കലാകൗമുദി 2017 മാര്‍ച്ച് 19
എ.ചന്ദ്രശേഖര്‍
കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ സവിശേഷതയെന്താണ്? ഒറ്റവാക്യം ഉത്തരമാക്കാം. അതായത് സനല്‍കുമാര്‍ ശശിധരന്‍ ഒഴികെ ഒരാളില്‍ നിന്നും പ്രധാനപ്പെട്ട യാതൊരു ആരോപണവും ഉന്നയിക്കപ്പെടാതെ പൊതുവേ ജനസ്സമ്മിതിയാര്‍ജിച്ച വിധിനിര്‍ണയം. അവാര്‍ഡ് ലഭിക്കാത്തവരുടെ പതിവു പരിഭവങ്ങള്‍ അവഗണിച്ചാല്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മികച്ച ചിത്രം സംവിധാനം എന്നീ അവാര്‍ഡുകള്‍ക്കെതിരേ ഉന്നയിച്ച അഭിപ്രായമാവട്ടെ, വ്യക്തഗതമെന്ന നിലയ്ക്ക് ക്രിയാത്മകമായിക്കൂടി പരിഗണിച്ചാലും അവാര്‍ഡ് നിര്‍ണയത്തിനു നേര്‍ക്കുള്ള മൂര്‍ച്ചയുള്ള വിമര്‍ശനമാവുന്നില്ല. സാധാരണ ഉണ്ടാവാറുള്ളതുപോലെ, ജൂറി അംഗങ്ങളെ ചൊല്ലിയോ അവരുടെ യോഗ്യതയെച്ചൊല്ലിയോ അവരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ഒരു വിമര്‍ശനവും ആരില്‍ നിന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയം.
ജനപ്രിയമെന്നതില്‍ നിന്നു ജനകീയതയിലേക്കുള്ള വഴിമാറിനടത്തമായിട്ടാണ് ഇക്കുറി സംസ്ഥാന അവാര്‍ഡ് ജൂറിയുടെ വിധിനിര്‍ണയത്തെയും നിലപാടുകളെയും പൊതുസമൂഹം വിലയിരുത്തിക്കണ്ടത്. ജൂറി വിലയിരുത്തലുകളെ സമൂഹമാധ്യമമൊട്ടാകെ എറ്റെടുത്ത് ആഘോഷിച്ചത് അതിന്റെ ജനകീയത തെളിയിക്കുന്നതാണെങ്കില്‍ക്കൂടിയും, അതില്‍ ബഹുഭൂരിപക്ഷവും തിരയിടത്തെ സവര്‍ണമേല്‍ക്കോയ്മയ്‌ക്കെതിരേയും താരവാഴ്ചയ്‌ക്കെതിരേയുമുള്ള അധസ്ഥിതരുടെയും
അരികുജീവിതങ്ങളുടേയും ഉയിര്‍പ്പിന്റെ വിജയമായിട്ടാണ്. മൂലധനത്തിലൂന്നിയുള്ള മുഖ്യധാരാപ്രത്യക്ഷങ്ങള്‍ക്കുനേരെയുള്ള വേറിട്ട മുന്നേറ്റമായും അതുയര്‍ത്തിക്കാണിക്കപ്പെട്ടു. വര്‍ഗരാഷ്ട്രീയത്തിന്റെ ദ്വന്ദാത്മകവിശകലത്തില്‍ ഈ നിരീക്ഷണങ്ങള്‍ക്കും നിലപാടുകള്‍ക്കും സാധുതയുണ്ടെങ്കിലും അതിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന്റെയും സഹനടനായി തെരഞ്ഞുടുക്കപ്പെട്ട മണികണ്ഠന്റെയും പ്രതിഭയുടെ പങ്ക് ലേശമെങ്കിലും ചെറുതാക്കപ്പെടുകയായിരുന്നോ എന്നതിലാണ് പുനഃചിന്തനം ആവശ്യമുള്ളത്.
