Kalakaumudi 2019 March 17-22
എ.ചന്ദ്രശേഖര്‍
ജി.അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ സംവിധായകനാകുന്നത് ആകസ്മികമായിരുന്നെന്നും അതിനുതക്ക പരിശീലനമോ മുന്നോരുക്കമോ അദ്ദേഹത്തിനുണ്ടാ യിരുന്നില്ലെന്നു അദ്ദേഹവുമായി ഏറെ അടുത്തിടപ ഴകിയ,അരവിന്ദന്‍ സിനിമകളെ ഏറ്റവുമധികം ആഴത്തില്‍ മനസിലാക്കിയ ഒരാള്‍ എഴുതുമ്പോള്‍ അതില്‍ കൗതുക ത്തേക്കാളധികം ആധികാരികതയുണ്ട്. എഴുപതുകളില്‍ മലയാളസത്തില്‍ ശക്തിപ്രാപിച്ച സമാന്തര കലാസിനിമകളിലൂടെ മലയാളസിനിമയുടെ യശസ് ലോകമെമ്പാടുമെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി.വാസുദേവന്‍നായര്‍ എന്നിവരെ പിന്‍പറ്റി സിനിമയുടെ ലാവണ്യാനുഭവത്തില്‍ പ്രത്യക്ഷമാറ്റം സാധിതമാക്കിത്തന്ന അരവിന്ദനിലെ സംവിധായകന് വര്‍ഷങ്ങളോളം അദ്ദേഹം വരച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ ഫ്രെയിമുകളോടും കഥാപാത്രങ്ങളോടും നിരീക്ഷണങ്ങളോടും ദര്‍ശനങ്ങളോടുമുള്ള പൊക്കിള്‍ക്കൊടി ബന്ധവും അങ്ങനെതന്നെ. മലയാള സിനിമയിലെ അരവിന്ദായനകാലത്ത് ആനുകാലിക പത്രപ്രവര്‍ത്തനത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്കു വഴിമരുന്നിട്ട പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായരുടെ അരവിന്ദസ്മൃതികള്‍ക്ക് പതിവു സ്മൃതിഗ്രന്ഥങ്ങള്‍ക്കില്ലാത്ത ഒരുപാടു വ്യത്യാസങ്ങളുണ്ട്.അതില്‍ പ്രധാനം അത് അടിസ്ഥാനപരമായി ഒരു വ്യക്തിയെ പറ്റിയുള്ള ഓര്‍മക്കുറിപ്പെന്നതിലുപരി ആ വ്യക്തിയും എഴുത്തുകാരനുമുള്‍പ്പെടുന്ന ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരികചരിത്രംതന്നെയാവുന്നുവെന്നുള്ളതാണ്. സ്വതവേ അന്തര്‍മുഖനായിരുന്ന അരവിന്ദന്‍ എന്ന കലാകാരനിലെ സിനിമാക്കാരനെ മാത്രമല്ല കാര്‍ട്ടൂണിസ്റ്റിനെ, സംഗീതജ്ഞനെ, നാടകക്കാരനെ ഒക്കെ ജയചന്ദ്രന്‍ നായര്‍ തനിക്കു മാത്രം സാധ്യമാവുന്ന ഭാഷയില്‍, സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനഃസൃഷ്ടിക്കുകയാണ് മൗനപ്രാര്‍ത്ഥനപോലെ എന്ന പുസ്തകത്തില്‍. സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഉപശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെതന്നെ ഇത് ഒരേ സമയം അരവിന്ദനെയും അരവിന്ദന്റെ ചലച്ചിത്രങ്ങളെയും പറ്റിയുള്ള പുസ്തകം തന്നെയാണ്.അതില്‍ അരവിന്ദനെ അത്രയടുത്തു നിന്നും കൂടെ സഞ്ചരിച്ചും കണ്ട ഒരാളുടെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളുണ്ട്. ചലച്ചിത്രസംഭാവനകളെയും കാര്‍ട്ടൂണിസ്റ്റും നാടകസംവിധായകനുമെന്നനിലയ്ക്കുള്ള അരവിന്ദന്റെ സര്‍ഗസംഭാവനകളെപ്പറ്റിയുള്ള നിഷ്പക്ഷമതിയായൊരു പത്രാധിപരുടെ, കലാസ്വാദകന്റെ നിരൂപിക്കലുകളുണ്ട്. വ്യക്തിനിഷ്ഠമാകുമ്പോഴും വസ്തുനിഷ്ഠത പുലര്‍ത്തുന്നതുകൊണ്ടുതന്നെയാണ് മൗനപ്രാര്‍ത്ഥനപോലെ, കേവലമൊരു സ്മൃതിപുസ്തകം മാത്രമായി ചുരുങ്ങിപ്പോകാത്തത്.
