Monday, March 13, 2017

Open Forum @ 3rd International Regional Film Festival of Kottayam

കോട്ടയം രാജ്യാന്തര ചലച്ചിത്രോത്സവ വാര്‍ത്ത.നല്ല അനുഭവമായിരുന്നു ഓപ്പണ്‍ ഫോറം. പ്രതിബദ്ധതയുള്ള കാണികള്‍. സജീവമായ ചര്‍ച്ച. തീപിടിച്ച വാദങ്ങള്‍...ക്യാപ്ഷനില്‍ പേര് രാമചന്ദ്രന്‍ എന്നു കൂടുമാറിയതൊഴിച്ചാല്‍.
മാതൃഭൂമി.

 ദേശാഭിമാനി

Sunday, March 12, 2017

പായിപ്ര രാധാകൃഷ്ണന്‍ @ ഹരിതസിനിമ

ശ്രീ പായിപ്ര രാധാകൃഷ്ണന്‍ കലാകൗമുദിയിലെ ആഴ്ചവെട്ടം പംക്തിയില്‍ ഹരിതസിനിമയെപ്പറ്റി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്- ജനപ്രിയതയില്‍ നിന്നു ജനകീയതയിലേക്ക്.

കലാകൗമുദി 2017 മാര്‍ച്ച് 19

എ.ചന്ദ്രശേഖര്‍

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ സവിശേഷതയെന്താണ്? ഒറ്റവാക്യം ഉത്തരമാക്കാം. അതായത് സനല്‍കുമാര്‍ ശശിധരന്‍ ഒഴികെ ഒരാളില്‍ നിന്നും പ്രധാനപ്പെട്ട യാതൊരു ആരോപണവും ഉന്നയിക്കപ്പെടാതെ പൊതുവേ ജനസ്സമ്മിതിയാര്‍ജിച്ച വിധിനിര്‍ണയം. അവാര്‍ഡ് ലഭിക്കാത്തവരുടെ പതിവു പരിഭവങ്ങള്‍ അവഗണിച്ചാല്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മികച്ച ചിത്രം സംവിധാനം എന്നീ അവാര്‍ഡുകള്‍ക്കെതിരേ ഉന്നയിച്ച അഭിപ്രായമാവട്ടെ, വ്യക്തഗതമെന്ന നിലയ്ക്ക് ക്രിയാത്മകമായിക്കൂടി പരിഗണിച്ചാലും അവാര്‍ഡ് നിര്‍ണയത്തിനു നേര്‍ക്കുള്ള മൂര്‍ച്ചയുള്ള വിമര്‍ശനമാവുന്നില്ല. സാധാരണ ഉണ്ടാവാറുള്ളതുപോലെ, ജൂറി അംഗങ്ങളെ ചൊല്ലിയോ അവരുടെ യോഗ്യതയെച്ചൊല്ലിയോ അവരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ഒരു വിമര്‍ശനവും ആരില്‍ നിന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയം.
ജനപ്രിയമെന്നതില്‍ നിന്നു ജനകീയതയിലേക്കുള്ള വഴിമാറിനടത്തമായിട്ടാണ് ഇക്കുറി സംസ്ഥാന അവാര്‍ഡ് ജൂറിയുടെ വിധിനിര്‍ണയത്തെയും നിലപാടുകളെയും പൊതുസമൂഹം വിലയിരുത്തിക്കണ്ടത്. ജൂറി വിലയിരുത്തലുകളെ സമൂഹമാധ്യമമൊട്ടാകെ എറ്റെടുത്ത് ആഘോഷിച്ചത് അതിന്റെ ജനകീയത തെളിയിക്കുന്നതാണെങ്കില്‍ക്കൂടിയും, അതില്‍ ബഹുഭൂരിപക്ഷവും തിരയിടത്തെ സവര്‍ണമേല്‍ക്കോയ്മയ്‌ക്കെതിരേയും താരവാഴ്ചയ്‌ക്കെതിരേയുമുള്ള അധസ്ഥിതരുടെയും
അരികുജീവിതങ്ങളുടേയും ഉയിര്‍പ്പിന്റെ വിജയമായിട്ടാണ്. മൂലധനത്തിലൂന്നിയുള്ള മുഖ്യധാരാപ്രത്യക്ഷങ്ങള്‍ക്കുനേരെയുള്ള വേറിട്ട മുന്നേറ്റമായും അതുയര്‍ത്തിക്കാണിക്കപ്പെട്ടു. വര്‍ഗരാഷ്ട്രീയത്തിന്റെ ദ്വന്ദാത്മകവിശകലത്തില്‍ ഈ നിരീക്ഷണങ്ങള്‍ക്കും നിലപാടുകള്‍ക്കും സാധുതയുണ്ടെങ്കിലും അതിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന്റെയും സഹനടനായി തെരഞ്ഞുടുക്കപ്പെട്ട മണികണ്ഠന്റെയും പ്രതിഭയുടെ പങ്ക് ലേശമെങ്കിലും ചെറുതാക്കപ്പെടുകയായിരുന്നോ എന്നതിലാണ് പുനഃചിന്തനം ആവശ്യമുള്ളത്.
നിഷ്പക്ഷത എന്നത് അരാഷ്ട്രീയമല്ലെന്നു കൂടി അതു തെളിയിക്കുന്നുണ്ടെന്നതാണ് പ്രസക്തം. വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമാക്കുന്നുണ്ട് അവാര്‍ഡുകളെല്ലാം. അതാവട്ടെ മാധ്യമത്തിന്റെ സാങ്കേതികബോധമെന്നതിലപ്പുറം സാമൂഹികപ്രതിബദ്ധതയിലൂന്നുന്നതാണെന്നതു ശ്രദ്ധേയം. സിനിമയുടെ ഭാഷാ സാങ്കേതിക കാര്‍ക്കശ്യം മാറ്റിനിര്‍ത്തിയാല്‍, മാധ്യമപരവും സാമൂഹികപരവും സംവേദനപരവുമായ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിലുണ്ടായിട്ടുള്ള മികച്ച സിനിമകളിലൊന്നുതന്നൊണ് വിധുവിന്‍സന്റിന്റെ മാന്‍ഹോള്‍. ഒരു പക്ഷേ, സിനിമയുടെ പരിവട്ടത്തു നിന്നുതന്നെ വന്നയാളല്ലാത്തതുകൊണ്ടും, ടിവി/മാധ്യമരംഗത്തുനിന്നു വന്നതുകൊണ്ടും, സിനിമയ്ക്കു വിഷയമായ അനംഗീകൃത തോട്ടിപ്പണിയെന്ന തീവ്ര സാമൂഹികപ്രശ്‌നത്തെപ്പറ്റി മുമ്പ് ഡോക്യുമെന്ററിയെടുത്തിട്ടുള്ളതുകൊണ്ടുമായിരിക്കാം വിധുവിന്റെ സിനിമയോട് സാങ്കേതികകാര്‍ക്കശ്യമുള്ള നിലപാടാണ് പ്രമുഖര്‍പോലും സ്വീകരിച്ചുകണ്ടത്. കുറച്ചു വര്‍ഷംമുമ്പ് അഞ്ജലി മേനോന്റെ സിനിമ വിവിധ മത്സരങ്ങളില്‍ പരിഗണനയ്ക്കു വന്നപ്പോള്‍ കേള്‍ക്കാത്ത ചില ആക്ഷേപങ്ങളും ആരോപണങ്ങളുമാണിതെന്ന് ശ്രദ്ധിക്കണം.