നിഷ്പക്ഷത എന്നത് അരാഷ്ട്രീയമല്ലെന്നു കൂടി അതു തെളിയിക്കുന്നുണ്ടെന്നതാണ് പ്രസക്തം. വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമാക്കുന്നുണ്ട് അവാര്‍ഡുകളെല്ലാം. അതാവട്ടെ മാധ്യമത്തിന്റെ സാങ്കേതികബോധമെന്നതിലപ്പുറം സാമൂഹികപ്രതിബദ്ധതയിലൂന്നുന്നതാണെന്നതു ശ്രദ്ധേയം. സിനിമയുടെ ഭാഷാ സാങ്കേതിക കാര്‍ക്കശ്യം മാറ്റിനിര്‍ത്തിയാല്‍, മാധ്യമപരവും സാമൂഹികപരവും സംവേദനപരവുമായ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിലുണ്ടായിട്ടുള്ള മികച്ച സിനിമകളിലൊന്നുതന്നൊണ് വിധുവിന്‍സന്റിന്റെ മാന്‍ഹോള്‍. ഒരു പക്ഷേ, സിനിമയുടെ പരിവട്ടത്തു നിന്നുതന്നെ വന്നയാളല്ലാത്തതുകൊണ്ടും, ടിവി/മാധ്യമരംഗത്തുനിന്നു വന്നതുകൊണ്ടും, സിനിമയ്ക്കു വിഷയമായ അനംഗീകൃത തോട്ടിപ്പണിയെന്ന തീവ്ര സാമൂഹികപ്രശ്‌നത്തെപ്പറ്റി മുമ്പ് ഡോക്യുമെന്ററിയെടുത്തിട്ടുള്ളതുകൊണ്ടുമായിരിക്കാം വിധുവിന്റെ സിനിമയോട് സാങ്കേതികകാര്‍ക്കശ്യമുള്ള നിലപാടാണ് പ്രമുഖര്‍പോലും സ്വീകരിച്ചുകണ്ടത്. കുറച്ചു വര്‍ഷംമുമ്പ് അഞ്ജലി മേനോന്റെ സിനിമ വിവിധ മത്സരങ്ങളില്‍ പരിഗണനയ്ക്കു വന്നപ്പോള്‍ കേള്‍ക്കാത്ത ചില ആക്ഷേപങ്ങളും ആരോപണങ്ങളുമാണിതെന്ന് ശ്രദ്ധിക്കണം.
സിനിമയായായും സാഹിത്യമായാലും ആത്യന്തികമായി അനുവാചകന്റെ ബുദ്ധിയേക്കാള്‍ മനസിനെയാവണം അഭിമുഖീകരിക്കേണ്ടത്. സാങ്കേതികതയ്ക്കുമപ്പുറം അതിന്റെ പ്രമേയതലം പ്രധാനമാവുന്നതും പ്രസക്തമാവുന്നതും അങ്ങനെയാണ്. വിധുവിന്റെ മാന്‍ഹോള്‍ അതിന്റെ എല്ലാ പരിമിതികള്‍ക്കുള്ളിലും സാങ്കേതിക പിഴവുകള്‍ക്കുള്ളിലും സാമൂഹികപ്രസ്‌കതി നേടുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ ആര്‍ജ്ജവം കൊണ്ടുതന്നെയാണെങ്കിലും ഘടനാപരമായോ സാങ്കേതികമായോ അതൊരു മോശം സിനിമയാവുന്നില്ല. സമഗ്രതയില്‍ അത് അതിന്റെ സിനിമാത്മക ദൗത്യം നിറവേറ്റുന്നുവെന്നതുകൊണ്ടുതന്നെ അതിന്റെ സാങ്കേതികതയെ മാത്രം പിടിച്ചുള്ള കുറ്റം കണ്ടെത്തലില്‍ വലിയ സാംഗത്യമില്ല. സാങ്കേതികതയെ വട്ടം പിടിച്ചുള്ള സമാനമായ വിമര്‍ശനം, ഇത്തവണ രണ്ടാമത്തെ മികച്ച സിനിമയായ ഒറ്റയാള്‍പ്പാതയുടെ സംവിധായകരായ സതീഷ്ബാബു-സന്തോഷ്ബാബു സേനന്മാരുടെ ആദ്യചിത്രമായ ചായം പൂശിയ വീടിന് മുന്‍വര്‍ഷം നേരിടേണ്ടിവന്നതും ഓര്‍ക്കുക. മുന്‍വര്‍ഷങ്ങളില്‍ ചില സിനിമകളെ ഒഴിവാക്കാന്‍, അവ വിഷയതീവ്രതയുടെ പേരില്‍ പൊതുബോധത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണെന്ന മട്ടില്‍ ജൂറികള്‍ നിരത്തിയ ന്യായത്തെ വിമര്‍ശിച്ചവര്‍ തന്നെയാണ് ഇത്തവണ മാന്‍ഹോള്‍ അടക്കമുള്ള സിനിമയ്ക്കു നേരെ അവയ്ക്ക് പുരസ്‌കാരം കിട്ടയതിനെതിരേ വന്നിട്ടുള്ളത്. ഏതായാലും വിധു നിര്‍മിച്ചത് കേവലമൊരു സിനിമമാത്രമല്ല, ആ സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുചരിത്രത്തിലെ വഴിമാറ്റം കൂടിയാണ്. ഡോ മീനപ്പിള്ളയും ശാന്തീകൃഷ്ണയുമടക്കം രണ്ടു സ്ത്രീകള്‍ അംഗങ്ങളായിരുന്ന ജൂറിയില്‍ നിന്നാണ് ലിംഗസമത്വമുറപ്പാക്കിക്കൊണ്ടുള്ള ഈ വിധിയെന്നതും അതുവഴിയാണ് വിധു ഈ ബഹുമതി നേടിയ ആദ്യവനിതയായതെന്നതും അതിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു..
നാളിതുവരെയുള്ള ശീലങ്ങളെ തച്ചുടച്ചുവെന്നതും, സാമ്പ്രദായിക നടപ്പുദോഷങ്ങളെ പിന്‍പറ്റിയില്ലെന്നതുമാണ് ഇത്തവണത്തെ ജൂറിയുടെ ഏറ്റവും വലിയ നീക്കിയിരിപ്പ്. താരവ്യവസ്ഥയെ നിരാകരിച്ചതുകൊണ്ടോ, അരികുജീവിതങ്ങളെ അരികെ നിര്‍ത്തിയതുകൊണ്ടോ അല്ല, മറിച്ച് വ്യവസ്ഥാപിത മാമൂലുകളെ കാറ്റില്‍പ്പറത്തി പ്രതിബദ്ധതയുടെ രാഷ്ട്രീയപ്രഖ്യാപനമാക്കി മാറ്റാന്‍ ഈ അവാര്‍ഡുപ്രഖ്യാപനത്തിന് സാധിച്ചിട്ടുണ്ട്. അതാവട്ടെ, അവാര്‍ഡ് സിനിമയെ സമാന്തരമെന്നോ ആര്‍ട്ട്ഹൗസെന്നോ വേര്‍തിരിച്ച് മേല്‍ത്തട്ടില്‍ പ്രതിഷ്ഠിക്കുന്ന പ്രവണതയ്ക്കു നേരേയുള്ള കടുത്ത പ്രഹരവുമായി. അതുപോലെ തന്നെ കോടികള്‍ വാരിക്കൂട്ടിയ വിജയങ്ങളില്‍ കണ്ണന്തിച്ചു നില്‍ക്കാതെ ആത്മനിയന്ത്രണം പ്രകടമാക്കുകയും ചെയ്തു. അതുകൊണ്ടാണ് ശരിക്കും ആളുകള്‍ കണ്ട, അഥവാ കാണേണ്ടവര്‍ കണ്ട, മഹേഷിന്റെ പ്രതികാരം പോലെ ഇന്നിന്റെ തലമുറ ഏറ്റുവാങ്ങിയ സിനിമയ്ക്ക് മികച്ച ജനപ്രിയസിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. മാധ്യമത്തിലെ മൂപ്പിളമയോ വലിപ്പച്ചെറുപ്പമോ അല്ല ജൂറിയുടെ പരിഗണനയില്‍ വന്നതെന്നു വ്യക്തം.
ആദ്യചിത്രത്തിലെ പ്രകടനത്തിന് ഒരു അഭിനേതാവിനെ മികച്ച നടനോ നടിയോ ആയി തെരഞ്ഞെടുക്കരുതെന്ന് ഒരു നിയമവുമില്ല, വ്യവസ്ഥയുമില്ല കലയിലും, അവാര്‍ഡ് ചട്ടങ്ങളിലും. മുമ്പ് മോണിഷയടക്കം പലര്‍ക്കും ഇത്തരത്തിലുള്ള ബഹുമതികള്‍ ലഭിച്ചിട്ടുമുണ്ട്. പക്ഷേ, അവയൊക്കെ അത്രയേറെ ആത്മസംഘര്‍ഷങ്ങളോ അന്തഃസംഘര്‍ഷങ്ങളോ ഉള്‍ക്കൊള്ളുന്ന വേഷപ്പകര്‍ച്ചകളുടെ പേരിലാണ്. അനുരാഗക്കരിക്കിന്‍വെള്ളത്തിലെ രജിഷവിജയന്റെ പ്രകടനം തീര്‍ച്ചയായും മോശമല്ല, എന്നല്ല ഒരര്‍ത്ഥത്തിലും മോശമേയല്ല. എന്നാല്‍ ആപേക്ഷികമായൊരു താരതമ്യം ഇവിടെ രൂപപ്പെടുക, താരതമ്യേന ചെറിയ ചിത്രമായ മിന്നാമിനുങ്ങിലെ സുരഭിലക്ഷ്മിയുടെ പ്രകടനം വിലയിരുത്തുമ്പോഴാണ്. അഭിനയത്തിന് പ്രത്യേകജൂറി പരാമര്‍ശം നേടിയ വേഷം കൂടിയാണ് സുരഭിയുടേതെന്നോര്‍ക്കുക. ഒരു വിഭാഗത്തിന് രണ്ടു പേര്‍ തമ്മില്‍ മത്സരം അതിശക്തമാവുമ്പോള്‍, ഒടുവില്‍ ഒരാള്‍ക്കു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍, രണ്ടാമന്റെ/ളുടെ പ്രകടനം അംഗീകരിക്കപ്പെടാതെ പോകരുത് എന്ന നിര്‍ബന്ധത്തിന്റെ പുറത്താകും പലപ്പോഴും ജൂറി പ്രത്യേകപുരസ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുക. ഈ യുക്തി ഉപയോഗിച്ചാലും ഇല്ലെങ്കിലും സ്വന്തം മകളുടെ ഉന്നമനത്തിനായി കഠിനാധ്വാനമെടുക്കുന്ന തിരുവനന്തപുരം പ്രാന്തത്തിലെ ഒരു വീട്ടുവേലക്കാരിയുടെ വേഷത്തില്‍ പകര്‍ന്നാട്ടം നടത്തിയ സുരഭിയുടെ അഭിനയമികവ് കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ ആപേക്ഷികത പ്രസക്തമായൊരു ചോദ്യം കൂടി മുന്നോട്ടുവയ്ക്കുന്നു. ഒരാള്‍ സ്വയം തന്നെതന്നെ അല്ലെങ്കില്‍ തനിക്കു സമാനമായൊരു കഥാപാത്രത്തെ അനിതരസാധാരണമായ നടനമികവോടെ ആവിഷ്‌കരിക്കുമ്പോഴാണോ, അവള്‍/അയാള്‍ അവരുടെ പ്രായത്തിനോ സംസ്‌കാരത്തിനോ സാഹചര്യത്തിനോ രാഷ്ട്രീയത്തിനോ ജീവിതത്തിനോ നേര്‍ ഏതിര്‍ ദിശയില്‍ നില്‍ക്കുന്നൊരു വേഷത്തെ അനന്യമാക്കുമ്പോഴാണോ മികവുറ്റതാവുന്നത്? കമ്മട്ടിപ്പാടം എന്ന സിനിമയില്‍ കൊച്ചി പുതിയ കൊച്ചിയാവുന്നതിനുമുമ്പുള്ള പിന്നാമ്പുറ ജീവിതപ്രതിനിധാനങ്ങളെ തിരയിടത്തിലേക്കു തെരഞ്ഞെടുക്കുമ്പോള്‍ വിനായകനെയും മണികണ്ഠനെയും പോലുള്ള ഉടലുകളെ വിരൂപമായ വയ്പുപല്ലുകളോടെ വിഭാവനചെയ്യാന്‍ രാജീവ് രവിയെപ്പോലൊരു സംവിധായകനെ നിയന്ത്രിച്ച പൊതുബോധത്തിന്റെ രാഷ്ട്രീയം വിമര്‍ശനത്തിനതീതമാവാത്തതും അതുകൊണ്ടുതന്നെ.
പ്രധാന അവാര്‍ഡുകള്‍കുപരി കുറേയേറെ വിഭാഗങ്ങളില്‍ പ്രത്യേകപരാമര്‍ശം പ്രഖ്യാപിക്കപ്പെട്ട വര്‍ഷം കൂടിയാണിത്. ഇത്രയധികം പ്രത്യേകപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട അവാര്‍ഡ് പ്രഖ്യാപനം മുമ്പ് ഉണ്ടായതായി തോന്നുന്നില്ല. പരാതികളൊഴിവാക്കാനുള്ള മെയ് വഴക്കത്തിന്റെ ബലതന്ത്രമെന്നതിലുപരി ഒഴിച്ചുകൂടാനാവാത്ത അംഗീകാരങ്ങളുടെ അനിവാര്യതയായി അവ മാറുന്നത് അങ്ങനെയാണ്. വിട്ടൂവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണ് ജൂറിയെ ഭരിച്ച പൊതുബോധമെന്നതാണ് ഇതു വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ അവാര്‍ഡുകള്‍ ജനപ്രിയത്തിനപ്പുറം ജനകീയമായിത്തീരുന്നതും.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി, രചനാവിഭാഗം അവാര്‍ഡുകളും സിനിമാപുരസ്‌കാരങ്ങളും ഒന്നിനൊന്നോട് ചേര്‍ന്നു പോകുന്നതായി എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. രണ്ടു വ്യത്യസ്ത സമിതികളായിട്ടുകൂടി അവരുടെ തീരുമാനങ്ങള്‍ ഒരേ ആശയധാരകളെയും പ്രതിബദ്ധതയുടെ രാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്നതായി. ഇതു വിരല്‍ചൂണ്ടുന്നത് സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന സ്വാഭാവിക ബൗദ്ധിക പരിണാമത്തിലേക്കാണ്. ചിന്തയിലും യുക്തിയിലും നിലപാടുകളിലും ഇന്നിന്റെ കേരള രാഷ്ട്രീയം എങ്ങോട്ടാണെന്നും എങ്ങനെയാണെന്നും അതു കാണിച്ചു തരുന്നു.

1 comment:
Well studied, excellent review.
- Dr. P S Chandramohan.
Post a Comment