ചില കാലോപ്‌സിയന്‍ ചിന്തകള്‍
മലയാള സിനിമയുടെ ഭാവി വളരെ പ്രതിഭാധനരായ കലാസാങ്കേതികപ്രവര്‍ത്തകരുടെ കൈകളിലാണെന്നു തെളിയിക്കുന്നതായി അടുത്തിടെ ഒരനുഭവം.സംസ്ഥാനത്തെ കോളജ് ക്യാംപസുകള്‍ക്കായി തിരുവനന്തപുരം ആയുര്‍വേദ കോളജ് ഫിലിം ക്‌ളബ് സംഘടിപ്പിച്ച കാലോപ്‌സിയ 2018 ഹ്രസ്വകഥാചിത്രമേളയുടെ പ്രാഥമിക തെരഞ്ഞെടുപ്പു ജൂറിയംഗമായി സംവിധായക വിധു വിന്‍സന്റിനോടൊപ്പം ചിത്രങ്ങള്‍ കാണാന്‍ സാധിച്ചതാണ് നമ്മുടെ സിനിമായുവത്വത്തില്‍ പ്രതീക്ഷവയ്ക്കാന്‍ ചില തിരിച്ചറിവുകളായത്. പുതിയ തുടക്കം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ഹ്രസ്വചലച്ചിത്രമേള.സാങ്കേതികവും പ്രമേയപരവുമായ മികവില്‍ ദേശീയതലത്തില്‍ കേരളത്തിന്റെ സംഭാവനയായ കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയതെങ്കിലും നെഞ്ചില്‍ കൈവച്ചു പറയാനാവും, സിനിമാനിര്‍മാണത്തില്‍ ഔപചാരികപരിശീലനങ്ങളൊന്നുമില്ലാത്ത കലാലയങ്ങളില്‍ നിന്നുള്ളവരുടെ ചിത്രങ്ങളിലും തീര്‍ച്ചയായും പ്രതിഭയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു. സാങ്കേതികതയിലും അവതരണത്തിലും നാളത്തെ ചലച്ചിത്രപ്രവര്‍ത്തകരായിത്തീര്‍ന്നേക്കാമെന്ന വിശ്വാസമുളവാക്കുന്നതു തന്നെയായിരുന്നു പലതും. അതുകൊണ്ടുതന്നെയാണല്ലോ, വരും വര്‍ഷങ്ങളില്‍ പ്രൊഫഷനല്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളെ വേറെ വിഭാഗമായേ പരിഗണിക്കാവൂ എന്നും ഇതരകലാലയങ്ങളില്‍ നിന്നുള്ളവരുടെ സൃഷ്ടികള്‍ക്ക് മുഖ്യമത്സരത്തിലിടം നല്‍കണമെന്നും മേളയുടെ മുഖ്യജൂറികളായ വിജയകൃഷ്ണന്‍, വിനു ഏബ്രഹാം, വി.സി അഭിലാഷ് എന്നിവര്‍ ശുപാര്‍ശ ചെയ്തത്.
പ്രമേയത്തിലും ദൃശ്യപരിചരണത്തിലും മാറിച്ചിന്തിക്കുന്ന മലയാളത്തിലെ നവഭാവുകത്വസിനിമകളുടെ ഗുണപരമായ സ്വാധീനം സിനിമയെടുത്തു പഠിക്കുന്നവരുടെ ചലച്ചിത്രസമീപനങ്ങളില്‍ ദൃശ്യമാണ്. അവതരണത്തിലും സാങ്കേതികപരിചരണങ്ങളിലും അഭിനയത്തിലുമൊക്കെ ഈ സ്വാധീനം ദൃശ്യമാണ്. പലകുറി പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍പ്പോലും അത്രകണ്ട് ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്ത ഒരു അവതരണശൈലിയും വീക്ഷണകോണും കണ്ടെത്താനും സ്വീകരിക്കാനും സാധിക്കുന്നിടത്താണ് സിനിമയുണ്ടാക്കി ശീലിച്ചിട്ടില്ലാത്തവരുടെ ഈ സംരംഭങ്ങള്‍ ശ്‌ളാഘനീയമായിത്തീരുന്നത്. നാടകീയത പാടെ മാറ്റിനിര്‍ത്തി അതിയാഥാര്‍ത്ഥ്യത്തിന്റെയോ ഹൈപ്പര്‍ റിയാലിസത്തിന്റെയോ തലത്തില്‍ മാത്രമാണ് ആ അവതരണങ്ങളില്‍ പലതും. സ്വാഭാവികമായ അഭിനയശൈലിയും മറ്റും സിനിമാറ്റിക്കായിത്തന്നെ വിനിയോഗിക്കപ്പെടുന്നുമുണ്ട്.
കേരളത്തിലെ ചലച്ചിത്രമേളകള്‍ നമ്മുടെ തലമുറയിലുണ്ടാക്കിയ സ്വാധീനത്തിന്റെ കൂടി പരിണതഫലമായാണ് ഈ പ്രതിഭാസത്തെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ മള്‍ട്ടീപ്‌ളക്‌സ് സിനിമകള്‍ക്കപ്പുറം ലോകഭാഷകളിലെ നവസിനിമയുടെ രീതിയും സൗന്ദര്യശാസ്ത്രവും ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ചിരപരിചിതമായ തലമുറയാണല്ലോ നമ്മുടേത്. സ്വാഭാവികമായി അത്തരം കാഴ്ചകളുടെ സ്വാധീനവും അവരുണ്ടാക്കുന്ന സിനിമകളില്‍ കൈകടത്തിയേക്കാം. കാല്പശ്ചാത്തലസംഗീതത്തിന്റെയും ക്യാമറയുടെയും മറ്റും ഉപയോഗത്തില്‍, കാലോപ്‌സിയയിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വച്ചു പരിശോധിച്ചാല്‍ ഈ നിരീക്ഷണം സാധൂകരിക്കപ്പെടുന്നതായി കാണാം.
No comments:
Post a Comment