സിനിമയായായും സാഹിത്യമായാലും ആത്യന്തികമായി അനുവാചകന്റെ ബുദ്ധിയേക്കാള്‍ മനസിനെയാവണം അഭിമുഖീകരിക്കേണ്ടത്. സാങ്കേതികതയ്ക്കുമപ്പുറം അതിന്റെ പ്രമേയതലം പ്രധാനമാവുന്നതും പ്രസക്തമാവുന്നതും അങ്ങനെയാണ്. വിധുവിന്റെ മാന്‍ഹോള്‍ അതിന്റെ എല്ലാ പരിമിതികള്‍ക്കുള്ളിലും സാങ്കേതിക പിഴവുകള്‍ക്കുള്ളിലും സാമൂഹികപ്രസ്‌കതി നേടുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ ആര്‍ജ്ജവം കൊണ്ടുതന്നെയാണെങ്കിലും ഘടനാപരമായോ സാങ്കേതികമായോ അതൊരു മോശം സിനിമയാവുന്നില്ല. സമഗ്രതയില്‍ അത് അതിന്റെ സിനിമാത്മക ദൗത്യം നിറവേറ്റുന്നുവെന്നതുകൊണ്ടുതന്നെ അതിന്റെ സാങ്കേതികതയെ മാത്രം പിടിച്ചുള്ള കുറ്റം കണ്ടെത്തലില്‍ വലിയ സാംഗത്യമില്ല. സാങ്കേതികതയെ വട്ടം പിടിച്ചുള്ള സമാനമായ വിമര്‍ശനം, ഇത്തവണ രണ്ടാമത്തെ മികച്ച സിനിമയായ ഒറ്റയാള്‍പ്പാതയുടെ സംവിധായകരായ സതീഷ്ബാബു-സന്തോഷ്ബാബു സേനന്മാരുടെ ആദ്യചിത്രമായ ചായം പൂശിയ വീടിന് മുന്‍വര്‍ഷം നേരിടേണ്ടിവന്നതും ഓര്‍ക്കുക. മുന്‍വര്‍ഷങ്ങളില്‍ ചില സിനിമകളെ ഒഴിവാക്കാന്‍, അവ വിഷയതീവ്രതയുടെ പേരില്‍ പൊതുബോധത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണെന്ന മട്ടില്‍ ജൂറികള്‍ നിരത്തിയ ന്യായത്തെ വിമര്‍ശിച്ചവര്‍ തന്നെയാണ് ഇത്തവണ മാന്‍ഹോള്‍ അടക്കമുള്ള സിനിമയ്ക്കു നേരെ അവയ്ക്ക് പുരസ്‌കാരം കിട്ടയതിനെതിരേ വന്നിട്ടുള്ളത്. ഏതായാലും വിധു നിര്‍മിച്ചത് കേവലമൊരു സിനിമമാത്രമല്ല, ആ സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുചരിത്രത്തിലെ വഴിമാറ്റം കൂടിയാണ്. ഡോ മീനപ്പിള്ളയും ശാന്തീകൃഷ്ണയുമടക്കം രണ്ടു സ്ത്രീകള്‍ അംഗങ്ങളായിരുന്ന ജൂറിയില്‍ നിന്നാണ് ലിംഗസമത്വമുറപ്പാക്കിക്കൊണ്ടുള്ള ഈ വിധിയെന്നതും അതുവഴിയാണ് വിധു ഈ ബഹുമതി നേടിയ ആദ്യവനിതയായതെന്നതും അതിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു..
നാളിതുവരെയുള്ള ശീലങ്ങളെ തച്ചുടച്ചുവെന്നതും, സാമ്പ്രദായിക നടപ്പുദോഷങ്ങളെ പിന്‍പറ്റിയില്ലെന്നതുമാണ് ഇത്തവണത്തെ ജൂറിയുടെ ഏറ്റവും വലിയ നീക്കിയിരിപ്പ്. താരവ്യവസ്ഥയെ നിരാകരിച്ചതുകൊണ്ടോ, അരികുജീവിതങ്ങളെ അരികെ നിര്‍ത്തിയതുകൊണ്ടോ അല്ല, മറിച്ച് വ്യവസ്ഥാപിത മാമൂലുകളെ കാറ്റില്‍പ്പറത്തി പ്രതിബദ്ധതയുടെ രാഷ്ട്രീയപ്രഖ്യാപനമാക്കി മാറ്റാന്‍ ഈ അവാര്‍ഡുപ്രഖ്യാപനത്തിന് സാധിച്ചിട്ടുണ്ട്. അതാവട്ടെ, അവാര്‍ഡ് സിനിമയെ സമാന്തരമെന്നോ ആര്‍ട്ട്ഹൗസെന്നോ വേര്‍തിരിച്ച് മേല്‍ത്തട്ടില്‍ പ്രതിഷ്ഠിക്കുന്ന പ്രവണതയ്ക്കു നേരേയുള്ള കടുത്ത പ്രഹരവുമായി. അതുപോലെ തന്നെ കോടികള്‍ വാരിക്കൂട്ടിയ വിജയങ്ങളില്‍ കണ്ണന്തിച്ചു നില്‍ക്കാതെ ആത്മനിയന്ത്രണം പ്രകടമാക്കുകയും ചെയ്തു. അതുകൊണ്ടാണ് ശരിക്കും ആളുകള്‍ കണ്ട, അഥവാ കാണേണ്ടവര്‍ കണ്ട, മഹേഷിന്റെ പ്രതികാരം പോലെ ഇന്നിന്റെ തലമുറ ഏറ്റുവാങ്ങിയ സിനിമയ്ക്ക് മികച്ച ജനപ്രിയസിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. മാധ്യമത്തിലെ മൂപ്പിളമയോ വലിപ്പച്ചെറുപ്പമോ അല്ല ജൂറിയുടെ പരിഗണനയില്‍ വന്നതെന്നു വ്യക്തം.