ജീവിതത്തിലെന്നപോലെ തന്നെ നിശ്ശബ്ദമായിട്ടായിരുന്നു അരവിന്ദന്‍ എന്ന വലിയ കലാകാരന്റെ അകാലമരണവും. 1991 മാര്‍ച്ചിലെ ഒരു ഉത്തരായണ രാത്രിയുടെ ആദ്യയാമത്തിലെ ധ്യാനനിശ്ശബ്ദതയില്‍ അനശ്വരതയുടെ ലോകത്തേക്കു പ്രയാണമാരംഭിച്ച അരവിന്ദന്റെ് അന്ത്യനിമിഷങ്ങളുടെ ഓര്‍മകള്‍ വീണ്ടെടുത്തുകൊണ്ടാണ് ജയചന്ദ്രന്‍ നായര്‍ തന്റെ പുസ്തകം തുടങ്ങുന്നത്. വിറുങ്ങലിച്ചു നില്‍ക്കുന്ന രാവിന്റെ സാന്ദ്രതയില്‍ കട്ടിലില്‍ കാവിമുണ്ടുടുത്ത അരവിന്ദന്‍. നിദ്രയുടെ ആലസ്യത്തില്‍ അമര്‍ന്നതുപോലെ. ആ ശരീരം നിലത്തു പായ വിരിച്ച് എടുത്തു കിടത്തുന്നതുമുതല്‍ അരവിന്ദന്‍ എന്ന കലാകാരന്റെ സംഭാവനകളെക്കുറിച്ചുളള പ്രാര്‍ത്ഥനാപൂര്‍വമുള്ളൊരു തിരിഞ്ഞുനോട്ടം ആരംഭിക്കുകയാണ്. മലയാളകാര്‍ട്ടൂണില്‍ അസ്തിത്വദുഃഖത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയുമടക്കമുള്ള അനുരണനങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പരമ്പരയിലെ രവിയ്ക്ക് ഖസാക്കിലെ രവിയോടുള്ള സാത്മ്യം ആ കാലഘട്ടത്തിലെ എഴുത്തുകാരും കലാകാരന്മാരും പങ്കുവച്ച സൗന്ദര്യാത്മക ലാവണ്യബോധത്തിന്റെ അടയാളമായി ജയചന്ദ്രന്‍ നായര്‍ വിലയിരുത്തുന്നത് എത്ര തന്മയത്വവും സത്യസന്ധവുമായിട്ടാണ്! അതുപോലെതന്നെയാണ് കേരളത്തില്‍ മുഖ്യധാരാ നാടകവേദിക്കു ബദലായി രൂപവല്‍കൃതമായി കരുത്താര്‍ജിച്ച തനതു നാടകവേദിയില്‍ അരവിന്ദന്‍ എന്ന നാടകകാരന്റെ സംഭാവനകളെപ്പറ്റി സൂചിപ്പിക്കുന്നതും. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ തുടക്കം മുതല്‍ അതിനൊപ്പം നടന്ന, അടൂര്‍ ഗോപാലകൃഷ്ണനൊപ്പം നല്ല സിനിമയ്ക്കു വേണ്ടി നിലകൊണ്ട അരവിന്ദന്‍ പിന്നീടൊരു ജീവിതമുഹൂര്‍ത്തത്തില്‍ ഒട്ടും കാംക്ഷിക്കാതെ ചലച്ചിത്രസംവിധായകനായിത്തീരുന്ന കഥ അരവിന്ദസിനിമകളിലെ സന്ദിഗ്ധതകള്‍ പോലെ മാസ്മരമായിട്ടാണ് ജയചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്നത്. അതിന് അരവിന്ദനുമായി അടുത്തും അകലെയും നിന്നു പ്രവര്‍ത്തിച്ച പല പ്രമുഖരുടെയും അനുഭവപ്രപഞ്ചങ്ങളില്‍ നിന്നുള്ള ചില അടരുകളും നിരത്തിവയ്ക്കുന്നുണ്ട് അദ്ദേഹം.
