മലയാള സിനിമയില്‍ വില്ലന്മാരില്ലാത്ത സിനിമകളുണ്ടാ യിട്ടുണ്ട്.നന്മയുള്ള സിനിമകള്‍. സത്യന്‍ അന്തിക്കാ ടിന്റെയും ശ്രീനിവാസന്റെയുമെല്ലാം പേരുകളാണ് അത്തരം സിനിമകളുമായി ചേര്‍ത്ത് കേള്‍ക്കാറുള്ളത്. എന്നാല്‍ ശരിക്കും അത്തരം കുടുംബ സിനിമകളുടെ യഥാര്‍ത്ഥ അപ്പോസ്തലനായി എനിക്കു തോന്നിയിട്ടുള്ളത് വേണു നാഗവള്ളിയെയാണ്. വല്ലാത്തൊരു കവിത്വവും മെലഡിയും റിഥവുമുള്ള സിനിമകളായിരുന്നു വേണു നാഗവള്ളിയുടേത്. കുളിര്‍കാറ്റുപോലെ, പരന്നൊഴുകുന്ന ഇളംചോലപോലെ, നനുത്ത സിനിമകള്‍. സുഖമോ ദേവീ, സ്വാഗതം, സര്‍വകലാശാല...ആ ജനുസില്‍ വേണുനാഗവള്ളിയുടെ പിന്തുടര്‍ച്ചാവകാശിയാണ് രഞ്ജിത് ശങ്കര്‍ എന്നു രഞ്ജിത്തിന്റെ സമീപകാല സിനിമകള്‍, പ്രത്യേകിച്ചും മോളി ആന്റി റോക്‌സ് മുതലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ശ്യാമപ്രസാദിന്റെതുപോലെ, ചുരുക്കം കഥാപാത്രങ്ങളില്‍ ഊന്നിനിന്നുകൊണ്ട്, ചെറിയൊരു കഥാവസ്തുവില്‍ ഏകാഗ്രതയോടെ ധ്യാനനിമഗ്നമാകുന്ന നിര്‍വഹണരീതി. അതുകൊണ്ടുതന്നെ, രഞ്ജിത് സിനിമകള്‍ എപിക്കുകളല്ല, എപ്പിസോഡിക്കുമല്ല. മറിച്ച് ടി.പത്മനാഭന്‍ കഥകള്‍ വായിക്കുന്ന സുഖം നല്‍കുന്ന ചെറുകഥയുടെ ഭാവുകത്വമുള്‍ക്കൊള്ളുന്ന ചലച്ചിത്രസമീപനങ്ങളാണവ. രാമന്റെ ഏദന്‍തോട്ടവും അതില്‍ നിന്നു വ്യത്യസ്തമല്ല. ഒന്നു തെറ്റിയാല്‍ പാളിപ്പോകാമായിരുന്ന പ്രമേയം. ചാരുലത മുതല്‍ ഒരേ കടല്‍ വരെയുള്ള ചിത്രങ്ങളുടേതിനു സമാനമായ ഒന്നായിത്തീര്‍ന്നേക്കാവുന്ന ഏദന്‍തോട്ടത്തെ അതല്ലാതാക്കിയതിലാണ് രഞ്ജിത്തിന്റെ പ്രതിഭ. വര്‍ണിച്ചു വഴിക്കാക്കേണ്ടതില്ല. രാമന്റെദുഖം ജീവിക്കാന്‍ ആക്രാന്തപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതല്ല, ജീവിതം നന്നാക്കാനുള്ളവര്‍ക്കുവേണ്ടിയുള്ളതാണ്. സന്തോഷമാണ് അതിന്റെ പ്രകൃതം. പ്രകൃതി യാണതിന്റെ സൗന്ദര്യം. ഒന്നു പറയാതെ വയ്യ. രാമന്റെ ഏദന്‍തോട്ടം കണ്ടിരുന്ന നിമിഷങ്ങളില്‍ പലപ്പോഴും വി.ജെ.ജയിംസിന്റെ ദത്താപഹാരം മനസിലേക്ക് ഓടിയെത്തി. ദത്താപഹാരത്തിലെ കാടിന്റെ വഴികള്‍ ഏദന്‍തോട്ടത്തിലാകെ ഹരിതാഭ ചാര്‍ത്തി വിലസുന്നതുപോലെ....
No comments:
Post a Comment