Monday, July 30, 2018

ലൈവ് അനിമേഷന്‍ എന്ന തൊട്ടുകൂടായ്മ

മലയാളത്തില്‍ ലൈവ് അനിമേറ്റഡ് സിനിമ ഉണ്ടാവാത്തതെന്ത്?ഒരന്വേഷണം


എ.ചന്ദ്രശേഖര്‍
കുട്ടികളുടെ സിനിമകള്‍ക്കുവേണ്ടിയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു കൂടി കൊടിയിറങ്ങി. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ 1991ല്‍ തിരുവനന്തപുരത്തു വച്ചു നടത്തിയ ഇന്ത്യയുടെ രാജ്യാന്തര ബാലചലച്ചിത്രമേളയ്ക്കു ശേഷം കേരളത്തിന്റെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടേതും വിദ്യാഭ്യാസവകുപ്പിന്റേതുമടക്കം ധാരാളം ബാലചലച്ചിത്രോത്സവങ്ങള്‍ അരങ്ങേറിയെങ്കിലും ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുമര്യാദകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള ഒരു ബാലചലച്ചിത്രമേള സംസ്ഥാനശിശുക്ഷേമസമിതിയും ചലച്ചിത്ര അക്കാദമിയും ചേര്‍്ന്ന് ഇപ്പോള്‍ നടത്തിയതാണ്. നിര്‍മാണവര്‍ഷങ്ങളുടെ ബാധ്യതയില്ലാതെ ലോക ക്‌ളാസിക്കുകള്‍ മുതല്‍ സമകാലിക ക്‌ളാസിക്കുകള്‍ വരെ കാണാനും ചര്‍ച്ചചെയ്യാനും നമ്മുടെ കുട്ടികള്‍ക്കത് അവസരവുമായി. എന്നാല്‍ ഈ ബാലചിത്രമേളയുടെ ഉളളടക്കത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ലോകസിനിമാഭൂപടത്തില്‍ ഇന്ത്യയുടെ കാഴ്ചയ്ക്ക് ഇടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്ന് അഹന്തപ്പെടുന്ന, ഇന്ത്യന്‍ നവസിനിമാമുന്നേറ്റങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്നു നേതൃത്വം നല്‍കുന്നു എന്നഹങ്കരിക്കുന്ന മലയാള സിനിമയില്‍ നിന്ന് മുഖ്യധാരാ ബാലസിനിമകള്‍ പുറത്തിറങ്ങാത്തതെന്ത് എന്നൊരു പ്രേക്ഷകന്‍ ശങ്കിച്ചാല്‍ അതിലദ്ഭുതമില്ല.
ഡോക്യൂമെന്ററി പോലെ തന്നെ മുഖ്യധാര അവഗണിച്ചിട്ടുള്ള ഒരു മേഖലയാണ് മലയാളത്തിലെ ബാലസിനിമ. കഴിഞ്ഞ 20 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പട്ടിക പരിശോധിച്ചാല്‍, ഒന്നിലധികം വര്‍ഷങ്ങളില്‍ വേണ്ടത്ര എന്‍ട്രികളില്ലാത്തതുകൊണ്ടോ നിലവാരമുളള എന്‍ട്രികളുണ്ടാവാത്തതുകൊണ്ടോ ഈ വിഭാഗത്തിലെ അവാര്‍ഡുകള്‍ ഒഴിച്ചിട്ടിരിക്കുന്നതു കാണാം. വ്യവസായമെന്ന നിലയ്ക്ക് നമ്മുടെ കമ്പോള മുഖ്യധാരയുടെ അവഗണനയുടെ പ്രത്യക്ഷം തന്നെയാണീ കണക്ക്. ഇനി അവാര്‍ഡു നേടിയ ചിത്രങ്ങളാവട്ടെ അധികവും ഇങ്ങനെ ഒരവാര്‍ഡുള്ളതുകൊണ്ടു മാത്രം നിര്‍മിക്കപ്പെടുന്നതുമാണ്. ഒരു പക്ഷേ മലയാള മുഖ്യധാരയില്‍ ഒരു എഴുത്തുകാരനും സംവിധായകനും ചേര്‍ന്ന് ലക്ഷണമൊത്ത ഒരു ബാലചിത്രം അവസാനമായി എടുത്തത് വേണുവിന്റെ, എം.ടി.യുടെ ദയ (1998 )ആയിരിക്കും. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ക്‌ളിന്റ്, ചക്കരമാവിന്‍ കൊമ്പത്ത്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ തുടങ്ങി ഒരുപിടി ബാലസിനിമകളുണ്ടായില്ലേ എന്ന ചോദ്യം പ്രസക്തമാണെങ്കിലും മികച്ച ഉള്ളടക്കമുള്ള അവയൊന്നും മുന്‍നിര താരങ്ങളുടെ സാന്നിദ്ധ്യമുള്ള മുഖ്യധാരാ കമ്പോളം ലക്ഷ്യം വച്ചുള്ള ചലച്ചിത്രരചനകളാണെന്ന് അവയുടെ സ്രഷ്ടാക്കള്‍ അവകാശമുന്നയിക്കാനിടയില്ല. എന്തുകൊണ്ട് മലയാള മുഖ്യധാര ബാലചിത്രങ്ങളോടു മുഖം തിരിക്കുന്നു എന്നതുതന്നെ വിശദമായ പഠനമര്‍ഹിക്കുന്ന വിഷയമാണെങ്കിലും, ഇത്രയേറെ വൈവിദ്ധ്യമാര്‍ന്ന സിനിമകള്‍ നിര്‍മിക്കാന്‍ സാഹസപ്പെടുന്ന ചലച്ചിത്രപ്രവര്‍ത്തകരുളള മലയാളഭാഷയില്‍ എന്തുകൊണ്ട് നാളിതുവരെ മുഖ്യധാരയില്‍ നിലവാരമുള്ള അനിമേറ്റഡ് ചിത്രങ്ങളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നൊരു അന്വേഷണത്തിനാണ് ഈ കുറിപ്പ് ലക്ഷ്യംവയ്ക്കുന്നത്.
ലോകസിനിമയില്‍ 1937ല്‍ വാള്‍ട്ട് ഡിസ്‌നി തുടങ്ങിവച്ച അനിമേഷന്‍ വിപ്‌ളവം ലോകമെമ്പാടും ഇന്നു പലതരത്തിലും തലത്തിലും സിനിമയേയും ടെലിവിഷനെയും എന്തിന് വീഡിയോ/കംപ്യൂട്ടര്‍ ഗെയിമുകളെയും മുന്‍നിര്‍ത്തി വിപണി കണ്ടെത്തുന്നുണ്ട്. ജപ്പാനിലെ അനിമേഷന്‍ സിനിമകളുടെ വിസ്മയലോകം അനാവൃതമാക്കിയ പ്രത്യേക പാക്കേജ് തന്നെ 2017ലെ കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരുന്നതോര്‍ക്കുക. എന്നാല്‍ ലോകത്തേറ്റവും കൂടുതല്‍ സിനിമയുദ്പാദിപ്പിക്കുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഗൗരവമാര്‍ന്ന ചലച്ചിത്രോദ്യമങ്ങള്‍ താരതമ്യേന ഉണ്ടായിട്ടില്ലെന്നുതന്നെ വിലയിരുത്താം.സ്വാഭാവികമായി മലയാളത്തില്‍ ഒട്ടുമേ ഉണ്ടാകുന്നുമില്ല.
ദേശീയ തലത്തില്‍ ഹിന്ദിയില്‍ ടെലിവിഷനിലെങ്കിലും അനിമേഷന്‍ സിനിമകള്‍ക്ക് വിപണിയുണ്ട്. ഇതര ഭാഷാചാനലുകള്‍ക്കു വരെ ഇരുപത്തിനാലുമണിക്കൂര്‍ കുട്ടികളുടെ ചാനലുകള്‍ സ്വന്തമായുണ്ടായിട്ടും അവയിലൊക്കെയും മൊഴിമാറ്റം നടത്തിയ വിദേശ അനിമേഷന്‍ സിനിമകള്‍ നാഴികയ്ക്കു നാല്‍പതുവട്ടം ആവര്‍ത്തിക്കപ്പെടുന്നുവെങ്കിലും സ്വതന്ത്രവും ഗൗരവമാര്‍ന്നതുമായ അനിമേഷന്‍ പരിശ്രമങ്ങളൊന്നും ഇന്ത്യയിലോ ഇതര ഭാഷകളിലോ ഉണ്ടാവുന്നില്ല. ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രം പരിശോധിച്ചാല്‍, ദൂരദര്‍ശന്‍ ആദ്യകാലത്തു സംപ്രേഷണം ചെയ്തിരുന്ന ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും റഷ്യയില്‍ നിന്നും ഇറക്കുമതിചെയ്തു മൊഴിമാറ്റിയ കാര്‍ട്ടൂണ്‍,അനിമേറ്റഡ് പരമ്പരകള്‍ക്കുപരി സ്വതന്ത്രമായി ഇന്ത്യയിലാദ്യമായി നിര്‍മിക്കപ്പെട്ട അനിമേറ്റഡ് പരമ്പര സുധാസത്വ ബസു അനിമേറ്റ് ചെയ്ത് അശോക് തല്‍വാര്‍ സംവിധാനം ചെയ്ത് 1986ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ഗായബ് ആയ എന്ന റ്റുഡി ചിത്രദശകമാണ്.അതാകട്ടെ കാസ്പര്‍ എന്ന ഇംഗ്‌ളീഷ് കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ഇന്ത്യന്‍ പകര്‍പ്പായിരുന്നു.പിന്നീട് ലിറ്റില്‍ ഭീം, ഗണേഷ തുടങ്ങി കുട്ടികള്‍ ഏറ്റുവാങ്ങിയ പുരാണ കഥാപാത്രങ്ങളുടെ ത്രീഡി അനിമേഷന്‍ പരമ്പരകള്‍ ദേശീയ ചാനലുകളില്‍ വ്യാപകമാവുകയും ലിറ്റില്‍ ഗണേശയും ഭീമും മറ്റും ചലച്ചിത്രരൂപമാര്‍ജിക്കുകയും ചെയ്തു. എന്നിട്ടും ഗൗരവമാര്‍ന്ന അനിമേറ്റഡ് സിനിമാസംരംഭമൊന്നും നമ്മുടെ ഒരു ഭാഷയിലും പുറത്തുവന്നിട്ടില്ലെന്നത് വിചിത്രസത്യമായി നിലനില്‍ക്കുന്നു.മലയാളത്തിലും അനിമേറ്റഡ് കാര്‍ട്ടൂണ്‍ പരമ്പരകളുടെ ഒരു ബദല്‍ വീഡിയോ വിപണി ശക്തമായി നിലനിന്നിരുന്നു. മഞ്ചാടി, അപ്പു മുതല്‍ ഡിങ്കന്‍ വരെയുള്ള കഥാപാത്രങ്ങള്‍ സിഡിയായും ഡിവിഡിയായും ഇന്നും കുറെയൊക്കെ പ്രചാരത്തിലുമുണ്ട്. മുതല്‍മുടക്കില്‍ ത്രി ഡി അനിമേഷന് റ്റുഡിയുടെയത്ര ചെലവില്ലെന്ന വന്നതോടെയാണ് ഇത്തരം കാര്‍ട്ടൂണ്‍ നിര്‍മിതികള്‍ സര്‍വസാധാരണമായത്. എന്നിരുന്നാലും സിനിമയുടെ മുഖ്യധാരയില്‍ അനിമേഷന് ഇന്നും അസ്പര്‍ശ്യതയാണ്. എന്തുകൊണ്ട്?
ഒന്നാമതായി കാര്‍ട്ടൂണും അനിമേഷനും തമ്മിലെ നേര്‍ത്ത വേര്‍തിരിവ് നമ്മുടെ ചലച്ചിത്രകാരനാമാര്‍ തിരിച്ചറിയുന്നില്ലെന്നതാണ്. ലിറ്റില്‍ ഭീമോ മഞ്ചാടിയോ ഡിങ്കനോ ഒക്കെ കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ അനിമേറ്റഡ് ചിത്രങ്ങളാണ്. മറിച്ച് ലയണ്‍ കിങോ, രണ്ടുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ജംഗിള്‍ ബുക്കോ ഒന്നും കേവലം കാര്‍ട്ടൂണ്‍ സിനിമകളല്ല. അവ ലൈവ് ആക്ഷന്‍ സിനിമകള്‍ക്കൊപ്പം ഗൗരവത്തോടെ നിര്‍മിക്കപ്പെട്ട അനിമേറ്റഡ് സിനിമകളായിരുന്നു. ഹോളിവുഡ് എക്കാലത്തും ഇത്തരം സിനിമകള്‍ക്ക് ഇതര ലൈവ് ആക്ഷന്‍ സിനിമകള്‍ക്കൊപ്പം പ്രാധാന്യവും പ്രാമുഖ്യവും നല്‍കിപ്പോന്നിട്ടുണ്ട്. അവതാര്‍ നിര്‍മിക്കുന്ന അതേ മുന്നൊരുക്കങ്ങളോടെ അതേ ഗൗരവത്തില്‍ത്തന്നെയാണ് അവര്‍ ജംഗിള്‍ ബുക്ക് എന്ന സിനിമയുടെയും പദ്ധതി തയാറാക്കുക. അതിനു പിന്നില്‍ അണിനിരത്തുന്ന താരങ്ങളുടെവരെ നിര്‍ണയത്തില്‍ ഈ സ്വാധീനം പ്രകടമാണുതാനും. ഇന്ത്യയില്‍ ഡബ്ബു ചെയ്തപ്പോള്‍ ജംഗിള്‍ ബുക്കിലെ അനിമേറ്റഡ് മൃഗകഥാപാത്രങ്ങള്‍ക്ക ശബ്ദം നല്‍കിയത് സാക്ഷാല്‍ അമിതാഭ് ബച്ചനും ഇര്‍ഫാന്‍ ഖാനുമടക്കമുള്ളവരായിരുന്നെന്നോര്‍ക്കുക.
ടൈപ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പോലെ നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായിക്കിഴിഞ്ഞു അനിമേഷന്‍ അക്കാദമികള്‍. ടെലിവിഷന്‍ ചാനലുകളിലെ ഗ്രാഫിക്‌സ് വിഭാഗമാണ് ഇവരുടെ മുഖ്യ തൊഴില്‍മേഖലയെങ്കിലും നല്ലൊരുപങ്കിന് ടൂണ്‍സ് ഇന്ത്യ അടക്കമുള്ള അനിമേഷന്‍ കമ്പനികളില്‍ ജോലി ലഭിക്കുന്നുണ്ടെന്നതു മറന്നുകൂടാ. പലരും ക്യാനഡ യു.എസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി ആഗോള അനിമേഷന്‍ സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നു. ലോകം കീഴടക്കിയ ജംഗിള്‍ ബുക്കും ലയണ്‍കിങും അടക്കമുള്ള അനിമേഷന്‍ ചിത്രങ്ങളുടെയെല്ലാം നിര്‍ണായകമായ പല ഘട്ടങ്ങളും കേരളത്തിലെ ടൂണ്‍സ് ഇന്ത്യ പോലുള്ള കമ്പനികളിലെ മലയാളി കലാകാരന്മാരും സാങ്കേതികവിദഗ്ധരുമാണ് നിര്‍വഹിച്ചിട്ടുള്ളത്. പല രാജ്യാന്തര അനിമേഷന്‍ ചിത്രങ്ങള്‍ക്കും കേരളത്തിലെയും ബംഗളൂരുവിലെയും അനിമേഷന്‍ കലാകാരന്മാരുടെ നിര്‍ണായക പങ്കാളിത്തവുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ നാളിതുവരെയുള്ള അനിമേറ്റഡ് കഥാസിനിമകളുടെ എണ്ണം അറുപതില്‍ താഴെ നില്‍ക്കുന്നത്? തൊണ്ണൂറു വര്‍ഷത്തിനിടെ മലയാളത്തില്‍ നിര്‍മിക്കപ്പെട്ട മുഴുനീള അനിമേഷന്‍ കഥാചിത്രങ്ങളുടെ എണ്ണം ലഭ്യമായ കണക്കനുസരിച്ച് വെറും രണ്ടാണ്. ടൂണ്‍്‌സ് അനിമേഷനുവേണ്ടി ചേതന്‍ ശര്‍മയും മഹേഷ് വെട്ടിയാറും ചേര്‍ന്നു നിര്‍മിച്ച സ്വാമി അയ്യപ്പനും (2012), തൊട്ടടുത്തവര്‍ഷം ബിനു ശശിധരന്‍ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈമും. ഇതില്‍ ആദ്യത്തേത് പുരാണകഥാപാത്രങ്ങളെ ആസ്പദമാക്കിയതായിരുന്നെങ്കില്‍ രണ്ടാമത്തേത് യഥാര്‍ത്ഥ നടീനടന്മാരുടെ അനിമേറ്റഡ് രൂപങ്ങള്‍ മുന്‍നിര്‍ത്തിയുളള അനിമേറ്റഡ് റിയല്‍ മൂവിയായിരുന്നു. സലീം കുമാര്‍, മാള അരവിന്ദന്‍ തുടങ്ങിയവരെ വച്ചാണ് ഈ അനിമേഷന്‍ ചിത്രം നിര്‍മിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യത്തെ ലൈവ് ആക്ഷന്‍ അനിമേഷന്‍ സിനിമയാണിത്. തമിഴില്‍ രജനീകാന്തിനെ നായകനാക്കി മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കോച്ചടിയാന്‍ (2014) പരിപൂര്‍ണ അനിമേറ്റഡ് കഥാചിത്രമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടതായിരുന്നു. അതുപോലെ തന്നെയാണ് ഹിന്ദിയില്‍ മികച്ച ഇംഗ്‌ളീഷ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഉഷാ ഗണേഷ് രാജയുടെ പാണ്ഡവാസ് ദ് ഫൈവ് വാരിയേഴ്‌സ്(2000) ശംഭു ഫാല്‍ക്കെയുടെ ദ ലജന്‍ഡ് ഓഫ് ബുദ്ധ(2004) തുടങ്ങിയവയൊക്കെ.
നിലവാരമുള്ള അനിമേറ്റഡ് സിനിമകള്‍ നിര്‍മിക്കാതിരിക്കുന്നതിന് സാങ്കേതികതയിലോ നിര്‍മാണച്ചെലവിലോ ന്യായവാദമുന്നിയിക്കാന്‍ മലയാളിക്ക് അവകാശമേയില്ലെന്നതിന് മലയാള സിനിമയുടെ ചരിത്രം തന്നെയാണ് തെളിവ്. ലോകസിനിമയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പം മനുഷ്യതാരങ്ങള്‍ ആദ്യമായി അഭിനയിച്ച റോബര്‍ട്ട് സെമിക്‌സ് സംവിധാനം ചെയ്ത ഹു ഫ്രെയിംഡ് റോജര്‍ റാബിറ്റ് (1988) പുറത്തുവന്ന് വെറും അഞ്ചുവര്‍ഷത്തിനകം മലയാളത്തില്‍ സമാനമായൊരു ലൈവ് ആക്ഷന്‍ അനിമേറ്റഡ് സിനിമ പുറത്തിറങ്ങി-കെ.ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ഒ ഫാബി.(1993) മാത്രമല്ല, കമല്‍ഹാസന്‍ തന്റെ ആളവന്താന്‍ (2001) എന്ന ചിത്രത്തിലെ അതിഭീകരമായ ചില വയലന്‍സ് ദൃശ്യങ്ങള്‍ക്കു സ്വീകരിച്ച അനിമേഷന്‍ എന്ന കുറുക്കുവഴി നാലഞ്ചുവര്‍ഷമായി നമ്മുടെ കമ്പോള സിനിമകള്‍ അതിവിദഗ്ധമായി കഥാനിര്‍വഹണത്തിന് ഉപയോഗിച്ചു പോരുന്നുണ്ട്. ആഷിഖ് അബുവിന്റെ ഗാംഗ്‌സ്റ്റര്‍(2014), അനീഷ് അന്‍വറിന്റെ സഖറിയായുടെ ഗര്‍ഭിണികള്‍(2013), മിഥുന്‍ മാന്വല്‍ തോമസിന്റെ ആന്‍ മരിയ കലിപ്പിലാണ് (2016) മായാനദി (2016)തുടങ്ങി കുറേയേറെ സിനിമകളില്‍ ലൈവ് അനിമേഷന്റെ സാധ്യതകള്‍ മലയാള ചലച്ചിത്രകാരന്മാര്‍ ക്രിയാത്മകമായി വിനിയോഗിച്ചിട്ടുളളതുമാണ്. എന്നിട്ടും ബിനുശശിധരനു ശേഷം ഒരു മുഴുനീള ലൈവ് ആക്ഷന്‍ അനിമേഷന്‍ എന്തുകൊണ്ട് നിര്‍മിക്കപ്പെടുന്നില്ല. ഇനി ബിനുവിന്റെ സിനിമ തന്നെ എന്തുകൊണ്ട് മുഖ്യധാരയില്‍/മുഖ്യധാരയ്‌ക്കൊപ്പം ശ്രദ്ധിക്കപ്പെടുന്നില്ല/സ്വീകരിക്കപ്പെടുന്നില്ല?ടെലിവിഷനില്‍ത്തന്നെ ലൈവ് അനിമേഷന്‍ അതും സൂപ്പര്‍ താരത്തെവച്ചുപോലും അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ചില ബോധവല്‍ക്കരണ സ്‌പോണ്‍സേഡ് പരിപാടികള്‍ക്കായി ഉപയോഗിച്ചു വരുന്നുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ശബ്ദം നല്‍കുന്ന ബോഡിഗാര്‍ഡ് തന്നെയുദാഹരണം. എന്നിട്ടുമെന്താണ് മോഹന്‍ലാല്‍ നായകനായൊരു മുഴുനീള അനിമേറ്റഡ് സിനിമ മലയാളത്തിലുണ്ടാവുന്നില്ല?
മലയാളം പോലെ ഠ വട്ടത്തിലൊതുങ്ങുന്ന സിനിമാവ്യവസായത്തിന് താങ്ങാനാവാത്തത്ര ഭീമമായ മുടക്കുമുതലാവുമോ ഇത്തരമൊരു സാഹസത്തില്‍ നിന്ന് നമ്മുടെ നിര്‍മാതാക്കളെ അകറ്റിനിര്‍ത്തുന്നത്? പക്ഷേ ഇതില്‍ എത്രകണ്ടു വാസ്തവമുണ്ട്, വിശേഷിച്ചും ബാഹുബലി പോലെ ഇന്ത്യ കീഴടക്കിയ യമണ്ടന്‍ പണം വാരിച്ചിത്രങ്ങളുടെ മഹാഭൂരിപക്ഷം രംഗങ്ങളും അനിമേഷനാണെന്നിരിക്കെ?നൂറും നൂറ്റമ്പതും കോടി രൂപ മുതല്‍മുടക്കില്‍ പുലിമുരുകനും ഒടിയനും ഇപ്പോഴിതാ ബാഹുബലിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മഹാഭാരതയും കുഞ്ഞാലിമരയ്ക്കാറും കായംകുളം കൊച്ചുണ്ണിയും കര്‍ണനുമെല്ലാം ഉള്ളടക്കത്തിന്റെ ഭീമഭാഗവും അനിമേഷനെ ആശ്രയിക്കുമ്പോള്‍ മുടക്കുമുതലിനെയും സാങ്കേതികതയേയും മുന്‍നിര്‍ത്തിയുള്ള പ്രതിരോധങ്ങളില്‍ വാസ്തവമില്ലെന്നു കാണാം. കല്‍പിതകഥകളുടെ അക്ഷയസമൃദ്ധമായ മലയാള ഭാഷയില്‍ പിന്നെന്താവും ജോഷിയും പ്രിയദര്‍ശനുമടക്കമുള്ള മുതിര്‍ന്ന സിനിമാക്കാരും പരീക്ഷണങ്ങളിഷ്ടപ്പെടുന്ന പുതുതലമുറചലച്ചിത്രകാരന്മാരും ലൈവ് അനിമേഷന്‍ എന്നൊരു ചലച്ചിത്ര ജനുസിനെ തന്നെ കാര്യമായി പരിഗണിക്കാത്തത്?
ഈ ചോദ്യത്തിന് ഉത്തരമന്വേഷിക്കുമ്പോഴാണ് പൊതുവേ ബാലചിത്രങ്ങളോടു നമ്മുടെ കമ്പോള മുഖ്യധാര വച്ചുപുലര്‍ത്തുന്ന അവഗണനയിലേക്കു തന്നെ നാം എത്തിച്ചേരുന്നത്. ഇന്ത്യയില്‍ സത്യജിത് റേ വരെ ബാലസിനിമകളെ ഗൗരവത്തോടെ കണക്കാക്കുകയും ഒട്ടേറെ ബാലചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ രാമു കാര്യാട്ടും ജി.അരവിന്ദനും ശിവനും ജിജോയും വേണുവും പോലെ അപൂര്‍വം സംവിധായകര്‍ മാത്രമാണ് മുതിര്‍ന്നവര്‍ക്കുവേണ്ടിയല്ലാത്ത, ബോധവല്‍ക്കരണവും സാരോപദേശവുമില്ലാത്ത കുട്ടികളുടെ സിനിമ എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത്. ചെലവു നോക്കാതെ സാങ്കതേതികത പരീക്ഷിക്കാന്‍ സാഹസപ്പെട്ടിട്ടുള്ള നിര്‍മാതാക്കളും സംവിധായകരുമാണ് മലയാളത്തിന്റെ ശക്തി. അതുകൊണ്ടാണ് ത്രിഡി അടക്കമുള്ള സാങ്കേതികത ഇന്ത്യയിലാദ്യമായി അവതരിപ്പിക്കപ്പെട്ടത് നമ്മുടെ ഭാഷയിലായത്.എന്നാല്‍ അനിമേഷന്‍ സിനിമകളുടെ കാര്യത്തില്‍ മാത്രം നാം പരമ്പരാഗത സാരോപദേശ കാര്‍ട്ടൂണ്‍ ക്യാരിക്കേച്ചര്‍ നിലവാരത്തില്‍ നിന്നു മാറി നമ്മുടെ ചലച്ചിത്രകാരന്മാരാരും ഗൗരവമാര്‍ന്ന ആഖ്യാനസാധ്യതയായി അതിനെ കണക്കാക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ലെന്നതാണു വാസ്തവം. തെലുങ്കില്‍ ബാഹുബലിയുടെ വിജയത്തില്‍ നിന്ന് ബാഹുബലിയൂടെ പൂര്‍വചരിത്രം ലൈവ് അനിമേറ്റഡ് പരമ്പരയാക്കി നെറ്റ് ഫ്‌ളിക്‌സിലൂടെ ദശകോടികള്‍ കൊയ്യാന്‍ എസ്.എസ്.രാജമൗലിയെപ്പോലൊരു ഹൈ പ്രൊഫൈല്‍ സംവിധായകന് രണ്ടാമതൊന്നാലോചിക്കാനില്ല. അത്രയ്ക്കും വിപണിസാധ്യത നിലനിന്നിട്ടുപോലും മാറി ചിന്തിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാരോ താരങ്ങളോ തയാറാവുന്നില്ലെന്നതാണ് ഖേദകരം.

No comments: