എ.ചന്ദ്രശേഖര്‍
ഫോട്ടോഗ്രാഫിക് പ്രതിബിംബങ്ങള്‍ ചലിച്ചു തുടങ്ങിയിട്ടു 120 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ താരതമ്യേന ചെറിയ ഈ ചരിത്രകാല ഘട്ടത്തിനുള്ളില്‍ത്തന്നെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ബഹുജനമാധ്യമമായി ചലച്ചിത്രം മാറിയെന്നതാണ് ആ മാധ്യമത്തിന്റെ കരുത്ത്. അതുകൊണ്ടുതന്നെയാണ് എല്ലാ മാധ്യമങ്ങളുടെയും മാധ്യമം എന്ന അര്‍ത്ഥത്തില്‍ക്കൂടി അതിനെ അതിമാധ്യമസ്ഥാനത്ത് മാധ്യമനിരൂപകര്‍ പ്രതിഷ്ഠിക്കുന്നതും. കാണുന്നതു കാണുന്നപോലെ എന്ന മട്ടിലുള്ള ഏകപാഠനിര്‍മാണത്തിനപ്പുറം അടരുകള്‍ അടരുകളായി ബഹുതല അര്‍ത്ഥോത്പാദനം വഴി കാഴ്ചയുടെ ഗഹനമായ പാഠാന്തരങ്ങള്‍ നിര്‍മിക്കാനുള്ള മാധ്യമമായി സിനിമയെ പരിണമിപ്പിച്ചതില്‍ ആദ്യകാല ചലച്ചിത്രപ്രതിഭകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. സെര്‍ജീ ഐസസന്‍സ്റ്റീന്റെ മൊണ്ടാഷ് സിദ്ധാന്തവും (1925) എഴുപതുകളില്‍ ആേ്രന്ദ തര്‍ക്കോവ്‌സ്‌കിയുടെ ചലച്ചിത്രസ്ഥലകാലകല്‍പനകളും ഒക്കെക്കൊണ്ടാണ് സിനിമ അതിന്റെ സൗന്ദര്യാത്മകവും ഘടനാപൂര്‍വമായ പൂര്‍ണത കൈവരിക്കുന്നത്. എന്നാല്‍ അതിനും മുമ്പേ തന്നെ വ്യവസായമെന്ന നിലയ്ക്ക് ഹോളിവുഡ്ഡില്‍ സിനിമ അതിന്റെ വാണിജ്യമായ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. വിനോദം വ്യവസായമെന്ന നിലയ്ക്ക് കരുത്താര്‍ജ്ജിച്ച ദശകങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ ലോകം മുഴുവന്‍ ജൈത്രയാത്ര ആരംഭിക്കുകയും ചെയ്തു.
നാല്‍പതുകളിലെ ഇറ്റാലിയന്‍ നവയാതാഥ്യപ്രസ്ഥാനത്തിലൂടെയും അമ്പതുകളില്‍ ഉടലെടുത്ത ഫ്രഞ്ച് നവതരംഗത്തിലൂടെയുമൊക്കെയാണു സിനിമ അതിന്റെ ബൗദ്ധിക/സൗന്ദര്യശാസ്ത്ര/കലാപരമായ സാമൂഹിക/മാധ്യമ പ്രതിബദ്ധത വ്യക്തമാക്കിയത്. ഇതിന്റെ പ്രാരംഭമായിത്തന്നെയാണ് ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പ്രചോദനമായിക്കൂടി രൂപമെടുത്ത ചലച്ചിത്രോത്സവങ്ങളെയും കണക്കാക്കേണ്ടത്.പില്‍ക്കാലത്ത് മിക്കതും സിനിമാധിഷ്ഠിത വിനോദസഞ്ചാര സീസണ്‍ പോലെയായി മാറിയിട്ടുണ്ടെങ്കിലും ലോകത്തെമ്പാടും സിനിമ എന്ന മാധ്യമത്തില്‍ പുത്തനുണര്‍വുണ്ടാക്കാനും, ലോകമെമ്പാടുമുണ്ടാവുന്ന സിനിമകള്‍ മനസിലാക്കാനും അവയിലെ പരിണാമങ്ങള്‍ തിരിച്ചറിയാനും വിവിധ രാജ്യങ്ങളിലെ സിനിമാപ്രവര്‍ത്തകര്‍ക്കു തമ്മില്‍ ആശയവിനിമയം നടത്താനും സംവാദിക്കാനുമുള്ള പൊതുവിങ്ങളായി ചലച്ചിത്രേമേളകളില്‍ ചിലതെങ്കിലും പ്രസക്തി നിലനിര്‍ത്തുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല.ലോക ചലച്ചിത്രമേളകളുടെ ചരിത്രത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. വെനീസ് അടക്കമുള്ള ചലച്ചിത്രമേളകള്‍ രൂപം കൊണ്ട മുപ്പതുകള്‍, വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയിലൂടെ പുതിയ ആകാശങ്ങള്‍ താണ്ടിയ നാല്പതുകള്‍, നിലവാരത്തിനൊപ്പം ഉത്സവഛായയിലൂടെ ആഘോഷനിലയിലേക്കുയര്‍ന്ന അമ്പതുകള്‍ എന്നിങ്ങനെ.
സാംസ്‌കാരിക പ്രതിരോധങ്ങളുടെ ഉറച്ച വേദികളായി മാറിക്കഴിഞ്ഞ ചലച്ചിത്രമേളകളുടെ പ്രാരംഭം പക്ഷേ ഫാസിസ്റ്റ് സ്വാധീനത്താലാണെന്നത് ചരിത്രവൈരുദ്ധ്യം.സിനിമയുടെ മാധ്യമരാഷ്ട്രീയത്തിന്റെ ഉപോല്‍പ്പന്നമാണു വാസ്തവത്തില്‍ ചലച്ചിത്രമേളകള്‍. ലോകത്തെ ആദ്യ ചലച്ചിത്രമേളയെന്നു രേഖപ്പെടുത്തപ്പെട്ട വെനീസിലെ ചലച്ചിത്രോത്സവം 84 വര്‍ഷം മുന്‍പ് ആരംഭിക്കുന്നത് സിനിമയുടെ മാധ്യമസ്വാധീനം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഇറ്റാലിയന്‍ സ്വേച്ഛാധിപതി ബെനിറ്റോ മുസോളിനിയുടെ തീരുമാനത്തോടുകൂടിയാണ്.
1985ല്‍ വെനീസ് സിറ്റി കൗണ്‍സില്‍ ആരംഭിച്ച ദ്വിവര്‍ഷ കലാമാളയായ വെനീസ് ബിനാലെയുടെ ഭാഗമായിട്ടായിരുന്നു 1932ല്‍ മുസോളിനിയുടെ ആഗ്രഹഫലമായി ആദ്യത്തെ ചലച്ചിത്രമേള നടക്കുന്നത്. ഒന്നാം ലോകമഹായുദ്ധാനന്തരം വന്‍ രാഷ്ട്രീയ/സൈനിക ശക്തികളായി മാറിയ ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രേറ്റ് ബ്രിട്ടന്‍, അമേരിക്ക, യു.എസ്.എസ്.ആര്‍ എന്നീ രാജ്യങ്ങളാണ് ആദ്യ ചലച്ചിത്രോത്സവത്തില്‍ മുഖ്യപങ്കാളിത്തം വഹിച്ചത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ നിലവാരമളക്കാനോ, അവിടങ്ങളില്‍ നടക്കുന്ന മാധ്യമപരീക്ഷണങ്ങളുടെ സൗന്ദര്യശാസ്ത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ നിലപാടുകളെ തിരിച്ചറിയാനോ ആയിരുന്നില്ല മുസോളിനി ഇത്തരമൊരാശയത്തിനു തടക്കമിട്ടത്. കച്ചവടതാല്‍പര്യങ്ങളുടെ ലോകത്ത് കലയുടെ പ്രകാശം തെളിയിക്കുക എന്നതായിരുന്നു മേളയുടെ എന്നതായിരുന്നു മേളയുടെ പ്രഖ്യാപിത ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയതെങ്കിലും നാഷനല്‍ ഫാസിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് ആഗോളതലത്തില്‍ സ്വീധീനമുറപ്പിച്ച് ഇറ്റാലിയന്‍ ഫാസിസ്റ്റ് സ്വത്വം ഊട്ടിയുറപ്പിക്കുകയായിരുന്നു യഥാര്‍ത്ഥ രാഷ്ട്രീയലക്ഷ്യം. വിദേശ സിനിമയ്ക്കും അവയുടെ മൊഴിമാറ്റത്തിനും വന്‍ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടു തദ്ദേശിയ സിനിമാനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ച മുസോളിണി സിനിമയെ രാഷ്ട്രീയ ആയുധമാക്കാനാണു ശ്രമിച്ചത്.
