Sunday, December 10, 2017

സര്‍ഗാത്മകമൗനങ്ങളുടെ അന്തരാര്‍ത്ഥങ്ങള്‍

Kalapoornna monthly December 2017

എ.ചന്ദ്രശേഖര്‍
സര്‍ഗാത്മകയ്ക്കും പ്രായത്തിനും തമ്മിലുള്ള ബന്ധമെന്താണ്? അഥവാ പ്രായമാകുംതോറും ഒരാളുടെ സര്‍ഗാത്മകശേഷിക്കും ക്രിയാത്മതയ്ക്കും ശോഷണം സംഭവിക്കുമോ? ഒരു നൂറ്റാണ്ടിനപ്പുറം വൈദ്യശാസ്ത്ര/മനഃശാസ്ത്ര പഠിതാക്കളുടെ ഇഷ്ടഗവേഷണവിഷയം തന്നെയാണിത്. കലയിലും ശാസ്ത്രത്തിലും സക്രിയമായിരിക്കുന്ന ഒരാളെ സംബന്ധിച്ച് ബുദ്ധിയുടെ ഉല്‍പാദനക്ഷമതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെങ്കിലും എണ്‍പതുവയസുവരെയെങ്കിലും ഒരു കലാകാരന്/ശാസ്ത്രജ്ഞന് സര്‍ഗാത്മകമായ സത്യസന്ധതയോടെ സക്രിയമായിരിക്കാനാവുമെന്നാണ് കലിഫോര്‍ണിയയിലെ ഡേവിസ് സര്‍വകലാശാലയിലെ പ്രൊഫസറും വിഖ്യാത മനഃശ്ശാസ്ത്രവിദഗ്ധനുമായ ഡോ.ഡീന്‍ കെയ്ത്ത് സൈമണ്‍ടണ്‍ നിരീക്ഷിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി നിരൂപിക്കപ്പെട്ട അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ സയന്റിഫിക് അമേരിക്കയില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.ഡോ.ഡീനും സംഘവും നടത്തിയ പഠനഗവേഷണങ്ങളില്‍ തെളിഞ്ഞ മറ്റൊരു വസ്തുതയാണു ഒരാളുടെ സര്‍ഗാശേഷിയുടെ യഥാര്‍ത്ഥ കാരണത്തിലേക്കു വെളിച്ചം വീശുന്നത്. സ്വന്തം മേഖലകളിലെ പുതു ചലനങ്ങള്‍ വരെ തിരിച്ചറിയുകയും ലോകത്തു നടക്കുന്ന പുതുപ്രവണതകളിലേക്ക് കണ്ണും കാതും തുറന്നു പിടിച്ച് ആശയങ്ങളെയും പുരോഗതിയേയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരില്‍ മാത്രമേ സര്‍ഗാത്മകത സജീവമായി തുടരൂ എന്നാണാ കണ്ടെത്തല്‍.
ഈ ശാസ്ത്രീയ വസ്തുതകള്‍ കൂടി കണക്കിലെടുത്തേ മലയാള സിനിമയിലെ മുതിര്‍ന്ന ചലച്ചിത്രകാരന്മാരുടെ സര്‍ഗാത്മക മൗനത്തെയും ചിലരുടെയെങ്കിലും ഏറ്റവും പുതിയ സൃഷ്ടികളെയും വിലയിരുത്താനാവൂ. എണ്‍പതുകളെയും തൊണ്ണൂറുകളെയും ഊര്‍വരമാക്കിയ മുഖ്യധാരാ ചലച്ചിത്രകാരന്മാരില്‍ നല്ലൊരുപങ്കും സിനിമയില്‍ നിര്‍ജ്ജീവമോ സര്‍ഗാത്മകസുഷുപ്തിയിലോ ആണെന്നതില്‍ തര്‍ക്കത്തിനു സാധ്യതയില്ല. എന്തുകൊണ്ടാവുമിത്?സര്‍ഗാത്മകതയുടെ കൂമ്പടഞ്ഞതുകൊണ്ടാണോ? അതോ മാറിയ മാധ്യമസമവാക്യങ്ങളിലും മൂലധന-നിക്ഷേപസങ്കേതങ്ങളിലും സാങ്കേതികവിസ്‌ഫോടനത്തിലും പിടിച്ചുനില്‍ക്കാനാവാത്തതുകൊണ്ടോ? സിനിമയുടെ ഗുണപരവും ഗണപരവുമായ വളര്‍ച്ചയെ ചെറുതായെങ്കിലും ബാധിച്ചിട്ടുള്ള പ്രതിഭാമൗനങ്ങളുടെ കാരണമെന്താവും?
വിഖ്യാത ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിര കുറോസാവയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ഡ്രീംസ് അദ്ദേഹം എഴുതി സംവിധാനം ചെയ്യുന്നത് 1990ലാണ്, അദ്ദേഹത്തിന്റെ എണ്‍പതാം വയസില്‍. 2016ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ നേടിയ ഐ ഡാനിയല്‍ ബ്‌ളേക്ക് സംവിധാനം ചെയ്ത ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ കെന്നത് ചാള്‍സ് ലോച്ചിന് പ്രായം 82 വയസ്! പോളിഷ് ചലച്ചിത്രേതിഹാസം ആേ്രന്ദ വൈദ ഹംസഗാനമായ 2016ല്‍ ആഫ്റ്റര്‍ ഇമേജ് പൂര്‍ത്തിയാക്കുമ്പോള്‍ വയസ് 88! സത്യജിത് റേ തന്റെ അവസാനത്തെ സിനിമയായ ആഗന്തുക് സംവിധാനം ചെയ്യുന്നത് 71-ാം വയസില്‍ 1992 ല്‍ ആണ്. 2006ല്‍ കെ.ബാലചന്ദര്‍ തന്റെ 93-ാമത്തെ ചിത്രമായ പൊയ് സംവിധാനം ചെയ്യുന്നത് 2006 ല്‍ അദ്ദേഹത്തിന് 76 വയസുള്ളപ്പോഴും. നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെയും സംവിധാനം ചെയ്യുന്നത് 76-ാം വയസിലാണ്. പ്രായമല്ല സര്‍ഗാത്മകയുടെ മാനദണ്ഡമെന്നതിന് ഇതില്‍ക്കൂടുതല്‍ നിരീക്ഷണങ്ങളാവശ്യമില്ല.