ആദ്യചിത്രത്തിലെ പ്രകടനത്തിന് ഒരു അഭിനേതാവിനെ മികച്ച നടനോ നടിയോ ആയി തെരഞ്ഞെടുക്കരുതെന്ന് ഒരു നിയമവുമില്ല, വ്യവസ്ഥയുമില്ല കലയിലും, അവാര്‍ഡ് ചട്ടങ്ങളിലും. മുമ്പ് മോണിഷയടക്കം പലര്‍ക്കും ഇത്തരത്തിലുള്ള ബഹുമതികള്‍ ലഭിച്ചിട്ടുമുണ്ട്. പക്ഷേ, അവയൊക്കെ അത്രയേറെ ആത്മസംഘര്‍ഷങ്ങളോ അന്തഃസംഘര്‍ഷങ്ങളോ ഉള്‍ക്കൊള്ളുന്ന വേഷപ്പകര്‍ച്ചകളുടെ പേരിലാണ്. അനുരാഗക്കരിക്കിന്‍വെള്ളത്തിലെ രജിഷവിജയന്റെ പ്രകടനം തീര്‍ച്ചയായും മോശമല്ല, എന്നല്ല ഒരര്‍ത്ഥത്തിലും മോശമേയല്ല. എന്നാല്‍ ആപേക്ഷികമായൊരു താരതമ്യം ഇവിടെ രൂപപ്പെടുക, താരതമ്യേന ചെറിയ ചിത്രമായ മിന്നാമിനുങ്ങിലെ സുരഭിലക്ഷ്മിയുടെ പ്രകടനം വിലയിരുത്തുമ്പോഴാണ്. അഭിനയത്തിന് പ്രത്യേകജൂറി പരാമര്‍ശം നേടിയ വേഷം കൂടിയാണ് സുരഭിയുടേതെന്നോര്‍ക്കുക. ഒരു വിഭാഗത്തിന് രണ്ടു പേര്‍ തമ്മില്‍ മത്സരം അതിശക്തമാവുമ്പോള്‍, ഒടുവില്‍ ഒരാള്‍ക്കു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍, രണ്ടാമന്റെ/ളുടെ പ്രകടനം അംഗീകരിക്കപ്പെടാതെ പോകരുത് എന്ന നിര്‍ബന്ധത്തിന്റെ പുറത്താകും പലപ്പോഴും ജൂറി പ്രത്യേകപുരസ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുക. ഈ യുക്തി ഉപയോഗിച്ചാലും ഇല്ലെങ്കിലും സ്വന്തം മകളുടെ ഉന്നമനത്തിനായി കഠിനാധ്വാനമെടുക്കുന്ന തിരുവനന്തപുരം പ്രാന്തത്തിലെ ഒരു വീട്ടുവേലക്കാരിയുടെ വേഷത്തില്‍ പകര്‍ന്നാട്ടം നടത്തിയ സുരഭിയുടെ അഭിനയമികവ് കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ ആപേക്ഷികത പ്രസക്തമായൊരു ചോദ്യം കൂടി മുന്നോട്ടുവയ്ക്കുന്നു. ഒരാള്‍ സ്വയം തന്നെതന്നെ അല്ലെങ്കില്‍ തനിക്കു സമാനമായൊരു കഥാപാത്രത്തെ അനിതരസാധാരണമായ നടനമികവോടെ ആവിഷ്‌കരിക്കുമ്പോഴാണോ, അവള്‍/അയാള്‍ അവരുടെ പ്രായത്തിനോ സംസ്‌കാരത്തിനോ സാഹചര്യത്തിനോ രാഷ്ട്രീയത്തിനോ ജീവിതത്തിനോ നേര്‍ ഏതിര്‍ ദിശയില്‍ നില്‍ക്കുന്നൊരു വേഷത്തെ അനന്യമാക്കുമ്പോഴാണോ മികവുറ്റതാവുന്നത്? കമ്മട്ടിപ്പാടം എന്ന സിനിമയില്‍ കൊച്ചി പുതിയ കൊച്ചിയാവുന്നതിനുമുമ്പുള്ള പിന്നാമ്പുറ ജീവിതപ്രതിനിധാനങ്ങളെ തിരയിടത്തിലേക്കു തെരഞ്ഞെടുക്കുമ്പോള്‍ വിനായകനെയും മണികണ്ഠനെയും പോലുള്ള ഉടലുകളെ വിരൂപമായ വയ്പുപല്ലുകളോടെ വിഭാവനചെയ്യാന്‍ രാജീവ് രവിയെപ്പോലൊരു സംവിധായകനെ നിയന്ത്രിച്ച പൊതുബോധത്തിന്റെ രാഷ്ട്രീയം വിമര്‍ശനത്തിനതീതമാവാത്തതും അതുകൊണ്ടുതന്നെ.
പ്രധാന അവാര്‍ഡുകള്‍കുപരി കുറേയേറെ വിഭാഗങ്ങളില്‍ പ്രത്യേകപരാമര്‍ശം പ്രഖ്യാപിക്കപ്പെട്ട വര്‍ഷം കൂടിയാണിത്. ഇത്രയധികം പ്രത്യേകപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട അവാര്‍ഡ് പ്രഖ്യാപനം മുമ്പ് ഉണ്ടായതായി തോന്നുന്നില്ല. പരാതികളൊഴിവാക്കാനുള്ള മെയ് വഴക്കത്തിന്റെ ബലതന്ത്രമെന്നതിലുപരി ഒഴിച്ചുകൂടാനാവാത്ത അംഗീകാരങ്ങളുടെ അനിവാര്യതയായി അവ മാറുന്നത് അങ്ങനെയാണ്. വിട്ടൂവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണ് ജൂറിയെ ഭരിച്ച പൊതുബോധമെന്നതാണ് ഇതു വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ അവാര്‍ഡുകള്‍ ജനപ്രിയത്തിനപ്പുറം ജനകീയമായിത്തീരുന്നതും.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി, രചനാവിഭാഗം അവാര്‍ഡുകളും സിനിമാപുരസ്‌കാരങ്ങളും ഒന്നിനൊന്നോട് ചേര്‍ന്നു പോകുന്നതായി എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. രണ്ടു വ്യത്യസ്ത സമിതികളായിട്ടുകൂടി അവരുടെ തീരുമാനങ്ങള്‍ ഒരേ ആശയധാരകളെയും പ്രതിബദ്ധതയുടെ രാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്നതായി. ഇതു വിരല്‍ചൂണ്ടുന്നത് സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന സ്വാഭാവിക ബൗദ്ധിക പരിണാമത്തിലേക്കാണ്. ചിന്തയിലും യുക്തിയിലും നിലപാടുകളിലും ഇന്നിന്റെ കേരള രാഷ്ട്രീയം എങ്ങോട്ടാണെന്നും എങ്ങനെയാണെന്നും അതു കാണിച്ചു തരുന്നു.

