എ.ചന്ദ്രശേഖര്‍
അടിയന്തരാവസ്ഥാനന്തര സന്ദിഗ്ധതയില്‍, ഇന്ത്യയുടെ ചെറുപ്പം അരാജകത്വ വിപ്‌ളവസ്വപ്‌നങ്ങളില്‍ സ്വയം മറക്കുകയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും അടിച്ചമര്‍ത്തലിന്റെയും ആശയറ്റ സ്വാധീനത്താല്‍ അന്യവല്‍കരിക്കപ്പെട്ട് അസ്ഥിത്വപ്രതിസന്ധിയെ നേരിടുകയും ചെയ്യുന്ന കാലത്താണ് ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഉച്ചപ്പടമായി കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലെ ഫിലിം സൊസൈറ്റി കൂട്ടായ്മകളിലും പ്രകാശിതമാവുന്നത്. താരമുഖങ്ങളുടെ പോസ്റ്റര്‍കാഴ്ചകള്‍ക്കിടെ പുളളിക്കുത്തുവീണൊരു താടിക്കാരന്റെ മുഖവുമായി വളരെ വ്യത്യസ്തമായ കലിഗ്രാഫിയുമായി അശ്വത്ഥാമാവിന്റെ കറുപ്പും വെളുപ്പും പോസ്റ്ററുകള്‍ അക്കാലത്തെ ക്ഷുഭിതയുവതയുടെ പ്രതികരണപ്രതിനിധാനമായാണ് വീക്ഷിക്കപ്പെട്ടത്. കബനീ നദിയുടെയും ഉത്തരായണത്തിന്റെയുമൊക്കെ ചുവടിലൂടെ ഒരു നക്‌സല്‍ സിനിമയെന്ന പ്രതീതിയിലായിരുന്നു അശ്വത്ഥാമാവിനെ പൊതുസമൂഹം പരിഗണിച്ചത്, കുറഞ്ഞപക്ഷം തലസ്ഥാനത്തെങ്കിലും. പില്‍ക്കാലത്തെപ്പോഴോ സൂര്യയിലൂടെ കാണാന്‍ സാധിച്ചപ്പോഴാണ് അശ്വത്ഥാമാവ് എന്ന ചിത്രത്തിന്റെ ആത്മാവ് തിരിച്ചറിയാനായത്. പിന്നീടാണ് മാടമ്പു കുഞ്ഞുക്കുട്ടന്റെ അതേപേരിലെ നോവല്‍ തപ്പിപ്പിടിച്ചു വായിക്കുന്നതുകൂടി.
മൂന്നു താടിക്കാരാണ് ആ സിനിമയിലൂടെ ഹൃദയത്തിലിടം നേടിയത്. സംവിധായകനായ കെ.ആര്‍.മോഹനന്‍, ഛായാഗ്രാഹകന്‍ മധു അമ്പാട്ട്, പിന്നെ നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടനും.
കാലഘട്ടത്തോടു നീതിപുലര്‍ത്തുന്ന അസ്വസ്ഥയൗവനത്തിന്റെ സ്വത്വാന്വേഷണപരീക്ഷണങ്ങള്‍ തന്നെയായിരുന്നു അശ്വത്ഥാമാവിന്റെ ഉള്ളടക്കം. എങ്ങും എവിടെയും പരാജയത്തിന്റെയും ആത്മനിരാസത്തിന്റെയും കരാളരൂപങ്ങളാണയാള്‍ കാണുന്നത് എന്ന് നിരൂപകന്‍ വിജയകൃഷ്ണന്‍ അശ്വത്ഥാമാവിനെ വിലയുരിത്തിക്കൊണ്ട് എഴുതിയിട്ടുണ്ട്. (മലയാള സിനിമയുടെ കഥ, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍,1987)വിജയകൃഷ്ണന്‍ നിരീക്ഷിക്കുന്നതുപോലെ തന്നെ, തികച്ചും യാഥാസ്ഥിതികമായേക്കാവുന്നൊരു ആഖ്യാനവസ്തുവിനെ സൂക്ഷ്മവും നിരന്തരവുമായ ക്യാമറാചലനങ്ങള്‍ വഴി റിയലിസ്റ്റിക് ആഖ്യാനത്തിന്റെ ഗതാനുഗതിത്വത്തില്‍ നിന്ന് മാറ്റിനടത്തുന്നതിലൂടെയാണ് കെ.ആര്‍.മോഹനന്‍ എന്ന സംവിധായകന്‍ സിനിമയെ ഗൗരവപൂര്‍വം കണക്കാക്കുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അന്ന് ഇടം പിടിച്ചുപറ്റിയത്. 1978ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊണ്ടായിരുന്നു ആ അരങ്ങേറ്റമെന്നതും ശ്രദ്ധേയം.