മലയാള സിനിമയുടെ മുഖ്യധാരയില്‍ തൊണ്ണൂറുകളെ ഊര്‍വരമാക്കിയ സംവിധാനപ്രതിഭകളാണ് ഭരതന്‍, പത്മരാജന്‍, ഐ വി.ശശി, ഹരിഹരന്‍, ജോഷി, ഫാസില്‍, സാജന്‍, സിബി മലയില്‍, കമല്‍, കെ.മധു, തമ്പി കണ്ണന്താനം, ബാലചന്ദ്രമേനോന്‍, ഭദ്രന്‍, ജയരാജ്, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, വേണു നാഗവള്ളി,പ്രിയദര്‍ശന്‍, ടി.കെ.രാജീവ് കുമാര്‍, ജേസി, ബ്‌ളസി, ഷാജി കൈലാസ്, ശ്രീനിവാസന്‍,രാജസേനന്‍ തുടങ്ങിയവര്‍. സമാന്തര സിനിമയില്‍, എണ്ണത്തിലല്ലാത്ത ഉള്‍ക്കാമ്പില്‍ മാത്രം ശ്രദ്ധയൂന്നി സിനിമയെ ആത്മനിഷ്ഠമായ വിനിമയോപാധിയായി വിനിയോഗിച്ചു വിശ്വസിനിമയില്‍ മലയാളത്തിന് ഇരിപ്പിടമുണ്ടാക്കിയെടുത്ത അടൂര്‍ ഗോപാലകൃഷ്ണനെയും ജി.അരവിന്ദനെയും ഷാജി എന്‍ കരുണിനെയും പോലുള്ളവരെ, അതുകൊണ്ടുതന്നെ തല്‍ക്കാലം ഈ ലേഖനത്തിന്റെ പരിധിയില്‍ നിന്നു മാറ്റിനിര്‍ത്താം. കാരണം, ഒരിക്കലും വിപണിസമവാക്യങ്ങള്‍ക്കനുസൃതമായി സ്വന്തം സര്‍ഗകാമനകളില്‍ വിട്ടുവീഴ്ച ചെയ്യാനോ വാണിജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി രചന നടത്താനോ തയാറായിട്ടില്ലാത്തവരാണവരൊക്കെ. സൃഷ്ടികള്‍ക്കിടയില്‍ നീണ്ട ഇടവേളകളെടുക്കുകയും വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കു ശേഷം സാമൂഹികപ്രതിബദ്ധതയോടെ, താരവ്യവസ്ഥയടക്കം നിലവിലെ സര്‍വ നാട്ടുനടപ്പിനെയും വെല്ലുവിളിച്ചുകൊണ്ടാണ് ഈ ചലച്ചിത്രകാരന്മാര്‍ സിനിമയെടുത്തിരുന്നത്. ഏറെക്കുറെ വ്യക്തിനിഷ്ഠമാര്‍ന്ന ദൃശ്യപരിചരണം ആവശ്യപ്പെടുന്ന സാങ്കേതികവിദഗ്ധരുടെയും നടീനടന്മാരുടെയുമടക്കമുള്ള സ്വന്തം ടീമിനെത്തന്നെ ആവര്‍ത്തിച്ചുകൊണ്ട് തങ്ങളുടെ തന്നെ തിരപാഠങ്ങള്‍ക്കാണ് ഇവരെല്ലാം ദൃശ്യാഖ്യാനം നല്‍കിയിട്ടുള്ളതും. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ അഞ്ചോ വര്‍ഷത്തെ ഇടവേള അവരുടെ കാര്യത്തില്‍ നിര്‍ണായകമാവുന്നില്ല.
അതേസമയം, സമാന്തരമാര്‍ഗത്തില്‍ത്തന്നെ കെ.ജി. ജോര്‍ജ്, ടി.വി.ചന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്, തുടങ്ങിയവരുടെ സര്‍ഗാത്മക മൗനം അങ്ങനെയല്ല. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ചിലതെങ്കിലും സംവിധാനം ചെയ്ത ചലച്ചിത്രകാരന്മാരാണിവരെല്ലാം.പ്രതിബദ്ധതയുടെ സര്‍ഗാത്മകനിഷ്ഠ കൊണ്ട് സിനിമയെ അനുഗ്രഹിച്ചവര്‍. ഇവരില്‍ ടി.വി.ചന്ദ്രനും കുഞ്ഞിമുഹമ്മദും 2016-17 കാലത്തും ഓരോ ചിത്രവുമായി പേരിനെങ്കിലും സാന്നിദ്ധ്യമാണെങ്കിലും അവരുടെ സിനിമകള്‍ നേടിയെടുത്ത പ്രേക്ഷകശ്രദ്ധയെത്ര എന്നു പരിഗണിക്കേണ്ടതുണ്ട്. അതെന്തുകൊണ്ട് എന്നും. തീര്‍ച്ചയായും ചന്ദ്രന്റെ മോഹവലയവും കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂറും മോശം സിനിമകളല്ല. പക്ഷേ, അവ കാലത്തിന്റെ പ്രേക്ഷകഭാവുകത്വത്തെ സംബോധനചെയ്യുന്നതില്‍ വിജയിച്ചോ എന്നുള്ളതാണ് സംശയം.