ഓര്‍ക്കാപ്പുറത്തു സിനിമാസംവിധായകനാകേണ്ടി വന്ന അരവിന്ദനെപ്പറ്റി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഓര്‍ത്തെടുക്കുന്നത് വായിക്കുക: ഒരു ദിവസം ഞങ്ങളുടെ ചര്‍ച്ചയില്‍ ഒരാശയം വന്നു. ഒരുസിനിമയെടുത്താലോ? അരവിന്ദനെ ലക്ഷ്യമാക്കിയായിരുന്നു തിക്കോടിന്റെയൊക്കെ വര്‍ത്തമാനം. നല്ലത്. പക്ഷേ ആരാണു സംവിധാനം ചെയ്യുക എന്നായിരുന്നു അരവിന്ദന്റെ ചോദ്യം. അരവിന്ദന്‍ സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് സിനിമ എന്നായി ഞങ്ങള്‍. തിക്കോടിയന്റെ സ്‌ക്രിപ്റ്റ് വന്നു. അതാണ് ഉത്തരായനം.
പതിവു വഴക്കങ്ങള്‍ക്കെതിരേയുള്ള കുതറിമാറലായിരുന്നു ആ സിനിമ.താരനിര്‍ണയത്തില്‍ത്തുടങ്ങി ഛായാഗ്രാഹണത്തിലും സന്നിവേശത്തിലും ദൃശ്യപരിചരണത്തിലും പശ്ചാത്തലസംഗീതത്തിലും വരെ വഴിമാറി നടന്ന സിനിമ. അതേപ്പറ്റി മലയാള സിനിമാചരിത്രം ഛായാഗ്രഹണകലയില്‍ ഇനിയും അര്‍ഹതയ്ക്കപ്പമൊരു ഇരിപ്പിടം നല്‍കിക്കണ്ടിട്ടില്ലാത്ത മഹാപ്രതിഭ മങ്കടരവിവര്‍മ്മ ഓര്‍ത്തിട്ടുള്ളതുകൂടി ജയചന്ദ്രന്‍ നായര്‍ കൂട്ടിയെഴുതുമ്പോഴാണ് ഉത്തരായനത്തിന്റെ ചരിത്രപ്രസക്തി ചലച്ചിത്രചരിത്രകാരന്മാര്‍ക്കു പൂര്‍ണമായി മനസിലാവുക.എം.വിദേവനാണ് മങ്കടയെ ക്ഷണിക്കുന്നത്. : അരവിന്ദന്‍ വന്നു, ഉത്തരായനത്തിന്റെ കഥ പറഞ്ഞുതന്നു. മലബാറിലെ സ്വാതന്ത്ര്യസമരാധ്യായത്തിന്റെ കഥ. വീറോടെ, വീര്യത്തോടെ പ്രാണന്‍ പണയം വച്ചും പോരാടിയവരുടെയും അതില്‍ നിന്നു മുതലെടുത്തവരുടെയും കഥ....സൗമ്യമായ സ്വരത്തിലാണ് അരവിന്ദന്‍ സ്‌ക്രിപ്റ്റിന്റെ ചുരുളഴിച്ചതെങ്കിലും എന്റെ ചോര തിളച്ചുമറിയുന്നുണ്ടായിരുന്നു.ഞാനെന്റെ മനസില്‍ പറഞ്ഞു,എന്നെ ഈ ചിത്രത്തിന്റെ ക്യാമറാപ്പണി ഏല്‍പ്പിച്ചതിന് ഒരായിരം നന്ദി. ഞാന്‍ പഠിച്ചുണ്ടാക്കിയ കരവിരുതിനൊരു സാര്‍ത്ഥകത വരാന്‍ പോവുകയാണല്ലോ.
ഒരു ചലച്ചിത്രകാരന്‍ ആവാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊന്നും അരവിന്ദന്‍ ചെയ്തിരുന്നില്ലെന്ന് ആവര്‍ത്തിച്ചു വിലയിരുത്തുന്നുണ്ട് ജയചന്ദ്രന്‍ നായര്‍. അതേസമയം, ഒരുചലച്ചിത്രപ്രേമി അല്ലെങ്കില്‍ ചലച്ചിത്രാസ്വാദകന്‍. അതു മാത്രമായിരുന്നില്ല ഉത്തരായനത്തിന്റെ സംവിധായകനാകാനുള്ള അവകാശവും യോഗ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചലച്ചിത്രനിര്‍മ്മാണത്തിന്റെ സാങ്കേതികതകളില്‍ നിന്ന് അകന്നു നിന്നിരുന്ന അദ്ദേഹത്തിന്റെ രഹസ്യ പ്രണയം ചിത്രകലയോടും സംഗീതത്തോടുമായിരുന്നു. ആ വികാരങ്ങളെ സാന്ദ്രമാക്കുന്നതായിരുന്നു, ഫിലിം സൊസൈറ്റിയിലൂടെ അദ്ദേഹം പ്രവേശിച്ച പ്രപഞ്ചം. നാദവും നാദവൈചിത്ര്യങ്ങളും നിറഞ്ഞ ആ പ്രപഞ്ചം മെനഞ്ഞെടുത്തത് മനുഷ്യവികാരങ്ങളും സ്വപ്‌നങ്ങളും കൊണ്ടായിരുന്നു. ആ പാരാവാരത്തില്‍ മുങ്ങിത്താഴാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, ഒരു പക്ഷേ അതു കാഴ്ചവച്ച അതിവശ്യവും അജ്ഞേയവുമായ അനുഭവങ്ങള്‍ സ്വന്തമാക്കാനായിരിക്കണം.
നല്ല സിനിമയ്ക്കുവേണ്ടി കൈ മെയ് മറന്നു പ്രവര്‍ത്തിച്ച, സിനിമയുടെ വ്യാകരണത്തോടൊപ്പം കാഴ്ചയുടെ ശീലങ്ങളെയും മാറ്റിമറിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ചവരില്‍ രൂഢമൂലമായ ആത്മബന്ധത്തിന്റെ ആഴവും പരപ്പും ഈ പുസ്തകം രേഖപ്പടുത്തുന്നുണ്ട്. കൃത്യമായ അനുശീലനം കൊണ്ടും അക്കാദമിക് പരിശീലനം കൊണ്ടും ചലച്ചിത്രകാരനായിത്തീര്‍ന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ഓര്‍മ്മകളിങ്ങനെ: സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ എഴുതിയ കാമുകി സിനിമയാക്കാന്‍ ആലോചിച്ചപ്പോള്‍ സ്വാഭാവികമായും അതിന്റെ കലാസംവിധായകനായി തീരുമാനിച്ചത് അരവിന്ദനെയാണ്.