Thursday, March 09, 2017

Minister for Culture Sri A K Balan announcing the Kerala State Film Awards 2016


നിലപാടുകളിൽ കാർക്കശ്യം നിലവാരത്തിൽ കൊടിയിറക്കം

എൺപത്തൊമ്പതാമത് ഓസ്‌കർ താരനിശയുടെ രാഷ്ട്രീയത്തിലേക്ക്.

എ.ചന്ദ്രശേഖർ

അംഗീകാരത്തിന്റെ നിഷ്പക്ഷതയേക്കാളേറെ വർണവിവേചനത്തിനും ഭരണദൗർബല്യങ്ങൾക്കുമെതിരായ പക്ഷപാതിത്വത്തോടെയു്ള്ള രാഷ്ട്രീയ പ്രതിരോധത്തിന്റെയും നിലപാടുകളുടെയും പേരിലാണ് ഇക്കുറി അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസസിന്റെ ഓസ്‌കർ താരമാമാങ്കം ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം, കടുകിടെ തെറ്റാത്ത സംഘാടനമികവിന്റെ പേരിൽ ലോകപ്രസിദ്ധിയാർജ്ജിച്ച താരനിശ അതിന്റെ ഏറ്റവും മികച്ച അവാർഡിന്റെ പ്രഖ്യാപനത്തിൽ തന്നെ ഹിമാലയൻ മണ്ടത്തരവും വീഴ്ചയും വരുത്തിക്കൊണ്ട് 89 വർഷത്തെ ചരിത്രത്തിലിടം നേടുകയായിരുന്നു.
സിനിമയുടെ രാഷ്ട്രീയത്തിനപ്പുറം ഒരു താരരാവ് അപ്പാടെ രാഷ്ട്രീയം പറയുകയും വ്യക്തമായ രാഷ്ട്രീയ പ്രതിരോധനിലപാടെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഓസ്‌കർ അവാർഡ്‌നിശയിൽ തെളിവായത്. അതാവട്ടെ ജനാധിപത്യത്തിന്റെ ഏറ്റവും ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കുന്നതുമായി. സമാനമായൊരു നിലപാട് സ്വന്തം കൂട്ടത്തിലൊരാൾക്ക് ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിൽപ്പോലും കേരളം പോലൊരു നാട്ടിലോ എന്തിന് ഇന്ത്യപോലൊരു രാജ്യത്തോ ഫിലിം ഫെയർ/ ദേശീയ/സംസ്ഥാന പുരസ്‌കാര രാവുകളിൽ സംഭവിക്കുമോ എന്നാലോചിക്കുമ്പോഴാണ് അമേരിക്കൻ ഐക്യനാടുകളിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിശുദ്ധി വെളിപ്പെടുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതുമുതൽ തുടങ്ങിയതാണ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടുമുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പ്. അദ്ദേഹത്തിന്റെ വർണവർഗ വിവേചനപരമായ നയങ്ങളോടുള്ള അഭിപ്രായഭിന്നതയും പ്രതിഷേധവും കലാകാരന്മാരെന്നോ സിനിമാക്കാരെന്നോ ഗായകരെന്നോ വ്യത്യാസമില്ലാതെ പറയേണ്ടവർ കിട്ടാവുന്ന ഏതവസരത്തെയും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടു ശക്തമായിത്തന്നെ വ്യക്തമാക്കുന്നതാണ് കുറച്ചുകാലമായി അമേരിക്കയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിലെ ട്രോൾ സമാനമായ പോസ്റ്റുകളും ട്വീറ്റുകളും തുടങ്ങി വ്യക്തിഹത്യയോളം താണ ആക്ഷേപങ്ങൾക്കുവരെ ട്രംപ് ഇരയായിക്കൊണ്ടേയിരിക്കുന്നു. എന്നാൽ ഓസ്‌കർ താരനിശയിലെ ട്രംപ് വിമർശങ്ങളും ട്രംപ് വിരുദ്ധ നിലപാടുകളും കുറേക്കൂടി കടന്ന് ആവിഷ്‌കാരസ്വാതന്ത്ര്യത്തിലൂന്നിനിന്നുകൊണ്ട് സർഗസൃഷ്ടിയെ അംഗീകരിക്കുന്നതിലൂടെ ചില പുതിയ കീഴ് വഴക്കങ്ങൾക്കും സാധ്യതകളിലേക്കും വഴിമാറുകയാണ്. പ്രതിരോധം കലയെയും കലാകാരനെയും ഉപയോഗിച്ചുകൊണ്ടുമാത്രമല്ല, പുരസ്‌കാരങ്ങളെക്കൊണ്ടുകൂടി സാധ്യമാണെന്ന് 89-ാം ഓസ്‌കർ താരരാവ് തെളിയിക്കുമ്പോൾ പുരസ്‌കാരം മടക്കിക്കൊണ്ടുള്ള നാടൻ പ്രതിഷേധങ്ങൾ ഓർത്തുപോവുക സ്വാഭാവികം.