മുന്‍കാലങ്ങളില്‍ കാലത്തിനു മുമ്പേ പിറന്ന സിനിമകളെടുത്തിട്ടുള്ളവര്‍ മുന്നേ ഇറങ്ങേണ്ടിയിരുന്ന സിനിമകളുമായി പുതിയകാലത്തു മുന്നോട്ടുവരുന്നതിന്റെ സര്‍ഗാത്മകപ്രശ്‌നമായിക്കൂടി ഇതിനെ കണക്കാക്കേണ്ടതുണ്ട്. യവനികയും ആദാമിന്റെ വാരിയെല്ലും ഇരകളും പോലെ, മലയാളം കണ്ട മികച്ച സിനിമകള്‍ സമ്മാനിച്ച കെ.ജി.ജോര്‍ജ്ജ് 1998ല്‍ ഇലവങ്കോടു ദേശത്തിനു ശേഷം ഒറ്റ സിനിമ പോലും സംവിധാനം ചെയ്തില്ല. അതുവരെ ചെയ്ത സിനിമകളെ വച്ചു വിലയിരുത്തുമ്പോള്‍ അദ്ദേഹം ചെയ്ത ഏറ്റവും മോശം സിനിമയുമായിരുന്നു അത്. നിലവാരത്തില്‍ ഏറെ വിട്ടുവീഴ്ചകൂടാതെ തന്നെ സ്വന്തം സര്‍ഗപഥത്തില്‍ തുടര്‍സഞ്ചാരത്തിന് ലെനിന്‍ രാജേന്ദ്രനെപ്പോലെ ചിലര്‍ സൃഷ്ടിച്ചെടുക്കുന്ന തിരയിടം പരിഗണിക്കുമ്പോഴാണ് ജോര്‍ജും മറ്റും ബാക്കിയാക്കുന്ന മൗനത്തിന്റെ ആഴവും പരപ്പും വ്യക്തമാവുക.
നിര്‍മാതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടുള്ളവരല്ല മലയാള മുഖ്യധാര അടക്കിവാണിരുന്ന സംവിധായകരില്‍ ആരും.സിബി മലയിലോ ജോഷിയോ ഒരു സിനിമയെടുക്കുകയാണെങ്കില്‍ നിര്‍മിക്കാന്‍ മുന്‍ നിര നിര്‍മാതാക്കള്‍ തന്നെ തയാറായിവരികയും ചെയ്യും. മലയാളത്തിലെ ലബ്ധപ്രതിഷ്ഠനായ നിര്‍മാതാവ് സിയാദ് കോക്കര്‍ നിര്‍മിച്ചിട്ടും അന്നത്തെ പുതുതലമുറയുടെ പരിപൂര്‍ണ സഹകരണവും പിന്തുണയുമുണ്ടായിട്ടും 2010ല്‍ സിബി മലയില്‍ തന്റെ അതുവരെയുള്ള സിനിമകളില്‍ നിന്നു ബോധപൂര്‍വം വഴിമാറിനടക്കാന്‍ ശ്രമിച്ചുകൊണ്ട് സംവിധാനം ചെയ്ത അപൂര്‍വരാഗം നേടിയ പരാജയം നോക്കുക. മോഹന്‍ലാലിനെപ്പോലുള്ള താരത്തിന്റെ സാന്നിദ്ധ്യമുണ്ടായിട്ടും 2007ല്‍ സംവിധാനം ചെയ്ത ഫ്‌ളാഷിനു പറ്റിയ വീഴ്ചയുടെ ആവര്‍ത്തനമോ തുടര്‍ച്ചയോയ ആയിരുന്നു അത്. ഇവിടെ രണ്ടു കാര്യങ്ങളാണ് സ്ഥാപിക്കപ്പെടുന്നത്. ഒന്ന് ചോദ്യം ചെയ്യപ്പെടുന്ന താരസങ്കല്‍പം. രണ്ട്, അന്യവല്‍ക്കരിക്കപ്പെടുന്ന ഭാവുകത്വം. മുന്‍കാലവിജയങ്ങളില്‍നിന്ന് താരപ്രഭാവത്തില്‍ ഊന്നി നിന്നുകൊണ്ട് ഒരു ഫോര്‍മുല സ്വരൂപിക്കാനുള്ള ശ്രമമാണ് ഫ്‌ളാഷില്‍ പൊളിഞ്ഞതെങ്കില്‍, നവഭാവുകത്വത്തെ ഉപരിതലത്തില്‍പ്പോലും തിരിച്ചറിയപ്പെടാനാവാതെപോയതായിരുന്നു അപൂര്‍വരാഗത്തിന്റെ ദുര്യോഗം.
താണ്ണൂറുകളില്‍ ഏറെ പ്രതീക്ഷ നല്‍കിയ ടി.കെ.രാജീവ്കുമാറില്‍ തുടങ്ങുന്ന സംവിധായകത്തലമുറയ്ക്കു പറ്റിയ സര്‍ഗാത്മക ഉറവവറ്റലിനെ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. ജലമര്‍മ്മരം(1999),ശേഷം(2002)പോലെ മികച്ച ചിത്രങ്ങളും കണ്ണെഴുതി പൊട്ടുംതൊട്ട്(1999), തല്‍സമയം ഒ!രു പെണ്‍കുട്ടി (2011) പോലെ ശരാശരിക്കു തെല്ലുമുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളുമെടുത്ത ചെയ്ത രാജീവ്കുമാര്‍ പക്ഷേ അപ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് (2013)എന്ന സിനിമയിലെത്തുമ്പോള്‍ മാധ്യമബോധം നഷ്ടപ്പെട്ട അവസ്ഥയിലായോ എന്നു സംശയം. അപൂര്‍വരാഗത്തില്‍ സിബിമലയിലിനും ലൈല ഓ ലൈലയില്‍ ജോഷിക്കും സംഭവിച്ചതിനു സമാനമാണിത്. സാങ്കേതികതയും അവതരണവുമെല്ലാം പ്രമേയത്തിന്റെ ശൈലീവാഹകങ്ങളാണെന്ന തിരിച്ചറിവില്ലായ്മയാണ് ഈ സിനിമകളിലൊക്കെ പ്രതിഫലിക്കപ്പെട്ടത്. പ്രമേയത്തിന്റെ പൂര്‍വാപരയുക്തി, ദൃശ്യപരിചരണത്തിലെ ഭദ്രത ഇതുരണ്ടുമാണ് ഈ രചനകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയത്. അതിന്റെ വിലയാണ് സംവിധായകര്‍ക്കൊപ്പം നിര്‍മാതാക്കളും നല്‍കേണ്ടിവന്നതും.