മാവേലിക്കര-മാന്നാര്‍ പ്രദേശങ്ങളില്‍ അരവിന്ദന്റെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ കയറി ലൊക്കേഷന്‍ തിരഞ്ഞു നടന്നത് ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു...ഉദ്യോഗസ്ഥസംബന്ധമായി കോഴിക്കോടിനു താമസം മാറ്റിയിട്ടും കൃത്യമായും ചിട്ടയായും കത്തിടപാടുകള്‍ നടത്തിയിരുന്ന കണിശക്കാരനെന്ന നിലയ്ക്ക അരവിന്ദനു സൗഹൃദം നിലനിര്‍ത്താന്‍ അകലം ഒരു തടസമായിരുന്നില്ല.യശശ്ശരീരനായ സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു കേട്ട ഒരു സംഭവം ഓര്‍ക്കുന്നു: സ്വയംവരത്തിനും നിര്‍മാല്യത്തിനും പിന്നാലെ അരവിന്ദന്റെ സിനിമാസംബന്ധിയായ താല്‍പര്യവും പരിജ്ഞാനവും അടുത്തറിയാവുന്ന പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒരു ദിവസം അദ്ദേഹത്തോടു ചോദിച്ചു. പണമൊക്കെ ഞങ്ങള്‍ സംഘടിപ്പിച്ചു തരാം. അരവിന്ദന് ഒരു സിനിമ സംവിധാനം ചെയ്തുകൂടേ? ഉടനെ മറുപടിയുണ്ടായത്രേ: നമുക്കു ഗോപാലകൃഷ്ണനെ കൊണ്ടു ചെയ്യിക്കാം.
നെടുമുടിവേണു അരവിന്ദനെ രാത്രി ബസ് സ്റ്റാന്‍ഡിലെ വെറും നിലത്തു വച്ചു പരിചയപ്പെടുന്നതും, ഉത്തരായനത്തിലൂടെ മികച്ച കലാസംവിധായകനുള്ള ബഹുമതി നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒരുള്‍പ്രേരണയാല്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ ശില്‍പം മെനഞ്ഞതും, തനിക്കും അരവിന്ദനുമിടയ്ക്ക് ഒരനിയന്‍-ചേച്ചി ബന്ധമുടലെടുത്തതിനെപ്പറ്റി കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി.സരസ്വതി എഴുതിയതും അടക്കം ഊഷ്മളമായ പലതും ഈ ഓര്‍മപ്പുസ്തകത്തിലുണ്ട്. അതിലേറെ ഈ പുസ്തകം മലയാള സിനിമാചരിത്രത്തില്‍ ഈടുറ്റതാവുന്നത് മറ്റൊന്നുകൊണ്ടുകൂടിയാണ്. കാരണം അത് സിനിമയുടെ ദൃശ്യവ്യവസ്ഥ തന്നെ മാറ്റിമറിച്ച ചില അരവിന്ദന്‍ സിനിമകളെക്കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണവും, അതിന്റെ പിന്നാമ്പുറക്കഥകളും കൗതുകങ്ങളും ഇഴചേര്‍ത്തെഴുതിയ കുറിപ്പുകളിലൂടെയാണ്.
പാഥേര്‍ പാഞ്ജലി സംവിധാനം ചെയ്ത സത്യജിത് റേയേക്കാള്‍ ഡയറക്ടറുടെ കല എന്നു വിശേഷിപ്പിച്ച് അരവിനന്ദന് ഉയരത്തില്‍ പീഠമിട്ടു പ്രതിഷ്ഠിച്ച ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വിവക്ഷിച്ച കാഞ്ചനസീതെ,മലയാളത്തിലെ ആദ്യത്തെ ലിറിക്കല്‍ സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ട എസ്തപ്പാന്‍, പാപപുണ്യങ്ങളുടെയും പ്രായശ്ചിത്തത്തിന്റെയും ദാര്‍ശനിക സമസ്യകള്‍ പ്രശ്‌നവല്‍ക്കരിച്ച ചിദംബരം, നാടോടിക്കഥയുടെ നൈര്‍മല്യമാവഹിച്ച തമ്പ്, നാടന്‍ മിത്തില്‍ നിന്നുഫാന്റസിയുടെ ചാരുത നെയ്‌തെടുത്ത കുമ്മാട്ടി, ഹരിപ്രസാദ് ചൗരാസ്യയുടെ ഭാസുരിവാദനത്തില്‍ നിന്നുകൊണ്ടു ദൃശ്യങ്ങളില്‍ രാഗവിസ്താരം പകര്‍ത്തിയ പോക്കുവെയില്‍, പുരോഗതിയുടെ പാരിസ്ഥിതാഘാതം ഗ്രാമക്കാഴ്ചകളില്‍ ആവഹിച്ച ഒരിടത്ത്, യുദ്ധം വാസ്തുഹാരകളാക്കുന്നവരുടെ അസ്തിത്വവേപഥുക്കള്‍ ആലേഖനം ചെയ്ത വാസ്തുഹാര തുടങ്ങിയ ചിത്രങ്ങളെപ്പറ്റിയുള്ള ഈ കുറിപ്പുകള്‍ അവ മലയാള സിനിമയില്‍ പ്രസക്തി നേടുന്നതെന്തുകൊണ്ട്, എങ്ങനെ എന്ന അന്വേഷണത്തോടൊപ്പം, അവയ്ക്കു പിന്നില്‍ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് അരവിന്ദന്‍ കയ്യാളിയ മികവും മിതത്വവും മാറിനടക്കലും കൂടി ആലേഖനം ചെയ്യുന്നു. ചിത്രീകരണവേളയിലെ കൗതുകകരമായ സംഭവങ്ങളുടെ വിവരണം അതിന്റെ പാരായണക്ഷമതയ്ക്ക് ആവേഗം കൂട്ടുകയും ചെയ്യുന്നു.ചോര പൊടിയുന്ന ഓര്‍മ്മകള്‍, പാപവും പ്രായച്ഛിത്തവും, ചരിത്രമെന്ന കടങ്കഥ, ഒരു നാടന്‍ പാട്ടുപോലെ, മാന്ത്രികനിമിഷങ്ങള്‍, മാഞ്ഞുപോകാത്ത പോക്കുവെയില്‍, ജീവിതത്തിന്റെ സൗരഭ്യം നിറഞ്ഞ പൂച്ചെണ്ട് തുടങ്ങി അധ്യായങ്ങളുടെ ശീര്‍ഷകങ്ങളില്‍ പോലുമുണ്ട് ഗ്രന്ഥകാരനും അരവിന്ദനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമുറ്റ ആര്‍ജ്ജവം. ഈ കുറിപ്പുകള്‍ കൊണ്ടു മാത്രം ഈ പുസ്തകത്തിലെ ഉള്ളടക്കം കാലാതിവര്‍ത്തിയാവാനുള്ള യോഗ്യത നേടുന്നുണ്ട്, നിസ്സംശയം.
ജി.അരവിന്ദനെപ്പറ്റി മലയാളത്തില്‍ വേറെയും പുസ്തകങ്ങളുണ്ടായിട്ടുണ്ട്; ഗൗരവമുള്ള ഗവേഷണസ്വഭാവം നിറഞ്ഞ ചിലതടക്കം. എന്നാല്‍ അതില്‍ നിന്നെല്ലാം ജയചന്ദ്രന്‍നായരുടെ മൗനപ്രാര്‍ത്ഥന പോലെ വ്യത്യസ്തമാവുന്നത്, ഒരേസമയം വൈയക്തികവും വസ്തുനിഷ്ഠവുമായ നിരീക്ഷണങ്ങളിലൂടെയാണ്. ബുദ്ധിജീവിജാഡകള്‍ക്കതീതമായ അയത്‌നലളിതമായ രചനാശൈലിയിലൂടെയാണ്. തീര്‍ച്ചയായും മലയാള സിനിമയ്ക്കും സിനിമാസ്‌നേഹികള്‍ക്കും കാമ്പുള്ളൊരു ഈടുവയ്പ്പാണ് ജയചന്ദ്രന്‍ നായരുടെ ഈ ലഘുഗ്രന്ഥം.
No comments:
Post a Comment