എങ്ങനെയാണ് ഇത്തവണത്തെ ഓസ്‌കർ ചരിത്രത്തിലിടം നേടുന്നത് എന്നന്വേഷിക്കുമ്പോൾ, നെഗറ്റീവും പോസിറ്റീവുമായ ഒന്നുരണ്ടു കാര്യങ്ങളെങ്കിലും പരിഗണിക്കേണ്ടിവരും. അതിൽ പ്രധാനമായത് മികച്ച ചിത്രത്തിനുള്ള ബഹുമതി നേടിയ മൂൺലൈറ്റിന്റെ കഥാതന്തുവാണ്. മിയാമിയിൽ കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന്റെ കാരുണ്യത്തിലും പിന്തുണയിലും വളർന്നുവരുന്ന ഷിറൺ എന്നൊരു കറുത്തവർഗ്ഗക്കാരന്റെ ജീവിതമാണ് ബാരി ജെൻകിൻസ് സംവിധാനം ചെയ്ത മൂൺലൈറ്റ്. ഇതിലെ അഭിനയത്തിന് കലിഫോർണിയൻ സ്വദേശിയും കറുത്തവർഗ്ഗക്കാരനായ മുസഌമുമായ മഹർഷാല അലിക്കാണ് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ്. ഷിറണെ വളർത്താൻ പാടുപെടുന്ന മയക്കുമരുന്നു കച്ചവടക്കാരനായ ജുവാന്റെ റോളിലെ അനന്യ പ്രകടനത്തിലൂടെ അലി സ്വന്തമാക്കിയത് ഒരു റെക്കോർഡാണ്; തിരുത്തിക്കുറിച്ചത് 89 വർഷത്തെ ചരിത്രമാണ്. കാരണം ഓസ്‌കർ ചരിത്രത്തിലാദ്യമായി ഒരവാർഡ് നേടുന്ന ആദ്യത്തെ ഇസ്ലാം വിശ്വാസിയായ അഭിനേതാവാണ് നാല്പത്തിമൂന്നുകാരനായ അലി. ഇസഌമിക് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരേയും സിറിയയിൽ നിന്നടക്കമുള്ള അഭയാർത്ഥികൾക്കെതിരേയുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളുടെ പശ്ചാത്തലത്തിൽ പറയാതെ പറയുന്ന ചില നിശബ്ദതകളാണ് ഈ പുരസ്‌കാരങ്ങൾ. കറുത്തവർഗ്ഗക്കാരായ ഏഴുപേർക്ക് ഇക്കുറി വിവിധ വിഭാഗങ്ങളിൽ ഓസ്‌കർ ലഭിച്ചുവെന്നതിലും ചില രാഷ്ട്രീയമാനങ്ങൾ ഒളിയിരിപ്പുണ്ട്.
അതിലും പ്രധാനപ്പെട്ട മറ്റൊന്ന് മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡാണ്. ഇറാനിൽ നിന്നു മുമ്പും ഇതേ വിഭാഗത്തിൽ ചിത്രങ്ങൾ ഓസ്‌കറിന് അർഹമായിട്ടുണ്ടെങ്കിലും ഇറാനിൽ നിന്നടക്കമുള്ളവർക്ക് വിസ നിഷേധിച്ചുള്ള ട്രംപിന്റെ വിധി നിലനിൽക്കെ, അവാർഡ് നിശയ്‌ക്കെത്താൻ കഴിയാഞ്ഞിട്ടുകൂടി അസഗർ ഫർഹദിയുടെ ദ സെയിൽസ്മാൻ എന്ന സിനിമയ്ക്കു തന്നെ ബഹുമതി നൽകുകവഴി അക്കാദമി ഒരിക്കൽക്കൂടി രാഷ്ട്രീയപ്രതിരോധം കടുപ്പിക്കുകയായിരുന്നുവെന്നു തന്നെവേണം അനുമാനിക്കാൻ. കാരണം, ദ് സെയിൽസ്മാൻ നിശ്ചയമായും ഇറാനിൽ പോയവർഷമിറങ്ങിയ ഏറ്റവും മികച്ച സിനിമയല്ലതന്നെ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം നിലവാരത്തിന്റെ മാനദണ്ഡങ്ങൾ വച്ചളക്കുമ്പോൾ ശരാശരിക്കും മുകളിലുള്ള വൈകാരികമായൊരു ചിത്രമാണെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ഇറാനിൽ നിന്നുതന്നെയുള്ള ഘടനയിലും അവതരണത്തിലും വിസ്മയിപ്പിച്ചിട്ടുള്ള സിനിമകളുടെ കൂട്ടത്തിലൊന്നും ദ് സെയിൽസ്മാന് ഇടമുണ്ടാവുമെന്നു കരുതുന്നില്ല. ദ് സെപ്പറേഷന്റെയൊന്നും അയലത്തു വരില്ല ഉള്ളടക്കത്തിലോ അവതരണത്തിലോ ഈ ചിത്രം. എന്നിട്ടും ഓസ്‌കറിൽ ചിത്രം തെരഞ്ഞെടുക്കപ്പെടാൻ കാരണം സ്വാഭാവികമായും രാഷ്ട്രീയപരിഗണനകൂടിയാവാമെന്നു കരുതിയാൽ തെറ്റില്ല. അസ്ഗർ ഫർഹദിയുടെ സന്ദേശവും ചടങ്ങിൽ വായിച്ചു.
സ്ത്രീവിരുദ്ധതയുടെ പേരിലും ഒരു നാടകത്തിന് ഓസ്‌കർ നിശ രംഗവേദിയായതിനും ഇത്തവണ ഡോൾബി തിയറ്റർ സാക്ഷ്യംവഹിച്ചു. മാഞ്ചസ്റ്റർ ബൈ സീ എന്ന ചിത്രത്തിലെ വേഷത്തിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ കേസീ അഫ്‌ളെക്കിനെ, അദ്ദേഹം മുമ്പ് പ്രതിചേർക്കപ്പെട്ട സ്ത്രീപീഡനക്കേസുകളുടെ വെളിച്ചത്തിൽ അവാർഡ് ദാതാവും സദസിലെ സഹതാരങ്ങളിൽ ചിലരും വരെ അപമാനിച്ചത് സിനിമയെ വെല്ലുന്ന നാടകമായി. 2010ൽ ബെൻ അഫ്‌ളെക്കിന്റെ ഈ ഇളയ സഹോദരൻ സംവിധാനം ചെയ്തഭിനയിച്ച ഐ ആം സ്റ്റിൽ ഹിയർ എന്ന സിനിമയുടെ സെറ്റിൽവച്ച് അതിൽ സഹകരിച്ച രണ്ടു വനിതകളെ പീഡിപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരേ പരാതിയും കേസുമുയർന്നത്. ഈ പശ്ചാത്തലത്തിലാണ് നടിയും സംവിധായികയും ഗായികയുമെല്ലാമായ ബ്രീ ലാർസൺ മികച്ച നടനുള്ള അവാർഡ് പ്രഖ്യാപിച്ചശേഷം അതേറ്റുവാങ്ങാനെത്തിയ കേസിയെ ഒന്നു നോക്കുകയോ കൈയടിക്കുകയോ ചെയ്യാതെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഓസ്‌കറിന്റെ മുൻഗാമിയായ ഗോൾഡൺ ഗ്‌ളോബ് പുരസ്‌കാരവേദിയിലും സമാന നാടകം തന്നെ ഇവരിരുവർക്കുമിടയിൽ അരങ്ങേറിയിരുന്നതും ശ്രദ്ധേയമായി. കേസി അവാർഡ് ഏറ്റുവാങ്ങുമ്പോൾ സദസിലിരുന്ന മുതിർന്ന നടൻ ഡെൻസൽ വാഷിങ്ടൺ അടക്കമുളളവരുടെ പ്രതികരണങ്ങളും ഒട്ടുമേ ഊഷ്മളമായിരുന്നുമില്ല.
അമേരിക്കൻ ടിവി അവതാരകനായ ജിമ്മി കിമ്മൽ ആയിരുന്നു താരനിശയുടെ അവതാരകൻ. തന്റെ കന്നി പ്രകടനത്തിൽ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഡോണൾഡ് ട്രംപിനെ വിമർശിക്കാനും കളിയാക്കാനും അവസരമുപയോഗിച്ചത് മുൻകൂട്ടിത്തയാറാക്കിയ താരനിശയുടെ പ്രമേയത്തിനും ഉള്ളടക്കത്തിനുമനുസരിച്ചായിരുന്നുവെന്നോർക്കുക. ഈ ചടങ്ങു ലോകമെമ്പാടുമുള്ള 225 രാജ്യങ്ങളിലിരുന്ന കാണുന്നവരെല്ലാം ഇപ്പോൾ നമ്മെ വെറുക്കുകയായിരിക്കും' എന്ന ട്രംപ് വിരുദ്ധ പരാമർശത്തോടെയാണ് ജിമ്മി അവതരണം ആരംഭിച്ചതു തന്നെ. ട്രംപിന്റെ വിസാ നയങ്ങൾക്കെതിരേ താരങ്ങളിൽ പലരും നീല റിബൺ വസ്ത്രങ്ങളിൽ കുത്തിയാണ് അവാർഡ് നിശയ്‌ക്കെത്തിയത്. എന്നാൽ ഇതിനെല്ലാമൊടുവിൽ ഇതേപ്പറ്റി ട്രംപിന്റെ പ്രതികരണമായിരുന്നു രസകരം. മികച്ചചിത്രത്തിന്റെ പ്രഖ്യാപനത്തിനടക്കം സംഘാടകർക്കു ശ്രദ്ധിക്കാനാവാതെ പോയത് തന്നെ വിമർശിക്കാനുള്ള പോയിന്റുകൾ തപ്പി നടന്നതുകൊണ്ടാണെന്നായിരുന്നു പ്രസിഡന്റിന്റെ ഉരുളയ്ക്കുപ്പേരി. അതേന്തായാലും ശരി, ഇത്തവണ ഓസ്‌കർ അവാർഡുനിശ രണ്ടു കാര്യങ്ങളിൽ ദുരന്തസ്മരണയായി. താരനിശയുടെ സംഘാടനപാടവത്തിലും പ്രൊഫഷനൽ നിലവാരത്തിലും വന്ന നിർണായകവും ഗൗരവവുമായ പാളിച്ചയാണതിൽ പ്രധാനം. അവാർഡ് നേടിയതും ഏറ്റവുമധികം നാമനിർദ്ദേശം നേടിയതുമായ ചിത്രങ്ങളുടെ നിലവാരത്തിലുള്ള ഭിന്നാഭിപ്രായമാണ് ഇനിയൊന്ന്.
വിശ്വപ്രശസ്ത ഓഡിറ്റ് നികുതി ഉപദേശക സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സിനാണ് ഓസ്‌കർ അവാർഡുകളുടെ വോട്ടെണ്ണൽ/ ഫലപ്രഖ്യാപന ചുമതല. അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിലെ അംഗങ്ങളോരോരുത്തരും അമേരിക്കയിൽ ഒരു വർഷം പുറത്തിറങ്ങുന്ന ചിത്രങ്ങളോരോന്നും കണ്ടു വിലയിരുത്തി രേഖപ്പെടുത്തുന്ന രഹസ്യ വോട്ടുകൾ വിശകലനം ചെയ്ത് നിർണിയിക്കുന്നതാണ് ഓസ്‌കർ അവാർഡുകൾ. വേദിയിൽ വച്ച് പ്രഖ്യാപിക്കപ്പെടുമ്പോൾ മാത്രമേ അവാർഡുകൾ വെളപ്പെടുന്നുള്ളൂ എന്ന സസ്‌പെൻസാണ് ഓസ്‌കർ നിശയുടെ സവിശേഷത. അതുകൊണ്ടുതന്നെ വേദിയിൽ വച്ച് ജേതാക്കൾക്കു നൽകുന്ന അവാർഡ് ശിൽപം ഒരു ഡമ്മി മാത്രമാണ്. പ്രഖ്യാപനം വന്നശേഷം അവരുടെ പേരും ചിത്രത്തിന്റെ പേരുമടങ്ങുന്ന ഫലകം ഉൾപ്പെടുത്തിയുള്ള ശിൽപം മൂന്നാഴ്ചയ്ക്കകം ജേതാക്കൾക്കു നേരിട്ടെത്തിച്ചുകൊടുക്കുകയാണു കീഴ് വഴക്കം. ഇത്രയും സസ്‌പെൻസോടെ നിർവഹിക്കപ്പെടുന്ന ഓസ്‌കർ അവാർഡ് പ്രഖ്യാപനത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തുന്നതും കുറ്റമറ്റ നിലയ്ക്ക് അവാർഡുകൾ വിലയിരുത്തി അവതാരകർക്ക് പ്രഖ്യാപിക്കാനുള്ള കാർഡുകൾ കൈമാറുന്നതുമെല്ലാം പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സിലെ ഓഡിറ്റർമാരാണ്. എന്നാൽ ഇക്കുറി, നാട്ടിലെ മിഡിൽ സ്‌കൂൾ വാർഷികാഘോഷങ്ങളുടെ നിലവാരത്തിൽ ആദ്യം അവാർഡ് ലാ ലാ ലാൻഡിനെന്നു പ്രഖ്യാപിക്കപ്പെടുകയും അതിന്റെ അണിയറശിൽപികൾ അവാർഡ് കൈപ്പറ്റി പ്രസംഗവും പൂർത്തിയാക്കിയ നിമിഷം, യഥാർത്ഥത്തിൽ അവാർഡ് ആ സിനിമയ്ക്കല്ല എന്ന പ്രഖ്യാപനവുമായി ലാ ലാ ലാൻഡിന്റെ നിർമാതാവു കൂടിയായ ജോർഡൻ ഹോറോവിറ്റ്‌സ് രംഗത്തുവരികയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഏതോ തമാശയായി കരുതിയ സദസിനെ നോക്കി ശബ്ദം കടുപ്പിച്ച് നോമിനേഷൻ കാർഡ് ഉയർത്തിക്കാട്ടേണ്ടിവന്നു ജോർഡന്, അവാർഡ് മൂൺലൈറ്റിനാണെന്നു ബോധ്യപ്പെടുത്താൻ.
പതിനാലു നാമനിർദ്ദേശങ്ങളുമായി ഏറെ പ്രതീക്ഷകളുയർത്തിയ ലാ ലാ ലാൻഡ് എന്ന ശരാശരി മ്യൂസിക്കിൽ സിനിമയ്ക്ക് മികച്ച സംവിധായകൻ, അഭിനേത്രി (എമ്മ സ്റ്റോൺ) എന്നിവയിലടക്കം ആറു സമ്മാനങ്ങൾ നേടാനുമായി. ഇതിൽ ഡാമിയൻ ഷസെലിനു ലഭിച്ച സംവിധായക പുരസ്‌കരാത്തിനുമുണ്ട് ഒരു റെക്കോർഡ്. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടുന്ന ഏറ്‌റവും പ്രായം കുറഞ്ഞ ആളാണ് ഡാമിയൻ.
പതിവുപോലെ ചില ഇന്ത്യൻ മുഖങ്ങൾ തിളങ്ങിയ രാവായിരുന്നു ഓസ്‌കറിലേത്. ലയൺ എന്ന ചിത്രത്തിലൂടെ സഹനടനുള്ള അവാർഡിന് നാമനിർദ്ദേശം നേടിയിരുന്ന ഇന്ത്യൻ വംശജനായ ദേവ് പട്ടേൽ (സ്‌ളംഡോഗ് മില്ലണെയർ ഫെയിം) അമ്മയോടൊപ്പം സദസിലുണ്ടായിരുന്നെങ്കിലും അവാർഡ് കനിഞ്ഞില്ല. എന്നാൽ ചിത്രത്തിൽ ബാലതാരമായ സണ്ണി പവാർ അക്ഷരാർത്ഥത്തിൽ താരരാവിന്റെ ശ്രദ്ധകവർന്നു. എട്ടുവയസുകാരനായ പവാറിനെ അവതാരകൻ ജിമ്മി സദസിലെത്തി വാരിയെടുത്ത് ചോദ്യങ്ങൾ ചോദിച്ചു പുന്നാരിച്ചത് ഓസ്‌കർ പാരമ്പര്യത്തിൽ പുതുമയായി. അമേരിക്കൻ ടിവി പരമ്പരയിലൂടെ ശ്രദ്ധേയയായ പാതി മലയാളികൂടിയായ പ്രിയങ്കാ ചോപ്രയും ഏറെ സവിശേഷവും വളരെ തുറന്നതുമായ ഡിസൈനർ ഗൗണുമണിഞ്ഞെത്തി കാണികളുടെ കണ്ണും കരളും കവർന്നു.
ഫലത്തിൽ രാഷ്ട്രീയ/സാമൂഹിക നിലപാടുകളിലെ കാർക്കശ്യത്തിനപ്പുറം, കാൻ മേളയിലെന്നോണം രചനയുടെ നിലവാരത്തിൽ ഓസ്‌കറും പിന്നോട്ടാവുകയാണോ എന്ന സന്ദേഹമാണ് എൺപത്തൊമ്പതാമത് താരനിശ ബാക്കിയാക്കുന്നത്. ഒപ്പം ഏറെ പാടിപ്പുകഴ്ത്തപ്പെട്ട അതിന്റെ സംഘാടനമികവും ചോദ്യംചെയ്യപ്പെടുകയാണ്.

Wednesday, March 01, 2017

അയാള്‍ ശശി അമര്‍ത്തിവച്ച നര്‍മ്മത്തിന്റെ രാഷ്ട്രീയമാനങ്ങള്‍

അടുത്തിടെ മലയാളത്തില്‍ കണ്ട ഏറ്റവും ലക്ഷണയുക്തമായ ആക്ഷേപ ഹാസ്യ സിനിമയാണ് സജിന്‍ ബാബുവിന്റെ അയാള്‍ശശി. കാരണം ശശിയില്‍ ഞാനുണ്ട്. മലയാളിയുടെ ഇരട്ടത്താപ്പും ഹിപ്പോക്രസിയും അപ്പാടെയുണ്ട്. അതിലെ ഓരോ രംഗത്തും ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. എന്റെ ചുറ്റുപാടും കാണുന്നുണ്ട്. സറ്റയര്‍ എന്നതിലുപരി വളരെ ഒതുക്കത്തില്‍ എന്നാല്‍ ഏറെ ആഴത്തില്‍ കേരളത്തിലെ ദലിതരാഷ്ട്രീയത്തെ ആവിഷ്‌കരിക്കുന്നു എന്നതുവഴി ഏറെ ഗൗരവമാര്‍ജിക്കുന്ന സിനിമകൂടിയാണ് അയാള്‍ ശശി. ഘടനാപരമായി വളരെ ദൈര്‍ഘ്യമുള്ള കട്ടുകളില്ലാത്ത ഒറ്റഷോട്ടുകളിലൂടെ പൂര്‍ത്തിയാക്കിയിട്ടുള്ള സിനിമയെന്ന സവിശേഷത വേറെ. സമകാലിക കേരളസമൂഹത്തിലെ ജാതിരാഷ്ട്രീയത്തിന്റെ തോടുപൊളിച്ചു കാണിക്കുന്നുണ്ട് സജിന്‍ ഈ സിനിമയിലൂടെ. നാട്ടിലെ മനുഷ്യത്വരഹിതമായ വ്യര്‍ത്ഥലോകത്തു നിന്നു മരണമുറപ്പായിട്ടും കാടകത്തിന്റെ ഹരിതാര്‍ത്ഥം തേടിപ്പോകേണ്ടിവന്ന ശശി എന്ന കേന്ദ്ര കഥാപാത്രത്തെ അപാര ചാരുതയോടെ ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരുപക്ഷേ ശ്രീനിവാസന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുതന്നെയായിരിക്കും ശശി അഥവാ സാമുവല്‍.
തലസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് സജിന്‍ തന്റെ പ്രമേയത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതാകട്ടെ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളുമാണ്. സിനിമയുടെ പേരില്‍ത്തന്നെ കാലികമായ കേരളത്തിന്റെ ചില സൂചനകളുണ്ട്. ശശിയില്‍ കേരളത്തിന്റെ ദലിത സ്വത്വം അപ്പാടെയുണ്ട്. മലയാളിയുടെ മനസില്‍ നിന്ന് ഇനിയും പടിയിറങ്ങിപ്പോയിട്ടില്ലാത്ത വര്‍ഗചിന്തകളുടെ വിഷവിത്തുക്കളെ സംവിധായകന്‍ തോലിപൊളിച്ചു വിമര്‍ശനത്തിനു വയ്ക്കുന്നു. ആദ്യ ചിത്രമായ അണ്‍ ടു ദ ഡസ്‌കിലെ അതിസങ്കീര്‍ണമായ നിര്‍വഹണത്തില്‍ നിന്നു വിഭിന്നമായി ലംബമാനമായ നേരാഖ്യാനശൈലിയാണ് അയാള്‍ ശശിയിലേത്. കൈയൊതുക്കത്തോടെ ഒരു പ്രമേയം അതിന്റെ രാഷ്ട്രീയഗൗരവം ലേശവും ചോര്‍ന്നുപോകാതെ ആവിഷ്‌കരിക്കുന്നുവെന്നതാണ് അയാള്‍ ശശിയുടെ നേട്ടം. അതുകൊണ്ടുതന്നെ ഈ സിനിമ തീയറ്ററുകളിലാണ് വിജയിക്കേണ്ടത്. അല്ല, ഇത്തരം സിനിമകള്‍ തീയറ്ററുകളില്‍ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമായി മാറുന്നത് എന്നു പറയുന്നതാവും കൂടുതല്‍ ശരി.