താരപ്രഭാവം കൊണ്ടുമാത്രം സിനിമവിജയിക്കുന്ന കാലം മാറിയെന്നറിയാതെ പോയതിന്റെ ദുരന്തമാണ് ലൈല ഓ ലൈലയിലടക്കം പ്രതിഫലിച്ചത്. ഈ മുന്നറിയിപ്പോ ലക്ഷണമോ തിരിച്ചറിയാത്തതായിരുന്നു ആധുനിക മുഖ്യധാരയില്‍ ഭേദപ്പെട്ട സിനിമകളൊരുക്കിയ ലാല്‍ ജോസിനു സംഭവിച്ച സമകാലികപതനവും.താരത്തിനു വേണ്ടി സിനിമയെടുക്കാതെ പ്രമേയത്തിനു പറ്റിയ താരത്തെ തിരഞ്ഞു മാത്രം സിനിമകള്‍ ചെയ്തിരുന്ന ലാല്‍ ജോസിന്റെ പരിഗണന തന്റെ ചലച്ചിത്രജീവിതത്തില്‍ ഒരിക്കലും സഹകരിച്ചിട്ടില്ലാത്ത ഒരു താരവുമായി ആദ്യം സംഗമിക്കുന്നതിന്റെ വിഭ്രാന്തിയില്‍ അഭിരമിച്ചതോടെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയ്ക്കു വേണ്ടി പകരം നല്‍കേണ്ടിവന്നത് നാളിതുവരെ ലാല്‍ ജോസ് ചലച്ചിത്രകാരനെന്ന നിലയിലും മോഹന്‍ലാല്‍ താരമെന്ന നിലയിലും സൃഷ്ടിച്ചെടുത്ത നല്ലപേരിന്റെ ഒരംശം തന്നെയാണ്.
കേരളത്തിന്റെ സാക്ഷരതാമുന്നേറ്റത്തിന് ആക്കം കൂട്ടിയ ജനപ്രിയസാഹിത്യത്തിന്റെ ദൃശ്യപ്പതിപ്പുകള്‍ മാത്രമായിരുന്നു എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും കമ്പോള മുഖ്യധാരയില്‍ വെന്നിക്കൊടി പാറിച്ച സാജന്റെയും മറ്റും കണ്ണീര്‍ കുടുംബ സിനിമകള്‍. സാക്ഷരതാനേട്ടത്തെത്തുടര്‍ന്ന് സ്ത്രീവായനക്കാരുടെ/പ്രേക്ഷകരുടെ ആസ്വാദനതലത്തില്‍ കൈവന്ന മാറ്റങ്ങളും ടെലിവിഷന്‍ പരമ്പരകളിലൂടെ മുന്നോട്ടുവച്ച ബദല്‍മാതൃകകളും സ്വാഭാവികമായി അത്തരം സിനിമകളുടെ കൂമ്പടച്ചു. മറ്റൊരു തലത്തിലും സിനിമയെ സമീപിക്കാന്‍ സാധിക്കാതിരുന്ന സംവിധായകര്‍ അങ്ങനൊരു പ്രതിസന്ധിയില്‍ അപ്രസക്തരായിത്തീരുക സ്വാഭാവികം മാത്രം. എന്നാല്‍ ഭരതന്‍, പത്മരാജന്‍, ലോഹിതദാസ്, വേണു നാഗവള്ളി, ഐ.വി.ശശി തുടങ്ങിയവര്‍ മുഖ്യധാരയിലും ജി.അരവിന്ദന്‍, ബക്കര്‍, പവിത്രന്‍ തുടങ്ങിയവര്‍ സമാന്തരസിനിമയിലും ബാക്കിയാക്കിപ്പോയ വിടവ് വലുതാണ്. തലമുറകളുടെ ആത്മസ്പന്ദനം ആത്മീയമായും ഭാവുകത്വതലത്തിലും തിരിച്ചറിയാനായതാണ് ആ പ്രതിഭകളുടെ ഗുണം. അവര്‍ സംവദിച്ചിരുന്നത് സാങ്കേതികതയോടായിരുന്നില്ല. അവര്‍ സംവദിച്ചിരുന്നത് ആള്‍ക്കൂട്ടത്തെ നോക്കിയുമായിരുന്നില്ല. മറിച്ച് അവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. മേന്മയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെങ്കിലും പത്മരാജന്റെ ഞാന്‍ ഗന്ധര്‍വനെയും പുതുതലമുറ പോലും നോക്കി കാണുന്നത് ആരാധനാപൂര്‍വമുള്ള കൗതുകത്തോടെയാണെന്നോര്‍ക്കുക.
സ്വരം നന്നായിരിക്കെ പാട്ടു നിര്‍ത്തിയവരാണ് പലരും. ഒരുകാലത്ത് മികച്ച സിനിമകള്‍ ആവര്‍ത്തിച്ചിരുന്ന ഹരിഹരനെയും ഫാസിലിനെയും പോലുള്ളവരുടെ മൗനം ആശങ്കയുളവാക്കുന്നതാണ്. ആരോപണങ്ങളെന്തൊക്കെയായാലും, മഞ്ഞില്‍വിരിഞ്ഞ പൂക്കളും നോക്കെത്താദൂരത്തു കണ്ണും നട്ടും പോലെ താരവ്യവസ്ഥിതിയെ തരിപ്പണമാക്കുന്ന സിനിമകളും മണിച്ചിത്രത്താഴുപോലെ തിരക്കഥയുടെ കരുത്തും സൗരഭ്യവും തെളിയിക്കുന്ന ചിത്രങ്ങളുും അനിയത്തിപ്രാവും ഹരികൃഷ്ണന്‍സും പോലെ ലക്ഷണമൊത്ത കമ്പോളഫോര്‍മുലചിത്രങ്ങളുമൊരുക്കിയിട്ടുള്ള ഫാസിലിന്റെ ഏറ്റവും വലിയ ശക്തി യുവമനസുകളെ തൊട്ടറിയാനറിയാമായിരുന്നതാണെങ്കില്‍ മോസ് ആന്‍ഡ് ക്യാറ്റ് (2009), ലിവിങ് ടുഗെതര്‍ (2011) തുടങ്ങിയ സിനിമകളില്‍ ദിക്കറിയാതെ അന്തം വിട്ടു നില്‍ക്കുന്ന ചലച്ചിത്രകാരനെയാണു കാണാനാവുക. പിന്നീടൊരു സിനിമയ്ക്ക് അദ്ദേഹം ഇതേവരെ പരിശ്രമിക്കാത്തത് അതിലും ആശങ്കയുളവാക്കുന്നു.
തുടക്കത്തിലൊഴികെ കാലിടറാതെ കരിയറില്‍ സ്ഥിരത കാത്തുസൂക്ഷിച്ച ഹരിഹരനും സമകാലികര്‍ക്കെല്ലാം സംഭവിച്ചതുപോലെ പ്രേം പൂജാരി(1999)യില്‍ ചെറുതായൊന്നു വഴിതെറ്റിയെങ്കിലും അദ്ദേഹമതു തിരിച്ചറിഞ്ഞ് സ്വയം തിരുത്തുകയും നീണ്ട ഇടവേളകള്‍ക്കൊടുവിലായാലും അര്‍ത്ഥവത്തായ ചലച്ചിത്രോദ്യമങ്ങളിലൂടെ മാത്രം പ്രത്യക്ഷനാവാനും ശ്രദ്ധിച്ചു.വഴിതെറ്റുന്നതും കാലിടറുന്നതും കണക്കൂകൂട്ടല്‍ പിഴയ്ക്കുന്നതും സര്‍ഗജീവിതത്തില്‍ സ്വാഭാവികമാണ്. പക്ഷേ അതു തിരിച്ചറിഞ്ഞിട്ടും തിരുത്താതെപോവുന്നതും തിരിച്ചറിയാതെപോവുന്നതുമാണ് സര്‍ഗപ്രതിസന്ധി. നമ്മുടെ മുഖ്യധാരാ ചലച്ചിത്രകാരന്മാര്‍ക്ക് പൊതുവേ സംഭവിച്ചത്/സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
ബാലസാഹിത്യമെഴുതുന്ന മുതിര്‍ന്ന എഴുത്തുകാര്‍ പൊതുവില്‍ നേരിടുന്നൊരു നിലപാടിന്റെ പ്രശ്‌നമുണ്ട്. കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണു വേണ്ടതെന്നോ യഥാര്‍ത്ഥ കുട്ടിയുടെ മനസാഗ്രഹിക്കുന്നതെന്നോ നേരറിവില്ലാതെ, സ്വയം കുട്ടിയായി സങ്കല്‍പിച്ചുകൊണ്ട്/ കുട്ടികള്‍ക്ക് ഇതാവുമിഷ്ടം എന്നു സങ്കല്‍പിച്ചുകൊണ്ട് എഴുതുന്നു എന്നതാണത്. കുട്ടികള്‍ക്കു വേണ്ടി കുട്ടികള്‍ തന്നെ എഴുതുന്നുതുപോലാവില്ല അത്. മാത്രമല്ല, അവനവന്റെ ആര്‍ജിതാനുഭവങ്ങളില്‍ നിന്ന് കുട്ടികള്‍ക്കായുള്ള സാരോപദേശങ്ങളാവും മുതിര്‍ന്നവരുടെ ബാലസാഹിത്യത്തില്‍ നിഴലിക്കുന്നത്. അവിടെ നഷ്ടമാവുന്നത് കുട്ടിത്തം എന്നൊരു ഘടകമാണ്. ഇതിനു സമാനമാണ് പുതുതലമുറയ്ക്കു വേണ്ടി സിനിമയെടുക്കുന്ന മുതിര്‍ന്ന ചലച്ചിത്രകാരന്മാര്‍ നേരിടുന്ന സര്‍ഗപരമായ വെല്ലുവിളി. യഥാര്‍ത്ഥത്തില്‍ സര്‍ഗാത്മക പ്രതിസന്ധി തന്നെയാണത്. ചെറുപ്പകാര്‍ക്കിഷ്ടപ്പെടുന്നത് എന്നു ധരിച്ചുവശായി അവരവതരിപ്പിക്കുന്നതു പലപ്പോഴും അങ്ങനെയുള്ള തെറ്റിദ്ധാരണകളായിരിക്കാം.അവനവന്റെ തന്നെ ചെറുപ്പക്കാലത്തെ അനുഭവങ്ങളെ ചേര്‍ത്തുവച്ചാവും പുതുതലമുറ ചെറുപ്പത്തെ അവര്‍ കാണാന്‍ ശ്രമിക്കുക. മാറിയ കാലത്തിന്റെ ഭാഷയും ശരീരഭാഷയുമായിരിക്കില്ല അവര്‍ പ്രതിനിധാനം ചെയ്യുക. മാറിയ കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസിലാക്കാനും തിരിച്ചറിയാനുമാവാതെ പോകുന്നതുകൊണ്ടാണ് മധ്യനിര ചലച്ചിത്രകാരന്മാരില്‍ ഇപ്പോഴും ഏറെക്കുറേ സജീവമായ ജയരാജില്‍ നിന്ന്  ക്യാമല്‍ സഫാരി (2015) പോലൊരു സിനിമയുണ്ടാവുന്നതും ജോഷിയില്‍ നിന്ന് ലൈല ഓ ലൈല(2015) പോലൊരു സിനിമയുണ്ടാവുന്നതും.ബ്‌ളസിയെപ്പോലൊരാളുടെ നീണ്ട ഇടവേളകളും വിലയിരുത്തപ്പെടേണ്ടതുണ്ട്.