റൗബെന്‍ മമൗള്യന്‍ സംവിധാനം ചെയ്ത ഡോ.ജെക്കില്‍ ആന്‍്ഡ് മിസ്റ്റര്‍ ഹൈഡ് (1931) ആയിരുന്നു വെനീസ് മേളയുടെ ഉദ്ഘാടനചിത്രം. ഏഴു രാജ്യങ്ങളില്‍ നിന്നുളള 24 സിനിമകളായിരുന്നു മേളയിലുണ്ടായിരുന്നത്. പലസോ ഡീ സിനിമ, ലുങ്‌ഗോമാരെ മാര്‍ക്കോണി തുടങ്ങിയ പ്രശസ്ത തീയറ്ററുകളിലായിരുന്നു പ്രദര്‍ശനം. ദ്വിവാര്‍ഷിക സംരംഭമായിരുന്ന ബിനാലെയില്‍ നിന്നു വ്യത്യസ്തമായി ചലച്ചിത്രമേള എല്ലാ വര്‍ഷവും അരങ്ങേറി. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരം 1938ല്‍ രൂപപ്പെട്ട മാറിയ രാഷ്ട്രീയ ലോകക്രമത്തിന്റെ സമ്മര്‍ദ്ദഫലമായി 1940 മുതല്‍ മൂന്നു മേളകള്‍ ലിഡോയിലല്ല നടന്നത്. അവയില്‍ റോം-ബെര്‍ളിന്‍ അച്ചുതണ്ടിനു പുറത്തുള്ള രാജ്യങ്ങള്‍ പങ്കെടുത്തതുമില്ല. പിന്നീട് 1946ലാണ് വെനീസ് ചലച്ചിത്രമേള പുതിയൊരു ഊര്‍ജ്ജം ആര്‍ജ്ജിക്കുന്നതും അതിനിടെയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്ന ഫ്രാന്‍സിലെ പ്രശസ്തമായ കാന്‍ ചലച്ചിത്രമേളയുടമായി പരസ്പരധാരണയോടെ ലോക ചലച്ചിത്രഭൂപടത്തില്‍ നിര്‍ണായക സ്ഥാനം നേടിയെടുക്കും വിധം അഭംഗുരം തുടര്‍ന്നുവന്നത്. സംവിധായകന്‍ ലൂഗി ചിയാറിണിയുടെ ഏകാധിപത്യമായ നേതൃത്വത്തില്‍ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നെല്ലാം വ്യതിചലിച്ച വെനീസ് ചലച്ചിത്രമേള കേവലം കമ്പോള സിനിമകളുടെ പ്രചാരണത്തിനു മാത്രമായി മാറുകയും സുവര്‍ണസിംഹമടക്കമുള്ള അവാര്‍ഡുകള്‍ വരെ നിര്‍ത്തിവച്ച് ഫലത്തില്‍ നിര്‍ഗുണാവസ്ഥയിലാവുകയും ചെയ്തു. ലിഡോ ദ്വീപില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായാണ് മേള സംഘടിപ്പിക്കപ്പെട്ടു വന്നത്.
1979ലാണ് വെനീസ് ചലച്ചിത്രമേള നഷ്ടപ്രതാപം വീണ്ടെടുത്തത്. പിറ്റേ വര്‍ഷം തന്നെ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡണ്‍ ലയണ്‍, മികച്ച സംവിധായകനുള്ള രജതസിംഹം, ഗ്രാന്‍ഡ് ജൂറി സമ്മാനം, നടിക്കും നടനുമുള്ള വോള്‍പി കപ്, സ്‌പെഷല്‍ ജൂറി അവാര്‍ഡ്, സാങ്കേതികതയ്ക്കുള്ള ഗോള്‍ഡണ്‍ ഒസെല്ല പുരസ്‌കാരം തുടങ്ങിയവ പുനഃസ്ഥാപിക്കപ്പെട്ടു. 1998ല്‍ വിഖ്യാത നടന്‍ മാര്‍സെല്ലോ മസ്‌ത്രോയാനിയുടെ സ്മരണാര്‍ത്ഥം പുതുമുഖ അഭിനേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ പേരിലും അവാര്‍ഡ് നല്‍കിത്തുടങ്ങി. സംവിധായകനുള്ള സമഗ്രസംഭാവന കണക്കിലെടുത്ത് സ്‌പെഷല്‍ ലയണ്‍ അവാര്‍ഡും നല്‍കിവരുന്നു. മത്സരം, മത്സരേതര സ്വതന്ത്രം, ഹൊറൈസണ്‍സ് തുടങ്ങി നിലവില്‍ ലോകത്തെ ഏറ്റവും പ്രഖ്യാതമായ മൂന്നു ചലച്ചിത്രമേളകളില്‍ ഒന്നായിട്ടാണ് വെനീസ് കണക്കാക്കപ്പെടുന്നത്. തുടങ്ങിയതിനു പിന്നിലെ രാഷ്ട്രീയമെന്തായാലും ശരി, 2018 ഓഗസ്റ്റ് 29 ന് വെനീസ് ചലച്ചിത്രോത്സവം അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ, ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന, നിലവാരമുള്ള ചലച്ചിത്രമേളയായി അതിനു മാറാനായി എന്നതു വാസ്തവം മാത്രം.
ഭരണകൂടതാല്‍പര്യം സംരക്ഷിക്കുന്നതായിരുന്നു വെനീസിലെ പുരസ്‌കാരങ്ങളെല്ലാം. ജനവികാരത്തിനപ്പുറം ഫാസിസ്റ്റ് തീരുമാനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ഫ്രാന്‍സില്‍ നിന്നുള്ള ഴാങ് റെന്വെയുടെ ലാ ഗ്രാന്‍ഡ് ഇല്യൂഷന്‍ (1937) പോലൊരു ക്‌ളാസിക്കിനു പോലും വെനീസില്‍ ഔദ്യോഗിക സമ്മാനം നിഷേധിക്കപ്പെട്ടു. ഇതില്‍ ഫ്രാന്‍സടക്കം നീരസം പരസ്യമാക്കുകയും ചെയ്തു. വാസ്തവത്തില്‍ ഈ ഭിന്നതയില്‍ നിന്നാണു സ്വന്തമായി ഒരു ആഗോള ചലച്ചിത്രമേള എന്ന സങ്കല്‍പത്തിലേക്ക് ഫ്രാന്‍സ് കടന്നുചെല്ലുന്നത്. വെനീസ് മേളയുടെ കടുത്ത ജനാധിപത്യവിരുദ്ധതയിലും സിനിമയോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഏകാധിപത്യനിലപാടിലും പ്രതിഷേധിച്ചാണ് സിനിമയുടെ പിതാക്കന്മാരിലൊരാളായ ലൂയി ലൂമിയറുടെ അധ്യക്ഷതയിലുള്ള ആക്ഷന്‍ ആര്‍ട്ടിസ്‌ക് ഫ്രാന്‍സെ എന്ന സംഘടന കാന്‍ എന്ന പുഴയോരനഗരം ആസ്ഥാനമാക്കി വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തിന് തുടക്കമിടുന്നത്. ചരിത്രകാരനായ ഫിലിപ് എര്‍ലാങ്ഗര്‍ മുന്നോട്ടുവച്ച ഫ്രാന്‍സിനു സ്വന്തമായൊരു ചലച്ചിത്രോത്സവം എന്ന ആശയത്തോട് അമേരിക്കയിലെയും ബ്രിട്ടണിലെയും ചലച്ചിത്രപ്രവര്‍ത്തകരും ക്രിയാത്മക സഹകരണം വാഗ്ദാനം ചെയ്തതോടെ മേള യാഥാര്‍ത്ഥ്യത്തോടടുത്തു.മുസോളിനിയുടെ വിദ്വേഷം ഭയന്ന് ആദ്യം ഒന്നറച്ചെങ്കിലും കലയ്ക്കും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കും എക്കാലത്തും ഈറ്റില്ലമായിട്ടുള്ള ഫ്രഞ്ച് സര്‍ക്കാര്‍,ഫ്രഞ്ച് മന്ത്രി ഴാങ് സേയുടെ താല്‍പര്യപ്രകാരം മേളയ്ക്കുള്ള ധനസഹായം നല്‍കാന്‍ സമ്മതിക്കുകയായിരുന്നു.
വിനോദസഞ്ചാരസീസണ്‍ കൂടി കൂട്ടിയിണക്കിക്കൊണ്ട് 1939 സെപ്റ്റംബറിലാണ് കാന്‍ ചലച്ചിത്രമേള അരങ്ങേറിയത്. മേളയ്ക്കായി മാത്രം സകല സൗകര്യങ്ങളോടും കൂടി പാലസ് ദീ ഫെസ്റ്റിവല്‍സ് എന്നൊരു സമുച്ചയം തന്നെ നദീതീരത്ത് നിര്‍മിക്കപ്പെട്ടു. വില്യം ഡയറ്ററി സംവിധാനം ചെയ്ത നോത്രദാമിലെ കൂനന്‍ (1939) ആയിരുന്നു ഉദ്ഘാടനചിത്രം. എന്നാല്‍ ഉദ്ഘാടനചിത്രത്തോടെ ആദ്യ മേളയ്ക്കു തിരശ്ശീലയിടേണ്ടി വന്നു സംഘാടകര്‍ക്ക്. കാരണം അതിനകം ലോകമഹായുദ്ധത്തില്‍ പോളണ്ടിനെ ജര്‍മനി കീഴടക്കിക്കഴിഞ്ഞിരുന്നു
രണ്ടാം ലോകമഹായുദ്ധത്തോടെ കാന്‍ മേളയുടെ നിലനില്‍പു ചോദ്യചിഹ്നമായെങ്കിലും എല്ലാ എതിര്‍പ്പുകളും തരണം ചെയ്ത് മേള അതിന്റെ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. 1946 ല്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 1949ല്‍ പുഴയോരത്ത് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പ്രദര്‍ശനശാല കൊടുങ്കാറ്റില്‍ തകര്‍ന്നുവീണതോടെ വെനീസ് മേളയുമായുള്ള നേരിട്ടുള്ള മത്സരം കൂടി ഒഴിവാക്കുംവിധം കാന്‍ മേള വസന്തകാലത്തേക്കു മാറ്റുകയായിരുന്നു.സോവിയറ്റ് യൂണിയനും ഇംഗ്‌ളണ്ടും പങ്കെടുക്കാത്തതിനാല്‍ 1948ല്‍ വീണ്ടും മേള ഉപേക്ഷിക്കേണ്ടിവന്നു.
