ഇറച്ചിയോ ഒക്കെ വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതുകൊണ്ട് ഈ കറി ചാലിക്കല്‍ നോണ്‍ വെജ് ഉപഭോക്താക്കള്‍ക്ക് പ്രശ്‌നമാവുകയേ ഇല്ല. കാരണം അവരെ സംബന്ധിച്ച് ഒഴിക്കാന്‍ അല്‍പം മീന്‍ചാറും കുറഞ്ഞപക്ഷം സാമ്പാറും പിന്നെ മീന്‍ കറി/പെരട്ട്/വറ, ചിക്കന്‍ ഫ്രൈ, ബീഫ് ഉലര്‍ത്തിയത്/മസാല/കറി എന്നിവയിലേതെങ്കിലുമുണ്ടെങ്കില്‍ ഊണ് ഉഷാറാവും. അതിനിടെ ഇടയ്‌ക്കൊരു രസത്തിനാണ് അല്‍പം അച്ചാറോ, തോരനോ അവിയലോ തൊട്ടു വായില്‍വയ്ക്കുക. ക്യാന്റീനില്‍ നോണ്‍വെജ് ആയ ഒരാള്‍ ഊണു കഴിച്ചു പോയ പാത്രം നോക്കിയാല്‍ മനസിലാവും ഇക്കാര്യം. കാരണം ആദ്യം വിളമ്പിയ തൊടുകറികള്‍ പോലും നല്ലൊരു ശതമാനം ബാക്കിയിരിക്കുന്നുണ്ടാവും. അതേസമയം മീനിന്റെ മുളളും ഇറച്ചിയുടെ എല്ലുമല്ലാതെ യാതൊന്നും ശേഷിക്കുകയുമില്ല.
എന്നാല്‍, സസ്യഭുക്കിന്റെ കാര്യം അങ്ങനല്ല. രണ്ടാമതു ചോറു വിളിമ്പിക്കാത്ത ആളാണു ഞാന്‍. വളരെ കുറച്ചു മാത്രം ചോറു കഴിക്കുന്ന, ലേശം ലാവിഷായി കറികള്‍ കൂട്ടുന്ന ആള്‍.ഇനി അങ്ങനല്ലെങ്കില്‍ക്കൂടി ഹോട്ടലുകളിലെയും ക്യാന്റീനുകളിലെയും ഡിഫോള്‍ട്ട് വിളമ്പിലെ കറികള്‍ പോരാ ചോറുണ്ടുതീര്‍ക്കാന്‍. കാരണം പെരുവിരലും ചൂണ്ടുവിരലും മാത്രം കൂട്ടി ബലിതര്‍പ്പണത്തിന് എള്ളും പൂവും എടുക്കുന്നതുപോലെ എടുത്താല്‍ക്കൂടിയും ആദ്യം വിളമ്പിയ ചോറിന്റെ പകുതി കൂടി കഴിക്കാനൊക്കില്ല. സ്വാഭാവികമായും എന്നേപ്പോലുള്ളവര്‍ കറികള്‍ റീഫില്ലു ചെയ്യാന്‍ ആവശ്യപ്പെടും. അവിടെയാണ് പ്രശ്‌നം!
ആദ്യം വിളമ്പിയ കറികള്‍ പാലറ്റില്‍ ചാലിച്ചതുപോലെയാണെന്നൊന്നും കണക്കിലെടുക്കാതെയാണ് വിളമ്പുകാര്‍ കറിത്തൂക്കു കൊണ്ടുവന്ന് പാത്രത്തില്‍ രണ്ടാം സര്‍വീസ് നടത്തുന്നത്.എന്തോ ഔദാര്യം ചെയ്യുന്ന ഭാവമായിരിക്കും മുഖത്ത്. (ഇവെന്തോ കയ്യില്‍ കാശില്ലാത്തതുകൊണ്ട് നോണ്‍വെജ് സൈഡ് ഡിഷൊന്നും വാങ്ങാതെ മെനക്കെടുത്താനിറങ്ങിയിരിക്കുന്നു എന്നും വ്യാഖ്യാനിക്കാം ആ ഭാവത്തെ.)നാലു കുഴിപാത്രത്തില്‍ ഒറ്റ പിടി ഘടിപ്പിച്ച് നാലു കൂട്ടം വിളമ്പാനും ഒരൊറ്റ സ്പൂണുമായിട്ടാവും വരവ് (തവി എന്നൊന്ന് കണ്ടുപിടിച്ചകാര്യം ഈ ഊണുകറി വിളമ്പലില്‍ മാത്രം അറിഞ്ഞ ഭാവം കാണില്ല ക്യാന്റീനിലും ഹോട്ടലിലും. ഇവിടെ സ്പൂണ്‍ മാത്രം) എന്നിട്ട് മദം പൊട്ടി വരുന്ന ആനയില്‍ നിന്നു രക്ഷപ്പെടാന്‍ മുന്നില്‍പ്പെട്ട പാപ്പാന്‍ ഓടിത്തള്ളുന്ന വേഗത്തില്‍ നാലു പാത്രങ്ങളിലും ഒരേ സ്പൂണിട്ട് നാലു കോരു കോരി നമ്മുടെ പാത്രത്തിലെ കള്ളികള്‍ നിറയ്ക്കും. ഓരോന്നിലും രണ്ടു തവണ കോരിയെന്നു ബോധിപ്പിക്കുകയും ചെയ്യും. രണ്ടാമത്തെ കോരില്‍ സ്പൂണ്‍ പാത്രത്തിലെ കറിയില്‍ മുട്ടാറുപോലുമില്ലെന്നത് വേറെ കാര്യം. കുറച്ചു കൂടി കറി വേണമെന്നെങ്ങാനും ആവശ്യപ്പെട്ടുപോയാല്‍ വിളമ്പുകാരന്റെ മട്ടുമാറും.
ഒരിക്കല്‍ കൂടി പാത്രത്തില്‍ സ്പൂണൊന്നു കാണിച്ച് രണ്ടു പറ്റ് കൂടി നമ്മുടെ പാത്രത്തിലേക്കിട്ടുതരും. (ഇയാള്‍ക്കു മാത്രം വിളമ്പിയാല്‍ മതിയോ ഞങ്ങള്‍ക്ക് എന്നാവും ഭാവം)
ഇനിയാണു ക്‌ളൈമാക്‌സ്.
ഇങ്ങനെ ഹോമം നടത്തുന്ന പൂജാരിയുടെ കൈയൊതുക്കം കാട്ടുന്ന വിളമ്പ് എന്ന കണ്‍കെട്ടിനിടെയിലും വിളമ്പുകാരന്റെ അസാമാന്യ കൈവേഗത്തിനിടെ നമ്മുടെ പാത്രത്തിനു പുറത്ത് മേശയിലും തറയിലുമായി തെറിച്ചു വീണു പാഴാവുന്ന കറിയംശങ്ങള്‍ കണ്ട് എത്രയോ തവണ കൊതിയോടെ അതിലേറെ നിരാശയോടെ നോക്കിയിരിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. കഴിയുന്നത്ര വിളമ്പുന്ന ഭക്ഷ്യവിഭവങ്ങള്‍ പൂര്‍ണമായും കഴിച്ചു തീര്‍ക്കാന്‍ അച്ഛന്‍ കാണിച്ചു തന്ന മാതൃക പിന്തുടരുന്നയാളാണു ഞാന്‍. വേണ്ടത്രയേ വിളമ്പിക്കൂ. വിളമ്പിയതത്രയും കഴിക്കുകയും ചെയ്യും. ഞാന്‍ കഴിച്ച പാത്രത്തിലും ഇലയിലും സാധാരണ കറിവേപ്പില, മുരിങ്ങത്തണ്ട്, മുളക് എന്നിവയേ ബാക്കിയുണ്ടാവൂ. അപ്പോഴാണ് എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമായി വിളയിച്ചെടുത്ത പച്ചക്കറിയും തേങ്ങയും മസാലയുമടക്കമുള്ളവ അലക്ഷ്യമായ വിളമ്പലിലൂടെ നിലത്തും മേശമേലുമായി തൂകിത്തെറിപ്പിച്ചു പാഴാക്കുന്നത്! ദേഷ്യം വരാതെന്തു ചെയ്യും? ഒരു ദിവസം ഇങ്ങനെ തൂകിത്തെറിക്കുന്ന കറിയുണ്ടെങ്കില്‍ ഒരു ക്യാന്റീനില്‍ കുറഞ്ഞത് രണ്ടുപേര്‍ക്കെങ്കിലും സുഖമായി ഊണുകഴിക്കാനുള്ളതു വരുമെന്നാണ് എന്റെയൊരു നിരീക്ഷണം. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?


1 comment:

Rajesh said...

With our Call Girls in Dwarkaand escorts services, you may really improve stage of fun by its quality services different. Sure! This assists its people to victory over all the gloom and depressive disorders from your lifestyle and appeases your delicate wishes specifically.So, you may do a trip at web page and can get your wish suggested with an outstanding woman escort. Check our other services also...
Call Girls in Paharganj
Call Girls in Paharganj
Call Girls in Paharganj
Call Girls in Paharganj
Call Girls in Paharganj
Call Girls in Paharganj