യുവതലമുറ സമൂഹമാധ്യമങ്ങളുടെ തുറസായ ജനാധിപത്യത്തില്‍ നിന്നുകൊണ്ട് മുന്‍വിധികളേതും കൂടാതെ വിമര്‍ശിക്കുമ്പോള്‍, മുന്‍കാലകര്‍മഫലങ്ങള്‍ ചൂണ്ടിക്കാട്ടിയും, തിരികെ സ്വന്തമായി സിനിമയുണ്ടാക്കി കാണിക്കാന്‍ വെല്ലുവിളിച്ചും പ്രതിരോധിക്കുന്ന ചലച്ചിത്രകാരന്മാരൊന്നും സ്വന്തം സര്‍ഗാത്മകതയുടെ ഊര്‍ജ്ജനിലവാരത്തെപ്പറ്റി ഒരാത്മപരിശോധനയ്ക്കു മുതിര്‍ന്നു കണ്ടിട്ടില്ല. ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാര്‍ സ്വന്തം കര്‍മപഥങ്ങളില്‍ ഉണ്ടാവുന്ന സാങ്കേതികവും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളെയും പരിണതികളെയും സാകൂതം സസൂക്ഷ്മം വീക്ഷിക്കുകയും പഠിക്കുകയും അതിനനുസരിച്ച് സ്വയം പരുവപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മുന്‍കാല പ്രൗഢിയുടെ പുറംമേനിയില്‍ അഭിരമിക്കുന്നവരാണോ നമ്മുടെ സിനിമാക്കാര്‍ എന്നു സന്ദേഹിച്ചാല്‍ അസ്ഥാനത്താവില്ല.
പറഞ്ഞു പഴകിയ പ്രമേയങ്ങളുടെ യുക്തിരഹിതമായ തനിയാവര്‍ത്തനങ്ങളിലൂടെ നല്ലകാലത്തു സൃഷ്ടിച്ചെടുത്ത സുരക്ഷിതമായൊരു പ്രേക്ഷകസമൂഹത്തിലേക്ക് ചര്‍വിതചര്‍വണങ്ങള്‍ വീണ്ടുമിറ്റിക്കുക വഴി സജീവമാണെന്നു സ്വയം സമാശ്വസിക്കുന്ന ചലച്ചിത്രകാരന്മാര്‍ സ്വന്തം പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളാണ് തിരിച്ചറിയപ്പെടാതെ പോവുന്നത്. പിതാക്കന്മാരെ വച്ചു ചിത്രീകരിച്ച പ്രമേയം തന്നെ മക്കളെ നായകന്മാരാക്കി ആവര്‍ത്തിക്കുകയെന്നത് വിജയത്തിലേക്കുള്ള എളുപ്പവഴിയാണെന്ന ചലച്ചിത്രസമീപനമാണ് മിക്കവരുടേതും. മക്കളുടെ തലമുറയ്ക്കു വേണ്ടെതെന്തെന്ന്, അവരുടെ ചിന്തയും ബുദ്ധിയുമെന്തെന്ന് തിരിച്ചറിയാതെ പോകുന്നിടത്താണ് ഈ സര്‍ഗാത്മകപതനം.സത്യന്‍ അന്തിക്കാടിന്റെ ക്രിയാത്മകതപോലും വാര്‍പുമാതൃകകളില്‍ ആണിക്കല്ലുറപ്പിച്ചു കെട്ടിയിട്ട നൂലിന്റെ അറ്റം വലിച്ചുള്ള പട്ടം പറപ്പിക്കല്‍ മാത്രമാണ്. ബാലചന്ദ്രമേനോനും സത്യന്‍ അന്തിക്കാടും കൂടി വെട്ടിത്തെളിച്ച പാതയില്‍, കാലത്തിന്റെ സ്പന്ദനമുള്‍ക്കൊണ്ട് രഞ്ജിത് ശങ്കറിനെപ്പോലൊരു യുവസംവിധയകന്‍ അനായാസം മുന്നോട്ടുപോകുന്നത് എങ്ങനെയെന്നും എന്തുകൊണ്ടെന്നുമാണ് മേനോനും സത്യനും തിരിച്ചറിയാനാവാതെപോകുന്നത്. ഈ തിരിച്ചറിവില്ലായ്മതന്നെയാണ് അവരെ കാലത്തിനു മുന്നില്‍ പഴഞ്ചനാക്കുന്നത്.
രാഷ്ട്രീയമായിപ്പോലും നിലപാടെടുക്കാന്‍ വിസമ്മതിക്കുന്നവരോ ഉത്തരവാദിത്തം കാണിക്കാന്‍ മടിക്കുന്നവരോ ആണ് നമ്മുടെ ചലച്ചിത്രകാരന്മാരിലധികവും.സമകാലികസംഭവവികാസങ്ങളെയും രാജ്യം നേരിടുന്ന രാഷ്ട്രീയ ദിശാമാറ്റങ്ങളെയും വര്‍ണ/വര്‍ഗ/ലിംഗ/ന്യൂനപക്ഷ അതിക്രമങ്ങളെയും പൗരസ്വാതന്ത്ര്യത്തെ തന്നെ ബാധിച്ചേക്കാവുന്ന ഫാസിസ്റ്റ് മുന്നേറ്റങ്ങളെയുമൊന്നും കണ്ടതായോ അറിഞ്ഞതായോ അറിയാതെ പോലും ഒരു പ്രതികരണത്തിലൂടെ വ്യക്തമാക്കാനാഗ്രഹിക്കാത്തവരാണ് കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരിലധികവും. ലോകത്തെമ്പാടും സിനിമയെ രാഷ്ട്രീയ പ്രവര്‍ത്തനമായിത്തന്നെ കണക്കാക്കുമ്പോഴാണിത്. കല രാഷ്ട്രീയപ്രവര്‍ത്തനമാവുമ്പോള്‍ മാത്രമാണ് അതില്‍ കാലത്തിന്റെ മാറ്റങ്ങള്‍ ആവഹിക്കപ്പെടുക, പ്രതിനിധാനം ചെയ്യപ്പെടുക. അപ്പോള്‍ മാത്രമാണ് അത് സമകാലിക സമൂഹത്തിന്റെ കണ്ണും മനസുമായി തീരുന്നത്.അങ്ങനെ മാത്രമേ സിനിമ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനമാവൂ.