തുടക്കം മുതല്‍ മികച്ച ചിത്രത്തിന് ഗ്രാന്‍പ്രീ സമ്മാനമാണ് നല്‍കപ്പെട്ടിരുന്നത്. 1954ലാണ് കാന്‍ മേളയില്‍ ആദ്യമായി ജൂറിയുടെ പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. തൊട്ടടുത്ത വര്‍ഷം ലോകപ്രശസ്തമായി പാം ഡി ഓര്‍ അവാര്‍ഡും നല്‍കിത്തുടങ്ങി. 1959ല്‍ മേളയോടനുബന്ധിച്ച ഫിലിം മാര്‍ക്കറ്റ്-മാര്‍ച്ച് ദു ഫിലിം-ഉള്‍പ്പെടുത്തി. പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മാതാക്കള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും വിതരണക്കാര്‍ക്കും ഇഷ്ടമുള്ള സിനിമകള്‍ പരസ്പരം വിപണനം ചെയ്യാനുളള തുറന്നവേദിയായിരുന്നു അത്. കമ്പോളസമവാക്യങ്ങള്‍ക്കു വഴങ്ങാതെ സിനിമയെടുക്കുന്നവരുടെ ആദ്യത്തെയും രണ്ടാമത്തെയും സിനിമകള്‍ക്കായുള്ള വേദിയെന്ന നിലയ്ക്ക് 1962ല്‍ കാന്‍ മേളയ്ക്കു സമാന്തരമായി ഫ്രഞ്ച് യൂണിയന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് ഇന്റര്‍നാഷനല്‍ ക്രിട്ടിക്‌സ് വീക്ക് തുടങ്ങി.
ലോകമെമ്പാടും നിന്നുള്ള 25 ചിത്രങ്ങളുമായി ഇന്‍ കോംപറ്റിഷന്‍ മത്സരവിഭാഗം, മൗലികമായ 20 ചിത്രങ്ങള്‍ ഉള്‍പ്പെട്ട അണ്‍സേര്‍ട്ടന്‍ റിഗാര്‍ഡ്, ഔട്ട് ഓഫ് കോംപറ്റിഷന്‍, സ്‌പെഷല്‍ സ്‌ക്രീനിങ്‌സ്, ലോകമെമ്പാടുമുള്ള ഫിലിംസ്‌കൂളുകളില്‍ നിന്നുള്ള ചെറു ലഘു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സിനിഫോണ്ടേഷന്‍ ഹ്രസ്വചിത്രവിഭാഗം, പൈതൃകപ്പെരുമയുള്ള ചിത്രങ്ങള്‍ക്കായുള്ള കാന്‍ ക്‌ളാസിക്‌സ്, പൊതുജനങ്ങള്‍ക്കായുള്ള സിനിമ ഡി ലാ പ്ലാസ് എന്നിവയാണ് മേളയിലെ ഔപചാരിക വിഭാഗങ്ങള്‍. ഇന്റര്‍നാഷനല്‍ ക്രിട്ടിക്‌സ് വീക്കും, സമാന്തര പരീക്ഷണസിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഡയറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റും സമകാലിക സിനിമകള്‍ ഉള്‍പ്പെടുന്ന റ്‌റൗ ലേ സിനിമാ ദൂ മോണ്ടേയും അടങ്ങുന്നതാണ് സമാന്തര പരിപാടികള്‍. ഇവകൂടാതെ ഫിലിം മാര്‍ക്കറ്റ്, മാസ്റ്റര്‍ ക്‌ളാസുകള്‍, സ്മരണാഞ്ജലി, പ്രൊഡ്യൂസേഴ്‌സ് നെറ്റ്‌വര്‍ക്ക്, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവും മേളയുടെ ഭാഗമായി അരങ്ങേറുന്നു.
രാജ്യാന്തര ചലച്ചിത്രപ്രതിഭകള്‍ ഉള്‍പ്പെട്ട ജൂറികളാണ് വിവിധ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുക. പാം ഡി ഓര്‍ (ഗോള്‍ഡണ്‍ പാം), ഗ്രാന്‍ഡ് പ്രീ, ജൂറി പ്രൈസ്, ഹ്രസ്വചിത്രത്തിനുള്ള പാം ഡി ഓര്‍ ദു കോര്‍ട്ട് മീറ്ററേജ്, മികച്ച നടന്‍, നടി,സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവര്‍ക്കുള്ള അവാര്‍ഡ് യുവപ്രതിഭയ്ക്കുള്ള അണ്‍സേര്‍ട്ടന്‍ റിഗാര്‍്ഡ് പ്രൈസ്, വിദ്യാര്‍ത്ഥികളുടെ സിനിമയ്ക്കുള്ള സിനിഫോണ്ടേഷന്‍ സമ്മാനം, രാജ്യാന്തര ചലച്ചിത്രനിരൂപകസംഘടനയായ ഫിപ്രസിയുടെ അവാര്‍ഡ്, ഡയറക്ടേഴ്‌സ് ഫോര്‍ട്ടനൈറ്റ് സമ്മാനങ്ങള്‍, ക്രിട്ടിക്‌സ് വീക്ക് അവാര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രധാന പുരസ്‌കാരങ്ങള്‍. 1982ല്‍ അണ്‍സേര്‍ട്ടന്‍ റിഗാര്‍ഡില്‍ അടൂരിന്റെ എലിപ്പത്തായം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഷാജി എന്‍.കരുണിന്റെ പിറവി 1989ല്‍ ക്യാമറ ഡി ഓര്‍ പ്രത്യേകപരാമര്‍ശം നേടി. വാനപ്രസ്ഥം 1999ല്‍ അണ്‍സേര്‍ട്ടന്‍ റിഗാര്‍ഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
1983ല്‍ കൂടുതല്‍ സൗകര്യങ്ങളോടു കൂടി പാലസ് ഡീ ഫെസ്റ്റിവലിനു വിപുലമായ പുതിയ കെട്ടിടസമുച്ചയമുണ്ടായി. രണ്ടായിരമാണ്ടിലാണ് മേളയുടെ പേര് ഫെസ്റ്റിവല്‍ ഡീ കാന്‍ എന്നാക്കിമാറ്റിയത്. അതോടെ മേളയുടെ ഉള്ളടക്കത്തിലും ഭാവത്തിലും നിര്‍ണായക മാറ്റങ്ങളുണ്ടായി. കലാപരതയ്ക്കും സാമൂഹികപ്രതിബദ്ധതയ്ക്കുമപ്പുറം കമ്പോളതാല്‍പര്യങ്ങള്‍ക്ക് കാന്‍ വേദികള്‍ തുറക്കപ്പെട്ടു. 2009ല്‍ മേളയുടെ വിപുലീകരണമായി ബ്യൂനസ് ഐറീസിലും കാന്‍ മേളയുടെ ചെറു പതിപ്പ് അരങ്ങേറി. 2010ല്‍ ലഘുചിത്രങ്ങള്‍ക്കായി മത്സരവിഭാഗം തുടങ്ങി. 2017ല്‍ മേള അതിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷിച്ചു.
വെനീസ് മേളയുടെ വിജയം കണ്ട് ഒറ്റപ്പെട്ട ചില ചെറുമേളകളും സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കിലും കാന്‍ മേളയുടെ ഉദയത്തോടെ അതെല്ലാം നിഷ്പ്രഭമാവുകയും, കാന്‍ ചലച്ചിത്രമേള നടത്തിപ്പിലെ പ്രൊഫഷനലിസത്തിന്റെ പേരിലും വിട്ടുവീഴ്ചയില്ലാത്ത നിലവാരത്തിന്റെ പേരിലും പെട്ടെന്ന് ലോകശ്രദ്ധയാകര്‍ഷിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെ കച്ചവടസിനിമകളുടെ നീരാളിപിടിത്തത്തിനു കീഴടങ്ങി എന്ന ചീത്തപ്പേരുണ്ടാക്കിയെങ്കിലും അതുവരെ കാന്‍ ലോകത്തെമ്പാടുമുളള സമാന്തരവും സാമൂഹികപ്രസക്തവുമായ സിനിമാസംരംഭങ്ങളുടെ പ്രചോദനകേന്ദ്രമായിത്തന്നെ നിലനിന്നു. ഹോളിവുഡിന്റെ സ്വന്തം ഓസ്‌കര്‍ താരനിശയേയും മറ്റും അനുകരിച്ച് കാന്‍ പോലുള്ള വിഖ്യാത മേളകളിലെ ഉദ്ഘാടന ചടങ്ങുകളും റെഡ്കാര്‍പ്പറ്റ് വ്യവസ്ഥയില്‍ വാണിജ്യസിനിമയുടെ കെട്ടുകാഴ്ചയായി മാറിയത് നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാനാവുന്നതായില്ല.
ഹോളിവുഡ് വാണിജ്യസിനിമയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്കു ബദലായി പ്രതിബദ്ധമായ മാധ്യമ പ്രതിരോധമെന്ന നിലയ്ക്ക് ലോകത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നുവന്ന ഫിലിം ക്‌ളബുകളുടെയും സൊസൈറ്റികളുടെയും അവാങ് ഗാര്‍ഡ് പരീക്ഷണങ്ങളുടെയുമെല്ലാം അനന്തരഫലമായിട്ടാണ് ചലച്ചിത്രങ്ങള്‍ക്കു മാത്രമായി വാര്‍ഷിക മേളകള്‍ അഥവാ ചലച്ചിത്രോത്സവങ്ങള്‍ പരിപോഷിക്കപ്പെട്ടത്. യുദ്ധാനന്തരം ഇരുപതാം നൂറ്റാണ്ടിലേക്ക് നീങ്ങുന്ന അമ്പതുകളിലാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കലാസിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം ചലച്ചിത്രമേളകളുടെ വ്യാപനവും സ്വാധീനവും ദര്‍ശിക്കപ്പെട്ടത്. മാറിയ ലോകക്രമത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്‍ക്ക് അറുതിയായിരിക്കെ സാംസ്‌കാരികവും കലാപരവുമായുണ്ടായ പുത്തനുണര്‍വിന്റെ പ്രതിഫലനം കൂടിയായി ഇതിനെ കാണാം.
എന്നാല്‍ ലോകത്തെ ഏറ്റവും പ്രമുഖമായ മൂന്നാമത്തെ ചലച്ചിത്രോത്സവം, ബര്‍ലിന്‍ ചലച്ചിത്രമേള രൂപമെടുക്കുന്നത് യുദ്ധാനന്തര ശീതയുദ്ധകാലഘട്ടത്തിലാണ്. ഇരു ജര്‍മനികളും തമ്മിലുള്ള ശീതസമരം അതിന്റെ പാരമ്യത്തിലിരിക്കെയാണ് 1975ല്‍ കലയിലൂടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ അതിരുകള്‍ ഉല്ലംഘിച്ചുകൊണ്ട് ഒന്നാമത് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവം അരങ്ങേറുന്നത്.എന്നാല്‍ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെ കിഴക്കന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ട സ്വതന്ത്രസിനിമാസംരംഭങ്ങളല്ലാതെ ഔദ്യോഗിക പങ്കാളിത്തം ബര്‍ലിനിലുണ്ടായില്ല. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ റബേക്ക ആയിരുന്നു ഉദ്ഘാടനചിത്രം. 1978 മുതല്‍ ഫെബ്രുവരിയില്‍ മുടങ്ങാതെ ബര്‍ലിന്‍ മേള അരങ്ങേറുന്നുണ്ട്.
ഏഴു പ്രധാനവിഭാഗങ്ങളാണ് മേളയിലുള്ളത്. വിദഗ്ധ സമിതിയുടെ ഉപദേശനിര്‍ദ്ദേശങ്ങളോടെ ഫെസ്റ്റിവല്‍ ഡയറക്ടറാണ് മേളയിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുക. കോംപറ്റിഷന്‍, ആധുനികവും പരീക്ഷണാത്മകവുമായ സിനിമകള്‍ക്കുവേണ്ടിയുള്ള പനോരമ, പരീക്ഷണാത്മക ഹ്രസ്വചിത്രങ്ങള്‍ക്കായുള്ള ഫോറം, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമുള്ള ദീര്‍ഘ-ഹ്രസ്വ ചിത്രങ്ങളുള്‍പ്പെടുന്ന ജനറേഷന്‍, ജര്‍മ്മന്‍ സിനിമയുടെ പരിച്ഛേദം അവതരിപ്പിക്കുന്ന പേഴ്‌സ്‌പെക്ടീവ് ഡ്യൂഷെ കിനോ, ഹ്രസ്വസിനിമകള്‍ക്കുള്ള ബര്‍ലിനാല്‍ ഷോര്‍ട്ട്‌സ്, ക്‌ളാസിക് സിനിമകള്‍ക്കായുള്ള റിട്രോസ്‌പെക്ടീവ് തുടങ്ങിയവയാണവ. മികച്ചസിനിമയ്ക്കു നല്‍കുന്ന സുവര്‍ണക്കരടി(ഗോള്‍ഡണ്‍ ബെയര്‍) ആണ് പരമോന്നത പുരസ്‌കാരം. സമഗ്രസംഭാവനയ്ക്ക് 1982 മുതല്‍ ഓണററി ഗോള്‍ഡണ്‍ ബെയറും നല്‍കിവരുന്നു. സില്‍വര്‍ ബെയര്‍, ഗ്രാന്‍ഡ് പ്രീ, സ്ഥാപകനായ ആല്‍ഫ്രഡ് ബൂവറിന്റെ സ്മരണാര്‍ത്ഥമുള്ള ബഹുമതി, മികച്ച നടന്‍, നടി, ഹ്രസ്വചിത്രം, സംഗീതസംവിധാനം, തിരക്കഥ തുടങ്ങിയ അവാര്‍ഡുകളും നല്‍കപ്പെടുന്നു. യൂറോപ്യന്‍ ഫിലിം മാര്‍ക്കറ്റ്, സിനിമാതല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കുന്ന ബര്‍ലിനാല്‍ ടാലന്റ്‌സ് തുടങ്ങിയവയും മേളയുടെ ഭാഗമായി നടത്തിവരു്‌നനു.ലോകത്ത് ഏറ്റവുമധികം പ്രതിനിധികളും പ്രേക്ഷകരും പങ്കെടുക്കുന്ന ബര്‍ലിന്‍ മേളയില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം ടിക്കറ്റുകളാണ് വില്‍ക്കപ്പെടുന്നത്. അഞ്ചുലക്ഷം പേരെങ്കിലും പങ്കെടുക്കുന്നുവെന്നാണു കണക്ക്.നിലവില്‍ ലോകത്ത് മൂവായിരത്തോളം ചലച്ചിത്രമേളകളുണ്ടെന്നാണു കണക്ക്.
വെനീസ്-കാന്‍-ബര്‍ലിന്‍ മേളകളുടെ പ്രതാപകാലത്ത് അറുപതുകള്‍ ചില പുതിയ രാജ്യാന്തരമേളകളുടെ കൂടി ഉദയത്തിനും സാക്ഷ്യംവഹിച്ചു.1953ല്‍ നാഷനല്‍ ഫിലിം തീയറ്ററിന്റെ (ഇപ്പോഴത്തെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട) ആഭിമുഖ്യത്തില്‍ ആരംഭിച്ച ലണ്ടന്‍ ഫിലിം ഫെസ്റ്റിവലാണ് അതിലൊന്ന്. 1982ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം ഇവിടെ നിന്നു പുരസ്‌കാരം നേടി.1989ല്‍ ഷാജി എന്‍.കരുണിന്റെ പിറവി മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി.
ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്റെ മാതൃക പിന്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ സാംസ്‌കാരിക കേന്ദ്രമായ ലിങ്കന്‍ സെന്ററില്‍ 1963ല്‍ തുടങ്ങിയ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ സമാന്തര പരീക്ഷണാത്മകസിനിമകള്‍ക്ക് ധാരാളം അവസരങ്ങള്‍ സമ്മാനിച്ചു. കാന്‍, ബര്‍ലിന്‍ മേളകളില്‍ നിന്നു വ്യത്യസ്തമായി മത്സരവിഭാഗമില്ലായിരുന്നു എന്നു മാത്രമല്ല, പങ്കാളിത്ത രാജ്യങ്ങളുടെയും ചിത്രങ്ങളുടെയും എണ്ണത്തിലും താരതമ്യേന ചെറിയ മേളയായി. എങ്കിലും റിച്ചാര്‍ഡ് റൗഡും അമോസ് വോഗലും ചേര്‍ന്നു തുടങ്ങിയ ന്യൂയോര്‍ക്ക് ചലച്ചിത്രമേള നിലവാരത്തില്‍ ചുരങ്ങിയ കാലം കൊണ്ടു തന്നെ ലോകശ്രദ്ധയാര്‍ജിച്ചു. ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങള്‍ക്ക് മേള വളരെ പ്രാധാന്യം നല്‍കി.
എഡിന്‍ബര്‍ഗ് ചലച്ചിത്രമേളയില്‍ നിന്നാര്‍ജ്ജിച്ച സംഘാടന പരിചയവുമായാണ് 1947 ല്‍ ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ഫിലിം സൊസൈറ്റീസ്, സിഡ്‌നി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രൂപം നല്‍കുന്നത്. ഒരു ഡസനോളം അവാര്‍ഡുകളുള്ള ഈ മേള സിഡ്‌നി സര്‍വകലാശാലയുടെ കൂടി സഹകരണത്തോടെയാണ് നടന്നു വരുന്നത്. 1967 വരെ സര്‍വകലാശാല തന്നെയായിരുന്നു ആസ്ഥാനവും. 1974ല്‍ ചരിത്രപ്രസിദ്ധമായ സ്റ്റേറ്റ് തീയറ്റര്‍ മേളയുടെ സ്ഥിരം വേദിയായി.
ലോകത്തെ ആദ്യത്തെ മുഴുനീള കഥാചിത്രമായി യുനെസ്‌കോ അംഗീകരിച്ച ദ് സ്‌റ്റോറി ഓഫ് ദ് കെല്ലി ഗ്യാങ് ചിത്രീകരിച്ച വിക്ടോറിയ പ്രവിശ്യയിലാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ചലച്ചിത്രമേള അരങ്ങേറുന്നത്. 1952 ഓഗസ്റ്റിലാണ് മെല്‍ബേണ്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തുടക്കമാവുന്നത്. 23 വിഭാഗങ്ങളുള്ള മേളയില്‍ 1962 മുതല്‍ പീപ്പിള്‍സ് ചോയ്‌സ് പുരസ്‌കാരങ്ങളും നല്‍കിവരുന്നു. മെല്‍ബേണ്‍ നഗരസഭതന്നെയാണ് വിഖ്യാതമായ ഗ്രാന്‍ഡ് പ്രീ സമ്മാനം നല്‍കുന്നത്.കഥാചിത്രങ്ങള്‍ക്കൊപ്പം കഥേതര, ഹ്രസ്വചിത്രങ്ങള്‍ക്കും മത്സരവിഭാഗങ്ങളുണ്ടിവിടെ.
സാമ്പത്തിക രാഷ്ട്രീയ ശക്തികേന്ദ്രമായ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്‌ളിക്കില്‍ റഷ്യയില്‍ ആദ്യമായി സിനിമയ്ക്കായി ഒരു മേള അരങ്ങേറുന്നത് 1935ലാണ്. എന്നാല്‍ ലോക സിനിമയ്ക്കു തന്നെ നിര്‍ണായക സംഭാവനകള്‍ നല്‍കിയ റഷ്യയുടെ മോസ്‌കോ രാജ്യാന്തര മേള സ്ഥിരം ഔദ്യോഗിക സാംസ്‌കാരിക മേളയായി മാറുന്നതോ 1959ലും. കാര്‍ലോവി വാരി മേളയുമായുള്ളു ധാരണയില്‍ ഒന്നിടവിട്ട വര്‍ഷം ജൂലൈ മാസത്തിലായിരുന്നു ഇത്. പിന്നീട് 1995 മുതല്‍ വാര്‍ഷികമേളയായി. കോട്ട് ഓഫ് ആംസ് എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ സെന്റ് ജോര്‍ജ്ജ് പുരസ്‌കാരം, അഭിനേതാവിനു നല്‍കുന്ന സ്റ്റാനിസ്ലാവ്‌സ്‌കി അവാര്‍ഡ്, തുടങ്ങി വിവിധ വിഭാഗങ്ങളിലായി സുപ്രധാന പുരസ്‌കാരങ്ങള്‍ നല്‍കപ്പെടുന്ന മത്സരമേളയാണിത്.
ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ചലച്ചിത്രമേളകള്‍ കൈവരിച്ച ജനശ്രദ്ധയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് റഷ്യന്‍ സിനിമകള്‍ക്കൊപ്പം ഒരുകാലത്ത് ലോകസിനിമാഭൂപടത്തില്‍ വിപ്‌ളവകരമായ ചലച്ചിത്രോദ്യമങ്ങളുമായി ശ്രദ്ധിക്കപ്പെട്ട ചെക്കസ്ലോവാക്യ 1946 ല്‍ സ്വതന്ത്ര ചലച്ചിത്രമേളയുമായി മുന്നോട്ടുവരുന്നത്. 1946 ജൂലൈയില്‍ കാര്‍ലോവി വാരി പട്ടണത്തില്‍ ആരംഭിച്ച രാജ്യാന്തര ചലച്ചിത്രോത്സവം വൈകാതെ മധ്യ യൂറോപ്പിലെ ഏറ്റവും പ്രമുഖമായ സാംസ്‌കാരികമേളകളില്‍ ഒന്നായി. യുദ്ധാനന്തര യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുമായി മത്സരരഹിതമേളയായിട്ടായിരുന്നു തുടക്കം. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ മേളയ്ക്ക് കാര്‍ലോവി വാരിയില്‍ സ്ഥിരം വേദിയായതിനൊപ്പം മത്സരവിഭാഗങ്ങള്‍ക്കു തുടക്കമിട്ടു. വികസ്വരരാഷ്ട്രങ്ങള്‍ക്കായുള്ള സുപ്രധാന ചലച്ചിത്രമേളയെന്ന നിലയ്ക്ക് കാര്‍ലോവി വാരി ശ്രദ്ധിക്കപ്പെട്ടു.സോവിയറ്റ് യൂണിയനില്‍ റഷ്യ മോസ്‌കോ ചലച്ചിത്രമേള തുടങ്ങിയതുമുതല്‍ മോസ്‌കോ മേളയും കാര്‍ലോവി വാരിയും ഇടവിട്ട വര്‍ഷങ്ങളിലാണ് അരങ്ങേറിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം 1993ലാണ് പിന്നീടത് വാര്‍ഷികമേളയെന്ന നിലയ്ക്ക് പുനരാരംഭിക്കുന്നത്. ഇതിനിടെ 1989ല്‍ വെല്‍വെറ്റ് വിപ്‌ളവകാലത്തും കാര്‍ലോവി വാരി മേളയുടെ ഭാവി തുലാസിലായെങ്കിലും അതൊക്കെ മറികടന്ന് ഒരു ഡസന്‍ വിഭാഗങ്ങളിലായി പത്തോളം അവാര്‍ഡുകളുമായി കാര്‍ലോവി വാരി നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെ ആശ്രയമായി തുടരുന്നു.
അതേവര്‍ഷം തന്നെ സ്വിറ്റസര്‍ലന്‍ഡും സ്വന്തം ചലച്ചിത്രമേള ആരംഭിച്ചു.1946 ഓഗസ്റ്റില്‍ ഓ സോള്‍ മിയോ എന്ന സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടാരംഭിച്ചതു മുതല്‍ മുടങ്ങാതെ നടന്നു വരുന്ന ലോകചലച്ചിത്രമാമാങ്കമാണ് ലൊകാര്‍ണോ രാജ്യാന്തരചലച്ചിത്രമേള. ലോകത്തെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ തീയറ്ററുകളിലൊന്നായ പിയാസാ ഗ്രാന്‍ഡില്‍ നടക്കുന്ന പ്രദര്‍ശനമാണ് സവിശേഷത. ഗോള്‍ഡണ്‍ ലെപ്പേഡ് ആണ് ഈ മേളയിലെ ഏറ്റവും വിലമതിക്കുന്ന പുരസ്‌കാരം. മികച്ച സിനിമ, സംവിധായകന്‍, നടന്‍ നടി എന്നിവര്‍ക്ക് ഈ ബഹുമതി നല്‍കുന്നു. കഥാ കഥേതരവിഭാഗങ്ങളിലായി സമഗ്രസംഭാവനക്കുള്ള പുരസ്‌കാരംവും പിയസ ഗ്രാന്‍ഡ് അവാര്‍ഡുകളുമടക്കം ഇരുപതോളം അവാര്‍ഡുകള്‍ വെറെയുമുണ്ട്. 1989ല്‍ ഷാജി എന്‍.കരുണിന്റെ പിറവി സില്‍വര്‍ ലെപ്പേഡ് പുരസ്‌കാരം നേടി.
ലോകത്ത് മുടങ്ങാതെ നടന്നു വരുന്ന ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേള എന്നറിയപ്പെടുന്ന എഡിന്‍ബര്‍ഗ് മേള 1947 ഓഗസ്റ്റിലാണ് ആരംഭിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗ് ഫിലിം ഗില്‍ഡ് ആയിരുന്നു സംഘാടകര്‍. പിന്നീടത് ജൂണിലേക്ക് മാറ്റുകയായിരുന്നു.എഡിന്‍ബര്‍ഗ് ഫിലിം ഹൗസ് ആസ്ഥാനമായുള്ള മേളയില്‍ മികച്ച ചിത്രത്തിനുള്ള മൈക്കല്‍ പവ്വല്‍ അവാര്‍ഡ് അടക്കം ഒരു ഡസന്‍ പുരസ്‌കാരങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. എഡിന്‍ബര്‍ഗില്‍ സര്‍ ചാര്‍ളി ചാപ്‌ളിന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം അതേറ്റുവാങ്ങിയത് മലയാളത്തിന്റെ ഷാജി എന്‍.കരുണാണ്.
അറുപതുകളില്‍ വിഖ്യാതമായ ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തുടക്കമായി. 1976ല്‍ ആരംഭിച്ച ഈ ചലച്ചിത്രമേള ലോകത്ത് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന മേളകളിലൊന്നായതുകൊണ്ടു തന്നെ മേളകളുടെ മേള എന്നാണ് അറിയപ്പെടുന്നത്. അഞ്ചുലക്ഷത്തോളം പേരാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ ഈ കനേഡിയന്‍ ചലച്ചിത്രമേളയുടെ സവിശേഷത. ലക്ച്ചര്‍ ക്‌ളാസുകള്‍ ഫിലിം മാര്‍ക്കറ്റ് തുടങ്ങി ഒരുപാട് അനുബന്ധപ്രവര്‍ത്തനങ്ങളും ടൊറന്റോ മേളയുടെ സവിശേഷതയാണ്.
രണ്ടു സുപ്രധാന ചലച്ചിത്രമേളകള്‍ക്കു കൂടി കാനഡ ആതിഥ്യമരുളുന്നുണ്ട്. പ്രഖ്യാതമായ വാന്‍കൂവര്‍,മോണ്‍ട്രീല്‍ ചലച്ചിത്രമേളകളാണവ.നോര്‍ത്ത് അമേരിക്കയിലെ ഏക അംഗീകൃത മത്സര ചലച്ചിത്രമേളയാണ് മോണ്‍ട്രീലിലേത്. ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കുന്ന മേളയില്‍ ലോകമത്സരവിഭാഗം, കന്നിസിനിമാമത്സരവിഭാഗം,ലോകഡോക്യുമെന്ററി വിഭാഗം, കണ്‍ട്രി ഫോക്കസ് തുടങ്ങി പതിനൊന്നോളം വിഭാഗങ്ങളില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് 1982 മുതല്‍ വാന്‍കൂവര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ വാന്‍കൂവര്‍ മേള നടന്നു വരുന്നത്. ഒന്നര ലക്ഷത്തോളം പ്രേക്ഷകരാണ് മത്സരവിഭാഗമുള്ള ഈ മേളയുടെ ആകര്‍ഷണം.
1972 ജനുവരിയിലാണ് നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിനു തുടക്കമാവുന്നത്.സമാന്തര, സ്വതന്ത്ര, പരീക്ഷണാത്മകസിനിമകള്‍ക്കുള്ള ഏറ്റവും ഉചിതമായ വേദികളിലൊന്നാണിത്.ചലച്ചിത്രകാരന്മാരും പ്രേക്ഷകരും തമ്മില്‍ കൂടുതല്‍ ഇടപഴകാന്‍ അവസരമൊരുക്കും വിധമാണ് ഈ മേളയിലെ പല സെഷനുകളും വിഭാവനചെയ്തിട്ടുള്ളത്. 1983 ല്‍ മേളയിലാരംഭിച്ച ഫിലിം മാര്‍ക്കറ്റ് പിന്നീട് പങ്കാളിത്തരാഷ്ട്രങ്ങള്‍ ഒന്നുചേര്‍ന്നുള്ള സംയുക്ത നിര്‍മാണസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുംവിധം കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് എന്ന നിലയ്ക്ക് പുനര്‍നിര്‍ണയിക്കപ്പെട്ടു. മത്സരരഹിത മേളയായിട്ടാണു തുടക്കമെങ്കിലും 1995ല്‍ ഡച്ച് പ്രക്ഷേപണ കമ്പനിയായ വി.പി.ആര്‍.ഒ യുവചലച്ചിത്രകാരന്മാര്‍ക്കായി ടൈഗര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതോടെ മത്സരമേളകളുടെ ഭൂപടത്തിലിടം നേടുകയായിരുന്നു.ഈ 32 വര്‍ഷത്തിനിടെ ഏറെ വിശ്വസ്തത നേടിയ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ(2017)
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ ഫിയാപ്ഫ് അംഗീരാമുള്ള ഒരേയൊരു മേളയാണ് ഈജിപ്തിലെ കെയ്‌റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍. 1976ല്‍ ചലച്ചിത്രനിരൂപകന്‍ കമല്‍ മല്ലാഖിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ മേള കുറഞ്ഞകാലം കൊണ്ടു ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളിലൊന്നായി. അമ്പതോളം രാജ്യങ്ങൡ നിന്ന് കെയ്‌റോയില്‍ മത്സരിക്കാന്‍ ചിത്രങ്ങള്‍ എത്തുന്നു. ഗോള്‍ഡന്‍ സില്‍വര്‍ ബ്രോണ്‍സ് പിരമിഡുകളാണ് പ്രമുഖ പുരസ്‌കാരങ്ങള്‍. മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന് കെയ്‌റോയില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഉതാഹ് ഫിലിം കമ്മീഷന്‍ മുന്‍കൈയെടുത്ത് 1978 ല്‍ അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ സ്റ്റെര്‍ലിങ് വാന്‍ വാഗനന്‍ ആരംഭം കുറിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിലിം ഫെസ്റ്റിവലാണ് 1985ല്‍ റോബര്‍ട്ട് റെഡ്‌ഫോര്‍ഡിന്റെ സണ്‍ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത് സണ്ടാന്‍സ് ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്തിപ്പോരുന്നത്. മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രമേളകളിലൊന്നായി അതു മാറി. സമാന്തര സിനിമയ്ക്കും കമ്പോള മുഖ്യധാരാ സിനിമകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിത്തീര്‍ന്നു ഈ മേള. അര ലക്ഷത്തില്‍പ്പരം പ്രതിനിധികളും മത്സരവിഭാഗവുമുള്ളതാണ് സണ്‍ഡാന്‍സ് മേള.
1983ല്‍ തുടങ്ങിയ മ്യൂണിച്ച് രാജ്യാന്തര ചലച്ചിത്രമേള, 1985ല്‍ ആരംഭിച്ച ടോക്യോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, പോളണ്ടിലെ വാര്‍സോ രാജ്യാന്തര ചലച്ചിത്രമേള, 1991ല്‍ തുടങ്ങിയ ജര്‍മനിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ചലച്ചിത്രമേളയായ ഹാംബര്‍ഗ് രാജ്യാന്തര മേള, 1996 മുതല്‍ തുടര്‍ച്ചയായി നടന്നു വരുന്ന ദക്ഷിണകൊറയയുടെ അഭിമാനസംരംഭമായ ബുസാന്‍ ചലച്ചിത്രമേള, സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ, പാംസ്പ്രിങ്‌സ്, ബ്രസല്‍സ്, റോഡ് ഐലന്റ്, ഡര്‍ബന്‍, റെയ്ന്‍ഡാന്‍സ് തുടങ്ങിയ മേളകളും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട ഇതര ചലച്ചിത്രമേളകളാണ്.
ഏഷ്യയില്‍ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രമേള 1952ല്‍ ഡല്‍ഹിയിലാണു നടന്നത്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ താല്‍പര്യപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ഫിലിംസ് ഡിവിഷനാണ് ബോംബെയില്‍ ഇന്ത്യയുടെ ആദ്യ ചലച്ചിത്രമേള-ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്. 1952 ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നുവരെയായിരുന്നു അത്. ബോബെയിലെ ന്യൂ എംപയര്‍ സിനിമയായിരുന്നു വേദി.ഡല്‍ഹിയിലെ ചടങ്ങില്‍ വച്ച് ഫെബ്രുവരി 21നാണ് നെഹ്രു മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. ഡല്‍ഹിയിലും ചെന്നൈയിലും മേള സംഘടിപ്പിക്കപ്പെട്ടു.
അമേരിക്ക അടക്കമുള്ള 23 രാജ്യങ്ങളില്‍ നിന്ന് 40 കഥാചിത്രങ്ങളുള്‍പ്പെട്ട മത്സരരഹിത ചലച്ചിത്രമേളയായിരുന്നു അത്. 1965ല്‍ നടന്ന മൂന്നാമത് ചലച്ചിത്രമേളയിലാണ് മത്സരവിഭാഗം ഉള്‍ക്കൊള്ളിക്കുന്നത്. അതിനോടൊപ്പം, ഇടവിട്ട വര്‍ഷങ്ങളില്‍ ഫിലിമോത്സവ് എന്ന പേരില്‍ ഒരു മത്സരരഹിത ചലച്ചിത്രമേള കൂടി തുടങ്ങി. ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഇഫി) യുടെ ആസ്ഥാനം ന്യൂഡല്‍ഹിയായിരുന്നെങ്കില്‍ ഫിലിമോത്സവ് സംസ്ഥാന തലസ്ഥാനങ്ങളില്‍ മാറി മാറി സംഘടിപ്പിക്കപ്പെട്ടു. 1988ല്‍ അവസാനത്തെ ഫിലിമോത്സവിന് അരങ്ങായത് തിരുവനന്തപുരമാണ്.
മത്സരവിഭാഗത്തോടെയുള്ള ഇന്ത്യയുടെ ഔദ്യോഗിക മേളയായത്തീര്‍ന്ന ഇഫി സംസ്ഥാനങ്ങളില്‍ മാറി മാറി നടത്തപ്പെട്ടു. 2003ല്‍ തിരുവനന്തപുരം ആതിഥ്യം വഹിച്ച മേളയോടെ ഇഫി ഗോവയിലേക്ക് സ്ഥിരമായി പറിച്ചുനടപ്പെട്ടു. ഇപ്പോള്‍ ഗോവയാണ് സ്ഥിരം വേദി. വിവിധവിഭാഗങ്ങളിലായി സുവര്‍ണമയൂരം അടക്കമുളള നിരവധി പുരസ്‌കാരങ്ങളുള്ള ലോകശ്രദ്ധയാകര്‍ഷിച്ച മേളകളിലൊന്നാണ് ഇഫി. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പിനു കീഴില്‍ 1973 ല്‍ രൂപീകരിച്ച ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സിനാണ് മേളയുടെ സംഘാടനച്ചുമതല. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമിങ് വിഭാഗമാണ് മേളയുടെ വിജയത്തിനു പിന്നില്‍. 2017ല്‍ ഇത് ദേശീയ ചലച്ചിത്രവികസന കോര്‍പറേഷന്റെ കീഴിലാക്കി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. സംഘാടന മികവും വിട്ടുവീഴ്ചയില്ലാത്ത നിലവാരവും കൊണ്ടു ശ്രദ്ധിക്കപ്പെട്ട ഇഫി ഗോവയിലേക്ക് മാറിയതോടെ, മുംബൈ ചലച്ചിത്രവേദിയുടെ സ്വാധീനത്തില്‍ കമ്പോള മുഖ്യധാരയുടെ അതിപ്രസരത്തില്‍ നിറം മങ്ങിയിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ ഭാഷാ സിനിമകള്‍ക്ക് ലോക സിനിമാപ്രേക്ഷകരിലേക്കും ലോക സിനിമയ്ക്ക് ഇന്ത്യന്‍ പ്രേക്ഷകരിലേക്കുമെത്താനുള്ള ഏറ്റവും വലിയ വേദിയെന്ന നിലയ്ക്ക് അത് ഇന്ത്യയുടെ പ്രധാന സാംസ്‌കാരികവിനിമയ സംരംഭമായി നിലനില്‍ക്കുന്നു. മാസ്റ്റര്‍ ക്ലാസുകളാണ് ഗോവ മേളയിലെ ശ്രദ്ധേയമായ മറ്റൊരിനം. ഇന്ത്യയില്‍ ശക്തമായി വേരോട്ടമുള്ള ചലച്ചിത്രപ്രസ്ഥാനങ്ങളും ഫിലിം സൊസൈറ്റികളുമാണ് ഇഫി അടക്കമുള്ള ഇന്ത്യന്‍ ചലച്ചിത്രമേളകളുടെ വിജയത്തിനു പിന്നില്‍. വിദേശപ്രതിനിധികളടക്കം എണ്ണായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന മേളയാണ് ഇഫി. നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് ഗോവ മേളയില്‍ നല്‍കപ്പെടുന്നത്.
ഇന്ത്യയുടെ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവമായിരുന്ന ഫിലിമോത്സവിന്റെ ആതിഥ്യത്തോടെയാണ് കേരളത്തിന് സ്വന്തമായൊരു ചലച്ചിത്രമേള എന്ന ആശയം ഉരുത്തിരിയുന്നത്. അങ്ങനെയാണ് സംസ്ഥാന ചലച്ചിത്രവികസ കോര്‍പറേഷന്റെയും പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെയും ശ്രമഫലമായി മുഖ്യമന്ത്രി കെ.കരുണാകരന്റെ രക്ഷാധികാരത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍24 വരെ കോഴിക്കോട്ടു വച്ച് കേരളത്തിന്റെ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രമേള യാഥാര്‍ത്ഥ്യമാവുന്നത്. ദേശീയ ഫിലിം ആര്‍ക്കൈവ്‌സ് മേധാവിയായിരുന്ന പി.കെ.നായരായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍. കെ.ജയകുമാറായിരുന്നു കെ.എസ്.എഫ്.ഡി.സി എം.ഡി. മാര്‍ത്താണ്ഡവര്‍മ്മ എന്ന നിശ്ശബ്ദ സിനിമയായിരുന്നു ഉദ്ഘാടനചിത്രം. കോഴിക്കോട് ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ലോകസിനിമ, ഇന്ത്യന്‍ സിനിമ, ലാറ്റിനമേരിക്കന്‍ സിനിമ, സ്മൃതിപരമ്പര, മലയാളംസിനിമ, സമകാലിക ലോകസിനിമ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളയില്‍ ഡോ.വി.രാജകൃഷ്ണന്‍ നേതൃത്വം നല്‍കിയ ചലച്ചിത്രസെമിനാറും നടന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള(ഐ.എഫ്.എഫ്.കെ.) തിരുവനന്തപുരത്തും കൊച്ചിയിലും വീണ്ടും കോഴിക്കോട്ടുമൊക്കെയായി അരങ്ങേറിയെങ്കിലും സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപവല്‍ക്കരിക്കപ്പെട്ട 1998 നുശേഷം ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞതോടെ തിരുവനന്തപുരം സ്ഥിരം വേദിയായി. നിശാഗന്ധി ഓപ്പണ്‍ എയര്‍ തീയറ്ററാണ് വേദി 2015 മുതല്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഫിലിം സൊസൈറ്റി ഫെഡറേഷനുമായി ചേര്‍ന്ന് പ്രാദേശിക ചലച്ചിത്രമേളകളും നടത്തിവരുന്നു. തിരുവനന്തപുരത്ത് സ്ഥിരം ആര്‍ക്കൈവും ഫെസ്റ്റിവല്‍ കോംപ്‌ളക്‌സും സ്ഥാപിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍.
പ്രേക്ഷകപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മേളയെന്ന നിലയ്ക്കാണ് ഐ.എഫ്.എഫ്.കെയുടെ പ്രശസ്തി. പതിനാലായിരത്തോളം പ്രതിനിധികളാണ് 2016ലെ ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. 2002ല്‍ നടന്ന ഏഴാമതു രാജ്യാന്തര ചലച്ചിത്ര മേളയിലാണ് അതുവരെ ചലച്ചിത്രസംഘടനകളുടെ ശുപാര്‍ശയില്‍ മാത്രം ലഭ്യമായിരുന്ന ഡെലിഗേറ്റ് പാസ് 100 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്കായി ആദ്യമായി തുറന്നുകൊടുത്തത്.80 രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലധികം സിനിമകള്‍. ഫിലിം മാര്‍ക്കറ്റ് ഓപ്പണ്‍ ഫോറം, ചര്‍ച്ചകള്‍, സെമിനാറുകള്‍, പരിശീലന കളരികള്‍, തടുങ്ങി വിവിധ വിഭാഗങ്ങളുള്ള മേളയില്‍ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കായാണ് മത്സരവിഭാഗമുള്ളത്. സുവര്‍ണ ചകോരം രജത ചകോരം, സംവിധായക പുരസ്‌കാരം, സമഗ്രസംഭാവനാ അവാര്‍ഡ്, പുതുമുഖചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷക പുരസ്‌കാരം ഫിപ്രസ്സി അവാര്‍ഡ് നെറ്റ്വര്‍ക്ക് ഫോര്‍ ദ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ (നെറ്റ്പാക്) അവാര്‍ഡ് തുടങ്ങിയ ബഹുമതികളേര്‍പ്പെടുത്തിയ മേള ഇന്ന് ഐ.എഫ്.എഫ്.ഐ. കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രാജ്യാന്തര സിനിമാമേളയായാണ്.22 വര്‍ഷത്തിനിടെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണചകോരം നേടിയ ആദ്യ ഇന്ത്യന്‍ സിനിമ ജയരാജിന്റെ ഒറ്റാല്‍ (2016) ആണ്. പ്രേക്ഷകപുരസ്‌കാരവും, ഫിപ്രസി പുരസ്‌കാരവുമടക്കമുള്ള നിര്‍ണായകബഹുമതികളെല്ലാം ആ വര്‍ഷം ഈ സിനിമയ്ക്കായിരുന്നു.
ഇന്ത്യയുടെ വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍.കരുണ്‍, കെ.ആര്‍.മോഹനന്‍, ടി.കെ.രാജീവ് കുമാര്‍, പ്രിയദര്‍ശന്‍, രാജീവ് നാഥ് തുടങ്ങിയവരെല്ലാം മേളയുടെ ഡയറക്ടര്‍മാരായിരുന്നു. മേളയ്ക്ക് സ്ഥിരമായി ഒരു ആര്‍ട്ടിസ്റ്റിക് ഡയറക്ടറടക്കം 365 ദിവസവും പ്രവര്‍ത്തിക്കുന്ന സംഘാടകസംവിധാനമാണുള്ളത്. 10 ലക്ഷം രൂപയാണ് സുവര്‍ണ ചകോരത്തിന്റെ സമ്മാനത്തുക.
ഐഫ്.എഫ്.കെ.കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേളയാണ് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവം. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 1995ല്‍ ആരംഭിച്ച മേളയ്ക്ക് 1985ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച നന്ദന്‍ ചലച്ചിത്രസമുചയമാണ് സ്ഥിരം വേദി. വിവിധ വിഭാഗങ്ങളിലായി മത്സരചിത്രങ്ങള്‍ക്കു പുറമേ ഫിലിം മാര്‍ക്കറ്റും അക്കാദമിക് സെഷനും പ്രദര്‍ശനവും ഫിലിം ബുക്ക് ബസാറുമെല്ലാം കൊല്‍ക്കത്ത മേളയുടെ പ്രത്യേകതകളാണ്.
ഹ്രസ്വചിത്രങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഔപചാരിക ചലച്ചിത്രമേളയാണ് മുംബൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 1990 മുതല്‍ നടത്തിവരുന്നു.നവംബറിലാണ് മേള. 10 ലക്ഷം രൂപയുടെ സുവര്‍ണ ശംഖാണ് അവാര്‍ഡ്.
ചൈനയടക്കമുള്ള ഇതര ഏഷ്യന്‍ ഭാഷാസിനിമകളെയും ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1976ല്‍ ആരംഭിച്ച ഹോങ്കോങ് ചലച്ചിത്രമേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറ്റമ്പതോളം സിനിമകള്‍ ഉള്‍പ്പെടുന്നു. 11 വേദികളിലായി അരങ്ങേറുന്ന ഹോങ്കോങിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികൂടിയായ ചലച്ചിത്രമേളയില്‍ മികച്ച യുവസിനിമയ്ക്കും ഡോക്യുമെന്ററിക്കുമടക്കം അവാര്‍ഡുകളുമുണ്ട്. ശ്രീലങ്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇപ്പോള്‍ രാജ്യാന്തര ചലച്ചിത്രമേളകള്‍ക്ക് ആതിഥ്യമരുളുന്നുണ്ട്. സിനിമ എന്ന മാധ്യമത്തിന്റെ ബഹുജനസ്വാധീനം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണിത്.
പല മാസങ്ങളിലായി ലോകത്തിന്റെ വിവിധധഭാഗങ്ങളില്‍ ചലച്ചിത്രമേളകള്‍ സ്ഥിരമായതോടെ,പല മേളകളും ഒരേ സമയത്താവുകയും സിനിമകള്‍ സ്വന്തം മേളകളിലെത്തിക്കുന്നതിലടക്കം പരസ്പരം മത്സരിക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. അപ്പോഴാണ്. മേളസംഘാടകര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചചെയ്ത് ചലച്ചിത്രമേളകളുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയ്ക്കു രൂപം കൊടുക്കുകയും അവര്‍ പ്രധാന മേളകളുടെ തീയതികള്‍ ഒരേസമയമാവാതിരിക്കാന്‍ രാജ്യാന്തരതലത്തില്‍ ഒരു വാര്‍ഷിക മേളാ സമയക്രമത്തിനു രൂപം നല്‍കുന്നത്.മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രനിര്‍മാതാക്കളുടെ സംഘടനകളുടെ കൂട്ടായ്മയായി 1933ല്‍ പാരീസ് ആസ്ഥാനായി രൂപീകരിക്കപ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍(ഫിയാപ്ഫ് )ആണ് ചലച്ചിത്രമേളകള്‍ക്കുള്ള രാജ്യാന്തര കലണ്ടര്‍ തയാറാക്കുന്നത്. സുപ്രധാന ലോക ചലച്ചിത്രമേളകള്‍ ഒരേ സമയത്തു വരാതെ ഒരേ സിനിമയ്ക്കു തന്നെ വിവിധ ചലച്ചിത്രമേളകളിലെ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യമാവും വിധം മേളകളെ ക്രമപ്പെടുത്തുന്നതു കൂടാതെ മത്സര, മത്സരരഹിത, ഹ്രസ്വവിഭാഗങ്ങളില്‍ വിവിധ ചലച്ചിത്രമേളകള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളനുസരിച്ച് അംഗീകാരം നല്‍കാനുള്ള ഉത്തരവാദിത്തവും ഫിയാപ്ഫ് എന്ന ഈ സംഘടയ്ക്കാണ്. പകര്‍പ്പവകാശം, സാങ്കേതികത, മാധ്യമപ്രചാരണം, വ്യാപാരം തുടങ്ങി പല മേഖലകളിലും ചലച്ചിത്രമേളകള്‍ക്കുള്ള ചട്ടങ്ങളും നിയമങ്ങളും നയങ്ങളും നിര്‍ദ്ദേശിക്കുന്നത് ഫിയാപ്ഫ് ആണ്. സ്വാഭാവികമായി ഇതിന്റെ അംഗീകാരമുള്ള മേളകള്‍ക്ക് ലോക സിനിമാഭൂപടത്തില്‍ മുന്തിയ പരിഗണന ലഭിക്കും. കോംപറ്റിറ്റീവ്, കോംപറ്റിറ്റീവ് സ്‌പെഷ്യലൈസ്ഡ്, നോണ്‍ കോംപറ്റിറ്റീവ്,ഡോക്യൂമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിംസ് വിഭാഗങ്ങളിലായി എ.ബി.സി എന്നിങ്ങനെ മേളകളെ വിഭാഗികരിച്ചാണ് ഫിയാപ്ഫ് അംഗീകാരം നല്‍കുന്നത്.
ഇന്ത്യയില്‍ നിന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയും എന്‍.എഫ്.ഡി.സിയുമാണ് ഈ സംഘടനയിലെ അംഗങ്ങള്‍. ഐ.എഫ്.എഫ്.ഐ. കോംപറ്റിറ്റീവ് വിഭാഗത്തിലും ഐ.എഫ്.എഫ്.കെ.യും മുംബൈയും കൊല്‍ക്കത്തയും കോംപറ്റിറ്റീവ് സ്‌പെഷ്യലൈസ്ഡ് വിഭാഗത്തിലും ഫിയാപ്ഫിന്റെ അംഗീകാരം നേടിയിട്ടുണ്ട്.
ഇന്‍ഡോ സിനി അപ്രീസിയേഷന്‍ ഫൗണ്ടേഷനും ചെന്നെ നഗരസഭയും ചേര്‍ന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയോടെ 2002 മുതല്‍ നടത്തിവരുന്ന ചെന്നൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, അതേവര്‍ഷം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ തുടക്കമിട്ട പുനെ രാജ്യാന്തര ചലച്ചിത്രമേള, 2007ല്‍ ആരംഭിച്ച ഹൈദരാബാദ് ഫിലിം ക്‌ളബ് ആരംഭിച്ച ഹൈദരാബാദ് രാജ്യാന്തര മേള, 2012 ല്‍ ആരംഭിച്ച ഡല്‍ഹി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പേരെടുത്ത ചലച്ചിത്രമേളകളാണ്. ഇവ കൂടാതെ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ നടത്തുന്ന വിബ്‌ജ്യോര്‍,ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള പോലുള്ള ഹ്രസ്വചിത്രമേളകളും റിലയന്‍സ് പോലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ മുംബൈ ഫിലിം ഫെസ്റ്റിവല്‍, സൂര്യ, ചലച്ചിത്ര തുടങ്ങിയ സൊസൈറ്റികള്‍ വര്‍ഷങ്ങളായി നല്ല നിലയില്‍ നടത്തിപ്പോരുന്ന സൂര്യഫിലിം ഫെസ്റ്റിവല്‍, തൃശൂര്‍ ഫിലിം ഫെസ്റ്റിവല്‍, ട്രിവാന്‍ട്രം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയും ഫിയാപ്ഫ് അംഗീകാരമില്ലെങ്കിലും വിവിധ എംബസികളുടെയും നയതന്ത്രകാര്യാലയങ്ങളുടേയും സ്വതന്ത്ര ഏജന്‍സികളുടെയും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരുടെയും മറ്റും സഹായത്തോടെ വിജയകരമായി നടത്തിപ്പോരുന്നു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കുമുള്ള സിനിമകള്‍ക്കു മാത്രമായി ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന രാജ്യാന്തര ബാലചലച്ചിത്രമേളയാണ് ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാല്‍വയ്പ്. ഗോള്‍ഡണ്‍ എലിഫന്റ് പുരസ്‌കാരം നല്‍കപ്പെടുന്ന ഈ മേള ഒരു വര്‍ഷമിടവിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. 1991ല്‍ തിരുവനന്തപുരത്തു വച്ച് അരങ്ങേറിയ ബാലചലച്ചിത്രമേളയിലെ ബാല ജൂറിയില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമായിരുന്നു സ്‌കൂള്‍ കലാതിലകമായിരുന്ന മഞ്ജു വാര്യര്‍.
ലൈംഗിക ന്യൂനപക്ഷത്തിനായുള്ള ക്വീര്‍ മേളകള്‍ തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും പ്രമേയങ്ങളുമായി പല സ്‌പെഷ്യലൈസ്ഡ് മേളകള്‍ക്കും ഇന്നു ലോകം വേദിയാവുന്നുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയ്ക്ക് ചലച്ചിത്രമേളകള്‍ പലപ്പോഴും ആശയസംഘട്ടനങ്ങളുടെ കൂടി വേദികളാവാറുണ്ട്. വിപ്‌ളവകരമായ സിദ്ധാന്തങ്ങളും ആശയങ്ങളും ഉയര്‍ന്നുവരികയും പങ്കുവയ്ക്കുകയും മാത്രമല്ല ലോകത്തെ മറ്റിടങ്ങളില്‍ നടക്കുന്ന സിനിമാപരിശ്രമങ്ങളെ തൊട്ടറിയാനുള്ള അവസരം കൂടിയായിത്തീരുന്നുണ്ട് ചലച്ചിത്രമേളകള്‍. കേരളത്തെ സംബന്ധിച്ചിടത്തോളം അറുപതുകളില്‍ സജീവമായ ചലച്ചിത്ര സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കു ശേഷം നമ്മുടെ ചലച്ചിത്രകാരന്മാരെയും പ്രേക്ഷകരെയും ഏറ്റവുമധികം സ്വാധീനിച്ച മുന്നേറ്റം തന്നെയാണ് ചലച്ചിത്രമേളകള്‍.
പ്രിയ നന്ദന്‍, സലീം അഹ്മ്മദ്, ഡോ.ബിജു, കെ.ആര്‍.മനോജ്, സജിന്‍ ബാബു, വിപിന്‍ വിജയ്, പ്രദീപ് നായര്‍, സനല്‍കുമാര്‍ ശശിധരന്‍, ദിലീഷ് പോത്തന്‍,മനോജ് കാന, സിദ്ധാര്‍ത്ഥ ശിവ, അവിര റബേക്ക, പി.എസ്.മനു, സുദേവന്‍, രാജേഷ് പിള്ള, അരുണ്‍കുമാര്‍ അരവിന്ദ്, അനൂപ് മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി പുതുതലമുറയില്‍ സ്വതന്ത്രസിനിമയിലും മുഖ്യധാരയിലും പ്രതിഭതെളിയിച്ച പല ചലച്ചിത്രകാരന്മാരും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഊര്‍ജ്ജമാവഹിച്ച് സിനിമയില്‍ തനതായ സ്ഥാനം കണ്ടെത്തിയവരാണ്.

No comments:
Post a Comment