ഭാവുകത്വത്തിന്റെ ഉത്തരാധുനിക വിനിമയശീലങ്ങളിലേക്ക് പിച്ചവയ്ക്കുന്ന മലയാളസിനിമയില്‍ ഒരു കൈയിലെ വിരളെണ്ണം തികയ്ക്കാനാവത്തത്ര കഥാസിനിമകളിലൂടെ മികച്ച ക്രാഫ്റ്റ്‌സ്മാന്മാരില്‍ ഒരാളായിത്തീര്‍ന്നിടത്താണ് കെ.ആര്‍.മോഹനന്റെ പ്രതിഭയുടെ തിളക്കം വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രസംഭാവനകളെ വെളിവാകുന്നതും,കലാകാരനെ അനശ്വരനാക്കുന്നത് സൃഷ്ടികളുടെ എണ്ണമല്ല ആഴമാണ് എന്നതാണ്. എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ശാസ്ത്രീയമായി സിനിമ പഠിച്ചു പുറത്തുവന്ന് ഇന്ത്യന്‍ സിനിമയുടെ ഭാഗധേയം മാറ്റിമറിച്ച ചലച്ചിത്രകാരന്മാരുടെ പരമ്പരയിലാണ് കെ.ആര്‍.മോഹനന്റെയും കടന്നുവരവ്. അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ ഏബ്രഹാമും കെ.ജി ജോര്‍ജുമൊക്കെ പരിചയപ്പെടുത്തി നവസിനിമയുടെ ഭാവുകത്വധാരയോട് ഒട്ടിനിന്ന്, അരവിന്ദനും ബക്കറുമൊക്കെ ഏറ്റെടുത്ത നവ്യമായൊരു സമാന്തരപാതയിലായിരുന്നു മോഹനന്റെ സിനിമാസഞ്ചാരവും. സ്വഭാവം പോലെ തന്നെ മിതഭാഷണം സര്‍ഗാത്മകതയിലും പുലര്‍ത്തിയതുകൊണ്ടാവണം, അദ്ദേഹത്തിന്റെ കഥാസിനിമകള്‍ വിരളിലെണ്ണാവുന്നതിലൊതുങ്ങിയത്. എന്നാല്‍ മാധ്യമത്തിന്റെ ശക്തിയും ധര്‍മ്മവും, അസംഖ്യം ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും അദ്ദേഹം സാര്‍ത്ഥകമാക്കിയതും വിസ്മരിച്ചുകൂടാ.
അഭിനയമോഹവുമായാണ് തൃശൂരിലെ ചാവക്കാട്ടെ തിരുവാത്ര നിന്ന് മോഹനന്‍ സിനിമയുടെ മായികലോകത്തേക്കെത്തുന്നത്. സുഹൃത്ത് പി.ടി.കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു ഒപ്പം. കലാലയനാടകവേദികളിലെ നിറസാന്നിദ്ധ്യങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് തൃശൂരിന്റെ സംഭാവനയായിരുന്ന രാമു കാര്യാട്ടിനെ ചെന്നു കാണുന്നതോടെയാണ് മോഹന്റെയും മുഹമ്മദിന്റെയും ജീവിതം മാറിമറിയുന്നത്. അഭിനയമോഹവുമായി തന്നെ വന്നു കണ്ട മോഹനനോട് സംവിധാനം പഠിക്കാന്‍ നിര്‍ബന്ധപൂര്‍വം പുനെയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു കാര്യാട്ട്. മോഹനനെന്ന യുവാവില്‍ മികച്ചൊരു ചലച്ചിത്രകാരനെ അന്നേ തിരിച്ചറിയാനായിരുന്നിരിക്കണം കാര്യാട്ടിന്. എന്‍ജിനിയറിങൊക്കെ പഠിക്കുന്നതുപോലെ സിനിമയെടുക്കാന്‍ പഠിക്കുകയോ എന്ന് ശരാശരി സമൂഹം അദ്ഭുതം വിട്ടിട്ടില്ലാത്ത കാലമാണെന്നോര്‍ക്കണം. പുനെയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദവുമായി പുറത്തുവന്ന മോഹനന്‍ ചില ഡോക്യുമെന്ററി പരിശ്രമങ്ങളുമായി കൂടി. അതിനിടെയാണ് തലസ്ഥാനത്തെ അര്‍ത്ഥപൂര്‍വമായ വേദികളില്‍ തിളങ്ങി നിന്ന നടനും നാടകപ്രവര്‍ത്തകനുമായ ഗോപിനാഥന്‍ നായര്‍ സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയില്‍ നടനാവുന്നത്. ഭരത് ഗോപി എന്ന പേരില്‍ പിന്നീട് ചരിത്രം രേഖപ്പെടുത്തിയ ഗോപിയുടെ ആദ്യ സംവിധാന സംരംഭമായ ഞാറ്റടി ഭരത് മുരളിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഗോപിയുമായുള്ള സൗഹാര്‍ദ്ദത്താല്‍ മോഹനന്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിച്ച ഞാറ്റടി ദൗര്‍ഭാഗ്യത്താല്‍ പുറത്തിറങ്ങിയില്ല. പിന്നീടാണ് ഉറ്റ ചങ്ങാതി പി.ടി.കുഞ്ഞുമുഹമ്മദുമായിച്ചേര്‍ന്ന് മോഹന്‍-മുഹമ്മദ് ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു ബാനറുണ്ടാക്കി സിനിമാനിര്‍മാണത്തിലേക്കു കടക്കുന്നത്. എല്ലാം സൗഹൃദത്തണലിലായിരുന്നു. കെ.ആര്‍.മോഹനന്‍ എന്ന മനുഷ്യന്‍ എന്നും എപ്പോഴും സൗഹൃദങ്ങളുടെ അക്ഷയക്കൂട്ടത്തിലായിരുന്നു. കാരണം ഒരിക്കല്‍ പരിചയപ്പെടുന്ന ഒരാള്‍ക്കും മറക്കാനോ മുഖം കറുക്കാനോ സാധിക്കാത്ത വ്യക്തിപ്രഭാവമായിരുന്നു, മൃദുഭാഷിയായിരുന്ന മോഹനന്‍.ഒറ്റ വാചകത്തില്‍ സിനിമയും സൗഹൃദങ്ങളും അവയായിരുന്നു മോഹനന്റെ ദൗര്‍ബല്യങ്ങള്‍.
മോഹന്‍-മുഹമ്മദ് ഫിലിംസിന്റെ ബാനറില്‍ തന്നെയായിരുന്നു അശ്വത്ഥാമാവിന്റെ നിര്‍മാണവും. ഫിലിം ഫൈനാന്‍സ് കോര്‍പറേഷന്റെ ധനസഹായമായിരുന്നു പ്രധാന സ്രോതസ്.
ഇന്ത്യയിലാദ്യമായി 1975 ല്‍ ഒരു സംസ്ഥാനം സിനിമയ്ക്കായി ഒരു കോര്‍പറേഷനുണ്ടാക്കിയപ്പോള്‍ ഷാജി എന്‍ കരുണ്‍, വി.ആര്‍ ഗോപിനാഥ് തുടങ്ങിയവര്‍ക്കൊപ്പം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഫിലിം ഓഫീസര്‍മാരില്‍ ഒരാളായി കെ. ആര്‍ മോഹനന്‍ സജീവമായി നിലകൊണ്ടു. കെ.എസ്.എഫ്.ഡി.സിയുടെ പല പദ്ധതികള്‍ക്കും അദ്ദേഹത്തിന്റെ പരിചയവും വീക്ഷണവും കാതലായ സംഭാവനകള്‍ നല്‍കി. ഡോക്യുമെന്ററി ഹൃസ്വചിത്രമേഖലകളില്‍ ഇക്കാലത്തു കോര്‍പറേഷന്‍ ഏറെ അര്‍ത്ഥപൂര്‍ണമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കി. കലാഭവനില്‍ തുടങ്ങി കോര്‍പറേഷന്‍ വക തീയറ്ററുകള്‍, 88ലെ ഫിലിമോത്സവ്, കേരളത്തിന്റെ ആദ്യത്തെ രാജ്യാന്തരചലച്ചിത്രമേള തുടങ്ങി പല സംരംഭങ്ങള്‍ക്കും പിന്നില്‍ നിശ്ശബ്ദ സാന്നിദ്ധ്യമായി പ്രിയപ്പെട്ടവരുടെ ഈ മോഹനേട്ടന്‍ സജീവമായിരുന്നു. അവിടെയുണ്ടായിരുന്ന നീണ്ട വര്‍ഷങ്ങളിലാണ് കവിസഹജമായ മിതത്വത്തോടെ അഭ്രപാളികളിലെ കവിതകള്‍ പോലെ മൂന്നേ മൂന്നു കഥാസിനിമകളും മോഹനന്‍ നിര്‍മിച്ചത്.
അശ്വത്ഥാമാവ് പുറത്തിറങ്ങി നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പുരുഷാര്‍ത്ഥം പുറത്തിറങ്ങുന്നത്.1987ല്‍ പുറത്തിറങ്ങിയ പുരുഷുര്‍ത്ഥം ദൃശ്യഭാഷയില്‍ സമ്മാനിച്ച കാഴ്ചയുടെ ഹരിതാഭമായ കവിത്വത്തിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെയേറെ പ്രത്യേകതകളുള്ള ചലച്ചിത്രസംരംഭമായിരുന്നു പുരുഷാര്‍ത്ഥം. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് സി.വി.ശ്രീരാമന്റെ പ്രശസ്തമായ ഇരിയ്ക്കപ്പിണ്ഡം എന്ന കഥയെ അതിജീവിച്ചു നിര്‍മിച്ചതായിരുന്നു അത്. അക്കാലത്തെ സൂ്പ്പര്‍ മോഡലുകളിലൊരാളായിരുന്ന സുജാത മെഹ്ത നായികയാവുന്നു എന്നതായിരുന്നു മറ്റൊരു സവിശേഷത. രാമേശ്വരത്തു ചിത്രീകരിച്ച സിനിമ ദൃശ്യവ്യാകരണത്തില്‍ പുതിയ ഭാവുകത്വങ്ങള്‍ സമ്മാനിച്ചു. അശ്വത്ഥാമാവിലെ ഇരുളും വെളിച്ചവും കൊണ്ട് കവിത രചിച്ച മധു അമ്പാട്ടിന്റെ ഛായാഗ്രഹണ പാടവത്തിന് ഏറ്റവും വലിയ ഉദാഹരണമായിക്കൂടി കണക്കാക്കാവുന്ന സിനിമ. കഥാനിര്‍വഹണത്തിലും ഏറെ സവിശേഷതകള്‍ വച്ചുപുലര്‍ത്തിയ സിനിമയായിരുന്നു പുരുഷാര്‍ത്ഥം.
ഉത്തരേന്ത്യയിലെവിടെയോ വച്ച് ഒരു ദുരന്തത്തില്‍ മരിച്ച വാസുദേവന്റെ ചെറുപ്പക്കാരിയായ വിധവ ഭദ്രയും മകന്‍ വിനീതും, ഭദ്രയുടെ സുഹൃത്തും അവരുടെ സ്ഥാപനങ്ങളുടെ മാനേജരുമായ നൈനാനുമൊത്ത് വാസുദേവന്റെ ചിതാഭസ്മവുമായി തറവാട്ടിലെത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നഗര-ഗ്രാമജീവിതങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കപ്പുറം വാസുദേവന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളിലേക്കു കൂടി അയാളുടെ തറവാട്ടിലെ സംഭവവികാസങ്ങള്‍ വെളിച്ചം വീശുന്നു. പ്രശ്‌നം വയ്ക്കലില്‍ അയാളുടേത് ദുര്‍മരണമാണെന്നും അയാളുടെ ആത്മാവിന് മോക്ഷസിദ്ധിയുണ്ടായിട്ടില്ലെന്നും തെളിയുന്നു. അതിനിടെ അച്ഛന്റെ തറവാട്ടിലെവിടെയും അച്ഛന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്ന ബാലനായ വിനുവിന് പല പുതിയ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും കൂടി തറവാടും ബന്ധുക്കളും സമ്മാനിക്കുന്നു. അതിനുശേഷം, ചിതാഭസ്മം കടലിലൊഴുക്കാന്‍ ധനുഷ്‌കോടിയിലേക്കുള്ള അമ്മയും അമ്മയുടെ പുതിയ പങ്കാളി നൈനാനുമൊത്തുള്ള ദീര്‍ഘമായ കാര്‍ യാത്രയില്‍ അവനാകെ മാറുന്നു. കടപ്പുറത്തെ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ മനസുകൊണ്ടു കണ്ടുവയ്ക്കുന്ന നൈനാനു നേരെ ഒരുരുള ചോറു വലിച്ചെറിഞ്ഞ് അവനവരെ മനസില്‍ നിന്നു തന്നെ വൈതരണി കടത്തുന്നിടത്താണ് പുരുഷാര്‍ത്ഥം പൂര്‍ണമാവുന്നത്. അടൂര്‍ ഭാസിയുടെയും മാടമ്പു കുഞ്ഞുക്കുട്ടന്റെയും മറ്റും അഭിനയമികവിനുമപ്പുറം പുരുഷാര്‍ത്ഥം ഇന്നും പ്രേക്ഷകമനസുകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അതിന്റെ അനന്യമായ ദൃശ്യചാരുതകൊണ്ടുതന്നെയാവണം. റോഡ് മൂവീ എന്നതൊക്കെ മലയാളി കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് രണ്ടാം പകുതിയിലധികവും നീണ്ടുനില്‍ക്കുന്ന രാമേശ്വരം കാര്‍ യാത്രയും അതിനിടയ്ക്കുള്ള സംഭവങ്ങളും അതിലുള്‍ക്കൊള്ളുന്ന മൂന്നു കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെ സൂക്ഷ്മതലത്തിലുള്ള മനോവിശകലനത്തിലേക്കുള്ള ക്യാമറക്കാഴ്ചകളാകുന്നത്. ചിത്രത്തിലെങ്ങും അദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നൊരു ആണിക്കല്ലിനെ, വാസുദേവന്‍ എന്ന മുഖ്യ കഥാപാത്രത്തെ കാണാമറയത്തു പ്രതിഷ്ഠിച്ചുകൊണ്ട് അയാളുടെ അസാന്നിദ്ധ്യത്തില്‍ സജീവസാന്നിദ്ധ്യമാക്കുന്ന ചലച്ചിത്രമാധ്യമത്തിന്റെ മാത്രം സവിശേഷത സാധ്യത പ്രകടമാക്കിക്കൊണ്ട് മാധ്യമപരമായ പൊളിച്ചടുക്കലിനും പുരുഷാര്‍ത്ഥം ധൈര്യം കാണിച്ചു. കെ.പി.കുമാരന്റെ അതിഥിയില്‍ പ്രേക്ഷകര്‍ കണ്ട സങ്കേതത്തിന്റെ കുറേക്കൂടി തീവ്രവും കറയറ്റതുമായ നിര്‍വഹണമായിരുന്നു അത്. സാഹിത്യത്തില്‍ നിന്നു സിനിമയിലേക്ക് ഒരു കഥ അനുവര്‍ത്തിക്കപ്പെടുന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളിലൊന്നായി പുരുഷാര്‍ത്ഥത്തെ കണക്കാക്കുന്നതില്‍ തെറ്റില്ല. കാരണം, കഥയില്‍ ക്‌ളൈമാക്‌സില്‍ വരുന്ന ഒരു ചെറിയ അംശത്തിലൂന്നിയാണ് പുരുഷാര്‍ത്ഥത്തിന്റെ ചലച്ചിത്രശില്‍പം പടുത്തുയര്‍ത്തപ്പെട്ടത്. തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മാധ്യമബോധം പ്രകടമാക്കുന്ന രചനാസൗഭഗമാണിത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ആ വര്‍ഷം പുരുഷാര്‍ത്ഥത്തിനായതും മറ്റൊന്നും കൊണ്ടല്ല.
പുരുഷാര്‍ത്ഥം കഴിഞ്ഞ് വീണ്ടും അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹനന്റെ മൂന്നാമത്തേതും അവസാനത്തേതുമായ കഥാസിനിമ പുറത്തുവരുന്നത്. 1992ല്‍ മികച്ച മലയാളസിനിമയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിയ സ്വരൂപവും സി.വി.ശ്രീരാമന്റെ തന്നെ കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. വിശ്വാസവും ആത്മീയതയും മനുഷ്യജീവിതങ്ങളില്‍ വരുത്തിത്തീര്‍ക്കുന്ന ദുസ്വാധീനങ്ങളുടെ കറുത്തഹാസ്യത്തിലൂന്നിയുള്ള ദൃശ്യാഖ്യാനമായിരുന്നു സ്വരൂപം. ശ്രീനിവാസനും സന്ധ്യ രാജേന്ദ്രനും വി.കെ.ശ്രീരാമനും മറ്റുമഭിനയിച്ച സ്വരൂപത്തിന്റെ കഥാവസ്തു പിന്നീട് ശ്രീനിവാസന്റെ തന്നെ ചിന്താവിഷ്ടയായ ശ്യാമള അടക്കം എത്രയോ സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നതു നാം കണ്ടു. ഒരു സിനിമ അതിന്റെ ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് കാലത്തെ അതിജീവിക്കുന്നതിന്റെ കാലാനുസരണം പുനര്‍ജീവിക്കുന്നതിന്റെ ദൃഷ്ടാന്തം. തെങ്ങുകയറ്റ തൊഴിലാളിയായ ശേഖരന്റെ ജീവിതത്തില്‍ അയാളുടെ കുടുംബത്തിലുള്ള ദൈവീക പരിവേഷം, ആള്‍ദൈവസ്വരൂപം വരുത്തുന്ന പരിവര്‍ത്തനമാണ് സ്വരൂപം പറഞ്ഞത്. അധ്വാനം കൊണ്ടു പുലര്‍ന്നിരുന്നതാണ് അയാളുടെയും ഭാര്യയുടെയും ജീവിതം. അതില്‍ അന്ധവിശ്വാസം കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങള്‍ അയാളെ നിര്‍ഗുണനും നിസ്സംഗനുമാക്കുന്നുവെന്നുമാത്രമല്ല, കുടുംബം നടത്താന്‍ അയാളുടെ ഭാര്യക്ക് തൊഴിലെടുക്കേണ്ട ഗതികേടിലേക്കു കൊണ്ടെത്തിക്കുകയും ചെയ്യുന്നു. സാമൂഹികവിമര്‍ശനത്തിലൂന്നി നിന്ന കരുത്തുറ്റ ആഖ്യാനമായിരുന്നു സ്വരൂപം.
ഒരിക്കലും താരവ്യവസ്ഥയുടെ പരമ്പരാഗത ചുറ്റുവട്ടങ്ങള്‍ക്കുള്ളില്‍ നിന്നു ചിത്രമൊരുക്കാന്‍ വഴങ്ങുന്നൊരു ചലച്ചിത്രഗാത്രമായിരുന്നില്ല മോഹനന്റേത്. അതുകൊണ്ടുതന്നെ സ്വരൂപത്തിനു ശേഷമൊരു കഥാസിനിമ അദ്ദേഹത്തില്‍ നിന്നുണ്ടാവാതെയും പോയി. അതേ സമയം മാധ്യമബോധമുള്ളൊരു ചലച്ചിത്രകാരന്റെ സാര്‍ത്ഥകമായ സൃഷ്ടികളായി കുറേ നല്ല ഹ്രസ്വചിത്രങ്ങള്‍ ബാക്കിയാക്കാനും അദ്ദേഹം മറന്നില്ല.1990ലെ കഥേതര ചിത്രത്തിനുള്ള ദേശീയ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, 1994ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിശുദ്ധവനങ്ങള്‍, എസ്. കെ പൊറ്റക്കാടിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം തുടങ്ങിയവയാണ് അവയില്‍ പ്രധാനം.
തനിക്കൊപ്പവും തനിക്കുശേഷവും സമാന്തരജനുസില്‍ ഉറച്ചു നിന്നു സിനിമയെടുത്ത പലരുടെയും രചനകളെപ്പോലെ ദുര്‍ഗ്രഹതയുടെ ഭൂതബാധ ലേശവുമേല്‍ക്കാത്ത കഥാവസ്തുക്കളും നിര്‍വഹണശൈലിയുമാണ് കെ.ആര്‍.മോഹന്‍ തന്റെ സിനിമകളില്‍ പിന്‍പറ്റിയത്. വ്യാഖ്യാനിക്കാന്‍ അടരുകള്‍ ബാക്കിയാക്കുമ്പോഴും ആഖ്യാനത്തില്‍ സ്ഫടികവ്യക്തതയും ലാളിത്യവും വച്ചുപുലര്‍ത്തുന്ന നിര്‍വഹണരീതി. അതാണ് കെ.ആര്‍.മോഹന്‍ സിനിമകളുടെ മുഖമുദ്ര. ചുരുക്കം കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകളുടെ ഉള്‍ക്കാഴ്ചകളിലേക്കാണ് മോഹന്‍ തന്റെ ചലച്ചിത്രക്കണ്ണു മലര്‍ക്കെ തുറന്നുവച്ചത്.
ചലച്ചിത്രകാരനിലുപരി മികച്ചൊരു സംഘാടകനായിരുന്നു കെ.ആര്‍.മോഹനന്‍. അതുകൊണ്ടാണ് ചലച്ചിത്രവികസന കോര്‍പറേഷനില്‍ നിന്നു വിരമിച്ച ശേഷം സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നാലാമത്തെ ചെയര്‍മാനായി അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സാര്‍ത്ഥകമായ പുതിയ വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകാന്‍ നേതൃത്വം നല്‍കാനായത്.2006 മുതല്‍ 2011 വരെ അദ്ദേഹം ചെയര്‍മാനായിരുന്ന വര്‍ഷങ്ങളിലാണ് സംസ്ഥാനത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷകപങ്കാളിത്തം കൊണ്ട് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഏറ്റവും വലിയ ജനായത്തചലച്ചിത്രമേളയായി വളര്‍ന്നത്.
വ്യക്തിജീവിതത്തില്‍ ചില മൂല്യങ്ങളും നിഷ്ഠകളുമുള്ളയാളായിരുന്നു അദ്ദേഹം. പൂജപ്പുരക്കാര്‍ക്ക് എന്നും രാവിലെ ട്രാക്ക്പാന്റും അയഞ്ഞ ടീഷര്‍ട്ടുമിട്ട് നടക്കാനിറങ്ങുന്ന മോഹനന്‍സാര്‍. ഒച്ചപ്പാടുകളോടല്ല, ഒതുക്കത്തോടായിരുന്നു സംഭാഷണം കൊണ്ടും ശരീരഭാഷകൊണ്ടും നിലപാടുകള്‍ കൊണ്ടു ചലച്ചിത്രസമീപനം കൊണ്ടും അദ്ദേഹം ഇഷ്ടം പുലര്‍ത്തിയത്.അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്ന ശേഷവും അതിന്റെ നിര്‍വാഹകസമിതിയിലെ ഒരു സാധാരണ അംഗമായിരിക്കാന്‍ യാതൊരു വൈമനസ്യവും അദ്ദേഹത്തിനുണ്ടാവാത്തത്. പണമല്ലാത്തതു കാരണം വിഖ്യാതമായ നാന്ത് രാജ്യാന്തര മേളയില്‍ കിട്ടിയ ബഹുമതി ഏറ്റുവാങ്ങാന്‍ പോകാനാവാതെ വന്നത്. അദ്ദേഹം വിലകല്‍പിച്ചത് അത്തരം സംഭവങ്ങള്‍ക്കൊന്നുമ, മറിച്ച് ദൃഢ സൗഹാര്‍ദ്ദങ്ങള്‍ക്കും മികച്ച സിനിമകള്‍ക്കുമാണ്. ജീവിതത്തിന്റെ മൂന്നാം പാദത്തില്‍ ഭാര്യയുടെ അപ്രതീക്ഷിത ദുരന്ത വിയോഗത്തിലൂടെ വ്യക്തിജീവിതത്തില്‍ സംഭവിച്ച തിരിച്ചടിയെപ്പോളും ഒരുപക്ഷേ അദ്ദേഹം അതിജീവിച്ചത് സിനിമയും സൗഹൃദവും കൊണ്ടായിരിക്കാം. അതുകൊണ്ടുതന്നെ മരണത്തിലൂടെ കെ.ആര്‍.മോഹനന്‍ ഓര്‍മിയിലേക്കല്ല, സുഹൃത്തുക്കളുടെ, സിനിമാപ്രേമികളുടെ നെഞ്ചിനുള്ളിലേക്കാണ് നടന്നുകയറുന്നത്.
No comments:
Post a Comment