സ്വന്തം രാഷ്ട്രീയം പച്ചയ്ക്കു തുറന്നുപറയാനും സിനിമകളില്‍ കൃത്യവും വ്യക്തവുമായ നിലപാടെടുക്കാനും ധൈര്യം കാണിക്കുന്ന പുതുതലമുറയോടാണ് അവര്‍ക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. സ്വാഭാവികമായും ഈ മത്സരത്തില്‍ അവര്‍ പഴഞ്ചനായിപ്പോവുന്നു. തലമുറ വിടവ് മറനീക്കി പ്രത്യക്ഷമാവുകയും ചെയ്യുന്നു.കടുത്ത രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിരുന്ന ടി.വി.ചന്ദ്രനെപ്പോളുള്ളവര്‍ പോലും മോഹവലയം പോലെ വ്യക്തിനിഷ്ഠതയുടെ  രാഷ്ട്രീയത്തിലേക്കു ക്യാമറതിരിക്കുന്നു.പുറത്തേക്കു നോക്കുന്നതിനുപകരം അകത്തേക്കു മാത്രം നോക്കുന്നു. പുറംകാഴ്ചകളിലേക്കു കണ്ണും കാതും മനസും തുറന്നുവയ്ക്കാത്തതാണ് സമാന്തര/മുഖ്യധാരയിലെ മധ്യവയ്കരും മുതിര്‍ന്നവരുമായ ചലച്ചിത്രകാരന്മാര്‍ നേരിടുന്ന ഏറ്റവും വലിയ ധാര്‍മിക/രചനാത്മക പ്രതിസന്ധി.അപവാദമായി സംവിധായകന്‍ കമലും ജോഷിയും മാത്രമാണ് മുന്‍തലമുറയില്‍ സര്‍ഗാത്മകപ്രക്രിയകള്‍ സക്രിയമായി തുടരുന്നത്.
സാങ്കേതികതയില്‍ സംഭവിച്ച വിസ്‌ഫോടനാത്മകമായ പരിവര്‍ത്തനങ്ങളാണ് ചലച്ചിത്രകാരന്മാര്‍ക്കു ഭൂരിപക്ഷത്തിനും വെല്ലുവിളിയായത്. സര്‍ഗജീവിതത്തിന്റെ യൗവന-മധ്യകാലത്തു തന്നെ പെട്ടെന്ന് വാര്‍ധക്യത്തിലേക്ക് കാലഹരണപ്പെട്ടുപോവുന്ന അവസ്ഥ ദയനീയമാണ്. തൊണ്ണൂറുകളില്‍ ഒരു സാങ്കേതികവിദഗ്ധന്‍ നേരാംവണ്ണം വന്നു മുന്നില്‍ നിവര്‍ന്നു നില്‍ക്കുക കൂടി ചെയ്യാത്തൊരു സംവിധായകപ്രഭാവത്തിനു മുന്നില്‍ ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് സംവിധാനത്തില്‍ ഷൂട്ടിങ് നടന്ന വേളയില്‍ വീഡിയോ എഡിറ്റര്‍മാരായ കുരുന്നുപിള്ളേര്‍ വരെ വന്നു ചുറ്റും നിന്ന് അഭിപ്രായം പറയുകയും സംവിധായകനെമറികടന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത സംഭവമോര്‍ക്കുന്നു. മൂവിയോളയില്‍ എഡിറ്ററും സംവിധായകനും അദ്ദേഹത്തിന്റെ വിശ്വസ്തനായ സഹായിയും മാത്രമിരുന്ന് സംവിധായകന്റെ വാക്ക് വേദവാക്യമായി സ്വീകരിച്ചു നിര്‍വഹിക്കപ്പെട്ടിരുന്ന ജോലിയാണ് ചിത്രീകരണസ്ഥലത്ത് പരസ്യമായി സംവിധായകന്‍ കാഴ്ചക്കാരനായി മാത്രമിരിക്കെ സംഭവിച്ചത്. മാറിയ സാങ്കേതികതിലുള്ള പിടിപ്പുകുറവുകൊണ്ട് നിസ്സഹായനായ സംവിധായകന്റെ അവസ്ഥ ആ സൃഷ്ടിയിലുണ്ടാക്കാവുന്ന സര്‍ഗാത്മക സംഘട്ടനം മനസിലാക്കാവുന്നതേയുള്ളൂ.
ഇതുതന്നെയാണ് ഡിജിറ്റല്‍ ഫിലിം മേക്കിങിന്റെ കാലത്ത് പല വിഖ്യാത ചലച്ചിത്രകാരന്മാര്‍ക്കും സംഭവിക്കുന്നത്. മാറിയ കാലത്തെ ക്യാമറ ഉപയോഗം പോലും പലര്‍ക്കും കൈയിലൊതുങ്ങുന്നില്ല. അത് മാധ്യമത്തിലുള്ള കയ്യടക്കക്കുറവുകൊണ്ടല്ല, മറിച്ച് മാറിയ സാങ്കേതികതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവാത്തതുകൊണ്ടുമാത്രമാണെന്നതാണ് വൈചിത്ര്യം. എഴുത്ത് കംപ്യൂട്ടര്‍ എഴുത്തിനു വഴിമാറിയപ്പോള്‍ എഴുത്തുകാര്‍ക്കുണ്ടായ പൊരുത്തപ്പെടല്‍ പ്രശ്‌നത്തിനു സമാനമാണിത്. അല്ലെങ്കില്‍ ഇളയരാജ വന്നപ്പോള്‍ എം.എസ്.വിശ്വനാഥനും റഹ്മാന്‍ വന്നപ്പോള്‍ ഇളയരാജയ്ക്കും സംഭവിച്ചതുപോലത്തെ അപരിചിതത്വം. പരസ്യചിത്രങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം കൊണ്ട് ഇത്തരമൊരു സ്വയം നവീകരണം സാധ്യമായതുകൊണ്ടുതന്നെയാണ് പ്രിയദര്‍ശനെപ്പോലൊരു ചലച്ചിത്രകാരന്‍ ഇന്നും സ്വന്തം കര്‍മപഥത്തില്‍ വല്ലപ്പോഴുമെങ്കിലും മങ്ങാതെ പിടിച്ചുനില്‍ക്കാനാവുന്നത്. സിദ്ധിക്കിനുപോലും പരാജയപ്പെടേണ്ടിവരുന്നിടത്താണിത്.
ഭാവുകത്വത്തിലും സാങ്കേതികതയിലും വന്നുഭവിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ബോധപൂര്‍വമായ സ്വയം നവീകരണശ്രമങ്ങള്‍ക്ക് ഏതളവുവരെ മുതിര്‍ന്ന ചലച്ചിത്രകാരന്മാര്‍ തുനിയുന്നുണ്ടെന്നതാണ് മറ്റൊരു ചോദ്യം. ഏതു തൊഴില്‍മേഖലയിലും സാങ്കേതികവും കാലികവുമായ സ്വഭാവിക നവീകരണങ്ങള്‍ക്കു പരിഷ്‌കാരങ്ങള്‍ക്കുമനുസരിച്ച് ഇന്‍ഹൗസ് പരിശീലനപദ്ധകികളുണ്ടാവാറുണ്ട്. സാഹിത്യശില്‍പശാലകളും സംവാദങ്ങളും നല്‍കുന്ന തിരിച്ചറിവുകള്‍ ഐടി/മെക്കാനിക്കല്‍ വ്യവസായമേഖലകളില്‍ സംഘടിപ്പിക്കപ്പെടുന്ന ആത്മനവീകരണപഠനശിബരങ്ങള്‍ക്കു സമാനമാണ്.മാറ്റത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ മനസിലാക്കാനും ലോകത്തെ പുതുചലനങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള വേദികള്‍തന്നെയാണ് ഈ കളരികള്‍.
സിനിമയിലും ലോകമെമ്പാടും ഇത്തരം ആനുകാലികസംരംഭങ്ങള്‍ നിരവധിയുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ അത്തരം പരിപാടികളൊക്കെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്തോ സംഗതിയായി മാറ്റിനിര്‍ത്തപ്പെടുകയാണു പതിവ്. പ്രിയനന്ദന്‍, സലീം അഹ്മ്മദ്, ഡോ.ബിജു, കെ.ആര്‍.മനോജ്, സജിന്‍ ബാബു, വിപിന്‍ വിജയ്, പ്രദീപ് നായര്‍, സനല്‍കുമാര്‍ ശശിധരന്‍, ദിലീഷ് പോത്തന്‍, മനോജ് കാന, സിദ്ധാര്‍ത്ഥ ശിവ, അവിര റബേക്ക, പി.എസ്.മനു, സുദേവന്‍,സമീര്‍ താഹിര്‍, അമല്‍ നീരദ് അരുണ്‍കുമാര്‍ അരവിന്ദ്, അനൂപ് മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സൗബീന്‍ ഷാഹിര്‍, ഷാനവാസ് ബാവക്കുട്ടി തുടങ്ങി പുതുതലമുറയില്‍ സ്വതന്ത്രസിനിമയിലും മുഖ്യധാരയിലും പ്രതിഭതെളിയിച്ച പല ചലച്ചിത്രകാരന്മാരും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഊര്‍ജ്ജമാവഹിച്ച് സിനിമയില്‍ തനതായ സ്ഥാനം കണ്ടെത്തിയവരാണ്.ഇവരുടെ മുന്നേറ്റത്തിനുമുന്നില്‍ മുതിര്‍ന്ന ചലച്ചിത്രകാരന്മാര്‍ക്ക് കേവലം കാഴ്ചക്കാരായി മാത്രം നില്‍ക്കേണ്ടിവരുന്നുണ്ടെങ്കില്‍ എന്തുകൊണ്ടെന്ന് അവര്‍ തന്നെയാണ് ആത്മപരിശോധന നടത്തേണ്ടത്
കഹേ ദൂ സിനിമ പോലെ ഒരു പ്രസിദ്ധീകരണമോ ചിത്രലേഖ പോലെ മുന്നേറ്റമോ സഹിക്കാനും പരീക്ഷിക്കാനുമുള്ള മാനസിക പാകത പോയിട്ട് സ്വയം നവീകരിക്കാന്‍ ഒരു ചലച്ചിത്രമേളയില്‍പ്പോലും സജീവമായി പങ്കെടുത്തു സിനിമ കാണാന്‍ പക്വത കാണിക്കുന്ന ചലച്ചിത്രകാരന്മാര്‍ കേരളത്തില്‍ അധികമില്ല. സ്വന്തം കര്‍മ്മ മേഖലയിലെ പരിവര്‍ത്തനങ്ങള്‍ തിരിച്ചറിയാതെ എങ്ങനെ ഒരാള്‍ക്ക് ആധുനകമായൊരു സൃഷ്ടി സാധ്യമാവുമെന്നാണ് അവര്‍ തിരിച്ചറിയാതെ പോവുന്നത്. ശ്രീനിവാസന്‍ മാത്രമാണ് ഇതിനപവാദമായി സംവിധായകനിരയില്‍ നിന്ന് പുതുതലമുറയോട് അടുത്തിടപഴകിക്കാണുന്നത്. അതാവട്ടെ, നടന്നെ നിലയ്ക്കുള്ള താരതമ്യേന ഉത്തരവാദിത്തം കുറഞ്ഞ അവസ്ഥയുടെ സ്വച്ഛതകൊണ്ടുകൂടിയാണ്. അങ്ങനെ മാറ്റങ്ങളെ തൊട്ടരികില്‍ നിന്നു നോക്കിക്കാണാനാനും മനസിലാക്കാനുമാവുന്നുണ്ടെങ്കിലും അദ്ദേഹത്തില്‍ നിന്നും സംവിധായകനെന്ന നിലയ്ക്ക് സംഭാവനകള്‍ തുടര്‍ന്നുണ്ടാവുന്നില്ലെന്നതുമോര്‍ക്കണം.

No comments: