Wednesday, February 07, 2018

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ

നടന്‍ വിജയിന്റെ തമിഴ്‌സിനിമകള്‍ തിരുവനന്തപുരത്തു
പുറത്തിറങ്ങുമ്പോള്‍ ആദ്യദിവസങ്ങളില്‍ കാണാന്‍ പോയാല്‍ ഉണ്ടാവുന്ന ഫാന്‍സിന്റെ ആവേശം പോലൊന്നായിരുന്നു അത്. പക്ഷേ ഇവിടെ സ്‌ക്രീനിലെ രംഗങ്ങള്‍ കണ്ട് ആത്മാര്‍ത്ഥമായി ആര്‍പ്പുവിളിച്ചതും അര്‍മ്മാദിച്ചതും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള സാധാരണ കുട്ടികളായിരുന്നുവെന്നു മാത്രം. എന്തായാലും നാളിതുവരെയുളള സിനിമാക്കാഴ്ചയില്‍ ഈ സിനിമകാണല്‍ വേറിട്ടൊരനുഭവമായി. സിനിമയും കാണികളും ഒരുപോലെ ആത്മാര്‍ത്ഥമായിത്തീര്‍ന്ന മണിക്കൂറുകള്‍. നിരൂപകനും എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്ത് കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി നിര്‍മിച്ച ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കുട്ടികളുടെ സിനിമയുടെ പ്രഥമപ്രദര്‍ശനം അങ്ങനെ മറക്കാനാവാത്ത ഹൃദ്യമായൊരു അനുഭവമായി. മുഖ്യധാരയുടെ പടിപ്പുറത്തു മാത്രം നിര്‍ത്തപ്പെടുന്ന ബാലസിനിമാ വിഭാഗത്തില്‍ അര്‍ത്ഥവത്തായ ഒരു പരീക്ഷണം തന്നെയാണ് സംസ്ഥാനമൊട്ടാകെ നിന്നുള്ള കുട്ടികള്‍ക്കായി അഭിനയക്കളരി നടത്തി തെരഞ്ഞെടുത്ത കുട്ടികളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് ഒരു കാടും സ്‌കൂളും മാത്രം പശ്ചാത്തലമാക്കി നിര്‍മിക്കപ്പെട്ട ഈ സിനിമ. തുടക്കത്തിലെ ഏതാനും നിമിഷങ്ങളിലെ ചില കുട്ടികളുടെ അഭിനയത്തിലെ ചെറു വീഴ്ചകളൊഴിച്ചാല്‍ സിനിമ ഏറെ ഹൃദ്യമായ ദൃശ്യാനുഭവമാണ്. ആധുനികഭാവുകത്വത്തിന്റെ സഹജസ്വഭാവങ്ങള്‍ പ്രകടമാക്കുന്ന ദൃശ്യപരിചരണമാണിതില്‍. സംവിധായകന് ഏറ്റവും വലിയ പിന്തുണയായിട്ടുള്ളത് തീര്‍ച്ചയായും യദു വിജയകൃഷ്ണന്റെ ക്യാമറയും ലിയോ ടോമിന്റെ പശ്ചാത്തല സംഗീതവുമാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. നാളിതുവരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വച്ച് സാങ്കേതികതയില്‍ ഏറെ വിട്ടുവീഴ്ചകളൊന്നും വേണ്ടിവന്നിട്ടില്ലാത്ത ചിത്രമായിരിക്കുമിത്. ബേബി മാത്യു സോമതീരത്തെപ്പോലെ ഒരു സഹൃദയനായ നിര്‍മാതാവിന്റെ പിന്തുണയും അതിനദ്ദേഹത്തിനു സഹായകമായിട്ടുണ്ട്. ആദിവാസിജീവിതത്തെപ്പറ്റി സത്യസന്ധമായൊരു ദൃശ്യാഖ്യാനം നല്‍കാനായതിന് വിജയകൃഷ്ണന്‍ സാറിന് അകമഴിഞ്ഞ നന്ദി.
അറിയപ്പെടുന്ന താരങ്ങളില്‍ നന്ദുവിന്റെ കായികാദ്ധ്യാപകനെ കണ്ടപ്പോള്‍, അടുത്തിടെ കണ്ട നന്ദുവിന്റെ തന്നെ ചില പ്രകടനങ്ങളുമായി ചേര്‍ത്തു കാണുമ്പോള്‍ എവിടെയോ ജഗതിച്ചേട്ടന്റെ ചില മിന്നായങ്ങള്‍. നന്ദു അനായാസം തന്റെ കഥാപാത്രങ്ങള്‍ക്കു വഴങ്ങുന്ന കാഴ്ച സന്തോഷമാണ്.

2 comments:

Shyju said...
This comment has been removed by the author.
ഷൈജു.എ.എച്ച് said...

ഈ ചിത്രം ഇറങ്ങിയോ? നല്ല കാമ്പുള്ള ചിത്രങ്ങൾ കാണുമ്പോൾ ആണ് കണ്ണുകളേക്കാൾ ഏറെ മനസ്സിന്നു സന്തോഷം തോന്നുന്നത്. അവസാനാമായി കുട്ടികൾക്കുള്ള നല്ല സിനിമയായി കണ്ടത് "ഒറ്റാൽ " ആയിരുന്നു. ഇലകൾ പച്ച പൂക്കൾ മഞ്ഞ എന്ന് പേര് തന്നെ നന്നായി. അത് പോലെ തന്നെ മനോഹരം ആയിരിക്കും ചിത്രം എന്ന് കരുതുന്നു. എങ്ങനെ ഈ ചിത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഭാവുകങ്ങൾ നേരുന്നു..സസ്നേഹം..